ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട ഹൈക്കോടതിയിലെ റിട്ട് ഹര്‍ജികള്‍ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന കേരള സര്‍ക്കാരിന്റെ അപേക്ഷ തള്ളി; ഹൈക്കോടതി നിയോഗിച്ച ശബരിമല നിരീക്ഷണ സമിതിക്ക് എതിരെ നല്കിയ ഹര്‍ജിയും തള്ളി പരമോന്നത നീതിപീഠം; ഇത്തരം ഹര്‍ജികളുമായി ഇങ്ങോട്ട് വരേണ്ടതില്ലെന്ന് താക്കീതും നല്‍കിയതോടെ സംസ്ഥാന സര്‍ക്കാരിന് ശബരിമല വിഷയത്തില്‍ വമ്പന്‍ തിരിച്ചടി; കോടതിയുടെ മുന്നില്‍ പുനഃപരിശോധനാ ഹര്‍ജികള്‍ മാത്രമേയുള്ളൂ എന്നും വിധിപറയാന്‍ മാറ്റിയെന്നും ഇനി മറ്റൊന്നും പരിഗണിക്കില്ലെന്നും കോടതി
ന്യൂഡല്‍ഹി: ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ റിട്ട് ഹര്‍ജികള്‍ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യങ്ങള്‍ തള്ളി സുപ്രീംകോടതി. ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് ഇന്ന് സര്‍ക്കാരിന്റെ അപേക്ഷ പരിഗണിച്ചത്. ഇത്തരത്തില്‍ ശബരിമല വിഷയത്തില്‍ റിട്ട് ഹര്‍ജികള്‍ ഉള്‍പ്പെടെ ഒരു അപേക്ഷയുമായും സുപ്രീംകോടതിയിലേക്ക് എത്തേണ്ടെന്ന് കോടതി വ്യക്തമാക്കിയതോടെ സര്‍ക്കാരിന് കനത്ത തിരിച്ചടിയായി മാറുകയാണ് ഇത്.
സംസ്ഥാന സര്‍ക്കാരിന് വേണമെങ്കില്‍ ഈ വിഷയങ്ങളെല്ലാം ഹൈക്കോടതിയില്‍ തന്നെ അവതരിപ്പിക്കാമെന്നും സുപ്രീംകോടതി പറഞ്ഞു. ഇതോടൊപ്പം തന്നെ കേരള ഹൈക്കോടതി നിയമിച്ച ശബരിമല നിരീക്ഷണ സമിതിക്ക് എതിരെ സര്‍ക്കാര്‍ നല്കിയ ഹര്‍ജിയും കോടതി തള്ളിയിട്ടുണ്ട്. ഇതോടെ നിരീക്ഷണസമിതിയെ ഇല്ലാതാക്കണമെന്നും അവരുടെ ഇടപെടല്‍ സുപ്രീംകോടതിയുടെ യുവതിപ്രവേശന വിധി നടപ്പാക്കുന്നതിന് തടസ്സമാണെന്നും എല്ലാം സംസ്ഥാന സര്‍ക്കാര്‍ വാദിക്കാന്‍ ശ്രമിച്ചെങ്കിലും അത്തരം വാദങ്ങളൊന്നും കേള്‍ക്കാന്‍ സുപ്രിംകോടതി തയ്യാറായില്ല.
സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ മുന്നില്‍ പുനപരിശോധനാ ഹര്‍ജികള്‍ മാത്രമേയുള്ളൂ എന്നും അതില്‍ വാദംകേട്ട് വിധിപറയാന്‍ മാറ്റിവച്ചിരിക്കുകയാണെന്നും കോടതി വ്യക്തമാക്കി. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ റിട്ട് ഹര്‍ജികള്‍ സുപ്രിം കോടതിയിലേക്ക് മാറ്റണമെന്ന സംസ്ഥാനസര്‍ക്കാരിന്റെ ആവശ്യം ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് ആണ് പരിഗണിച്ചത്.
കേരള ഹൈക്കോടതി നിയമിച്ച ശബരിമല നിരീക്ഷണ സമിതിക്ക് എതിരെ സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന ഹര്‍ജിയും പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച പൊതുതാല്പര്യഹര്ജിയും ഇതോടൊപ്പം പരിഗണിച്ചിരുന്നു.
എന്നാല്‍ ശബരിമല വിഷയത്തില്‍ ഒരു ഹര്‍ജിയുമായും ആരും ഇങ്ങോട്ടുവരേണ്ടതില്ലെന്ന നിലപാടെടുത്താണ് സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിന്റെ വാദംപോലും കേള്‍ക്കാന്‍ തയ്യാറാകാതെ ഹര്‍ജികള്‍ തള്ളിയത്. ശബരിമല വിഷയത്തില്‍ ഹൈക്കോടതിയില്‍ വന്ന റിട്ട് ഹര്‍ജികള്‍ സുപ്രീംകോടതിയിലേക്ക് മാറ്റില്ലെന്ന് കോടതി തീര്‍ത്തുപറയുകയായിരുന്നു.
പ്രധാനമായി സര്‍ക്കാര്‍ ഉദ്ദേശിച്ചത് ഹൈക്കോടതി നിയോഗിച്ച മൂന്നംഗ നിരീക്ഷണ സമിതിയുടെ ഇടപെടല്‍ ഇല്ലാതാക്കുക എന്നതായിരുന്നു. അതിനുള്ള അപേക്ഷയും തള്ളിയ സുപ്രീംകോടതി ഇക്കാര്യം ഹൈക്കോടതിക്ക് മുന്നില്‍ തന്നെ സര്‍ക്കാരിന് അവതരിപ്പിക്കാമെന്ന് നിര്‍ദ്ദേശിക്കുകയായിരുന്നു. ശബരിമലയില്‍ സുപ്രീംകോടതിയുടെ യുവതീപ്രവേശന വിധി നടപ്പാക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും തടസ്സമാകുന്നത് ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതിയുടെ ഇടപെടല്‍ ആണെന്ന് സമര്‍ത്ഥിക്കാനും സുപ്രീംകോടതിയെ വിഷയത്തില്‍ ഇടപെടുവിക്കാനും ആയിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ നീക്കം. ഇതിനാണ് വലിയ തിരിച്ചടി നേരിട്ടത്.
അക്കാര്യങ്ങളെല്ലാം ഹൈക്കോടതിയില്‍ തന്നെ പറഞ്ഞാല്‍ മതിയെന്ന് സുപ്രീംകോടതി പറഞ്ഞതോടെ സംസ്ഥാന സര്‍ക്കാര്‍ ശരിക്കും വെട്ടിലായി. ഹൈക്കോടതി നിയോഗിച്ച സമിതിക്കെതിരെ ഹൈക്കോടതിയില്‍ തന്നെ പരാതിയുമായി ചെന്നാല്‍ കോടതിയില്‍ നിന്ന് ശരിക്കും വിമര്‍ശനം നേരിടേണ്ടിവരുമെന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.