1 GBP = 102.00 INR                       

BREAKING NEWS

അല്‍പസ്വല്‍പം പിന്നാമ്പുറ കാഴ്ചകള്‍: യുകെയിലെ മലയാളം എഴുത്തിന്റെ നൂറാം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍

Britishmalayali
kz´wteJI³

ടുത്ത വര്‍ഷം സപ്തതിയാഘോഷിക്കുവാന്‍ പോകുന്ന ലണ്ടനിലുള്ള ഒരു മലയാളിയുടെ അല്ല ഒരു ജര്‍മ്മന്‍കാരന്റെ ... സോറി  ബ്രിട്ടീഷ് സിറ്റിസണിന്റെ വീട്ടിലെ ബൃഹത്തായ പുസ്തക ശേഖരത്തില്‍ നിന്നും കടമെടുത്താണ്, ഞാന്‍ - കെ.പി.കേശവമേനോന്റെ 'ബിലാത്തി വിശേഷവും', ആത്മകഥയായ 'കഴിഞ്ഞകാലവും', എസ് .കെ. പൊറ്റക്കാടിന്റെ 'ലണ്ടന്‍ നോട്ട് ബുക്കു'മടക്കം കുറെയേറെ പഴയ പുസ്തകങ്ങള്‍ ലണ്ടനില്‍ വന്ന ശേഷം വായിച്ചിട്ടുള്ളത്...

ഇദ്ദേഹത്തിന്റെ മക്കള്‍ക്ക് മലയാളമൊന്നും അറിയാത്തതിനാല്‍ മൂപ്പരുടെ കാല ശേഷം ഈ പുസ്തകങ്ങളൊക്കെ എന്നോടെടുത്തോളാനാണ് കഴിഞ്ഞ തവണ നേരിട്ട് കണ്ടപ്പോള്‍ ആള്‍ പറഞ്ഞത്.

എല്ലാ ഹോളിഡേയ്ക്കും ലോകം മുഴുവന്‍ പല രാജ്യങ്ങളിലും കെട്ട്യോളും കെട്ട്യോനുമായി ഇപ്പോഴും പറന്ന് കറങ്ങി നടക്കുന്ന, എപ്പോഴും ചുറുചുറുക്കോടെ കാണുന്ന ഈ വയസ്സന്‍ ചുള്ളന്‍ - എന്റെ പതിനാറടിയന്തിരം കൂടി കഴിഞ്ഞിട്ടേ ഈ ഭൂലോകത്ത് നിന്നും വിരമിക്കുകയുള്ളൂ എന്നുറപ്പുള്ളതുകൊണ്ട് ഇക്കാര്യം പ്രാപ്തമാകും എന്നൊന്നും എനിക്കൊട്ടും വിശ്വാസമില്ല...!

അതെ വായനയെ സ്നേഹിക്കുന്നവര്‍ക്ക് സ്വന്തം മക്കളെക്കാള്‍ പ്രിയപ്പെട്ടതാണ് അവരൊക്കെ വാങ്ങിക്കൂട്ടിയ പുസ്തകങ്ങള്‍... അല്ലെ!

അല്ലാ... ഞാന്‍ മൂപ്പിലാനെ പരിചയപ്പെടുത്തിയില്ലല്ലൊ... ലണ്ടനിലുള്ള ബാര്‍ക്കിങ്ങ് 'ഡി. എച്ച് .എല്‍ (DHL) സപ്ളെ ചെയിനി'ലെ ലോജിസ്റ്റിക് മാനേജരാണ് ലോനപ്പന്‍ . ടി . ചാക്കോ എന്ന ഇദ്ദേഹം.

ഒരു പക്ഷെ ഈ ലോനപ്പേട്ടന്‍ ഇല്ലായിരുന്നുവെങ്കില്‍ ഞാനൊന്നും ലണ്ടനില്‍ കാലെടുത്ത് വെക്കില്ലായിരുന്നു. എന്റെ അച്ഛന്റെ ഗെഡിയായിരുന്ന വാറുണ്ണിയേട്ടന്റെ താഴെയുള്ള അനിയനായിരുന്നു, അച്ചനാവാന്‍ വിധിക്കപ്പെട്ട് പിന്നീട് സാക്ഷാല്‍ അച്ഛനായി തീര്‍ന്ന  ലോനപ്പേട്ടന്‍...!

ശരിക്ക് പറഞ്ഞാല്‍ ലോനപ്പേട്ടനൊക്കെ മതം വേറെയാണെങ്കിലും - ഇപ്പോഴും ഞങ്ങളുടെയൊക്കെ ബന്ധു ജനങ്ങള്‍ തന്നെയാണ്...!

പരസ്പരം ലൈനടിക്കാനോ, കല്യാണം കഴിക്കുവാനോ പാടില്ലെന്നൊരു  അലിഖിത നിയമവും ഞങ്ങള്‍ വീട്ടുക്കാര്‍ക്കിടയില്‍ ഉണ്ട്. മൂന്നാലു തലമുറ മുമ്പ് കുറച്ചു പേര്‍ ഞങ്ങള്‍ തയ്യില്‍ വീട്ടുകാരില്‍ നിന്നും മാര്‍ഗ്ഗം കൂടി കൃസ്ത്യാനികളായി മാറിയ കുടുംബ ചരിതമാണ് അവര്‍ക്കുള്ളത്.

വാറുണ്ണിയേട്ടന്‍, വേറൊനേടത്തി, ലിസിയേടത്തി മുതല്‍ ലോനപ്പേട്ടന്‍ വരെ എട്ടു മക്കളുണ്ടായപ്പോള്‍ താഴെയുള്ളവനെ, പള്ളീലച്ചനാക്കാന്‍ നേര്‍ന്നതായിരുന്നു അവരുടെ അമ്മച്ചിയും അപ്പച്ചനും കൂടെ...!

എന്തിന് പറയുവാന്‍ ലോനപ്പേട്ടന് അച്ചന്‍ പട്ടം കിട്ടിയിട്ട്, കുട്ടിയച്ചനായി വാഴുന്ന കാലത്ത് - സമാന ഗതിയില്‍ തന്നെ ഏഴ് മക്കളുള്ള ഒരു കുടുംബത്തില്‍ നിന്നും   കന്യാസ്ത്രീയാകുവാന്‍ നിയോഗിക്കപ്പെട്ട റോസമ്മ എന്നൊരു സിസ്റ്ററുമായി അന്നത്തെ ഈ അച്ചന്‍ ചുള്ളന്‍ അടുപ്പത്തിലായി..

തൃശ്ശൂര്‍ ജില്ലയിലെ തന്നെ ഒരു മിഷ്യന്‍ ആശുപത്രിയില്‍ നിന്ന് കന്യാസ്ത്രീ പഠനത്തോടൊപ്പം , നേഴ്‌സിങ്ങ് പഠനവും പൂര്‍ത്തിയാക്കി -  അവരുടെ ആശുപത്രിയില്‍ തന്നെ റോസമ്മ സിസ്റ്റര്‍ സേവനം ചെയ്യുന്ന വേളയിലാണ് - ഒരിക്കലും പാടില്ലാത്തതായ ഇവര്‍ തമ്മിലുള്ള അനുരാഗവള്ളി പൊട്ടി മുളച്ച് കിളിര്‍ത്തുവന്ന് പുഷ്പ്പിച്ചത്.

ഈ സംഗതികള്‍ അരമനയിലും, വീട്ടുക്കാര്‍ക്കുമിടയിലുമൊക്കെ മണത്തു വന്നപ്പോള്‍ ആരോരുമറിയാതെ വാറുണ്ണിയേട്ടനും, എന്റെ അച്ഛനും കൂടി, അന്ന് ഭോപ്പാലില്‍ ജോലി ചെയ്തിരുന്ന ഞങ്ങളുടെ ഒരു ബന്ധുവിന്റെ വീട്ടിലേക്ക് ഈ കാമിതാക്കളെ കയറ്റി വിട്ടു.

പിന്നീട് ഉടുപ്പൂരി സഭയില്‍ നിന്ന് സ്വതന്ത്രമാക്കനും, രജിസ്റ്റര്‍ മ്യാരേജിനുമൊക്കെ കാശ് ചിലവാക്കി എല്ലാം ഒത്ത് തീര്‍ത്തതും മറ്റും അക്കാലത്തെ നാട്ടിലെ പഞ്ചായത്ത് അധിപനായിരുന്ന എന്റെ അച്ഛനായിരുന്നു.

ശേഷം ലോനപ്പേട്ടന്റെ ഭാഗം ചേട്ടനനിയന്മാര്‍ക്ക് കൊടുത്ത് ആ കാശ് കൊണ്ട് അവര്‍ അമേരിക്കയിലേക്ക് പോകുവാന്‍ ഒരു തീവ്രശ്രമം നടത്തുകയുണ്ടായെങ്കിലും അടിയന്തരാവസ്ഥക്കാലമായത് കൊണ്ട് ആയത് നടന്നില്ല.

അതിന് ശേഷം അഞ്ചാറുമാസം കഴിഞ്ഞപ്പോള്‍ ഭോപ്പാലിലെ ജോലി വേണ്ടെന്ന് വച്ച് റോസമ്മയേടത്തി ഒരു ബാച്ചിനൊപ്പം നേഴ്‌സിങ് ജോലിക്കായി ജര്‍മ്മനിയിലേക്ക് പോയി.

പിന്നീട് രണ്ട് കൊല്ലം കഴിഞ്ഞ ശേഷമാണ് ലോനപ്പേട്ടന്‍ ജര്‍മ്മനിയില്‍ എത്തിയതും, 'ഡി .എച്ച് .എല്‍' കമ്പനിയുടെ ഒരു പാഴ്‌സല്‍ വെയര്‍ ഹൌസിലെ ജീവനക്കാരനായി പാശ്ചാത്യ ജീവിതം ആരംഭിച്ചതും...

ശേഷം എന്റെ അച്ഛന്‍ അകാലത്തില്‍ മരിച്ചുപോയ സമയത്ത് - നാട്ടില്‍ നിന്നും പോയിട്ട്,  പത്ത് കൊല്ലം കഴിഞ്ഞപ്പോള്‍ ആദ്യമായി റോസമ്മയേടത്തിയും, രണ്ട് മക്കളുമായി ലോനപ്പേട്ടന്‍ നാട്ടിലെത്തി ഞങ്ങള്‍  കുടുംബാംഗങ്ങളെയൊക്കെ ആശ്വസിപ്പിച്ചിരുന്നു...

അപ്പോള്‍ അദ്ദേഹമെനിക്കൊരു 'സിറ്റിസണ്‍ റിസ്റ്റ് വാച്ച്' സമ്മാനമായി തന്നിരുന്നു. അന്ന് ഞങ്ങള്‍ കറണ്ട് ബുക്ക്സിലും മറ്റും കയറിയിറങ്ങി, ഒരു പെട്ടി നിറയെ മലയാളം പുസ്തകങ്ങളുമായാണ് മൂപ്പര്‍ തിരിച്ചു പോയത്. ഒപ്പം എന്റെ കൈയിലുണ്ടായിരുന്ന പഴയ കുറെ ഓണപ്പതിപ്പുകളും.

അതിന് ശേഷം നാലഞ്ച് കൊല്ലം ഇടവിട്ട് നാട്ടില്‍ വരുന്പോഴൊക്കെ ഇദ്ദേഹം ഞങ്ങള്‍ക്ക് എന്തെങ്കിലുമൊക്കെ അസ്സല് ഫോറിന്‍ സമ്മാനങ്ങള്‍ തരും, പിന്നീട് പുസ്തക ഭാണ്ഡവുമായുള്ള  തിരിച്ചു പോക്കും തുടര്‍ന്നിരുന്നു...

കാല്‍ നൂറ്റാണ്ട് മുമ്പ് ലോനപ്പേട്ടന്‍ 'ഡി.എച്ച്.എല്‍' കമ്പനിയിലെ ഒരു വെയര്‍ ഹൌസ് സൂപ്പര്‍ വൈസറായി ലണ്ടനിലേക്ക് കുടിയേറി. റോസമ്മയേടത്തിക്ക്  'എന്‍ എച്ച് എസി'ല്‍ നഴ്‌സായി ജോലിയും കിട്ടി. മക്കളെ രണ്ട് പേരേയും യു.കെ യൂണിവേഴ്‌സിറ്റികളില്‍ ചേര്‍ക്കുകയും ചെയ്തു.

ലണ്ടനില്‍ വന്ന് ലോനപ്പേട്ടനും കുടുംബവും നന്നായി പച്ച പിടിച്ച ശേഷം ഒരിക്കല്‍ നാട്ടില്‍ വന്നപ്പോഴാണ്, മൂപ്പര്‍ എന്നോട് ''ഡാ.. മുര്‍ള്യേ... നിനക്ക് ലണ്ടനിലേക്ക് വന്നൂടെ'' എന്ന്  ചോദിക്കുന്നത്...!

പോരാത്തതിന് മൂപ്പരുടെ രണ്ട് ചേട്ടന്മാരുടെയും, പെങ്ങന്മാരുടെയും മക്കളെയൊക്കെ പിന്നീടുള്ള അടുത്തടുത്ത കൊല്ലങ്ങളില്‍ യുകെയിലേക്ക് സ്റ്റുഡന്റ് വിസയില്‍ കൊണ്ടു പോകുകയും, അവരൊക്കെ ചടുപിടുന്നനെ കാശുണ്ടാക്കുകയും ചെയ്യുന്നത് കണ്ടപ്പോള്‍ എനിക്കും നാട്ടില്‍ ഇരിക്കപ്പൊറുതിയില്ലാതായി.

അവസാനം മാക്സിമം ഒരഞ്ചുകൊല്ലം ലണ്ടനില്‍ വന്ന് കുറച്ച് സമ്പാദിച്ച് തിരിച്ചു പോകാമെന്ന് കരുതി വന്ന  ഞാനാണ് അതിന്റെ മൂന്നിരട്ടി വര്‍ഷം കഴിഞ്ഞിട്ടും ഇവിടെ ഒട്ടി പിടിച്ചിങ്ങനെ നില്‍ക്കുന്നത്...!

ഏത് കാലാവസ്ഥയിലും രാവും പകലുമില്ലാതെ ഇവിടെ കിടന്നുറങ്ങാനുള്ള സുഖം, ഏത് സമയത്തുമുള്ള പബ്ലിക്ക് ട്രാന്‍സ്പോര്‍ട്ട് യാത്രാ സൗകര്യങ്ങള്‍, ഹിമകണങ്ങള്‍ പെയ്തിറങ്ങുമ്പോഴുള്ള മനോഹാരിതകളടക്കം മാറി മാറി വരുന്ന പ്രകൃതിയുടെ രമണീയ കാഴ്ച്ചകള്‍, അടുപ്പ് പുകയാതെ തന്നെ തീന്‍ മേശയിലെത്തുന്ന ലോകത്തിലെ എല്ലാ വിഭവങ്ങളും ഡെലിവറിയായി എത്തിക്കുന്ന നാനാതരം ഭക്ഷണ ശാലകള്‍ മധു ചഷകങ്ങള്‍ നിറയ്ക്കുവാന്‍, പറ്റുന്ന ആഗോളതലത്തിലുള്ള മുന്തിയ ലഹരി പാനീയങ്ങള്‍, അങ്ങിനെയങ്ങിനെ കണ്ണിനും മനസ്സിനും എന്നുമെന്നും ഇമ്പമേറിയ ഈ കാഴ്ച വട്ടങ്ങള്‍ തന്നുകൊണ്ടിരിക്കുന്ന ഈ ബിലാത്തി പട്ടണം വിട്ടിട്ടെങ്ങിനെയാണ്...

ഞാന്‍ എന്റെ  സ്വന്തം ദൈവത്തിന്റെ നാട്ടിലേക്ക് - ഇപ്പോള്‍  ചെകുത്താന്മാര്‍ കൈയേറിയിരിക്കുന്ന നമ്മുടെ സ്വന്തം ജന്മ ഭൂമിയിലേക്ക് തിരിച്ച് പോകുക.. അല്ലെ കൂട്ടരെ...!

പിന്നാമ്പുറം
ഈ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഞാനിവിടെ ലണ്ടനില്‍ വന്ന് നങ്കൂരമിട്ടപ്പോള്‍ എന്നെ ഏറ്റവും കൂടുതല്‍ വീര്‍പ്പുമുട്ടിച്ച സംഗതികളില്‍ ഒന്നായിരുന്നു മലയാളത്തില്‍ യാതൊന്നും വായിക്കുവാന്‍ കിട്ടുന്നില്ല എന്ന കാര്യം...

അപ്പിയിടുവാന്‍ പോലും പോകുമ്പോള്‍ ഏതെങ്കിലും മലയാളം പുസ്തകം കരുതിയില്ലെങ്കില്‍ പെടാപാടുപെടുന്ന ഞാന്‍ - ആയതിനു പകരം ചാരിറ്റിയില്‍ നിന്നും പത്ത് പെന്‍സിനൊക്കെ കിട്ടുന്ന ഇംഗ്ലീഷ് പുസ്തകങ്ങള്‍ ഉപയോഗിച്ചു നോക്കിയപ്പോള്‍ ദഹനക്കേട് കൂടി എന്ന് മാത്രം...!

ആ സമയത്തൊക്കെ മനോപാര്‍ക്കിലുള്ള മലയാളി അസോസ്സിയേഷനിലും, ബാര്‍ക്കിങ് റൈഡിലുള്ള ശ്രീ നാരായണ ഗുരുമിഷ്യനിലുമൊക്കെ പോയി തപ്പിപ്പിടിച്ചു കൊണ്ടുവരുന്ന പഴയ മാഗസിനുകളും, ഈസ്റ്റ്ഹാം ലൈബ്രറിയില്‍ നിന്നുകിട്ടുന്ന മലയാള പുസ്തകങ്ങളും, മറ്റു കുടിയേറ്റ മലയാളികളുടെ കൈയില്‍ നിന്നും കടമെടുത്ത പുസ്തങ്ങളുമൊക്കെയായി വായനയും മറ്റും നാലഞ്ചുകൊല്ലം സുഖമമായി നടത്തിക്കൊണ്ടിരുന്നു...

ഇതിനിടയില്‍ കിട്ടുന്ന മലയാളി വാര്‍ഷിക പതിപ്പുകളായ ജനനിയും, യുകെ  മലയാളിയും, പത്രമാസികകളായ കേരള ലിങ്കും, ബിലാത്തിമലയാളിയും വായനക്ക് മേമ്പൊടി കൂട്ടികൊണ്ടിരുന്നുവെങ്കിലും ആയിടെ സൈബര്‍ ലോകത്ത് പിറന്നു വീണ ഓര്‍ക്കൂട്ടിലൂടെയും, മലയാളം ബ്ലോഗുകളിലൂടെയും വായനക്ക് ഒരു പുതിയ മേച്ചില്‍പ്പുറം എനിക്ക് നേടിത്തന്നു...

പിന്നീടങ്ങോട്ട് കഴിഞ്ഞ ദശകം മുതല്‍ തുടക്കം കുറിച്ച 'ബ്രിട്ടീഷ്  മലയാളി' മുതല്‍ അനേകം ഓണ്‍ - ലൈന്‍ പത്ര മാധ്യമങ്ങളില്‍ കൂടിയും, സോഷ്യല്‍ മീഡിയ തട്ടകങ്ങളില്‍ കൂടിയും ഈ ആംഗലേയ നാടുകളിലും മലയാളത്തിലൂടെയുള്ള വായനയുടേയും എഴുത്തിന്റെയും വസന്തം പൊട്ടി വിടരുകയായിരുന്നു...!

ഈ കാലഘട്ടങ്ങളില്‍ ഈ ദേശങ്ങളില്‍ നിന്നും എഴുതുന്ന അനേകം മലയാളം ബ്ലോഗ് തട്ടകങ്ങള്‍ ഉടലെടുത്തു വന്നിരുന്നു.

പിന്നീട് ദിനം തോറും അനേകം സൈബര്‍ ഇടങ്ങളില്‍ വിവിധ സംഗതികളെക്കുറിച്ചും പലരും പലതും കുത്തി കുറിച്ചു വന്നു.

യാത്രാവിവരണങ്ങളും, കഥയും കവിതയും, ശാസ്ത്രലേഖനങ്ങളുമൊക്കെയായി ആഗോളതലത്തില്‍ തന്നെ ആംഗലേയ മലയാളികള്‍ക്കും ഒരു ഇടം കിട്ടി തുടങ്ങി...

പത്ത് കൊല്ലം മുമ്പ് മൂന്നാലു മലയാളം ബ്ലോഗ് സംഗമങ്ങള്‍ ഇവിടെയുണ്ടായെങ്കിലും, രണ്ട് കൊല്ലം മുമ്പ് 'കട്ടന്‍ കാപ്പിയും കവിതയും കൂട്ടായ്മ' യുടെ നേതൃത്വത്തില്‍ ലണ്ടനില്‍ വെച്ച് പ്രഥമമായി യുകെയിലുള്ള മലയാളി ബ്ലോഗെഴുത്തുകാര്‍ ഒത്തു കൂടി മലയാളം ഭാഷാസ്നേഹികളുടെ ഒരു കൂട്ടായ്മക്ക് ആരംഭം കുറിച്ചു...

ഇതില്‍ കുറച്ചുപേര്‍ 'ഡെസ്‌ക് ടോപ്പി'ല്‍ നിന്നും ഇറങ്ങി വന്ന് സ്വന്തം പുസ്തകങ്ങള്‍ അച്ചടിച്ചിറക്കി ബുക്ക് ഷെല്‍ഫുകളിലും ഇവിടെ അന്നുണ്ടായിരുന്ന മൂന്നാലെഴുത്തുകാര്‍ക്കൊപ്പം  ഇടം പിടിച്ചു...

ഇന്നീ ആംഗലേയ നാടുകളില്‍ ഏതാണ്ട് ഇരുനൂറില്‍ പരം ആളുകള്‍ മലയാളത്തിലൂടെ കഥയായും, നോവലായും, കവിതയായും ,ലേഖനങ്ങളായും മറ്റും പല കാര്യങ്ങളും എഴുതിയിട്ട് മുന്നേറുന്ന കാഴ്ചകള്‍ എന്നുമെന്നോണം കാണാവുന്ന സംഗതികളാണ്...

അതിനു ശേഷം സോഷ്യല്‍ മീഡിയ തട്ടകങ്ങളില്‍ കൂടിയുള്ള കൂട്ടായ്മകളില്‍ കൂടി സല്ലപിച്ചും, ഇടക്കെല്ലാം ചില കൊച്ചുകൊച്ചു സംഗമങ്ങള്‍ നടത്തിയും ഈ ഭാഷാസ്നേഹികള്‍ പല ഭാവി പരിപാടികളും ആസൂത്രണം ചെയ്തുകൊണ്ടിരുന്നു.

ഈയിടെ രണ്ടാമതും ലണ്ടനില്‍ വച്ച് വീണ്ടും അവര്‍ ഒന്നിച്ചു കൂടി. ഈ പരിപാടിയില്‍ വിശിഷ്ടാഥിതികളായി പ്രമുഖ എഴുത്തുകാരിയായ ജയശ്രീ ശ്യാംലാല്‍, യുകെയിലെ സീനിയര്‍ എഴുത്തുകാരനായ ഡോ. പി. എം. അലി, മലയാളം മിഷ്യന്‍ യുകെ ചാപ്റ്ററിന്റെ അഡ്‌ഹോക് കമ്മറ്റി മെമ്പറും, 'യുക്മ' സാംസ്‌കാരിക വേദിയുടെ വൈസ് ചെയര്‍മാനും, ലണ്ടന്‍ മലയാള സാഹിത്യ വേദിയുടെ കോര്‍ഡിനേറ്ററുമായ സി. എ. ജോസഫ്, നിരൂപനും, എഴുത്തുകാരനും, ചിന്തകനുമായ ഡോ. ജോഷി ജോസ് എന്നിവരും പങ്കെടുത്തു.

ധാരാളം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ട ചടങ്ങുകളില്‍ മലയാളത്തിലുള്ള ഒരു കൈയെഴുത്ത് പതിപ്പും, ഒരു അച്ചടിച്ച പുസ്തകവും, ഒരു ഡിജിറ്റല്‍ പുസ്തകവും, ആംഗലേയത്തില്‍ ഒരു കൗമാരക്കാരന്‍ എഴുതിയ പുസ്തകവും പിന്നെ കവിതാസമാഹാരത്തിന്റെ ഒരു 'DVD' യും പ്രസാധനം നിര്‍വ്വഹിക്കപ്പെട്ടു.

അന്ന് പ്രകാശനം നടത്തിയ പുസ്തകങ്ങള്‍
വി. പ്രദീപ് കുമാര്‍ അണിയിച്ചൊരുക്കുന്ന മലയാളത്തിലുള്ള 'ഛായ' എന്ന കൈയെഴുത്ത് പതിപ്പിന്റെ ഏഴാം ലക്കം.

പൂര്‍ണ്ണമായും ബ്രിട്ടനില്‍ നിന്നു തന്നെ അച്ചടിച്ച് പ്രസിദ്ധീകരിക്കുന്ന 'അഥേനിയം ഗ്രന്ഥശാല' പുറത്തിറക്കുന്ന ഇവിടെയുള്ളവരുടെ വിവിധയിനം രചനകള്‍ അടങ്ങിയ 'മഷിത്തണ്ട്' എന്ന പുസ്തകം.

11 വയസുകാരന്‍ ആബേല്‍ ജോയ് എഴുതിയ 'മൈ നാപ്പി ബ്രദേഴ്‌സ്' എന്ന ആംഗലേയ പുസ്തകത്തിന്റെ പേപ്പര്‍ ബാക്ക് എഡിഷന്‍.

നൂറു വര്‍ഷങ്ങള്‍ പിന്നിടുന്ന ആംഗലേയ നാട്ടിലെ മലയാളം എഴുത്തിന്റെ നാള്‍ വഴികളില്‍, നമ്മുടെ ഭാഷക്ക് കഴിഞ്ഞ ഒരു നൂറ്റാണ്ടായി വെള്ളവും വളവും നല്‍കി വളര്‍ത്തിയ നൂറ്റമ്പതോളം ഭാഷാസ്നേഹികളെ പരിചയപ്പെടുത്തുന്ന 'എഴുത്തിന്റെ നൂറ് വര്‍ഷങ്ങള്‍ - ആംഗലേയ നാട്ടിലെ ശതവാര്‍ഷികം പിന്നിട്ട മലയാളി എഴുത്തിന്റെ  നാള്‍ വഴികള്‍' എന്ന ഒരു ഡിജിറ്റല്‍ പുസ്തകവും അന്നേ ദിവസം പ്രകാശനം ചെയ്യപ്പെട്ടു.

കൂടാതെ കാവ്യഭാവനയുടെ നിറച്ചാര്‍ത്തുകളുമായി മുജീബ് വര്‍ക്കല എഴുതിയ കവിതകള്‍ ഈണമിട്ട് വിവിധ ഗായകര്‍ ആലപിച്ചിട്ടുള്ള'കൂട്ടുകാരന്‍ എന്ന കവിതാസമാഹാരത്തിന്റെ ഒരു ഉഢഉ യുടെ പ്രകാശന കര്‍മ്മവും അന്നേ ദിവസം നിര്‍വ്വഹിക്കപ്പെട്ടു... ഇതോടൊപ്പം തന്നെ പുസ്തക പരിചയം, കവിത ചൊല്ലല്‍, ഭാവിയിലെ പരിപാടികളുടെ നയ രൂപീകരണം എന്നീ സംഗതികളും അന്നവിടെ അരങ്ങേറിയിരുന്നു...

ഭാഷാ സ്നേഹികളായ പ്രവാസികള്‍ക്ക് 'മലയാളത്തിന്റെ അതിജീവനം' പ്രധാന വിഷയമാണ്. എന്നാല്‍ 'നൂറു വര്‍ഷങ്ങള്‍ക്കു ശേഷം മലയാളം' എന്ന ബൃഹദ് വിഷയവുമായി ഇതു വളരെ ബന്ധപ്പെട്ടിരിക്കുന്നു. വര്‍ത്തമാന കാലത്ത്, വിവര സാങ്കേതികതയിലെ മാറ്റങ്ങളെ ഒഴിവാക്കിക്കൊണ്ട് ഭാഷാ-സാഹിത്യങ്ങളുടെ ഭാവിയെപ്പറ്റി ചിന്തിക്കുന്നത് തന്നെ അസംബന്ധമായിരിക്കും... ഇവിടെയുള്ള പ്രവാസ ജീവിതത്തില്‍, മലയാള ഭാഷാ സംബന്ധിയായ ഭാവി പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ട നയ രൂപീകരണത്തിന്, ഇത്തരം വിഷയങ്ങളെപ്പറ്റി ഉറക്കെ ചിന്തിക്കേണ്ടതുണ്ട്. ഒറ്റയ്ക്കും, കൂട്ടായുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഈ നയങ്ങള്‍ മാര്‍ഗ്ഗദര്‍ശകമാകും...

യുകെയിലെ മലയാളം എഴുത്തിന്റെ നൂറാം പിറന്നാള്‍ ആഘോഷിക്കുന്ന ഈ വേളയില്‍, 'യുകെ എഴുത്തുകാരുടെ ദ്വിതീയ സംഗമം' ലക്ഷ്യമിടുന്നത് ഇത്തരത്തിലുള്ള ഒരു നയ രൂപീകരണമാണ്...!




 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category