1 GBP = 102.00 INR                       

BREAKING NEWS

ടാക്‌സി ഓടിച്ചു തുടങ്ങി ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായ രൂപേഷ്; ഐടിവിയില്‍ വോയിസായി തിളങ്ങിയ ഗായത്രി; ബിബിസി പ്രൈം ടൈം താരമായ വരദ; ബിബിസി മാസ്റ്റര്‍ ഷെഫില്‍ തിളങ്ങിയ ജോമോന്‍; യുകെയിലെത്തി കൃഷിക്കാരനായ ജിനേഷ്; ഈ അഞ്ചു പേരില്‍ ആരെയാണ് നിങ്ങള്‍ ആദരിക്കാന്‍ ഇഷ്ടപ്പെടുന്നത്?

Britishmalayali
കെ ആര്‍ ഷൈജുമോന്‍

കവന്‍ട്രി: കഴിഞ്ഞ ഒന്‍പതു വര്‍ഷത്തിനിടയില്‍ ബ്രിട്ടനിലെ മലയാളി സമൂഹത്തില്‍ നിന്നും 45 വാര്‍ത്ത താരങ്ങളെ കണ്ടെത്തി അവതരിപ്പിച്ച ബ്രിട്ടീഷ് മലയാളി പോയ വര്‍ഷം യുകെ മലയാളികളെ ഏറ്റവും അധികം സ്വാധീനിച്ച അഞ്ചു പേരെ തേടി യാത്രയായപ്പോള്‍ പതിവ് പോലെ അഭൂതപൂര്‍വമായ നോമിനേഷന്‍ പ്രവാഹം. വിവിധ മേഖലയില്‍ മാറ്റുതെളിയിച്ച 18 പേരുടെ പട്ടികയില്‍ നിന്നും ഏറെ ശ്രമപ്പെട്ടു തയ്യാറാക്കിയ ഫൈനല്‍ ഫൈവ് ആരൊക്കെയാണെന്ന് ഈ വാര്‍ത്തയിലൂടെ പുറത്തു വിടുകയാണ്. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍ ആയതിനാല്‍ ഇവരില്‍ ആരും ഒരാള്‍ക്ക് മേലെയോ താഴെയോ അല്ലെന്നതിനാല്‍ ഓണ്‍ ലൈന്‍ വോട്ടെടുപ്പിലൂടെ ലഭിക്കുന്ന വോട്ടുകള്‍ അടിസ്ഥാനമാക്കിയാകും അവസാന താരത്തെ കണ്ടെത്തുക.

ടാക്സി ഡ്രൈവിങ്ങിനിടയില്‍ ഹരം കയറി സിഎ പരീക്ഷ പാസായി ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായി മാറിയ ഹള്ളിലെ രൂപേഷ് മാത്യു, ബ്രിട്ടനിലെ ഏറ്റവും അറിയപ്പെടുന്ന മലയാളി എന്ന് വിശേഷിപ്പിക്കാന്‍ കഴിയുന്ന പിയാനോ സംഗീത പ്രതിഭയും ഐടിവിയുടെ ദി വോയ്സിലൂടെ ബ്രിട്ടീഷ് ഗായക ലോകത്തെത്തി ഏറ്റവും കൂടുതല്‍ ആല്‍ബങ്ങള്‍ വില്‍ക്കപ്പെടുന്ന ശബ്ദത്തിന്റെ ഉടമയായ മലയാളി പെണ്‍കുട്ടി ഗായത്രി നായര്‍, ബിബിസി പ്രൈം ടൈം സീരിയല്‍ നായിക വരദ സേതു, ബിബിസി മാസ്റ്റര്‍ ഷെഫ് പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിച്ച ബാസില്‍ഡനിലെ ജോമോന്‍ കുര്യാക്കോസ്, പാഷന്‍ ഫ്രൂട്ടും പാവയ്ക്കയും അടക്കം നാടന്‍ പച്ചക്കറികള്‍ ബ്രിട്ടീഷ് മണ്ണില്‍ വിളവെടുക്കാന്‍ സാധിക്കുമെന്ന വെല്ലുവിളി ഏറ്റെടുത്തു നൂറുകണക്കിനാളുകളെ അടുക്കള കൃഷിയിലേക്കു തിരിയാന്‍ പ്രേരിപ്പിച്ച ജിനേഷ് പോള്‍ എന്നിവരാണ് പത്താം വര്‍ഷത്തില്‍ വാര്‍ത്ത താരമാകാന്‍ മത്സരിക്കുന്നത്.

ടാക്സിയില്‍ നിന്നും ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിലേക്ക്
കെയറര്‍ ജോലി ചെയ്യുന്നതും ടാക്സി ഓടിക്കുന്നതും ഒക്കെ യുകെ മലയാളികളില്‍ ചെറിയൊരു പങ്കിനെങ്കിലും പുച്ഛമാണ്. അവരെ അംഗീകരിക്കാനും സമൂഹത്തില്‍ മാന്യത നല്‍കാനും യുകെയില്‍ ജീവിച്ച് ഒന്നര പതിറ്റാണ്ട് പിന്നിട്ട പലര്‍ക്കും ഇനിയെങ്കിലും ആ മനോഗതി മാറ്റിയേ പറ്റൂ എന്ന് തെളിയിക്കുകയാണ് ലങ്കാസ്റ്ററിലെ ടാക്സി ഡ്രൈവര്‍ ആയിരുന്ന രൂപേഷ് മാത്യുവിന്റെ വിജയം. കാരണം ഒരു പതിറ്റാണ്ടിലേറെ ടാക്സി ഓടിച്ചു ജീവിച്ച രൂപേഷ് ഇപ്പോള്‍  മോഹ സുന്ദര ജോലികളില്‍ ഒന്നായി കണക്കാക്കുന്ന ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായി ആയി മാറിയിരിക്കുകയാണ്.

ഒറ്റയടിക്ക് സിഎയുടെ 14 പേപ്പറും പാസായ രൂപേഷ് കഴിഞ്ഞ ഏപ്രില്‍ മുതല്‍ പ്രശസ്തമായ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് സ്ഥാപനത്തില്‍ ജോലിയില്‍ പ്രവേശിച്ചിരിക്കുകയാണ്. ഇക്കഴിഞ്ഞ 2018 ഫെബ്രുവരി വരെ ടാക്സി ലൈസന്‍സ് സൂക്ഷിച്ചിരുന്ന നാല്‍പതുകാരന്‍ വര്‍ഷം ഒരു ലക്ഷം പൗണ്ട് വരെ ശമ്പളം ലഭിക്കാവുന്ന തൊഴില്‍ മേഖലയിലേക്ക് കൂടു മാറുമ്പോള്‍ അത് അവിശ്വസനീയ ജീവിത വിജയത്തിന്റെ കഥ കൂടിയാണ് സമൂഹത്തോട് പങ്കിടുന്നത്. ഈ കഥയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടു കഴിഞ്ഞ വര്‍ഷം ഉന്നത പഠനത്തിലേക്ക് തിരിഞ്ഞ അനേകം പേര്‍ക്ക് കൂടുതല്‍ പ്രചോദനമായാണ് ഇപ്പോള്‍ രൂപേഷ് വാര്‍ത്ത താരം പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്.

ബ്രിട്ടീഷ് സംഗീതത്തിന് അഭിമാനിക്കാന്‍ മലയാളികളുടെ ഓമനമുത്ത്
ലൂട്ടനിലെ മലയാളി പെണ്‍കുട്ടി കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ബ്രിട്ടനിലെ ഏറ്റവും പ്രസ്റ്റീജ് പാട്ടു മത്സരത്തില്‍ പങ്കെടുക്കുമ്പോള്‍ ഹൃദയമിടിപ്പോടെയാണ് മലയാളി സമൂഹം ചാനലിന് മുന്നില്‍ കണ്ണ് നട്ടിരുന്നത്. ഐടിവി യുടെ സ്റ്റാര്‍ സംഗീത മത്സരമായ ദി വോയ്‌സില്‍ സെമി ഫൈനലില്‍ പാടാന്‍ എത്തുന്ന എട്ടുപേരില്‍ ഒരാളായി മാറിയ ആദ്യ മലയാളി എന്നതായിരുന്നു അന്ന് ഗായത്രി നായരുടെ വിശേഷണം. ഒരു പോലെ പ്രതിഭകളായ എട്ടുപേര്‍. വിധികര്‍ത്താക്കള്‍ക്ക് ആരെയും തിരഞ്ഞെടുക്കാന്‍ പ്രത്യേകിച്ച് കുറ്റം ഒന്നും കണ്ടെത്താന്‍ കഴിയാത്ത മട്ടില്‍ പാടാന്‍ കഴിവുള്ളവരാണ് എട്ടു പേരും. ഒടുവില്‍ പൊതുജന വോട്ടെടുപ്പില്‍ ഗായത്രി അടക്കം നാലു പേര് ഫൈനല്‍ കാണാതെ പുറത്തായി.

പക്ഷെ കഴിഞ്ഞ വര്‍ഷം യുകെയില്‍ ഏറ്റവും ഹിറ്റായ പാട്ടുകളുടെ കൂടെയാണ് ഗായത്രിയുടെ ശബ്ദവും ഇടം പിടിച്ചത്. ഏറ്റവും ചെറുപ്രായക്കാരായ പാട്ടുകാരുടെ കൂട്ടത്തില്‍ മുന്‍നിര സ്ഥാനവും. വെറും കരോക്കെ പാട്ടുകള്‍ പാടിയാല്‍ മലയാളി പരിപാടിയില്‍ മാത്രം ഒതുങ്ങി പോകും എന്നതാണ് ഗായത്രിയുടെ സംഗീത ജീവിതം യുകെ മലയാളികള്‍ക്ക് നല്‍കുന്ന സന്ദേശം. പാട്ടില്‍ താല്‍പ്പര്യം ഉള്ള കുട്ടിയെ സാധാരണ സ്‌കൂളില്‍ നിന്നും മാറ്റി മ്യുസിക് സ്‌കൂളില്‍ ചേര്‍ത്ത് അതിനായി രാവും പകലും ഓടി നടന്ന അച്ഛന്‍ സുനില്‍ നായര്‍ക്ക് കൂടിയുള്ളതാണ് ഗായത്രിക്കു ലഭിക്കുന്ന ഓരോ അംഗീകരവും.

ഒരച്ഛനും മകളും ചേര്‍ന്ന് യുകെ മലയാളി സമൂഹത്തിനു സമ്മാനിച്ച വിജയകഥയാണ് ഗായത്രിയുടെ ബ്രിട്ടീഷ് മലയാളി വായനക്കാര്‍ തിരിച്ചറിഞ്ഞത്. യുകെയില്‍ ഏറ്റവും അധികം വില്‍പനയുള്ള പാട്ടുകളില്‍ ചിലതു ഗായത്രിയുടേത് ആണെന്നറിയുമ്പോള്‍ ഈ കൗമാര പ്രതിഭ എതാര്‍ത്ഥത്തിലും ന്യൂസ് മേക്കര്‍ പദവി നേടാന്‍ അര്‍ഹ തന്നെയാണ്. ഇനി ഇവിടെ വിജയിക്കാന്‍ ബ്രിട്ടീഷ് മലയാളി വായനക്കാരുടെ ഇഷ്ടം കൂടി ഗായത്രിക്ക് ആവശ്യമാണ്.

ബ്രിട്ടീഷ് മാധ്യമങ്ങളുടെ തലക്കെട്ടില്‍ മലയാളി പെണ്‍കുട്ടി വരദ സേതു
അച്ഛനും അമ്മയും ബ്രിട്ടനിലെ തിരക്കുള്ള ഡോക്ടര്‍ ദമ്പതികള്‍. സ്വാഭാവികമായും മക്കളും ആ വഴിയേ നീങ്ങും എന്നായിരിക്കും സാധാരണക്കാര്‍ ചിന്തിക്കു . എന്നാല്‍ തൃപ്പൂണിത്തുറയില്‍ നിന്നും അല്‍പ സ്വല്‍പ്പം കലയും സംഗീതവും ഒക്കെ കൂടെക്കൂട്ടി ബ്രിട്ടനില്‍ ആരോഗ്യ സേവന രംഗത്ത് പ്രവര്‍ത്തിക്കാന്‍ എത്തിയ ഡോ. സേതു വാര്യരുടെയും ഡോ. അനിത സേതുവിന്റെയും മകള്‍ വരദ സേതു പഠന വഴിയില്‍ നിന്നും കറങ്ങി തിരിഞ്ഞു എത്തിയത് അഭിനയ കലയില്‍. ഇതിനകം പ്രധാനപ്പെട്ടത് എന്ന് വിശേഷിപ്പിക്കാവുന്ന ഒരു സിനിമയടക്കം അഞ്ചോളം പ്രധാന സീരിയല്‍ പരമ്പരകള്‍ കൂടി പൂര്‍ത്തിയാക്കിയ വരദ ലക്ഷക്കണക്കിന് ബിബിസി  പ്രേക്ഷകര്‍ ശ്വാസമടക്കി വീക്ഷിക്കുന്ന പുതിയ ക്രൈം പരമ്പരയായ ഹാര്‍ഡ് സണ്‍ല്‍ പ്രധാന വേഷങ്ങളില്‍ ഒന്നില്‍ എത്തിയിരിക്കുകയാണ്.

ബ്രിട്ടനു പുറമെ 2018 മാര്‍ച്ച് മുതല്‍ അമേരിക്കന്‍ ടിവി ചാനലിലും ഹാര്‍ഡ് സണ്‍ എത്തിയതോടെ വരദക്കു ബ്രിട്ടന് പുറമെ അമേരിക്കയിലും ആരാധകരാകും. ഇത്തരം ഒരംഗീകാരം നേടുന്ന ആദ്യ യുകെ മലയാളി എന്ന വിശേഷണവും ഇപ്പോള്‍ വരദക്കു സ്വന്തം. ഈ നേട്ടങ്ങള്‍ സ്വാഭാവികമായും വായനക്കാരുടെ ഇഷ്ടമായി മാറിയതോടെയാണ് വരദ ന്യൂസ് മേക്കര്‍ ഫൈനല്‍ ലിസ്റ്റില്‍ ഇടം പിടിച്ചിരിക്കുന്നത്. താരമാകാന്‍ ഏറെ യോഗ്യതയുള്ള വരദയ്ക്കാകുമോ ഇക്കുറി പുരസ്‌കാരം എന്ന ചോദ്യമാണ് ഈ പട്ടികയില്‍ കണ്ണോടിക്കുന്ന ഏവര്‍ക്കും തോന്നാന്‍ ഇടയുള്ള കാര്യം.

ബിബിസിയില്‍ വീണ്ടും മീന്‍ മണം; മാസ്റ്റര്‍ ഷെഫില്‍ ബാസില്‍ഡനിലെ ജോമോന്‍
ലോകമെങ്ങും കേരളത്തിന്റെ മീന്‍ മണം പരത്തി വീണ്ടും ബിബിസി മാസ്റ്റര്‍ ഷെഫില്‍ മലയാളിയുടെ കയ്യൊപ്പ്. രണ്ടു വര്‍ഷം മുന്‍പ് ലണ്ടനിലെ ഏറ്റവും പ്രശസ്തമായ ഹൊപ്പേഴ്സ് റെസ്റ്റോറന്റില്‍ നിന്നും ബിബിസി മാസ്റ്റര്‍ ഷെഫ് പരിപാടിയില്‍ എത്തി ലോകമെങ്ങും താരപദവി നേടിയ കൊല്ലംകാരന്‍ സുരേഷ് പിള്ളയ്ക്ക് ശേഷം കഴിഞ്ഞ വര്‍ഷം ബിബിസിയില്‍ മുഖം കാണിക്കാന്‍ അവസരം ലഭിച്ചത് മാവേലിക്കരക്കാരന്‍ ജോമോന്‍ കുര്യാക്കോസിനാണ്.

ലണ്ടനിലെ പ്രശസ്തമായ തദ്ദേശീയ ഹോട്ടല്‍ എന്ന പദവിയുള്ള ദി ലളിതിലെ മാസ്റ്റര്‍ ഷെഫ് ബസില്‍ഡണ്‍ നിവാസിയായ ജോമോന്‍ ബിബിസിയില്‍ എത്തിയത് മത്സരാര്‍ത്ഥിയായല്ല മറിച്ചു സെലിബ്രിറ്റി മാസ്റ്റര്‍ ഷെഫിന്റെ ഭാഗമായാണ് എന്ന വത്യാസം മാത്രമാണുള്ളത്. സെലിബ്രിറ്റികള്‍ക്കു വേണ്ടി നടത്തുന്ന ഈ പരിപാടിയില്‍ മത്സരാര്‍ത്ഥി ആയി പങ്കെടുക്കുന്നതിനേക്കാള്‍ പ്രയാസമാണ് പാചകവിദഗ്ധര്‍ അനുഭവിക്കുന്നത്. കാരണം പാചകം ചുക്കാണോ ചുണ്ണാമ്പ് ആണോ എന്ന് തിരിച്ചറിയാത്ത താരങ്ങളെയാണ് വിദഗ്ധര്‍ക്ക് മാത്രം കൈകാര്യം ചെയ്യാന്‍ കഴിയുന്ന പാചക കല ഏതാനും മണിക്കൂറില്‍ പഠിപ്പിച്ചെടുക്കേണ്ടത്.

എന്നാല്‍ ജോമോന്റെ കയ്യില്‍ കിട്ടിയ രണ്ടു സെലിബ്രിറ്റികളും മത്സരത്തിന്റെ അടുത്ത റൗണ്ടില്‍ പ്രവേശിച്ചത് വ്യക്തിപരമായി ഈ മാവേലിക്കരക്കാരന്റെ കൂടി വിജയമായി മാറുകയാണ്. തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ രണ്ടു മലയാളികള്‍ മാസ്റ്റര്‍ ഷെഫില്‍ എത്തിയതോടെ ബിബിസി അടുക്കളയില്‍ ഇനി കേരളത്തിന്റെ കൂടുതല്‍ പാചക വിശേഷങ്ങള്‍ എത്താന്‍ ഉള്ള സാധ്യത കൂടിയാണ് തെളിയുന്നത്. ഈ അപൂര്‍വ നേട്ടം സ്വന്തമാക്കിയ ജോമോന് വായനക്കാര്‍ നല്‍കിയ പുരസ്‌കാരമായ മാറുകയാണ് ഫൈനല്‍ ഫൈവിലെ ഇരിപ്പിടം.

അനേകം നോമിനേഷനുകളില്‍ നിന്നും അവസാന അഞ്ചു പേരില്‍ ഒരാളാകാന്‍ കഴിഞ്ഞതിലൂടെ കഴിഞ്ഞ വര്‍ഷം മാസ്റ്റര്‍ ഷെഫ് താരം സുരേഷ് പിള്ള തന്നെ വാര്‍ത്താ താരമായി മറിയത്തിന്റെ ഓര്‍മ്മ കൂടിയാണ് പുതുക്കുന്നത്. കഴിഞ്ഞ വര്‍ഷം സുരേഷ് നേടിയ ഭാഗ്യം ഇക്കുറി ജോമോന് ഒപ്പം ഉണ്ടാകുമോ? കടുക് പൊട്ടുന്നതിനേക്കാള്‍ വേഗത്തില്‍ ചങ്കിടിപ്പ് കൂട്ടുന്ന ഈ ചോദ്യത്തിന് ഉത്തരമറിയാന്‍ ജൂണ്‍ ഒന്നുവരെ കാത്തിരിക്കുകയേ തരമുള്ളൂ.

മാളക്കാരന്‍ ജിനോയും പത്നിയും ചേര്‍ന്ന് സൃഷ്ടിച്ചതു മറ്റൊരു കാര്‍ഷിക വിപ്ലവം
എല്ലാ വര്‍ഷവും പതിവ് തെറ്റിക്കാതെ ഒരു കര്‍ഷകന്‍ എങ്കിലും ബ്രിട്ടീഷ് മലയാളി വാര്‍ത്ത താരം പുരസ്‌ക്കാരത്തില്‍ നോമിനേഷന്‍ തേടി എത്തുന്നു എന്നത് തന്നെ ഏറെ രസകരമാണ്. മണ്ണിന്റെ മണം കളയാത്തവരാണ് ബ്രിട്ടീഷ് മലയാളി വായനക്കാര്‍ എന്നതാണ് ഈ നോമിനേഷനുകള്‍ തെളിയിക്കുന്നത്, ഇത്തവണ മറ്റു രണ്ടു കര്‍ഷകരെ കൂടി പിന്തള്ളിയാണ് ജിനേഷ് പോള്‍ അവസാന അഞ്ചു പേരില്‍ ഒരാളായി എത്തുന്നത്. കേരളത്തിലെ ചൂടിനെ കവച്ചു വയ്ക്കാന്‍ ഏതാനും ദിവസത്തേക്ക് ബ്രിട്ടനും തയ്യാറെടുത്തപ്പോള്‍ അത് ശരിക്കും മുതലാക്കിയത് മണ്ണിനെ സ്നേഹിക്കുന്ന യുകെ മലയാളി കര്‍ഷകരാണ്, അവരില്‍ ഒരാളായി തല ഉയര്‍ത്തുകയാണ് ഇപ്പോള്‍ ജിനേഷ്.

മുന്‍പൊക്കെ മടിച്ചു നിന്നവരാണ് കഴിഞ്ഞ ഏതാനും വര്‍ഷത്തെ പരീക്ഷണ കൃഷിയിലൂടെ യുകെ മണ്ണും കാലാവസ്ഥയും ''തനി നാടന്‍ '' പച്ചക്കറികള്‍ക്കും ഇഷ്ടമാണെന്നു തിരിച്ചറിഞ്ഞു കഴിഞ്ഞ വര്‍ഷത്തെ റെക്കോര്‍ഡ് ചൂടില്‍ ഒരു കൈ നോക്കിയതും ഒടുവില്‍ കൈ നിറയെ പച്ചക്കറികള്‍ പറിച്ചെടുത്തതും. ഒരിക്കലും യുകെയുടെ മണ്ണില്‍ വിളയില്ലെന്നു കരുതിയ നാടന്‍ ഇനങ്ങളാണ് അങ്ങനെ  താരങ്ങളായി മാറിയത്. സൗത്താംപ്ടണില്‍ നിന്നും ഡാര്‍ലി പൊറ്റക്കാട്ട്, ഗ്ലോസ്റ്ററില്‍ നിന്നും ജയന്‍, ലണ്ടനിലെ എഴുത്തുകാരന്‍ കൂടിയായ മുരളീ മുകുന്ദന്‍, ക്രോയ്ഡോണിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ ജയപ്രകാശ് എന്നിവരൊക്കെ കഴിഞ്ഞ വര്‍ഷം അസൂയപ്പെടുത്തുന്ന നേട്ടമാണ് അടുക്കള കൃഷിയില്‍ നേടിയത്.

ഒടുവില്‍ ഈ നിരയിലേക്ക് കൈ നിറയെ നാടന്‍ പച്ചക്കറികളുമായി വന്ന സാഫോക്കിലെ കര്‍ഷക ദമ്പതികള്‍ ഭാഗ്യത്തിന്റെ പച്ചപ്പുമായി ന്യൂസ് മേക്കര്‍ പുരസ്‌ക്കാരത്തിലും ഇടം പിടിക്കുകയാണ്. മാളക്കാരന്‍ ജിനേഷും പത്നി ജെറ്റ്സിയും ചേര്‍ന്ന് നടത്തിയ പരീക്ഷണങ്ങള്‍ നൂറു മേനി ഫലം ചെയ്തപ്പോള്‍ യുകെയില്‍ കൃഷിയെ സ്നേഹിക്കുന്നവര്‍ക്കു ഒട്ടേറെ പാഠങ്ങള്‍ കൂടിയാണ് ലഭിച്ചത്. സാഫോള്‍ക്കിലെ ബെറിയില്‍ ഉള്ള സെന്റ് എഡ്മണ്ട് എന്ന ഗ്രാമ പ്രദേശത്തെ കാറ്റും മണ്ണും കഴിഞ്ഞ വര്‍ഷം കേരളീയ പച്ചക്കറികളുടെ ചൂരേറ്റുവാങ്ങി മടങ്ങിയതിനുള്ള കയ്യടിയായി മാറുകയാണ് ഫൈനല്‍ റൗണ്ടില്‍ ജിനേഷ് നേടുന്ന ഈ അംഗീകാരം.  
ജൂണ്‍ ഒന്നിന് കവന്‍ട്രിയിലെ വില്ലന്‍ ഹാളിലാണ് ഇത്തവണത്തെ അവാര്‍ഡ് നൈറ്റ് നടക്കുക. ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റിന് മാത്രമല്ല യുകെയിലെ സര്‍വ പരിപാടികളുടെയും മുഖ്യ സ്‌പോണ്‍സറായി അലൈഡ് മോര്‍ട്ട്‌ഗേജ് സര്‍വ്വീസസ് ആദ്യമായി എത്തുന്ന പരിപാടി എന്ന സവിശേഷത കൂടിയുണ്ട് ഇതിന്. യുകെയിലെ ഏറ്റവും പ്രശസ്തരായ കലാകാരന്മാര്‍ക്കൊപ്പം നാട്ടില്‍നിന്നുള്ള പ്രൊഫഷണല്‍ കലാകാരന്മാരും ചേര്‍ന്നായിരിക്കും ഇക്കുറി അവാര്‍ഡ് നൈറ്റ് ഒരുക്കുക. ഇതോടൊപ്പം പതിവ് പോലെ ഈ വര്‍ഷം യുകെ മലയാളികളില്‍ ഏറെ സ്വാധീനം ചെലുത്തിയ വാര്‍ത്ത താരം, യുവ പ്രതിഭ, മികച്ച മലയാളി നഴ്‌സ് എന്നിവര്‍ക്കുളള പുരസ്‌കാര വിതരണവും ഉണ്ടാകും.
അവാര്‍ഡ് നൈറ്റ് വേദിയുടെ വിലാസം
Willenhall, Coventry, CV3 3FY

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category