1 GBP = 92.70 INR                       

BREAKING NEWS

എന്തുകൊണ്ട് ജലന്ധര്‍ രൂപത മാത്രം അടിമുടി അഴിമതിയില്‍ നിറയുന്നു: കാത്തോലിക് ചര്‍ച്ച് ആക്ടിനെ കുറിച്ച് റോയ് സ്റ്റീഫന്‍ എഴുതുന്നു

Britishmalayali
റോയി സ്റ്റീഫന്‍

ജാതിമത വ്യവസ്ഥിതികളുടെ നിലനില്‍പ്പ് ആധുനിക യുഗത്തില്‍ വലിയ പ്രസക്തിയില്ലെന്ന് പുരോഗമന വാദികള്‍ സ്ഥാപിക്കുവാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും സമൂഹത്തില്‍ വ്യക്തികള്‍ തമ്മിലുള്ള അതിര്‍വരമ്പുകള്‍ സംരക്ഷിക്കുന്നത് ഈ വ്യവസ്ഥിതികളിലുള്ള ജീവിത രീതികളും ആചാരാനുഷ്ടാനങ്ങളുമാണ്. വരും കാലങ്ങളിലും മാനവികതയുടെ നിലനില്‍പിന് നിലവിലുള്ള മതങ്ങളുടെയും ആചാരാനുഷ്ടാനങ്ങളുടെയും സംരക്ഷണം അത്യന്താപേക്ഷിതമാണ്. മറ്റു മതവിഭാഗങ്ങളിലെപ്പോലെ തന്നെ കത്തോലിക്ക സഭയിലും അല്‍മായ നേതൃത്വത്തിന് സഭയുടെ സ്ഥാവരജംഗമ വസ്തുവകകളുടെ ക്രയവിക്രയത്തിനുള്ള അധികാരം ഉണ്ടെങ്കില്‍ മാത്രമേ നിലവില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന ദുഷ്പ്രവണതകള്‍ക്ക് അറുതിവരുകയുള്ളൂ. ആദിമ നൂറ്റാണ്ടു മുതല്‍ ഭാരതത്തിലെ ക്രൈസ്തവ സഭകളുടെ സ്വത്തുക്കള്‍ വിശ്വാസികളുടെ ഉടമസ്ഥതയില്‍ തന്നെ ആയിരുന്നു. പിന്നീട് ഇന്ത്യന്‍ ഭരണഘടന രൂപീകൃതമായപ്പോഴും ആര്‍ട്ടിക്കിള്‍ 26 പ്രകാരം മതങ്ങള്‍ക്ക് സ്വത്തുക്കള്‍ സമ്പാദിക്കുവാനും ഭരിക്കുവാനും ഉള്ള അവകാശം നല്‍കിയപ്പോഴും അതിന്റെ ഭരണം നിയമ പ്രകാരം ആയിരിക്കണമെന്നും നിഷ്‌ക്കര്‍ഷിച്ചിട്ടുണ്ട്. അതിനാവശ്യമായ നിയമ നിര്‍മ്മാണം നിലവിലുള്ള സര്‍ക്കാരുകള്‍ നടത്തിക്കൊടുക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.


പാപികള്‍ക്ക് പാപമോചനം നല്‍കുവാന്‍ കുരിശു മരണം വരിച്ച ഈശോ മിശിഹായുടെ പീഡാനുഭവ ഓര്‍മ്മകള്‍ ആചരിക്കുന്ന വേളയില്‍ തന്നെ ഭാരത കത്തോലിക്കാ സഭയെ വീണ്ടും അവഹേളനാപാത്രമാക്കികൊണ്ടു ജലന്ധര്‍ രൂപതയിലെ വൈദീകര്‍ നടത്തുന്ന കോടികളുടെ തിരിമറി ആഗോള കത്തോലിക്കാ സഭയ്ക്ക് വീണ്ടും നാണക്കേടിന്റെ നാളുകള്‍ സമ്മാനിക്കുകയാണ്. പിടിച്ചെടുത്ത കള്ളപ്പണം പതിനാറു കോടിയുടെ അറുപത്തഞ്ചു ലക്ഷമെന്നു സ്വന്തം കമ്പനി നടത്തുന്ന ഫാദര്‍ ആന്തണി മാടശ്ശേരിയും സംഘവും പത്ര സമ്മേളനം നടത്തി ആരോപിക്കുമ്പോളും പത്തുകോടിയുടെ കണക്കുമായി പൊലീസും എന്‍ഫോഴ്‌സ്‌മെന്റ് ഡൈറക്റ്ററേറ്റും. എന്തായാലും പന്ത്രണ്ടു ചാക്കുകെട്ടുകളില്‍ കെട്ടി സൂക്ഷിച്ചിരിക്കുന്ന രീതി തന്നെ നേരായ മാര്‍ഗ്ഗത്തിലൂടെ സമ്പാദിച്ച പണമല്ല പകരം  കള്ളപ്പണം തന്നെയാണെന്ന് സാധാരണക്കാര്‍ക്ക് മനസിലാകും. എന്നാലും പൊതു സമൂഹത്തിനു മുന്‍പില്‍ ന്യായീകരിക്കുവാന്‍ ശ്രമിക്കുന്നുത് ആശ്ചര്യജനകമാണ്.

ഭാരതത്തിലെ ജാതിമത വ്യവസ്ഥിതികളുടെ ചരിത്രത്തില്‍ നിന്നും മനസിലാകുന്നത് ക്രിസ്തുമതം തന്നെയാണ് ഭാരതത്തില്‍ അതിവേഗം വളരുന്ന മതവിഭാഗമെന്നുതന്നെയാണ്. കാരണം മറ്റൊന്നുമല്ല ആദ്യകാലങ്ങളില്‍ അയിത്തവും തൊട്ടുകൂടായ്മയും നിലനിന്നിരുന്ന കാലങ്ങളില്‍ ക്രിസ്തുവിന്റെ ജീവിത മാതൃക പൂര്‍ണ്ണമായി ഉള്‍ക്കൊണ്ടുകൊണ്ട് ദരിദ്രരുടെ ഉന്നമനം മാത്രം ലക്ഷ്യം വച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ധാരാളം ദരിദ്രരെ ആകര്‍ഷിച്ചു. അധഃകൃതരുടെ അഭിവൃദ്ധിയ്ക്കാവശ്യമായ അടിസ്ഥാന വിദ്യാഭ്യാസവും അവകാശങ്ങളും സ്വതന്ത്രമായി ജീവിക്കുവാനുള്ള ജീവിത സാഹചര്യങ്ങളും കൂടി ലഭ്യമാക്കിയപ്പോള്‍ ക്രിസ്തുവിന്റെ സഭയ്ക്ക് ധാരാളം അനുഭാവികളായി.

കാലക്രമേണ ഭാരതത്തിന്റെ വളര്‍ച്ചയില്‍ ക്രിസ്ത്യാനികള്‍ ഗണ്യമായ സംഭാവനകളും നല്‍കിയിട്ടുണ്ട്. ഭാരതത്തിലുടനീളം എല്ലാ മേഖലകളിലും ഇതു പ്രതിഫലിക്കുന്നുണ്ട്. പ്രത്യേകിച്ച് വിദ്യാഭ്യാസവും ആരോഗ്യ പരിചരണമേഖലകളില്‍. ഭാരതത്തിലേ നൂറ്റിമുപ്പതു കോടി ജനങ്ങളില്‍ ഏകദേശം രണ്ടരക്കോടി ക്രിസ്തുമത വിശ്വാസികളാണുള്ളത്. ഭൂരിഭാഗവും ആഗോള കത്തോലിക്കാ സഭയുടെ ഭാഗമായ ലാറ്റിന്‍ വിഭാഗത്തിന്റെ വിശ്വാസികള്‍. ഭാരത കത്തോലിക്കാ സഭയുടെ മുഴുവന്‍ സല്‍ക്കര്‍മ്മങ്ങളേയും കളങ്കപ്പെടുത്തുന്ന വാര്‍ത്തകള്‍ ഉത്ഭവിച്ചു കൊണ്ടിരിക്കുന്ന ജലന്ധര്‍ രൂപത ലാറ്റിന്‍ സഭയുടെ ഭാഗമാണെങ്കിലും രൂപതാ തലവനായിരുന്ന ഫ്രാങ്കോ മുളക്കന്‍ സീറോ മലബാര്‍ സഭാ വിശ്വാസിയും. ഈ രണ്ടരക്കൊടി ക്രിസ്ത്യാനികള്‍ക്ക് ഭാരതത്തിലാകമാനം മുപ്പതു പ്രൊവിന്‍സുകളിലായി ഏതാണ്ട് 174 രൂപതകള്‍ നിലവിലുണ്ട് ഇതില്‍ 31 രൂപതകള്‍ സിറോ മലബാറിന്റെതും ഏകദേശം നാല്‍പ്പത്തിയഞ്ച് ലക്ഷം സിറോ മലബാര്‍ സഭാ വിശ്വാസികള്‍ക്കുവേണ്ടി.

ഭാരതത്തില്‍ ക്രിസ്ത്യാനികളുടെ സാന്നിധ്യം  അങ്ങോളമിങ്ങോളമുണ്ടെങ്കിലും ദക്ഷിണ ഭാരതത്തിലുള്ള  ക്രിസ്ത്യാനികള്‍ താരതമ്യേന മെച്ചപ്പെട്ട ജീവിത രീതികളില്‍ ജീവിക്കുന്നവരാണ്. എന്നാല്‍ ഭാരതത്തിന്റെ മറ്റു ഭാഗങ്ങളില്‍ ജീവിക്കുന്ന 80 ശതമാനം ക്രിസ്ത്യാനികളും പൂര്‍ണമായും ദാരിദ്രത്തില്‍ ജീവിക്കുന്നവരാണ്. ദക്ഷിണ ഭാരതത്തിനു പുറത്തു അതായത് ജലന്ധര്‍ രൂപതയുള്‍പ്പെടുന്ന വടക്കന്‍ ഭാഗങ്ങളിലും ബീഹാര്‍ ബംഗാള്‍ ജാര്‍ഖണ്ഡ് ഉള്‍പ്പെടുന്ന വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ജീവിക്കുന്ന ക്രിസ്ത്യാനികള്‍ ജീവിതത്തിന്റെ ഏറ്റവും താഴെക്കിടയില്‍ ജീവിക്കുന്ന വ്യക്തികളാണ്. ഇവരില്‍ ഭൂരിഭാഗം വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും വളരെ തുച്ഛമായ വരുമാനം മാത്രമുള്ളവരും ഭാരതത്തിനകത്തു നിന്നും പുറത്തു നിന്നും ലഭിക്കുന്ന സഭയുടെ സഹായത്താല്‍ ജീവിക്കുന്നവരുമാണ്. അതോടൊപ്പം തന്നെ മത പരിവര്‍ത്തനത്തിന്റെ പേരില്‍ ധാരാളം പീഡകളനുഭവിക്കുന്നവരും.

ഒരു പരിധിവരെ ഭാരതത്തില്‍ കേരളത്തിന് പുറത്തുള്ള എല്ലാ ക്രിസ്തീയ സഭകളും ധാരാളം പീഡകളനുഭവിച്ചു തന്നെയാണ് നിലനിന്നു പോകുന്നത്. കേരളത്തിലെ സീറോ മലബാര്‍ സഭാ വിശ്വാസികളായ പുരോഹിതരും കന്യസ്ത്രീകളും അല്‍മായരുമടങ്ങുന്ന ധാരാളം സുവിശേഷകര്‍ ഭാരതത്തിന്റെ മറ്റു ഭാഗങ്ങളില്‍ ക്രിസ്തുവിന്റെ യഥാര്‍ത്ഥ അനുയായികളായി മാതൃകാപരമായ സേവനം അനുഷ്ഠിക്കുന്നുണ്ട്. ഇവരുടെയെല്ലാം നിസ്വാര്‍ത്ഥ സേവനത്തിന്റെ ഗുണഭോക്താക്കള്‍ ക്രിസ്ത്യാനികള്‍ മാത്രമല്ല ഭാരതത്തിലെ എല്ലാ മതവിഭാഗങ്ങളില്‍ നിന്നുമുള്ളവരുമാണ്. ഭാരതത്തിന്റെ ഗ്രാമീണ മേഖലകളിലെ വിദ്യാഭ്യാസവും ആരോഗ്യ സംരക്ഷണവും വളരെയധികം പ്രശംസ അര്‍ഹിക്കുന്നതുതന്നെയാണ്. ചുരുക്കത്തില്‍ ഭാരതത്തിലങ്ങോളമിങ്ങോളമുള്ള 174 രൂപതകളില്‍ നിന്നും ഒരു രൂപതയായ ജലന്ധര്‍ രൂപതയില്‍ നിന്നും മാത്രം ലഭിക്കുന്ന  അരോചകമായ വാര്‍ത്തകള്‍ മറ്റു 173 രൂപതകളുടെയും നന്മ പ്രവര്‍ത്തനങ്ങളെയും സല്‍കീര്‍ത്തിയെയും അപ്പാടെ  മുക്കിക്കളയുന്ന രീതിയിലേക്കെത്തിയിരിക്കുന്നു.

ജലന്ധര്‍ രൂപതയുടെ ഇപ്പോഴുള്ള ആസ്തി മുഴുവനും വിദ്യാഭ്യാസ മേഖലകളില്‍  നിന്നും ലെഭിച്ചതാണെന്നു രൂപതയുടെ അധീനതയിലുള്ള സ്‌കൂളുകളുടെയും മറ്റു ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ചരിത്ര രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. അതിലുപരി രൂപതയുടെ കീഴിലുണ്ടായിരുന്ന മറ്റു പല സന്യാസി സഭകളില്‍ നിന്നും അനധികൃതമായി പിടിച്ചെടുത്ത വസ്തുവകകളുടെ കണക്കും സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നു. ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന കള്ളപ്പണത്തിന്റെ ശ്രോതസ് വളരെ ലജ്ജാകരവും, രൂപതയിലെ വൈദീകര്‍ ചേര്‍ന്ന് സ്വകാര്യ കമ്പനികളും സ്ഥാപിക്കുന്നു അതും രൂപതയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പിന്. കള്ളപ്പണത്തിന്റെ ഉടമസ്ഥാവകാശം സഹോദയ ഗ്രൂപ്പിന്റേതാണെന്നും ഈ ഗ്രൂപ്പിന് രൂപതയുമായി യാതൊരു ബന്ധവുമില്ലായെന്നും പറയുമ്പോഴും സഹോദയ ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടര്‍ ഫാദര്‍ ആന്റണി ജലന്ധര്‍ രൂപതാങ്കവും.

നോട്ടുനിരോധനത്തോടുകൂടി തന്നെ ഭാരതത്തില്‍ നോട്ടുപയോഗിച്ചുള്ള ക്രയവിക്രയത്തിനു അതി ശക്തമായ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. രണ്ടു ലക്ഷത്തില്‍ കൂടുതലുള്ള എല്ലാ വ്യാപാര ഇടപാടുകളും ബാങ്കിലൂടെ മാത്രം ആയിരിക്കണമെന്ന് വളരെ കര്‍ശനമായ നിയമങ്ങളാണുള്ളത്. അല്ലാത്തപക്ഷം മുഴുവന്‍ തുകയും സര്‍ക്കാരിന് കണ്ടുകെട്ടാനുള്ള അധികാരവുമുണ്ട്. അങ്ങനെയുള്ള സ്ഥിതിയിലാണ് പതിനേഴു കോടിയോളം രൂപ ചാക്കില്‍ കെട്ടി സൂക്ഷിച്ചു വച്ചത്. തിരുസഭയിലെ വൈദീകനായിരിക്കെ പ്രൈവറ്റ് കമ്പനികളിലൂടെ സഭയുടെ സമ്പത്തു അനധികൃതമായി കൈകാര്യം ചെയ്യുന്നത് തന്നെ കാനോനിക നിയമത്തിന്റെ കടുത്ത ലംഘനം തന്നെയാണ്.

ഈ മേഖലയിലുള്ള നിയമ പണ്ഡിതന്മാരുടെ അഭിപ്രായത്തില്‍ കാനോന്‍ നിയമത്തിലെ 285 മുതല്‍ 289 വരെയുള്ള അനുച്ഛേദനം പ്രകാരം വൈദീകര്‍ ഇത്തരത്തിലുള്ള ക്രയവിക്രയങ്ങള്‍ തുടങ്ങുവാനോ ഏര്‍പ്പെടുവാനോ പാടില്ലാ. എന്നാല്‍ രൂപത വക്താവ് പ്രസ്താവിച്ചതുപോലെ വൈദീകരുടെ ആല്‍മീയ പ്രവര്‍ത്തങ്ങളോടൊപ്പം ബിസിനസ്സും ചെയ്തു ലഭിക്കുന്ന പണം കാരുണ്യ പ്രവര്‍ത്തനത്തിനുള്ളതാണെങ്കില്‍ ചാക്കില്‍ കെട്ടി അതിന്റെ പവിത്രത നഷ്ടപ്പെടുത്താതെ എന്തുകൊണ്ട് യഥാസമയങ്ങളില്‍ ബാങ്കില്‍ നിക്ഷേപിച്ചില്ല. സ്‌കൂളിലെ കുട്ടികളുടെ പുസ്തകം അച്ചടിയിലൂടെ നേടിയ ലാഭവിഹിതമാണെങ്കിലും ഇത്രയും വലിയ തുക ഒരുമിച്ചു സൂക്ഷിക്കുവാനോ എണ്ണിത്തിട്ടപ്പെടുത്താതെ ചാക്കില്‍ കെട്ടി വയ്ക്കുവാനും സാധ്യമാകുമോ എന്ന ന്യായമായ സംശയം നിലനില്‍ക്കുന്നു.

ഈ സാഹചര്യത്തിലാണ് സഭാ സ്വത്തു നിയമമുണ്ടാകേണ്ടതിന്റെ ആവശ്യകത ഓരോ വിശ്വാസിയും തിരിച്ചറിയേണ്ടത്. അഴിമതിയും കൊള്ളരുതായ്മയും ജീവിതത്തിന്റെ എല്ലാ മേഖലകളിലും എല്ലാക്കാലങ്ങളിലും നിലനിന്നു പോരുന്നതാണ്. തട്ടിപ്പിന്റെയും വെട്ടിപ്പിന്റെയും ആനന്ദമനുഭവിച്ച വ്യക്തികള്‍ അതു തുടരാതിരിക്കണമെങ്കില്‍ മാതൃകാപരമായിത്തന്നെ ശിക്ഷിക്കണം. അതിനുവേണ്ടത് സമഗ്രമായ നിയമനിര്‍മ്മാണം തന്നെയാണ്. 2009ല്‍ അന്നത്തെ കേരള നിയമ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ റിട്ടയര്‍ഡ് സുപ്രീം കോടതി ജസ്റ്റിസ് വി. ആര്‍. കൃഷ്ണയ്യര്‍ പറഞ്ഞത് കേരളത്തിലെ ക്രൈസ്തവ സഭാകളുടെ മതപരമായ ആസ്തികള്‍ പൂര്‍വ്വകാലം മുതല്‍ തന്നെ ട്രസ്റ്റ്കള്‍ എന്നപോലെയാണ് കൈകാര്യം ചെയ്തു വന്നിരുന്നത് എങ്കിലും അവ ഇന്ന് വരെ അപ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടില്ല എന്നത് പലവിധത്തിലുള്ള നിയമപരമായ സങ്കീര്‍ണതകള്‍ക്കും കാരണമായിത്തീര്‍ന്നിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ വിവിധ സഭകളുടെ ലൗകിക ആസ്തികളുടെ ഭരണത്തില്‍ ജനാധിപത്യത്തിന്റെ പരിധികളില്‍ കൊണ്ടുവരുന്നത് വഴി ലൗകിക സ്വത്തുക്കളുടെ ഭരണം ബൈബിള്‍ അധിഷ്ഠിതമായ ശരിയായ ക്രൈസ്തവ രൂപമാതൃത്വത്തിലേക്ക് കൊണ്ടുവരപ്പെടുന്നതിനുവേണ്ടി മാത്രമാണ് ചര്‍ച്ച് ബില്ല് അവതരിപ്പച്ചത്. ഇതില്‍ നിന്നും വ്യക്തമായി ഒരു കാര്യം മനസ്സിലാകുന്നതു, ഭാരതത്തില്‍  ഇതു വരെ ക്രൈസ്തവ സഭകളുടെ സ്വത്തു ഭരണം നിയമപ്രകാരം അല്ലായിരുന്നു എന്നുതന്നെയാണ്.

ദേവസ്വം ബോര്‍ഡ് പോലെയോ, വക്കഫ് ബോര്‍ഡ് പോലെയോ അല്ലാതെ ഇടവക പൊതുയോഗം വഴി തിരഞ്ഞെടുക്കപ്പെടുന്നവര്‍ സഭയുടെ ത്രിതല ട്രസ്റ്റ്കളെ ഭരിക്കുന്ന സംവിധാനം ആണ് ചര്‍ച്ച് ആക്ട്.   കേരളത്തിലെ കത്തോലിക്കാ വിശ്വാസികളായ അല്‍മായ നേതൃത്ത്വം ചര്‍ച്ച് ബില്ല് പ്രാവര്‍ത്തികമാക്കുവാന്‍ നിരന്തരമായി പ്രയത്നിക്കുന്നതിന്റെ ഭാഗമായി വിവിധ അല്‍മായ സംഘടനകള്‍ രൂപീകരിച്ചു ശക്തമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ് കേരള ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്റ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ബില്‍ 2019ന് കരട് രൂപം ജസ്റ്റിസ് കെ.ടി തോമസ് അധ്യക്ഷനായ നിയമപരിഷ്‌കരണ കമ്മീഷന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ സഭാധികാരികള്‍ വളരെയധികം എതിര്‍പ്പുകളും സംഘടപ്പിച്ചുകൊണ്ടിരിക്കുന്നു. ബില്ലിനെതിരെ  എല്ലാ പള്ളികളിലും  ഇടയലേഖനവും  വായിക്കുവാന്‍ സഭതലത്തില്‍ തീരുമാനവും എടുത്തിരുന്നു.

നിലവില്‍ കത്തോലിക്കാ സഭ ഒരു കേന്ദ്രീകൃത ഭരണ സംവിധാനത്തിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. ഓരോ രൂപതയുടെയും സ്വത്തുക്കള്‍ രൂപത മെത്രാന്‍ നേതൃത്വം നല്‍കുന്ന ക്യൂരിയയ്ക്ക് ആണ് ഉടമസ്ഥാവകാശം. രൂപതയുടെ പള്ളികള്‍  മുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഷോപ്പിംഗ് മാളുകള്‍, ആശുപത്രികള്‍ എന്നുവേണ്ട സകല സ്ഥാവര ജംഗമ വസ്തുക്കളും ബിഷപ്പും മൂന്നോ നാലോ പുരോഹിതന്മാരും അടങ്ങുന്ന ക്യൂറിയ ആണ് കൈകാര്യം ചെയ്ത് പോരുന്നത്. ഇത്തരം ക്യൂരിയകള്‍ ഒരു നിശ്ചിത കാലത്തേയ്ക്ക് വരുന്ന ഭരണ സംവിധാനം മാത്രം ആണ് ഇതിലെ അംഗങ്ങള്‍  ജനാധിപത്യപരമായി ഒരുവേദിയിലും തിരഞ്ഞെടുക്കപ്പെടുന്നവരല്ല, മറിച്ചു പരമാധികാരി യായ ബിഷപ്പ് തന്റെ ഭരണച്ചുമതല നിര്‍വ്വഹിക്കാന്‍ തനിക്ക് കഴിവുള്ളവര്‍ എന്ന് തോന്നുന്ന പുരോഹിതന്മാരെ ഉള്‍പ്പെടുത്തിക്കൊണ്ട് തീരുമാനിക്കുന്ന ഒരു ഭരണ സംവിധാനം മാത്രം ആണ്. ചുരുക്കത്തില്‍ വിശ്വാസികളുടെ കയ്യില്‍  നിന്നും, മറ്റ് സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കുന്ന നേര്‍ച്ചകളും, സംഭാവനകളും തുടങ്ങി വിദേശത്തു നിന്നും വിശ്വാസ സമൂഹത്തിനായി ലഭിക്കുന്ന സഹായങ്ങളും, വിവിധ സര്‍ക്കാര്‍ സംവിധാനങ്ങളും ന്യൂനപക്ഷ ക്ഷേമത്തിനായി സഭയിലെ ഓരോ അംഗത്തിനുവേണ്ടിയും ആയി അനുവദിക്കുന്ന സഹായങ്ങളും പദ്ധതികളും വിശ്വാസികളുടെ മുഴുവന്‍ നേതൃത്വം ആണ് എന്ന് സ്വയം അവരോധിതം ആയ യാതൊരു ജനാധിപത്യനടപടിക്രമവും പാലിക്കപ്പെടാതെയുള്ള കാനോന്‍ നിയമപ്രകാരം സ്ഥാപിതമായ ക്യൂറിയ ഏകാധിപത്യപരമായി നടത്തിപ്പോരുകയാണ്.

കത്തോലിക്കാസഭ ലോകമെമ്പാടും നന്മയുടെയും കരുണയുടെയും മുഖമുദ്രയാണ് അതുപോലെ തന്നെ ഭാരതത്തില്‍ നിലവിലുള്ള 173 രൂപതകളും വളരെ മാതൃകാപരമായതും സ്തുത്യര്‍ഹവുമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുമ്പോള്‍ എന്തുകൊണ്ട് ജലന്ധര്‍ രൂപത മാത്രം അടിമുടി അഴിമതിയില്‍ നിറയുന്നു. നേതൃത്വത്തിന്റെ കൊള്ളരുതായ്മകള്‍ കൊണ്ടു മാത്രം. വിരലിലെണ്ണാവുന്ന കുറച്ചു വൈദീകരുടെ ദുഷ്‌ക്കര്‍മങ്ങള്‍ മൂലം ലക്ഷക്കണക്കിലുള്ള മറ്റു പ്രേഷിത പ്രവര്‍ത്തകരുടെയും കോടിക്കണക്കിനു വിശ്വാസികളുടെയും വിശ്വസ്തത്തെയാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്. ഇനിയും വിശ്വാസികള്‍ നിശബ്ദത തുടര്‍ന്നാല്‍ ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ സംഭവിക്കുന്നതു പോലെ ഭാരതത്തിലും കത്തോലിക്കാസഭ നശിക്കുവാന്‍ തുടങ്ങും. കേരളത്തില്‍ മാത്രമല്ല ഭാരതത്തിലുടനീളം  ചര്‍ച്ച് ആക്ടുകള്‍ നിലവില്‍ വരുത്തി എല്ലാ രൂപതകളുടെയും ഭരണത്തിലും വിശ്വാസികള്‍ പങ്കാളികളാവണം. ലൗകീക ജീവിതം വെടിഞ്ഞു ആല്‍മീയജീവിതം തിരഞ്ഞെടുത്ത വ്യക്തികള്‍ക്ക് വിശ്വാസസംരക്ഷണത്തിന്റെ പേരില്‍ കപട വ്യാപാരം ചെയ്യുവാനുള്ള അവസരം ഇനിയുമുളവാകരുത്. പിതാവിന്റെ ഭവനം കച്ചവടകേന്ദ്രമാക്കിയവരെ ചാട്ടവാറെടുത്തു യേശുക്രിസ്തു അടിച്ചോടിച്ചെന്നു വിശ്വസിക്കുന്നുണ്ടെങ്കില്‍ ഓരോ വിശ്വസിക്കും തങ്ങളുടെ വിശ്വാസം സംരക്ഷിക്കുവാന്‍ ചാട്ടവാറെടുക്കുവാനുള്ള അധികാരവുമുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category