1 GBP = 90.10 INR                       

BREAKING NEWS

അച്ചാച്ഛനെ നോക്കാന്‍ അഞ്ച് പെണ്‍മക്കളും ഓടിയെത്തുമ്പോ ഴും ആരും ഒരിക്കലും രാഷ്ട്രീയത്തില്‍ തലകാണിച്ചില്ല; 62വര്‍ഷം കൂടെ താമസിച്ചിട്ടും ഉദ്ഘാടകയാകാന്‍ പോലും കുട്ടിയമ്മയും പോയില്ല; മകന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയത് പോലും ഒരുപാട് തവണ ഗുണിച്ചും ഹരിച്ചും ഉറപ്പു വരുത്തിയ ശേഷം; ഉടയാത്ത മുണ്ടും ജുബ്ബയും പാലായുടെ ഐഡന്റിന്റിയായി; എംഎല്‍എ ആകും മുമ്പും മരങ്ങാട്ടുപിള്ളി വിട്ടിട്ടും ജന്മവീടിനോട് കൂറൊഴിയാതെ എന്നും; അതികായനായ നേതാവിന് പിന്നില്‍ ഒളിച്ചിരുന്നത് സാധുവായ കുടുംബനാഥന്റെ ജീവിതം

Britishmalayali
kz´wteJI³

കോട്ടയം: കുട്ടിയമ്മ തന്റെ 'ആദ്യ ഭാര്യ'യും പാലാ നിയോജകമണ്ഡലം 'രണ്ടാം ഭാര്യ'യെന്നുമാണു കെ.എം.മാണി വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍, തന്റെ എല്ലാ നേട്ടങ്ങള്‍ക്കും കാരണം കുട്ടിയമ്മയുടെ പിന്തുണയാണെന്നു പറയാന്‍ കെ.എം. മാണിക്ക് മടിയില്ലായിരുന്നു. അങ്ങനെ കുട്ടിയമ്മയുടെ പിന്തുണയില്‍ നേടിയെതെല്ലാം പാലയ്ക്കും കുടുംബത്തിനും മാണി വീതിച്ചു നല്‍കി. അഞ്ച് പെണ്‍മക്കളും ജോസ് കെ മാണിയെന്ന ആണ്‍തരിയും. എന്നും പാലയെ കുറിച്ച് ചിന്തിക്കുമ്പോഴും മക്കളുടെ ഭാവിയും ഈ അച്ഛന് പ്രധാനമായിരുന്നു. രാഷ്ട്രീയത്തിലേക്ക് പെണ്‍മക്കളെ മാണി രാഷ്ട്രീയത്തില്‍ എത്തിച്ചില്ല. മരുമക്കളേയും അകറ്റി നിര്‍ത്തി. മകനേയും പഠിപ്പിച്ച് ജോലിക്കാരനായി. പിന്നീട് മകനെ രാഷ്ട്രീയത്തിലേക്കും എത്തിച്ചു. ഏറെ കൂട്ടിയും ഗണിച്ചുമായിരുന്നു ജോസ് കെ മാണിയെ രാഷ്ട്രീയത്തില്‍ മാണി ഇറക്കിയത്. ആദ്യ തവണ മൂവാറ്റുപുഴയിലെ ലോക്സഭാ പോരില്‍ ജോസ് കെ മാണിക്ക് അടിതെറ്റി. എന്നാല്‍ മൂവാറ്റുപുഴ പോയി കോട്ടയമെത്തിയപ്പോള്‍ ജോസ് കെ മാണി എംപിയായി. ഇപ്പോള്‍ രാജ്യസഭയിലെ കേരളാ കോണ്‍ഗ്രസിന്റെ മുഖവും. അങ്ങനെ മകനെ തന്റെ രാഷ്ട്രീയ പിന്‍ഗാമിയാക്കി കെഎം മാണി.

എപ്പോഴും ഫ്രഷായിരിക്കണമെന്നു നിര്‍ബന്ധബുദ്ധിയുണ്ടായിരുന്നു മാണിക്ക്. എവിടെ യാത്ര പോയാലും വണ്ടിയില്‍ പല ജോഡി മുണ്ടും ജൂബയുമുണ്ടാകും. അല്‍പമൊന്നു വിയര്‍ത്താല്‍ പിന്നെ, ആദ്യം കയറുന്ന ഗസ്റ്റ്ഹൗസില്‍ കുളിച്ചുടുപ്പുമാറിയിരിക്കും. ഉത്തരേന്ത്യന്‍ രാഷ്ട്രീയക്കാര്‍ക്കില്ലാത്ത ഒരു മെച്ചം പക്ഷേ മാണിക്ക് ഇക്കാര്യത്തില്‍ കിട്ടി. അവിടെ പലനിറ ഉടുപ്പുകളാണു രാഷ്ട്രീയക്കാര്‍ ധരിക്കുന്നതെങ്കില്‍ മാണിക്ക് വേഷം ഒന്നേ ഉണ്ടായിരുന്നൂള്ളൂ വെള്ള ഖദര്‍ ജൂബ. അത ്പാലായുടെ ഔദ്യോഗിക വേഷമായി. പാലായുടെ മുഖമുദ്രയുമായി. എന്നും അവര്‍ക്കൊപ്പം ഈ വേഷം ധരിച്ച് മാണിയുണ്ടായിരുന്നു. സാധുവായ കുടുംബ നാഥനായിരുന്നു രാഷ്ട്രീയത്തില്‍ കത്തികയറുമ്പോഴും കെ എം മാണി. ഭാര്യയ്ക്കും മക്കള്‍ക്കും കൊച്ചുമക്കള്‍ക്കും സ്നേഹ നിധിയായ കുടുംബനാഥന്‍.

മാണി സാറിന്റെ 'ആദ്യ ഭാര്യ'യായി കരിങ്ങോഴയ്ക്കല്‍ തറവാട്ടിലേക്കു കുട്ടിയമ്മ വന്നുകയറിയത് 1957 നവംബര്‍ 28നായിരുന്നു. മരങ്ങാട്ടുപിള്ളി സെന്റ് ഫ്രാന്‍സിസ് അസീസി പള്ളിയില്‍ ആയിരുന്നു വിവാഹം. അന്നു മാണിക്കു പ്രായം 25, കുട്ടിയമ്മയ്ക്ക് 22. രാഷ്ട്രീയത്തില്‍ വച്ചടിവച്ചടി കയറ്റമായിരുന്നു മാണിക്ക്. കെപിസിസി അംഗവും കോട്ടയം ഡിസിസി സെക്രട്ടറിയുമായിരുന്ന മാണി അന്ന് പാലാ ബാറിലെ തിരക്കുള്ള അഭിഭാഷകനുമായിരുന്നു കല്യാണക്കാലത്ത് മാണി. വാഴൂര്‍ ഈസ്റ്റ് കൂട്ടുങ്കല്‍ (പരിപ്പീറ്റത്തോട്ട്) പരേതനായ കെ.സി. തോമസിന്റെ മകളാണു കുട്ടിയമ്മ. 'ഞാന്‍ വീട്ടുകാര്യമൊന്നും നോക്കാറില്ല. കുട്ടികളുടെ വിദ്യാഭ്യാസവും കൃഷിയുമെല്ലാം കുട്ടിയമ്മ നോക്കുന്നതുകൊണ്ടാണു ടെന്‍ഷനില്ലാതെ പൊതുരംഗത്തു നില്‍ക്കാനാവുന്നത്. അതില്‍ കൂടുതല്‍ ഭാഗ്യമെന്തു വേണം' എന്ന മറുപടികൊണ്ട് ഓരോ വിജയവും കുട്ടിയമ്മയ്ക്ക് കൂടി മാണി പകുത്തു നല്‍കി. ഓരോ തിരഞ്ഞെടുപ്പു ഫലപ്രഖ്യാപനത്തിന്റെയും തലേന്നു ബന്ധുക്കള്‍ തറവാട്ടില്‍ ഒത്തുകൂടും. വിജയമറിഞ്ഞാല്‍ മാണിയുടെ ആദ്യ ഫോണ്‍ കുട്ടിയമ്മയ്ക്കാണ്. കുട്ടിയമ്മ ഫലം പ്രഖ്യാപിച്ചു വീട്ടിലുള്ളവര്‍ക്കു മധുരം വിതരണം ചെയ്യുന്നതായിരുന്നു പതിവ്.

കുട്ടിയമ്മ ഒരിക്കല്‍പോലും പൊതുവേദിയില്‍ പ്രത്യക്ഷപ്പെടാന്‍ താല്‍പര്യം കാണിച്ചില്ല. 2011ലാണ് ആദ്യമായി ഒരു പൂര്‍വവിദ്യാര്‍ത്ഥി സംഗമത്തിന്റെ ഉദ്ഘാടകയായി അരങ്ങത്തെത്തിയത്. ഭര്‍ത്താവിന്റെ രാഷ്ട്രീയ വളര്‍ച്ചയ്ക്ക് ഒരായുസ്സ് മുഴുവന്‍ നിഴലായി കൂടെനില്‍ക്കാനാണ് അവര്‍ ഇഷ്ടപ്പെട്ടത്. പെണ്‍മക്കളും അങ്ങനെ രാഷ്ട്രീയത്തില്‍ നിന്ന് അകന്നു നിന്നു. പ്രിയപ്പെട്ട ഭാര്യയെ കല്യാണവീട്ടില്‍ മറന്നുപോയ ചരിത്രവുമുണ്ട് കെ.എം. മാണിക്ക്. വീട്ടില്‍ വന്നു പ്രത്യേകം ക്ഷണിച്ച പ്രവര്‍ത്തകന്റെ കല്യാണത്തിനു തലേന്നുതന്നെ കുട്ടിയമ്മയുമായി പോയി. പക്ഷേ, മണ്ഡലത്തിലെ ഏതോ തര്‍ക്കം പറഞ്ഞുതീര്‍ത്തു വരാനിറങ്ങിയ മാണി ആ വഴി പാലായ്ക്കു പോന്നു. രാത്രി ഒന്നരയ്ക്കു പാതി വഴി പിന്നിട്ടപ്പോഴാണു കുട്ടിയമ്മ കൂടെയില്ലെന്നോര്‍ത്തത്. തിരികെച്ചെന്നപ്പോള്‍ കല്യാണവീട്ടില്‍ പാചകക്കാര്‍ക്കൊപ്പം ജോലിയിലാണു കുട്ടിയമ്മ. തിരിച്ചുപോകുമ്പോള്‍ കുട്ടിയമ്മ ചോദിച്ചു: 'അതേയ്, വല്ല അമേരിക്കയിലോ മറ്റോ ആണ് എന്നെ ഇങ്ങനെ മറന്നുവച്ചതെങ്കില്‍ തിരിച്ചുകിട്ടുമായിരുന്നോ...?' മറുപടിയൊന്നും പറഞ്ഞില്ലെങ്കിലും ദൂരയാത്ര പോകുമ്പോള്‍ കൂടെയുള്ളവരെ തിരക്കുന്ന ശീലം അന്നു തുടങ്ങിയെന്നു കുട്ടിയമ്മ പറയും.
കെ.എം. മാണിയുടെ ബജറ്റ് അവതരണത്തെക്കുറിച്ചു 'നിത്യത്തൊഴില്‍ അഭ്യാസം' എന്നായിരുന്നു കുട്ടിയമ്മ പറഞ്ഞിരുന്നത്. ബജറ്റൊക്കെ റെഡിമണിയാക്കും എന്നു പറയുമ്പോഴും പാലായുടെ വീട്ടുബജറ്റ് കുട്ടിയമ്മ വിട്ടുകൊടുത്തില്ല. വ്യക്തി ബജറ്റില്‍ കെ.എം. മാണിക്ക് ചെലവു കമ്മിയാണെങ്കിലും ഭാര്യയ്ക്കു സാരിയോ മറ്റോ വാങ്ങാന്‍ കയറിയാല്‍ ധൂര്‍ത്തടിക്കാന്‍ മടിയില്ലെന്നായിരുന്നു വീട്ടുബജറ്റിലെ തമാശ.

മരങ്ങാട്ടുപിള്ളിക്കാരന്‍ മാണി
കരയാനും വിഷമിക്കാനുമൊക്കെയാണെങ്കില്‍ രാഷ്ട്രീയത്തില്‍ പല താഴ്ചകളിലൂടെയും കടന്നു പോയിട്ടുണ്ടായിരുന്നു കെ.എം. മാണി. മാണിയുടെ മനസ്സ് പോരാളിയുടേതായിരുന്നു. തനിക്കിഷ്ടപ്പെടാത്ത രീതിയിലാണ് കാര്യങ്ങളുടെ പോക്കെങ്കില്‍ അസ്വസ്ഥനാകും. അപ്പോഴും ഏതു സാഹചര്യത്തെയും അതിജീവിക്കാനുള്ള തന്ത്രങ്ങള്‍ തിരയും. നീക്കങ്ങള്‍ നടത്തും. മീനച്ചിലിലെ ചങ്കുറപ്പുള്ള കര്‍ഷകന്റെ മനസ്സായിരുന്നു അത്. മരണവും വേദനയും കണ്ടാല്‍ പെട്ടെന്നു വരുന്ന കരച്ചില്‍. മരിച്ചവരെ കണ്ടു നില്‍ക്കുക അദ്ദേഹത്തിന് എളുപ്പമായിരുന്നില്ല. മുഖം പെട്ടെന്നു വലിഞ്ഞു മുറുകും. കണ്ണു നിറയും. രോഗികളെ കാണുമ്പോഴും മുഖം മാറും. പലരും ഇതിനെ അഭിനയാമായി കണ്ടു. എന്നാല്‍ പാലാക്കാര്‍ക്ക് അത് സ്നേഹത്തിന്റെ കണ്ണുനീര്‍ തുള്ളികളായിി.

മരങ്ങാട്ടുപിള്ളി കരിങ്ങോഴയ്ക്കല്‍ തൊമ്മന്‍ മാണി - ഏലിയാമ്മ ദമ്പതികളുടെ മകന്‍ പ്രസംഗിച്ചും പ്രവര്‍ത്തിച്ചും വളര്‍ന്നു തലയെടുപ്പുള്ള നേതാവായി മാറിയെങ്കിലും ജന്മനാട് ഒരിക്കലും മനസ്സില്‍നിന്നു മാഞ്ഞിരുന്നില്ല. മരങ്ങാട്ടുപിള്ളി - കടപ്ലാമറ്റം റോഡിലെ പഴയ കരിങ്ങോഴയ്ക്കല്‍ വീട് ഇപ്പോഴില്ല. പുതുക്കിപ്പണിതു. മാണിയുടെ സഹോദര പുത്രന്‍ തോമസുകുട്ടിയാണ് ഇവിടെ താമസം. പാലായിലേക്കു താമസം മാറിയിട്ടും മരങ്ങാട്ടുപിള്ളി വഴി പോയാല്‍ മാണി ജന്മവീട്ടില്‍ കയറുമായിരുന്നു. ദശാബ്ദങ്ങളോളം പാലാ നിയോജക മണ്ഡലത്തിന്റെ ഭാഗമായിരുന്നു മരങ്ങാട്ടുപിള്ളി പഞ്ചായത്ത്. ഏതാനും വര്‍ഷം മുന്‍പു കടുത്തുരുത്തിയുടെ ഭാഗമായി. എങ്കിലും മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ പ്രധാനപ്പെട്ട ഏതു ചടങ്ങിനും മാണിയുടെ സാന്നിധ്യം നിര്‍ബന്ധമായിരുന്നു.
മരങ്ങാട്ടുപിള്ളി കരിങ്ങോഴയ്ക്കല്‍ കെ.എം. മാണി 1965 ലാണു പാലായിലേക്കു താമസം മാറുന്നത്. 1965ലെ തിരഞ്ഞെടുപ്പു വരെ മരങ്ങാട്ടുപിള്ളിയില്‍ നിന്നാണു പാലായിലെത്തി മടങ്ങിയിരുന്നത്. പ്രവര്‍ത്തനം പാലായിലേക്കു മാറ്റിയതോടെ താമസവും മാറ്റി. 1965ല്‍ കൊട്ടാരമറ്റത്തിനു സമീപം കുറിച്ചിയേല്‍ കെ.എം. മാത്യുവിന്റെ (കുഞ്ഞാപ്പന്‍) പക്കല്‍ നിന്ന് 1.65 ഏക്കര്‍ സ്ഥലം വാങ്ങി. ഇവിടെ ഉണ്ടായിരുന്ന പഴയ വീട്ടിലായിരുന്നു താമസം. 1982ലാണു പുതിയ വീട് പണിതത്.

മാണിയെന്ന വക്കീല്‍
പാലായില്‍ ഒരു കൊലക്കേസില്‍ പൊലീസിന്റെ തെളിവെടുപ്പ്. കുത്തിയ കത്തി കണ്ടെത്താന്‍ പൊലീസ് പ്രതിയുമായി എത്തുന്നു. പെട്ടെന്ന് പ്രതിയുടെ അഭിഭാഷകന്‍ ചാടിവീഴുന്നു; പ്രതിയെയും കയറ്റി വാഹനത്തില്‍ പായുന്നു. ഊടുവഴികളിലൂടെ പാഞ്ഞ വക്കീലിന്റെ വാഹനം പൊലീസിനു കണ്ടെത്താന്‍ കഴിഞ്ഞില്ല. മണിക്കൂറുകള്‍ക്കുള്ളില്‍ ജില്ലാ കോടതിയില്‍ ഹാജരാക്കി പ്രതിക്കു ജാമ്യമെടുത്തു. ആ വക്കീല്‍ മറ്റാരുമല്ല, അഡ്വ. കെ.എം. മാണിയായിരുന്നു. കേസിലെ യഥാര്‍ഥ പ്രതിയെ കിട്ടാതെ പൊലീസ് ഡമ്മി പ്രതിയെ വച്ചു മുഖം രക്ഷിക്കാന്‍ നോക്കി. ഡമ്മി പ്രതിയുടെ വക്കീലാകട്ടെ കെ.എം. മാണി. കത്തി തലേദിവസം പൊലീസ് തന്നെ കൊണ്ടുവച്ചു. അതു പ്രതിയെക്കൊണ്ട് എടുപ്പിക്കണം. അതാണു പ്രധാന തെളിവ്. ഇക്കാര്യം കെ.എം. മാണി അറിഞ്ഞു. അങ്ങനെയാണു സ്പോട്ടില്‍ നിന്നു തന്റെ കക്ഷിയുമായി മാണി വക്കീല്‍ കടന്നുകളഞ്ഞത്.

കോഴിക്കോട്ടും പാലാ സബ് കോടതിയിലും കോട്ടയം ജില്ലാ കോടതിയിലുമൊക്കെ വാദിച്ചിട്ടുണ്ട്. പ്രാക്ടീസ് സമയത്തുതന്നെ ക്രിമിനല്‍ കേസുകളോട് മാണിക്ക് പ്രത്യേക താല്‍പര്യമുണ്ടായിരുന്നു. പിന്നീട് 1979ല്‍ കേരള കോണ്‍ഗ്രസ് പിളര്‍പ്പിന്റെ സമയത്തു പാര്‍ട്ടിക്കു വേണ്ടി തിരഞ്ഞെടുപ്പു കമ്മിഷന്റെ മുന്‍പിലും വക്കീലായി ഹാജരായി. സുപ്രീം കോടതിയില്‍ വാദിക്കാന്‍ പറ്റിയില്ലല്ലോ എന്നൊരു സങ്കടം കെ.എം. മാണി മനസ്സില്‍ സൂക്ഷിച്ചിരുന്നു. 'ഇനിയാണെങ്കിലും ചെന്നു പ്രാക്ടീസ് ചെയ്താലോ എന്നു മനസ്സില്‍ തോന്നും ചിലപ്പോള്‍' എന്നാണ് ഒരു പിറന്നാള്‍ ദിവസം അദ്ദേഹം ആഗ്രഹം പറഞ്ഞത്.

വെള്ള ഷര്‍ട്ടില്‍ നിന്നു വെള്ള ജൂബയിലേക്കു കെ.എം. മാണി മാറുന്നത് 1967ലാണ്. ലിബര്‍ട്ടി കോട്ടണ്‍ വെള്ള ഷര്‍ട്ടില്‍ നിന്നു ഖദര്‍ ജൂബയിലേക്കുള്ള മാറ്റം വക്കീലില്‍ നിന്നു പൊതുപ്രവര്‍ത്തകനിലേക്കുള്ള മാറ്റം കൂടിയായി. ആദ്യം പാലാ സെന്റ് തോമസ് ഹൈസ്‌കൂളിന് എതിര്‍വശത്തുള്ള കണ്ടത്തില്‍ കുഞ്ഞുകുട്ടന്‍ നായരാണ് ജൂബ തയ്ച്ചിരുന്നത്. 1970 മുതല്‍ തിരുവനന്തപുരത്ത് എംഎല്‍എ ക്വാര്‍ട്ടേഴ്സിന് എതിര്‍വശത്തുള്ള സദാനന്ദനായി തയ്യല്‍. ഇപ്പോഴും അവിടെയാണു വസ്ത്രങ്ങള്‍ തുന്നുന്നത്. തിരുവനന്തപുരം ഓവര്‍ബ്രിജിനു സമീപം ഖാദി ഭണ്ഡാറില്‍ നിന്നു തുണി വാങ്ങും. ഒരു റോള്‍ ഒരുമിച്ച് എടുക്കും. അതുകൊണ്ടു 12 ജൂബ റെഡിയാക്കും.

തികഞ്ഞ ദൈവവിശ്വാസി
പാലായിലാണെങ്കില്‍ ഞായറാഴ്ച രാവിലെ ഏഴിന്റെ കുര്‍ബാനയ്ക്കു കത്തീഡ്രലില്‍ കെ.എം. മാണിയുണ്ടെന്ന് ഉറപ്പാക്കാം. തിരുവനന്തപുരത്താണെങ്കില്‍ ലൂര്‍ദ് പള്ളിയിലും. എത്ര തിരക്കുണ്ടെങ്കിലും ഞായറാഴ്ച കുര്‍ബാന മുടക്കാറില്ല. ഭാര്യ കുട്ടിയമ്മയോടൊപ്പമായിരുന്നു എത്തിയിരുന്നത്. ബജറ്റ് അവതരണ ദിവസവും ജന്മദിനത്തിലും കുര്‍ബാന മുടക്കിയിരുന്നില്ല. ദൈവവിശ്വാസത്തില്‍ അടിയുറച്ചതായിരുന്നു ആ ജീവിതം.
വര്‍ഷത്തില്‍ 2 തവണയെങ്കിലും ഒരാഴ്ചത്തെ ധ്യാനം കൂടും. പാലാ രൂപത ബൈബിള്‍ കണ്‍വന്‍ഷനില്‍ ഒരു ദിവസമെങ്കിലും പങ്കെടുക്കണമെന്ന നിര്‍ബന്ധവുമുണ്ടായിരുന്നു. മാതാപിതാക്കളാണു വിശ്വാസത്തില്‍ അടിയുറച്ച ജീവിതത്തിനു കാരണമെന്ന് അദ്ദേഹം പലപ്പോഴും പറയുമായിരുന്നു. യാത്രയ്ക്കിടയില്‍ പോലും പള്ളികളില്‍ കയറി പ്രാര്‍ത്ഥിക്കുമായിരുന്നു. ജന്മദിനമായ ജനുവരി 30നു കത്തീഡ്രലില്‍ കുര്‍ബാന അര്‍പ്പിക്കാനുള്ള പണം പാര്‍ട്ടി പ്രവര്‍ത്തകനും സുഹൃത്തുമായ തോമസ് ആന്റണിയെയാണ് ഏല്‍പിക്കുന്നത്. 25 വര്‍ഷമായുള്ള ആ പതിവ് ഇത്തവണയും തെറ്റിയില്ല. കെ. എം. മാണിയും ഭാര്യയും മക്കളുമെല്ലാം കുര്‍ബാനയില്‍ പങ്കെടുക്കുകയും ചെയ്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category