1 GBP = 102.10 INR                       

BREAKING NEWS

യുകെ മലയാളികളുടെ അടുക്കള മുറ്റത്തും കറിവേപ്പ് നടാന്‍ കഴിയു മോയെന്ന ബഡിങ് പരീക്ഷണവുമായി സഫോക്കിലെ ജിനേഷ്; ഫിലിപ്പീന്‍സ് സുഹൃത്ത് നല്‍കിയ പാവല്‍ വിത്ത് മുളച്ചു പൊന്തിയപ്പോള്‍ ലഭിച്ചത് മികച്ച വിളവ്; വളമിട്ട് കൃഷി ചെയ്യരുതെന്ന് സഫോക് കൗണ്‍സിലിന്റെ കര്‍ഷക ശ്രീ പറയുന്നതില്‍ കാര്യമുണ്ട്

Britishmalayali
കെ ആര്‍ ഷൈജുമോന്‍

കവന്‍ട്രി: ആറു തണ്ടുള്ള ഒരു പായ്ക്ക് കറിവേപ്പിലയ്ക്കു 1.29 പൗണ്ടാണ് ഇപ്പോള്‍ വിപണി വില. കഴിഞ്ഞ നാലു വര്‍ഷമായി തുടരുന്ന കറിവേപ്പില നിരോധനം മൂലം യുകെ മലയാളികളില്‍ നല്ല പങ്കും കറിവേപ്പില വാങ്ങുന്നത് വല്ലപ്പോഴും ഒരിക്കലായി ചുരുക്കിയിരിക്കുകയാണ്. എന്നാല്‍ കറികള്‍ക്ക് മണവും സ്വാദും നല്‍കാന്‍ ഒരു തുണ്ടു കറിവേപ്പില ഇട്ടില്ലെങ്കില്‍ വീട്ടമ്മമാര്‍ക്ക് സമാധാനവുമില്ല. വിലക്കയറ്റവും ആഗ്രഹവും തമ്മിലുള്ള യുദ്ധം ചെന്നെത്തിയിരിക്കുന്നത് ഓരോ വീട്ടിലും ഒരു കുഞ്ഞു കറിവേപ്പ് എന്ന സത്യത്തിലേക്കാണ്.

പല വീടുകളിലും കറിവേപ്പുകള്‍ എങ്ങനെ പരിചരിക്കണം എന്നറിയാതെ നട്ടത് പോലെ തന്നെ നില്‍ക്കുക ആണെങ്കിലും ആ ചെടി ഒന്ന് കാണുന്നത് പോലും സന്തോഷം എന്നാണ് പലരുടെയും ഉള്ളിലിരുപ്പ്. എന്നാല്‍ യുകെ മലയാളികളുടെ ഈ പൊതു വിഷമം മനസിലാക്കുന്ന ഒരാളുണ്ട്. സാഫോക്കിലെ കര്‍ഷകശ്രീ എന്നറിയപ്പെടുന്ന മാളാക്കാരന്‍ ജിനേഷ്. മഞ്ഞത്തും മഴയത്തും വെയിലത്തും വാടാതെ കരിയാതെ തല ഉയര്‍ത്തി നില്‍ക്കാന്‍ കെല്‍പ്പുള്ള ഒരു കറിവേപ്പ്, ഇതാണിപ്പോള്‍ ജിനേഷ് പോളിന്റെ ഉറക്കം കെടുത്തുന്നത്.
ഒരു മാറ്റവും കൂടാതെ എത്തുന്ന വിഭിന്ന സ്വഭാവക്കാരായ ബ്രിട്ടീഷ് ഋതു ഭേദങ്ങളോട് പൊരുതാന്‍ കഴിവുള്ള ഒരു കറിവേപ്പ്. അതിനായി ബ്രിട്ടീഷ് മണ്ണില്‍ കരുത്തോടെ വളരുന്ന ഏതെങ്കിലും ഒരു ചെടിയില്‍ കറിവേപ്പ് ബെഡ് ചെയ്യാന്‍ സാധിക്കുമോ? ഇതാണിപ്പോള്‍ ജിനേഷ് പരീക്ഷിക്കാന്‍ തയ്യാറെടുക്കുന്നത്. ജിനേഷിന്റെ പരീക്ഷണം വിജയിച്ചാല്‍ മുഴുവന്‍ യുകെ മലയാളികളുടെയും അടുക്കള തോട്ടത്തില്‍ ഈ വിദേശി കറിവേപ്പ് എത്തും. എന്നാല്‍ അതിനും വെല്ലുവിളികള്‍ ഏറെയാണ്.

വിദേശ മണ്ണിനു പാകപ്പെടുത്തി എടുക്കുന്ന വിദേശ കറിവേപ്പിന് നാടന്‍ കറിവേപ്പിലയുടെ രുചിയും മണവും ഒക്കെ കിട്ടുമോ? വെറുതെ തഴച്ചു വളരുന്ന ഒരു ഇലയായി കറിവേപ്പ് വളര്‍ത്തി എടുത്താല്‍ അതിനെയാരും നാടന്‍ കറിവേപ്പിനെ പോലെ സ്നേഹിക്കില്ലെന്നും ജിനേഷിന് അറിയാം. അതിനാല്‍ കറിവേപ്പുമായി സാമ്യമുള്ള സസ്യ കുടുംബത്തിലെ ബ്രിട്ടീഷ് വംശജനെ കണ്ടെത്തി ഒരു സങ്കര ഇനം സൃഷ്ടിച്ചാല്‍ ചിലപ്പോള്‍ നാടന്റെ ഗുണവും വിദേശിയുടെ കരുത്തും ലഭിച്ചേക്കുമെന്നാണ് ജിനേഷ് കരുതുന്നത്. ഇതിനായുള്ള പരീക്ഷണമാണ് ഇപ്പോള്‍ ജിനേഷ് ഏറ്റെടുത്തിരിക്കുന്നത്.

പക്ഷെ തനി നാടന്‍ എന്ന് പറയാവുന്ന, ഇന്ത്യന്‍ വേരുകള്‍ പറിച്ചെടുക്കാന്‍ കഴിയാത്തവിധം ശക്തമായ സസ്യ കുടുംബമായ റൂട്ടേസിയ ഇനമായ കറിവേപ്പിന് സ്വന്തം കുടുംബത്തില്‍ പെട്ട ഒരാളെ ബ്രിട്ടീഷ് മണ്ണില്‍ കണ്ടെത്തുക എളുപ്പമല്ല. ഇതിനായി സസ്യ ശാസ്ത്രജ്ഞര്‍ അനേക കാലമായി പരീക്ഷണം നടത്തുക ആണെങ്കിലും അനുയോജ്യമായ ഒരു കുടുംബാംഗത്തെ റൂട്ടേസിയ ഫാമിലിയില്‍ നിന്നും കണ്ടെത്തുക ബ്രിട്ടനില്‍ എളുപ്പമല്ല. അതിനാല്‍ തന്നെ ജിനേഷ് പോള്‍ ഇക്കാര്യത്തില്‍ എത്രത്തോളം വിജയിക്കും എന്നതും വലിയ വെല്ലുവിളി ആയി മാറുകയാണ്.

പക്ഷെ യുകെ മണ്ണില്‍ പാവലും പീച്ചിങ്ങയും നാടന്‍ അമരയും വിളയിച്ച ജിനേഷിന്റെ കര്‍ഷക മനസ് തോറ്റു പിന്മാറാന്‍ തയ്യാറല്ല. ഏറ്റവും വ്യത്യസ്തമായ പച്ചക്കറികള്‍ കൃഷി ചെയ്തതിലൂടെ ഇത്തവണ ബ്രിട്ടീഷ് മലയാളിയുടെ ജനകീയ പുരസ്‌കാരമായ വാര്‍ത്ത താരം അവസാന പട്ടികയില്‍ എത്തിയ ജിനേഷ് തന്റെ പുതിയ ആശയങ്ങള്‍ പങ്കു വയ്ക്കവേയാണ് കറിവേപ്പില എങ്ങനെ വര്‍ഷം മുഴുവന്‍ ഇല നുള്ളാന്‍ പാകത്തില്‍ വളര്‍ത്താം എന്ന ചിന്ത പങ്കിട്ടത്.

തൃശൂര്‍ ജില്ലയിലെ മാളാ സ്വദേശിയായ ജിനേഷ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആയി ജോലി ചെയ്യവെയാണ് യുകെയില്‍ എത്തിയത്. ജിനേഷ് സാഫോക് ഹോസ്പിറ്റലില്‍ ഇലക്ട്രോണിക് റെക്കോര്‍ഡ് ഓഫിസര്‍ ആയും പത്നി ജെറ്റ്സി വെയ്റ്റിംഗ് ലിസ്റ്റ് ഓഫിസര്‍ ആയും ജോലി ചെയ്യുന്നതിനാല്‍ ധാരാളം സമയം ജോലിക്കു ശേഷം ലഭിച്ചു തുടങ്ങിയതാണ് അടിസ്ഥാനപരമായി ജിനേഷിനെ ഗൗരവമായി കൃഷി ചെയ്യുന്നതില്‍ എത്തിച്ചത്.

തുടക്കത്തില്‍ തക്കാളിയും പച്ചമുളകും കൃഷി ചെയ്തു തുടങ്ങിയ ശേഷമാണ് ജിനേഷ് വ്യത്യസ്ത തരം കൃഷി പരീക്ഷിക്കാന്‍ തീരുമാനിച്ചത്. ഈ അവസരത്തിലാണ് കൂടെ ജോലി ചെയ്യുന്ന ഫിലിപ്പീന്‍സ് സ്വദേശി അവധി കഴിഞ്ഞു വന്നപ്പോള്‍ കൂടെ കൊണ്ടുവന്ന വിത്തുകളില്‍ നാല് പാവയ്ക്കാ കുരു ജിനേഷിന് നല്‍കിയത്. അതില്‍ നിന്നും അത്ഭുതപ്പെടുത്തും വിധം നാല് കിലോ പാവയ്ക്കായാണ് ഇദ്ദേഹം പറിച്ചെടുത്തത്. രണ്ടാം വര്‍ഷം ഇതേ വിത്തില്‍ നിന്നും വീണ്ടും വിള ഇറക്കിയപ്പോള്‍ പ്രകടനം മോശമായിരുന്നു.

ഇതോടെ നാട്ടില്‍ നിന്നും ഫ്രഷ് വിത്തുകള്‍ എത്തിച്ചു തുടങ്ങി. അതോടെ ചെടി നിറയെ കായകള്‍ ആയി. ഇതായിരുന്നു നാടന്‍ വിളകള്‍ പരീക്ഷിക്കാന്‍ ഉള്ള പ്രചോദനം. അങ്ങനെ പീച്ചിങ്ങയും അമരപ്പയറും ഒക്കെ ജിനേഷിന്റെ അടുക്കള മുറ്റത്തെ വിഐപികളായി. ജിനേഷിന്റെ മുറ്റത്തു അത്ഭുതപ്പെടുത്തും വിധം പച്ചക്കറികള്‍ ഫലം നല്‍കി തുടങ്ങിയതോടെ നാട്ടില്‍ പോയി വരുന്നവര്‍ ഇദ്ദേഹത്തിനായി വിത്തുകള്‍ കൊണ്ട് വന്നു നല്‍കലും പതിവായി. ഇങ്ങനെ ചുറ്റുവട്ടത്തുള്ള മലയാളികളുടെ കൂട്ടായ്മയാണ് കായ്കനികളായി ജിനേഷിന്റെ വീട്ടു മുറ്റത്തു കായ്ച്ചു തുടങ്ങിയതെന്നും പറയാം.

നല്ല വേനല്‍ക്കാലത്താണ് പച്ചക്കറികള്‍ കായ്ച്ചു സുന്ദരികളായി മാറുന്നതെങ്കിലും അതിനായി ജനുവരി മുതല്‍ തന്നെ ജിനേഷ് ശ്രമം തുടങ്ങും എന്നതാണ് സത്യം. അതായതു വിന്റര്‍ മടങ്ങും മുന്‍പ് വീടിനു പിന്നിലെ ഷെഡിലാണ് വിത്തുകള്‍ പാകുന്നത്. വിത്തുകള്‍ മണ്ണില്‍ മുള പൊട്ടാന്‍ ആവശ്യമായ ചൂടിന് കൃത്രിമ ഇങ്കുബേറ്റര്‍ സിസ്റ്റം മോഡലില്‍ ബള്‍ബുകള്‍ ഓണ്‍ ചെയ്തു ചൂട് നല്‍കും. ഈ രീതി ഏറെ ഫലപ്രദമായി മാറിയതാണ് ജിനേഷിന്റെ കൃഷിയില്‍ സുലഭമായി വിള കൊയ്യാന്‍ അവസരം ഒരുക്കിയത്.

നാടന്‍ സ്‌പെഷ്യല്‍ പരിചരണം നല്‍കിയാല്‍ മാത്രമേ രക്ഷയുള്ളൂ എന്നതാണ് ഈ യുവകര്‍ഷകന്റെ അനുഭവം. പാവയ്ക്കക്ക് ഇതുവരെ കീട ശല്യവും ഉണ്ടായിട്ടില്ല. പുതു കൃഷി ആയതിനാല്‍ കീടങ്ങള്‍ക്ക് പരിചിതം ആകാത്തതാകാം കാരണമെന്നും ജിനേഷ് കരുതുന്നു. വിത്തുകള്‍ മുളപ്പിക്കുമ്പോള്‍ ആഴ്ചയില്‍ ഒരിക്കല്‍ മാത്രമാണ് ദാഹജലം നല്‍കുക. നല്ല ചൂട് തുടങ്ങിയാല്‍ മാത്രമാണ് ദിവസവും നന ആവശ്യമായി വരുന്നത്. ചെടികള്‍ ഒരടി പൊക്കം വയ്ക്കുന്നത് വരെ ഷെഡില്‍ സൂക്ഷിച്ച ശേഷമാണു പുറത്തെ തണുപ്പിലേക്ക് മാറ്റുക. ചെടിച്ചട്ടികളില്‍ പാകുന്ന ചെടികള്‍ ചട്ടിയുടെ അടിഭാഗം മുറിച്ചു കളഞ്ഞാണ് വലിയ കുഴികളിലേക്ക് ഇറക്കി നടുന്നത്. കേരളത്തിന്റെ നാടന്‍ വിളകള്‍ക്ക് ബ്രിട്ടീഷ് വളം തീരെ പറ്റിയതല്ലെന്നും ജിനേഷിന്റെ അനുഭവം. പല ചെടികളും ഉണങ്ങി പോകാന്‍ കാരണമായിട്ടുണ്ട്.
ഇതിനു പ്രതിവിധിയായി ഫിഷ് അമിനോ ആസിഡാണ് ജിനേഷിന്റെ തുറുപ്പു ചീട്ട്. ഇതിനായി തുല്യ അളവില്‍ ശര്‍ക്കരയും മീനും ഒരു മാസം സൂക്ഷിച്ചുണ്ടാക്കുന്ന ലായനിയാണ് ചെടികള്‍ക്ക് ചുവട്ടിലും ഇലയില്‍ തളിക്കാനും ഉപയോഗിക്കുക. ഇത് നല്‍കുന്ന ഫലം അവിശ്വസനീയമാണെന്നും ജിനേഷ് പറയുന്നു. വേറെ ഒരു വളവും ഈ കര്‍ഷകന്‍ ഉപയോഗിക്കുന്നില്ല. ഒരുപക്ഷെ മീന്‍ മണം ഉള്ള ലായിനി ഇലയില്‍ തളിക്കുന്നത് കൊണ്ടാണോ കീടങ്ങള്‍ മാറി നില്‍ക്കുന്നതെന്ന സംശയവും ജിനേഷ് പങ്കിടുന്നു. കൃഷിയില്‍ നിന്നും തനിക്കു ലഭിച്ച ഏറ്റവും വലിയ സന്തോഷം ചെറിയ കുട്ടിയായ മകള്‍ക്കു കൃഷിയില്‍ ഉണ്ടായ താല്‍പ്പര്യമാണ്.

എല്ലാ ദിവസവും അര മണിക്കൂര്‍ കൃഷി പരിചരണമാണ് കുട്ടികളുടെ പ്രധാന ഹോബി. ഇത് വേനല്‍ക്കാലം ആകുമ്പോള്‍ അച്ഛനും അമ്മയും മക്കളും ചേര്‍ന്നു രണ്ടു മണിക്കൂറോളം അടുക്കള തോട്ടത്തില്‍ ചെലവിടാനും അവസരമായി മാറുന്നു. ടിവിയും വാട്സാപ്പും ഫേസ്ബുക്കും അല്ലാത്ത ലോകത്തില്‍ പ്രകൃതിയുടെ പച്ചപ്പില്‍ സ്വന്തം കുടുംബത്തിന്റെ ശാരീരിക, മാനസിക ആരോഗ്യമാണ് തന്റെ കൃഷിയിലൂടെ ജിനേഷ് നട്ടു പിടിപ്പിക്കുന്നത്. ഭാര്യ ജെറ്റിയും മക്കളായ നിയയും അമേലിയയും ചേരുന്ന ഈ കുടുംബം ആകാം ഒരു പക്ഷെ യുകെ മലയാളികള്‍ക്കിടയിലെ ഏറ്റവും സന്തോഷം പങ്കിടുന്ന കുടുംബവും പ്രകൃതിയോട് ചേര്‍ന്നു ജീവിക്കുന്ന കുടുംബവും.

യുകെയിലെ ഏതു മലയാളിക്കും തന്റെ കുടുംബത്തില്‍ സന്തോഷം എത്തിക്കാന്‍ ഉള്ള ഏറ്റവും ചെലവ് കുറഞ്ഞ ഉപായമാണ് ജിനേഷ് ഇപ്പോള്‍ പങ്കുവയ്ക്കുന്നത്. പ്രാര്‍ത്ഥനയോ മറ്റു വിനോദമോ നല്‍കാത്തതിനേക്കാള്‍ മാനസിക സന്തോഷം നല്‍കാന്‍ കരുത്തുള്ളതാണ് കൃഷിയെങ്കില്‍ എന്തിനു് അതിലൊന്ന് കണ്ണ് വയ്ക്കാന്‍ മടിക്കണം? ജിനേഷ് സ്വന്തമാക്കിയത് യുകെയിലെ മലയാളി സമൂഹം ഒന്നാകെ സ്വന്തമാക്കുക ആണെങ്കില്‍ അത് സൃഷ്ടിക്കുന്ന സാമൂഹിക മാറ്റം ഏറെ വലുതായിരിക്കും എന്നുറപ്പ്.
എങ്കില്‍ ഇത്തരം ഒരാശയം സമ്മാനിച്ച ജിനേഷിന് ഒരു കയ്യടി വേണ്ടേ? തീര്‍ച്ചയായും വേണം, കൂടെ ഒരു വോട്ടും. കാരണം വളരെ ലളിതമായി ജീവിതത്തില്‍ സന്തോഷവും സമാധാനവും നേടാം എന്ന് തെളിയിച്ച ഈ യുവ കര്‍ഷകന്‍ പോയ വര്‍ഷത്തെ വാര്‍ത്ത താരമായി തിരഞ്ഞെടുക്കപ്പെട്ടാല്‍ കാര്യമായും കളിയായും യുകെയില്‍ അടുക്കള കൃഷി ചെയ്യുന്ന നൂറു കണക്കിന് മലയാളികള്‍ക്ക് ലഭിക്കുന്ന അംഗീകാരമായി അത് മാറും എന്നുറപ്പ്.  

ജൂണ്‍ ഒന്നിന് കവന്‍ട്രിയിലെ വില്ലന്‍ ഹാളിലാണ് ഇത്തവണത്തെ അവാര്‍ഡ് നൈറ്റ് നടക്കുക. ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റിന് മാത്രമല്ല യുകെയിലെ സര്‍വ പരിപാടികളുടെയും മുഖ്യ സ്‌പോണ്‍സറായി അലൈഡ് മോര്‍ട്ട്‌ഗേജ് സര്‍വ്വീസസ് ആദ്യമായി എത്തുന്ന പരിപാടി എന്ന സവിശേഷത കൂടിയുണ്ട് ഇതിന്.
യുകെയിലെ ഏറ്റവും പ്രശസ്തരായ കലാകാരന്മാര്‍ക്കൊപ്പം നാട്ടില്‍നിന്നുള്ള പ്രൊഫഷണല്‍ കലാകാരന്മാരും ചേര്‍ന്നായിരിക്കും ഇക്കുറി അവാര്‍ഡ് നൈറ്റ് ഒരുക്കുക. ഇതോടൊപ്പം പതിവ് പോലെ ഈ വര്‍ഷം യുകെ മലയാളികളില്‍ ഏറെ സ്വാധീനം ചെലുത്തിയ വാര്‍ത്ത താരം, യുവ പ്രതിഭ, മികച്ച മലയാളി നഴ്സ് എന്നിവര്‍ക്കുളള പുരസ്‌കാര വിതരണവും ഉണ്ടാകും.
അവാര്‍ഡ് നൈറ്റ് വേദിയുടെ വിലാസം
Willenhall, Coventry, CV3 3FY

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category