1 GBP = 87.50 INR                       

BREAKING NEWS

പൊന്നാനിയില്‍ വിജയിച്ചില്ലെങ്കില്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് പിവി അന്‍വര്‍; എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും നിലമ്പൂര്‍ എംഎല്‍എയുമായ അന്‍വറിന്റെ പ്രഖ്യാപനം തൃത്താലയില്‍ പ്രചാരണ റാലിക്കിടെ; മുസ്ലിം ലീഗിന്റെ സിറ്റിങ്ങ് സീറ്റില്‍ അന്‍വറിന്റെ വെല്ലുവിളിയുടെ ഇലക്ഷന്‍ സ്റ്റണ്ട് മാത്രമെന്ന് യുഡിഎഫ്; കോണ്‍ഗ്രസ് വോട്ടുകള്‍ വന്‍തോതില്‍ മറിയുമെന്ന കണക്കൂകൂട്ടലില്‍ എല്‍ഡിഎഫ്; രാഹുലിന്റെ വരവോടെ കോണ്‍ഗ്രസ്-ലീഗ് പ്രശ്‌നം തീര്‍ന്നെന്ന് യുഡിഎഫും; പൊന്നാനിയെ ചൊല്ലി വാക്‌പോര് തുടരുന്നു

Britishmalayali
ജംഷാദ് മലപ്പുറം

മലപ്പുറം: പൊന്നാനി അട്ടിമറി വിജയം നേടുമെന്ന് 100 ശതമാനം ഉറപ്പാണെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും നിലമ്പൂര്‍ എംഎല്‍എയുമായ പി.വി.അന്‍വര്‍. ഇല്ലെങ്കില്‍ പൊതുപ്രവര്‍ത്തനം നിര്‍ത്തുമെന്നും അന്‍വര്‍ തൃത്താലയില്‍ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിക്കിടെ പറഞ്ഞു. രാഷ്ട്രീയ സാഹചര്യങ്ങള്‍ എല്ലാം എതിരായിട്ടും ഇതുപോലെ ഒരു വെല്ലുവിളി അന്‍വര്‍ നടത്തിയത് എല്‍ഡിഎഫ് പ്രവര്‍ത്തകരെ ആവേശത്തിലാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് വോട്ടുകള്‍ വന്‍ തോതില്‍ തനിക്ക് മറിയുമെന്നും അതുവഴി അട്ടിമറി ഉണ്ടാവുമെന്നുമാണ് അന്‍വര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ വരവോടെ കോണ്‍ഗ്രസ്-ലീഗ് പ്രശ്‌നങ്ങള്‍ എല്ലാം അവസാനിച്ചെന്നും പൊന്നാനിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇ ടി മുഹമ്മദ് ബീഷര്‍ വന്‍ ഭൂരിപക്ഷത്തിന് ജയിക്കുമെന്നുമാണ് യുഡിഎഫ് നേതാക്കള്‍ പറയുന്നത്.

അന്‍വറിന്റേത് വെറും ഇലക്ഷന്‍ തള്ളെന്ന് പറയുമ്പോളും, അവര്‍ക്ക് ആശങ്കയുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ ആര്യാടന്മാരെ കെട്ടുകെട്ടിച്ചില്ലെങ്കില്‍ താന്‍ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് പിവി അന്‍വര്‍ പറഞ്ഞിരുന്നു. അന്ന് അത് ആരും അത്രക്ക് മുഖവിലയ്ക്ക് എടുത്തില്ല. വോട്ട് എണ്ണിയപ്പേള്‍ വന്‍ ഭൂരിപക്ഷത്തിനാണ് അന്‍വര്‍ വിജയിച്ചത്. സമാനമായ സാഹചര്യം ഇവിടെയും ഉണ്ടാകുമെന്നാണ് അന്‍വര്‍ അനുകൂലികള്‍ പറയുന്നത്.

ലക്ഷ്യമിടുന്നത് കോണ്‍ഗ്രസ് വോട്ടുകളില്‍
യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ മുസ്ലിംലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീര്‍ മണ്ഡലത്തില്‍ ഹാട്രിക് പ്രതീക്ഷിച്ചാണ് മത്സരിക്കുന്നത്. എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി ബിജെപി സംസ്ഥാന സമിതിയംഗം പ്രഫ.വി.ടി.രമയും, എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥി അഡ്വ. കെ.സി. നസീറും, പി.ഡി.പി.സ്ഥാനാര്‍ത്ഥി പൂന്തുറ സിറാജും പ്രചാരണ രംഗത്തുണ്ട്.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി പൊന്നാനി മണ്ഡലത്തില്‍ ഇടതുമുന്നണി നേടിവരുന്ന വളര്‍ച്ചയാണ് ഇത്തവണ എല്‍.ഡി.എഫിന് അട്ടിമറി പ്രതീക്ഷ നല്‍കുന്നത്. ഇതിനുപുറമെ മണ്ഡലത്തില്‍ പ്രാദേശികമായ നിലനില്‍ക്കുന്ന കോണ്‍ഗ്രസ്-ലീഗ് പോരും യു.ഡി.എഫിന് തലവേദന സൃഷ്ടിക്കുന്നു. ഇതുകൊണ്ടുതന്നെയാണ് ലീഗ് കോട്ടകളില്‍ പൊതുസ്വതന്ത്രനെ നിര്‍ത്തി വിജയിപ്പിച്ചെടുക്കുന്ന എല്‍.ഡി.എഫ് തന്ത്രം ഇത്തവണയും യു.ഡി.എഫിനു വെല്ലുവിളികള്‍ ഉയര്‍ത്തുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ ഭൂരിപക്ഷം ഗണ്യമായി കുറക്കാന്‍ എല്‍.ഡി.എഫിന് കഴിഞ്ഞിരുന്നു.

വര്‍ഷങ്ങളായി ശക്തമായ മത്സരം നടക്കാത്ത പൊന്നാനിയില്‍ കഴിഞ്ഞ തവണ ഇടതുസ്വതന്ത്രന്‍ വി.അബ്ദുറഹ്മാനെ രംഗത്തിറക്കി എല്‍.ഡി.എഫ് മത്സരിച്ചപ്പോള്‍ ഇ.ടി.മുഹമ്മദ് ബഷീറിന്റെ ഭൂരിപക്ഷം കാല്‍ലക്ഷത്തിലേക്കു ചുരുങ്ങിയെന്ന് മാത്രമല്ല, മൂന്നു നിയമസഭാ മണ്ഡലങ്ങളില്‍ ഇടതുമുന്നണിക്ക് ലീഡ് നേടാനുമായി. പിന്നീട് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇതിന്റെ ഗുണഫലം അനുഭവിച്ചതും ഇടതുപക്ഷമാണ്. ഇത്തവണയും അതേ രീതിയില്‍ പൊരിഞ്ഞ പോരാട്ടം കാഴ്ചവയ്ക്കാന്‍ തന്നെയാണ് പൊന്നാനിയില്‍ ഇടതുമുന്നണി തന്ത്രങ്ങള്‍ മെനയുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇ.ടി.മുഹമ്മദ് ബഷീര്‍ ഇടതുസ്വതന്ത്രന്‍ വി.അബ്ദുറഹ്മാനെ തോല്‍പ്പിച്ചത് 25410 വോട്ടുകള്‍ക്കാണ്. മൊത്തം പോള്‍ ചെയ്ത വോട്ടുകളുടെ 43.4 ശതമാനം വോട്ടുകള്‍ ബഷീറിനു ലഭിച്ചപ്പോള്‍ വി.അബ്ദുറഹ്മാനു 40.5 ശതമാനം വോട്ടുകളാണ് ലഭിച്ചത്. ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന നാരായണന്‍ മാസ്റ്റര്‍ക്ക് ആകട്ടെ 8.6 ശതമാനം വോട്ടുകളായിരുന്നു ലഭിച്ചത്.

മണ്ഡലത്തിലെ പരമ്പരാഗത യു.ഡി.എഫ് വോട്ടുകളില്‍ തന്നെയാണ് ഇത്തവണയും ഇ.ടി. മുഹമ്മദ്ബഷീറിന്റെ പ്രതീക്ഷ. തിരൂരങ്ങാടി, താനൂര്‍, തിരൂര്‍, കോട്ടക്കല്‍ നിയമസഭാ മണ്ഡലങ്ങളിലാണ് കഴിഞ്ഞ തവണ യു.ഡി.എഫിനു ലീഡുള്ളത്. തിരൂരങ്ങാടിയില്‍ നിന്നു മാത്രം 23367 വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചു. താനൂരില്‍ 6220, തിരൂരില്‍ 7245, കോട്ടയ്ക്കലില്‍ 11881 എന്നിങ്ങനെയായിരുന്നു യു.ഡി.എഫിന്റെ ഭൂരിപക്ഷം. ഇത്തവണ ഈ ഭൂരിപക്ഷത്തില്‍ വര്‍ധനവുണ്ടാക്കുകയും മറ്റു മൂന്നു മണ്ഡലങ്ങളില്‍ ഇടതുപക്ഷത്തിന്റെ വോട്ടുകള്‍ കുറക്കുകയും ചെയ്യാനാണ് യു.ഡി.എഫ് ലക്ഷ്യംവെക്കുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മൂന്നു നിയമസഭാ മണ്ഡലങ്ങളില്‍ നേടിയ ലീഡിനു പുറമെ 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ താനൂര്‍ മണ്ഡലത്തില്‍ നടത്തിയ അട്ടിമറി വിജയവും തിരൂരങ്ങാടിയിലെ വന്‍വോട്ടു ശേഖരണവും ഇക്കുറി പൊന്നാനിയില്‍ ചരിത്രം മാറ്റിയെഴുതുമെന്നാണ് എല്‍.ഡി.എഫ് കണക്കുകൂട്ടുന്നത്.

തവനൂര്‍, പൊന്നാനി, തൃത്താല മണ്ഡലങ്ങളാണ് കഴിഞ്ഞ തവണ ഇടതുപക്ഷത്തിനൊപ്പം നിന്നത്. തവനൂരില്‍ 9170 വോട്ടുകളും പൊന്നാനിയില്‍ 7658 വോട്ടുകളും തൃത്താലയില്‍ 6433 വോട്ടുകളുമായിരുന്നു ഇടതുപക്ഷത്തിന്റെ ഭൂരിപക്ഷം. പിന്നീട് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃത്താല ഒഴികെയുള്ള രണ്ടുമണ്ഡലങ്ങളിലും വിജയം നേടാന്‍ ഇടതുപക്ഷത്തിനു സാധിച്ചു. ഇതോടൊപ്പം താനൂര്‍ മണ്ഡലത്തില്‍ യു.ഡി.എഫിന്റെ കുത്തക അവസാനിപ്പിച്ച് വിജയിക്കാനും തിരൂരങ്ങാടിയില്‍ യു.ഡി.എഫിന്റെ വോട്ടുകള്‍ വന്‍തോതില്‍ ചോര്‍ത്താനും എല്‍.ഡി.എഫിനു കഴിഞ്ഞു. നിയമസഭാ മണ്ഡലങ്ങളിലെ ഈ അനുകൂല ഘടകം മുതലെടുത്ത് പാര്‍ലിമെന്റില്‍ ഇത്തവണ വിജയം നേടുമെന്നാണ് ഇടതുപക്ഷം കരുതുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നിലന്പൂര്‍ മണ്ഡലത്തില്‍ അട്ടിമറി വിജയം നേടിയ പി.വി.അന്‍വറിനെ ഇടതുമുന്നണി പൊന്നാനിയില്‍ എത്തിച്ചത് ഇത്തരം സങ്കീര്‍ണ പ്രശ്നങ്ങളെ അനുകൂലമാക്കിയെടുക്കാന്‍ അന്‍വറിനു കഴിയുമെന്ന കണക്കുകൂട്ടലിലാണ്. മുന്‍ കോണ്‍ഗ്രസുകാരനെന്ന നിലയില്‍ തനിക്കു ഇവിടെയും കോണ്‍ഗ്രസ് വോട്ടുകള്‍ ലഭിക്കുമെന്നും അന്‍വര്‍ പ്രതീക്ഷിക്കുന്നു.

ഇതിനിടെ തിരൂര്‍, തിരൂരങ്ങാടി മേഖലകളില്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം രഹസ്യമായും പരസ്യമായും മുസ്‌ലിം ലീഗിനെതിരെ തിരിഞ്ഞിരിക്കുകയാണ്. കോണ്‍ഗ്രസിലെ ഭിന്നത മുതലെടുക്കാന്‍ ഇടതുമുന്നണി ശ്രമിച്ചു കൊണ്ടിരിക്കുന്നുമുണ്ട്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനു മുമ്പ് തിരൂരില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് കണ്‍വന്‍ഷനില്‍ ഇ.ടി.മുഹമ്മദ് ബഷീര്‍ വീണ്ടും പൊന്നാനിയില്‍ മല്‍സരിക്കുന്നതിനെതിരെ ഉയര്‍ന്ന എതിര്‍പ്പ് കെട്ടടങ്ങിയെങ്കിലും പുതിയ രൂപത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ നിന്നു തന്നെ വീണ്ടും ഉയര്‍ന്നു വന്നു കൊണ്ടിരിക്കുകയാണ്. ഇതെല്ലാം അനുകൂലഘടകമായി ഇടതുപക്ഷം കാണുന്നു. കൊണ്ടോട്ടിയില്‍ എസ്.ഡി.പി.ഐ നേതാക്കളുമായി ഇ.ടി മുഹമ്മദ് ബഷീര്‍ അടക്കമുള്ള നേതാക്കള്‍ ചര്‍ച്ച നടത്തിയതും വിവാദമായിരുന്നു.

അന്‍വറിന്റെ പരിപാടികള്‍ക്കുള്ള ജനാവലി വോട്ടാകുമോ?
അതേസമയം പിവി അന്‍വറിന്റെ പ്രചാരണത്തിനായി തടിച്ചുകൂടുന്നത് വന്‍ ജനാവലിയാണെന്നത് യുഡിഎഫിനെ ഞെട്ടിച്ചിരിക്കയാണ്. കോടീശ്വരനും വ്യവസായിയുമായ അന്‍വര്‍ കാശ്‌കൊടുത്ത് ഇറക്കുന്നതാണ് ഇതൊക്കെയെന്ന് എതിരാളികള്‍ ആക്ഷേപിക്കുന്നുണ്ട്. ആയിരങ്ങള്‍ പങ്കെടുത്ത റോഡ്ഷോ ആണ് ഇന്നലെ അന്‍വര്‍ തൃത്താലയില്‍ നടത്തിയത്.

ആനക്കര, ചാലിശ്ശേരി, കപ്പൂര്‍, നാഗലശ്ശേരി, പരതൂര്‍, പട്ടിത്തറ, തിരുമിറ്റക്കോട്, തൃത്താല പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലൂടെ റോഡ്ഷോ കടന്നു പോയി. റോഡ്ഷോയില്‍ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി കെ ചന്ദ്രന്‍ അനുഗമിച്ചു. പൈലറ്റ് വാഹനത്തിന്റെയും ബൈക്കുറാലിയുടെ അകമ്പടിയോടെയാണ് ജാഥ കടന്നുപോയത്. പൈലറ്റ് വാഹനത്തില്‍ പി വി അന്‍വര്‍ പുത്തന്‍വീട്ടില്‍ ഇതാ കടന്നുവരുന്നു എന്ന് പറയുമ്പോഴേക്കും സ്ത്രീകള്‍, കുട്ടികള്‍, വിദ്യാര്‍ത്ഥികള്‍, അമ്മമാര്‍, തൊഴിലാളികള്‍ എന്നിവര്‍ റോഡിന്റെ ഇരുവശങ്ങളിലുമെത്തി കൈവീശി അഭിവാദ്യം ചെയ്തു. ഗ്രാമവീഥികളില്‍ മീനച്ചൂടിനെ അവഗണിച്ച് ഗ്രാമീണര്‍ ഇടതു സ്ഥാനാര്‍ത്ഥിയെ കാണാനും അഭിവാദ്യമര്‍പ്പിക്കാനും തിക്കും തിരക്കും കൂട്ടി. ഓട്ടോറിക്ഷാ തൊഴിലാളികളും തൊഴിലുറപ്പ് തൊഴിലാളികളും ഹാരമണിയിച്ച് സ്വീകരിച്ചു. ഗ്രാമാന്തരീക്ഷങ്ങളിലൂടെ കടന്നുവന്ന അന്‍വറിന് പല മേഖലകളിലും അഭിവാദ്യങ്ങളും സ്നേഹാനുഗ്രഹങ്ങളും ഏറ്റുവാങ്ങാനായി പ്രചാരണ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങേണ്ടിയും വന്നു. റോഡ്ഷോ കൂറ്റനാട് സമാപിക്കുമ്പോളും വന്‍ ജനാവലി ഒപ്പമുണ്ടായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category