1 GBP = 93.35 INR                       

BREAKING NEWS

ഓണമെന്നു കേട്ടാല്‍ വാ പൊളിക്കുന്ന യുകെ മലയാളി കുട്ടികള്‍ക്കിടയില്‍ ഓണപ്പാട്ട് പാടി 12കാരി ടെസ്സ ജോണ്‍; കൂടെ ബിജു നാരായണനും നല്ല പാട്ടുകളും; ശുദ്ധ മലയാളം യുകെയില്‍ പുനര്‍ജ്ജനിക്കുന്ന സുന്ദര കാഴ്ച ആസ്വദിച്ച് സംഗീതാരാധകര്‍; ടെസ മുഴുവന്‍ മലയാളികളുടെയും പുണ്യമായി മാറുന്നത് ഇങ്ങനെ

Britishmalayali
കെ ആര്‍ ഷൈജുമോന്‍

കവന്‍ട്രി: ഓണമെന്നു പറഞ്ഞാല്‍ എന്താന്ന് അറിയാമോ? ആരാണ് മാവേലി? എന്തിനാണ് പൂക്കളം ഇടുന്നത്? ചോദ്യം യുകെയിലെ മലയാളി എഴുത്തുകാരിയായ മീര കമല. സ്ഥലം ഒരു മലയാളി കരിയര്‍ ഗൈഡന്‍സ് ക്യാമ്പ്. സദസില്‍ കൗമാരം പിന്നിടുന്ന മലയാളി കുട്ടികള്‍. കുട്ടികള്‍ക്ക് പഠന വിഷയങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ മാതാപിതാക്കളും കുട്ടികളും തമ്മില്‍ ഒരു സമരസം രൂപം കൊള്ളുന്നതില്‍ ഐഡന്റിറ്റി ക്രൈസിസ് തടസ്സമാകുന്നുണ്ടോ എന്ന അന്വേഷണമാണ് പ്രസ്തുത ചോദ്യങ്ങളില്‍ എത്തി നിന്നത്.

പക്ഷെ സദസ്സില്‍ ഉത്തരം സ്വാഹാ. ഇതു വേറിട്ട അനുഭവമല്ല. ഏതാനും വര്‍ഷം മുന്‍പ് പ്രശസ്ത മജീഷ്യന്‍ ഗോപിനാഥ് മുതുകാട് യുകെ സന്ദര്‍ശനം നടത്തിയപ്പോള്‍ സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ വച്ചും സമാന അനുഭവം ഉണ്ടായി. ഗാന്ധിജിയെ അറിയാത്തവര്‍ ആരും ഉണ്ടാകില്ലല്ലോ എന്ന ചിന്തയിലാണ് മുതുകാട് കുട്ടികളെ സ്റ്റേജില്‍ വിളിച്ചത്. ഗാന്ധി ആരാണ് എന്ന ചോദ്യത്തില്‍ കൗമാരത്തില്‍ എത്തിയ കുട്ടി പോലും വെപ്രാളപ്പെട്ട് നിന്നപ്പോള്‍ സാക്ഷാല്‍ ഗോപിനാഥാണ് വിറളി വെളുത്തത്. കൂടെ സദസ്സിലെ മാതാപിതാക്കള്‍ക്കായി ഒരു ഉപദേശവും നല്‍കിയാണ് ഗോപിനാഥ് മടങ്ങിയത്. 
ഈ രണ്ടു സംഭവങ്ങളും വിരല്‍ ചൂണ്ടുന്നത് പൊതുവെ യുകെയിലെ മലയാളി കുട്ടികള്‍ നേരിടുന്ന ഐഡന്റിറ്റി ക്രൈസിസ് തന്നെയാണ്. എന്നാല്‍ ഇത്തരം കുട്ടികള്‍ക്കിടയില്‍ അപൂര്‍വ്വം ചിലര്‍ തെളി മലയാളവുമായി ഭാഷയും സംസ്‌കാരവും ഒക്കെ മുറുകെ പിടിച്ചു മറ്റുള്ളവരെ ഞെട്ടിക്കാറുമുണ്ട്. അങ്ങനെയൊരാളാണ് കേംബ്രിഡ്ജിലെ എട്ടാം ക്ലാസുകാരി ടെസ ജോണ്‍. മലയാളത്തിന്റെ മാധുര്യം ഒട്ടും നഷ്ടമാകാതെ യുകെയില്‍ നിന്നും പിറന്ന ഓണപ്പാട്ടിന് പ്രശസ്ത ഗായകന്‍ ബിജു നാരായണന് ഒപ്പമാണ് ടെസ ശബ്ദം നല്‍കിയത്.

കഴിഞ്ഞ വര്‍ഷത്തെ ഓണക്കാലം പ്രളയത്തില്‍ മുങ്ങിയപ്പോള്‍ റിലീസ് ചെയ്ത ടെസയുടെ പാട്ടു ഏറെ ഹൃദ്യം ആയിരുന്നെങ്കിലും ഒരു നാട് മുഴുവന്‍ കെടുതികളുടെയും വേദനയുടെയും പിടിയില്‍ അകപ്പെട്ടപ്പോള്‍ പാട്ടും മുങ്ങിപ്പോയി. പക്ഷെ ബിജു നാരായണന് ഒപ്പം ശബ്ദ മാധുര്യവുമായി ടെസ പാട്ടില്‍ നിറയുക ആയിരുന്നു. ഈ പാട്ടു കേട്ടാല്‍ യുകെ മലയാളികള്‍ക്കായി ഒരു പാട്ടുകാരി പിറന്നിരിക്കുന്നു എന്ന് ആരും സമ്മതിക്കും. 

ശുദ്ധമായി മലയാളം കൈകാര്യം ചെയ്യാന്‍ സാധിക്കുന്നതിനാല്‍ പാട്ടു മാത്രമല്ല, ഇപ്പോള്‍ സ്റ്റേജുകളില്‍ അവതാരകയായും ടെസ പ്രത്യക്ഷപെട്ടു തുടങ്ങിയിട്ടുണ്ട്. അടുത്തിടെ ഒരു പാട്ടുപരിപാടിയുടെ അവതാരകയായാണ് ടെസ ശ്രദ്ധ നേടിയത്. എന്നാല്‍ ടെസ്സയില്‍ ഒരു പാട്ടുകാരി ഉണ്ടെന്നു ടെസയുടെ പിതാവ് സ്റ്റാന്‍ലിയെക്കാള്‍ പ്രായമുള്ള ഉണരുണരൂ ഉണ്ണിപ്പൂവേ എന്ന പാട്ടു യുട്യൂബില്‍ എത്തിയതോടെയാണ് കൂടുതല്‍ വ്യക്തമാകുന്നത്.

അമ്മയെ കാണാന്‍ എന്ന ചിത്രത്തിന് വേണ്ടി ജാനകിയമ്മ 1963 പാടിയ പാട്ടിനു അര നൂറ്റാണ്ട് കഴിഞ്ഞപ്പോള്‍ യുകെയില്‍ ജീവിക്കുന്ന ഒരു പെണ്‍കുട്ടി അതെ ശബ്ദത്തില്‍ ഭാവം പകരുമ്പോള്‍ പാട്ടിനെ സ്‌നേഹിക്കുന്ന ആരും ഈ മിടുക്കിയെയും അറിയാതെ ഇഷ്ടപ്പെട്ടു പോകും. ഇതു കൂടാതെ നിരവധി ക്രിസ്ത്യന്‍ ഭക്തി ഗാനങ്ങളും ടെസയുടെ ശബ്ദത്തില്‍ ആസ്വദിക്കാന്‍ മലയാളം പാട്ടുസ്‌നേഹികള്‍ക്കു കഴിഞ്ഞിട്ടുണ്ട്. 

കേംബ്രിഡ്ജ് ആദം ബ്രുക് ഹോസ്പിറ്റലിലെ സ്റ്റാന്‍ലിയുടെ മകളായ ടെസ കഴിഞ്ഞ രണ്ടു വര്‍ഷമായി യുകെ മലയാളികളുടെ പാട്ടരങ്ങുകളിലെ നിറ സാന്നിധ്യമാണ്. സൂസന്‍ ആണ് മാതാവ്. ആറു വയസുകാരി മെലിസ സഹോദരിയാണ്. പാട്ടിനെ ഗൗരവമായി എടുക്കുന്നതിനാല്‍ കര്‍ണാടിക് സംഗീതം പഠിച്ചാണ് ടെസ കൂടുതല്‍ സജീവമാകുന്നത്. ഈ മാസം 27നു കര്‍ണാടിക് സംഗീതത്തില്‍ ഗ്രേഡ് 4 പരീക്ഷക്ക് തയ്യാറെടുക്കുകയാണ് ഈ മിടുക്കി കുട്ടി. കൂടെ കരാട്ടെയും ടെസ്സയ്‌ക്കൊപ്പമുണ്ട്.

പാട്ടും കരേട്ടയും ഒക്കെയായി നടക്കുമ്പോള്‍ ടെസ പഠിക്കാന്‍ മോശക്കാരിയാണെന്നും കരുതണ്ട, ക്ലാസിലെ മിടുമിടുക്കര്‍ക്കൊപ്പം തന്നെയാണ് ടെസയുടെ സ്ഥാനവും. വെറും രണ്ടു വര്‍ഷം കൊണ്ട് ടെസയെ യുകെ മലയാളികളുടെ പ്രിയങ്കരിയാക്കി മാറ്റിയ പാട്ടു മികവിന് ഗുരുക്കന്മാരുടെ ശിക്ഷണത്തിനു ഒപ്പം ജന്മസിദ്ധമായ കഴിവും ഏറെ തുണയായി എന്നു വേണം കരുതാന്‍. 

ഈ മികവുകള്‍ എല്ലാം ചേര്‍ന്നാണ് യുകെയിലെ പുതുതലമുറയിലെ വേറിട്ട മുഖമായി ടെസ ബ്രിട്ടീഷ് മലയാളി യാങ് ടാലന്റ് അവാര്‍ഡ് തേടി ഫൈനല്‍ ലിസ്റ്റില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. പാട്ടിനെ ജീവന് തുല്യം സ്‌നേഹിക്കുന്നവരാണ് യുകെ മലയാളികള്‍. അതിനാല്‍ യുകെയില്‍ വളരുന്ന തങ്ങളുടെ പ്രിയ പാട്ടുകാരിയെ നിരാശപ്പെടുത്താന്‍ ബ്രിട്ടീഷ് മലയാളി വായനക്കാര്‍ തയ്യാറാകില്ല എന്ന പ്രതീക്ഷയാണ് ടെസയെ അടുത്തറിയുന്നവര്‍ പങ്കുവയ്ക്കുന്നതും. കര്‍ണാടിക് സംഗീതത്തിനൊപ്പം, വയലിന്‍, വീണ, പാശ്ചാത്യ സംഗീതം എന്നിവയും ടെസ പഠിക്കുന്നുണ്ട്.
യുകെയിലെ മത്സര വേദികളില്‍ 2016 മുതല്‍ സമ്മാനവുമായി വീട്ടിലേക്കു മടങ്ങുക എന്നതാണ് ടെസയുടെ രീതി. ഓണപ്പാട്ട് അടക്കം ഇതിനകം നാലു മ്യൂസിക് ആല്‍ബങ്ങളിലും ടെസ പാടിക്കഴിഞ്ഞു. യുകെയിലെ ഒന്നിലേറെ മ്യൂസിക് റിയാലിറ്റി ഷോകളില്‍ ഫൈനല്‍ റൗണ്ടില്‍ എത്തിയ മികവും ടെസ്സയ്ക്കു എടുത്തു കാട്ടാനുണ്ട്.
ചെറുപ്രായത്തില്‍ തന്നെ മികവിന്റെ രൂപമായി മാറാന്‍ കഴിഞ്ഞ ടെസ പോയവര്‍ഷം സൃഷ്ടിച്ച നേട്ടങ്ങളുടെ പേരില്‍ യുവ പ്രതിഭ പുരസ്‌കാരം അര്‍ഹിക്കുന്നു എന്ന് വായനക്കാര്‍ തീര്‍ച്ചപ്പെടുത്തിയാല്‍ മറക്കാതെ ഒരു വോട്ടു ടെസക്കായി മാറ്റിവയ്ക്കണം. കാരണം നാളെകളില്‍ കൂടുതല്‍ മധുരം കിനിയുന്ന പാട്ടുകള്‍ പിറക്കാന്‍ ആ വോട്ടുകള്‍ കാരണമായി മാറിയേക്കാം.
ജൂണ്‍ ഒന്നിന് കവന്‍ട്രിയിലെ വില്ലന്‍ ഹാളിലാണ് ഇത്തവണത്തെ അവാര്‍ഡ് നൈറ്റ് നടക്കുക. ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റിന് മാത്രമല്ല യുകെയിലെ സര്‍വ പരിപാടികളുടെയും മുഖ്യ സ്പോണ്‍സറായി അലൈഡ് മോര്‍ട്ട്ഗേജ് സര്‍വ്വീസസ് ആദ്യമായി എത്തുന്ന പരിപാടി എന്ന സവിശേഷത കൂടിയുണ്ട് ഇതിന്.
യുകെയിലെ ഏറ്റവും പ്രശസ്തരായ കലാകാരന്മാര്‍ക്കൊപ്പം നാട്ടില്‍നിന്നുള്ള പ്രൊഫഷണല്‍ കലാകാരന്മാരും ചേര്‍ന്നായിരിക്കും ഇക്കുറി അവാര്‍ഡ് നൈറ്റ് ഒരുക്കുക. ഇതോടൊപ്പം പതിവ് പോലെ ഈ വര്‍ഷം യുകെ മലയാളികളില്‍ ഏറെ സ്വാധീനം ചെലുത്തിയ വാര്‍ത്ത താരം, യുവ പ്രതിഭ, മികച്ച മലയാളി നഴ്‌സ് എന്നിവര്‍ക്കുളള പുരസ്‌കാര വിതരണവും ഉണ്ടാകും.
അവാര്‍ഡ് നൈറ്റ് വേദിയുടെ വിലാസം
Willenhall, Coventry, CV3 3FY
(ദുഃഖവെള്ളി പ്രമാണിച്ച് ഓഫീസ് അവധിയായതിനാല്‍ നാളെ (19-04-2019) ബ്രിട്ടീഷ് മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല)

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category