1 GBP = 95.35 INR                       

BREAKING NEWS

ആദ്യഘട്ടത്തിലെ എതിര്‍പ്പിനുശേഷം ഇന്നസെന്റ് കത്തിക്കയറി വരുന്നു; ചിരിച്ചും ചിന്തിപ്പിച്ചും വോട്ടുപിടിക്കുന്ന നടന് വര്‍ധിച്ച പിന്തുണ; യാക്കോബായ സഭയും കിഴക്കമ്പലവും നിര്‍ണ്ണായകമാവും; അവസാനം നടന്ന ചില സര്‍വേകളില്‍ മണ്ഡലത്തില്‍ ഇടതുമുന്‍തൂക്കം; പരമ്പരാഗത മണ്ഡലത്തില്‍ പ്രതീക്ഷ വിടാതെ ഐക്യമുന്നണിയും; യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹന്നാന്റെ പ്രചാരണത്തിനായി നേതാക്കള്‍ കൂട്ടത്തോടെ; അവസാനവട്ടത്തില്‍ ചാലക്കുടി ഫോട്ടോ ഫിനിഷിലേക്ക്

Britishmalayali
പ്രകാശ് ചന്ദ്രശേഖര്‍

ചാലക്കുടി : മധ്യകേരളത്തിലെ പ്രധാന മണ്ഡലമായ ചാലക്കുടിയില്‍ പ്രചാരണം അവസാന ഘട്ടത്തോടടുത്തപ്പോള്‍ ഫലം പ്രവചനാതീതം .എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി നിലവിലെ എംപിയും നടനുമായ ഇന്നസെന്റും യുഡിഎഫ് സ്ഥാനാര്‍ത്ഥി ബെന്നി ബെഹനാനും തമ്മില്‍ കട്ടക്ക് കട്ട മല്‍സരമാണിവിടെ. അവസാനം വന്ന ചില സര്‍വേകള്‍ ഇന്നസെന്റിന് മേല്‍ക്കൈ പ്രവചിക്കുന്നത് എല്‍ഡിഎഫിന് ആശ്വാസമാവുന്നുണ്ട്. പക്ഷേ കഴിഞ്ഞ തവണ കൈവിട്ട് പോയ തങ്ങളുടെ പരമ്പരാഗത മണ്ഡലം ഇക്കുറി തിരിച്ചുപിടിക്കുമെന്നാണ് യുഡിഎഫ് വിലയിരുത്തല്‍. എന്‍ ഡിഎ സ്ഥാനാര്‍ത്ഥിയായി എ.എന്‍ രാധാകൃഷ്ണനും ഇവിടെ ജനവിധി തേടുന്നുണ്ട്. വോട്ടും വര്‍ധിപ്പിക്കാം എന്നല്ലാതെ എന്‍ഡിഎക്ക് ഇവിടെ വിജയ പ്രതീക്ഷയില്ല. ബിജെപി സ്ഥാനാര്‍ത്ഥി എ.എന്‍.രാധാകൃഷ്ണന്‍ വളരെ വൈകിയാണ് മണ്ഡലത്തില്‍ പ്രചാരണത്തിനായി എത്തിയതെങ്കിലും അമിത് ഷാ വരെ പ്രചരണത്തിന് എത്തിയത് ബിജെപി ക്യാമ്പില്‍ വന്‍ ആവേശമാണ് ഉണ്ടാക്കിയിട്ടുള്ളത്

2014ല്‍ 13884 വോട്ടുകള്‍ക്കാണ് ഇന്നസെന്റ് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് പി.സി.ചാക്കോയെ ഈ മണ്ഡലത്തില്‍ വീഴ്ത്തിയത്. എന്നും യുഡിഎഫ് ചായ് വ് പ്രകടിപ്പിച്ച മണ്ഡലമാണ് ഇത്. കഴിഞ്ഞതവണ നടന്‍ ഇന്നസെന്റിനെ ഇറക്കിയുള്ള പരീക്ഷണത്തിലാണ് ഇടതുമുന്നണി വിജയിച്ചത്. കഴിഞ്ഞതവണ കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശനങ്ങളും എല്‍ഡിഎഫിന് ഗുണം ചെയ്തിരുന്നു. തൃശൂര്‍ എംപിയായ പി.സി. ചാക്കോയെ ചാലക്കുടിക്കും, ചാലക്കുടിയിലെ എംപിയായ ധനപാലനെ തൃശൂര്‍ക്കും മല്‍സരിപ്പിച്ചത് യുഡിഎഫിന് വന്‍ തിരിച്ചടിയാവുകയാണ് ഉണ്ടായത്. ഈ രണ്ടു മണ്ഡലങ്ങളിലും കോണ്‍ഗ്രസ് തോല്‍ക്കുകയും ചെയ്തു. ഇത്തവണ അത്തരം പ്രശ്‌നങ്ങള്‍ ഇല്ലാത്തത് യുഡിഎഫിന് ഗുണകരമാണ്.

ഇടതുപ്രതീക്ഷ ട്വന്റി ട്വെന്റിയിലും യാക്കോബായ സഭയിലും

തുടക്കത്തില്‍ തീര്‍ത്തും നെഗറ്റീവായ അഭിപ്രായമാണ് ഇന്നസെന്റിനെ കുറിച്ച് ഉണ്ടായിരുന്നതെങ്കിലും വളരെ പെട്ടെന്ന് അത് മറികടക്കാന്‍ അദ്ദേഹത്തിനും സിപിഎമ്മിനും ആയി. എല്‍ഡിഎഫിലെ പ്രാദേശിക നേതൃത്വത്തിന് ഇന്നസെന്റിന്റെ സ്ഥാനാര്‍ത്ഥിത്വത്തോട്
തുടക്കത്തില്‍ നേരിയ നീരസമുണ്ടായിരുന്നെങ്കിലും ഉന്നത നേതൃത്വം നടത്തിയ ഇടപെടലുകളിലൂടെ ഇത് ശമിപ്പിക്കാനായി. ചിട്ടയായി നടന്ന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ മുന്‍പത്തെക്കാള്‍ ഭൂരിപക്ഷത്തില്‍ സ്ഥാനാര്‍ത്ഥിയുടെ വിജയത്തിന് വഴി തുറക്കുമെന്നാണ് എല്‍ഡി എഫ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. എംപി ഫണ്ടുകള്‍ നൂറുശതമാനം ഉപയോഗിച്ചതും വന്‍ വികസന പ്രവര്‍ത്തനങ്ങളുമെല്ലാം വളരെ പെട്ടെന്ന് ജനങ്ങളില്‍ എത്തിക്കാന്‍ സിപിഎമ്മിനായി. കഴിഞ്ഞ തവണ സ്വതന്ത്രനായി മല്‍സരിച്ച ഇന്നസെന്റ് ഇത്തവണ പാര്‍ട്ടി ചിഹ്്‌നത്തിലാണ് മല്‍സരിക്കുന്നത്. സ്ത്രീ വോട്ടര്‍മാരെ വ്യക്തമായി സ്വാധീനിക്കാന്‍ ഇന്നസെന്റിന് കഴിഞ്ഞിട്ടുണ്ട്. ചിരിയും ചിന്തയും ഉയര്‍ത്തുന്ന കുറിക്കുകൊള്ളുന്ന പ്രസംഗങ്ങളാണ് ഇന്നസെന്റിന്റെ പ്രചാരണത്തിന്റെ ഹൈലൈറ്റ്.

ചാലക്കുടി മണ്ഡലത്തില്‍ വ്യക്തമായ സ്വാധീനമുള്ള യാക്കോബായ സഭ ഇടതു മുന്നണിക്ക് അനുകൂലമായ നിലപാടിലേക്ക് നീങ്ങിയത് കോണ്‍ഗ്രസിനെ സമ്മര്‍ദ്ദത്തിലാഴ്ത്തിയിട്ടുണ്ട്. എറണാകുളം ജില്ലയിലെ നാലു അസംബ്ലി മണ്ഡലങ്ങള്‍ ഇവിടെയുണ്ട്. പെരുമ്പാവൂര്‍, കുന്നത്തുനാട്, ആലുവ, അങ്കമാലി എന്നിവയാണ് ഇത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ബെന്നി ബഹന്നാനെ പരാജയപെടുത്തുന്നതിന് ശക്തമായി നിലപാടെടുത്ത് നീങ്ങുന്ന ട്വന്റി ട്വെന്റിക്ക് ഇരുപതിനായിരത്തിലധികം വോട്ടുകളുടെ വ്യക്തമായ സ്വാധീനം ഈ മണ്ഡലത്തിലുണ്ട്. മാറിയ ഈ സാഹചര്യത്തില്‍ ചാലക്കുടിയില്‍ വിജയം നിര്‍ണ്ണയിക്കുന്നതില്‍ കിഴക്കമ്പലം ഒരു പ്രബല ഘടകമായി മാറിക്കഴിഞ്ഞു. ഈ സംഘടനയെ അധിക്ഷേപിച്ച് സംസാരിച്ചെന്ന് ആരോപണം ഉയര്‍ത്തി ബെന്നി ബെഹനാനെതിരെ കിഴക്കമ്പലത്ത് നടന്ന ഇവരുടെ പൊതുയോഗം ഈ കരുത്ത് വിളിച്ചറിയിക്കുന്നതായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുവാന്‍ മണ്ഡലത്തില്‍ എത്തിയതും ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരിയും, മുന്‍ ദേശീയ സെക്രട്ടറി പ്രകാശ് കാരാട്ടും പൊതുയോഗങ്ങളില്‍ പ്രസംഗിച്ചതും എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ക്ക് ആവേശമായിട്ടുണ്ട് .

ബെന്നിക്കുവേണ്ടി പ്രമുഖ നേതാക്കള്‍ രംഗത്ത്
തുടക്കത്തില്‍ അയഞ്ഞ സമീപനം സ്വീകരിച്ചിരുന്ന ഐ ഗ്രൂപ്പ് സജീവമായത് ബെന്നി ബഹനാന്‍ ക്യാമ്പില്‍ വിജയപ്രതീക്ഷ വര്‍ധിക്കുന്നതിന് കാരണമായിട്ടുണ്ട്. യുഡിഎഫ് കണ്‍വീനര്‍ കൂടിയായ ബെന്നിയുടെ പ്രചാരണപ്രവര്‍ത്തനങ്ങളുടെ കടിഞ്ഞാണ്‍ രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും നേരിട്ടാണ് നിയന്ത്രിക്കുന്നത്. ഇടക്ക് കുച്ചുദിവസം ആശുപത്രിയില്‍ ആയതൊന്നും ബെന്നിയുടെ പ്രചാരണത്തെ ബാധിച്ചിട്ടില്ല. ഉമ്മന്‍ ചാണ്ടിയുടെ നേതൃത്യത്തില്‍ മണ്ഡലത്തില്‍ റോഡ് ഷോ നടത്തിയത് യുഡിഎഫ് പ്രവര്‍ത്തകരില്‍ ഊര്‍ജ്ജം പകര്‍ന്നിട്ടുണ്ട്.
സാധാരണ ഇലക്ഷന്‍ വരുമ്പോള്‍ കോണ്‍ഗ്രസ് ഗ്രൂപ്പ് വഴക്കുകള്‍ സാധാരണയാണെങ്കിലും ഇക്കുറി ചാലക്കുടിയുടെ കാര്യത്തില്‍ ഈ പ്രശ്‌നം ഉണ്ടായിട്ടില്ല.

ദേശീയതലത്തില്‍ തന്നെ കോണ്‍ഗ്രസിന് അനുകൂലമായി ഒരു തരംഗം നിലനില്‍ക്കുന്നുണ്ടെന്നും ക്രിസ്ത്യന്‍ ന്യുനപക്ഷങ്ങളുടേത് അടക്കമുള്ള വോട്ടുകള്‍ യുഡിഎഫിനു വീഴുമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ കണക്കുകൂട്ടല്‍. എന്നാല്‍ ഭൂരിപക്ഷം എത്രയാവുമെന്നൊന്നും പ്രവചിക്കാന്‍ അവര്‍ തയ്യാറാവുന്നില്ല. അവസാനവട്ടത്തില്‍ യുഡിഎഫ് ക്യാമ്പില്‍ അല്‍പ്പം ആശങ്കയുണ്ടെന്ന് വ്യക്തമാണ്.

വന്മരങ്ങള്‍ വാഴുകയും വീഴുകയും ചെയ്ത മണ്ഡലം
കോണ്‍ഗ്രസിന്റെ സമുന്നത നേതാക്കന്മാരായ പനമ്പിള്ളി ഗോവിന്ദന്‍, കെ കരുണാകരന്‍, പി സി ചാക്കോ ഉള്‍പ്പടെയുള്ളവരെ വിജയിപ്പിക്കുകയും സിപിഎം താത്വികാചാരന്‍ പി ഗോവിന്ദപിള്ള, ഇ എം എസിന്റെ പുത്രന്‍ ഇ എം ശ്രീധരന്‍, മുന്‍ മന്ത്രി വിശ്വനാഥന്‍, പത്മജ വേണുഗോപാല്‍ ഉള്‍പ്പടെയുള്ള ഉന്നതരെ പരാജയപ്പെടുത്തുകയും പഴയ മുകുന്ദപുരം പാര്‍ലമെന്റ് മണ്ഡലമാണ് ഇപ്പോഴത്തെ ചാലക്കുടി മണ്ഡലം. വലതുപക്ഷ രാഷ്ട്രീയത്തോട് ചേര്‍ന്ന് നിന്നിട്ടുള്ള മുകുന്ദപുരം മണ്ഡലത്തില്‍ ഒരു ലക്ഷത്തിലധികം വോട്ടിന്റെ റിക്കാര്‍ഡ് ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തിയാണ് ലോനപ്പന്‍ നമ്പാടന്‍ മുകുന്ദപുരം മണ്ഡലത്തിന്റെ അവസാന എംപി യായത്. തൃശൂര്‍ ജില്ലയിലെ കയ്പമംഗലം , കൊടുങ്ങല്ലൂര്‍, ചാലക്കുടി നിയോജക മണ്ഡലങ്ങളും എറണാകുളം ജില്ലയിലെ അങ്കമാലി, പെരുമ്പാവൂര്‍, കുന്നത്തുനാട്, ആലുവ നിയോജക മണ്ഡലങ്ങള്‍ ചേര്‍ന്ന ചാലക്കുടി പാര്‍ലമെന്റ് മണ്ഡലം നിലവില്‍ വന്നതിനു ശേഷം മൂന്നാമത്തെ തെരെഞ്ഞെടുപ്പാണ് ഇപ്പോള്‍ നടക്കുന്നത് .

ആദ്യതെരുഞ്ഞെടുപ്പില്‍ സിപിഎമ്മി ലെ യുപി ജോസഫിനെ പരാജയപ്പെടുത്തി കെ.പി ധനപാലനും രണ്ടാമത്തെ തെരുഞ്ഞെടുപ്പില്‍ പി.സി ചാക്കോയെ പരാജയപ്പെടുത്തി ഇന്നസെന്റും എംപി യായി. രണ്ടു മുന്നണികള്‍ക്ക് ഓരോ പ്രാവശ്യം പിന്തുണ നല്‍കിയ ചാലക്കുടി മൂന്നാവട്ടം ആരെ പിന്തുണക്കും എന്ന ചിന്തയിലാണ് രാഷ്ട്രീയ ലോകം. കയ്പമംഗലം, കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലങ്ങള്‍ എല്‍ ഡി എഫിന് ഭൂരിപക്ഷമുള്ള മണ്ഡലങ്ങളാണ്. ചാലക്കുടി , അങ്കമാലി ,ആലുവ , പെരുമ്പാവൂര്‍ ,കുന്നത്തുനാട് മണ്ഡലങ്ങള്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം ഉള്ള മണ്ഡലങ്ങളാണ. കോണ്‍ഗ്രസിന് മുന്‍തൂക്കമുള്ള ചാലക്കുടിയില്‍ എല്‍ഡിഎഫ് എം എല്‍ എയാണ് നിലവിലുള്ളത്. പ്രളയത്തില്‍ കാര്‍ഷിക രംഗത്തും വ്യാപാര രംഗത്തും ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായ ചാലക്കുടി, കാലടി, ആലുവ പ്രദേശങ്ങള്‍ ഉയര്‍ത്തേഴുന്നേല്‍പ്പിന് പെടാപ്പാടുപെടുമ്പോഴാണ് തിരഞ്ഞെടുപ്പ് വീണ്ടും പടിവാതിലിലെത്തിയിട്ടുള്ളത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category