1 GBP = 86.00INR                       

BREAKING NEWS

ഇടതുകോട്ടകളെ വിറപ്പിച്ച് രമ്യാ ഹരിദാസിന്റെ പടയോട്ടം; യുവാക്കളെയും സ്ത്രീകളെയും കൈയിലെടുത്ത് രാഹുല്‍ ബ്രിഗേഡിന്റെ മുന്നേറ്റം; രമ്യാ തരംഗത്തില്‍ പിറകോട്ടുപോയ പി കെ ബിജു അവസാനലാപ്പില്‍ ഓടിയെത്തുന്നു; സിപിഎം പ്രതീക്ഷ തങ്ങളുടെ സംഘടനാ ശക്തിയില്‍; നോട്ട പ്രശ്‌നം പരിഹരിച്ചെന്നും എല്‍ഡിഎഫ്; അവസാനം നടന്ന രണ്ടു സര്‍വേകളും ഭൂരിപക്ഷം പ്രവചിച്ചതിന്റെ ആത്മവിശ്വാസത്തില്‍ ഇടതുക്യാമ്പ്; സംഘപരിവാര്‍ വോട്ടുകളുടെ അടിയോഴുക്കില്‍ ആശങ്ക; അവസാനഘട്ടത്തില്‍ ആലത്തൂരില്‍ ഫോട്ടോ ഫിനീഷ്

Britishmalayali
ആര്‍ പീയൂഷ്

ആലത്തൂര്‍: ഫോട്ടോ ഫിനീഷ്. ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ അവസാനവട്ട തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തുന്നവര്‍ക്ക് അങ്ങനെയെ പറയാന്‍ കഴിയൂ. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും സിറ്റിങ്ങ് എംപിയുമായ പി കെ ബിജുവും, യുഡിഎഫിലെ പുതുമുഖ സ്ഥാനാര്‍ത്ഥിയുമായ രമ്യാ ഹരിദാസും തമ്മിലുള്ള മല്‍സരം ഇഞ്ചോടിഞ്ച് നീങ്ങുകയാണ്. സോഷ്യല്‍ മീഡിയയുടെ വന്‍ പിന്തുണയോടെയും നൂതനമായ പ്രചാരണ തന്ത്രങ്ങളിലൂടെയും താരമായ രമ്യ ആദ്യഘട്ടത്തില്‍ കത്തിക്കയറിയെങ്കില്‍ അവസാനലാപ്പില്‍ പികെ ബിജുവും ഒപ്പമെത്തിയിരിക്കയാണ്. ഏറ്റവും അവസാനം നടന്ന രണ്ടു സര്‍വേകളും പി കെ ബിജുവിന്റെ വിജയം, നല്ല ഭൂരിപക്ഷത്തോടെ പ്രവചിക്കുന്നത് ഇടതുക്യാമ്പുകകളില്‍ ആവേശം ഉയര്‍ത്തിയിട്ടുണ്ട്. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ, കെ.പി.എം.എസ് സംസ്ഥാന ഉപദേശകസമിതി അംഗം കൂടിയായ ബി.ഡി.ജെ.എസ് നേതാവ് ടി.വി.ബാബുവും പ്രചാരണരംഗത്ത് സജീവമായിരുന്നു.

പാലക്കാട് ജില്ലയിലെ ചിറ്റൂര്‍, തരൂര്‍, നെന്മാറ, ആലത്തൂര്‍ നിയമസഭാ മണ്ഡലങ്ങളും തൃശൂര്‍ ജില്ലയിലെ കുന്നംകുളം, ചേലക്കര, വടക്കാഞ്ചേരി മണ്ഡലങ്ങളും ഉള്‍പ്പെട്ടതാണ് ആലത്തൂര്‍ ലോക്‌സഭാ മണ്ഡലം. 2009-ല്‍ മണ്ഡലം നിലവില്‍വന്നപ്പോള്‍ അന്ന് എസ്.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റായിരുന്ന പി.കെ. ബിജുവാണ് ആദ്യം വിജയിച്ചത്. കോണ്‍ഗ്രസിലെ എന്‍.കെ. സുധീറിനെതിരെ 20,960 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബിജു പാര്‍ലമെന്റിലേക്ക് പോയത്.
സംസ്ഥാനത്തെ രണ്ട് സംവരണ മണ്ഡലങ്ങളിലൊന്ന്. മലയാളികളുടെ അഭിമാനമായ കെ.ആര്‍ നാരായണന്‍ ലോക്സഭയിലേക്ക് മത്സരിച്ച് വിജയിച്ച ഒറ്റപ്പാലമാണ് പിന്നീട് ആലത്തൂര്‍ ആയി മാറിയത്. കെ.ആര്‍ നാരായണന് ശേഷം ഒരു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കും ജയിക്കാനാകാത്ത ആലത്തൂര്‍ ഇടത് കോട്ടയായാണ് അറിയപ്പെട്ടിരുന്നത്. ഇവിടെ സ്ഥാനാര്‍ത്ഥിയെ ആദ്യം പ്രഖ്യാപിച്ച് ഇടതുമുന്നണി പ്രചാരണത്തില്‍ ബഹുദൂരം മുന്നില്‍ എത്തിയിരുന്നു. എന്നാല്‍ രമ്യാ ഹരിദാസിനെ കളത്തിലിറക്കി ശക്തമായ പോരാട്ടമാണ് യുഡിഎഫ് നടത്തുന്നത്.

ഇടതുകോട്ടകളെ വിറപ്പിച്ച് രമ്യ
നേരത്തേ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നടത്തി പ്രചാരണം തുടങ്ങിയ ബിജു മണ്ഡലത്തില്‍ രണ്ടുവട്ടം പര്യടനം പൂര്‍ത്തിയാക്കിയ ശേഷമാണ് എതിരാളികള്‍ കളത്തിലിറങ്ങിയത്. എന്നാല്‍ പ്രചാരണരംഗത്ത് തുടക്കത്തില്‍ ലഭിച്ച മേല്‍ക്കൈ ഇപ്പോഴും ബിജുവിന് ഉണ്ടെന്ന് പറയാനാവില്ല. ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയായ ആലത്തൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കോഴിക്കോട് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും രാഹുല്‍ ബ്രിഗേഡിലെ അംഗവുമായ രമ്യ ഹരിദാസ് എത്തിയതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. സോഷ്യല്‍ മീഡിയ പെങ്ങളൂട്ടിയെന്ന് വിളിച്ച രമ്യ പാട്ടുപാടിയും ഓടിനടന്നും അടപടലം വോട്ടുപിടിച്ചത് ആദ്യഘട്ടത്തില്‍ ഇടതുക്യാമ്പിലുണ്ടാക്കിയ ആശങ്ക ചില്ലറയല്ല.

എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്റേയും സിപിഎം സഹയാത്രികയായി അറിയപ്പെടുന്ന ദീപ നിശാന്തിന്റേയും വിവാദ പ്രസ്താവനകള്‍ രമ്യ ഹരിദാസിന് ഗുണകരമായി.ഇവര്‍ രമ്യയെ അധിക്ഷേപിച്ച് സംസാരിച്ചതോടെ, പാവപ്പെട്ട കുടുംബത്തിനന്ന് വന്ന് ജീവിതത്തില്‍ പൊരുതിക്കയറിയ ഈ പെണ്‍കുട്ടി ശരിക്കും വൈറലായി. എല്‍ഡിഎഫ് നേതാക്കളുടെ നാക്കുതന്നെയാണ് രമ്യക്ക് ഇത്രയും കീര്‍ത്തിയുണ്ടാക്കിക്കൊടുത്തതെന്ന് പറയാതെ വയ്യ. യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പ്രചാരണ തന്ത്രങ്ങളും ഓണ്‍ലൈന്‍ വഴിയുള്ള ചില എന്‍ജിഒകളുടെ ക്രൌഡ് ഫണ്ടിംഗുമൊക്കെ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി കഴിഞ്ഞു.

51 ശതമാനത്തോളം വനിതാ വോട്ടര്‍മാരുള്ള മണ്ഡലത്തിലെ സ്ത്രീ വോട്ടുകളും രമ്യയുടെ അക്കൗണ്ടിലേക്ക് എത്തിയാല്‍ കാര്യങ്ങള്‍ മാറിമറയും.  യുവാക്കളേയും പുതിയ വോട്ടര്‍മാരേയുമാണ് യു.ഡി.എഫ് പ്രധാനമായും ലക്ഷ്യമിടുന്നത്. രാഹുല്‍ ഗാന്ധി ഇഫക്റ്റ് ആലത്തൂരിലും പ്രതിഫലിക്കുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ. എംഎല്‍എമാരായ ഷാഫി പറമ്പിലും അനില്‍ അക്കരയും യഥാക്രമം പാലക്കാട്, തൃശൂര്‍ ജില്ലകളിലെ പ്രദേശങ്ങളില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് ഉത്തേജനം പകരുന്നു.
സിപിഎമ്മിനെ പതിവായി വിജയിപ്പിക്കുന്ന പ്രദേശത്തിന്റെ പൊതുവായുള്ള പിന്നാക്കാവസ്ഥ പ്രചാരണരംഗത്ത് യു.ഡി.എഫ് ശക്തമായി ഉന്നയിക്കുന്നുണ്ട്. മണ്ഡലത്തില്‍ വിരുന്നുകാരനെപ്പോലെ എത്തുന്ന ഒരാളായാണ് പി.കെ.ബിജു കഴിഞ്ഞ പത്തു വര്‍ഷം പ്രവര്‍ത്തിച്ചത് എന്ന ആരോപണം മര്‍മ്മറിങ് കാമ്പൈന്‍ ആയി ഉയര്‍ത്തിക്കൊണ്ടു വരുന്നതിലും യു.ഡി.എഫ് വലിയൊരളവില്‍ വിജയിച്ചിട്ടുണ്ട്.

ശക്തമായി തിരിച്ചുവന്ന് പികെ ബിജുവും
രമ്യാ തരംഗത്തില്‍ വല്ലാതെ പിന്നോട്ടുപോയ എല്‍ഡിഎഫ് പിന്നീട് കയറി വരുന്ന കാഴചയും കാണാനായി. താന്‍ നടത്തിയ വികസപ്രവര്‍ത്തനങ്ങള്‍ വോട്ടാകുമെന്ന പ്രതീക്ഷയിലാണ് തുടക്കം മുതല്‍ പി കെ ബിജു നിലകൊണ്ടത്. ആദ്യത്തെ ഓളം ഒന്ന് അടങ്ങിയപ്പോള്‍ തങ്ങളുടെ സംഘടനാ സംവിധാനത്തിലൂടെയും കുടുംബയോഗങ്ങളിലൂടെയും ആളുകളെ പറഞ്ഞ് ബോധ്യപ്പെടുത്താനായി എന്നാണ് സിപിഎം കരുതുന്നത്. മുതിര്‍ന്ന നേതാക്കളെവരെ മണ്ഡലത്തില്‍ കേന്ദ്രീകരിപ്പിച്ച് നടത്തിയ ചിട്ടയായ പ്രവര്‍ത്തനത്തിലൂടെയാണ് ആദ്യമുണ്ടായ രമ്യാ കൊടുങ്കാറ്റിനെ സിപിഎം പ്രതിരോധിച്ചത്.
തുടക്കം മുതല്‍ നടക്കുന്ന ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ അതേ രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ സിപിഎമ്മിനും ഇടതുമുന്നണിക്കും സാധിക്കുന്നുണ്ട്. സാമൂഹികമാധ്യമങ്ങളുടെ പിന്തുണയോടെ രമ്യ ഹരിദാസ് നടത്തുന്ന പോരാട്ടം മണ്ഡലത്തില്‍ അട്ടിമറി വിജയത്തിന് കളമൊരുക്കിയിട്ടുണ്ട് എന്ന പ്രവചനങ്ങള്‍ സിപിഎം ഗൗരവത്തോടെയാണ് കാണുന്നത്. മന്ത്രിമാരുള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളെ മണ്ഡലത്തില്‍ തമ്പടിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍. അതനുസരിച്ച് മന്ത്രി എ.കെ.ബാലന്‍ തരൂര്‍, ആലത്തൂര്‍, നെന്മാറ പ്രദേശങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്.

മന്ത്രി എ.കെ.മൊയ്തീന് വടക്കഞ്ചേരി, കുന്നംകുളം മണ്ഡലങ്ങളുടെ ചുമതലയാണ്. ചിറ്റൂരില്‍ ക്യാമ്പ് ചെയ്യാനാണ് മന്ത്രി കെ.കൃഷ്ണന്‍കുട്ടിക്ക് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം. ചേലക്കരയുടെ പൂര്‍ണ്ണചുമതല സിപിഎം കേന്ദ്രകമ്മിറ്റി അംഗം കൂടിയായ മുന്‍സ്പീക്കര്‍ കെ.രാധാകൃഷ്ണനാണ്. ആലത്തൂരിനെ ചുവപ്പിച്ച് നിര്‍ത്തേണ്ട ചുമതല ഇപ്പോള്‍ ബിജുവിനേക്കാള്‍ ഈ നേതാക്കള്‍ക്കാണ്. സംസ്ഥാനത്ത് യു.ഡി.എഫിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും ചിട്ടയായി നടക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് ആലത്തൂര്‍. കഴിഞ്ഞ തവണ ആലത്തൂര്‍ മണ്ഡലത്തില്‍ ഇരുപതിനായിരത്തിലേറെ നോട്ട വോട്ടുകള്‍ ഉണ്ടായത് തെരഞ്ഞെടുപ്പ് കമീഷന്‍ ഉദ്യോഗസ്ഥരെ ഞെട്ടിച്ചിരുന്നു.

ചിറ്റൂര്‍- കൊഴിഞ്ഞാമ്പാറ ജലക്ഷമാമവുമായി ബന്ധപ്പെട്ടുണ്ടായ കര്‍ഷക രോഷമാണ് അന്ന് നോട്ടയെ ഇത്ര ഉയര്‍ത്തിത്. എന്നാല്‍ സംസ്ഥാണന ഗവണ്‍മെന്റിന്റെയും പികെ ബിജുവിന്റെയും ഇടപെടലോടെ ഈ പ്രശ്‌നം പരിഹരിച്ചെന്നും ഇത്തവണ വോട്ടുകള്‍ തങ്ങള്‍ക്ക് കിട്ടുമെന്നുമാണ് എല്‍ഡിഎഫ് പറയുന്നത്. എംപി എന്ന നിലയില്‍ ബിജു പാര്‍ലമെന്റില്‍ നടത്തിയ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളും രാഷ്ട്രീയത്തിനൊപ്പം വിദ്യാഭ്യാസ മേഖലയില്‍ അദ്ദേഹം ഉണ്ടാക്കിയ നേട്ടങ്ങളും നിരത്തിയാണ് ഇടതുമുന്നണി പ്രതിരോധിക്കുന്നത്. ശാസ്ത്രവിഷയത്തില്‍ അദ്ദേഹത്തിന് ഡോക്ടറേറ്റ് ലഭിച്ചത് അടുത്ത കാലത്തായിരുന്നു.

സംഘപരിവാര്‍ വോട്ടുകളിലെ അടിയൊഴുക്ക് എങ്ങോട്ട്?
വോട്ട് വര്‍ധിപ്പിക്കുക എന്നതിലപ്പുറം പ്രസക്തിയൊന്നും എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുടെ സാന്നിധ്യത്തിന് ഇല്ല. മണ്ഡലത്തില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ധാരണയില്‍ എത്തിയിട്ടുണ്ട് എന്ന ആരോപണം സിപിഎം ഉയര്‍ത്തിയ സാഹചര്യത്തില്‍ വോട്ട് ഉയര്‍ത്താനായില്ലെങ്കില്‍ വോട്ടു കച്ചവടം എന്ന പതിവ് വിമര്‍ശനത്തിന് വിധേയമാവും എന്നത് സംഘ്പരിവാര്‍ ക്യാമ്പിനെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്. എന്‍.ഡി.എക്ക് വേണ്ടി മല്‍സരിക്കുന്നത് ബി.ഡി.ജെ.എസ് ആണെന്നത് സിപിഎമ്മിന്റെ ആരോപണത്തിന് ശക്തി പകരുന്ന ഘടകമാണ്. എങ്കിലും അവസാനസമയത്ത് സംഘപരിവാര്‍ വോട്ടുകളില്‍ അടിയൊഴുക്ക് ഉണ്ടാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

2014ല്‍ ആലത്തൂരില്‍ മല്‍സരിച്ച ബിജെപി സ്ഥാനാര്‍ത്ഥി 87803 വോട്ട് നേടിയിരുന്നു. ശബരിമല വിഷയം അടിത്തട്ടില്‍ അടിയൊഴുക്ക് ഉണ്ടാക്കുമോ എന്ന സ്വാഭാവികമായ ആശങ്ക ഇടതുമുന്നണി നേതൃത്വത്തിന് ഉണ്ട്. 'മണ്ഡലമേതായാലും മണ്ഡലക്കാലം മറക്കരുത്' എന്ന സന്ദേശവുമായി ശബരിമല കര്‍മ്മസമിതി നടത്തുന്ന പ്രചാരണം മണ്ഡലത്തിന്റെ പല ഭാഗത്തും നടക്കുന്നുണ്ട്. ആര്‍ക്ക് വോട്ടു ചെയ്യണം എന്നു പറയാതെ സിപിഎമ്മിനെതിരേ വോട്ട് ചെയ്യണം എന്ന ആവശ്യമാണ് കര്‍മ്മസമിതി മുന്നോട്ടുവെക്കുന്നത്.

മറ്റു പലയിടത്തും ശബരിമല സമരക്കാരുടെ വോട്ട് ബിജെപിക്ക് ലഭിക്കുമെന്നാണ് സൂചന. എന്നാല്‍ ആലത്തൂരില്‍ അത്തരം വോട്ടുകള്‍ യു.ഡി.എഫിന്റെ പെട്ടിയിലേ വീഴാന്‍ സാധ്യതയുള്ളൂ. എന്നാല്‍ കര്‍ഷകര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും വലിയ സ്വാധീനമുള്ള മണ്ഡലത്തില്‍, തങ്ങളുടെ സംഘടനാ ശക്തി വലുതാണെന്നും, ശബരിമല വികാരം വോട്ടെടുപ്പില്‍ തങ്ങള്‍ക്കെതിരായി പ്രതിഫലിക്കാനിടയില്ലെന്ന ആത്മവിശ്വാസം സിപിഎം നേതാക്കള്‍ പ്രകടിപ്പിക്കുന്നുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category