1 GBP = 94.40 INR                       

BREAKING NEWS

ആയിരക്കണക്കിന് കെയറര്‍മാര്‍ക്ക് നഴ്‌സിങ് യൂണിഫോം ധരിക്കാന്‍ ആദ്യ പ്രചോദനം കിട്ടിയത് സ്റ്റോക്കിലെ ജ്യോതിയും റെജുവും ഇറങ്ങിയപ്പോള്‍; നഴ്‌സിങ് ക്ഷാമം നികത്താന്‍ നൂറു കണക്കിന് പേര്‍ക്ക് ആവേശം നല്‍കിയ ഉണ്ണിയാര്‍ച്ചമാര്‍; പണവും പദവിയും ഒന്നിച്ചെത്തുന്ന യാത്രയ്ക്ക് തയാറായി അനേകംപേര്‍ രംഗത്ത്

Britishmalayali
കെ ആര്‍ ഷൈജുമോന്‍

കവന്‍ട്രി: യുകെയില്‍ എത്തിയിട്ടും കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്തു ജീവിതത്തിന്റെ രണ്ടറ്റം കൂട്ടി മുട്ടിക്കുവാന്‍ കഴിയാതെ കരയുന്ന ആയിരങ്ങളാണ് ഇന്നും മലയാളി സമൂഹത്തില്‍ ഉള്ളത്. അവരെ പൊതുവെ വിളിക്കുന്ന പേരാണ് കെയറര്‍മാര്‍. നാലു മലയാളി കൂടുന്നിടത്ത് ഇവര്‍ക്കുള്ള സ്ഥാനം പുറമ്പോക്കിലാണ്. രണ്ടായിരാമാണ്ടു വരെ എത്തിയ പ്രൊഫഷണല്‍ ജോലിക്കാരില്‍ കൂടുതല്‍ ഉള്ള മലയാളി ഡോക്ടര്‍മാരില്‍ നല്ലൊരു പങ്കിനും ഇന്നും കെയറര്‍ എന്ന് കേട്ടാല്‍ സ്വാഭാവികമായ മലയാളി പുച്ഛം കൂടെയുണ്ട്. നവീനതയും സംസ്‌കാരവും ഏറെ മുന്നില്‍ ആയ യുകെയില്‍ എത്തിയിട്ടും ജീവിതം കാണാതെ പോയ വിഭാഗമാണിത്.

ഇക്കാരണത്താല്‍ മാത്രം മലയാളി സംഘടനാ പ്രവര്‍ത്തനത്തില്‍ കാലമത്രയും ആയിട്ടും സജീവമാകാന്‍ തയാറാകാത്തവരാണ് ഡോക്ടര്‍മാരും ഐടിക്കാരും അടക്കമുള്ള മലയാളി സമൂഹം. നഴ്സുമാരും കെയറര്‍മാരും ഒത്തു കൂടുന്നിടത്ത് അല്‍പം കുറച്ചില്‍ ആണെന്ന് കരുതുന്ന വിഭാഗക്കാരാണ് ഈ പ്രൊഫഷണലുകള്‍. ഇക്കാരണത്താല്‍ അവര്‍ക്കു സ്വന്തമായി കൂട്ടു കൂടാന്‍ വേദികളുമുണ്ട്. അറിവില്ലായ്മ കൊണ്ട് ഏതെങ്കിലും കെയറററോ നഴ്സോ ചെയ്തു പോയ പ്രവര്‍ത്തിക്കു മൊത്തം നഴ്സുമാരെയും കെയറര്‍മാരെയും മോശക്കാരാക്കി കാണിക്കാന്‍ ഉള്ള പ്രവണത രൂപപ്പെട്ടത് എന്നാണ് എന്ന് പോലും ആര്‍ക്കും നിശ്ചയമില്ല.
എന്നാല്‍ മലയാളി സമൂഹത്തിന്റെ പൊതു ആവശ്യങ്ങളില്‍ എല്ലായ്പ്പോഴും മുന്നിട്ടിറങ്ങുന്നത് തുച്ഛ വേതനക്കാരായ കെയറര്‍മാര്‍ ആണെന്നതാണ് സത്യം. ജോലി സ്ഥലത്ത് അവഹേളനം ഇല്ലെങ്കിലും പൊതു മലയാളി ഇടങ്ങളില്‍ കെയറര്‍ ജോലി ചെയ്യുന്നവരെ മാറ്റി നിര്‍ത്തുന്ന ശീലം മലയാളി കുടിയേറ്റത്തോളം പഴക്കമുണ്ട് എന്നതാണ് സത്യം. കയ്യില്‍ കാശില്ലാത്തവര്‍ എന്ന മുന്‍വിധി മാത്രമാണ് ഇതിന് അടിസ്ഥാനം.

മലയാളി പൊതുബോധത്തില്‍ പണത്തിനു മാത്രം സ്ഥാനം ലഭിക്കുന്നത് കൊണ്ടാണ് യുകെ മലയാളികള്‍ക്കിടയിലെ ആയിരക്കണക്കിന് കെയറര്‍മാര്‍ അവഹേളനം നേരിടുന്നത് എന്നതാണ് പച്ചയായ സത്യം, ഇതാരും തുറന്നു സമ്മതിക്കില്ലെങ്കിലും. എന്നാല്‍ കാലം അതിന്റെ കണക്കു തീര്‍ക്കാന്‍ തക്ക സമയത്ത് എത്തിയിരിക്കും എന്നോര്‍മ്മിപ്പിച്ചാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ കെയറര്‍ അടക്കം ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നഴ്സുമാരാകാന്‍ അവസരം ഒരുക്കിയത്. ഇതിനായി അസോസിയേറ്റ് നഴ്സ് എന്ന തസ്തികയും സൃഷ്ടിക്കപ്പെട്ടു.

ഇതോടെ ആയിരക്കണക്കിന് മലയാളി കെയറര്‍മാരാണ് ഈ തസ്തികയില്‍ നിയമിക്കപ്പെട്ടത്. ഇതില്‍ നൂറു കണക്കിന് പേര്‍ നഴ്സുമാരായും ജോലി ചെയ്തു തുടങ്ങി. ഇതോടെ ഇവരുടെ സാമൂഹിക അംഗീകാരവും വലുതായി തുടങ്ങി. കഴിഞ്ഞ നാളുകളില്‍ പുച്ഛത്തോടെയും അവഹേളനത്തോടെയും കണ്ടവര്‍ കൂടുതല്‍ ഗൗരവം നല്‍കാന്‍ തുടങ്ങിയത് ഒട്ടും അപ്രതീക്ഷിതം അല്ല.
കെയറര്‍ എന്ന പേരില്‍ വിലകുറച്ചു കണ്ടിരുന്നവര്‍ കഴിവ് തെളിയിച്ചു നഴ്സ് ആയി മാറിയപ്പോള്‍ കണ്ടാല്‍ ചിരിക്കാന്‍ മറന്നു പോയവര്‍ പോലും ഇപ്പോള്‍ സൗഹൃദം കാട്ടാന്‍ തയ്യാറാകുന്നത് ജോലിക്കയറ്റം കിട്ടിയ ഒരു കെയററും മറക്കില്ല. പണവും സാമൂഹിക അംഗീകാരവും തന്നെയാണ് മലയാളി മാര്‍ക്കറ്റിലെ വില്‍പ്പന വിഭവം എന്നതാണ് അസോസിയേറ്റ് നഴ്സ് തസ്തിക സൃഷ്ടിക്കപ്പെട്ടതിലൂടെ പകല്‍ പോലെ തെളിയുന്ന സത്യം.

രാജ്യത്തെ നഴ്‌സുമാരുടെ കുറവ് പരിഹരിക്കാന്‍ രണ്ടു വര്‍ഷം മുന്‍പ് സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതിയിലൂടെ ജോലിയും പഠനവും ആരംഭിച്ച രണ്ടായിരം പേരിലെ ആദ്യ മലയാളി പേരുകാരാണ് സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ മലയാളി നഴ്സുമാരായി മാറിയ ജ്യോതിയും റെജുവും. ഇവര്‍ 2017ല്‍ സ്റ്റോക് ഓണ്‍ ട്രെന്റിലെ ഹോസ്പിറ്റലില്‍ നഴ്‌സിങ് അസോസിയേറ്റഡ് പ്രോഗ്രാമില്‍ ജോയിന്‍ ചെയ്യുമ്പോള്‍ മുന്നില്‍ ഉള്ള കടമ്പകള്‍ ഏറെയായിരുന്നു.

പുതിയ കോഴ്സ് എന്ന നിലയില്‍ ഹോസ്പിറ്റല്‍ ട്രസ്റ്റും ആദ്യം ആശയക്കുഴപ്പത്തില്‍ ആയെങ്കിലും പിന്നീടു കാര്യങ്ങള്‍ക്കു ഗതിവേഗം കൂടിയത് പെട്ടെന്നാണ്. ഒടുവില്‍ കഴിഞ്ഞ വര്‍ഷം പഠന പദ്ധതി പൂര്‍ത്തിയാക്കി ഇരുവരും നഴ്‌സിങ് യൂണിഫോം അണിയുമ്പോള്‍ അതില്‍ യുകെ മലയാളി കുടിയേറ്റത്തിലെ മറ്റൊരു ചരിത്ര നിമിഷമായി മാറുകയായിരുന്നു. അനേകായിരങ്ങള്‍ക്ക് ജീവിതത്തിന്റെ പ്രതീക്ഷ നല്‍കുവാന്‍ ജ്യോതിയും റെജുവും അണിഞ്ഞ യൂണിഫോമുകള്‍ക്കു കഴിഞ്ഞിട്ടുണ്ട് എന്നത് തര്‍ക്കമറ്റ കാര്യമാണ്.

ജീവിതകാലം മുഴുവന്‍ തുച്ഛമായ ശമ്പളത്തില്‍ ശരീരവും മനസ്സും മടുപ്പിക്കുന്ന ജോലി ചെയ്തു കെയറര്‍ ആയി ജീവിതവും കരിയറും അവസാനിപ്പിക്കേണ്ടി വരും എന്നിടത്തു നിന്ന് രണ്ടു മലയാളി വനിതകള്‍ ഉണ്ണിയാര്‍ച്ചകളെ പോലെയാണ് അമ്പരപ്പിക്കുന്ന നേട്ടം സ്വന്തമാക്കിയത്. സര്‍ക്കാര്‍ കണക്കില്‍ തന്നെ 40000 നഴ്‌സുമാരുടെ ഒഴിവുകള്‍ ഉണ്ടെന്നു കണക്കാക്കുന്ന രാജ്യത്തു ഈ കുറവ് നികത്താന്‍ സര്‍ക്കാര്‍ കൊണ്ട് വന്ന അസോസിയേറ്റ് നഴ്‌സിങ് കോഴ്‌സില്‍ ചേര്‍ന്ന സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജ്യോതികുര്യന്‍, റെജു എബ്രഹാം എന്നീ മലയാളി വനിതകള്‍ കഴിഞ്ഞ വര്‍ഷം യുകെ മലയാളി സമൂഹത്തില്‍ ഏറ്റവും അധികം പേരും തൊഴില്‍ ചെയ്യുന്ന നഴ്‌സിങ് സമൂഹത്തില്‍ സൃഷ്ടിച്ച വിപ്ലവം ചെറുതല്ല.

രാജ്യത്തെ മുഴുവന്‍ കെയറര്‍മാര്‍ക്കും ആവേശം നല്‍കി നഴ്സുമാരായി മാറിയ ഇവരുടെ കഥയറിഞ്ഞ് അനേകം പേരാണ് അടച്ചു വച്ച നഴ്‌സിങ് സ്വപ്നം പൊടി തട്ടിയെടുത്തു വീണ്ടും പഠിക്കാന്‍ തയ്യാറായത്. ജ്യോതിയുടെയും റെജുവിന്റെയും സ്ഥിരോത്സാഹവും കഠിന പ്രയത്നവും ഇതിനായി ഏറെ സഹായിച്ചെങ്കിലും ഇരുവരും ജോലി ചെയ്യുന്ന സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍സ് ഓഫ് നോര്‍ത്ത് മിഡ്‌ലാന്റ്സ് നല്‍കിയ പിന്തുണയാണ് അതിവേഗത്തില്‍ അസാധ്യം എന്ന് തോന്നിയിരുന്ന നേട്ടം സ്വന്തമാക്കാന്‍ ഇരുവര്‍ക്കും തുണയായത്.

ഒരര്‍ത്ഥത്തില്‍ യുകെ മലയാളികള്‍ക്കിടയില്‍ യഥാര്‍ത്ഥ റോള്‍ മോഡലുകളായി മാറുക ആയിരുന്നു ജ്യോതിയും റെജുവും. മടി സദാ കൂടെയുള്ള മലയാളി സമൂഹത്തിന് ഇരുവരും നല്‍കിയ പ്രചോദനം ഒട്ടും ചെറുതല്ല. വേണമെങ്കില്‍ ആര്‍ക്കും സാധിക്കും എന്ന സന്ദേശമാണ് ഇരുവരും തങ്ങളുടെ നഴ്‌സിങ് യൂണിഫോമിലൂടെ യാഥാര്‍ത്ഥ്യമാക്കിയത്. നിശ്ചദാര്‍ഢ്യത്തിനു മുന്നില്‍ മറ്റെല്ലാ തടസവും പിന്മാറും എന്ന് തെളിയിക്കാനും ഇരുവര്‍ക്കുമായി.

നഴ്‌സായി മാറും വരെയുള്ള ജീവിതത്തിലെ കഠിന പരീക്ഷണങ്ങള്‍ ഒരിക്കലും മറക്കാന്‍ സാധിക്കില്ലെങ്കിലും അത്തരം പ്രതിസന്ധികളാണ് ജീവിതത്തില്‍ വിജയിക്കണം എന്ന മോഹം സൃഷ്ടിച്ചത് എന്നും ഇരുവരും പറയുന്നു. ബാന്‍ഡ് 8 തസ്തികയില്‍ അടക്കം ഒട്ടേറെ മലയാളി നഴ്‌സുമാര്‍ ജോലി ചെയ്യുന്നുണ്ടെങ്കിലും ബാന്‍ഡ് ഫൈവില്‍ എത്തുക എന്ന ആദ്യ കടമ്പ ചാടിക്കടന്ന പന്തയക്കുതിരകളെ പോലെയാണ് ജ്യോതിയും റെജുവും സമൂഹത്തിനു നല്‍കിയിരിക്കുന്ന ഊര്‍ജ്ജം.

അതിനാല്‍ ഈ വര്‍ഷത്തെ മികച്ച നഴ്‌സിങ് പുരസ്‌കാരത്തിന് വേണ്ടി ഏറെ അഭിമാനത്തോടെയാണ് ഇരുവരെയും ബ്രിട്ടീഷ് മലയാളി അവതരിപ്പിക്കുന്നത്. ഇരുവരും താണ്ടിയ പരീക്ഷണ ഘട്ടങ്ങള്‍ വായനക്കാരില്‍ നല്ല പങ്കിനും ഊഹിക്കാന്‍ പോലും പ്രയാസം ആണെങ്കിലും ഇവര്‍ക്കായി ഒരു വോട്ടു നല്‍കുക എന്നത് അത്ര പ്രയാസം ഉള്ള കാര്യമല്ല. കാരണം നേട്ടങ്ങളുടെ നെറുകയില്‍ നില്‍ക്കുന്നവര്‍ക്ക് അടുത്ത പടി ചവിട്ടി കടക്കുവാന്‍ താരതമെന്യേ എളുപ്പമാണ്.

എന്നാല്‍ ഒരു തരത്തിലും കാലെടുത്തു വയ്ക്കാന്‍ കഴിയില്ല എന്ന് ബോധ്യമായ ചവിട്ടുപടിയാണ് ജ്യോതിയും റെജുവും ചാടിക്കടന്നിരിക്കുന്നത്, അതിനാല്‍ തന്നെ ഈ നേട്ടം സമാനതകള്‍ ഇല്ലാത്തതുമാണ്. ഇനി ഈ നേട്ടം അംഗീകരിക്കേണ്ടത് ബ്രിട്ടീഷ് മലയാളി വായനക്കാരാണ്. പ്രിയ വായനക്കാര്‍ അതിനു തയാറാകണം, സഹായിക്കണം എന്ന എളിയ അഭ്യര്‍ത്ഥന മാത്രമാണ് സ്റ്റോക് ഓണ്‍ ട്രെന്റില്‍ നിന്നും ജ്യോതിയും റെജുവും ആവശ്യപ്പെടുന്നതും.
ജൂണ്‍ ഒന്നിന് കവന്‍ട്രിയിലെ വില്ലന്‍ ഹാളിലാണ് ഇത്തവണത്തെ അവാര്‍ഡ് നൈറ്റ് നടക്കുക. ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റിന് മാത്രമല്ല യുകെയിലെ സര്‍വ പരിപാടികളുടെയും മുഖ്യ സ്പോണ്‍സറായി അലൈഡ് മോര്‍ട്ട്ഗേജ് സര്‍വ്വീസസ് ആദ്യമായി എത്തുന്ന പരിപാടി എന്ന സവിശേഷത കൂടിയുണ്ട് ഇതിന്.
യുകെയിലെ ഏറ്റവും പ്രശസ്തരായ കലാകാരന്മാര്‍ക്കൊപ്പം നാട്ടില്‍നിന്നുള്ള പ്രൊഫഷണല്‍ കലാകാരന്മാരും ചേര്‍ന്നായിരിക്കും ഇക്കുറി അവാര്‍ഡ് നൈറ്റ് ഒരുക്കുക. ഇതോടൊപ്പം പതിവ് പോലെ ഈ വര്‍ഷം യുകെ മലയാളികളില്‍ ഏറെ സ്വാധീനം ചെലുത്തിയ വാര്‍ത്ത താരം, യുവ പ്രതിഭ, മികച്ച മലയാളി നഴ്‌സ് എന്നിവര്‍ക്കുളള പുരസ്‌കാര വിതരണവും ഉണ്ടാകും.
അവാര്‍ഡ് നൈറ്റ് വേദിയുടെ വിലാസം
Willenhall, Coventry, CV3 3FY
ഈസ്റ്റര്‍ - വിഷു അപ്പീല്‍ ആറായിരം പൗണ്ട് കടന്നു
കഴിഞ്ഞ ഒരാഴ്ചയായി നടന്നു വന്ന ഈസ്റ്റര്‍ - വിഷു അപ്പീല്‍ ആറായിരം പൗണ്ട് കടന്നു. 6054.75 പൗണ്ടാണ് ഇതുവരെ സമാഹരിച്ചത്. വിര്‍ജിന്‍ മണി അക്കൗണ്ട് വഴി ഗിഫ്റ്റ് എയ്ഡ് അടക്കം 5759.75 പൗണ്ടും ബാങ്ക് അക്കൗണ്ടിലേക്ക് 295 പൗണ്ടുമാണ് ലഭിച്ചത്. ഇങ്ങനെയാണ് ആകെ തുക 6054.75 പൗണ്ട് എന്ന തുകയിലേക്ക് എത്തിയത്.

ശരീരമാസകലം പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്ന കോട്ടയം തോട്ടയ്ക്കാട് ഇരുവുചിറ സ്വദേശിയായ പൊന്നമ്മ, തളര്‍വാതം പിടിപെട്ട കരുനാഗപ്പള്ളി പെരുമ്പ വാഴപ്പള്ളി കോളനിയില്‍ അജിതാലയത്തില്‍ അഭിലാഷ്, ഇരു വൃക്കകളും തകരാറിലായ വാഴൂര്‍ പുളിക്കല്‍ കവലയില്‍ തൈക്കൂടത്തു വീട്ടില്‍ സുബിന്‍ ബാബു, ശ്വാസാകോശാര്‍ബുദം ബാധിച്ച ഇടുക്കി സ്വദേശിനി ബിന്ദു, ഹൃദയത്തിലെ ബ്ലോക്ക് മാറ്റാനുള്ള ഓപ്പറേഷന്‍ നടത്തിയ ശേഷം ജോലിക്കു പോകാന്‍ പോലും സാധിക്കാനാവാതെ കഴിയുന്ന പത്തനാപുരം കഞ്ഞിക്കേല്‍ തെക്കേതില്‍ രാജന്‍ എന്നിവരാണ് സഹായം അഭ്യര്‍ത്ഥിച്ചവര്‍.

വായനക്കാര്‍ക്ക് വിര്‍ജിന്‍ മണി അക്കൗണ്ടിലൂടെയും ഫൗണ്ടേഷന്റെ എച്ച്എസ്ബിസി ബാങ്ക് അക്കൗണ്ടിലേക്കും നേരിട്ടും പണം നല്‍കാം. പണം നല്‍കുമ്പോള്‍ മറക്കാതെ ഒരു കാര്യം ശ്രദ്ധിക്കുക. വിര്‍ജിന്‍ മണി അക്കൗണ്ട് വഴിയാണ് പണം നല്‍കുന്നതെങ്കില്‍ മറക്കാതെ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. പണം നല്‍കുന്നതിനൊപ്പം ഗിഫ്റ്റ് എയ്ഡ് എടുക്കാനുള്ള സമ്മതം കൂടി ടിക്ക് ചെയ്യണം. അങ്ങനെ ചെയ്യുന്നതിലൂടെ നല്‍കുന്ന പണത്തിന്റെ 25 ശതമാനം ഗിഫ്റ്റ് എയ്ഡായും ലഭിക്കുന്നതാണ്. അനേകം പേര്‍ നല്‍കുന്ന പണത്തിന്റെ 25 ശതമാനം കൂടുതല്‍ ലഭിക്കാനുള്ള സാധ്യത ഉണ്ടാവുമ്പോള്‍ ഒരു നല്ല തുക തന്നെ വിര്‍ജിന്‍ മണി അക്കൗണ്ട് വഴി ശേഖരിക്കാന്‍ കഴിയും. നിങ്ങള്‍ നല്‍കുന്ന തുക എത്ര തന്നെയായാലും അതു നല്‍കാവുന്നതാണ്.
ചാരിറ്റി ഫൗണ്ടേഷനിലേയ്ക്ക് പണം നല്‍കാന്‍ ചുവടെ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ ഉപയോഗിക്കുക
Name: British Malayali Chartiy Foundation
Account number: 72314320
Sort Code: 40 47 08
Reference: Easter/Vishu Appeal 2019
IBAN Number: GB70MIDL40470872314320
ബാങ്ക് സ്റ്റേറ്റ്‌മെന്റ് ചുവടെ:

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category