1 GBP = 87.50 INR                       

BREAKING NEWS

പൊളിഞ്ഞത് വര്‍ഗ്ഗീയ വളം നല്‍കി ബിജെപിയെ വളര്‍ത്തി ഭരണ തുടര്‍ച്ച ഉറപ്പാക്കാനുള്ള നീക്കമോ? രാഹുല്‍ തരംഗവും എന്‍ എസ് എസിന്റെ രാഷ്ട്രീയ തന്ത്രവും വിനയായി; ഹൈ സ്പീഡില്‍ കുതിക്കാനാഗ്രഹിച്ച പിണറായി എക്‌സ്പ്രസിന് പാളം തെറ്റിയത് മൂന്നു സ്റ്റേഷനുകളില്‍; മാധ്യമങ്ങള്‍ റൂട്ട് മാറ്റി ഓടിത്തുടങ്ങിയപ്പോള്‍ മുഖ്യന്റെ വക റെഡ് സിഗ്നലും; ''മാറി നില്‍ക്കങ്ങോട്ട്'' വന്ന വഴിയിങ്ങനെ: എല്ലാത്തിനും കാരണം ശബരിമലയിലെ സര്‍ജിക്കല്‍ സ്ട്രൈക്ക് തിരിഞ്ഞു കൊത്തുമോ?

Britishmalayali
കെ ആര്‍ ഷൈജുമോന്‍

ലണ്ടന്‍: രണ്ടു വര്‍ഷം കഴിഞ്ഞാല്‍ നേരിടേണ്ട നിയമ സഭ തിരഞ്ഞെടുപ്പിന് ഇന്ധനം നിറച്ചു മറ്റൊരു അഞ്ചു വര്‍ഷം കൂടി കൂകിപ്പായാന്‍ മോഹിച്ച പിണറായി എക്‌സ്പ്രസിന് മൂന്നു സ്റ്റേഷനുകളില്‍ പാളം തെറ്റിയതായി സൂചന. ലോക് സഭ വോട്ടിങ് കഴിഞ്ഞപ്പോള്‍ പോളിങ് പാറ്റേണ്‍ അനുസരിച്ചുള്ള ജനമനസിന്റെ വിലയിരുത്തലില്‍ തിരുവനന്തപുരം, പത്തനംത്തിട്ട, തൃശൂര്‍ എന്നിവിടങ്ങളില്‍ പിണറായിക്കു പാളം തെറ്റി എന്നു തന്നെയാണ് കഴിഞ്ഞ ദിവസം എറണാകുളം ഗെസ്റ്റ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരുടെ നേര്‍ക്കുണ്ടായ മെക്കിട്ടു കയറ്റവും നല്‍കുന്ന സൂചന.

ചില വിദേശ നിക്ഷേപങ്ങള്‍ക്ക് വേണ്ടി ശ്രമം നടത്തിയ പിണറായിയുടെ ഉപദേശക സംഘത്തിന് ലഭിച്ച മറുപടിയാണ് കേരളത്തിന്റെ മതേതര സ്വഭാവം നഷ്ടമാകും വിധം ശബരിമല വിഷയത്തില്‍ സുപ്രീം കോടതി വിധിയെ ഉപയോഗിക്കാന്‍ പിണറായി സര്‍ക്കാരിനെ പ്രേരിപ്പിച്ചത് എന്ന് വ്യക്തം. കോര്‍പറേറ്റ് നിക്ഷേപകര്‍ മൂലധനം തിരിച്ചു പിടിക്കാന്‍ ഭരണ തുടര്‍ച്ച ഉറപ്പാക്കുന്നത് ലോകമൊട്ടാകെ പതിവുള്ള ഫോര്‍മുലയാണ്. ഈ ഫോര്‍മുല തലയ്ക്കു പിടിച്ച പിണറായി കേരളത്തില്‍ ഇടതു പക്ഷത്തിന്റെ മൂലക്കല്ല് പറിച്ചെടുക്കും വിധം കാരണമാകുന്ന രാഷ്ട്രീയ മണ്ടത്തരമാണ് ശബരിമല വിഷയത്തിലൂടെ ഏറ്റെടുത്തതു എന്ന് കൂടി തെളിയിച്ചാകും മെയ് 23 ലോക് സഭ ഫലങ്ങള്‍ പുറത്തു വരിക എന്നും വ്യക്തമാണ്.

കഴിഞ്ഞ നിയമ സഭ തിരഞ്ഞെടുപ്പില്‍ തകര്‍ന്നടിയും വിധമുള്ള പ്രവര്‍ത്തനം കാഴ്ചവച്ച കോണ്‍ഗ്രസിനെയും വലതു പക്ഷ കക്ഷികളെയും എക്കാലത്തും മൂലയ്ക്കിരുത്തി അല്‍പം വര്‍ഗീയ വളം നല്‍കിയാല്‍ ഒരു എതിരാളിയായി ബിജെപി യെ വളര്‍ത്തിയെടുക്കാം എന്ന പിണറായിയുടെ അതിമോഹം കൂടിയാണ് ഈ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞത്. കാര്യങ്ങള്‍ ഏറെക്കുറെ പിണറായി ആഗ്രഹിച്ച പോലെ മുന്നേറവെയാണ് രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കാന്‍ എത്തിയതും എന്‍എസ്എസ് തികഞ്ഞ രാഷ്ട്രീയ തന്ത്രത്തോടെ രണ്ടു മണ്ഡലങ്ങളില്‍ ഒഴികെ സമദൂരം എന്ന പേരില്‍ പറയാതെ പറഞ്ഞു യുഡിഎഫിനു പിന്തുണ പ്രഖ്യാപിച്ചതും. കൂടെ തുഷാര്‍ വെള്ളാപ്പള്ളിയെ രംഗത്തിറക്കാന്‍ അമിത ഷാക്ക് കഴിഞ്ഞപ്പോള്‍ മതില് പണിയാന്‍ കൂടെക്കൂട്ടിയ വെള്ളാപ്പള്ളി മേസ്തിരി കള്ളപ്പണി ചെയ്ത ദുരനുഭവം കൂടി എല്‍ഡിഎഫില്‍ നിന്നും ഇപ്പോള്‍ പങ്കു വയ്ക്കപ്പപ്പടുകയാണ്. ലാഭമായാലും നഷ്ടമായാലും ഈ തിരഞ്ഞെടുപ്പിലെ മുഴുവന്‍ ജയാ പരാജയങ്ങളും പിണറായിയെ തേടി എത്തും എന്നും ഉറപ്പാണ്.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ മേല്‍ക്കൈ നേടിയ എല്‍ഡിഎഫ് ഒരു ഘട്ടത്തില്‍ പത്തു സീറ്റിലധികം നേടിയേക്കും എന്ന ധാരണ പൊളിച്ചു വീണ്ടും ശബരിമല വിഷയം കത്തിക്കയറിയതാണ് പിണറായിയുടെ കണക്കുകള്‍ അമ്പേ തെറ്റിച്ചത്. കൂടെ നാമജപം കേട്ടാല്‍ മുഖം കറുത്ത് കരുവാളിക്കും വിധം അദ്ദേഹത്തിന് തിരഞ്ഞെടുപ്പു വേദിയില്‍ അടക്കം പെരുമാറേണ്ടി വന്നതും ഒക്കെ ബിജെപി ഗുണമാക്കി മാറ്റിയെങ്കിലും ഒടുവില്‍ ഫലം വരുമ്പോള്‍ പിണറായിയെ ഞെട്ടിച്ചു ഭൂരിഭാഗം സീറ്റുകളും കോണ്‍ഗ്രസ് കൈക്കലാക്കും എന്നതാണ് ശബരിമല നല്‍കുന്ന രാഷ്ട്രീയ ട്വിസ്റ്റ്. തിരഞ്ഞെടുപ്പു ഗോദയില്‍ ബിജെപിക്കു പകരം എല്‍ഡിഎഫുമായി ഏറ്റുമുട്ടാന്‍ യുഡിഎഫ് ശക്തി നേടിയത് എന്‍ എസ് എസ് ന്റെ ചടുല നീക്കങ്ങള്‍ കൂടിയാണ് എന്നത് എക്കാലവും പിണറായി എന്ന രാഷ്ട്രീയക്കാരന്റെ മനസിലെ കയ്പ്പേറിയ അനുഭവം തന്നെ ആയിരിക്കും.

കഴിഞ്ഞ നിയമ സഭ തിരഞ്ഞെടുപ്പില്‍ ബിജെപി 20 ലേറെ മണ്ഡലങ്ങളില്‍ ശക്തി തെളിയിച്ചതാണ് അവരെ എല്‍ഡിഎഫിന് എക്കാലവും ഭൂരിപക്ഷം കിട്ടും വിധം വളര്‍ത്തിയെടുക്കാന്‍ പിണറായിയേയും അനുചര വൃന്ദത്തെയും പ്രേരിപ്പിച്ചത്. എന്നാല്‍ ബിജെപി പക്ഷത്തേക്ക് ഭൂരിപക്ഷ സമുദായമായ ഹിന്ദുക്കളില്‍ നിന്നും വലതു പക്ഷ വോട്ടുകള്‍ മാത്രമായിരിക്കും മറിയുക എന്ന അല്‍പ ബുദ്ധി തികച്ചും തെറ്റാണെന്നു കൂടി ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പു തെളിയിച്ചിട്ടുണ്ട്. ജാതീയ ചിന്തകള്‍ക്ക് മുന്നില്‍ ഒരു രാഷ്ട്രീയ കൊടിയും ഇനി ഉയരത്തില്‍ പാറില്ലെന്നും കേരളം തെളിയിക്കുകയാണ്. കേരളത്തിന്റെ മതേതര മനസിന് മുറിവേറ്റെങ്കില്‍ അതിനു കാരണക്കാര്‍ ആരെന്നല്ല കാരണക്കാരന്‍ മാത്രമേയുള്ളൂ എന്നും ഈ തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കും. ലോക് സഭ മണ്ഡലങ്ങളില്‍ ഉള്‍പ്പെട്ട നിയമ സഭ മണ്ഡലങ്ങളില്‍ ഉണ്ടായ വോട്ടിങ് പാറ്റേണ്‍ ഈ നിഗമനം ശരിവയ്ക്കുന്നതുമാണ്. ബിജെപി വ്യക്തമായ മുന്‍തൂക്കം നേടിയ മണ്ഡലങ്ങളില്‍ ഹിന്ദു ഭൂരിപക്ഷ നിയമ സഭ മണ്ഡലങ്ങളില്‍ ഉണ്ടായ വോട്ടു വര്‍ധനയ്ക്ക് കാരണം കണ്ടെത്താന്‍ എല്‍ഡിഎഫ് തല്‍ക്കാലം മഷിയിട്ടു നോക്കേണ്ട കാര്യമില്ല, കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ ഉള്ള കേരളത്തിന്റെ ചിന്തകളിലൂടെ ഒന്ന് വിശകലനം ചെയ്താല്‍ മാത്രം മതിയാകും.

ബിജെപി തുടക്കത്തില്‍ ഏക പ്രതീക്ഷ നല്‍കിയ തിരുവനന്തപുരത്തിനു പുറമെ പത്തനംതിട്ടയും തൃശൂരും അവര്‍ക്കു ത്രികോണ മത്സരം സാധ്യമായി എന്നത് യുഡിഎഫിനേക്കാള്‍ എല്‍ഡിഎഫിനാണ് ഞെട്ടല്‍ സമ്മാനിക്കേണ്ടത്. ആറ്റിങ്ങലും പാലക്കാടും കാസര്‍ഗോഡും കൂടി ബിജെപി നേടുന്ന വോട്ടുകളും അടുത്ത നിയമ സഭയുടെ വിധി നിര്‍ണയിക്കാന്‍ പര്യാപതമാണ്. ലോക് സഭ തിരഞ്ഞെടുപ്പ് ഫലത്തിലൂടെ തിരുവനതപുരം, പത്തനംതിട്ട, തൃശൂര്‍ മണ്ഡലങ്ങളില്‍ ഇടതു വലതു സ്ഥാനാര്‍ത്ഥികളുടെ സ്ഥാനവും ഏറെ പ്രധാനമാണ്. ബിജെപിക്ക് ജയിക്കാന്‍ കഴിയില്ലെങ്കില്‍ പോലും തിരുവനന്തപുരത്തും പത്തനംതിട്ടയിലും അവര്‍ രണ്ടാം സ്ഥാനം എങ്കിലും ഉറപ്പിക്കും എന്ന് വ്യക്തമാണ്. ഇതോടെ മൂന്നാം സ്ഥാനത്തു പോകുന്ന പാര്‍ട്ടിയുടെ അവസ്ഥ ആത്മഹത്യപരമായിരിക്കും എന്നുറപ്പിക്കാം. തൃശൂരില്‍ അപ്രതീകിഷിതമായി ദിവസങ്ങള്‍ കൊണ്ട് ബിജെപി ത്രികോണ മത്സരത്തിന് ശക്തി കാട്ടിയെങ്കില്‍ അവിടെ രണ്ടാം സ്ഥാനം എത്തുന്നത് ആരായാലും അതിനു കാരണമായി മാറുക ബിജെപി ഉയര്‍ത്തിയ വെല്ലുവിളി തന്നെ ആയിരിക്കും.

ഇതിനു വ്യക്തമായ സൂചനകളാണ് ഇപ്പോള്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്. തിരുവനതപുരം മണ്ഡലത്തില്‍ അഞ്ചു ശതമാനം പോളിങ് ഉയര്‍ന്നപ്പോള്‍ ബിജെപിക്ക് നിര്‍ണയാക സ്വാധീനം ഉള്ള അസംബ്ലി സെഗ്മെന്റുകള്‍ കാഴ്ചവച്ച വീറുറ്റ പ്രകടനം പിണറായിയുടെ മുഖം വരും ദിവസങ്ങളില്‍ കൂടുതല്‍ കരുവാളിക്കാന്‍ പര്യാപതമാണ്. നേമത്തു മാത്രം അഞ്ചു ശതമാനം വോട്ടാണ് അധികരിച്ചത്, ബിജെപിയുടെ സിറ്റിങ് നിയമ സഭ സീറ്റും എവിടെയാണെന്ന് കൂട്ടി വായിക്കണം. ഹിന്ദു വോട്ടുകള്‍ കൂടുതല്‍ ഏകീകരിക്കാന്‍ സാധ്യതയുള്ള വട്ടിയൂര്‍ക്കാവിലും പോളിങ് ഉയര്‍ന്നിരിക്കുകയാണ്. തിരുവനതപുരം ലോക്സഭാ സീറ്റില്‍ കഴക്കൂട്ടവും ബിജെപി പക്ഷത്തോട് ചേര്‍ന്ന് നില്‍ക്കുന്ന മണ്ഡലമാണ്, ഇവിടെയും വോട്ടു ഉയര്‍ന്നത് ശബരിമല വിഷയം എത്രത്തോളം ഭൂരിപക്ഷ സമുദായമായ ഹൈന്ദവ വോട്ടുകളെ സ്വാധീനിച്ചു എന്നാണ് തെളിയിക്കുന്നത്.

ഇതേ തരത്തില്‍ നോക്കിയാല്‍ പത്തനംതിട്ടയിലെ പോളിങ്ങും പിണറായിയുടെ കണക്കുകള്‍ തെറ്റിക്കാന്‍ കാരണമായി വിലയിരുത്താം. ശബരിമലയുടെ സിരാകേന്ദ്രമായ ഈ മണ്ഡലത്തില്‍ ഏഴു ശതമാനം പോളിങ് ആണ് ഉയര്‍ന്നത്. ശബരിമല സമര നായകന്‍ എന്ന് പിണറായി സര്‍ക്കാര്‍ മുദ്ര ചാര്‍ത്തി നല്‍കി ജയിലില്‍ ഇട്ട കെ സുരേന്ദ്രന്‍ തന്നെ സ്ഥാനാര്‍ത്ഥി ആയി എത്തിയപ്പോള്‍ ഹൈന്ദവ വോട്ടുകള്‍ എത്രത്തോളം അദ്ദേഹത്തിന്റെ പെട്ടിയില്‍ വീണു എന്നത് ഇടതു വലതു സ്ഥാനാര്‍ത്ഥികളില്‍ ഒരാളെ മൂന്നാം സ്ഥനത്തേക്കു വലിച്ചിടാന്‍ കാരണമാണ്. ആദ്യമായി പത്തു ലക്ഷത്തില്‍ അധികം വോട്ടു വീണ ഇവിടെ സുരേന്ദ്രന്‍ ജയിക്കുക എന്നത് അത്ര എളുപ്പമല്ല ക്രിസ്ത്യന്‍ വോട്ടുകളില്‍ വളരെ ചെറിയ പങ്കു മാത്രമേ തനിക്കു ലഭിച്ചിരിക്കൂ എന്ന് സുരേന്ദ്രന്‍ തന്നെ വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍ ഇവിടെ ലഭിക്കുന്ന രണ്ടാം സ്ഥാനം പോലും ബിജെപിയുടെ വരുംകാല വളര്‍ച്ചയ്ക്കുള്ള വളമാണ്. വീണ ജോര്‍ജോ ആന്റോ ആന്റണിയോ മൂന്നാം സ്ഥാനത്തേക്ക് വീണാല്‍ അവര്‍ തോല്‍ക്കുന്നത് ബിജെപിയുടെ മുന്നില്‍ ആണെന്നതാണ് വലിയ നാണക്കേടായി മാറുക. അധികമായി വീണ ഒരു ലക്ഷത്തോളം വോട്ടില്‍ ഭൂരിഭാഗവും സുരേന്ദ്രന്‍ കൊണ്ട് പോയിരിക്കും എന്നത് തര്‍ക്കമറ്റ കാര്യമാണ്. ഇവിടെയാണ് പിണറായിയുടെ തന്ത്രങ്ങള്‍ അപ്പാടെ തെറ്റുന്നത്. മതവികാരം ഉയര്‍ന്നാല്‍ കോണ്‍ഗ്രസിന്റെ ശവപ്പെട്ടിയില്‍ അവസാന ആണി അടിക്കാം എന്ന ചിന്തക്ക് അന്ത്യം കുറിച്ച് ഇടതു മണ്ഡലങ്ങളില്‍ നിന്ന് പോലും വലിയ ഒഴുക്കുണ്ടായതിനു താല്‍ക്കാലിക പ്രതിഭാസം എന്നൊക്കെ പറഞ്ഞു ആശ്വാസം കൊള്ളാന്‍ ആയിരിക്കും ഇനിയുള്ള നാളുകളില്‍ ഇടതു പക്ഷം ശ്രമിക്കുക. ഹിന്ദു ഭൂരിപക്ഷ മണ്ഡലം എന്ന് പറയാന്‍ കഴിയാത്ത പത്തനംതിട്ട വഴി ലഭിക്കുന്ന പിന്തുണ ബിജെപി കേരളം ഒന്നാകെ വരുംകാല തിരഞ്ഞെടുപ്പുകളില്‍ വീശിയടിക്കാന്‍ ഉള്ള കരുത്തു നേടിയെടുക്കുകയാണ്.

ഇതേ കാഴ്ചയാണ് തൃശൂരിലും ലഭ്യമാകുന്നത്. പുതുക്കാട് പോലെ ഹിന്ദു ഭൂരിഭാഗമുള്ള നിയമ സഭ മണ്ഡലങ്ങളില്‍ റെക്കോര്‍ഡ് പോളിങ് ആണ് നടന്നിരിക്കുന്നത്. ഇവിടെ 80 ശതമാനത്തില്‍ ഉയര്‍ന്ന പോളിങ്ങില്‍ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി ഇടതു വലതു മുന്നണികളെ ഞെട്ടിക്കും വിധം വോട്ടു നേടാന്‍ സാധ്യത ഏറെയാണ്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി കോണ്‍ഗ്രസ്സ് ഗ്രാഫ് താഴേക്കിറങ്ങുന്ന മണ്ഡലം കൂടിയാണ് പുതുക്കാട്. മുന്‍ കാലങ്ങളില്‍ തൃശൂര്‍ രൂപതയുടെ താല്‍പ്പര്യം നോക്കി സ്ഥാനാര്‍ത്ഥി എത്തിയിരുന്ന ഇവിടെ ഇത്തവണ ആ ആനുകൂല്യം നേരിയ തോതില്‍ എങ്കിലും ഇടതു സ്ഥാനാര്‍ത്ഥിക്കു ലഭിക്കേണ്ടി ഇരുന്നെങ്കിലും സുരേഷ് ഗോപിയുടെ വരവ് ചിത്രം അപ്പാടെ മാറ്റിവരയ്ക്കുകയാണ്. ഇവിടെ പിണറായി ആഗ്രഹിച്ച പോലെ കൂടുതല്‍ ഹിന്ദു വോട്ടുകളും യുഡിഎഫ് ക്യാമ്പില്‍ നിന്ന് ചോര്‍ന്നിരിക്കാമെങ്കിലും സുരേഷ് ഗോപിയുടെ താരപരിവേഷം ഇടതു സ്ത്രീ വോട്ടര്‍മാരില്‍ നിന്നും ചെറിയ തോതില്‍ എങ്കിലും നഷ്ടപ്പെടുത്താന്‍ സാധ്യത ഏറെയാണ്. തൃശൂര്‍ ലോക്സഭാ മണ്ഡലത്തിലെ നിയമ സഭ സീറ്റുകളില്‍ ഇടതു മുന്നണി 2016 ല്‍ നേട്ടം ഉണ്ടാക്കിയെങ്കിലും ഇത്തവണ ആ നേട്ടം നിലനിര്‍ത്താന്‍ സാധിച്ചില്ല എന്ന് പോളിങ് ട്രെന്റ് വ്യക്തമാക്കുന്നു. ശബരിമലയുടെ രാഷ്ട്രീയം പിണറായിയുടെ ചിന്തകള്‍ക്കും അപ്പുറമാണ് എന്ന് ഇതില്‍ നിന്നും വ്യക്തമാണ്.

തൊട്ടടുത്ത മണ്ഡലമായ ചാലക്കുടി നല്‍കുന്ന ചിത്രവും സമാനതകള്‍ ഉള്ളതാണ്. ഇവിടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അപ്രസക്തം ആയിരുന്നതിനാല്‍ വോട്ടൊഴുക്കു ഉണ്ടായതു യുഡിഎഫിന് ആണെന്ന് പോളിങ് ട്രെന്റ് നല്‍കുന്ന സൂചന. ഇടതു സ്വാധീന മേഖലകളായ കൊടുങ്ങല്ലൂര്‍, കൈപ്പമംഗലം, ചാലക്കുടി മണ്ഡലങ്ങളില്‍ പോളിങ് താഴ്ന്നു നിന്നപ്പോള്‍ യുഡിഎഫ് കേന്ദ്രങ്ങളായ അങ്കമാലി, ആലുവ, കുന്നത്തുനാട് എന്നിടങ്ങളിലെ പോളിങ് യുഡിഎഫ് ട്രെന്റിലേക്കു എന്ന സൂചന നല്‍കുന്നു. ഇടതു പക്ഷത്തിനു മുന്‍കൈ പറയാവുന്ന മണ്ഡലം ആയ പെരുമ്പാവൂരില്‍ ഉയര്‍ന്ന വോട്ടിങ് ഉണ്ടെങ്കിലും ഇവിടെ യുഎഡിഎഫ് സ്ഥാനാര്‍ത്ഥി ബെന്നി ബെഹന്നാന്റെ വ്യക്തി പ്രഭാവവും സാമുദായിക വോട്ടുകളും ചേര്‍ന്നപ്പോള്‍ 82 ശതമാനം വോട്ടര്‍മാരെയും ഈ അസെംബ്ലി സെഗ്മെന്റ് പോളിങ് ബൂത്തില്‍ എത്തിച്ചു. ഇടതു സ്ഥാനാര്‍ത്ഥി ഇന്നസെന്റ് ഇവിടെ പരാജയമായാല്‍ പഴയ മുകുന്ദപുരം മണ്ഡലത്തിലെ ശക്തമായ വോട്ട് ബാങ്കായ എന്‍ എസ് എസ് നും ബെന്നി ബെഹന്നാന്റെ വിജയത്തില്‍ ഒരു പങ്കു അവകാശപ്പെടാന്‍ കഴിയും.

ഹിന്ദു വോട്ടുകള്‍ സമാഹരിക്കാന്‍ സാധ്യത ഉള്ള സ്ഥലം ആണെങ്കിലും കഴിഞ്ഞ നിയമ സഭ തിരഞ്ഞെടുപ്പില്‍ ആലത്തൂര്‍ ലോക്സഭാ സീറ്റിലെ ഒരു മണ്ഡലത്തിലും ബിജെപി നിര്‍ണായകമായിരുന്നില്ല. ആ ട്രെന്റ് ഇത്തവണയും അവര്‍ത്തിച്ചേക്കാം. കോണ്‍ഗ്രസ് പ്രതീകശയോടെ അവതരിപ്പിച്ച പുതുമുഖം രമ്യ ഹരിദാസ് വ്യക്തമായ മുന്‍തൂക്കം നേടിയെടുത്ത പ്രചാരണ ശേഷം കോണ്‍ഗ്രസ് ആധിപത്യം അവകാശപെടാന്‍ ചിറ്റൂര്‍ അടക്കമുള്ള സ്ഥലങ്ങളില്‍ പോളിങ് ഉയര്‍ന്നത് ഇടതുപക്ഷത്തിന്റെ നെഞ്ചിടിപ്പ് കൂട്ടാന്‍ കാരണമാണ്. വെറും കാഴ്ച്ചക്കാരന്റെ റോളില്‍ ഒതുങ്ങിപോയ എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്കു ലഭിക്കേണ്ട വോട്ടും ഇവിടെ രമ്യയെ തേടി എത്തുമെങ്കില്‍ ഇടതുപക്ഷത്തിന് ഉറപ്പുള്ള ഒരു മണ്ഡലം കൂടിയാകും കൈവിട്ടു പോകുന്നത്.

കേരളത്തിലെ മുഴുവന്‍ അസംബ്ലി സീറ്റുകള്‍ തിരിച്ചുള്ള പോളിങ് ശതമാനം പുറത്തുവരുമ്പോള്‍ ഹിന്ദു വോട്ടുകള്‍ ഏകീകരിക്കപ്പെട്ട മണ്ഡലങ്ങളുടെ കണക്കെടുപ്പു ആദ്യം നടത്തുക ഇടതുപക്ഷ ബുദ്ധി കേന്ദ്രങ്ങള്‍ തന്നെ ആയിരിക്കും. ഈ മണ്ഡലങ്ങളില്‍ ബിജെപി എത്ര വോട്ടുകള്‍ അധികം നേടി, അതില്‍ തങ്ങള്‍ക്കു പോയതെത്ര, കോണ്‍ഗ്രസ് കൈക്കലാക്കിയത് എത്ര എന്നൊക്കെയുള്ള കണക്കുകളാകും വരും നാളുകളിലെ രാഷ്ട്രീയ കളികള്‍ നിര്‍ണയിക്കുക. തങ്ങള്‍ ഉദ്ദേശിച്ച പോലെയല്ല കാര്യങ്ങള്‍ പോയതെങ്കില്‍ നവോത്ഥാനവും സ്ത്രീ മുന്നേറ്റവും ശബരിമലയില്‍ സ്ത്രീ പ്രവേശനവും അട്ടത്തു കയറ്റാന്‍ സിപിഎമ്മും പിണറായിയും ഒരു മടിയും കാട്ടില്ല. കാരണം, അധികാര രാഷ്ട്രീയം നന്നായി ആസ്വദിക്കുന്ന പാര്‍ട്ടി കൂടിയാണ് സമീപകാല സിപിഎം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category