1 GBP = 87.80 INR                       

BREAKING NEWS

സിദ്ധ ചികിത്സയും ആധ്യാത്മിക രീതികളുമായി കഴിയുമ്പോള്‍ യൂ ടൂബ് വീഡിയോയിലൂടെ കണ്ടെത്തിയ പങ്കാളി; ആദ്യ നിക്കാഹിലെ മകനെ പൊന്നു പോലെ നോക്കാമെന്ന് സമ്മതിച്ചപ്പോള്‍ വീടുവിട്ടിറങ്ങി വടകരയിലെ ഉമ്മ; ശക്തീശ്വര ക്ഷേത്രത്തിലെ താലികെട്ടിനെ കുറിച്ച് അറിഞ്ഞപ്പോള്‍ ഹാലിളകി വീട്ടൂകാരും; ചെറുത്തു നിന്ന രണ്ടാം ഭര്‍ത്താവിന്റെ കണ്ണില്‍ മണ്ണുവാരിയിട്ട് സിനൂജയെ തട്ടിക്കൊണ്ട് പോയത് അടുത്ത ബന്ധുക്കള്‍; ഹേബിയസ് ഫയല്‍ ചെയ്ത് ഭാര്യയെ കാത്തിരിക്കുന്ന അരുണ്‍ സ്വാമിയുടെ കണ്ണീര്‍ കഥ

Britishmalayali
എം മനോജ് കുമാര്‍

ആലപ്പുഴ: ഭാര്യാമാതാവും ബന്ധുക്കളും വീടാക്രമിച്ച് തട്ടിക്കൊണ്ടുപോയ തന്റെ ഭാര്യ സിനൂജയ്ക്ക് ആയുള്ള ആലപ്പുഴ സ്വദേശി അരുണ്‍ കുമാറിന്റെ കാത്തിരിപ്പ് നീളുന്നു. കഴിഞ്ഞ മാസം നാലാം തീയതി പുനര്‍വിവാഹിതനായ അരുണ്‍ കുമാറിന്റെ ഭാര്യ സിനൂജയെയാണ് കോഴിക്കോട് വടകരയിലുള്ള ഭാര്യാവീട്ടുകാര്‍ ഇതേ മാസം 28 -ാം തീയതി ആലപ്പുഴ തുറവൂരുള്ള വീട് ആക്രമിച്ച് തട്ടിക്കൊണ്ടുപോയത്. വിവാഹ ശേഷം വെറും രണ്ടാഴ്ച മാത്രമാണ് അരുണ്‍ കുമാറിന് സിനൂജയുമായി ഒരുമിച്ച് താമസിക്കാന്‍ കഴിഞ്ഞത്.


ആലപ്പുഴ പൊലീസില്‍ നല്‍കിയ പരാതിയില്‍ തീര്‍പ്പാകാത്തത് കാരണം ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഫയല്‍ ചെയ്ത് ഭാര്യയ്ക്കായുള്ള കാത്തിരിപ്പിലാണ് അരുണ്‍കുമാര്‍. വിവാഹമോചിതനായിരിക്കെയാണ് അരുണ്‍ മുസ്ലിമായ കോഴിക്കോട്ടുകാരി സിനൂജയുമായി അടുക്കുന്നത്. ആലപ്പുഴ തുറവൂരില്‍ സിദ്ധ ചികിത്സയും ആധ്യാത്മിക രീതികളുമായി കഴിയുമ്പോഴാണ് അരുണ്‍ കുമാര്‍ വിവാഹമോചിതയും ഒരു കുട്ടിയുടെ മാതാവുമായ സിനൂജയുമായി പരിചയപ്പെടുന്നത്. ഈ അടുപ്പമാണ് കഴിഞ്ഞ മാസം വിവാഹത്തിലേക്ക് നീണ്ടത്.

സിനൂജയുടേത് സാമ്പത്തികമായി ഉയര്‍ന്ന മുസ്ലിം കുടുംബമാണ്. അരുണ്‍ കുമാറിന്റെ പശ്ചാത്തലം ഹൈന്ദവ പശ്ചാത്തലവും. അതിനാല്‍ സിനൂജയുടെ വീട്ടുകാര്‍ ഈ ബന്ധത്തിന് കര്‍ശനമായി എതിരായിരുന്നു. മുസ്ലിം ആണെങ്കിലും പര്‍ദ്ദയിടാനോ മുസ്ലിം ആചാരങ്ങള്‍ ശക്തമായി പിന്തുടരാനോ സിനൂജ തയ്യാറായിരുന്നില്ല. ഈ ഹൈന്ദവ ചായ്വ് തന്നെയാണ് താനുമായി സിനൂജ അടുക്കാന്‍ കാരണം-അരുണ്‍ കുമാര്‍ മറുനാടന്‍ മലയാളിയോട് പറഞ്ഞു. സിനൂജയ്ക്ക് ആദ്യ വിവാഹത്തില്‍ ഒരു മകനുണ്ട്.

ഈ മകനെയും കൂട്ടിയാണ് കഴിഞ്ഞ മാസം വീട്ടുകാരുടെ കണ്ണ് വെട്ടിച്ച് സിനൂജ അരുണ്‍ കുമാറിന്റെ അടുക്കലേക്ക് ഇറങ്ങി വന്നത്. ഈ ഇറങ്ങി വരലിനെ തുടര്‍ന്നാണ് വിവാഹവും നടക്കുന്നത്. ആലപ്പുഴ കളവംകോടം ശ്രീ ശക്തീകര ക്ഷേത്രത്തില്‍ വെച്ച് കഴിഞ്ഞ മാസം നാലാം തീയതിയായിരുന്നു വിവാഹം. പക്ഷെ വിവാഹത്തിന് ശേഷം രണ്ടാഴ്ച പിന്നിടുമ്പോള്‍ 28 ആം തീയതി തന്നെ കോഴിക്കോട് വടകര നിന്നെത്തിയ ഭാര്യാ മാതാവും ബന്ധുക്കളും ഗുണ്ടാസംഘവും അരുണ്‍കുമാറിന്റെ വീട് ആക്രമിച്ച് സിനൂജയെ ഇറക്കിക്കൊണ്ടു പോവുക തന്നെ ചെയ്തു.

കഴിഞ്ഞ മാസം മൂന്നിനാണ് സിനൂജ അരുണ്‍ കുമാറിനൊപ്പം ഇറങ്ങി വന്നത്. നാലാം തീയതി ആലപ്പുഴ വെച്ച് വിവാഹിതരാവുകയും ചെയ്തു. സിനൂജ ഇറങ്ങി വന്നപ്പോള്‍ കുറ്റ്യാടി പൊലീസ് സ്റ്റേഷനില്‍ സിനൂജയുടെ ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. പക്ഷെ സ്വമേധയാ ഇറങ്ങി വന്നതാണെന്ന് പറഞ്ഞപ്പോള്‍ ഈ പരാതിയില്‍ നടപടി വന്നില്ല. അതിനു ശേഷമാണ് 28 ആം തീയതി ഇരുപതോളം ഗുണ്ടകളുമായി ഭാര്യാ മാതാവും ബന്ധുക്കളും അരുണിന്റെ വീട്ടില്‍ എത്തുന്നത്. രണ്ടു ഇന്നോവാ കാറിലാണ് ഇവര്‍ എത്തിയത്. അയല്‍വക്കത്തുള്ള വീടുകളില്‍ കയറിയിറങ്ങി കാര്യങ്ങള്‍ സംസാരിച്ച ശേഷമാണ് ഇവര്‍ വീട്ടിലെത്തിയത്. ആ സമയം ഞാനും സിനൂജയും അമ്മയും മാത്രമായിരുന്നു. ഞാന്‍ വരില്ലാ എന്നാണ് സിനൂജ തീര്‍ത്ത് പറഞ്ഞത്.

അതോടെ സിനൂജയുടെ അമ്മാവന്‍ മുന്നോട്ടു വന്നു സിനൂജയുടെ രണ്ടും കയ്യും ചേര്‍ത്ത് പിടിച്ച് വലിച്ചിഴച്ച് വീട്ടിലൂടെ വലിച്ചിഴച്ചു. ഭാര്യാ മാതാവ് ആദ്യം ചെയ്തത് സിനൂജ ധരിച്ചിരുന്ന നൈറ്റി വലിച്ചു കീറുകയാണ്. ഇത്രയും ആളുകളുടെ മുന്നില്‍ വസ്ത്രങ്ങള്‍ വലിച്ചു കീറപ്പെട്ട നിലയിലാണ് സിനൂജയെ വലിച്ചിഴച്ചത്. ഒപ്പം നല്ല മര്‍ദ്ദനവും നടത്തി. ഈ രീതിയിലാണ് സിനൂജയെ കാറിലേക്ക് മാറ്റുന്നതും. ഭര്‍ത്താവ് എന്ന രീതിയില്‍ ഞാന്‍ ചെറുത്തുനിന്നു. അതോടുകൂടിയാണ് ഇരുപതോളം ഗുണ്ടകള്‍ ചേര്‍ന്ന് എന്നെ ക്രൂരമായി മര്‍ദ്ദിക്കുന്നത്. നിലത്തിട്ട് എന്നെ ചവിട്ടി മറിച്ചു. കണ്ണില്‍ മണ്ണ് വാരിയിട്ടായിരുന്നു മര്‍ദ്ദനം. പൊലീസില്‍ വിവരമറിയിച്ചിട്ടും മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞാണ് അന്ന് പൊലീസ് എത്തിയത്. പക്ഷെ പരാതി കേട്ടതല്ലാതെ അടിയന്തിര നടപടികള്‍ക്ക് പൊലീസ് തയ്യാറായില്ല. വഴി ബ്ലോക്ക് ചെയ്ത് അവര്‍ക്ക് ഭാര്യയെ വീട്ടുകാരില്‍ നിന്നും മോചിപ്പിക്കാമായിരുന്നു. പക്ഷെ രക്ഷപ്പെടാനുള്ള സമയമാണ് പൊലീസ് നല്‍കിയത്-അരുണ്‍ പറഞ്ഞു.

ആധ്യാത്മിക കാര്യങ്ങളില്‍ യു ട്യൂബില്‍ അരുണ്‍ കുമാര്‍ വീഡിയോ പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു. ഈ വീഡിയോ കണ്ടിട്ടാണ് സിനൂജ അരുണ്‍കുമാറുമായി അടുക്കുന്നത്. തന്റെ കുട്ടിയെ അരുണ്‍ കുമാര്‍ സ്വീകരിക്കുമോ എന്നാണ് സിനൂജ തിരക്കിയത്. എന്റെ മകനായി കരുതാം എന്ന് പറഞ്ഞതോടെ സിനൂജ വടകരയുള്ള വീട്ടില്‍ നിന്ന് അരുണ്‍ കുമാറിനെ വിവാഹം കഴിക്കാന്‍ ഒരുങ്ങി ഇറങ്ങിച്ചെല്ലുകയായിരുന്നു. ഗള്‍ഫിലുള്ള ഒരാളുമായാണ് സിനൂജയുടെ വിവാഹം കഴിഞ്ഞത്. ഈ ബന്ധത്തിലുള്ള മകനാണ് സിനൂജയ്ക്ക് ഒപ്പമുള്ളത്. ഭര്‍ത്താവുമായി നിയമപരമായി വിവാഹമോചിതയായി കഴിയുമ്പോഴാണ് അരുണുമായി സിനൂജ അടുക്കുന്നത്. ഇവിടെ വീട്ടില്‍ തുടരാന്‍ കഴിയില്ല. എന്നെ വീട്ടുകാര്‍ കൊല്ലുമെന്ന് ഞാന്‍ ഭയപ്പെടുന്നു. അതിനാല്‍ അരുണിനെ വിവാഹം കഴിക്കാന്‍ ഞാന്‍ തയ്യറാണ് എന്നാണ് അറിയിച്ചത്. അതിനാലാണ് കോഴിക്കോട് സിവില്‍ സ്റ്റേഷന് മുന്നില്‍ നില്‍ക്കണം എന്നാണ് എന്നോട് പറഞ്ഞത്. അവിടെനിന്നാണ് ഞാന്‍ സിനൂജയെ ഒപ്പം കൂട്ടുന്നത്-അരുണ്‍ തുടരുന്നു.
അന്ന് ഗുണ്ടാസംഘവും സിനൂജയുടെ ബന്ധുക്കളും എത്തിയ രണ്ടു ഇന്നോവാ കാറുകള്‍ ആലപ്പുഴ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പക്ഷെ സിനൂജ എവിടെയുണ്ട് എന്ന കാര്യം പൊലീസ് അരുണ്‍ കുമാറിനോട് വെളിപ്പെടുത്തിയിട്ടില്ല. ഉന്നത രാഷ്ട്രീയ ബന്ധങ്ങള്‍ സിനൂജയുടെ കുടുംബത്തിന് തുണയാവുന്നത് എന്നാണ് അരുണ്‍ ആരോപിക്കുന്നത്. പൊലീസ് സിനൂജയെ തിരയാന്‍ ഒരു താത്പര്യം കാണിക്കുന്നില്ല. അതിനാലാണ് ഹൈക്കോടതിയില്‍ ഹേബിയസ് ഫയല്‍ ചെയ്തത്-അരുണ്‍ പറയുന്നു. ഹേബിയസ് ഫയല്‍ ചെയ്‌തെങ്കിലും അരുണിന്റെ കാത്തിരിപ്പ് നീളുക തന്നെയാണ്. സിനൂജയെ ഹാജരാക്കാനുള്ള ഹൈക്കോടതി ഉത്തരവിലാണ് ഇപ്പോള്‍ അരുണിന്റെ പ്രതീക്ഷ.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category