1 GBP = 91.50 INR                       

BREAKING NEWS

മാതാപിതാക്കള്‍ക്കൊപ്പം ബ്രിട്ടനിലെത്തി പഠിച്ചു നഴ്‌സായ ജീവ എവറസ്റ്റ് കീഴടക്കാന്‍ നാളെ യാത്ര തുടങ്ങുന്നു; നേപ്പാളിലെ 17000 അടി ഉയരെ കാല്‍ തെന്നുന്ന ഹിമപാതം താണ്ടി ശ്വാസവായു ഇല്ലാത്ത കൊടുമുടി കീഴടക്കാനിറങ്ങുന്ന ലിവര്‍പൂളിലെ ജോയ് അഗസ്റ്റിയുടെ മകള്‍ക്ക് ആശംസകളുമായി യുകെ മലയാളികള്‍

Britishmalayali
കെ ആര്‍ ഷൈജുമോന്‍

കവന്‍ട്രി: എവറസ്റ്റ് കീഴടക്കിയ ടെന്‍സിംഗിന്റേയും ഹിലാരിയുടെയും കഥ വായിച്ചു പഠിച്ച യുകെ മലയാളികള്‍ക്ക് ഹൃദയത്തില്‍ സൂക്ഷിക്കാന്‍ ഒരു പേരുകൂടി, ലിവര്‍പൂളിലെ മലയാളി നഴ്സ് ജീവ ജോയ്. സാഹസികത മനസ്സില്‍ സൂക്ഷിക്കുന്ന ജീവയെ കുറിച്ചു ലിവര്‍പൂള്‍ മലയാളികള്‍ക്ക് അറിയാമെങ്കിലും യുകെ മലയാളി സമൂഹത്തിനു അത്ര പരിചിതയല്ല ജീവ. എന്നാല്‍ ജീവയുടെ പിതാവ് ആരെന്നറിഞ്ഞാല്‍ ഈ സാഹസികത വന്ന വഴിയും പിടികിട്ടും.

യുകെ മലയാളി സമൂഹത്തിലെ സാംസ്‌കാരിക രംഗത്ത് സ്വന്തം പേരെഴുതിച്ചേര്‍ത്ത അങ്കമാലി പോലീസ് എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ജോയ് അഗസ്റ്റിയുടെ മകള്‍ ജീവ ജോയ് എവറസ്റ്റ് ബേസ് ക്യാമ്പ് കീഴടക്കാന്‍ നാളെ യാത്ര തിരിക്കുകയാണ്. രണ്ടു ദിവസത്തെ യാത്രക്ക് ശേഷം നേപ്പാളില്‍ എത്തുന്ന ജീവ 13 ദിവസത്തെ സാഹസിക യാത്രയാണ് എവറസ്റ്റ് കീഴടക്കാന്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്. വെള്ളിമാമലകള്‍ നിറഞ്ഞ 17000 അടി ഉയരത്തില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന എവറസ്റ്റ് ബേസ് ക്യാമ്പ് ജീവക്കായി തല കുനിച്ചു നല്‍കുമെന്ന പ്രതീക്ഷയാണ് സുഹൃത്തുക്കളും മറ്റും പങ്കിടുന്നത്.
ഓരോ പര്‍വ്വതാരോഹകനും മനസ്സില്‍ സൂക്ഷിക്കുന്ന സ്വപ്നമാണ് എവറസ്റ്റ് കീഴടക്കല്‍. കൊടുമുടിയുടെ ഉച്ചസ്ഥായിയില്‍ എത്താന്‍ 29000 അടി കയറണം എന്നതിനാല്‍ സാധാരണ സാഹസികര്‍ 17000 അടി കയറാന്‍ ഉള്ള വെല്ലുവിളിയാണ് ഏറ്റെടുക്കുക. അതു പോലും അത്ര നിസാരമല്ല. ഓരോ ചുവടും മുന്നോട്ടു വയ്ക്കുന്ന സമയവും കുറഞ്ഞു വരുന്ന പ്രാണ വായു മൂലം രക്തസ്രാവം അടക്കമുള്ള ശാരീരിക അസ്വസ്ഥതകള്‍ മറികടന്നു വേണം ഈ നേട്ടം സ്വന്തമാക്കാന്‍.

ഒരു ചുവടു തെന്നിയാല്‍ അനേകായിരം അടി തഴ്ച്ചയിലേക്കു പതിഞ്ഞു ഹിമവാന്റെ മടിത്തട്ടില്‍ എത്തുവാനുള്ള നിയോഗമാകും സഞ്ചാരിയെ കാത്തിരിക്കുക. ഒട്ടും പ്രതീക്ഷിക്കാതെ അലറിയടിച്ചെത്തുന്ന ഹിമക്കാറ്റില്‍ മഞ്ഞുമലകള്‍ പോലും സഞ്ചാരികളെ പൊതിഞ്ഞെന്നും വരാം. ഇത്തരത്തില്‍ ഓരോ ചുവടിലും അപകടത്തെ കൂടെ പിടിച്ചാണ് എവറസ്റ്റ് കീഴടക്കാന്‍ സഞ്ചാരികള്‍ തയ്യാറാകുന്നത്.

ഇതിനെക്കുറിച്ചെല്ലാം നല്ല വ്യക്തമായ ധാരണകളോടെയാണ് താന്‍ ഇറങ്ങി തിരിക്കുന്നതെന്നും ജീവ യാത്ര പുറപ്പെടും മുന്‍പ് ബ്രിട്ടീഷ് മലയാളിയോട് സൂചിപ്പിച്ചു. രണ്ടു വര്‍ഷം മുന്‍പ് നഴ്‌സിങ് ജോലിയില്‍ പ്രവേശിക്കും മുന്‍പേ നേപ്പാളില്‍ എത്തി കൈലാസം കണ്ട ശേഷമാണ് എവറസ്റ്റ് കാണണമെന്ന മോഹം ജീവയില്‍ ശക്തമായത്. ഇതിനു കരുത്തായി യുകെയില്‍ നടത്തിയ വിവിധ പര്‍വത യാത്രകളും ജീവക്ക് കൂടെയുണ്ട്.

മിക്ക സാഹസികരും യുകെയില്‍ ഏറ്റെടുക്കുന്ന ത്രീ പീക് ചലഞ്ച് നടത്തിയ ജീവ എവറസ്റ്റ് യാത്രക്കായി ഒട്ടേറെ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ട്. ഇതിനായി കടുത്ത ശാരീരിക വ്യായാമ മുറകളും ജീവ നടത്തിയിരുന്നു. വെയ്ല്‍സിലും ലേക് ഡിസ്ട്രിക്ടിലും ഒക്കെ കിട്ടാവുന്ന മലകളൊക്കെ കയറിക്കഴിഞ്ഞു. പകല്‍ മുഴുവന്‍ ആശുപത്രിയില്‍ ജോലി ചെയ്ത ശേഷവും രാവേറെ ജിമ്മില്‍ വ്യായാമം നടത്തിയാണ് ജീവ എവറസ്റ്റ് യാത്രക്കുള്ള കരുത്തു സമ്പാദിച്ചത്. 
ഇനി യുകെ മലയാളികളുടെ പ്രാര്‍ത്ഥനയും പിന്തുണയും കൂടെ ഉണ്ടെങ്കില്‍ ജീവ ചരിത്രം സൃഷ്ടിക്കും. ഇതു രണ്ടാം വട്ടമാണ് എവറസ്റ്റ് കൊടുമുടി യുകെ മലയാളിയുടെ കാല്‍പാദം കാത്തിരിക്കുന്നത്. ആറുവര്‍ഷം മുന്‍പ് സ്വാന്‍സിയയിലെ എ ലെവല്‍ വിദ്യാര്‍ത്ഥിനി അനന്യ ജോര്‍ജ് ബേസ് ക്യാമ്പ് കീഴടക്കിയത് ബ്രിട്ടീഷ് മലയാളി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് കേരളത്തിലെ മാധ്യമങ്ങളില്‍ വന്‍തലക്കെട്ടുകള്‍ സൃഷ്ടിച്ചിരുന്നു. അനന്യയുടെ പിതാവിന്റെ നാട്ടില്‍ അടക്കം സ്വീകരണങ്ങളും ലഭിച്ചിരുന്നു. യുകെയില്‍ ജീവിക്കുന്നത് വഴി ലഭിക്കുന്ന സ്വയാര്‍ജ്ജിത മാനസിക ധൈര്യമാണ് ജീവയേയും അനന്യയെയും ഇത്തരം കടുത്ത സാഹസികത ഏറ്റെടുക്കാന്‍ പ്രേരിപ്പിച്ചതെന്നും വ്യക്തം.

കൈലാസ യാത്രക്കിടയില്‍ നേപ്പാളിലെയും ടിബറ്റിലെയും കുട്ടികളുടെ ദയനീയാവസ്ഥ കണ്ടതോടെയാണ് ജീവകാരുണ്യത്തിനായി എവറസ്റ്റ് കൊടുമുടി കയറാം എന്ന തീരുമാനത്തില്‍ എത്താന്‍ ജീവയെ പ്രേരിപ്പിച്ചത്. യാത്രകളെ എപ്പോഴും ഇഷ്ടപ്പെടുന്ന ജീവ എവറസ്റ്റ് കീഴടക്കാന്‍ ഉള്ള കാത്തിരിപ്പില്‍ സ്വന്തം ഇഷ്ടങ്ങള്‍ക്കു പോലും അവധി നല്‍കിയിരിക്കുകയാണ്. മകളുടെ സാഹസിക യാത്രയില്‍ അല്‍പം ആശങ്കയും അമ്പരപ്പും ഒക്കെ മാതാപിതാക്കള്‍ക്കും ഉണ്ടെങ്കിലും ജീവിതത്തില്‍ അപൂര്‍വമായി മാത്രം സംഭവിക്കുന്ന ഒരു കാര്യത്തിന് മുഴുവന്‍ പിന്തുണയും നല്‍കിയാണ് ഡാഡിയും മമ്മിയും കൂടെയുള്ളതെന്നും ജീവ പറയുന്നു.

യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കുട്ടികളുടെ ക്ഷേമത്തിനുള്ള സ്റ്റാന്‍ഡ് വിത്ത് മീ എന്ന സംഘടനക്ക് വേണ്ടിയാണു ജീവ മലകളുടെ മുത്തച്ഛനെ തേടി എത്തുന്നത്. രണ്ടായിരം പൗണ്ട് ലക്ഷ്യമിട്ട ജീവ ഇതിനകം 1200 പൗണ്ടോളം ഈ ചാരിറ്റിക്കായി നേടിക്കഴിഞ്ഞു. ജീവകാരുണ്യം മുന്‍നിര്‍ത്തി അസാധാരണ ധീരത കാട്ടുന്ന ജീവക്ക് പിന്തുണയായി ബ്രിട്ടീഷ് മലയാളി വായനക്കാര്‍ക്കും കയ്യിലെ ചെറിയ നാണയത്തുട്ടുകള്‍ എങ്കിലും നല്‍കി ഈ യാത്രയില്‍ കൂടെ നില്‍ക്കാം.
പിതാവിനൊപ്പം പാട്ടിനും നാടകത്തിനും നൃത്തത്തിനും ഒക്കെ പിന്തുണ നല്‍കി കൂടെ നിന്ന മകള്‍ എന്ന നിലയിലാണ് ലിവര്‍പൂള്‍ മലയാളികള്‍ ജീവയെ അറിഞ്ഞിരുന്നത്. ഇനി മുതല്‍ എവറസ്റ്റ് കീഴടക്കിയ ധീര വനിത എന്ന ലേബല്‍ ആയിരിക്കും ജീവക്കായി ലിവര്‍പൂള്‍ മലയാളികള്‍ സമ്മാനിക്കുക. എന്നാല്‍ യുകെ മലയാളി സമൂഹമാകട്ടെ, മറ്റൊരു മലയാളി പെണ്‍കുട്ടി കൂടി എവറസ്റ്റ് കീഴടക്കി എന്ന വാര്‍ത്തയ്ക്കായുള്ള കാത്തിരിപ്പും ഇന്ന് മുതല്‍ തുടങ്ങുകയാണ്, പ്രാര്‍ത്ഥനകളും ആശീര്‍വ്വദനങ്ങളുമായി.

മുഴുവന്‍ വെല്ലുവിളികളും നേരിട്ട് ധീരയായി ഹിമവാന്റെ നെറുകയില്‍ തലോടാന്‍ ജീവക്ക് സാധിക്കട്ടെയെന്ന പ്രാര്‍ത്ഥനയുമായി സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ഈ യാത്രയില്‍ കൂടെയുള്ളപ്പോള്‍ ഈ പെണ്‍കുട്ടി മനസും ശരീരവും ഊര്‍ജ്ജം നിറയ്ക്കുകയാണ്, ജീവിതത്തിലെ മറക്കാനാകാത്ത യാത്രയ്ക്കായി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category