1 GBP = 91.00 INR                       

BREAKING NEWS

ആഗോളഭീകരത മനുഷ്യന്റെ ജീവിത ചരിത്രങ്ങളും അടയാളങ്ങളും എന്നന്നേയ്ക്കുമായി നശിപ്പിക്കുമ്പോള്‍ പൊതുജനങ്ങള്‍ അന്യോന്യം സംരക്ഷകരാവണം

Britishmalayali
റോയ് സ്റ്റീഫന്‍

ഗോളഭീകരത പ്രവര്‍ത്തനങ്ങളുടെ തിക്തഫലങ്ങള്‍ അനുഭവിക്കുന്നത് പ്രാഥമികമായും വ്യക്തികളും അവരുടെ ഉറ്റവരും ഉടയവരുമാണെങ്കിലും പിന്നീട് ഓരോ ഭീകരാക്രമണവും വ്യക്തികളിലും സമൂഹങ്ങളിലും ആജീവനാന്തമായ മാനസിക മുറിവുകളും വേദനകളും കൂടിയാണ് സൃഷ്ടിക്കുന്നത്. അതോടൊപ്പം തന്നെ മനുഷ്യന്റെ വസ്തുവകകളുടെയും ആവാസമേഖലകളിലുമുണ്ടാവുന്ന നാശനഷ്ടങ്ങള്‍ ഒരുപരിധിവരെ പുനരുദ്ധരിക്കാമെങ്കിലും അതിനുവേണ്ടിവരുന്ന സാമ്പത്തിക ബാദ്ധ്യതകളും ബുദ്ധിമുട്ടുകളും കാലതാമസങ്ങളും വളരെ വലുതാണ്. ഓരോ ആക്രമണങ്ങളെയും അതിജീവിക്കുന്നവര്‍ക്കും മുറിവേറ്റവര്‍ക്കും ഉണ്ടാകുന്ന മാനസിക ആഘാതങ്ങളും വിഷാദനൈരാശ്യ രോഗങ്ങളും വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും സമൂഹങ്ങള്‍ക്കും ഭരണകൂടങ്ങള്‍ക്കും നല്‍കുന്നത് വീണ്ടും വന്‍ സാമ്പത്തിക ബാധ്യതകളുമാണ്.

യൂറോപ്പിലാകമാനം ഭീകരതയിലൂടെയുണ്ടാകുന്ന സാമ്പത്തിക ബാദ്ധ്യത എത്രത്തോളമുണ്ടന്നറിയുവാനായി ആര്‍ എ എന്‍ ഡി യും യുകെ യും (റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ്) യൂറോപ്യന്‍ യൂണിയനും സംയുകതമായി നടത്തിയ പഠനത്തില്‍ നിന്നും വെളിവാക്കിയത് 2004 മുതല്‍ 2015 വരെയുള്ള കാലയളവില്‍ മാത്രം ഏകദേശം 180 ബില്ല്യണ്‍ യൂറോ (ഏകദേശം പതിനഞ്ചു ലക്ഷം കോടി രൂപ) ചിലവായതായിട്ടാണ്. ഈ പഠനത്തില്‍ ഭീകരാക്രമണം മൂലമുണ്ടാകുന്ന എല്ലാ സാമ്പത്തിക ബാദ്ധ്യതകളും അതായതു ഓരോ ആക്രമണങ്ങളെയും അതിജീവിക്കുന്നവര്‍ക്കുണ്ടാകുന്ന ഉത്കണ്ഠയും നൈരാശ്യവും ഉള്‍പ്പെടുന്ന രോഗങ്ങള്‍ക്കുള്ള ചികിത്സയും പരുക്കേറ്റവരുടെ ശിഷ്ടകാല ജീവിതത്തിന്റെ സാമ്പത്തിക ചിലവുകളും ഇതില്ലെല്ലാമുപരി വ്യക്തികള്‍ രോഗികളായി മാറുമ്പോള്‍ പൊതു ഖജനാവിനുണ്ടാകുന്ന സാമ്പത്തിക ബാധ്യതയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യത്തിന്റെ വളര്‍ച്ചയുടെ ഭാഗമാകേണ്ട ഓരോ പൗരന്മാരും ഭീകരാക്രമണങ്ങളിലൂടെ രാജ്യത്തിന്റെയും രാജ്യത്തിലെ മറ്റു പൗരന്മാരുടെയും കൂടി ബാധ്യതയായി മാറുകയാണ്.

ഭീകര പ്രവര്‍ത്തനങ്ങള്‍ പ്രാദേശികമായും ദേശീയമായും പിന്നീട് ആഗോളപരമായും ലോകത്തിലെ ഭൂരിഭാഗം രാജ്യങ്ങളിലും വേറിട്ട രീതിയിലും വിവിധ ഭാവങ്ങളിലും അനുദിനം അരങ്ങേറുന്നുന്നുണ്ട്. ഇതിന്റെയെല്ലാം അനന്തരഫലങ്ങളും പിന്നീടുണ്ടാകുന്ന ഭവിഷ്യത്ത്വകളും പൊതുജനങ്ങള്‍ മാത്രമാണാനുഭവിക്കുന്നത്.  ഇപ്പോള്‍ നിലവിലുള്ള ആഗോള ഭീകരതയുടെ പ്രഭവസ്ഥാനമെന്നു വിശേഷിപ്പിക്കുന്ന  മിഡില്‍ ഈസ്റ്റ് -ല്‍ യൂറോപ്പില്‍ നടത്തിയപോലുള്ള  ഒരു പഠനം നിലവിലെ സാഹചര്യത്തില്‍ സംഘടിപ്പിക്കുവാന്‍ ഉതകുന്ന സ്ഥിതിവിശേഷമല്ല ഇപ്പോഴുള്ളത്. എങ്കിലും  ഈ മേഖലയിലെ ഇവിടങ്ങളിലുള്ള  വിദഗ്ധരുടെ വിലയിരുത്തലുകള്‍ വളരെ അധികം ആശങ്കാജനകമാണ്. മാനുഷിക ചിന്തകള്‍ക്ക് അതീതമായ സാമൂഹിക സാംസ്‌കാരിക അധപതനങ്ങളും  വിനാശങ്ങളും സാമ്പത്തിക നഷ്ടങ്ങളുമാണ് അനുദിനം അരങ്ങേറിക്കൊണ്ടിരിക്കുന്നതും അനുഭവിച്ചുകൊണ്ടിരിക്കുന്നതും. ഗവേഷണാടിസ്ഥാനത്തിലുള്ള പഠനങ്ങള്‍ കൂടുതലും വികസിത രാജ്യങ്ങളാണ് സംഘടിപ്പിക്കുന്നതെങ്കിലും നിലവിലെ സാഹചര്യത്തില്‍ മിഡില്‍ ഈസ്റ്റിലെ ജനങ്ങള്‍ ഭീകരാക്രമണങ്ങള്‍ നിമിത്തം നരകയാതന അനുഭവിച്ചുകൊണ്ടിരിക്കുന്ന സ്ഥിതിയില്‍ ഒരു പഠനത്തേക്കാളുപരി ശാശ്വതപരിഹാരമായ ശാന്തിയും സമാധാനവും മാത്രമാണ് ആഗ്രഹിക്കുന്നത്. ഗവേഷണപഠനങ്ങള്‍ ഭാവിയില്‍ ധാരാളം ഗുണം ചെയ്യുമെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഇതിന്റെ വെളിപ്പെടുത്തലുകള്‍ ഉള്‍കൊള്ളുവാനുള്ള മാനസിക സ്ഥിധിയിലായിരിക്കില്ല ഭൂരിഭാഗം പൊതുജനങ്ങളും.

എങ്കില്‍ കൂടെയും ഭീകരാക്രമണങ്ങളുടെ എല്ലാ പരിണിത ഫലങ്ങളെയും  ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള അവലോകനത്തില്‍ തന്നെ ധാരാളം വിലപ്പെട്ട വസ്തുതകള്‍ മനസിലാക്കുവാന്‍ സാധിക്കും. മിഡില്‍ ഈസ്റ്റ് -ന്റെ പ്രധാന വരുമാന സ്രോതസ്സായ എണ്ണ  വ്യവസായങ്ങള്‍ക്കും സംരഭങ്ങള്‍ക്കുമുണ്ടായ നഷ്ടങ്ങളാണ് പ്രാഥമികമായും വിലയിരുത്തന്നത്. ഭൂരിഭാഗം ലോകരാജ്യങ്ങളും തങ്ങളുടെ ദൈനം ദിനാവശ്യങ്ങള്‍ക്കുള്ള എണ്ണ ഇറക്കുമതി ചെയ്യുന്നത് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുമാണ്. സ്വാഭാവികമായും ഈ മേഖലയിലുണ്ടാവുന്ന അരക്ഷിതാവസ്ഥകള്‍ എണ്ണയുല്‍പാദനത്തെയും അനുബന്ധത്തിലുള്ള ആഗോള വാണിജ്യത്തെയും ബാധിക്കും. ഐസിസ് ഭീകരവാദികള്‍ സിറിയയിലെയും  ഇറാഖിലെയും പല തന്ത്രപ്രധാനമേഖലകള്‍ കയ്യടക്കുവാന്‍ വേണ്ടി മാത്രം തുടക്കത്തിലേ  തന്നെ എണ്ണപ്പാടങ്ങള്‍ ആക്രമിച്ചു തീയിട്ടുകൊണ്ടു ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും അതിനെത്തുടര്‍ന്ന് ഉത്പാദനക്ഷമത കുറയ്ക്കുകയും പിന്നീട് ഈ മേഖലകളെല്ലാം അവരുടെ അധീനതയില്‍ ആക്കിയപ്പോള്‍ ഐസിസ്സിന്റെ പ്രധാന വരുമാന സ്ത്രോതസ് ഈ അനധികൃത എണ്ണവ്യാപാരമായി മാറുകയും ചെയ്തു. ഏകദേശം മൂന്ന് മില്യണ്‍ ഡോളറിന്റെ പ്രതിദിന വരുമാനം ഐസിസ്സിന് ഉണ്ടായിരുന്നതായാണ് കണക്കാക്കപ്പെടുന്നത്. അനധികൃത വ്യാപാരത്തിലൂടെ നേടിയ മുഴുവന്‍ വരുമാനവും അവരുടെ ഭീകര സാമ്രാജ്യം വിപുലീകരിക്കുവാന്‍ ഉപയോഗിച്ചതായും കണക്കാക്കപ്പെടുന്നത്.

ലോകത്തില്‍ നിലവിലുള്ള എല്ലാ മത വിഭാഗങ്ങളുടെയും തന്നെ ചരിത്ര സ്മാരകങ്ങളും തീര്‍ഥാടന കേന്ദ്രങ്ങളും നിലനില്‍ക്കുന്നത് കൊണ്ട് മാത്രം മിഡില്‍ ഈസ്റ്റ്- ന് മറ്റൊരു പ്രധാന വരുമാന സ്രോതസാണ് വിനോദസഞ്ചാര മേഖലകള്‍. 2011 ല്‍ സിറിയയില്‍ ആഭ്യന്തരകലാപം ഉടലെടുക്കുന്നതിനു മുന്‍പ് ഏകദേശം എട്ടര മില്യണ്‍ വിനോദ സഞ്ചാരികള്‍ പ്രതിവര്‍ഷം സിറിയ സന്ദര്‍ശിച്ചതായി കണക്കാക്കപ്പെടുന്നു. വിനോദ സഞ്ചാരത്തിലൂടെ മാത്രമുണ്ടായ വാര്‍ഷിക വരുമാനം ഏകദേശം എട്ടര ബില്യണ്‍ ഡോളര്‍ ആയിരുന്നു, ഇത്  സിറിയയുടെ ആഭ്യന്തര വളര്‍ച്ചാ നിരക്കിന്റെ പതിമൂന്നര ശതമാനമായിരുന്നു. എന്നാല്‍ കലാപത്തിനുശേഷം ഈ മേഖലകള്‍  കുത്തനെ ഇടിയുകയും ശരാശരി നാലു ലക്ഷത്തോളം സഞ്ചാരികള്‍ മാത്രമാണ് ഓരോ വര്‍ഷങ്ങളിലും എത്തിക്കൊണ്ടിരിക്കുന്നത്.  ഗള്‍ഫ് മേഖലകളിലെ മറ്റു രാജ്യങ്ങളായ ട്യുണീഷ്യയും ഈജിപ്തും മുതലായ രാജ്യങ്ങള്‍ക്കും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഭീകരാക്രമണങ്ങളിലൂടെ തങ്ങളുടെ വിനോദസഞ്ചാര മേഖലകളിലെ വരുമാനം നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്.

ഗള്‍ഫ് നാടുകളുടെ മറ്റൊരു തീരാനഷ്ടം ചരിത്ര പ്രസിദ്ധമായിരുന്നു പല പുണ്യപുരാതന സ്ഥലങ്ങളും സ്മാരകങ്ങളും ഭീകരവാദികള്‍ നശിപ്പിച്ചതാണ്. 2001 ല്‍ അഫ്ഗാനിസ്ഥാനിലെ താലിബാന്‍ തീവ്രവാദികള്‍ ബാമിയാന്‍ ബുദ്ധപ്രതിമകളെ തകര്‍ത്തുകൊണ്ട് തുടങ്ങിയ മറ്റു മതങ്ങളോടുള്ള  അസഹിഷ്ണത നിലപാടുകള്‍ പിന്നീട് 2007 ല്‍ പാകിസ്താനിലെ താലിബാന്‍ ഏറ്റെടുത്തു പത്മാസനത്തിലിരുന്ന ബുദ്ധന്റെ ശിരസ്സ്സാണ് പാക് താലിബാന്‍ തകര്‍ത്തത്. സ്വാത് താഴ്വരയിലെ കൂറ്റന്‍ കൃഷ്ണശിലയില്‍ കൊത്തിയ ബുദ്ധന്റെ പുഞ്ചിരിക്കുന്ന മുഖം താലിബാന്‍ ഭരണകൂടത്തിന് അനിസ്ലാമികമായി തോന്നിയപ്പോള്‍ ഏഴാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചു  ധ്യാനിച്ചുകൊണ്ടിരുന്ന ശ്രി ബുദ്ധന്റെ ശില്‍പ്പത്തില്‍ താലിബാന്‍  ഭീകരര്‍ വെടിമരുന്ന് നിറച്ചു പൊട്ടിച്ചു. ഇതേ ഭീകര സംസ്‌കാരം ഇസ്ലാമിക തീവ്രവാദികളും ഇറാഖിലും സിറിയയിലും പിന്തുടര്‍ന്നു.  നൂറ്റാണ്ടുകളോളം കാത്തു സംരക്ഷിച്ചിരുന്ന അമൂല്യമായ പുരാവസ്തുക്കളാണ് ഇസ്ലാമിക തീവ്രവാദിള്‍ കരിഞ്ചന്തയിലൂടെ കച്ചവടം നടത്തിയത്  അതോടൊപ്പം തന്നെ ക്രിസ്തീയ ഇസ്ലാമിക മതങ്ങളുടെ ഐക്യത്തിന്റെ പ്രതീകങ്ങളായിരുന്ന പല പുരാണ മന്ദിരങ്ങളും ആരാധനാലയങ്ങളും  എന്നന്നേയ്ക്കുമായി  ഭീരങ്കിവച്ചു നശിപ്പിച്ചു.

ആഗോള ഭീകരവാദം വീണ്ടും ശക്തി പ്രാപിക്കുമ്പോള്‍ ഇതുവരെയും അത്രവലിയ ഭീകരാക്രമണങ്ങള്‍ ഉണ്ടാകാതെ നിലനില്‍ക്കുന്ന സൗദി അറേബ്യയും ഇപ്പോള്‍ നേരിയ ആശങ്കയിലാണ്. കാരണം മറ്റൊന്നുമല്ല  ഇസ്ലാം വിശ്വാസികളുടെ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളായ മെക്കയും മദീനയും സൗദിയിലാണ്. തീര്‍ത്ഥാടകരുടെ കാര്യത്തില്‍ ഇപ്പോള്‍ത്തന്നെ മുന്‍നിരയിലുള്ള സൗദിയിലെ  വിനോദസഞ്ചാരവ്യവസായം വിപുലീകരിക്കുവാനുള്ള പരിശ്രമങ്ങളിലുമാണ്. എണ്ണ ഉല്‍പാദനത്തിലൂടെയുള്ള വരുമാനം പരിമിതമാണെന്നു തിരിച്ചറിവുള്ള രാജ്യവുമാണ് സൗദി അറേബ്യ.  എണ്ണയുടെ ആശ്രിതത്വത്തില്‍നിന്ന് രാജ്യത്തെ വിമുക്തമാക്കാനുള്ള വിഷന്‍ 2030 പദ്ധതിയില്‍ വിനോദസഞ്ചാരമേഖലയിലെ നിക്ഷേപംവീണ്ടു ഉയര്‍ത്തി  46 ബില്യണ്‍ ഡോളറാക്കികൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.

ഒരു പതിറ്റാണ്ടു മുന്‍പ്പ് വരെ മനുഷ്യന്‍ സങ്കല്‍പിച്ചിരുന്നത് ഈ ഭൂമിയുടെയും മനുഷ്യ കുലത്തിന്റെ അന്ത്യം ഒന്നുകില്‍ ലോകരാജ്യങ്ങള്‍ തമ്മിലുള്ള ആണവ യുദ്ധത്തിലൂടെയോ അതുമല്ലെങ്കില്‍ ബഹിരാകാശത്തു നിന്നുമെത്തുന്ന അദൃശ്യസ്പുരണങ്ങളോ ഉല്‍ക്കകള്‍ മൂലമോ ആയിരിക്കും എന്ന് മാത്രമാണ് പക്ഷെ ഇപ്പോള്‍ ഭീകരവാദം ലോകത്തിന്റെ ഓരോ മൂലയിലും പടര്‍ന്നു പിടിക്കുമ്പോള്‍ ലോകാവസാനം ഉദ്ദേശിച്ചതിലും നേരത്തെ ഭീകരാക്രമണങ്ങളിലൂടെ സംഭവിക്കുമെന്നു തന്നെ വിശ്വസിക്കേണ്ടിയിരിക്കുന്നു. ഇതിലേക്കുള്ള ഏറ്റവും പുതിയ തെളിവ് ഭൂമുഖത്തുനിന്നും തുടച്ചു നീക്കിയെന്നു വിശ്വസിച്ചിരുന്ന ഇസ്ലാമിക തീവ്രവാദത്തിന്റെ തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദിയുടെ തിരിച്ചു വരവാണ്. ഈ ആഗോള ഭീകരനേ വധിച്ചുവെന്നു അമേരിക്കയും റഷ്യയും സംയുക്തമായി പ്രസ്ഥാവിച്ചതിനു ശേഷം 2017 ജൂലൈയില്‍  ഐഎസ് നേതൃത്വവും സ്ഥിരീകരിച്ച വസ്തുതയാണ് ഇപ്പോള്‍ ലോകത്തിനു മുന്‍പില്‍ ചോദ്യചിന്ഹമായി കലാഷ്നിക്കോവ് തോക്കുമേന്തി അവതരിച്ചിരിക്കുന്നത്. ഈ അടുത്ത നാളുകളിലെ ശ്രീലങ്കയിലെ ഭീകരാക്രമണം പാശ്ചാത്യ ലോകത്തിനു നേരെ വരാനിരിക്കുന്ന പ്രതികാര നടപടികളുടെ സൂചനയെന്നു  ബഗ്ദാദി താക്കീതു നല്‍കുമ്പോള്‍ ലോകത്തിന്റെ ആകാശകണ്ണുകളില്‍ നിന്നും ഒളിഞ്ഞിരിക്കുവാന്‍ കഴിവുള്ള ഭീകരരുടെ ഭീഷണികള്‍ പാഴ്വാക്കുകളായി തള്ളിക്കളയുവാന്‍ വീണ്ടു വിചാരമുള്ള ലോകനേതൃത്ത്വത്തിനു സാധിക്കില്ല. ഇപ്പോള്‍ ഒരു കാര്യം വ്യക്തമാണ് ഐഎസ് പൂര്‍ണമായും നശിച്ചിട്ടില്ല യുദ്ധം ചെയ്യാന്‍ സന്നദ്ധരായി, തലവന്മാര്‍ പറയുന്നതെന്തും അനുസരിക്കാന്‍ തയാറായി  ഭീകരര്‍ ഇപ്പോഴും ഐഎസിനൊപ്പം ചിലപ്പോള്‍ ലോകമെമ്പാടും തയ്യാറായി നില്‍ക്കുന്നു.

ഭാവിയിലെ ഭീകര ആക്രമണങ്ങളെ ഫലപ്രദമായി ചെറുക്കുന്നത് ഇന്നത്തെ തന്ത്രപരമായ പ്രവര്‍ത്തനങ്ങളിലൂടെയാണ്, പൊതുജനങ്ങളുടെ പൂര്‍ണ്ണമായ ബോധവത്കരണത്തിലൂടെയും സഹകരണത്തിലൂടെയും മാത്രം. അത്യാധുനിക ഉപകരണങ്ങളിലൂടെയും വിദഗ്ധ പരിശീലനം ലഭിച്ച വ്യക്തികളിലൂടെയും ലോകമെമ്പാടും ഇരുപത്തി നാലു മണിക്കൂറും ഭീകരാക്രമണത്തെ ചെറുക്കുവാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഫലപ്രദമല്ലാതാകുന്നതിന്റെ പ്രധാന കാരണം പൊതുജനങ്ങളിലെ ബോധ്യക്കുറവു മാത്രമാണ്. ഓരോ വ്യക്തികള്‍ക്കും സമയോചിതമായ  ഇടപെടലുകളിലൂടെ തന്നെയും മറ്റുള്ളവരെയും സമൂഹത്തിനെയും സംരക്ഷിക്കുവാന്‍ സാധിക്കും. അസാധാരണമായിക്കാണുന്ന ഏറ്റവും ചെറിയ സംഭവങ്ങളും വസ്തുതകളും ഒഴിവാക്കാതെയും അവഗണിക്കാതെയും കൂടുതല്‍ ജാഗരൂഗരാവുകയും വളരെ സൂഷ്മമായി പരിശോധിക്കുകയും വേണം. ആഗോളഭീകരതയ്ക്കെതിരെയുള്ള യുദ്ധം പൊതുജനങ്ങളിലൂടെ മാത്രമാണ് സാധ്യമാവുകയുള്ളു എന്ന ബോധ്യമുളവാകണം.  ജനങ്ങളുടെ ഇടയില്‍ ഭീരുവിനെപ്പോലെ ഒളിഞ്ഞിരുക്കുന്ന പൊതുശത്രുവിനെയാണ് തിരഞ്ഞു കണ്ടുപിടിക്കേണ്ടതും ആക്രമണത്തിന് മുന്‍പ് പുകച്ചു പുറത്തു ചാടിക്കേണ്ടതും.

എല്ലാ പഴുതുകളും അടച്ചുള്ള സുരക്ഷാ പദ്ധതികള്‍ അസാധ്യമാണെന്ന് ലോക സുരക്ഷാ മേധാവികള്‍ക്ക് അറിവുള്ള കാര്യം തന്നെയാണ്. അതുപോലെ തന്നെ പൂര്‍ണ്ണ സംരക്ഷണമൊരുക്കുന്ന ഒരു വ്യവസ്ഥിതിയും ഇപ്പോള്‍ ലോകത്തിലെവിടെയും നിലവിലില്ലായെന്നും അറിയാമെങ്കിലും ജനങ്ങളുടെ സമചിത്തതയും സജീവമായ പരിസ്ഥിതി അവബോധവും പ്രതികരണവും ഏതൊരു ഭീകരാക്രമണത്തിന്റെയും കാഠിന്യം കുറയ്ക്കുവാന്‍ സാധിക്കുമെന്നു വിശ്വസിക്കുന്നുണ്ട്. ആധുനിക ലോകത്തില്‍ അന്യവ്യക്തികളിലുള്ള അന്ധമായ വിശ്വാസങ്ങളിലുപരി സൂഷ്മമായ നിരീക്ഷണങ്ങള്‍ മാത്രമാണ് ഓരോരുത്തരുടെയും ജീവിതവും വസ്തുവകകളേയും സംരക്ഷിക്കുകയുള്ളൂ.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category