1 GBP = 96.00 INR                       

BREAKING NEWS

വഞ്ചിപ്പാട്ടിന്റെ തുഴയെറിഞ്ഞു ചിത്രാലക്ഷ്മിയും സംഘവും സ്വാഗതമോതും; ഇത്തവണ തുടക്കം മുതല്‍ ആവേശക്കടല്‍ സൃഷ്ടിക്കാന്‍ തയ്യാറെടുത്തു നര്‍ത്തകര്‍; സ്വാഗത നൃത്തത്തിന് ചടുലചലനവുമായി ക്രോയ്ഡോണ്‍ സുന്ദരിമാര്‍; വിദ്യ വോക്‌സിന്റെ ഈണം നൃത്തച്ചുവടുകളുമായി യുകെ മലയാളികള്‍ക്കിടയിലേക്ക്

Britishmalayali
കെ ആര്‍ ഷൈജുമോന്‍

കവന്‍ട്രി: മലയാളത്തിന്റെ എക്കാലത്തെയും മനോഹരമായ സിനിമാപ്പാട്ടും വഞ്ചിപ്പാട്ടും ഏതെന്നു ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളൂ, കാവാലം ചുണ്ടന് വേണ്ടി വയലാര്‍ - ദേവരാജന്‍ - യേശുദാസ് ത്രിമൂര്‍ത്തികള്‍ സൃഷ്ടിച്ച കുട്ടനാടന്‍ പുഞ്ചയിലെ എന്ന ഗാനം. സിനിമയിലൂടെ ഈ ഗാനം പുറത്തു വന്നിട്ട് അര നൂറ്റാണ്ട് പിന്നിട്ടിട്ടും എന്നും പുതുമ മായാത്ത മധുരത്തോടെ മലയാളിയുടെ ചുണ്ടില്‍ ഉള്ള പാട്ടാണിത്. നാലു മലയാളി കൂടുന്നിടത്തു ഈ പാട്ടു പാടത്തെ പിരിയത്തുമില്ല. അത്ര അഴകാണ്, അതിലേറെ വശ്യതയാണ് ഈ പാട്ടിനെ കാതോട് കാതോരം ആകര്‍ഷകമാക്കുന്നത്.

കാലമേറെ കടന്നപ്പോള്‍ പഴമയും പുതുമയും തമ്മിലുള്ള സങ്കലനത്തില്‍ തമിഴ്‌നാട്ടില്‍ പിറന്ന അമേരിക്കന്‍ ഗായിക വിദ്യ അയ്യര്‍ എന്ന വിദ്യ വോക്‌സിനു ഒരു മോഹം, കുട്ടനാടന്‍ പുഞ്ച മലയാളികള്‍ മാത്രം മൂളിയാല്‍ പോരാ, ലോകം മുഴുവന്‍ അതിന്റെ ഈരടികള്‍ ആസ്വദിക്കണം. അങ്ങനെയാണ് ന്യൂജെന്‍ കുട്ടനാടന്‍ പുഞ്ച പിറക്കുന്നതും ജനകോടികള്‍ വീണ്ടും വീണ്ടും ആ പുതിയ ഈണം ആസ്വദിക്കാന്‍ കാരണമായതും.
ഇപ്പോള്‍ യുകെ മലയാളികള്‍ക്കും കയ്യകലെ നിന്നും ഈ പുത്തന്‍ ഈരടികള്‍ ആസ്വദിക്കാന്‍ അവസരം കൈവരികയാണ്. ഒന്‍പതാണ്ടു മുന്നേ ബ്രിട്ടീഷ് മലയാളി അവാര്‍ഡ് ജനിച്ചു വീണ സ്വിണ്ടനില്‍ പത്രത്തിന്റെ ആധികാരികതയും അവാര്‍ഡ് നൈറ്റ് പങ്കാളികള്‍ ആയിരുന്ന സ്വിണ്ടന്‍ സ്റ്റാര്‍ ചെണ്ടമേളത്തെയും കോര്‍ത്തിണക്കി പ്രശസ്ത സിനിമ നൃത്ത കൊറിയോഗ്രാഫര്‍ കൂടിയായ ചിത്ര ലക്ഷ്മി സൃഷ്ടിച്ച മാസ്മരിക നൃത്തത്തിന്റെ രൂപഭംഗി ഇന്നും മനസ്സില്‍ മായാതെ സൂക്ഷിക്കുന്നവരാണ് ശരാശരി മലയാളികള്‍. അതെ കാരണം കൊണ്ട് തന്നെയാണ് ഓരോ അവാര്‍ഡ് നൈറ്റിലും അവതരണ ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരം നല്‍കാന്‍ ചിത്ര ലക്ഷ്മി എന്ന നര്‍ത്തക പ്രതിഭയെ തേടി ബ്രിട്ടീഷ് മലയാളി എത്തുന്നതും. ഇത്തവണ ഏറെ തിരക്കുകളില്‍ നിന്നുമാണ് അവാര്‍ഡ് നൈറ്റിന്റെ മുഖ്യ നൃത്തം ഏറ്റെടുക്കാന്‍ ചിത്ര ലക്ഷ്മി തയ്യാറാകുന്നതും.

ചില വര്‍ഷങ്ങളില്‍ കലാഭവന്‍ നൈസും രജനി പാല്കാക്കലും ഒക്കെ സ്വാഗത നൃത്തം പൊലിപ്പിച്ചിട്ടുണ്ടെങ്കിലും പല തവണകള്‍ ഇതിനു ഭാഗ്യം ലഭിച്ചത് ചിത്ര ലക്ഷ്മി എന്ന നര്‍ത്തകിക്ക് തന്നെയാണ്. ഏറെ ഗാന, നൃത്ത രംഗങ്ങളുടെ ചര്‍ച്ചകള്‍ക്കു ശേഷമാണു ഒരു വത്യസ്തതയ്ക്കായി വിദ്യ വോക്‌സിന്റെ റീ മിക്സ് ഗാനം തന്നെ ഇത്തവണ അവാര്‍ഡ് നിശയ്ക്കായി അവസാനം തീരുമാനിച്ചത്. പഴമയും പുതുമയും തമ്മിലുള്ള സങ്കലനത്തെ ബ്രിട്ടനിലെ മലയാളി കുടിയേറ്റത്തിലെ ഇരു തലമുറകളെ പ്രതിനിധാനം ചെയ്യുന്നതിന് സമാനമായാണ് ഈ ഗാനം അവതരിപ്പിക്കപ്പെടുന്നത്.

അതോടൊപ്പം പഴയ കുട്ടനാടന്‍ പുഞ്ചയിലെ എന്ന ഗാനം കേള്‍ക്കാത്ത ഒരു തലമുറ ഉണ്ടാകില്ല എന്നതുപോലെ വിദ്യ വോക്‌സിന്റെ റീമിക്സ് ഗാനം കേള്‍ക്കാത്ത ഒരു പുതുതലമുറക്കാരും കാണില്ല എന്നതാണ് സത്യം. യുട്യൂബില്‍ അഞ്ചു മില്യണ്‍ വരിക്കാരും 612 മില്യണ്‍ കാഴ്ചക്കാരുമായി ലോകജനതയ്ക്കു മുന്നില്‍ അത്ഭുതമാകുകയാണ് ഈ 28 കരി യുവതി. ആ അത്ഭുതം തനിമ ചോരാതെ അവതരിപ്പിക്കുക എന്ന വെല്ലുവിളിയാണ് ഇപ്പോള്‍ ചിത്ര ലക്ഷ്മിയെ തേടി എത്തിയിരിക്കുന്നത്.

മനസിന്റെ യൗവനം ഒരു കോട്ടവും തട്ടിയിട്ടില്ല എന്ന് ഈ നൃത്താവിഷ്‌കാരത്തിലൂടെ ചിത്രാലക്ഷ്മി തെളിയിക്കാന്‍ ഒരുങ്ങുമ്പോള്‍ കൂടെയുള്ളത് ക്രോയ്ഡോണിലേ സുന്ദരിമാരാണ്. സാധാരണ നൃത്ത സ്‌കൂളിലെ മുതിര്‍ന്ന കുട്ടികള്‍ ഏറ്റെടുക്കുന്ന നൃത്തങ്ങള്‍ ഇത്തവണ ബ്രിട്ടീഷ് മലയാളി വായനക്കാര്‍ക്കായി അവതരിപികുനത് പ്രൊഫഷണല്‍ നര്‍ത്തകര്‍ തന്നെയാണ്.

അതിനാല്‍ സ്വാഗത നൃത്തത്തിന് വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്റെ കീഴില്‍ നൃത്തം പഠിച്ച ശേഷം വീണ്ടും കലാരംഗത്തു സജീവമായ സുജാത, മിലി, സംഗീത, കാര്‍ത്തിക, സീലി, ഷീന, ആശാ എന്നിവരാണ് ഇത്തവണത്തെ അവാര്‍ഡ് നൈറ്റിന് നിറപ്പൊലിമ നല്‍കാന്‍ എത്തുന്നത്. തങ്ങള്‍ ഏറ്റെടുക്കുന്ന വെല്ലുവിളി ചെറുതല്ലെന്നു ബോധ്യമുള്ള ഈ നര്‍ത്തകി സംഘം ആഴ്ചകളായി നൃത്തച്ചുവടുകള്‍ കൈപ്പിടിയില്‍ ഒതുക്കാനുള്ള ശ്രമത്തിലാണ്.

അവതരണ നൃത്തത്തിനുള്ള ഗാനം ഉയര്‍ത്തുന്ന വെല്ലുവിളിക്കൊപ്പം ചുവടുകള്‍ ചിട്ടപ്പെടുത്തുക എന്ന കഠിന ശ്രമത്തിലാണ് ഈ സംഘം. അവാര്‍ഡ് നൈറ്റിന് ആകാംക്ഷയോടെ എത്തുന്ന കാണികളുടെ കയ്യടി വാങ്ങുക മാത്രമല്ല ലക്ഷ്യം കരളിലും കൂടു കൂട്ടുക എന്നതാകുമ്പോള്‍ കുട്ടനാടന്‍ പുഞ്ചയെ സമാനതകള്‍ ഇല്ലാത്ത കാഴ്ചയായി അവതരിപ്പിക്കേണ്ടി വരും. മോഹിനിയാട്ടത്തിന്റെ വശ്യ മനോഹര ചുവടുകള്‍ തീര്‍ക്കുന്ന മഹനീയ മുഹൂര്‍ത്തങ്ങളിലൂടെയാകും ഈ നൃത്തം വികസിക്കുക.

തന്റെ മനസിലെ സങ്കല്‍പ്പങ്ങള്‍ വളരെ ലളിതമായി വിദ്യ വോക്‌സ് വരച്ചിട്ടപ്പോള്‍ മലയാളി മാത്രമല്ല ലോകമെങ്ങും ഉള്ള സംഗീത പ്രേമികളാണ് ഈ ഗാന ശകലത്തിനായി കാതോര്‍ത്തത്. ഇനി ആ ഗാനത്തെ കണ്ണിമ വെട്ടാതെ ഒപ്പിയെടുക്കാന്‍ കാത്തിരിക്കുന്ന കാണികളെ നിരാശപ്പെടുത്താതിരിക്കുക എന്ന ജോലിയാണ് ചിത്ര ലക്ഷ്മിയും യുവ സുന്ദരിമാരും ഏറ്റെടുക്കുക. അതിനായി പൂര്‍ണ സമര്‍പ്പണത്തിനു ഒരുങ്ങുകയാണ് ഈ കലാസംഘം.

സാധാരണഗതിയില്‍ ബോളിവുഡിന്റെ വരവോടെ മാത്രം പാതി ഘട്ടത്തില്‍ ആവേശ മുഹൂര്‍ത്തങ്ങള്‍ പിറക്കുന്ന അവാര്‍ഡ് നൈറ്റില്‍ ഇത്തവണ തുടക്കം മുതല്‍ തന്നെ ആവേശത്തോണിയില്‍ കയറി പായാനുള്ള അവസരമാണ് കാണികള്‍ക്കു ലഭിക്കുന്നത്. ഈ നൃത്തത്തിന് ഒപ്പം താളം പിടിക്കാതെയും തലയനക്കാതെയും ഒരാള്‍ക്ക് പോലും കണ്ടിരിക്കകാനാകില്ല എന്നുറപ്പ്.

ദൂരെ നിന്നും എത്തുന്നവര്‍ അല്‍പം വൈകിപ്പോയാല്‍ ഈ മനോഹര ദൃശ്യം നഷ്ടമാകും എന്നത് വ്യസനിപ്പിക്കുന്ന കാര്യമാണ്. അതിനാല്‍ ഇത്തവണത്തെ അവാര്‍ഡ് ഹൈലൈറ്റ് അവതരണ ഗാനം തന്നെയെന്ന് ഇപ്പോള്‍ തന്നെ ഉറപ്പിക്കാം. വിസ്മയ മുഹര്‍ത്തങ്ങള്‍ ഏറെ പിറക്കാനിടയുള്ള ഈ നൃത്താവിഷ്‌ക്കാരം അവാര്‍ഡ് നൈറ്റിലെ സ്റ്റാര്‍ പെര്‍ഫോര്‍മേഴ്‌സ് എന്നറിയപ്പെടാന്‍ ഉള്ള ഒരുക്കങ്ങളാണ് നടത്തുന്നത്. ബോളിവൂഡിന് ഏറെ ആരാധകര്‍ ഉള്ള അവാര്‍ഡ് നൈറ്റിലെ ഇഷ്ടാനിഷ്ടങ്ങളുടെ സമവാക്യങ്ങള്‍ മാറ്റിവരയ്ക്കാന്‍ ഉള്ള തയ്യാറെടുപ്പുമായാണ് ചിത്ര ലക്ഷ്മിയും സംഘവും എത്തുക എന്നുറപ്പ്.
ജൂണ്‍ ഒന്നിന് കവന്‍ട്രിയിലെ വില്ലന്‍ ഹാളിലാണ് ഇത്തവണത്തെ അവാര്‍ഡ് നൈറ്റ് നടക്കുക. ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റിന് മാത്രമല്ല യുകെയിലെ സര്‍വ പരിപാടികളുടെയും മുഖ്യ സ്‌പോണ്‍സറായി അലൈഡ് മോര്‍ട്ട്‌ഗേജ് സര്‍വ്വീസസ് ആദ്യമായി എത്തുന്ന പരിപാടി എന്ന സവിശേഷത കൂടിയുണ്ട് ഇതിന്.
 യുകെയിലെ ഏറ്റവും പ്രശസ്തരായ കലാകാരന്മാര്‍ക്കൊപ്പം നാട്ടില്‍നിന്നുള്ള പ്രൊഫഷണല്‍ കലാകാരന്മാരും ചേര്‍ന്നായിരിക്കും ഇക്കുറി അവാര്‍ഡ് നൈറ്റ് ഒരുക്കുക. ഇതോടൊപ്പം പതിവ് പോലെ ഈ വര്‍ഷം യുകെ മലയാളികളില്‍ ഏറെ സ്വാധീനം ചെലുത്തിയ വാര്‍ത്ത താരം, യുവ പ്രതിഭ, മികച്ച മലയാളി നഴ്‌സ് എന്നിവര്‍ക്കുളള പുരസ്‌കാര വിതരണവും ഉണ്ടാകും.
അവാര്‍ഡ് നൈറ്റ് വേദിയുടെ വിലാസം
Willenhall, Coventry, CV3 3FY
 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category