1 GBP = 92.40 INR                       

BREAKING NEWS

മുഖങ്ങള്‍ : ആദ്യഭാഗം

Britishmalayali
രശ്മി പ്രകാശ്‌

തോരാതെയുള്ള ചാറ്റല്‍ മഴ പ്രകൃതിയുടെ വിതുമ്പല്‍ പോലെ തോന്നുന്നു. പൊതുവെ ശാന്തമായ ബ്ലോസ്സം അവന്യൂവില്‍ കാറുകളുടെ ഒരു നിരതന്നെ കാണാം.

നിരത്തിലൂടെ നടന്നു താഴ്വാരത്തിലുള്ള പള്ളിയിലേക്ക് പോകുന്നവര്‍, നിറയെ ചെറി ബ്ലോസ്സം പൂത്തു നില്‍ക്കുന്ന, മനോഹരമായ പൂന്തോട്ടമുള്ള റോസ് വില്ല എന്ന വീട്ടിലേക്ക് നോക്കുന്നുണ്ട്. ഒരു പോലീസ് കാറും  ആംബുലന്‍സും വീടിനു മുന്നിലുള്ള ഡ്രൈവ് വേയില്‍ കാണാം.

മലയാളിയായ ഡോക്ടര്‍ ഫിലിപ്പ് മാളിയേക്കലിന്റെ വീടാണത്. ഭാര്യ ഗ്രേസ് മാളിയേക്കലും രണ്ടു മക്കളുമൊത്തു വളരെ സന്തോഷത്തോടെ കഴിഞ്ഞു പോയിരുന്ന കുടുംബം. ഇരട്ട കുട്ടികളാണ് ഫിലിപ്പിനും ഗ്രേസിനും, ഇസബെല്ലയും ഐസക്കും. അതില്‍ ഇസബെല്ലയെയും കൂട്ടുകാരി ലെക്‌സി പെഗ്രാമിനെയും ഇന്നലെ വൈകുന്നേരം മുതല്‍ കാണാനില്ല.

കുട്ടികളെ കാണാതാകുന്ന കഥകള്‍ യുകെയില്‍ പലപ്പോഴും കേട്ടിട്ടുണ്ട്. പക്ഷെ 16 വയസ്സുള്ള ഒരു മലയാളി പെണ്‍കുട്ടിയെ കാണാതാകുക ഇതാദ്യമാണ്. കുടുംബാംഗങ്ങളെയും, കൂടെ പഠിക്കുന്ന കുട്ടികളെയും, അദ്ധ്യാപകരെയും പോലീസ് പലതവണ ചോദ്യം ചെയ്തു കഴിഞ്ഞു. പെണ്‍കുട്ടികളുടെ മൊബൈല്‍ സ്വിച്ച്ഡ് ഓഫ് ആണ്.

ചോദ്യം ചെയ്യലിനിടെ പെണ്‍കുട്ടികള്‍ സ്വവര്‍ഗാനുരാഗികള്‍ ആണോ എന്ന ചോദ്യം ഓഫീസറില്‍ നിന്ന് കേട്ടപ്പോഴേ ഗ്രേസ് കുഴഞ്ഞു വീണു. പള്ളിയും പ്രാര്‍ത്ഥനയും വീടുമായി മാത്രം കഴിയുന്ന മലയാളിയായ ഒരമ്മയ്ക്ക് താങ്ങാന്‍ പറ്റാത്ത ചോദ്യം. പലതവണ കുലുക്കി വിളിച്ചിട്ടും ഗ്രേസില്‍ നിന്നും പ്രതികരണം ഒന്നുമില്ലാത്തതിനാല്‍ പോലീസ് തന്നെയാണ് ആംബുലന്‍സ് വിളിച്ചത്. ഇസയെ കാണാതായ അന്ന് ഗാലിവുഡ് പള്ളിയില്‍ വെച്ച് നടന്ന ഉപവാസ ധ്യാനത്തിലായിരുന്നു ഗ്രേസ്. പള്ളിയില്‍ നിന്നും വിവരമറിഞ്ഞു ഓടിപ്പാഞ്ഞു വന്ന ഗ്രേസിന്റെ മിഴികള്‍ ഇതുവരെ തോര്‍ന്നിട്ടില്ല. ഉപവാസവും, മകളെ നഷ്ടപ്പെട്ട ദുഃഖവും, കാടുകയറിയ ചിന്തകളും എല്ലാം ഗ്രേസിനെ വല്ലാതെ തളര്‍ത്തിക്കളഞ്ഞു. ആരോഗ്യം വളരെ മോശമായതിനാല്‍ ഗ്രേസിനെ ഹോസ്പിറ്റലിലേക്ക് മാറ്റി.

യുകെയില്‍ സ്ഥിരതാമസമാക്കി എത്ര വര്‍ഷങ്ങള്‍ കഴിഞ്ഞാലും പാശ്ചാത്യ സംസ്‌ക്കാരത്തിലേക്ക് മനസ്സുകൊണ്ട് പൂര്‍ണ്ണമായും വേരൂന്നിയ മലയാളികള്‍ വളരെ കുറവാണ്.

ഇന്നലെ വൈകിട്ട് ഏകദേശം അഞ്ചു മണിയോടെയാണ് പെണ്‍കുട്ടികളെ കാണാതാവുന്നത്. ഇപ്പോള്‍ ഏകദേശം 15 മണിക്കൂര്‍ കഴിഞ്ഞിരിക്കുന്നു. രാത്രി ഏറെ വൈകിയും പോലീസും കമ്മ്യൂണിറ്റി വോളണ്ടിയേര്‍സും തിരച്ചില്‍ തുടര്‍ന്നിരുന്നു. ഇന്ന് രാവിലെ ഗാലിവുഡ് ഏരിയയിലുള്ള ചെറിയ ഫോറസ്റ്റ് ഏരിയയിലേക്ക് പോലീസ് തിരച്ചില്‍ വ്യാപിപ്പിച്ചിട്ടുണ്ട്. പണത്തിനു വേണ്ടി ആരെങ്കിലും പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും അവര്‍ മാതാപിതാക്കളെ ബന്ധപ്പെടേണ്ട സമയം കഴിഞ്ഞിരിക്കുന്നു.

കുട്ടികളുടെ മാനസിക നിലയും സ്‌കൂളില്‍ നിന്നുള്ള റിപ്പോര്‍ട്ടും എല്ലാം പെര്‍ഫെക്റ്റ്. മറ്റൊരു കാരണവും കണ്ടെത്താന്‍ കഴിയാത്തതു കൊണ്ടാണ് അവര്‍ സ്വവര്‍ഗാനുരാഗികളാണോ എന്ന് പോലീസ് ചോദിച്ചത്. ലെക്സിയുടെ വീടും ബ്ലോസ്സം അവന്യൂവില്‍ തന്നെയാണ്. ലെക്സിയുടെ അച്ഛനും അമ്മയും പിരിഞ്ഞു ജീവിക്കുന്നതിനാല്‍ ഗ്രാന്‍ഡ് പേരെന്‍സിനൊപ്പമാണ് ലെക്സി താമസിച്ചിരുന്നത്. റിട്ട: അദ്ധ്യാപകരാണ് മിസ്റ്റര്‍ ജോണ്‍ ഹെപ്ബണ്ണും ഭാര്യ മിസ്സിസ് ആന്‍ ഹെപ്ബണ്ണും. കുറച്ചുകൂടി പക്വതയോടെയാണ് അവര്‍ ഈ കാര്യം കൈകാര്യം ചെയ്തത്. 

വായിച്ചും വാര്‍ത്ത കേട്ടും മാത്രം അറിവുള്ളൊരു കാര്യം തന്റെ വീട്ടില്‍ സംഭവിച്ചിരിക്കുന്നു. മകള്‍ ജീവനോടെ ഉണ്ടാകണേ എന്ന പ്രാര്‍ത്ഥനയോടെ നിറകണ്ണുകളുമായി ഫിലിപ്പ് സ്വീകരണ മുറിയിലുള്ള ക്രൂശിത രൂപത്തിന് മുന്നില്‍ മുട്ടുകുത്തി. 

മൊബൈലും ലാന്‍ഡ് ഫോണും നിര്‍ത്താതെ ബെല്ലടിച്ചു കൊണ്ടേയിരിക്കുന്നു. എല്ലാവര്‍ക്കും ചോദിക്കാനുള്ളത് ഒരേ ചോദ്യങ്ങള്‍ മാത്രം.

ഇസ എവിടെ? അവള്‍ക്കെന്തു പറ്റി? നിങ്ങള്‍ വഴക്കു പറഞ്ഞോ? അതോ മറ്റെന്തെങ്കിലും?

ഉത്തരങ്ങള്‍ ഇല്ലാത്തതു കൊണ്ട് ഫോണ്‍ എടുക്കേണ്ട എന്ന് തീരുമാനിച്ചു.

ഗ്രേസിന്റെ വിവരങ്ങള്‍ തിരക്കാന്‍ ഹോസ്പിറ്റലില്‍ പോയ ഐസക് മടങ്ങി വന്നിട്ട് ഒന്നും പറഞ്ഞില്ലല്ലോ എന്നോര്‍ത്ത് മുകളിലത്തെ നിലയിലേക്ക് കയറാന്‍ തുടങ്ങുമ്പോള്‍ വലിയൊരു മുഴക്കത്തോടെ ഡോര്‍ ബെല്‍ ശബ്ദിച്ചു. പ്രതീക്ഷയോടെ ഫിലിപ്പ് വാതിലിനു നേരെ നടന്നു.

(തുടരും)

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam