1 GBP = 92.00 INR                       

BREAKING NEWS

മെയ് മാസ ചൂടിന് കുളിര് പകരാന്‍ ശ്രീക്കുട്ടനും ശ്രേയക്കുട്ടിയും മനോജ് ജോര്‍ജും ടീനു ടെല്ലന്‍സും... ശ്രീരാഗം ഷോ മാഞ്ചസ്റ്ററിലും മെയ്ഡ്സ്റ്റണിലും ലെസ്റ്ററിലും; മാഞ്ചസ്റ്ററില്‍ ശ്രീകുമാറിന്റെ പിറന്നാളാഘോഷവും; ബസ് സര്‍വീസ് ഏര്‍പ്പെടുത്തി സംഘാടകര്‍; യുകെ മലയാളികള്‍ അവധിയില്ലാത്ത ആഘോഷത്തിലേക്ക്

Britishmalayali
കെ ആര്‍ ഷൈജുമോന്‍

കവന്‍ട്രി: മെയ് മാസം കത്തിത്തിളയ്ക്കാന്‍ തയ്യാറെടുക്കുകയാണ്. താപനില 20 ഡിഗ്രി പിന്നിടുന്നു. യുകെ മലയാളികള്‍ അല്‍പം വെയില്‍ ആസ്വദിക്കാന്‍ തുടങ്ങുന്ന കാലം. എങ്ങും ആവേശത്തിന്റെ തിരയിളക്കം. കൂടെ കുട്ടികള്‍ക്കായി ഒരാഴ്ചത്തെ അവധിക്കാലവും. മെയ് മാസം അവസാന വാരം ആഘോഷങ്ങളുടെ പൂരക്കാലമായി മാറുകയാണ്. ഒരാള്‍ക്ക് പോലും വീട്ടിലിരിക്കാന്‍ തോന്നാത്ത വിധം ഒന്നിന് പിന്നാലെ ഒന്നായി പരിപാടികള്‍ എത്തിക്കൊണ്ടിരിക്കുന്നു. ഇക്കൂട്ടത്തില്‍ ഏറ്റവും ഹൈലറ്റായി മാറുകയാണ് മലയാളികളുടെ ശ്രീക്കുട്ടന്‍ എന്നറിയപ്പെടുന്ന എം ജി ശ്രീകുമാര്‍ നയിക്കുന്ന ശ്രീരാഗം ഷോ.

കഴിഞ്ഞ വര്‍ഷം എം ജി ശ്രീകുമാര്‍ എത്തിയപ്പോള്‍ ഉണ്ടായിരുന്നതിനേക്കാള്‍ താരനിബിഡമാണ് ഇത്തവണത്തെ ടീം എന്നതും ഏറെ ശ്രദ്ധേയം. ഗ്രാമി അവാര്‍ഡിലൂടെ ലോക സംഗീതത്തില്‍ ഇന്ത്യയിലും പാട്ടുകാര്‍ ഉണ്ടെന്നു തെളിയിച്ച വയലിനിസ്റ്റ് മനോജ് ജോര്‍ജ്, മലയാള ചാനലുകളിലെ പാട്ടു ഷോകളിലൂടെ മുഴുവന്‍ മലയാളികളുടെയും അരുമയായി മാറിയ ശ്രേയകുട്ടി എന്നിവര്‍ കൂടി ചേരുമ്പോള്‍ ഈ വര്‍ഷം ലഭിക്കുന്ന ഏറ്റവും വലിയ ഷോയായി മാറുകയാണ് ശ്രീരാഗം.

മെയ് മാസത്തിലെ അവസാന വാരം എത്തുന്ന സ്‌കൂള്‍ അവധിക്കാലവും വെയില്‍ ദിനങ്ങളും എങ്ങനെ ആസ്വദിക്കണം എന്നറിയാതെ വിഷമിക്കുന്നവര്‍ക്കുള്ള സമ്മാനമാണ് ഈ ഷോയെന്നു യുകെ ഇവന്റ് ലൈഫ് പാര്‍ട്നേര്‍സ് ആയ നോര്‍ഡി ജേക്കബ്, സുദേവ് കുന്നത്ത് എന്നിവര്‍ അറിയിച്ചു. മാഞ്ചസ്റ്ററില്‍ തുടങ്ങി കെന്റിലെ മെയ്ഡസ്റ്റോണില്‍ എത്തി ഒടുവില്‍ മിഡ്‌ലാന്റ്സിലെ ലെസ്റ്ററില്‍ അവസാനിക്കും വിധമാണ് ശ്രീരാഗം പ്ലാന്‍ ചെയ്തിരിക്കുന്നത്. മെയ് 25 മുതല്‍ 27 വരെയുള്ള ദിവസങ്ങളില്‍ തുടര്‍ച്ചയായ പ്രോഗ്രാമുകളിലൂടെ യുകെ മലയാളികള്‍ക്കായി ആഘോഷക്കാലത്തിന്റെ ആരവം ഉയര്‍ത്താനുള്ള ശ്രമാണ് ശ്രീരാഗം ഷോ ലക്ഷ്യമിടുന്നത്.
കീ ബോര്‍ഡ് ആര്‍ട്ടിസ്റ്റ് ഏഷ്യാനെറ്റ് അനൂപ് കോവളം അടക്കം 18 പേരുടെ സംഘമാണ് ഈ ഷോയെ സജീവമാക്കാന്‍ കേരളത്തില്‍ നിന്നും എത്തുന്നത്. സംഘത്തിലെ മുഴുവന്‍ ആളുകളും പ്രൊഫഷണല്‍ താരങ്ങള്‍ ആണെന്നതും ഈ ഷോയെ വേറിട്ട അനുഭവമാക്കി മാറ്റും. ഷോ കാണാന്‍ എത്തുന്നവര്‍ക്ക് ഒന്നിച്ചു പോകാന്‍ വിവിധ പട്ടണങ്ങളില്‍ നിന്നും ബസുകള്‍ അടക്കമുള്ള സൗകര്യങ്ങളാണ് സംഘാടകര്‍ ഏര്‍പ്പെടുത്തുന്നത്. മിക്ക പട്ടണങ്ങളിലും മലയാളി സംഘടനകള്‍ തന്നെയാണ് ടിക്കറ്റ് വില്‍പ്പനയും ഏറ്റെടുത്തിരിക്കുന്നത്. ഇക്കാരണത്താല്‍ ആയിരങ്ങള്‍ക്ക് ഇരിപ്പിട സൗകര്യമുള്ള വേദികള്‍ പോലും ജനനിബിഢമാകും എന്നാണ് ടിക്കറ്റ് വില്‍പ്പനയിലെ സൂചന വ്യക്തമാക്കുന്നത്.
ശ്രീരാഗം ഷോ തുടങ്ങുമ്പോള്‍ ശ്രീക്കുട്ടന്‍ എന്ന ശ്രീകുമാറിന് അറുപതാം പിറന്നാള്‍ ആഘോഷ ദിനം കൂടിയാണെന്ന പ്രത്യേകതയും ഉണ്ട്. കേരളത്തില്‍ ആയിരുന്നെങ്കില്‍ ചുറ്റിനും പ്രിയപ്പെട്ടവരെ നിര്‍ത്തി ആഘോഷമാക്കാമായിരുന്ന ദിവസം തന്റെ പാട്ടുകള്‍ കേള്‍ക്കാന്‍ കൊതിച്ചെത്തുന്നവര്‍ക്ക് ഒപ്പം ആണെന്നതാണ് ഷഷ്ഠി പൂര്‍ത്തി പിന്നിടുന്ന ആഘോഷത്തിലെ പ്രത്യേകത. പിറന്നാള്‍ ആഘോഷം നേരില്‍ കാണാന്‍ മാഞ്ചസ്റ്റര്‍ മലയാളി സമൂഹം ഒന്നിച്ചു ഷോ കാണാന്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.
ഇതോടെ ശ്രീരാഗം ഷോ ശ്രീകുമാറിനും ഏറെ പ്രിയപ്പെട്ടതായി മാറുകയാണ്. ദേശീയ അവാര്‍ഡുകള്‍ വാരിക്കൂട്ടിയ മലയാളവും തമിഴും കന്നഡയും ഹിന്ദിയും തെലുങ്ക് പാട്ടുകളും പാടി ഇന്ത്യയിലെങ്ങും ആരധകരെ നേടിയ ശ്രീകുമാര്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും യുകെ ടൂര്‍ നടത്തുന്നത്, അദ്ദേഹത്തിന്റെ ഷോയെ യുകെ മലയാളികള്‍ അത്രയധികം നെഞ്ചേറ്റുന്നത് കൊണ്ട് മാത്രമാണ്.
സാധാരണ ഷോകള്‍ നടത്തുമ്പോള്‍ ആരെങ്കിലും ഒരാളെ മാത്രം ഹൈലൈറ്റ് ചെയ്യുന്ന പതിവും ഇക്കുറി ശ്രീരാഗം മാറ്റിക്കുറിക്കുകയാണ്. ശ്രീകുമറിനെക്കാളും ഒട്ടും താഴെ നിര്‍ത്താന്‍ കഴിയാത്ത വയലിനിസ്റ്റ് മനോജ് ജോര്‍ജാണ് ഷോയില്‍ താരപ്പൊലിമ കൂട്ടാന്‍ എത്തുന്നത്. ഗ്രാമി അവാര്‍ഡ്  ലഭിച്ചെങ്കിലും പാട്ടിന്റെ വഴികളില്‍ വേറിട്ട് നടക്കാനാണ് മനോജിന് താല്‍പ്പര്യം. ജനപ്രിയനാകുക എന്നതിലുപരി സംഗീതത്തിനായി എന്തെങ്കിലും ചെയ്യുക എന്ന അദ്ദേഹത്തിന്റെ മനോഭാവത്തിനാണ് വിന്‍ഡ്‌സ് ഓഫ് സംസാരയിലെ സംഗീതത്തിന് സ്‌പെഷ്യല്‍ ഗ്രാഫി അവാര്‍ഡ് ലഭിച്ചത്. നാലു വര്‍ഷം മുന്‍പ് ലഭിച്ച ഈ പുരസ്‌കാരത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയെ കണ്ട അദ്ദേഹത്തിന് പറയാന്‍ ഉണ്ടായിരുന്നത് സ്വന്തം വിശേഷങ്ങളല്ല, മറിച്ചു സംസ്ഥാനത്തെ പാട്ടുകാര്‍ നേരിടുന്ന ദുരിതങ്ങളെ കുറിച്ചായിരുന്നു.

അനേകായിരം പേര്‍ ജോലി ചെയ്യുന്ന സംഗീത ലോകത്തു വെറും 20 ശതമാനം പേരാണ് സിനിമയില്‍ എത്തുന്നതെന്നും മറ്റുള്ളവര്‍ക്കായി സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്ന് ആ വര്‍ഷത്തെ സര്‍ക്കാര്‍ ഓണാഘോഷ പരിപാടികളില്‍ സംഗീത ലോകത്തിനു വലിയ പ്രാധാന്യം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നു. ഇത്തരത്തില്‍ സാമൂഹ്യ ബോധമുള്ള ഒരു കലാകാരനെ അടുത്തറിയുവാന്‍ കൂടിയാണ് ശ്രീരാഗം വഴി യുകെ മലയാളികള്‍ക്ക് അവസരം ഒരുങ്ങുന്നത്. ഗ്രാമി നോമിനേഷന്‍ ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനായ വയലിനിസ്റ്റ് എന്നതാണ് അദ്ദേഹത്തിന്റെ ട്രാക്ക് റെക്കോര്‍ഡില്‍ തിളങ്ങി നില്‍ക്കുന്നത്.

പ്രായം പതിനാലില്‍ എത്തിയെങ്കിലും ശ്രേയകുട്ടി ഇന്നും മലയാളികള്‍ക്ക് കൊച്ചു കുട്ടി തന്നെ. പന്ത്രണ്ടു വയസായപ്പോള്‍ തന്നെ അറുപതോളം പാട്ടുകളുടെ റെക്കോര്‍ഡിങ്, മുന്‍ നിര സംഗീത സംവിധായകര്‍ക്കൊപ്പം ജോലി ചെയ്യുക, സാക്ഷാല്‍ എ ആര്‍ റഹ്മാനെയും ശ്രേയ ഘോഷാലിനെയും വരെ അമ്പരപ്പിക്കുന്ന പാട്ടുകള്‍ പാടുക, ഇങ്ങനെ പലവിധത്തിലാണ് ശ്രേയ ജയദീപ് എന്ന പെണ്‍കുട്ടി മലയാളികളുടെ അരുമയായി സ്നേഹത്താലോടല്‍ ആസ്വദിക്കുന്നത്. അമര്‍ അക്ബര്‍ അന്തോണിയിലെ എന്നോ ഞാനേറെ മുറ്റത്തു നട്ടൊരു എന്ന പാട്ടിലൂടെയാണ് ശ്രേയ പാട്ടുലോകത്തെ പ്രിയ താരമായി മാറുന്നത്.

തൊട്ടു പിന്നാലെ ഒപ്പത്തിലെ മിനുങ്ങും മിന്നാമിനുങ്ങേ കൂടി എത്തിയപ്പോള്‍ പിടിച്ചാല്‍ കിട്ടാത്ത നിലയിലേക്കായി ശ്രേയയുടെ പ്രശസ്തി. ഈ ചെറുപ്രായത്തില്‍ തന്നെ യുകെയിലേക്കും അമേരിക്കയിലേക്കും അടക്കം ടൂര്‍ നടത്താന്‍ വളര്‍ന്ന കലാകാരിയായി ശ്രേയകുട്ടി മാറിയെങ്കില്‍ കൂടുതല്‍ പരിചയപ്പെടുത്തല്‍ പോലും ആവശ്യമില്ലാത്തതാകും. താനൊരു സെലിബ്രിറ്റി ആയെന്നു പോലും അറിയാതെയാണ് ശ്രേയ വളരുന്നത്. ഇതിനിടയില്‍ സ്‌കൂളിലെ പരീക്ഷയും പഠനവും ഒക്കെ മുറ തെറ്റാതെ നടക്കും. ഇപ്പോള്‍ കേരളത്തില്‍ അവധികാലം ആയതു കൊണ്ട് മാത്രമാണ് ശ്രേയ ശ്രീരാഗം ഷോയില്‍ പങ്കാളിയാകുന്നത്.

ഇവരെല്ലാം ഉള്ളപ്പോള്‍ താന്‍ ഒരു അധികപ്പറ്റാണോ എന്ന ചിന്തയില്‍ ഒന്നുമല്ല ടീനു ടെലന്‍സ് എന്ന പാട്ടുകാരിയും സംഘത്തില്‍ ഇടം പിടിച്ചത്. ന്യു ജെന്‍ പാട്ടുകാരി ആയി അറിയപ്പെടുന്ന ടീനു മാന്നാര്‍ മത്തായി സ്പീക്കിങ് രണ്ടാം ഭാഗത്തിലെ ഒറ്റ പാട്ടുകൊണ്ട് തന്നെ മിടുക്കു കാട്ടിക്കഴിഞ്ഞു. ക്രിസ്ത്യന്‍ ആത്മീയ ഗാനരംഗത്തെ പുതുശബ്ദമായി ടീനു മാറിയത് വളരെ പെട്ടന്നാണ്. ഏറ്റവും ഒടുവില്‍ പുറത്തു വന്ന ചെമ്പരത്തി എന്ന സീരിയലിലെ ടീനുവിന്റെ ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

മൂന്നു വേദികളിലും ഷോ കാണാന്‍ എത്തുന്നവരെ നൃത്തം ചെയ്യിപ്പിച്ചേ വീട്ടിലേക്കു മടങ്ങാന്‍ അനുവദിക്കൂ എന്ന നിശ്ചയവുമായാണ് ശ്രീരാഗത്തിലെ മറ്റൊരു പാട്ടുകാരന്‍ റഹ്മാന്റെ വരവ്. ഇതോടെ മിടുമിടുക്കര്‍ തമ്മിലുള്ള മികവ് കാട്ടാനുള്ള വേദിയായി ശ്രീരാഗം മാറുവാന്‍ ഉള്ള സാധ്യത കൂടിയാണ് തെളിയുന്നത്. 

ഇതോടെ ശ്രീരാഗം ഷോ കാണാതെ പോയാല്‍ വലിയൊരു നഷ്ടം തന്നെ എന്ന തരത്തിലാണ് വിലയിരുത്തല്‍. അവശേഷിക്കുന്ന ഏതാനും ടിക്കറ്റുകള്‍ മാത്രമാണ് മൂന്നു വേദികളിലും ഇനിയുള്ളത്. ഈ ആഘോഷക്കാലം ഇവരോടൊപ്പം എന്ന നിലയില്‍ യുകെ മലയാളികള്‍ തീരുമാനിച്ചാല്‍ ശ്രീരാഗം വീണ്ടും അത്ഭുതം സൃഷ്ടിക്കും ഉറപ്പ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category