1 GBP = 92.20 INR                       

BREAKING NEWS

ഇംഗ്ലീഷ് യോഗ്യതാ ഇളവ് ഗുണം ചെയ്തു; കേരളത്തില്‍നിന്നടക്കം പോയവര്‍ഷം എന്‍എച്ച്എസില്‍ ചേര്‍ന്നത് ആറായിരത്തിലധികം വിദേശ നഴ്സുമാര്‍; എന്‍എംസിയില്‍ ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ഏഴുലക്ഷത്തോളം പേര്‍; ദിവസവും യുകെയിലേക്ക് എത്തുന്നത് നൂറുകണക്കിന് മലയാളി നഴ്സുമാര്‍

Britishmalayali
kz´wteJI³

ജീവനക്കാരുടെ ക്ഷാമത്തില്‍ വലഞ്ഞുകൊണ്ടിരുന്ന എന്‍എച്ച്എസിന് പ്രതീക്ഷയേകി വിദേശ നഴ്‌സുമാര്‍ വീണ്ടും യുകെയിലേക്ക് എത്തുന്നു. ഇംഗ്ലീഷ് യോഗ്യതയില്‍ വരുത്തിയ ഇളവാണ് റിക്രൂട്ട്‌മെന്റ് കൂടുതല്‍ അനായാസമാക്കിയതും മലയാളികളടക്കമുള്ള ഒട്ടേറെ നഴ്‌സുമാര്‍ക്ക് ഗുണകരമായതും. യൂറോപ്യന്‍ യൂണിയന് പുറത്തുനിന്നുള്ള നഴ്‌സുമാരുടെ വരവിലുണ്ടായ വര്‍ധന പ്രതിസന്ധിയിലായ പല എന്‍എച്ച്എസ് ട്രസ്റ്റുകള്‍ക്കും ജീവശ്വാസം നല്‍കിയിട്ടുണ്ട്.

യൂറോപ്യന്‍ യൂണിയന് പുറത്തുനിന്നുള്ള നഴ്‌സുമാരുടെ എണ്ണത്തില്‍ 2018-19 കാലയളവില്‍ 126 ശതമാനം വര്‍ധനയുണ്ടായതായി നഴ്‌സസ് ആന്‍ഡ് മിഡ്‌വൈഫ്‌സ് കൗണ്‍സില്‍ (എന്‍എംസി) രജിസ്റ്റര്‍ വ്യക്തമാക്കുന്നു. 2017-18 കാലയളവില്‍ 2724 നഴ്‌സുമാരാണ് ഈ മേഖലയില്‍നിന്ന് ബ്രിട്ടനിലെത്തിയത്. ഇപ്പോഴത് 6157 ആയി വര്‍ധിച്ചു. സമീപകാലത്ത് ഏറ്റവും കൂടുതല്‍ നഴ്‌സുമാര്‍ രജിസ്റ്റര്‍ ചെയ്ത കാലയളവ് കൂടിയാണിത്. ഇതിന് പുറമെ, ബ്രിട്ടനില്‍നിന്നുള്ള 5000 പേര്‍കൂടി എന്‍എച്ച്എസിന്റെ ഭാഗമായി. ഇവരില്‍ നഴ്‌സുമാരും മിഡ്‌വൈഫുമാരും നഴ്‌സിങ് അസോസിയേറ്റുമാരുമുണ്ട്.

എന്‍എംസിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുടെ എണ്ണം ഇതോടെ 6,98,237 ആയി ഉയര്‍ന്നു. 2018-ല്‍ 6,90,278 പേരായിരുന്നു രജിസ്റ്ററില്‍ ഉണ്ടായിരുന്നത്. റിക്രൂട്ട്‌മെന്റ് നടപടികള്‍ കൂടുതല്‍ അനായാസമായതോടെ, ദിവസേനയെന്നോണം വിദേശ നഴ്‌സുമാര്‍ ബ്രിട്ടനിലെത്തുന്നുണ്ട്. ഇവരില്‍ ഒട്ടേറെ മലയാളികളുമുണ്ട്. രോഗിയോട് സംസാരിക്കാനും അത്യാവശ്യം ആശയവിനിമയം ചെയ്യാനുമുള്ള ഇംഗ്ലീഷ ്പരിജ്ഞാനമുള്ളവരെ റിക്രൂട്ട് ചെയ്യാമെന്നാണ് എന്‍എച്ച്എസ് തീരുമാനിച്ചിരിക്കുന്നത്.

ബ്രക്‌സിറ്റ് സംബന്ധിച്ച നടപടികളിലെ അനിശ്ചാതാവസ്ഥ ഇടക്കാലത്ത് റിക്രൂട്ട്‌മെന്റ് നടപടികളെയാകെ താളംതെറ്റിച്ചിരുന്നു. യൂറോപ്യന്‍ യൂണിയന് പുറത്തുനിന്നുള്ള രാജ്യങ്ങളില്‍നിന്ന് ഒട്ടേറെപ്പേര്‍ വരുന്നുണ്ടെങ്കിലും യൂറോപ്യന്‍ യൂണിയനുള്ളില്‍നിന്നുള്ള നഴ്‌സുമാരുടെ എണ്ണത്തില്‍ വലിയ കുറവ് സംഭവിച്ചുകൊണ്ടിരിക്കുകയാണ്. യൂറോപ്യന്‍ യൂണിയന്‍ നഴ്‌സുമാരുടെ എണ്ണത്തില്‍ രണ്ടുവര്‍ഷത്തിനിടെ 13 ശതമാനം കുറവാണുണ്ടായത്. 2017 മാര്‍ച്ചില്‍ 38,024 നഴ്‌സുമാര്‍ ഉണ്ടായിരുന്നെങ്കില്‍, 2019 മാര്‍ച്ചില്‍ 33,035 ആയി അത് കുറഞ്ഞു.

ജോലിയോടുള്ള താത്പര്യക്കുറവ് മൂലം രാജിവെച്ചുപോകുന്നവരുടെ എണ്ണം വര്‍ധിച്ചതും എന്‍എച്ചഎസിനെ പ്രതിസന്ധിയിലാക്കിയിരുന്നു. എന്നാല്‍, ആ സ്ഥിതിക്കും ഇപ്പോള്‍ മാറ്റം വന്നിട്ടുണ്ട്. 2018 മെയ്ക്കും ഒക്ടോബറിനുമിടയ്ക്ക് 3054 നഴ്‌സുമാരും മിഡ്‌വൈഫുമാരുമാണ് ജോലി വിട്ടത്. ഇവര്‍ക്കിടയില്‍ എന്‍എംസി നടത്തിയ സര്‍വേ പ്രകാരം, 49 ശതമാനം പേരും റിട്ടയര്‍ ചെയ്തതാണെന്ന് വ്യക്തമായി. ജോലിയുടെ സമ്മര്‍ദവും അതുണ്ടാക്കുന്ന മാനസിക പ്രശ്‌നങ്ങളും 30 ശതമാനം പേരെ ജോലിയുപേക്ഷിക്കാന്‍ നിര്‍ബന്ധിതരാക്കി. വ്യക്തിപരമായ കാരണങ്ങളാല്‍ 26 ശതമാനം പേരും ജോലി വിട്ടു.

ജോലിയുപേക്ഷിച്ചുപോയ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ നഴ്‌സുമാരില്‍ 51 ശതമാനവും ബ്രെക്‌സിറ്റാണ് കാരണമായി ചൂണ്ടിക്കാട്ടിയത്. ബ്രെക്‌സിറ്റിനുശേഷം യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക ഇപ്പോഴുള്ളതുപോലെ സഞ്ചാരസ്വാതന്ത്ര്യവും അവകാശങ്ങളും ബ്രിട്ടനില്‍ ലഭിക്കുമോ എന്ന സംശയമാണ് അവരെ ജോലിവിട്ട് സ്വന്തം രാജ്യത്തേക്ക് മടങ്ങാന്‍ നിര്‍ബന്ധിതരാക്കിയത്.

റിക്രൂട്ട്‌മെന്റ് ചട്ടങ്ങളില്‍ എന്‍എംസി വരുത്തിയ മാറ്റങ്ങളാണ് യൂറോപ്യന്‍ യൂണിയന് പുറത്തുനിന്നുള്ള നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റില്‍ ഇത്രത്തോളം വര്‍ധനയുണ്ടാക്കിയത്. നഴ്‌സിങ് യോഗ്യത നേടിയാലുടന്‍ റിക്രൂട്ട്‌മെന്റില്‍ പങ്കെടുക്കാമെന്ന നിലയില്‍ വ്യവസ്ഥ ലഘൂകരിച്ചിരുന്നു. മുമ്പ് യോഗ്യത നേടി 12 മാസത്തെ പ്രവര്‍ത്തന പരിചയമുള്ളവര്‍ക്കായിരുന്നു റിക്രൂട്ട്‌മെന്റില്‍ പങ്കെടുക്കാന്‍ അര്‍ഹത. നഴ്‌സുമാരുടെ എണ്ണത്തില്‍വന്ന വര്‍ധനയില്‍ തനിക്ക് സംതൃപ്തിയുണ്ടെന്ന് എന്‍എംസി ചീഫ് എക്‌സിക്യുട്ടീവ് ആന്ദ്രെ സട്ട്ക്ലിഫ് പറഞ്ഞു.

നഴ്‌സുമാരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകുന്നത് സന്തോഷം പകരുന്ന കാര്യമാണെങ്കിലും അമിത സമ്മര്‍ദം മൂലം ജോലി വിടുന്നവരുടെ എണ്ണം കൂടിവരുന്നത് കാണാതെ പോകരുതെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിങ് ചീഫ് എക്‌സിക്യുട്ടീവ് ഡെയിം ഡോണ പറഞ്ഞു. വിദേശ നഴ്‌സുമാരെ കൂടുതലായി ആശ്രയിക്കാതെ, ബ്രിട്ടനിലെ ഓരോ രാജ്യവും സ്വന്തം നാട്ടില്‍നിന്ന് ഈ മേഖലയിലേക്ക് കൂടുതല്‍പേര്‍ കടന്നുവരുന്നതിനുള്ള ശ്രമം നടത്തണമെന്നും അവര്‍ പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category