1 GBP = 89.15INR                       

BREAKING NEWS

സൗദി കപ്പലുകളെ ആക്രമിച്ചത് ഇറാനോ ഇറാന്റെ പിന്തുണയുള്ള ഹൂതികളോ എന്ന് തറപ്പിച്ച് പറഞ്ഞ് അമേരിക്ക; ആക്രമിക്കപ്പെട്ട കപ്പലുകളുടെ ദൃശ്യങ്ങള്‍ പുറത്ത്; യുദ്ധത്തിനിറങ്ങിയാല്‍ മടങ്ങിപ്പോക്ക് എളുപ്പമല്ലെന്ന് ഓര്‍മിപ്പിച്ച് ഇറാന്‍; ഇറാന്റെ മേല്‍ അനാവശ്യമായി കുതിര കയറരുതെന്ന് മുന്നറിയിപ്പ് നല്‍കി റഷ്യ; പശ്ചിമേഷ്യന്‍ സംഘര്‍ഷം അതീവ ഗുരുതരാവസ്ഥയിലേക്ക്

Britishmalayali
kz´wteJI³

ള്‍ഫ് ഓഫ് യെമനില്‍ വച്ച് സൗദിയുടെ ഓയില്‍ ടാങ്കറുകളെ ലിംപെറ്റ് മൈനുകള്‍ ഉപയോഗിച്ച് ആക്രമിച്ചുവെന്ന് റിപ്പോര്‍ട്ട്. ഈ കൃത്യം നിര്‍വഹിച്ചിരിക്കുന്നത് ഇറാനോ ഇറാന്റെ പിന്തുണയുള്ള ഹൂതികളോ ആണെന്ന് തറപ്പിച്ച് പറഞ്ഞ് അമേരിക്ക രംഗത്തെത്തിയിട്ടുമുണ്ട്. ആക്രമിക്കപ്പെട്ട കപ്പലുകളുടെ ദൃശ്യങ്ങള്‍ അതിനിടെ പുറത്ത് വന്നിട്ടുമുണ്ട്. തങ്ങളോട് യുദ്ധത്തിനിറങ്ങിയാല്‍ മടങ്ങിപ്പോക്ക് എളുപ്പമല്ലെന്നാണ് ഇറാന്‍ അമേരിക്കയടക്കമുള്ളവര്‍ക്ക് താക്കീതേകിയിരിക്കുന്നത്.  ഇറാന്റെ മേല്‍ അനാവശ്യമായി കുതിര കയറരുതെന്ന് മുന്നറിയിപ്പ് നല്‍കി റഷ്യയും മുന്നോട്ട് വന്നിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷം അതീവ ഗുരുതരാവസ്ഥയിലേക്കാണ് എത്തിപ്പെട്ടിരിക്കുന്നത്.

പ്രധാനപ്പെട്ട സൗദി ഓയില്‍ പൈപ്പ്ലൈനുകള്‍ക്ക് നേരെയും ഇന്നലെ എക്സ്പ്ലൊസീവ്-ലേഡന്‍ ഡ്രോണുകളുപയോഗിച്ച് ഇന്നലെ ആക്രമണം നടന്നിരുന്നു.  ഇതിന് മുമ്പ് സൗദിയുടെ തന്ത്രപ്രധാനമായ നിരവധി കേന്ദ്രങ്ങള്‍ക്ക് നേരെ നടന്ന ആക്രമണങ്ങള്‍ക്ക് പുറകില്‍ തങ്ങളാണെന്ന അവകാശവാദം ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതര്‍ മുഴക്കിയിരുന്നു. രണ്ട് സൗദി ടാങ്കറുകളടക്കമുള്ള നാല് കപ്പലുകള്‍ക്ക് നേരെയാണ് ഇപ്പോള്‍ ആക്രമണമുണ്ടായിരിക്കുന്നത്. ആക്രമിക്കപ്പെട്ടിരിക്കുന്ന കമേഴ്സ്യല്‍ ഷിപ്പുകളില്‍ ഒന്ന് സൗദിയില്‍ നിന്നും അമേരിക്കയിലേക്ക് എണ്ണയുമായി പോകുന്നതായിരുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്.

ഇറാനോ അല്ലെങ്കില്‍ ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതരോ ആണ് ഈ ആക്രമണത്തിന് പുറകിലെന്നാണ് അമേരിക്കന്‍ മിലിട്ടറിയുടെ ആദ്യം നിഗമനം. ഇറാനും അമേരിക്കയും തമ്മിലുള്ള ബന്ധം വഷളാവുകയും അന്യോന്യം വാദപ്രതിവാദങ്ങള്‍ മൂര്‍ച്ഛിക്കുകയും ചെയ്യുന്ന വേളയിലാണ് കപ്പലുകള്‍ക്ക് നേരെ ആക്രമണമുണ്ടായിരിക്കുന്നതെന്നത് കടുത്ത ആശങ്കയാണ് ജനിപ്പിച്ചിരിക്കുന്നത്. ഇറാന്‍ അമേരിക്കന്‍ സേനകളെ ആക്രമിക്കുകയാണെങ്കില്‍ 1,20,000 ട്രൂപ്പുകളെ വിന്യസിക്കാന്‍ പദ്ധതിയിടുന്നുവെന്ന വാര്‍ത്ത വൈറ്റ്ഹൗസ് നിഷേധിച്ചിട്ടുമുണ്ട്.

സൗദി കപ്പലുകള്‍ക്ക് നേരെ അട്ടിമറി രൂപത്തിലുള്ള നിഗൂഢമായ ആക്രമണത്തിന്റെ ചുരുളഴിയാത്തതിനെ തുടര്‍ന്ന് മിഡില്‍ ഈസ്റ്റില്‍  കടുത്ത സംഘര്‍ഷ സാധ്യതയുടെ മേഘങ്ങളാണ് ഉരുണ്ട് കൂടിയിരിക്കുന്നത്. ഇന്നലെ പ്രധാനപ്പെട്ട സൗദി പൈപ്പ് ലൈനുകള്‍ക്ക് നേരെ ഡ്രോണ്‍ ആക്രമണങ്ങളുണ്ടായിരിക്കുന്നത് സംഘര്‍ഷ സാധ്യത വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് ഈ പൈപ്പുകളിലൂടെ ക്രൂഡ് ഓയില്‍ ഒഴുകുന്നതിന് തടസമുണ്ടായിട്ടുമുണ്ട്. ഇത് തീവ്രവാദ പ്രവര്‍ത്തനമാണെന്നാണ് പൈപ്പ് ലൈനുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തെ ഇന്നലെ സൗദി എനര്‍ജി മിനിസ്റ്റര്‍ ഖാലിദ് അല്‍- ഫാലിഹ് പ്രതികരിച്ചിരിക്കുന്നത്.
 
സംഘര്‍ഷാവസ്ഥ മുമ്പിലാത്ത വിധത്തില്‍ ശക്തമാകുമ്പോഴും ഇരു പക്ഷവും രംഗം ശാന്തമാക്കുന്നതിന് ശ്രമം നടത്തുന്നുണ്ട്. തങ്ങള്‍ യാതൊരു തരത്തിലുമുളള യുദ്ധത്തിനും ആഗ്രഹിക്കുന്നില്ലെന്നാണ് ഇറാനിയന്‍ സുപ്രീം ലീഡറായ ആയത്തൊള്ള അലി ഖമെയ്നി പ്രതികരിച്ചിരിക്കുന്നത്. യുഎസ് അടിസ്ഥാനപരമായി യുദ്ധത്തിനായി മുന്നിട്ടിറങ്ങില്ലെന്നാണ് യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റായ മൈക്ക് പോംപിയോ പറഞ്ഞിരിക്കുന്നത്. മിഡില്‍ ഈസ്റ്റില്‍ സംജാതമായിരിക്കുന്ന ഇപ്പോഴത്തെ അവസ്ഥ പരിഗണിച്ച് ഇവിടെ 1,20,000 ട്രൂപ്പുകളെ വിന്യസിക്കാന്‍ യുഎസ് പദ്ധതിയിടുന്നുവെന്ന  വാര്‍ത്ത വ്യാജമാണെന്ന് യുഎസ് പ്രസിഡന്റ് ട്രംപും വ്യക്തമാക്കിയിട്ടുണ്ട്.

ഇറാനെതിരെ അമേരിക്ക നടത്തുന്ന അനാവശ്യ പ്രചാരണങ്ങള്‍ക്കെതിരെ റഷ്യ രംഗത്തെത്തിയിട്ടുണ്ട്. യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റായ മൈക്ക് പോംപിയോ നിര്‍ണായക ചര്‍ച്ചകള്‍ക്കായി റഷ്യന്‍ പ്രസിഡന്റ് വ്ലാദിമെര്‍ പുട്ടിനെ കാണാനെത്തുന്നുവെന്ന്  വാര്‍ത്ത വന്ന് അധികം വൈകുന്നതിന് മുമ്പാണ് ഇറാനെതിരെയുള്ള യുഎസ് നീക്കത്തെ റഷ്യ അപലപിച്ചിരിക്കുന്നത്. സോച്ചിയിലെ ബ്ലാക്ക് സീ റിസോര്‍ട്ടില്‍ വച്ചായിരിക്കും പോംപിയോയും പുട്ടിനും തമ്മിലുള്ള നിര്‍ണായകമായ ചര്‍ച്ചകള്‍ നടക്കുന്നത്. ഇറാന്‍ മറ്റ് ലോകശക്തികളുമായുണ്ടാക്കിയിരിക്കുന്ന ആണവകരാറിനെ ചൊല്ലി ഇറാനും യുഎസും തമ്മില്‍ വാക്ക് പോര് രൂക്ഷമാകുന്നതിനിടെയാണ് പോംപിയോ പുട്ടിനെ സന്ദര്‍ശിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.
കടുത്ത നിലപാടുകളും അനാവശ്യമായ പിടിവാശികളുമുള്ള നാഷണല്‍ സെക്യൂരിറ്റി അഡൈ്വസറായ ജോണ്‍ ബോല്‍ട്ടന്റെ തെറ്റായ ഉപദേശങ്ങള്‍ക്കനുസരിച്ച് ട്രംപ് തുള്ളുകയാണെന്നാണ് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൗഹാനിയുടെ ഉപദേശകനായ ഹെസമോഡിന്‍ അഷെന പരിഹസിച്ചിരിക്കുന്നത്. അമേരിക്ക ഇറാഖിന് നേരെ നടത്തിയ യുദ്ധത്തിന്റെ പ്രധാന ഉപദേശകനായിരുന്ന ബോല്‍ട്ടന്‍ നിലവില്‍ ഇറാനെതിരെയുള്ള അമേരിക്കന്‍ നിലപാടിന്റെയും നീക്കങ്ങളുടെയും സൂത്രധാരനുമാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category