1 GBP = 88.40 INR                       

BREAKING NEWS

ലണ്ടനിലെ ഇലക്ട്രിക് എന്‍ജിനീയര്‍ കാസര്‍ഗോട്ടെത്തിയപ്പോള്‍ മലയാള സിനിമയ്ക്ക് ലഭിച്ചത് 'സ്വപ്നരാജ്യം'; സുനില്‍ സുഖദയും ജഗദീഷും മാലാ പാര്‍വ്വതിയും മാമുക്കോയയും മുഖ്യ വേഷത്തില്‍ എത്തിയ സിനിമ രണ്ടാം വാരത്തിലേക്ക്; രഞ്ജി വിജയന്റെ സ്വപ്നം പൂവിട്ട കൊച്ചു സിനിമ വലിയ വിജയം നേടുമ്പോള്‍

Britishmalayali
കെ ആര്‍ ഷൈജുമോന്‍

കവന്‍ട്രി: അഞ്ചു വര്‍ഷം മുന്‍പ്, കൃത്യമായി പറഞ്ഞാല്‍ 2014 ഡിസംബര്‍ നാലിന് ബ്രിട്ടീഷ് മലയാളി പരിചയപ്പെടുത്തിയ രഞ്ജി വിജയന്‍ എന്ന സിനിമ മോഹിയായ യുവാവിന്റെ സ്വപ്നങ്ങള്‍ ഒടുവില്‍ കഴിഞ്ഞ വെള്ളിയാഴ്ച സാക്ഷാല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. സ്വപ്ന രാജ്യം എന്ന കൊച്ചു സിനിമ നിറഞ്ഞ സദസില്‍ രണ്ടാം വാരത്തിലേക്കു കടക്കുമ്പോള്‍ പുലിമുരുകനും ലൂസിഫറും മാത്രമല്ല മലയാള സിനിമ എന്ന് കൂടി തെളിയിക്കുകയാണ് ഈ യുകെ മലയാളി. ലണ്ടന്‍ ഇലക്ട്രിസിറ്റി വിഭാഗത്തില്‍ ടെക്നിക്കല്‍ എന്‍ജിനിയറായ രഞ്ജി കഴിഞ്ഞ അഞ്ചു വര്‍ഷമായി ഈ സിനിമയുടെ പിന്നാലെ ആയിരുന്നു എന്നതാണ് സത്യം.

തുടക്കത്തില്‍ അക്കരപ്പച്ച എന്ന് പേരിട്ടു യുകെ മലയാളികളെ അഭിനേതാക്കളാക്കി ചെറിയ നിലയില്‍ തുടങ്ങാന്‍ ആയിരുന്നു പ്ലാന്‍ എങ്കിലും ഷൂട്ടിങ് കുറെയധികം മുന്നോട്ടു പോയപ്പോള്‍ തനിക്കു ചെയ്യാനുള്ളത് ഇതല്ലെന്നു രഞ്ജി തിരിച്ചറിയുക ആയിരുന്നു. ഇതോടെയാണ് കഥയില്‍ അല്‍പ സ്വല്‍പം വ്യത്യാസം വരുത്തി സുനില്‍ സുഖദയും ജഗദീഷും മാലപര്‍വതിയും മാമുക്കോയയും ഷെമിന്‍ സണ്ണിയും അടക്കമുള്ള താരനിരയെ കൂട്ടി സ്വപ്ന രാജ്യം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്.

എല്ലാം നല്ലതിന് എന്ന് പറയും പോലെയാണ് ഇപ്പോള്‍ രഞ്ജിയുടെ സിനിമയും. അഞ്ചു വര്‍ഷം മുന്‍പത്തെ അക്കരപ്പച്ച പുറത്തു വന്നിരുന്നെങ്കില്‍ സാധാരണ യുകെ മലയാളികളുടെ സിനിമ കഥകള്‍ ഒന്നുപോലെയായി അതും മറവിയുടെ ലോകത്തേക്ക് അതിവേഗം മറഞ്ഞേനേ. എന്നാല്‍ സ്വപ്നരാജ്യത്തിലൂടെ മലയാള സിനിമയുടെ ഇടനാഴിയില്‍ ഒരു നിഴലായി എങ്കിലും ഇനിയെന്നും രഞ്ജിയുടെ പേരുണ്ടാകും.
അതുമാത്രമല്ല മെഗാ സ്റ്റാര്‍ മോഹന്‍ ലാല്‍ വന്നിട്ട് പോലും രക്ഷപെടാത്ത മലയാള സിനിമയുടെ ലണ്ടന്‍ രാശി മാറ്റി എഴുതാന്‍ ഉള്ള നിയോഗം ഉണ്ടായതും കാസര്‍ഗോട്ടെ ഈ നീലേശ്വരം സ്വദേശിക്കാണ്. ഇംഗ്ലീഷ്, ലണ്ടന്‍ ബ്രിഡ്ജ്, ആദം ജോണ്‍, ഒടുവില്‍ ഡ്രാമ തുടങ്ങിയ ചിത്രങ്ങള്‍ക്ക് കഴിയാതെ പോയ വിജയം സ്വപ്ന രാജ്യം നേടിയാലും അത്ഭുതമില്ല.
 
പത്തു വര്‍ഷം മുന്‍പ് നടന്ന ഒരു കഥയാണ് ഇപ്പോള്‍ രഞ്ജിയുടെ സിനിമയായി പുറത്തു വന്നിരിക്കുന്നത്. ഒരു പ്രണയത്തകര്‍ച്ച കാമുകനെ തകര്‍ത്തു എറിയുന്നതാണ് സ്വപ്നരാജ്യത്തിന്റെ ഇതിവൃത്തം. തന്റെ നിരാശ നിറഞ്ഞ ജീവിതത്തില്‍ നിന്നും രക്ഷപെടാന്‍ കഥാനായകന്‍ പഠന ആവശ്യത്തിനായി ലണ്ടനില്‍ എത്തുകയാണ്. വീട് പണയം വച്ച് ലണ്ടനില്‍ എത്തിയ കൃഷ്ണന്‍കുട്ടി എന്ന നായകന്‍ നേരിടുന്ന അന്ത സംഘര്‍ഷങ്ങള്‍ സിനിമയില്‍ വേണ്ടുവോളമുണ്ട്.
തുടര്‍ന്ന് കഥാനായകന്‍ വര്‍ഷ എന്ന പെണ്‍കുട്ടിയെ കണ്ടു മുട്ടുന്നതോടെ കഥയില്‍ വഴി പിരിച്ചല്‍ സംഭവിക്കുകയാണ്. ലണ്ടനിലെ സാധാരണ മലയാളികള്‍ നേരിടുന്ന അനുഭവ കഥകള്‍ യുകെയില്‍ ജീവിക്കുന്ന രഞ്ജിക്ക് ഒട്ടും അതിഭാവുകത്വം ഇല്ലാതെ സിനിമയില്‍ വരച്ചിടാന്‍ കഴിഞ്ഞിട്ടുണ്ട്. കൃഷ്ണന്‍കുട്ടിയായി ചിത്രത്തില്‍ എത്തുന്നതും രഞ്ജി തന്നെ ആണെന്നതും ഈ കൊച്ചു സിനിമയെ വിജയത്തില്‍ എത്തിക്കാന്‍ പ്രധാന കാരണമായിരിക്കുകയാണ്.
ഈ സിനിമയുടെ കുറെ ഭാഗങ്ങള്‍ രഞ്ജി യുകെയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ഹോളിവുഡ് നിര്‍മ്മാണ രംഗത്ത് പരിചയമുള്ള ഡ്ര്യൂവ് സെവെല്‍ പശ്ചാത്തല സംഗീതം നിര്‍വഹിക്കാന്‍ എത്തിയതും ദൃശ്യത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ കൈ തരാന്‍ തയാറായപ്പോഴും സ്വപ്നരാജ്യം രാജ്യാതിര്‍ത്തികള്‍ കടന്ന കൂട്ടായ്മയില്‍ പിറന്ന ചിത്രം എന്ന ഖ്യാതി കൂടി നേടാന്‍ ഇടയാക്കിയിരിക്കുകയാണ്. ലോക പ്രശസ്ത സംഗീതകാരന്‍ ഹരിഹരന്‍ പാടിയ പാട്ടു കൂടിയാകുമ്പോള്‍ സ്വപ്നരാജ്യം ഒരു നവാഗത സംവിധായക സിനിമ എന്ന തലത്തിനും അപ്പുറത്തേക്ക് വളരുകയാണ്.
യെന്തിരന്‍, ഇംഗ്ലീഷ് എന്നി സിനിമകള്‍ക്ക് വേണ്ടി ശബ്ദം ചെയ്ത അരുണ്‍ രാമവര്‍മ്മയാണ് സ്വപ്നരാജ്യത്തിന്റെ ശബ്ദ നിയന്ത്രണം നിര്‍വഹിച്ചത്. സൗണ്ട് മിക്സിങ് കൈകാര്യം ചെയ്തത് ദൃശ്യം ചെയ്ത അനൂപ് തിലക് ആണ്. പ്ലസ്ടു ക്ലാസില്‍ നാടകത്തിനു മുഖവുര എഴുതി കലാലോകത്തേക്കു വന്ന രഞ്ജി ഒടുവില്‍ എറണാകുളം കടായിരുപ്പ് കോലഞ്ചേരി കോളേജിലെ എന്‍ജിനിയറിങ് പഠന ശേഷം കെഎസസ്ഇബിയില്‍ കരാര്‍ ജോലിയും ഒടുവില്‍ ദുബൈയില്‍ ഇലക്ട്രിക് എന്‍ജിനിയറിങ് രംഗത്ത് ജോലി ചെയ്യുമ്പോഴും മനസ് നിറയെ സിനിമ എന്ന സ്വപ്നം മാത്രമായിരുന്നു. ഒടുവില്‍ എംബിഎ പഠനം ലക്ഷ്യമിട്ടു 2009 ല്‍ ലണ്ടനില്‍ എത്തിയ രഞ്ജി ചെറിയ സിനിമകള്‍ ചെയ്താണ് തന്റെ മോഹങ്ങള്‍ക്ക് നിറം നല്‍കിക്കൊണ്ടിരുന്നത്.

തുടര്‍ന്ന് പവര്‍ സിസ്റ്റം എനര്‍ജി മാനേജ്‌മെന്റില്‍ ലണ്ടന്‍ സിറ്റി യൂണിവേഴ്‌സിയില്‍ മാസ്റ്റേഴ്സ് ചെയ്ത ശേഷമാണു ഇലകിട്രിക് എന്‍ജിനീയറായി ജോലി കണ്ടെത്തിയത്. ഇതോടെയാണ് സാമ്പത്തികമായി സ്വന്തം കാലില്‍ നില്‍ക്കാം എന്ന നില ഉണ്ടായതോടെ കയ്യില്‍ കിട്ടിയ പണം മുഴുവന്‍ സ്വന്തം സിനിമക്കായി മാറ്റി വച്ച് തുടങ്ങിയത്. എന്നിട്ടും ആദ്യ ഹൃസ്വ ചിത്രം ഇപ്പോഴും രെഞ്ജിക്കു പുറത്തിറക്കാനായിട്ടില്ല. എന്നാല്‍ രണ്ടാമത്തെ പടം പുറത്തു വന്നെങ്കിലും ആര്‍ട്ട് മോഡല്‍ ചിത്രം ആയതിനാല്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. തുടര്‍ന്നാണ് അക്കരപ്പച്ചയുടെ ത്രെഡ് കിട്ടുന്നത്. കുറെയേറെ ഭാഗങ്ങള്‍ സുനില്‍ സുഖദയെ ലണ്ടനില്‍ എത്തിച്ചു ചിത്രീകരിക്കുകയും ചെയ്തു. അന്നും രഞ്ജി ഒരിക്കല്‍ തന്റെ പടം തിയറ്ററില്‍ എത്തും എന്ന് പറഞ്ഞപ്പോഴും ആരും കാര്യമാക്കിയിരുന്നില്ല.
ഇതിനിടയില്‍ 8119 എന്ന സഞ്ചാര സിനിമയിലും ലീഡ് റോളില്‍ അഭിനയിക്കാന്‍ രഞ്ജിക്കു അവസരം ലഭിച്ചിരുന്നു. ഒരു ഡസനിലേറെ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു പൂര്‍ത്തീകരിച്ച സിനിമയാണിത്. ചില ഘട്ടങ്ങളില്‍ മൈനസ് 36 ഡിഗ്രിയില്‍ വരെ അഭിനയിക്കേണ്ടി വന്നതും രാഞ്ജിയുടെ ഓര്‍മ്മയില്‍ ഉണ്ട്. മോഹന്‍ലാല്‍ യുകെയില്‍ പൂര്‍ത്തിയാക്കിയ ഡ്രാമ എന്ന ചിത്രത്തില്‍ സൗണ്ട് റെക്കോര്‍ഡിസ്റ് ആയി പ്രവര്‍ത്തിക്കാനും രഞ്ജിക്കു കഴിഞ്ഞിരുന്നു. തുടര്‍ന്ന് ബോളിവുഡ് പ്രൊഡക്ഷന്റെ ഫെസ്റ്റിവല്‍ ടൈപ് ചിത്രമായ എ ബില്യണ്‍ കളര്‍ സ്റ്റോറിയിലും രഞ്ജി പ്രവര്‍ത്തിച്ചിരുന്നു. ബ്രിട്ടീഷ് ഫിലിം അക്കാദമി അവാര്‍ഡ് ലഭിച്ച സംവിധായകനാണ് ഈ ചിത്രം ചെയ്തത്.

ശ്രീലങ്കന്‍ തമിഴരുടെ വംശീയ കഥ പറഞ്ഞ ആ ചിത്രത്തില്‍ ശ്രീലങ്കന്‍ തമിഴ പഠിച്ചു ശരവണന്‍ എന്ന കഥാപാത്രത്തിന് ജീവന്‍ നല്‍കിയത് രാഞ്ജിയാണ്. ഇത്തരത്തില്‍ ഉള്ള സിനിമ പ്രവര്‍ത്തങ്ങള്‍ എല്ലാം ചേര്‍ത്ത് നല്‍കിയ അനുഭവ സമ്പത്തുമായാണ് ഈ യുകെ മലയാളി സ്വപ്നരാജ്യത്തിനായി ഇറങ്ങി തിരിച്ചതും ഇപ്പോള്‍ അഭിമാനത്തോടെ തല ഉയര്‍ത്തുന്നതും. ഈ ചിത്രം രഞ്ജിയുടെ മാത്രമല്ല, മുഴുവന്‍ യുകെ മലയാളികളുടെയും വിജയം കൂടിയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category