1 GBP = 87.30 INR                       

BREAKING NEWS

എല്ലാ അവസരങ്ങളും പൂര്‍ണ്ണമായി ഉപയോഗിച്ചുകൊണ്ടുള്ള കൃത്യനിര്‍വഹണമാണ് യഥാര്‍ഥ ജീവിത സാക്ഷാല്‍ക്കാരം; റോയ് സ്റ്റീഫന്‍ എഴുതുന്നു

Britishmalayali
റോയ് സ്റ്റീഫന്‍ ബിഇഎം

ജീവിതത്തില്‍ ഏതെങ്കിലും ഒരു കാലഘട്ടത്തില്‍ അറിയപ്പെടാനും അംഗീകരിക്കപ്പെടാനും ആഗ്രഹിച്ചിട്ടില്ലാത്ത വ്യക്തികള്‍ വളരെ  വിരളമാണ് ഉയരങ്ങളില്‍ നിന്നും ഉയരങ്ങളിലേയ്ക്ക് വളരാനും മറ്റാളുകള്‍ക്കിടയില്‍ ജനസമ്മതിയുള്ള വ്യക്തിയായിത്തീരുവാനുമുള്ള ആഗ്രഹം പൊതുവെ മനുഷ്യ സഹചമാണ്. എല്ലാ തലങ്ങളിലുമുള്ള അംഗീകാരങ്ങള്‍ അതെത്ര ചെറുതായാലും വലുതായാലും മറ്റുള്ളവരില്‍ നിന്നും ലഭിക്കുന്ന ഒരു നന്ദി വാക്കാണെങ്കില്‍ കൂടിയും അത് ലഭിക്കുന്ന വ്യക്തികളില്‍ വലിയ സ്വാധീനം ചെലുത്തുന്നതാണ്.  അംഗീകാരങ്ങള്‍ ഏതൊരാളുടെയും കഴിവുകള്‍ വീണ്ടും വളര്‍ത്തുവാനും തന്റെ ലക്ഷ്യങ്ങളിലും പ്രവര്‍ത്തന മേഖലകളിലും കൂടുതല്‍ ഉന്മേഷത്തോടും താല്‍പര്യത്തോടുംകൂടി ഇടപെടാനും പ്രചോദിപ്പിക്കുന്നു. അതുപോലെ തന്നെ മറ്റുള്ളവരില്‍നിന്നും ലഭിക്കുന്ന അനുമോദനങ്ങളും പ്രോത്സാഹനങ്ങള്‍ ജനിപ്പിക്കുന്ന നല്ല വാക്കുകളും  ഓരോരുത്തരുടെയും കഴിവുകളെ ഉത്തെജിപ്പിക്കുകയും കൂടുതല്‍ കര്‍മ്മോല്‍സുകരായി തീരുവാനുംസഹായിക്കുന്നു.

കുടുംബങ്ങളിലും സമൂഹങ്ങളിലുമുള്ള ചെറിയ സമ്മാനങ്ങളിലെയും പ്രതിഫലങ്ങളിലെയും അടിസ്ഥാന ആശയം വളരെ ലളിതമാണ്. അംഗീകരിക്കപ്പെടുവാനുള്ള മനുഷ്യന്റെ മനശ്ശാസ്ത്രം തന്നെ. എല്ലാ പ്രതിഫലങ്ങളും സമ്മാനങ്ങളും വ്യക്തികളില്‍ ആത്മവിശ്വാസം വളര്‍ത്തുന്ന ഘടകം തന്നെയാണ്. തന്റെ പ്രവര്‍ത്തനങ്ങളും ജീവിത രീതികളും ശരിയായിരുന്നു എന്ന് മറ്റുള്ളവരും അംഗീകരിക്കുമ്പോള്‍ സ്വാഭാവികമായും വീണ്ടും വളരുന്ന ആത്മവിശ്വാസം. ഇനിയും കൂടുതല്‍ ആഴത്തില്‍ ചിന്തിക്കുമ്പോള്‍ വ്യക്തികളുടെ സ്വഭാവ രീതികള്‍ക്കനുസൃതമായ വലിയ പ്രതിഫലങ്ങള്‍ ലഭിക്കുമ്പോഴും അവരോരുത്തരുടേയും സ്വഭാവങ്ങളെയോ ജീവിത രീതികളെയോ സ്വാധീനിക്കുന്നു. ഇനിയും ഇതുപോലുള്ള പ്രതിഫലങ്ങള്‍ സ്വാധീനിക്കുന്നില്ലെങ്കില്‍ കൂടിയും സ്വാഭാവികമായും അവര്‍ വീണ്ടും വലിയ പ്രതിഫലങ്ങള്‍ അര്‍ഹിക്കുന്ന പ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കുകയും സാധ്യമാക്കുവാനും അതിനനുസൃതമായ സ്വഭാവരീതികള്‍ ഉള്‍ക്കൊള്ളുവാനും പരിശ്രമിച്ചുകൊണ്ടിരിക്കും. ചുരുക്കത്തില്‍ എല്ലായ്പ്പോഴും നേട്ടങ്ങള്‍ക്കും വിജയങ്ങള്‍ക്കുമുള്ള ചെറിയ പ്രതിഫലങ്ങള്‍ എല്ലാ മനുഷ്യരിലും വലിയ പ്രേരണകളും പ്രചോധനങ്ങളും ജനിപ്പിക്കുന്നു.

ലോകം വളര്‍ന്നു എന്ന് വിശ്വസിക്കുമ്പോഴും വ്യക്തികളിലെ സാമൂഹിക പ്രതിബദ്ധത ഇല്ലാതായി എന്നു തന്നെയാണ് ആനുകാലിക സംഭവ വികാസങ്ങള്‍ സൂചിപ്പിക്കുന്നത്. എല്ലാ സമൂഹങ്ങളിലെയും വ്യക്തികള്‍ തമ്മില്‍ സഹകരിക്കേണ്ടതിനു പകരം അതെ സമൂഹത്തിലെ വ്യക്തികള്‍ തമ്മില്‍ അന്യോന്യം മത്സരമാണ്. സ്വന്തം കഴിവുകള്‍കൊണ്ട് ജയിക്കുവാന്‍ ശ്രമിക്കുന്നതിനു പകരം  കൂട്ടത്തിലുള്ളവനേ തോല്‍പിച്ചും മറ്റുള്ളവരുടെ മുന്‍പില്‍ നിരന്തരം താറടിച്ചും കാണിച്ചു താന്‍ കേമനാണെന്നു സ്വയം വരുത്തി തീര്‍ക്കുവാനുള്ള ഗൂഢപ്രവണതകളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്.

സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലും സന്നദ്ധ സംഘടനകളിലും ആല്‍മാര്‍ത്ഥമായി പ്രവര്‍ത്തിക്കുവാന്‍ ആഗ്രഹിക്കുന്നവരും വ്യക്തികള്‍ക്കും സമൂഹങ്ങള്‍ക്കും ഗുണമേന്മയുള്ള പദ്ധതികള്‍ വിഭാവനം ചെയ്യുവാന്‍ കഴിവുള്ളരും സമൂഹത്തില്‍ ധാരാളമുണ്ട് പക്ഷേ പലപ്പോഴും പൊതുസമൂഹമദ്ധ്യേ വ്യക്തിഹത്യകളും അവഹേളനങ്ങളും നേരിടേണ്ടി വരുന്നതുകൊണ്ടും കാക്കക്കൂട്ടങ്ങളില്‍ കുയിലിനു കാര്യമില്ലായെന്നു തിരിച്ചറിഞ്ഞുകൊണ്ടും ഒഴിഞ്ഞു മാറുന്ന സ്ഥിതിവിശേഷമാണ് പല സമൂഹങ്ങളിലും ഇപ്പോള്‍ നിലവിലുള്ളത്. ഈ പ്രവണതകൊണ്ട് കാര്യക്ഷമതയുള്ള സാമൂഹിക പ്രവര്‍ത്തകരിലൂടെ ലഭിക്കേണ്ട പല വികസന പ്രവര്‍ത്തനങ്ങളും നിരവധി അവസരങ്ങളും പൊതു സമൂഹത്തിന് നിരന്തരമായി നഷ്ടപ്പെടുന്നു. ഈ സാമൂഹിക തകര്‍ച്ച തിരിച്ചറിഞ്ഞതുകൊണ്ടാണ് സന്നദ്ധസാമൂഹിക മേഖലകളില്‍ ആല്‍മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്ക് ആദരങ്ങളും അംഗീകാരങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും മറ്റു സാമൂഹിക സംഘടനകളും നല്‍കുന്നത്.

വ്യക്തികളിലെ ഏറ്റവും മേന്മയേറിയ പ്രവര്‍ത്തനങ്ങള്‍ ഉത്തേചിപ്പിക്കുവാനും പ്രചോദിപ്പിക്കുവാനും അനുദിനമായ പ്രതിഫലങ്ങളും അംഗീകാരങ്ങളും ഒരു പരിധിവരെ  അനിവാര്യമാണെന്നാണ് മനഃശാസ്ത്ര പഠനങ്ങളും വ്യക്തമാക്കുന്നത്.  തങ്ങള്‍ നേരായ ദിശയില്‍ സഞ്ചരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു എന്ന ഉത്തമ ബോദ്ധ്യം ജനിപ്പിക്കുവാന്‍ വേണ്ടി മാത്രം. അടിസ്ഥാനപരമായി ഓരോ വ്യക്തികളും തങ്ങളുടെ നേട്ടങ്ങളില്‍ അഭിമാനം കൊള്ളുന്നവരാണ്. ഈ അംഗീകാരം മറ്റുള്ളവരില്‍ നിന്നും ലഭിക്കുമ്പോള്‍ വീണ്ടും പ്രചോദിതരായി മാറുകയാണ്. ഓരോ വ്യക്തികളുടെയും അനുദിന കര്‍മ്മമേഖലകളില്‍ നിന്നും ലഭിക്കുന്ന അംഗീകാരങ്ങള്‍ക്കുപരി സന്നദ്ധ മേഖലകളില്‍ ലഭിക്കുന്ന ആദരവും അംഗീകാരങ്ങളും കൂടുതല്‍ ശോഭയുള്ളതായി കാണപ്പെടുന്നതിന്റെ പ്രധാന കാരണം മനുഷ്യന്റെ സാമൂഹിക ജീവിതത്തിലുണ്ടായ മാറ്റങ്ങള്‍ മൂലമാണ്. ലോകം വളര്‍ന്നതിനൊപ്പം കൂട്ടു കുടുംബങ്ങളില്‍ നിന്നും അണുകുടുംബങ്ങളിലേയ്ക്ക് മനുഷ്യന്റെ ജീവിതം ചുരുങ്ങിയപ്പോള്‍ ഭൂരിഭാഗം വ്യക്തികളും സ്വാര്‍ത്ഥമതികളാവുകയും അന്യരുടെയും മറ്റു സമൂഹങ്ങളുടെയും ജീവിതത്തില്‍ ഇടപെടുവാനുള്ള താല്‍പ്പര്യം പ്രകടിപ്പിക്കാതിരിക്കുകയും ചെയ്യുന്നതു തന്നെ പ്രധാന കാരണം.

ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും തന്നെ  സാമൂഹിക സാംസ്‌കാരിക സന്നദ്ധ സംഘടനകളില്‍ കഴിവുകളും സാമൂഹിക പ്രതിബദ്ധതയുമുള്ള നേതൃത്ത്വത്തിനേക്കാള്‍ മുഖപ്രശംസകരെയും പ്രവര്‍ത്തനങ്ങളേക്കാളുപരി ഗ്രൂപ്പ് സമവായങ്ങള്‍ നിലനിര്‍ത്തുവാന്‍ വെമ്പല്‍ കൊള്ളുന്ന വ്യക്തികളും നിറഞ്ഞു നില്‍ക്കുന്നു. നാലാള്‍ കൂടുന്നിടത്തു് നാട്ടുവര്‍ത്തമാനം പറഞ്ഞിരുന്ന കാലങ്ങളില്‍ നിന്നും മനുഷ്യന്‍ പുരോഗമിച്ചു നാലാള്‍ കൂടുന്നിടത്തു് ഷെയറിട്ടു മദ്യസല്‍ക്കാരം അരങ്ങേറുന്നിടങ്ങളില്‍ പുരോഗമന ചിന്താഗതികളും  സാമൂഹിക നോവോഥാന ചിന്തകളും പടിയിറങ്ങിപ്പോയതില്‍ അത്ഭുതപ്പെടുവാനില്ല. പൊതുജീവിതം ജാഡയുടെയും അധിക പ്രസംഗത്തിന്റെയും പിടിയിലമര്‍ന്നുകൊണ്ടിരിക്കുന്ന ഈ കാലയളവില്‍ മുഖ പ്രശംസകര്‍ക്കും വലിയ സ്ഥാനമാണുള്ളത്. നന്മനിറഞ്ഞ ആയിരം ഗുണഗണങ്ങളുള്ള വ്യക്തികളിലെ ചെറിയ ചെറിയ തെറ്റുകുറ്റങ്ങള്‍ തിരഞ്ഞുപിടിച്ചു അധിക്ഷേപിക്കുമ്പോള്‍ ചോദ്യം ചെയ്യുന്ന വ്യക്തികളെ കടക്കു പുറത്തു എന്ന് പറഞ്ഞാക്ഷേപിക്കുമെന്നതിനാല്‍ മൗനം വിദ്വാനു ഭൂഷണമെന്നു സാധാരണക്കാരും പാലിക്കുമ്പോള്‍ താല്‍ക്കാലിക വിജയം വീണ്ടും അധിക്ഷേപകര്‍ക്കും മുഖപ്രശംസകര്‍ക്കും മാത്രം.

ആധുനിക ലോകത്തുള്ള സാമൂഹിക സാംസ്‌കാരിക ജീവിത തലങ്ങളില്‍ സ്ഥിതിഗതികള്‍ ഇങ്ങനെയൊക്കെയാണെങ്കിലും അംഗീകാരങ്ങള്‍ നേടുവാനുള്ള വെമ്പലുകള്‍ക്കു കുറവില്ല. ഇവിടെയും മുഖപ്രശംസകര്‍ അനുമോദനമെന്ന നല്ല കാര്യത്തിനെ കാര്യസാധ്യത്തിനായുള്ള കൈക്കൂലിയാക്കി മാറ്റിയിരിക്കുന്നു. അര്‍ഹതയുള്ള വ്യക്തികള്‍ക്ക് അനുമോദനങ്ങള്‍ അവരുടെ കഴിവുകളെ ഉയര്‍ത്തുവാന്‍ പ്രചോദനമാകുമ്പോള്‍ മുഖപ്രശംസ എല്ലായ്പ്പോഴും വ്യക്തികളുടെ കഴിവുകളെ മുരടിപ്പിക്കുകയും അഹങ്കാരത്തിനേ പിന്നെയും വളര്‍ത്തുകയും മാത്രമാണ് ചെയ്യുന്നത്. ആര്‍ഭാടപ്രിയരായ ഓരോരുത്തരും ജനനം മുതല്‍ മരണം വരെയുള്ള സാമൂഹിക ജീവിതത്തിലെ ഓരോ സന്ദര്‍ഭങ്ങളും പ്രശംസിക്കപ്പെടുവാനുള്ള ആഘോഷമാക്കി മാറ്റുവാന്‍ വെമ്പല്‍ കൊള്ളുകയാണ്. സാമൂഹികാംഗീകാരത്തോടും പ്രശംസയോടും അതിരുകടന്ന താല്‍പ്പര്യം മൂലം പലവ്യക്തികളും ഇന്ന് പൊതു സമൂഹത്തിന്റെ വളര്‍ച്ചയ്ക്ക് വിലങ്ങുതടിയായും തീരാകളങ്കമായും നിലകൊള്ളുകയാണ്.

സമൂഹത്തില്‍ മാതൃകാപരമായ നേതൃത്ത്വം വഹിക്കുന്നവരെയും  ഏതെങ്കിലും കാര്യത്തില്‍ മികവ് പുലര്‍ത്തുന്നവരെയും പൊതു സമൂഹം ആദരിക്കുന്നത് ശ്ലാഘനീയമായ പ്രവൃത്തിതന്നെയാണ്. സാധാരണക്കാരില്‍ നിന്നും വ്യത്യസ്തമായും വേറിട്ടും പ്രവര്‍ത്തിച്ചു സമൂഹത്തിനും പൊതുജനങ്ങള്‍ക്കും നന്മകളും സല്‍കീര്‍ത്തിയും പ്രാവര്‍ത്തികമാക്കുന്ന വ്യക്തികളെ സ്വമേധയാ പൊതു സമൂഹം ആദരിക്കുന്നത് ആ വ്യക്തിയോടുള്ള ആദരവിന്റെ ഭാഗം മാത്രമാണെങ്കിലും പൊതുസമൂഹത്തിന്റെ മുന്‍പില്‍ അങ്ങനെയുള്ള ഒരു പ്രവൃത്തികൊണ്ടു മറ്റു വ്യക്തികളെ പ്രചോദിപ്പിക്കുവാനും സാധിക്കുന്നു. എന്നാല്‍ ലോകം വളര്‍ന്നപ്പോള്‍ സാമൂഹിക നന്മകള്‍ക്കുപരി അംഗീകാരങ്ങള്‍ നേടിയെടുക്കുവാന്‍ വേണ്ടി മാത്രമായുള്ള കുറുക്കു വഴികളായി മാറി പൊതുപ്രവര്‍ത്തനങ്ങള്‍. സാമൂഹികാംഗീകാരത്തോടും പ്രശംസയോടുമുള്ള അതിരുകവിഞ്ഞ താല്‍പര്യം പൊതുജീവിതത്തെ അനുദിനം കളങ്കപ്പെടുത്തി കൊണ്ടിരിക്കുകയാണ്. സത്യസന്ധതയ്ക്കും ആത്മര്‍ത്ഥതയ്ക്കുമുപരി പൊള്ളയായ വാഗ്ദാനങ്ങളില്‍ വിശ്വസിക്കുവാനാണ് പൊതുജനങ്ങള്‍ താല്‍പ്പര്യം കാണിക്കുന്നത്.

സമൂഹത്തില്‍ സാമ്പത്തികമായ അസമത്ത്വം കുറഞ്ഞപ്പോള്‍ അതായത് കൂടുതല്‍ വ്യക്തികള്‍ സാമ്പത്തികമായി ഉന്നമനം പ്രാപിച്ചപ്പോള്‍ സ്വാഭാവികമായും കുറുക്കുവഴികളിലൂടെ പൊതു സമൂഹത്തിനു മുന്‍പില്‍ അംഗീകരിക്കപ്പെടേണ്ട വ്യക്തിത്ത്വമായി മാറുവാനുള്ള വെമ്പല്‍ കൂടുവാന്‍ തുടങ്ങി. അതിനാല്‍ മനുഷ്യന്‍ പ്രശംസയും അംഗീകാരവും ലഭിക്കുവാന്‍ സ്വന്തം സമ്പത്തിനേക്കൂടി  ഉപകരണമാക്കുന്നു. വ്യക്തി ജീവിതവും സാമൂഹിക ജീവിതവും രാഷ്ട്രീയ ജീവിതവും അതിലുപരി മതാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ പോലും ഇന്ന് മറ്റുള്ളവരുടെ മുന്‍പില്‍ പൊങ്ങച്ചം കാണിച്ചു പ്രശംസ നേടാനുള്ള വേദിയായി മാറിയിരിക്കുന്നു.

ജീവിതത്തില്‍ എല്ലാവര്‍ക്കും ലക്ഷ്യങ്ങള്‍ അനിവാര്യമാണ് പക്ഷെ ലക്ഷ്യങ്ങളിലൂടെ എവിടെയെങ്കിലും എത്തിച്ചേരുന്നതിലല്ല, മറിച്ച് എത്തിച്ചേര്‍ന്ന സ്ഥലത്തു നിന്നുള്ള  വിജയകരമായ പ്രകടനമാണ് യഥാര്‍ത്ഥ വിജയം. അതോടൊപ്പം തന്നെ മനസിലാക്കേണ്ട മറ്റൊരു വസ്തുതയാണ് വിജയത്തിന്റെ നിര്‍വചനങ്ങളെല്ലാം ആപേക്ഷികമാണെന്നുള്ളത്. ജയിച്ചുവെന്നു കരുതുന്നവരൊക്കെ യഥാര്‍ഥത്തില്‍ ചിലപ്പോള്‍ തോറ്റവരാകാം. തോറ്റുവെന്ന് വിധിക്കപ്പെട്ടവരാകും ചില അവസരങ്ങളില്‍ വിജയശ്രീലാളിതര്‍. ഓരോ വ്യക്തികളുടെയും ആഗ്രഹിച്ച പ്രകടനമാണ് വിജയം. സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാകുന്നത് ആഗ്രഹിച്ച പദവിയോ ജോലിയോ സ്വന്തമാക്കുന്നതിലൂടെയല്ല, മറിച്ച് സ്വന്തമാക്കിയ പദവിയിലൂടെ ലഭിക്കുന്ന എല്ലാ അവസരങ്ങളും  പൂര്‍ണ്ണമായി ഉപയോഗിച്ചുകൊണ്ടുള്ള കൃത്യനിര്‍വഹണമാണ് യഥാര്‍ഥ സ്വപ്ന സാക്ഷാല്‍ക്കാരം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category