1 GBP = 94.40 INR                       

BREAKING NEWS

മുഖങ്ങള്‍: ഭാഗം രണ്ട്

Britishmalayali
രശ്മി പ്രകാശ്‌

സ ആയിരിക്കണേ എന്ന പ്രാര്‍ത്ഥനയോടെ ആണ് ഫിലിപ്പ് വാതില്‍ തുറന്നത്. മുന്നില്‍ പോലീസ് ഓഫീസര്‍ മാര്‍ക്ക് വില്യം.

ഹലോ ഡോ: മാളിയേക്കല്‍............... ഗുഡ് മോര്‍ണിംഗ്  

ഗുഡ് മോര്‍ണിംഗ് ഓഫീസര്‍, പ്ലീസ് കം ഇന്‍.

കയ്യില്‍ മടക്കി പിടിച്ചിരുന്ന പത്രങ്ങള്‍ മാര്‍ക്ക് ഫിലിപ്പിന്റെ നേരെ നീട്ടി.

ഇന്നത്തെ പത്രങ്ങളിലും മറ്റു മാധ്യമങ്ങളിലുമെല്ലാം വാര്‍ത്ത വന്നിട്ടുണ്ട്.

ക്ഷമിക്കണം മി: മാളിയേക്കല്‍ എനിക്ക് നിങ്ങളോടു പറയാന്‍ ശുഭ വാര്‍ത്തകള്‍ ഒന്നുമില്ല. തിരച്ചില്‍ ഊര്‍ജ്ജിതമായി തന്നെ നടക്കുന്നു. ഒരു ഹെലികോപ്റ്റര്‍ കൂടി നമ്മളെ സഹായിക്കാന്‍ എത്തിയിട്ടുണ്ട്. അവരെ രണ്ടുപേരെയും നമുക്ക് ജീവനോടെ കണ്ടെത്താനാകും എന്ന് തന്നെ പ്രതീക്ഷിക്കാം.

താങ്കളുടെ ഭാര്യയ്ക്ക് അസുഖം കുറവുണ്ടോ? അവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ. 

എന്തെങ്കിലും വിവരം ലഭിച്ചാല്‍ ഉടനെ അറിയിക്കാം എന്ന ഉറപ്പോടെ ഓഫീസര്‍ യാത്ര പറഞ്ഞിറങ്ങി.

പത്രമെടുത്തു നിവര്‍ത്തിയപ്പോള്‍ മുന്‍പേജില്‍ തന്നെ രണ്ടുപേരുടെയും ഫോട്ടോയടക്കം വലിയ തലക്കെട്ടില്‍ വാര്‍ത്ത ഉണ്ടായിരുന്നു.

ISABELLA MALIYEKKAL & LEXIE PEGRAM

WHERE ARE THEY?

HOW COULD THEY JUST DISAPPEAR?

പത്രത്തിലെ കറുത്ത നിറത്തിലുള്ള അക്ഷരങ്ങള്‍ പുകച്ചുരുളുകളായ് ചുറ്റും വ്യാപിക്കുന്നതുപോലെ ഫിലിപ്പിന് തോന്നി. പെട്ടെന്ന് പുറകില്‍ നിന്ന് അടക്കിപ്പിടിച്ചൊരു തേങ്ങല്‍ കേട്ടു. പത്രത്തിലേക്ക് നോക്കി വിതുമ്പി കരയുന്ന ഐസക്. എന്ത് പറഞ്ഞാണ് അവനെ ആശ്വസിപ്പിക്കേണ്ടത് എന്നാലോചിച്ചുകൊണ്ടു സോഫയിലേക്ക് ഇരിക്കാന്‍ ശ്രമിച്ച ഫിലിപ്പിന് പെട്ടെന്ന് തല കറങ്ങി, നില തെറ്റി അയാള്‍ താഴേക്ക് വീണു. കണ്ണില്‍ ഇരുട്ട് വന്നു നിറഞ്ഞു, മുറിയിലെ കാഴ്ചകള്‍ അവ്യക്തമായി. കറുത്തിരുണ്ട ഗുഹയിലൂടെ ആരോ ശക്തിയായി വലിച്ചു കൊണ്ട് പോകുന്നത് പോലെ. ഇടയ്‌ക്കെപ്പോഴോ ഇസയുടെ പേടിച്ചുള്ള നിലവിളിയും വിശന്നു തളര്‍ന്ന കണ്ണുകളും ഒരു മിന്നല്‍ പോലെ കടന്നുപോയി. മുഖത്ത് എന്തോ വന്നടിച്ചതുപോലെ. കണ്ണ് തുറന്ന ഫിലിപ്പിന്റെ കാഴ്ച കുറച്ചു നേരത്തേക്ക് അവ്യക്തമായിരുന്നു. പുകകൊണ്ടൊരു വളയം കണ്ണിലേക്ക് ആഴ്ന്നിറങ്ങിയതുപോലെ തോന്നി. അന്ധകാരത്തിനിടയില്‍നിന്ന് ആരോ തന്നെ താങ്ങി എണീപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്.

സ്ഥലകാല ബോധം വീണ്ടു കിട്ടിയപ്പോഴാണ് ആളെ മനസ്സിലായത്. ബ്ലോസ്സം അവന്യൂവിലെ അവസാനത്തെ വീട്ടില്‍ താമസിക്കുന്ന മലയാളിയായ ഫെലിക്‌സ് നൈനാന്‍. ഇവിടുത്തെ താമസക്കാരെല്ലാം ഡോക്ടര്‍മാരോ അദ്ധ്യാപകരോ ബിസിനസ്സുകാരോ ഒക്കെയാണ് എന്നാല്‍ ഫെലിക്‌സ് ഒരു സംഗീതജ്ഞനാണ്. മലയാളികള്‍ക്കും ഇംഗ്ലീഷുകാര്‍ക്കും ഒക്കെ ഏറെ പ്രിയങ്കരനാണ് ഫെലിക്‌സ്. പള്ളിയില്‍ ക്വയര്‍ പാടുകയും കീബോര്‍ഡും ഗിത്താറും വയലിനും ഒക്കെ വായിക്കുന്ന ഫെലിക്‌സ് ഏറെ പ്രശസ്തമായ ഗ്രേറ്റ് പവേഴ്‌സ് 1945 എന്ന ഇംഗ്ലീഷ് ബാന്‍ഡിലാണ് പ്രവര്‍ത്തിക്കുന്നത്. 

കാഴ്ചയില്‍ ഒരു നാല്‍പത്തഞ്ചു വയസ്സ് പ്രായം. വ്യായാമം ചെയ്ത് ഉറച്ച ശരീരം. നീളമുള്ള ചെമ്പന്‍ തലമുടി. ക്‌ളീന്‍ ഷേവ് ചെയ്ത മുഖത്ത് എപ്പോഴും മായാത്തൊരു പുഞ്ചിരി കാണാം. ആറു മാസത്തോളമായി ഇസയെ ഫെലിക്‌സ് വയലിന്‍ പഠിപ്പിക്കുന്നുണ്ട്. 

ഡോക്ടര്‍ക്ക് അറിയാമല്ലോ പ്രോഗ്രാമുകളുടെ തിരക്കില്‍ ഞാന്‍ പലപ്പോഴും ഇവിടെ ഉണ്ടാവാറില്ല. ഒരാഴ്ചയായി ഡബ്ലിനില്‍ ആയിരുന്നു. ഇന്ന് രാവിലെയാണ് തിരികെയെത്തിയത്. ഇസയുടെ വയലിന്‍ ബുക്ക് വീട്ടില്‍ വച്ച് മറന്നിരുന്നു. അത് തരാം എന്ന് കരുതി ഇറങ്ങിയപ്പോഴാണ് ഇസയുടെ കാര്യം അറിഞ്ഞത്.

എന്തെങ്കിലും വിവരം കിട്ടിയോ?

ഫെലിക്‌സിന്റെ ചോദ്യത്തിന് മറുപടിയൊന്നും പറയാതെ ഫിലിപ്പ് കാര്‍പെറ്റിലേക്കു നോക്കിയിരുന്നു.

ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങള്‍ പെയ്‌തൊഴിയാത്ത മേഘക്കെട്ടുകള്‍പോലെ തലക്കുമീതെ കനം തൂങ്ങി നില്‍ക്കാന്‍ തുടങ്ങിയിട്ടു മണിക്കൂറുകളായി. ചിന്തകളില്‍ പോലും മരവിപ്പ് ബാധിച്ചതുപോലെ. സോഫയില്‍ തന്റെ അടുത്തിരുന്ന ഐസക്കിനെ ആര്‍ക്കും വിട്ടുകൊടുക്കില്ല എന്നപോലെ അയാള്‍ ചേര്‍ത്തുപിടിച്ചു.

മറ്റെല്ലാ ദിവസങ്ങളെയും പോലെ നിശ്ശബ്ദമായാണ് ഇന്നലത്തെ വെള്ളിയാഴ്ചയും കടന്നു വന്നത്. ഇസയുടെ തിരോധാനം അതൊരു ദുഃഖവെള്ളി ആക്കിത്തീര്‍ത്തു.

ഫിലിപ്പിന്റെ മൗനം ആ സ്വീകരണ മുറിയെ വല്ലാതെ വീര്‍പ്പുമുട്ടിച്ചു. ആരും പരസ്പ്പരം ഒന്നും മിണ്ടാതിരിക്കുന്ന മുറിയില്‍, ഘടികാരത്തിലെ സൂചികള്‍ മാത്രം നേര്‍ത്ത ശ്വാസമിടിപ്പോടെ മുന്നോട്ടു ചലിച്ചു കൊണ്ടിരുന്നു.

എന്ത് ആവശ്യം ഉണ്ടായാലും വിളിക്കാന്‍ മടിക്കരുതെന്നു പറഞ്ഞു ഫെലിക്‌സ് യാത്ര പറഞ്ഞിറങ്ങി.

ചാറ്റല്‍മഴയിലൂടെ നടന്നു നീങ്ങുന്നതിനിടയില്‍ അയാള്‍ ഗ്രേ കളര്‍ ഹുഡിയുടെ പോക്കറ്റില്‍ നിന്നൊരു കണ്ണടയെടുത്തു നോക്കി.

അത് ഇസയുടെ കണ്ണടയായിരുന്നു.

(തുടരും)

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam