1 GBP = 88.00 INR                       

BREAKING NEWS

രാവിലെ എഴുന്നേറ്റാല്‍ കിടക്ക വിരിച്ചിടുന്ന എത്ര കുഞ്ഞുങ്ങളുണ്ട് യുകെ മലയാളിയുടെ വീട്ടില്‍? അച്ചടക്കം പഠിപ്പിക്കാന്‍ യുവ പൈലറ്റ് എത്തിയപ്പോള്‍ ചോദ്യങ്ങളുടെ റെഡ് സിഗ്നല്‍ നല്‍കി വട്ടം കറക്കി കവന്‍ട്രി കേരള സ്‌കൂളിലെ കുരുന്നുകള്‍; ഒടുവില്‍ കാര്‍ഡിഫിലെ അലന്‍ റെജിക്ക് സേഫ് ലാന്‍ഡിംഗ്

Britishmalayali
കെ ആര്‍ ഷൈജുമോന്‍

കവന്‍ട്രി: ഒരു പൈലറ്റ് ആയി മാറുക എന്നത് അത്ര നിസാരമാണോ? പഠിക്കാന്‍ മിടുക്കു കാട്ടിയാല്‍ പൈലറ്റ് ആകാന്‍ പറ്റുമോ? പൈലറ്റ് പഠനത്തിനു കോഴ്സ് ഫീ ഈസി ആണോ? ഈ ചോദ്യങ്ങള്‍ക്കെല്ലാം ഒറ്റ ഉത്തരമേയുള്ളൂ, നോ... ബ്രിട്ടീഷ് മലയാളി ന്യൂസ് മേക്കര്‍ അവാര്‍ഡില്‍ യാങ് ടാലന്റ് വിഭാഗത്തില്‍ മത്സരിക്കുന്ന കാര്‍ഡിഫില്‍ അലന്‍ റെജി എന്ന കേഡറ്റ് പൈലറ്റ് ശനിയാഴ്ച കവന്‍ട്രി കേരള സ്‌കൂളില്‍ എത്തിയപ്പോള്‍ നേരിട്ട ചോദ്യങ്ങളാണ് മുന്‍പേ സൂചിപ്പിച്ചത്.

കഠിന അധ്വാനത്തിലൂടെ ജീവിത വിജയം എന്ന വിഷയത്തില്‍ കുട്ടികളുമായി സംവദിക്കാന്‍ എത്തിയ കുട്ടി പൈലറ്റ് അപ്രതീക്ഷിത ചോദ്യങ്ങളുടെ ആകാശ ചുഴിയില്‍ വീണെങ്കിലും അതി സമര്‍ത്ഥമായി ഉത്തരം നല്‍കി ഒടുവില്‍ സേഫ് ലാന്‍ഡിംഗ് നടത്തിയാണ് അലന്‍ മടങ്ങിയത്. പോസിറ്റീവ് ഫീലിംഗ് എന്ന ആശയത്തില്‍ പ്രാധാന്യം കൊടുക്കുന്ന കവന്‍ട്രി കേരള സ്‌കൂളില്‍ അലന് നല്‍കിയ സ്വീകരണത്തില്‍ കുട്ടികള്‍ പൂര്‍ണ സമയവും ചോദ്യങ്ങളുമായി കൂടെ നിന്നതു അവര്‍ വിഷയത്തില്‍ കാണിച്ച താല്‍പ്പര്യം കൂടി വ്യക്തമാക്കുന്നതാണ്.

കേട്ടാല്‍ തല കറങ്ങുന്ന കോഴ്സ് ഫീ
സ്‌കൂള്‍ തലം മുതല്‍ പൈലറ്റാവുക എന്ന സ്വപ്നത്തിനായി നാഷണല്‍ കേഡറ്റ് പരിശീലനത്തില്‍ പങ്കെടുത്ത അലന്‍ റോയല്‍ എയര്‍ഫോഴ്സ്സിന്റെ ഭാഗമായി അഞ്ചു വര്‍ഷത്തെ പരിശീലനം പൂര്‍ത്തിയാക്കിയ ശേഷമാണു രണ്ടു വര്‍ഷത്തെ കൊമേഴ്‌സ്യല്‍ പൈലറ്റ് പരിശീലനത്തിന് ചേര്‍ന്നിരിക്കുന്നത്. കവന്‍ട്രി എയര്‍പോര്‍ട്ടില്‍ നടക്കുന്ന ഈ പരിശീലനത്തിന്റെ അവസാന പാദങ്ങളില്‍ ഒന്നിലാണ് അലന്‍ ഇപ്പോള്‍. ഏതാനും മാസം ന്യൂസിലാന്റില്‍ നടക്കുന്ന പരിശീലനം കൂടി പിന്നിട്ടാല്‍ യാത്ര വിമാനത്തില്‍ കോ പൈലറ്റായി ജോലിയില്‍ പ്രവേശിക്കാന്‍ യോഗ്യത നേടുകയാണ് ഈ മിടുക്കന്‍.

ഒരുപക്ഷെ യുകെ മലയാളികളുടെ രണ്ടാം തലമുറയില്‍ നിന്നും കൊമേഷ്യല്‍ പൈലറ്റ് ആകുന്ന ആദ്യ വ്യക്തിയും അലന്‍ തന്നെ ആയേക്കും. കേട്ടാല്‍ തലകറങ്ങുന്ന കോഴ്സ് ഫീസ് ആയ 123000 പൗണ്ട് കണ്ടെത്താന്‍ ഇപ്പോഴും താല്‍ക്കാലിക ജോലികള്‍ ചെയ്തു പണം കണ്ടെത്തുന്ന അലന് ആദരവിന്റെ കൂപ്പുകൈകള്‍ നല്‍കിയാണ് കവന്‍ട്രി സ്‌കൂളിലെ കുട്ടികള്‍ യാത്രയാക്കിയത്. അലന്‍ ഇപ്പോള്‍ ചെയ്യുന്ന രണ്ടു വര്‍ഷത്തെ കോഴ്‌സിന് സ്‌കോളര്‍ഷിപ്പോ സ്റ്റുഡന്റ് ലോണോ ലഭിക്കില്ല എന്നതാണ് ആവശ്യമായ പണം മുഴുവന്‍ സ്വന്തം നിലയില്‍ കണ്ടെത്താന്‍ പ്രേരണ ആയി മാറുന്നത്.

പൈലറ്റാകാന്‍ വേണ്ടത് അച്ചടക്കം, മനോബലം, ടീം വര്‍ക്ക്
ഒരു പൈലറ്റാകാന്‍ ആദ്യം വേണ്ട യോഗ്യത സെല്‍ഫ് ഡിസിപ്ലിന്‍ വേണമെന്ന ആശയത്തെ വളരെ രസകരമായാണ് അലന്‍ കുട്ടികള്‍ക്ക് മുന്‍പില്‍ അവതരിപ്പിച്ചത്. രാവിലെ ഉറക്കമുണര്‍ന്നാല്‍ ആദ്യം ചെയ്യുക എന്തെന്ന ചോദ്യത്തിന് സംവാദത്തില്‍ പങ്കെടുത്ത 55 കുട്ടികളില്‍ ഒരാള്‍ മാത്രമാണ് കൃത്യമായ ഉത്തരം നല്‍കിയത്. ബെഡ് മെയ്ക് ചെയ്യുകയാണ് ആദ്യം വേണ്ടതെന്നു മൂന്നാം ക്ലാസുകാരി ഐറിന്‍ ബാബു ഉത്തരം നല്‍കിയപ്പോള്‍ മറ്റുള്ളവര്‍ക്കു പല്ലു തേയ്പ്പും പഠനവും ഒക്കെ ആയിരുന്നു ഉത്തരങ്ങള്‍.

എന്നാല്‍ ഐറിനെ പോലെ കൃത്യനിഷ്ഠയും അച്ചടക്കവും ചെറുപ്പത്തിലേ സ്വന്തമാക്കിയാലേ ഒരു പൈലറ്റിലേക്കുള്ള യാത്ര സാധിക്കൂ എന്നതാണ് അലന്‍ നല്‍കിയ വിശദീകരണം. മലയാളം സ്‌കൂളില്‍ എത്തുന്ന കുട്ടികള്‍ ക്ലാസുകളില്‍ ടീം വര്‍ക്കില്‍ സജീവമാകുന്നത് നേരിട്ട് കണ്ട അലന്‍ ടീം ബില്‍ഡിങ്, ഗ്രൂപ് വര്‍ക്, ട്രെയിനിങ്, പ്രാക്ടീസ് എന്നിവയും കുട്ടികള്‍ക്ക് മുന്നില്‍ വിശദീകരിച്ചു. അച്ചടക്കത്തിനൊപ്പം നൂറു കണക്കിന് യാത്രക്കാരുടെ ജീവനുമായി പറക്കുന്ന പൈലറ്റിന് പക്വത, കഠിന അധ്വാനം, ബുദ്ധിക്ഷമത എന്നിവയും കൂടിയേ കഴിയൂ എന്നും അലന്‍ ചൂണ്ടിക്കാട്ടി.

ഹോട്ടലില്‍ ജോലി ചെയ്തത് എന്തിന്?
പഠനത്തിന് പണം തികയ്ക്കാന്‍ പതിനഞ്ചു വയസു മുതല്‍ ജോലി ചെയ്തു തുടങ്ങിയ കഥ അലന്‍ വിവരിക്കുമ്പോള്‍ ആശ്ചര്യത്തോടെയാണ് കുട്ടികള്‍ കേട്ടിരുന്നത്. റെസ്റ്റോറന്റുകളിലും പിസ ഹട്ടിലും ഒക്കെ ജോലി ചെയ്തെന്നു കേട്ടപ്പോള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി അലന്‍ മാത്യുവിന് സംശയം പൈലറ്റ് ആകുന്നയാള്‍ ചെറിയ ജോലികള്‍ ചെയ്തത് എന്തിന്? നാലു വര്‍ഷത്തിനിടയില്‍ ആറു ജോലികള്‍ ചെയ്തെന്നു കേട്ടപ്പോള്‍ നാലാം ക്ലാസുകാരന്‍ ജേഡന്‍ താജിന് അറിയേണ്ടത് ജോലി കിട്ടാന്‍ ഉള്ള വഴികള്‍ ആയിരുന്നു. സ്റ്റെയര്‍കെയ്‌സിലെ ആദ്യ പടി ചവിട്ടാതെ മുകളില്‍ എത്താന്‍ സാധിക്കുമോ എന്ന അലന്റെ ചോദ്യത്തില്‍ കുട്ടികള്‍ക്കുള്ള മറുപടിയും നിറഞ്ഞിരുന്നു. ചെറിയ ജോലികള്‍ ചെയ്ത അനുഭവ സമ്പത്താണ് പൈലറ്റ് പരിശീലനത്തില്‍ തുണയായി കൂടെ ഉണ്ടായിരുന്നതെന്നും അലന്‍ വെളിപ്പെടുത്തി.

ഗ്രാമര്‍ സ്‌കൂളില്‍ പഠിക്കണോ പൈലറ്റാകാന്‍?
ഇലവന്‍ പ്ലസ് എന്നറിയപ്പെടുന്ന ഗ്രാമര്‍ സ്‌കൂള്‍ കുട്ടികളിലും എത്രമാത്രം സമ്മര്‍ദ്ദം ഉണ്ടാക്കുന്നുവെന്ന ചോദ്യമാണ് ഇത്തവണ പരീക്ഷ എഴുതുന്ന മെല്‍വിന്‍ ലാലു ഉയര്‍ത്തിയത്. എന്നാല്‍ താന്‍ താമസിക്കുന്ന കാര്‍ഡിഫില്‍ ഗ്രാമര്‍ സ്‌കൂള്‍ ഇല്ലെന്നും ജി സി എസ് ഇ പരീക്ഷയില്‍ ആറു എ സ്റ്റാര്‍, ആറ് എ നേടിയ താന്‍ എ ലെവലില്‍ ഒരു എ സ്റ്റാറും രണ്ട് എ യും നേടിയാണ് പൈലറ്റ് പരിശീലനത്തിലേക്കു തിരിഞ്ഞത് എന്നും അലന്‍ വ്യക്തമാക്കി. പഠനത്തിലെ അതി സമര്‍ഥ്യമല്ല പൈലറ്റിനെ സൃഷ്ടിക്കുന്നത്, അതിലുപരിയായ ഘടകങ്ങള്‍ ആണെന്നും അലന്‍ ചൂണ്ടിക്കാട്ടി.

പൈലറ്റിന് വേണ്ട സ്‌കില്‍സ് എന്തൊക്കെയെന്ന അലന്റെ അന്വേഷണത്തിനും കുട്ടികള്‍ കൃത്യമായ മറുപടിയാണ് നല്‍കിയത്. പലപ്പോഴും സോഷ്യല്‍ മീഡിയ അടക്കമുള്ള കാര്യങ്ങളാണ് പഠനത്തില്‍ വഴി തെറ്റിക്കുന്നതിനും പരീക്ഷ പോലുള്ള സമയങ്ങളില്‍ സോഷ്യല്‍ മീഡിയ ഡീ ആക്ടിവേറ്റ് ചെയ്യുകയും ഫോണ്‍, ടിവി എന്നിവയോടു ഒരു പരിധി വിട്ടു താല്‍പ്പര്യം കാട്ടരുതെന്നും അലന്‍ തന്റെ ജീവിത വിജയം പങ്കിടവേ വ്യക്തമാക്കി.

പെണ്‍കുട്ടികള്‍ക്ക് പൈലറ്റാകാന്‍ എളുപ്പ വഴി
പെണ്‍കുട്ടികള്‍ക്ക് പൈലറ്റാകാന്‍ വഴിയെന്ത്? പൈലറ്റാകാന്‍ ആഗ്രഹിക്കുന്ന ഡോണ ബീറ്റജ്, ടാനിയ സോബോയ്, ഹെയ്ല്‍ ജോളി എന്നിവരില്‍ നിന്നും ചോദ്യം എത്തിയപ്പോള്‍ ഇപ്പോള്‍ പൈലറ്റ് പരിശീലനത്തില്‍ പെണ്‍കുട്ടികളുടെ എണ്ണം കൂടി വരികയാണ് എന്ന് അലന്‍ മറുപടി നല്‍കി. മാത്രമല്ല വിവിധ ഫൗണ്ടേഷനുകള്‍ വഴി സഹായം ലഭിക്കാനും സാധ്യത ഉണ്ട്.

പലപ്പോഴും പെണ്‍കുട്ടികള്‍ക്ക് 20000 പൗണ്ട് വരെ സ്‌കോളര്‍ഷിപ്പ് ലഭിക്കുമെന്നും അലന്‍ പറഞ്ഞപ്പോള്‍ പെണ്‍കുട്ടികളുടെ മുഖത്ത് നിറഞ്ഞ പുഞ്ചിരി വിടര്‍ന്നു. പരിശീലന സമയത്തു അഞ്ഞൂറ് മൈലോളം സ്വന്തം ചിലവില്‍ പറക്കണം. ഇതിനാണ് ഭാരിച്ച ചിലവ്. മണിക്കൂറില്‍ വന്‍തുക വാടക നല്‍കിയാണ് വിമാനങ്ങള്‍ എത്തുന്നത്. ഇടയ്ക്കിടെയുള്ള ശാരീരിക പരിശോധനകള്‍ക്കും വലിയ തുക നല്‍കണം. ഇങ്ങനെ പഠനത്തിന്റെ ഓരോ ഘട്ടവും ചെലവേറിയതാണ്.

എല്ലാവര്‍ക്കും ഡോക്ടറാകണം, കാര്യം കൈ നിറയെ പണം കിട്ടും
അച്ചടക്കത്തോടെ പഠിച്ചു, സ്വപ്ന ജോലി കണ്ടെത്തുന്നത് എന്ന ചര്‍ച്ചയില്‍ രോഹിത രാജേഷ്, മേല്‍ന പോള്‍സണ്‍, ജോര്‍ജ് എബ്രഹാം എന്നിവര്‍ക്കൊക്കെ ഡോക്ടറായാല്‍ മതി. കാരണം കൈ നിറയെ പണം കിട്ടും.  എന്നാല്‍ ജോലി ലഭിച്ചു അധിക കാലം കഴിയും മുന്നേ പൈലറ്റിന്റെ ശബളം ഒരു ലക്ഷം പൗണ്ടിന് മുകളിലേക്കു വളരും എന്നു കേട്ടപ്പോള്‍ പലരുടെയും കണ്ണു വിടര്‍ന്നു. എന്നാല്‍ ഏതു ജോലിയായാലും ഇപ്പോള്‍ തന്നെ സ്വപ്നത്തില്‍ ഉള്ള ജോലിക്കായി പഠനം ശ്രദ്ധിക്കണം എന്നതായിരുന്നു അലന്റെ നിര്‍ദ്ദേശം.

കണക്കിനെ അമിതമായി സ്നേഹിക്കുന്നവര്‍ മാത്രമേ പൈലറ്റ് ജോലിക്കായി ശ്രമിക്കാവൂ എന്ന സ്വന്തം അനുഭവത്തില്‍ നിന്നുള്ള മറുപടി നല്‍കാനും അലന്‍ മറന്നില്ല. അഞ്ചു വയസില്‍ നാട്ടിലേക്കു യാത്ര പോയപ്പോള്‍ കോക്പിറ്റ് കാണണമെന്ന അലന്റെ ആഗ്രഹം വിമാനത്തിലെ പൈലറ്റ് സാധിച്ചു കൊടുത്തപ്പോള്‍ മുതല്‍ തന്റെ ഉള്ളില്‍ കൂടിയ ആഗ്രഹമാണ് പൈലറ്റ് എന്നതും അലന്‍ വിശദീകരിച്ചു.

പരിശീലനത്തില്‍ വിമാനം തകര്‍ന്നാല്‍ മരിക്കില്ലേ, റിസ്‌ക് എടുക്കണോ?
വിമാനം പറത്താന്‍ പഠിക്കണമെങ്കില്‍ വിമാനത്തില്‍ തന്നെ പരിശീലനം നടത്തണം. എന്നാല്‍ ഇതിനിടയില്‍ വിമാനം തകരാന്‍ സാധ്യതയില്ലേ? അങ്ങനെ വന്നാല്‍ മരണം സംഭവിക്കും. അത്ര വലിയ റിസ്‌ക് എടുക്കണോ? അഞ്ചാം ക്ലാസില്‍ പഠിക്കുന്ന ഓസ്റ്റിന്‍ ബിപിന്‍ ന്യായമായ സംശയം ഉയര്‍ത്തിയപ്പോള്‍ സദസിലാകെ നിശബ്ദത. ചോദ്യം ന്യായമാണ്, സാധ്യതയുണ്ട്. എന്നാല്‍ അലന്‍ നല്‍കിയ മറുപടിയാണ് കുട്ടികളില്‍ ആവേശമായി മാറിയത്.

സാങ്കേതിക വിദ്യ വളര്‍ന്നതോടെ ഏറ്റവും സുരക്ഷിതമായ ജോലിയാണ് പൈലറ്റിന്റേത് എന്നും റോഡുകളില്‍ സംഭവിക്കുന്നതും വെള്ളത്തില്‍ സംഭവിക്കുന്നതുമായ അപകടങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ആകാശത്തു സംഭവിക്കുന്ന അപകടത്തിന് ദശ ലക്ഷത്തില്‍ ഒന്ന് എന്ന സാധ്യത മാത്രമാണ് എന്ന് കേട്ടപ്പോഴാണ് കുട്ടികള്‍ക്ക് ആശ്വാസമായത്.

എന്നാല്‍ വീണ്ടും ചോദ്യങ്ങളുടെ ആകാശ ചുഴികളും എത്തിക്കൊണ്ടിരുന്നു. വിമാനം ഭീരരര്‍ റാഞ്ചിയാല്‍ എന്ത് ചെയ്യും, ടാര്‍ബുലന്‍സ് ഉണ്ടാകുമ്പോള്‍ പൈലറ്റ് എന്ത് ചെയ്യണം, കോക്പിറ്റില്‍ ഇത്രയധികം ബട്ടണുകള്‍ എന്തിനാണ് തുടങ്ങി ചെറുതും വലുതുമായ ചോദ്യങ്ങളുടെ നീണ്ട നിരയാണ് പിന്നീടുണ്ടായത്. ഒന്നര മണിക്കൂര്‍ കൊണ്ട് സകലരെയും സംതൃപ്ടിപ്പെടുത്തി ചടങ്ങു അവസാനിക്കുമ്പോള്‍ പലര്‍ക്കും യുവ പൈലറ്റിനൊപ്പം സെല്‍ഫി എടുക്കണം.

ചടങ്ങ് ആരംഭിക്കുന്നതിനു മുന്‍പ് അലന്റെ സുഹൃത്ത് പറത്തുന്ന യാത്ര വിമാനത്തിന്റെ ടേക്ക് ഓഫ്, ലാന്‍ഡിംഗ് എന്നിവ വീഡിയോ ഫിലിമിലൂടെ പ്രദര്‍ശിപ്പിച്ചിരുന്നു. തുടര്‍ന്ന് ഡയറക്ടര്‍ ബോര്‍ഡ് അംഗം എബ്രഹാം കുര്യന്‍ പരിചയപ്പെടുത്തല്‍ നടത്തി. ചടങ്ങിന് ഒടുവില്‍ കേരള സ്‌കൂളിന്റെ ഉപഹാരം ചെയര്‍മാന്‍ ബീറ്റജ് അഗസ്റ്റിന്‍ അലന് കൈമാറി.
ചിത്രങ്ങള്‍: ഷിന്‍സണ്‍ മാത്യു 
 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category