1 GBP = 88.00 INR                       

BREAKING NEWS

അലമാര തുറക്കുന്ന ശബ്ദം കേട്ട് എഴുന്നേറ്റപ്പോള്‍ കണ്ടത് കുടവയറുള്ള കള്ളനേയും തടിച്ച ആളിനേയും; നിങ്ങളാരാ.. ഇറങ്ങിപ്പോ എന്ന് പറഞ്ഞപ്പോള്‍ ഞങ്ങള്‍ സ്വര്‍ണ്ണവും പണവും എടുക്കാന്‍ വന്നതാണെന്നും കിട്ടാതെ പോകില്ലന്നും മറുപടി; ആമാട പെട്ടി കണ്ടപ്പോള്‍ കവര്‍ച്ചക്കാരില്‍ കമാന്ററുടെ മുഖത്ത് തെളിഞ്ഞത് സ്വര്‍ണ്ണ നിറം; മോഷ്ടാക്കളെ കണ്ടെത്താന്‍ പൊലീസിനും താല്‍പ്പര്യമില്ല; ചുരിദാറിന്റെ ഷാളില്‍ എല്ലാം കൊണ്ടു പോകുന്നത് കണ്ടിരുന്ന രാത്രിയിലെ രക്ഷപ്പെടല്‍ മറുനാടനോട് പറഞ്ഞ് അത്താണിയിലെ ഡോ ഗ്രേസ് മാത്യൂസ്

Britishmalayali
പ്രകാശ് ചന്ദ്രശേഖര്‍

അങ്കമാലി: പ്രതികരിക്കാതിരുന്നതു കൊണ്ട് മാത്രമാണ് അന്ന് ജീവന്‍ രക്ഷപെട്ടത്. പ്രതികളെ പിടിച്ചിട്ടും പണവും സ്വര്‍ണ്ണവും കിട്ടിയില്ലേ എന്ന അടുപ്പക്കാരുടെയും രോഗികളില്‍ ചിലരുടെയും ചോദ്യത്തിന് ഉത്തരം പറഞ്ഞ് മടത്തു. എങ്ങോട്ടിറങ്ങിയാലും പരിചയക്കാര്‍ക്ക് ചോദിക്കാനുള്ളത് ഇതുമാത്രം. ആദ്യം കാര്യക്ഷമമായി അന്വേഷിച്ചെങ്കിലും ഇപ്പോള്‍ ഈ കേസ്സില്‍ എന്തെങ്കിലും നീക്കം നടക്കുന്നതായി അറിയില്ല. ജീവന്‍ പോലും നഷ്ടപ്പെടുമെന്ന ഘട്ടത്തോളമെത്തിയ ആ രാത്രിയിലെ സംഭവത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ ഇപ്പോഴും ഞെട്ടല്‍ വിട്ടൊഴിയുന്നില്ല.

തന്റെ വീട്ടില്‍ നിന്നും 70 പവനിലേറെ സ്വര്‍ണ്ണാഭരണങ്ങളും ലക്ഷങ്ങള്‍ വിലവരുന്ന വജ്രാഭരണങ്ങളും 85000 ത്താളം രൂപയും കവര്‍ച്ച ചെയ്യപ്പട്ട കഴിഞ്ഞ ഫെബ്രുവരി 16-ന് പുലര്‍ച്ചെ താന്‍ നേരിട്ട ഭയാനക നിമിഷങ്ങളെക്കുറിച്ചും പിന്നിട് നടന്ന സംഭവം പരമ്പരകളെക്കുറിച്ചും നെടുമ്പാശേരി അത്താണി മാമ്പറ്റത്ത് പറുദീസയില്‍ ഡോ. ഗ്രേസ് മാത്യൂസ് മനസ്സുതുറന്നത് ഇങ്ങിനെ. സംസ്ഥാനത്തെ നടുക്കിയ ഈ കവര്‍ച്ചകേസ്സില്‍ വീടിന് സമീപത്തുനിന്നും ലഭിച്ച മദ്യക്കുപ്പിയെ ചുറ്റിപ്പറ്റി പൊലീസ് നടത്തിയ അന്വേഷണത്തില്‍ രണ്ട് പേരെ തിരിച്ചറിഞ്ഞിരുന്നു. ഇവരുടെ ഫോട്ടോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തിരുന്നു.

പൊലീസ് പുറത്തുവിട്ട ചിത്രങ്ങള്‍ എന്ന നിലയിലാണ് കറുത്ത് കഷണ്ടിയുള്ള ഒരാളുടെയും സാമന്യം തടിച്ച ശരീരപ്രകൃതിയുള്ള മറ്റൊരാളുടൈയും ചിത്രങ്ങള്‍ വാട്‌സാപ് ഗ്രൂപ്പുകളും ഫെയ്സ് ബുക്ക് പേജുകളിലുമെല്ലാം പ്രചരിച്ചത്. ഇവരെ കണ്ടെത്തുന്നതിന് ഊര്‍ജ്ജിത നീക്കം നടക്കുന്നതായിട്ടാണ് ഈ ഘട്ടം മുതല്‍ പൊലീസ് പ്രതികരിച്ചിരുന്നതെന്നും ഇപ്പോള്‍ കേസ്സിനെക്കുറിച്ച്് ഒരു വാക്കുപോലും സംസാരിക്കാന്‍ പൊലീസ് വിളിയിക്കാറില്ലന്നും ഡോക്ടര്‍ ഗ്രേസ്സ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം കേസിനേക്കുറിച്ച് പൊലീസ് ഉദ്യോഗസ്ഥരില്‍ ഓരാളോട് തിരക്കിയപ്പോള്‍ ഇലക്ഷനായിരുന്നില്ലേ.., ഉദ്യഗസ്ഥരൊക്കെ സ്ഥലം മാറിപ്പോയി. എന്നൊക്കെയാണ് പ്രതികരിച്ചതെന്നും ഇനി ഇലക്ഷന്‍ റിസല്‍ട്ട് പുറത്തുവന്ന് തിരക്കൊക്കെ കഴിഞ്ഞ് ഈ കേസ് അന്വേഷിക്കുമായിരിക്കുമെന്നാണ് താന്‍ കരുതുന്നതെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.

കള്ളന്മാരെ കണ്ടെത്തിയതായി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതുമൂലം പണവും സ്വര്‍ണ്ണവുമൊക്കെ തിരിച്ചുകിട്ടിയില്ലേ എന്ന് ചോദിക്കുന്നവരുടെ എണ്ണം അടിക്കടി കൂടി വരികയാണെന്നും ഇതാണ് ഇപ്പോള്‍ വല്ലാതെ വിഷമിപ്പിക്കുന്നതെന്നും ഡോക്ടര്‍ വെളിപ്പെടുത്തി. അലമാര തുറക്കുന്ന ശബ്ദം കേട്ടാണ് പുലര്‍ച്ചെ എഴുന്നേറ്റതെന്നും തുടര്‍ന്ന് നടന്ന സംഭവങ്ങള്‍ അഭ്രപാളികളിലെന്ന പോലെ മനസ്സിലുണ്ടെന്നും ഇവര്‍ പറഞ്ഞു. കുടവയറുള്ള ഒരാളും സാമാന്യം തടിച്ചിട്ട ആളുമാണ് പുലര്‍ച്ചെ 2 മണിയോടെ മുറിയിലെത്തിയത്.

നിങ്ങളാരാ.. ഇറങ്ങിപ്പോ എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ഞങ്ങള്‍ സ്വര്‍ണ്ണവും പണവും എടുക്കാന്‍ വന്നതാണെന്നും ഇത് കിട്ടാതെ പോകില്ലെന്നും പറഞ്ഞു. ഒരുത്തന്‍ ബെഡിലേയ്ക്ക് തള്ളി വീഴ്ത്തി, പുതപ്പുകൊണ്ട് മൂടാന്‍ ശ്രമിച്ചെങ്കിലും താന്‍ സമ്മതിച്ചില്ല. വേണ്ടതെല്ലാം എടുത്തോളു എന്ന് കൈകൂപ്പി പറഞ്ഞതോടെ ഒരാള്‍ ബെഡിലിരുന്ന തന്റെ കൈയില്‍ മുറുകെ പിടിച്ചെന്നും ഈ സമയം മറ്റെയാള്‍ സ്വര്‍ണ്ണവും പണവും മുഴുവന്‍ വാരിക്കൂട്ടി മുറിയില്‍ക്കിടന്ന തന്റെ ചുരിദാറിന്റെ ഷാളില്‍ പൊതിഞ്ഞെടുക്കുകയുമായിരുന്നു. ആഭരണങ്ങളടങ്ങിയ ആമാട പെട്ടിയും നോട്ടുകെട്ടുകളും കാണുമ്പോള്‍ കവര്‍ച്ചക്കാരിലെ കമാന്റര്‍ എന്നുകരുതുന്ന തടിച്ചയാള്‍ വല്ലാതെ സന്തോഷിച്ചിരുന്നെന്ന് ഇയാളുടെ ശരീരഭാഷയില്‍ നിന്നും വ്യക്തമായെന്നും ഡോക്ടര്‍ പറയുന്നു.

താലിമാലയും മറ്റ് ആഭരണങ്ങളും എവിടെ എന്ന് ചോദിച്ച് വിരട്ടിയപ്പോള്‍ എല്ലാം ആമാട പെട്ടിയിലുണ്ടെന്ന പറഞ്ഞെന്നും ഇതുമൂലം ഹാളില്‍ ഇരിപ്പിടത്തിലെ കുഷ്യനടിയില്‍ സൂക്ഷിച്ചിരുന്ന താലിമാലമാത്രം നഷ്ടപ്പെട്ടിട്ടില്ലന്നും ഇവര്‍ അറിയിച്ചു. ലൈറ്റിടാന്‍ ശ്രമിക്കുകയോ കവര്‍ച്ച പ്രതിരോധിക്കുകയോ ചെയ്തിരുന്നെങ്കില്‍ താനിപ്പോഴും ജീവനോടെ കാണുമോ എന്ന കാര്യത്തില്‍ സംശയമാണ്. ദിവസവും രോഗികളും മറ്റുമായി 150- 200 പേരൊടെങ്കിലും ഇടപെട്ടുവന്നിരുന്നതും നാട്ടിലെ സ്ഥിതിഗതികള്‍ നേരാംവണ്ണം വിലയിരുത്തി പ്രവര്‍ത്തിച്ചതുമാണ് കവര്‍ച്ചക്കാര്‍ മുറിയില്‍ ചിലവഴിച്ച അരമണിക്കൂര്‍ നേരം ആക്രമണത്തിനിരയാവാതെ കഴിച്ചുകൂട്ടാനായതെന്നും ഡോക്ടര്‍ കരുതുന്നു.

പലപ്പോഴായി വിവാഹത്തിന് ലഭിച്ചതടക്കമുള്ള പഴയ ആഭരണങ്ങള്‍ മാറി പുതിയ ഡിസൈനുകളിലുള്ള ആഭരണങ്ങള്‍ വാങ്ങിയിരുന്നു. ഇതുമുഴുവനും കവര്‍ച്ചക്കാര്‍ കൊണ്ടുപോയി. പൊലീസില്‍ പറഞ്ഞത് ഓര്‍മ്മയിലുണ്ടായിരുന്ന ആഭരണങ്ങളെക്കുറിച്ചുള്ള കണക്കുകള്‍ മാത്രമാണ്. സ്വര്‍ണ്ണ-വജ്രാ ആഭരണണങ്ങളും വിലപിടിപ്പുള്ള വാച്ചുമടക്കം നഷ്ടപ്പെട്ട സാധനങ്ങളുടെ മൂല്യം കണക്കുകൂട്ടുമ്പോള്‍ നഷ്ടം വളരെ വലുതാണ്. ഇതുവരെ പണിയെടുത്തുണ്ടാക്കിയ സമ്പാദ്യം ഏറെക്കുറെ മൊത്തമായും നഷ്ടമായി. അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ട് വാങ്ങിയ മുതലാണെന്നും ഇതു കൊണ്ടു പോയാല്‍ നിങ്ങള്‍ക്ക് ഉപകരിക്കില്ലന്നും പറഞ്ഞപ്പോള്‍ ഡോക്ടറല്ലെ. ഇനിയും വാങ്ങാമല്ലോ എന്നായിരുന്നു കവര്‍ച്ചക്കാരില്‍ ഒരാള്‍ പറഞ്ഞെതെന്നും ഡോക്ടര്‍ തുടര്‍ന്നു പറഞ്ഞു.

അരമണിക്കൂറിലേറെ സമയം കവര്‍ച്ചക്കാര്‍ മുറിയില്‍ ചിലവഴിച്ചെന്നും ഇവര്‍ മുറിക്ക് പുറത്തിറങ്ങിയ ഉടന്‍ വിവരം പൊലീസില്‍ അറിയിച്ചെന്നും സ്റ്റേഷനില്‍ നിന്നെത്തിയ ആദ്യ പൊലീസ് സംഘം വേണ്ടവണ്ണം ഉണര്‍ന്ന് പ്രവര്‍ത്തിക്കാതിരുന്നത് കവര്‍ച്ചക്കാര്‍ക്ക് രക്ഷപെടാന്‍ അവസരം ഒരുക്കിയോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു. ബര്‍മ്മൂട മാത്രം ധരിച്ച് ,തലയും മുഖവും മറച്ചാണ് കവര്‍ച്ചക്കാരെത്തിയതെന്നും ഇവര്‍ വേഷം മാറിപ്പോകാനുള്ള സമയം വീടിന്റെ പരിസരത്ത് തന്നെ ചിലവഴിച്ചിരിക്കാമെന്നും ആദ്യമെത്തിയ പൊലീസ് സംഘം ലൈറ്റുകളും മറ്റും ഉപയോഗിച്ച് തിരച്ചില്‍ ആരംഭിച്ചിരുന്നെങ്കില്‍ ഒരു പക്ഷേ മോഷ്ടാക്കള്‍ വലയിലാവുമായിരുന്നെന്നുമാണ് ഇവരുടെ കണക്കുകൂട്ടല്‍.

പൊലീസ് അന്വേഷണത്തില്‍ വിശ്വാസമുണ്ടെന്നും വീട്ടില്‍ ജോലിക്കെത്തിയിരുന്നവരെയും ബന്ധുക്കളെയും അടക്കം നിരവധിപോരെ ചോദ്യം ചെയ്തതായി അറിഞ്ഞെന്നും കവര്‍ച്ചക്കാര്‍ താമസിയാതെ പിടിയിലാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഡോ.ഗ്രേസ്സ് പറഞ്ഞു. ചെങ്ങമനാട് സാമൂഹികാരോഗ്യകേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസറാണ് ഗ്രേസ്. വീടിന്റെ പിന്‍വശത്തെ കതകിന്റെ മുകള്‍ഭാഗത്തെ കുറ്റി ഇളക്കി മാറ്റി അടുക്കളയില്‍ പ്രവേശിച്ച കവര്‍ച്ചക്കാര്‍ ഇവിടെ നിന്നും ഹാളിലേയ്ക്കും ഹാളില്‍ നിന്നും ഡോക്ടറുടെ മുറിയിലേയ്ക്കുള്ള കതകുകളുടെ കുറ്റിയും ഇതേ രീതിയില്‍ ഇളക്കിമാറ്റിയാണ് കവര്‍ച്ച നടത്തിയത്.

ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും മുള്‍പ്പെടെ മുഴുവന്‍ സന്നാഹങ്ങളുമുപയോഗിച്ചാണ് പൊലീസ് അന്വേഷണം ആദ്യഘട്ടത്തില്‍ പുരോഗമിച്ചിരുന്നത്. റൂറല്‍ എസ് പി രാഹുല്‍ ആര്‍ നായര്‍ ,ആലുവ ഡി വൈ എസ് പി ജയരാജ് ,സ്പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പി റാഫി ,ചെങ്ങമനാട് എസ് ഐ എ കെ സൂധീര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം പലവഴിക്കായി തിരിഞ്ഞ് തിരച്ചില്‍ നടത്തിയെങ്കിലും ഇതുവരെ കാര്യമായ പ്രയോജനമുണ്ടാതായുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category