1 GBP = 93.50 INR                       

BREAKING NEWS

അശ്വതിയുടെ ജീവിതകഥ മലയാളി മാതാപിതാക്കള്‍ക്കുള്ള സന്ദേശമായി മാറുകയാണോ? ബ്രിട്ടനില്‍ ജീവിക്കുമ്പോള്‍ 'മലയാള തനിമ'യെ ഇറുകെ പുണരാന്‍ സാധിക്കുമോ? ജീവിതം മുന്നിലെത്തു മ്പോള്‍ ഒന്നാകാന്‍ തയ്യാറുള്ള കാമുകീ, കാമുകര്‍ക്കോ അതോ മാതാപിതാക്കള്‍ക്കോ മുന്‍ഗണന? ചിന്തകള്‍ക്ക് തീ പിടിക്കുന്നു

Britishmalayali
എഡിറ്റോറിയല്‍

കവന്‍ട്രി: കഴിഞ്ഞ ആഴ്ച ബിബിസി പുറത്തു വിട്ട സ്ഫോടനാത്മകമായ ഒരു ഫീച്ചറിലെ കഥാപാത്രം മലയാളിയായ യുവതി ആയിരുന്നു. പൊതു സമൂഹത്തിന്റെ ശ്രദ്ധ ഏറെ കിട്ടിയ വിഷയം യൂണിവേഴ്‌സിറ്റി പഠന കാലത്ത് കാമുകനില്‍ നിന്നും ഗര്‍ഭിണിയാവുകയും തുടര്‍ന്ന് കുഞ്ഞിനെ സ്വന്തമായി വളര്‍ത്തി പഠനം പൂര്‍ത്തിയാക്കുകയും ഒടുവില്‍ ജോലി നേടി സ്വന്തം കാലില്‍ നില്‍ക്കുന്ന ധീരതയാണ് ബിബിസി പ്രമേയമാക്കിയത്. എന്നാല്‍ വാര്‍ത്തയുടെ ഉള്ളടക്കത്തിലേക്കു പോയ ബ്രിട്ടീഷ് മലയാളി വായനക്കാര്‍ വിവിധ തലത്തിലാണ് ഈ ഫീച്ചറിനെ സമീപിച്ചത്.

ഡിഗ്രി പഠനത്തിനിടയില്‍ കാമുകനെ കണ്ടെത്തുകയും തുടര്‍ന്ന് ഗര്‍ഭിണിയാവുകയും ചെയ്ത യുവതി മാതാപിതാക്കള്‍ക്ക് വേണ്ടി കാമുകനെ ഉപേക്ഷിക്കുകയും തുടര്‍ന്നു ഒരു കുഞ്ഞിനെ പ്രസവിച്ചു പോറ്റി വളര്‍ത്തുന്നതിന്റെ വിഷമതകള്‍ സ്വന്തം ചുമലില്‍ ഏല്‍ക്കുകയും ആയിരുന്നു. ഇവിടെ യുവതിയുടെയോ മാതാപിതാക്കളുടെയോ പക്ഷം പിടിച്ചുള്ള വിചാരണയ്ക്കോ ശരി തെറ്റുകളിലേക്കോ കടക്കുകയല്ല ബ്രിട്ടീഷ് മലയാളി.

സ്വന്തം സംസ്‌കാരത്തില്‍ അത്ര പരിചിതം അല്ലാത്ത വാര്‍ത്ത പുനഃ പ്രസിദ്ധീകരിച്ചത് പോലും തെറ്റാണെന്നു അഭിപ്രായപ്പെട്ട വായനക്കാരുണ്ട്. ആ നിലയ്ക്ക് വിഷയത്തിന്റെ കല്ലും പതിരും വേര്‍തിരിക്കാനായാല്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും ആവര്‍ത്തിച്ചാല്‍ തന്നെ ഏവര്‍ക്കും അഭികാമ്യമായ വിധം ചിന്തകള്‍ പരുവപ്പെടുത്താനും ബ്രിട്ടനിലെ മലയാളി സമൂഹത്തിനു കഴിയട്ടെ എന്ന ചിന്തയോടെയാണ് ഈ വിഷയത്തെ സമൂഹത്തില്‍ കൂടുതല്‍ ചിന്തകള്‍ക്കായി തുറന്നു വിടുന്നത്.

രണ്ടു പതിറ്റാണ്ടായ യുകെ മലയാളി ജീവിതത്തില്‍ കുട്ടികള്‍ ഏറെക്കുറെ ടീനേജ് പ്രായം പിന്നിടുകയും പലരും യുവതീ യുവാക്കളായി മാറുകയും ചെയ്ത സാഹചര്യത്തില്‍ ഏവരുടെയും ഉള്ളിലെ നെരിപ്പോടായി മക്കള്‍ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇത്തരം ചര്‍ച്ചകള്‍ അനിവാര്യമാണെന്ന ചിന്തയിലാണ് ബ്രിട്ടീഷ് മലയാളി വാര്‍ത്ത വിഭാഗം ഈ വിഷയം കൂടുതല്‍ ചര്‍ച്ചകള്‍ക്കായി സമര്‍പ്പിക്കുന്നത്. നിങ്ങളുടെ വാക്കുകള്‍ വലിയ ലേഖനങ്ങള്‍ ആക്കാതെ ചെറു കുറിപ്പുകള്‍ ആയി അയച്ചാല്‍ പ്രസിദ്ധീകരണ യോഗ്യമായവ വരും ദിവസങ്ങളില്‍ അര്‍ഹമായ പ്രാധാന്യത്തോടെ നല്‍കുന്നതാണ്.

തികച്ചും വ്യത്യസ്തമായ സംസ്‌ക്കാരത്തില്‍ ജീവിക്കാന്‍ പുറപ്പെട്ടതോടെ കടലിനും ചെകുത്താനും ഇടയിലായ അനേകം കുടുംബങ്ങള്‍ ബ്രിട്ടനിലെ മലയാളികള്‍ക്കിടയിലുണ്ട്. ജീവിക്കാനുള്ള വെപ്രാളത്തിനിടയില്‍ മക്കളെ സ്നേഹിക്കാന്‍ മറന്നു പോയവര്‍ക്ക് മുട്ടന്‍ പണി നല്‍കി വീട്ടില്‍ നിന്നും ഇറങ്ങിപ്പോയ യൗവ്വനങ്ങളുടെ കഥകള്‍ ഏറെയുണ്ട്. കോളേജില്‍ പോകും മുന്‍പ് പഠനം നിര്‍ത്തിയ മകന്‍ വീട്ടില്‍ ചെല്ലാതായതോടെ മകളുടെ പേരില്‍ ഇഷ്ടദാനം എഴുതേണ്ടി വന്ന 'അമ്മ ഇനി കരഞ്ഞു ജീവിച്ചിട്ട് കാര്യം ഇല്ലെന്ന നിലയില്‍ എത്തിയിരിക്കുന്നു.

ഒടുവില്‍ അമ്മയുടെ പിറന്നാള്‍ ദിനത്തില്‍ മകന്‍ ഹോട്ടലില്‍ എത്തി ഭക്ഷണ സമയത്തു കണ്ടെങ്കിലും വീട്ടിലേക്കു ചെല്ലാന്‍ തയ്യാറായില്ല. ഇത് ഒരുപാടു പഴയ കഥയല്ല, ഏതാനും ആഴ്ച മുന്‍പു നടന്ന സംഭവമാണ്. ഇത്തരത്തില്‍ വേദനകളുടെ ലോകത്ത് എത്തിപ്പെട്ട മലയാളി മാതാപിതാക്കള്‍ നമുക്കു ചുറ്റിനും ഏറെയുണ്ട്. അവരെ കുറ്റപ്പെടുത്തുകയോ സഹതാപത്തോടെ നോക്കുകയോ അല്ല ചെയ്യേണ്ടത്, മറിച്ചു ഒരു കരം പിടിക്കാന്‍ സാധിക്കുമെങ്കില്‍ ഉത്തരവാദിത്തമുള്ള ഒരു സമൂഹം എന്ന നിലയില്‍ അതാണ് ചെയ്യേണ്ടത്.

രണ്ടു പെണ്മക്കളെ ആവോളം സ്നേഹം നല്‍കി വളര്‍ത്തി അവര്‍ വലുതായി സ്വന്തം നിലയില്‍ മികച്ച ഉദ്യോഗം കണ്ടെത്തിയപ്പോള്‍ രണ്ടു പേര്‍ക്കും തങ്ങള്‍ക്കു യോജിച്ച ഭര്‍ത്താക്കന്മാരെ മലയാളി സമൂഹത്തില്‍ കണ്ടെത്താനായില്ല. ഒടുവില്‍ ഇരുവരും ജാതിയും മതവും നോക്കാതെ ഇഷ്ട പുരുഷനെ കണ്ടെത്തി സുഖമായി ജീവിക്കുന്നു. പണവും വിദ്യാഭ്യാസവും ജോലിയും ഒക്കെയുള്ള സ്നേഹമതികളായ പുരുഷന്മാര്‍. പക്ഷെ അവരെ വെറുതെ വിടാന്‍ മലയാളി സമൂഹം തയ്യാറായിരുന്നില്ല.

യുകെയിലെ തന്നെ ഏറ്റവും ശാന്തമായ ടൗണുകളില്‍ ഒന്നില്‍ താമസിച്ചിരുന്ന ആ കുടുംബം കളിയാക്കലുകള്‍ നേരിടാനാകാതെ ഒടുവില്‍ വീട് വിറ്റ് തിരക്ക് പിടിച്ച മറ്റൊരു ടൗണിലേക്ക് മാറേണ്ടി വന്നു. ഒന്നര പതിറ്റാണ്ടു ജീവിച്ച പഴയ പട്ടണത്തിന്റെ പേര് കേള്‍ക്കുമ്പോള്‍ തന്നെ ഇവര്‍ക്ക് ഭയമാണ്, അത്ര വലിയ പാതകമാണ് പ്രാദേശിക മലയാളി സമൂഹം ആ കുടുംബത്തോട് ചെയ്തത്. മുന്‍പേ നടന്നവന്റെ വഴിയേ തന്നെയാണ് ഞാനും കുടുംബവും നടക്കാന്‍ തുടങ്ങുന്നത് എന്ന തിരിച്ചറിവില്ലായ്മയാണ് ഇവിടെ മലയാളികളെ കൊണ്ട് പരദൂഷണം പറയാന്‍ പ്രേരിപ്പിച്ചത്.

മറ്റൊരിടത്ത് ആകട്ടെ മകള്‍ ഇഷ്ടപ്പെട്ട പുരുഷനെ സ്നേഹിച്ചത് മാതാപിതാക്കള്‍ക്ക് ഇഷ്ടമായില്ല. അന്യഭാഷയും സംസ്‌കാരവും ഉള്ള പുരുഷന്‍ മകളെ കയ്യൊഴിയുമോ എന്ന ഭയമായിരുന്നു മാതാപിതാക്കള്‍ക്ക്. തുടര്‍ച്ചയായ മാതാപിതാക്കളുടെ സമ്മര്‍ദ്ദം താങ്ങാനാകാതെ യുവതി ജീവന്‍ ഉപേക്ഷിച്ചു. പക്ഷെ അവളെ ജീവനു തുല്യം സ്നേഹിച്ച പുരുഷന്‍ ഇന്നും അവളുടെ മാതാപിതാക്കളെ മമ്മി, ഡാഡി എന്ന് വിളിച്ചു സ്നേഹാന്വേഷണം നടത്തുന്നു, ഓര്‍മ്മ ദിവസം പള്ളിയില്‍ കൂടെ ചെല്ലുന്നു, എന്തിന് ഓര്‍മ്മക്കായി ഒരു ചാരിറ്റി പോലും ആ പേരില്‍ ഉണ്ടാക്കിയിരിക്കുന്നു. മാതാപിതാക്കളാകട്ടെ തങ്ങളുടെ തെറ്റ് മനസിലാക്കി പ്രായശ്ചിത്തം ചെയ്യുന്നത് സാമൂഹ്യ സേവനത്തിലൂടെയാണ്. മകനോട് ഇതേവിധം പെരുമാറിയ ഒട്ടേറെ കുടുംബങ്ങളും യുകെ മലയാളികള്‍ക്കിടയില്‍ ഉണ്ട്. അത്തരത്തില്‍ ചിലര്‍ വീട് വിട്ടിറങ്ങുക ആയിരുന്നു ഫലം.

മിഡ്‌ലാന്റ്സിലെ ചെറു ടൗണില്‍ അപ്പനും അമ്മയും വ്യത്യസ്ത മതക്കാരയതിന്റെ രൂക്ഷത പുറത്തു വന്നത് മക്കള്‍ രണ്ടു പേരും യൗവനത്തില്‍ എത്തിയപ്പോഴാണ്. വീട്ടിലെ ചൂടേറിയ അന്തരീക്ഷത്തില്‍ മനസ് മടുത്ത മകന്‍ വീട് വിട്ടിറങ്ങി ഹോട്ടല്‍ ജീവനക്കാരനായി. വീട്ടില്‍ നിന്നും ആരു വിളിച്ചാലും ഫോണ്‍ എടുക്കാതായി. ഭാഗ്യത്തിന് വല്ലപ്പോഴും സഹോദരിയോട് സംസാരിക്കും. അപ്പന്‍ മുന്നറിയിപ്പില്ലാതെ ഹോട്ടലില്‍ കാണാന്‍ ചെന്നാലും പയ്യന്‍ മുങ്ങും. മകളാകട്ടെ വേറെ ഒരു തുരുത്തു കണ്ടെത്തുകയും ചെയ്തു. ഇതിനിടയില്‍ അപ്പന് വേറെ ഒരു സൗഭാഗ്യം സ്വന്തം ജാതിയില്‍ നിന്നും തന്നെ കണ്ടെത്താന്‍ യോഗം കിട്ടി. ഇതോടെ അമ്മ ഒറ്റയ്ക്കായി.

കേസും വഴക്കും വയ്യാവേലിയും കോടതിയുമായി ഒരു കുടുംബത്തിന്റെ അസ്തിത്വം തന്നെ ഇല്ലാതായി. ഇവിടെ മക്കള്‍ വരുത്തിയ വിന എന്നതിനേക്കാള്‍ മാതാപിതാക്കളില്‍ ഒരാളുടെ കുരുത്തക്കേടാണ് വിനാശം വരുത്തി വച്ചത്. ഇത്തരത്തില്‍ അനേകം കഥകളാണ് യുകെ മലയാളികള്‍ക്കിടയിലേക്ക് പിറന്നു വീഴുന്നത്. ഇതിനകം ഞങ്ങള്‍ക്ക് ലഭിച്ച ഇത്തരത്തിലുള്ള കുറിപ്പുകള്‍ വരും ദിവസങ്ങളില്‍ നല്‍കുന്നതാണ്. ഇതേക്കുറിച്ചു സമൂഹത്തിനു നേര്‍പാത കാട്ടാന്‍ ഉള്ള നിര്‍ദ്ദേശം ഉണ്ടെങ്കില്‍ ഞങ്ങള്‍ക്ക് എഴുതുക - [email protected]

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category