1 GBP = 96.00 INR                       

BREAKING NEWS

അശ്വതിയുടെ ചങ്കുറപ്പ് എല്ലാ കുട്ടികള്‍ക്കും ഉണ്ടാവണം; അനുഭവങ്ങളും അറിവുകളും പങ്കുവയ്ക്കുവാന്‍ മാതാപിതാക്കളും തയ്യാറാകണം: റോയ് സ്റ്റീഫന്‍ തുടങ്ങി വയ്ക്കുന്ന ചര്‍ച്ച

Britishmalayali
റോയ് സ്റ്റീഫന്‍

കോളേജില്‍ പഠിക്കുമ്പോള്‍ അവിചാരിതമായി (ചിലപ്പോള്‍ അശ്രദ്ധകൊണ്ടും) ഗര്‍ഭിണിയായ അശ്വതിയാണ് ഇന്ന് യുകെയിലെ പല മാതാപിതാക്കളുടെയും ചിന്താവിഷയവും ആശങ്കയും. എങ്കില്‍ക്കൂടെ അപ്രതീക്ഷിതമായ ജീവിത സാഹചര്യങ്ങളെ നേരിടുവാന്‍ ധൈര്യം കാണിച്ചതിനും തനിക്കുണ്ടായ ജീവിതാനുഭവങ്ങളും ബുദ്ധിമുട്ടുകളും മറ്റുള്ളവരുമായി പരസ്യമായി പങ്കുവയ്ക്കുവാന്‍ കാണിക്കുന്ന ചങ്കൂറ്റത്തിനെയും അഭിനന്ദിക്കുന്നു. അതോടൊപ്പം അപ്രതീക്ഷിതമായിട്ടാണെങ്കിലും തന്റെയുള്ളില്‍ ജനിച്ച ജീവനെ സംരക്ഷിക്കുവാനും ഒപ്പം ഊട്ടി വളര്‍ത്തുവാനും കാണിക്കുന്ന ആത്മധൈര്യത്തേയും അഭിനന്ദിക്കുന്നു.

സ്വന്തം കുട്ടികളുടെ സാമ്പത്തികവും സാമൂഹികവുമായ സുരക്ഷിതമായ ഭാവിയോര്‍ത്തു മാത്രം നാട്ടില്‍ നിന്നും യുകെയിലെത്തിയ പല മാതാപിതാക്കള്‍ക്കും അത്ര പെട്ടെന്ന് ഇതുപോലുള്ള വാര്‍ത്തകള്‍ ഉള്‍ക്കൊള്ളുവാനോ അംഗീകരിക്കുവാനോ സാധിക്കില്ല. കാരണം മറ്റൊന്നുമല്ല പഴമൊഴികളില്‍ പറയുന്നതു പോലെ  മാതാപിതാക്കള്‍ക്കെന്നും തങ്ങളുടെ കുട്ടികള്‍ കുഞ്ഞുങ്ങള്‍ മാത്രമാണ്, സ്നേഹിക്കാനും താലോലിക്കാനും മാത്രമുള്ള കുഞ്ഞുങ്ങള്‍. ഈ പ്രവണത സ്വാര്‍ത്ഥതയാണോ എന്ന്  സംശയിക്കുമ്പോള്‍ ഒരു പരിധിവരെ ശരിയാണ് ഓരോ മാതാപിതാക്കള്‍ക്കും അര്‍ഹതപ്പെട്ട സ്വാര്‍ത്ഥതയാണെന്ന് ന്യായീകരിക്കുവാന്‍ സാധിക്കും. എന്നാല്‍ തങ്ങളും ഒരിക്കല്‍ കുട്ടികളായിരുന്നു എന്നും കുട്ടികളായിരുന്ന തങ്ങളാണ് യുവാക്കളും യുവതികളും പിന്നീട് മാതാപിതാക്കളുമായി മാറിയതെന്ന വസ്തുത സൗകര്യപൂര്‍വ്വം മറക്കുവാനും ശ്രമിക്കുന്ന ചിന്താഗതികളെ ഉള്‍ക്കൊള്ളുവാന്‍ സാധിക്കില്ല.

മനുഷ്യ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട പ്രായമാണ് കൗമാരം, അഥവാ ടീനേജ്. വികാരങ്ങള്‍ ഉണ്ടാകുന്നതും ഭാവനാ ലോകത്ത് സഞ്ചരിക്കുന്നതും, പ്രണയം, പകല്‍ സ്വപ്നം എന്നിവയിലൊക്കെ ആകൃഷ്ടരാകുന്നതും ഈ പ്രായത്തിലാണ്. പ്രത്യേകിച്ചും ആള്‍കുട്ടികളിലും പെണ്‍കുട്ടികളിലും വലിയ മാനസിക ചലനങ്ങള്‍ ഉണ്ടാക്കുന്ന പ്രായം. ഇഷ്ടപെട്ട വ്യക്തികളോട് പ്രായഭേദമെന്യേ അനുരാഗവും ലൈംഗീക ചിന്തകളും പൊട്ടിമുളയ്ക്കുവാന്‍ തുടങ്ങുന്ന പ്രായം. ജീവിതത്തിലുള്ള പല വികാരവിചാരങ്ങള്‍ക്കും ആണ്‍പെണ്‍ വ്യത്യാസമില്ലെങ്കിലും ടീനേജ് കാലങ്ങളില്‍ ശാരീരിക വളര്‍ച്ച ആണ്‍കുട്ടികളെക്കാള്‍ പെണ്‍കുട്ടികളിലാണ് കാണുവാന്‍ സാധിക്കുന്നത്. അത് അവരുടെ ചിന്താഗതികളിലും പ്രവര്‍ത്തനങ്ങളിലും പ്രകടിപ്പിക്കുന്നുമുണ്ട്.

ചുരുക്കത്തില്‍ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളേക്കാള്‍ പൊതുവെ നേരത്തെ പക്വതയുള്ളവരായി കാണപ്പെടുന്നു. ഈ ശാരീരിക വളര്‍ച്ചയും പക്വതയും അവരുടെ പെരുമാറ്റത്തില്‍ പ്രത്യേകിച്ചും കുടുംബത്തില്‍ തന്നെയുള്ള സ്വന്തം പിതാവും സഹോദരന്മാരും ഉള്‍പ്പെടുന്ന പുരുഷന്മാരോടുള്ള സമീപനത്തില്‍ പ്രതിഫലിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് വികസിത രാജ്യങ്ങളില്‍ കൗമാരക്കാര്‍ക്ക് അവരുടേതായ ശയനമുറി ഉള്‍പ്പടെ മുതിര്‍ന്നവര്‍ക്ക് ലഭിക്കുന്ന എല്ലാ സ്വകാര്യതയും സൗകര്യങ്ങളും പരിഗണനകളും ഒരുക്കികൊടുക്കുന്നത്. അതോടൊപ്പം തന്നെ വളര്‍ച്ചയുടെ ഭാഗമായി തങ്ങളുടെ ശരീരത്തിലുണ്ടാവുന്ന വ്യതിയാനങ്ങളുടെ അര്‍ഥങ്ങള്‍ മനസിലാക്കുവാനും കുട്ടികളില്‍ നിന്നും പ്രായപൂര്‍ത്തിയാകുന്ന യുവത്വത്തിന്റ ഉത്തരവാദിത്ത്വങ്ങള്‍, തങ്ങളോടും കുടുംബത്തോടും സമൂഹത്തോടുമുള്ള  ഉത്തരവാദിത്ത്വങ്ങള്‍ ഉള്‍ക്കൊള്ളുവാനും പഠിപ്പിക്കുകയും ചെയ്യുന്നു.

ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും സ്വതന്ത്രമായി ഇടപെടാനും ആശയവിനിമയം നടത്താനും പരിമിതികളുള്ള ചുറ്റുപാടുകളില്‍ ജീവിച്ചിരുന്നവരും വിവാഹജീവിതത്തിനു മുന്‍പു സ്ത്രീയും പുരുഷനും തമ്മിലുള്ള ശാരീരിക ബന്ധങ്ങള്‍ നിഷിദ്ധവും പാപവും മാത്രമാണെന്ന് വിശ്വസിക്കുകയും ചെയ്തിരുന്ന ഒരു ജനത ഈ മേഖലകളിലെല്ലാം പൂര്‍ണ്ണ സ്വാതന്ത്രമുള്ള വികസിത രാജ്യങ്ങളിലെ സമൂഹത്തില്‍ എത്തിച്ചേരുമ്പോള്‍ പെട്ടെന്ന് ഉള്‍ക്കൊള്ളുവാന്‍ സാധിക്കാതെ വരും. കാരണം അവരുടെ ശീലങ്ങളെ എളുപ്പത്തില്‍ മാറ്റുവാന്‍ സാധിക്കാത്തതുകൊണ്ടു മാത്രമാണ്. ഇപ്രകാരമുള്ള സ്ഥിതിവിശേഷത്തില്‍ ആദ്യമേ മാറേണ്ടത് മാതാപിതാക്കളുടെ ചിന്താഗതികളും സ്വന്തം കുട്ടികളോടുള്ള മനോഭാവവുമാണ്.

തങ്ങളുടെ സ്വന്തം കുട്ടികളുടെ സാഹചര്യങ്ങള്‍ വ്യത്യസ്ഥമാണെന്നും അവര്‍ക്ക് സ്‌കൂളുകളിലും സമൂഹത്തിലും അതിരില്ലാത്ത സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ കുടുംബങ്ങളില്‍ ഇതെല്ലാം നിഷേധിക്കപ്പെടുക മാത്രമല്ല തുറന്നു സംസാരിക്കുവാന്‍ കൂടിയുള്ള അവകാശമില്ലായെന്നുകൂടി മാതാപിതാക്കള്‍ മനസിലാക്കണം. മാതാപിതാക്കള്‍ക്ക് ധാരാളം അനുഭവ ജ്ഞാനമുണ്ട്, വ്യത്യസ്തമായ ജീവിത സാഹചര്യങ്ങളെ ഫലപ്രദമായി നേരിടുവാനുള്ള പ്രായോഗിക അറിവുണ്ട്, കഴിവുണ്ട്. എന്നാല്‍ കുട്ടികളില്‍ ശാസ്ത്രീയ വിജ്ഞാനം മാത്രമാണുള്ളത്. സ്‌കൂളിലെ പഠനങ്ങളിലൂടെ ലഭിക്കുന്ന അറിവ് മാത്രം. ജീവിതാനുഭവങ്ങള്‍ വളരെ കുറവും. ഈ സാഹചര്യത്തിലാണ് കുട്ടികള്‍ക്ക് മാതാപിതാക്കള്‍ ശരിക്കും സഹപാഠികളാവേണ്ടത്. തങ്ങളിലെ എല്ലാ നല്ല അനുഭവജ്ഞാനങ്ങളും അവസരോചിതമായി കുട്ടികള്‍ക്ക് പകര്‍ന്നു കൊടുക്കണം.

അതോടൊപ്പം മനസിലാക്കേണ്ട മറ്റൊരു വസ്തുതയാണ് സമൂഹത്തിന്റെയും ലോകജനസംഖ്യയുടെയും കടിഞ്ഞാണില്ലാത്ത വളര്‍ച്ചയും. നിലവില്‍ ലോക ജനസംഖ്യ 730 കോടിയാണ്. 2030ല്‍ ഇത് 850 കോടിയാകും. 2050ല്‍ 970 കോടിയും. 2100 ല്‍ 1120 കോടിയായി ഉയരും. അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന ജനസാന്ദ്രത നാനാതരത്തിലുള്ള വെല്ലുവിളികളാണ് സമൂഹത്തിനു മുന്‍പില്‍ ഉയര്‍ത്തുന്നത്. അതിലൊന്നു മാത്രമാണ് പല വിധത്തില്‍ ചൂഷണം ചെയ്യപ്പെട്ടേക്കാവുന്ന സുഹൃത് ബന്ധങ്ങളും വ്യക്തി ബന്ധങ്ങളും ആദ്യകാലങ്ങളില്‍ പരിമിതമായ ജീവിത സാഹചര്യങ്ങളെല്ലാം ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ഇപ്പോള്‍ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ സുലഭമാണ്. സ്വതന്ത്ര ജീവിത സാഹചര്യങ്ങളും സാമൂഹിക ക്ഷേമവും ഒരു പരിധിവരെ അതിരുവിട്ട അവകാശങ്ങളും വളരെ എളുപ്പത്തില്‍ ദുരുപയോഗപ്പെടുത്തുവാനുള്ള സാഹചര്യമാണ് ഇന്ന് നിലവിലുള്ളത്.

അമേരിക്കയിലെ കൗമാര ഗര്‍ഭധാരണങ്ങളുടെ കണക്കു നോക്കിയാല്‍ മനസിലാവുന്നത് 2017 -ല്‍ മാത്രം 15 നും 19 നും മദ്ധ്യേ പ്രായമുള്ള സ്ത്രീകളില്‍ ജനിച്ച കുട്ടികളുടെ എണ്ണം 194,377. ഈ നിരക്ക് 2016-ല്‍ നിന്നും 7 ശതമാനം കുറവാണ്. അതായത് പത്തില്‍ മൂന്ന് ടീനേജ് പെണ്‍കുട്ടികള്‍ എല്ലാ വര്‍ഷവും അമ്മമാരായി മാറുകയാണ്. ഒരു വര്‍ഷം ഏകദേശം 750,000 ടീനേജ് പെണ്‍കുട്ടികള്‍ ഗര്‍ഭിണികളാവുന്നുണ്ട്. ഇതിന്റെ കാരണ ഭൂതരായ ആണ്‍കുട്ടികള്‍ക്കും ഈ ഭാരിച്ച ഉത്തരവാദിത്ത്വത്തില്‍ നിന്നും ഒളിച്ചോടുവാന്‍ സാധിക്കുന്നില്ല. 50% ടീനേജ് കുട്ടികള്‍ ഹൈസ്‌ക്കൂള്‍ പഠനം ഉപേക്ഷിക്കുന്നതിന്റെ പ്രധാന കാരണം അബദ്ധത്തില്‍ മാതാപിതാക്കളായി മാറുന്നത് തന്നെ. യുകെയിലെ കണക്കുകള്‍ ഇതിലും ഭയാനകമാണ് എങ്കില്‍ കൂടെയും പഴയ സ്ഥിതിയില്‍ നിന്നും ധാരാളം പരിവര്‍ത്തനങ്ങള്‍, സ്‌കൂളുകളിലും കോളേജുകളിലുമുള്ള നിരന്തരമായ ബോധവല്‍കരണം തന്നെയാണ് ഇപ്പോള്‍ ഇത് ഒരു പരിധിവരെയെങ്കിലും നിയന്ത്രണാതീതമായിരിക്കുന്നത്.

വികസിത രാജ്യങ്ങളിലേക്കുള്ള മലയാളികളുടെ ആദ്യകാല കുടിയേറ്റം അമേരിക്കയിലേക്കായിരുന്നു അവിടെയും മലയാളികളുടെ രണ്ടാം ജനറേഷന്‍ ഇതുപോലുള്ള പരിസ്ഥിതികളിലൂടെ കടന്നുപോയി. ഇപ്പോള്‍ മൂന്നും നാലും ജനറേഷനുകള്‍ ആയപ്പോള്‍ പൂര്‍ണമായും അല്ലെങ്കില്‍ ഒരു പരിധിവരെയെങ്കിലും മലയാളികളുടെ തനത് സംസ്‌കാരങ്ങളായ കെട്ടുറപ്പുള്ളതും സുരക്ഷിതവുമായ കുടുംബ ജീവിതങ്ങള്‍ അന്യംനിന്നു പോകുന്നതായിട്ടുള്ള വാര്‍ത്തകളാണ് അനുദിനം ലഭിക്കുന്നത്. വികസിത രാജ്യങ്ങളില്‍ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുവാന്‍ സാധിക്കുമെങ്കിലും നഷ്ടമാകുന്നത് മലയാളികളുടെ സ്വന്തം സംസ്‌കാരങ്ങളാണ്.

ലോകത്തിലെ പല സംസ്‌കാരങ്ങളും അന്യം നിന്നുപോയതും പരിണാമപ്പെട്ടു പുതിയ സംസ്‌കാരങ്ങളായി മാറിയതും മനുഷ്യന്റെ അങ്ങോളമിങ്ങോളമുള്ള കുടിയേറ്റങ്ങള്‍ മൂലമാണ്. ലോകചരിത്രാരംഭം മുതലേ നിലനില്‍ക്കുന്ന പ്രതിഭാസമാണ് മനുഷ്യരുടെയും സമൂഹങ്ങളുടെയും മൈഗ്രേഷന്‍ അഥവാ കുടിയേറ്റങ്ങള്‍. ആദ്യകാലങ്ങളില്‍ ചിലപ്പോള്‍ പ്രകൃതി ദുരന്തങ്ങള്‍ മൂലം നിലവിലുണ്ടായിരുന്ന ആവാസകേന്ദ്രങ്ങള്‍ വാസയോഗ്യമല്ലാതായിത്തീര്‍ന്നതായിരിക്കാം അങ്ങനെ മറ്റുസ്ഥലങ്ങളിലേയ്ക്ക് നിര്‍ബന്ധിത കുടിയേറ്റക്കാരായവരായിരിക്കാം. എങ്കില്‍ കൂടിയും കൂടുതലും അധിനിവേശങ്ങള്‍ മൂലമാണ്, യുദ്ധത്തിലൂടെ രാജ്യങ്ങളെയും സമൂഹങ്ങളെയും നാമാവശേഷമാക്കുന്നതിലൂടെ  പബലമായ രാജ്യങ്ങള്‍ ദുര്‍ബലമായ രാജ്യങ്ങളെ കീഴടക്കികൊണ്ടു അവരുടെ അധീനതയില്‍ ആക്കുമ്പോള്‍ ദുര്‍ബലരുടെ ജീവിത രീതികള്‍ ഇല്ലാതാക്കുകയും അവരുടെമേല്‍ പ്രബലരുടെ സംസ്‌കാരങ്ങള്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്നു. കാലക്രമേണ ദുര്‍ബലരുടെ സംസ്‌കാരങ്ങളും ജീവിത രീതികളും അന്യം നിന്നുപോകും ഇതാണ് സര്‍വ്വകാലങ്ങളിലും ലോകത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. അങ്ങനെ മനുഷ്യസംസ്‌കാരങ്ങള്‍ എല്ലാക്കാലങ്ങളിലും പരിണമിച്ചുകൊണ്ടിരിക്കുന്നു.  

ലോകത്തിലുള്ള എല്ലാ സംസ്‌കാരങ്ങളിലും നല്ലതും യോഗ്യമല്ലാത്തതുമുണ്ട്, നല്ലതിനെ ഉള്‍ക്കൊള്ളുവാനും നമുക്ക് ചേരാത്തതിനെ ബഹിഷ്‌കരിക്കുവാനും നമ്മള്‍ തയ്യാറാവണം. അതിനുവേണ്ടത് വിവേകത്തോടെയുള്ള ജീവിത രീതികളാണ്. ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുവാനും സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുവാനും മലയാളികള്‍ യുകെ തിരഞ്ഞെടുത്തപ്പോള്‍ കുട്ടികള്‍ ഒരു പടികൂടി മുന്നോട്ടു പോയി യുകെയിലെ ജീവിത രീതികളും കൂടി ഉള്‍കൊള്ളുന്നു. മാതാപിതാക്കള്‍ക്ക് സ്വന്തം കുട്ടികളുടെ ഭാവി ഉറപ്പു വരുത്തണമെങ്കില്‍ ഇനിയും അമിതമായ സമ്പത്തു ലക്ഷ്യം വച്ചുള്ള ഓട്ടം നിര്‍ത്തി കൂടുതല്‍ സമയം ഭാര്യയോടും കുട്ടികളോടുമൊത്തു ചിലവഴിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. കൗമാരക്കാരും യുവതീയുവാക്കളും സ്നേഹമാണ് ആഗ്രഹിക്കുന്നത് അതു കുടുംബത്തില്‍ ലഭിക്കുന്നുണ്ടെങ്കില്‍ ആ സ്നേഹത്തെ തേടി കുട്ടികള്‍ പുറത്തു പോകുന്നത് ഒഴിവാകും. കുട്ടികള്‍ ചെറുപ്പം മുതലേ അവരുടെ മാതാപിതാക്കളുടെ ജീവിത ശൈലിയാണ് അനുകരിക്കുന്നത് അങ്ങനെയെങ്കിലും അവര്‍ക്കു നന്മയുടെ മാതൃക കാട്ടികൊടുക്കുവാനുള്ള അവസരം ഫലവത്തായി ഉപയോഗിക്കുക.

രണ്ടാമതായി കുട്ടികളെ ഓരോ വ്യക്തികളായി കാണുവാന്‍ ശ്രമിക്കുക. തീയില്‍ തൊട്ടാല്‍ കൈപൊള്ളുമെന്ന് കുട്ടികളെ പറഞ്ഞു പഠിപ്പിക്കണം അതാവശ്യമാണ് പക്ഷേ ചില കുട്ടികള്‍ അത് പരീക്ഷിക്കും അതിനുള്ള അവസരം അവര്‍ക്കു കൊടുക്കണം അപ്പോള്‍ ജീവിതത്തില്‍ ഒരിക്കലും അവര്‍ തീകൊണ്ടു കളിക്കില്ല. കുട്ടികള്‍ ജീവിക്കുന്ന ജീവിതപശ്ചാത്തലങ്ങള്‍ അനുഭവിച്ചറിയുവാന്‍ ആഗ്രഹിക്കുന്നവരാണ് അതിനുള്ള അവസരങ്ങള്‍ മാതാപിതാക്കളാണ് ഒരുക്കേണ്ടത്. അമിതമായ സംരക്ഷണം ഇന്നത്തെ കാലത്തു ഒരു കുട്ടിയും ആഗ്രഹിക്കുന്നില്ല പകരം അവര്‍ക്കു വേണ്ടത് സ്വാതന്ത്രമാണ് അപ്പോളവര്‍ക്കു ധാരാളം ജീവിതാനുഭവങ്ങള്‍ ലഭിക്കും ഒരിക്കലും മറക്കുവാന്‍ സാധിക്കാത്ത ജീവിതാനുഭവങ്ങള്‍. നല്ലതും ചീത്തയുമായ ജീവിതാനുഭവങ്ങളാണ് മുന്നോട്ടുള്ള അവരുടെ ജീവിതത്തിനാവശ്യം.

മൂന്നാമതായി കുട്ടികളെ സത്യം മാത്രം പറയുവാന്‍ പഠിപ്പിക്കണം. ഒരു ചെറിയ കാര്യത്തില്‍ പോലും നുണ പറയുവാനുള്ള അവസരം അവര്‍ക്ക് ലഭിക്കരുത്. കുടുംബത്തില്‍ എല്ലാക്കാര്യങ്ങളും തുറന്നു പറയുവാനുള്ള സാഹചര്യം ഉളവായെങ്കില്‍ മാത്രമാണ് അവരുടെ അന്നത്തെ അനുഭവങ്ങളും പാളിച്ചകളും മാതാപിതാക്കളുമായി പങ്കുവയ്ക്കുകയുള്ളു അപ്പോള്‍ മാത്രമേ നിങ്ങള്‍ക്കും അവരെ ആത്മാര്‍ത്ഥമായി സഹായിക്കുവാനും സാധിക്കുകയുള്ളു. കുടുംബത്തില്‍ എല്ലാക്കാര്യങ്ങളും അന്യോന്യം തുറന്നു പറയുന്നതിലൂടെ പരസ്പരം പൂര്‍ണമായി ആശ്രയിക്കുവാന്‍ സാധിക്കും

നാലാമതായി അശ്വതിയെപ്പോലെ അപ്രതീക്ഷിതമായെങ്കിലും ഉണ്ടാകുന്ന ജീവിത സാഹചര്യങ്ങളെ നേരിടുവാനായുള്ള ചങ്കുറപ്പ് എല്ലാ കുട്ടികളിലുമുണ്ടാവണം. ലോകത്തിലുള്ള എല്ലാ പരിസ്ഥിതികളും മനുഷ്യനിര്‍മ്മിതമാണ് അതിനെല്ലാം പരിഹാരവുമുണ്ട്. അതിലുപരി ഓരോരുത്തര്‍ക്കും ഉണ്ടാകുന്ന എല്ലാ അനുഭവങ്ങളും മറ്റുള്ളവരുമായി തുറന്നു പങ്കുവയ്ക്കണം മറ്റുളളവര്‍ക്ക് പാഠമാകണം.

അഞ്ചാമതായി മാതാപിതാക്കള്‍ കുട്ടികളെ സ്നേഹിക്കുന്നതുപോലെ കുട്ടികളെ മാതാപിതാക്കളെ സ്നേഹിക്കുവാന്‍ പഠിപ്പിക്കണം. മാതാപിതാക്കള്‍ക്ക് കുട്ടികളോടുള്ള ഉത്തരവാദിത്ത്വങ്ങള്‍ തിരിച്ചും കുട്ടികളുടെ പ്രവര്‍ത്തനത്തില്‍ മാതാപിതാക്കളോട് പ്രകടിപ്പിക്കണം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category