1 GBP = 93.35 INR                       

BREAKING NEWS

സാമാന്യ മര്യാദ വച്ച് മാണിക്ക് ശേഷം കേരളാ കോണ്‍ഗ്രസിനെ നയിക്കേണ്ടത് ജോസഫ് എന്നത് പൊതു ജനവികാരം; പാര്‍ട്ടി അണികള്‍ വിട്ടു വീഴ്ചയില്ലാതെ ജോസ് കെ മാണിക്കൊപ്പം; ഇതുവരെ സ്വന്തം പാര്‍ട്ടിയുമായി നടന്ന ജോസഫ് മാണി മരിച്ച ഗ്യാപ്പില്‍ പാര്‍ട്ടി പിടിക്കാന്‍ ശ്രമിച്ചാല്‍ അനുവദിക്കില്ലെന്ന് മാണിയുടെ അനുയായികള്‍; തെരഞ്ഞെടുപ്പ് നടന്നാല്‍ വിജയം ജോസിനാവുമെന്ന് ഉറപ്പായതിനാല്‍ സമന്വയം ലക്ഷ്യമാക്കി ജോസഫ്; ഒരു പാര്‍ട്ടിയില്‍ രണ്ട് പാര്‍ട്ടികളായി പ്രവര്‍ത്തിച്ച കേരളാ കോണ്‍ഗ്രസില്‍ ഒത്തുതീര്‍പ്പിനുള്ള സാധ്യത വിരളം

Britishmalayali
kz´wteJI³

കോട്ടയം: ചെറിയ പാര്‍ട്ടിയായി നിന്നിട്ട് കാര്യമില്ലെന്ന് മനസ്സിലാക്കിയായിരുന്നു കെ എം മാണിയുടെ കേരളാ കോണ്‍ഗ്രസിലേക്ക് അവസാനമായി പിജെ ജോസഫ് ലയിച്ചത്. ഈ ലയന ശേഷവും കേരളാ കോണ്‍ഗ്രസിനുള്ളില്‍ രണ്ട് പാര്‍ട്ടികളെ പോലെ മാണിയും ജോസഫും നിലയുറപ്പിച്ചു. ബാര്‍ കോഴാ വിവാദത്തില്‍ അടക്കം മാണിയും അനുയായികളും സ്ഥാനമാനങ്ങള്‍ രാജിവച്ചു. ജോസഫ് വിസമ്മതിക്കുകയും ചെയ്തു. ഇതോടൊപ്പം രണ്ട് പേര്‍ക്കും രണ്ട് ഓഫീസും ഉണ്ടായിരുന്നു. അങ്ങനെ രണ്ടായി തന്നെ അവര്‍ മുന്നോട്ട് പോയി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി തീരുമാനം വരുമുമ്പേ വോട്ട് ചോദിച്ചിറങ്ങിയ പിജെ ജോസഫ് മാണിയുടെ മരണത്തോടെ കേരളാ കോണ്‍ഗ്രസ് പിടിച്ചെടുക്കാനുള്ള കള്ളക്കളികളും സജീവമാക്കി. പാര്‍ട്ടിയിലെ ഭൂരിപക്ഷ അഭിപ്രായം നോക്കാതെ കേരളാ കോണ്‍ഗ്രസ് പിടിച്ചെടുക്കാനുള്ള നീക്കം.

പാര്‍ട്ടിയില്‍ വിഭാഗീയത രൂക്ഷമാക്കുന്ന തരത്തില്‍ പി.ജെ. ജോസഫ് ഒറ്റയാന്റെ പരിവേഷമണിഞ്ഞതില്‍ പ്രകോപിതരാണ് മാണിവിഭാഗം. സംസ്ഥാനസമിതി വിളിച്ചു ചേര്‍ക്കണമെന്നാവശ്യപ്പെട്ട് മാണിവിഭാഗം ചെയര്‍മാന്റെ താത്കാലിക ചുമതലയുള്ള ജോസഫിന് അടുത്തദിവസം കത്ത് കൈമാറുമെന്നാണ് സൂചന. താത്കാലിക ചുമതല നീട്ടിക്കൊണ്ടുപോകാനുള്ള തന്ത്രമാണ് ജോസഫിന്റേതെന്നാണ് എതിര്‍പക്ഷത്തിന്റെ ആരോപണം. എന്നാല്‍ സംസ്ഥാന സമിതി വിളിക്കില്ലെന്ന നിലപാടിലാണ് ജോസഫ്. സമവായത്തിലൂടെ ചെയര്‍മാനെ കണ്ടെത്തണമെന്നാണ് ജോസഫിന്റെ ആവശ്യം. സാമാന്യ മര്യാധകള്‍ വച്ച് മാണിക്ക് ശേഷം കേരളാ കോണ്‍ഗ്രസിനെ നയിക്കേണ്ടത് താനാണെന്ന വികാരമാണ് ജോസഫ് ഉയര്‍ത്തുന്നത്. ഈ സീനിയോറിട്ടി അംഗീകരിക്കണമെന്ന് ജോസഫ് ആവശ്യപ്പെടുമ്പോള്‍ പൊതുജന വികാരവും തൊടുപുഴ എംഎല്‍എയ്ക്കൊപ്പമാണ്. എന്നാല്‍ പാര്‍ട്ടി അണികള്‍ ജോസ് കെ മാണിക്കൊപ്പവും. ഇത് മാണിയുടെ പാര്‍ട്ടിയാണെന്നും അതിനെ ആരു നയിക്കണമെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ തീരുമാനിക്കട്ടേയെന്നുമാണ് ജോസ് കെ മാണിയെ പിന്തുണയ്ക്കുന്നവര്‍ പറയുന്നത്. രണ്ട് പക്ഷവും കടുത്ത നിലപാട് എടുക്കുമ്പോള്‍ കേരളാ കോണ്‍ഗ്രസില്‍ ഒത്തുതീര്‍പ്പിനുള്ള സാധ്യത വിരളമാണ്.

സംസ്ഥാനസമിതി വിളിക്കില്ലെന്ന നിലപാടില്‍ ജോസഫ് ഉറച്ചുനിന്നാല്‍ നിയമപരമായി നീങ്ങാനാണ് ജോസ് കെ മാണി വിഭാഗത്തിന്റെ തീരുമാനം. ഇടക്കാലസമിതി വിളിച്ചുചേര്‍ക്കേണ്ട സാഹചര്യമില്ലെന്നും ഇതിനായി സമ്മര്‍ദം ചെലുത്തുന്നവര്‍ സാഹചര്യങ്ങള്‍ വ്യക്തമാക്കണമെന്നുമാണ് ജോസഫിന്റെ നിലപാട്. പാര്‍ട്ടിച്ചെയര്‍മാനെ തിരഞ്ഞെടുക്കേണ്ടത് സമവായത്തിലൂടെയാണ്. നിയമസഭാകക്ഷി നേതാവ് മരിച്ചാല്‍ ഡെപ്യൂട്ടി ലീഡറാണ് നേതൃസ്ഥാനത്തേക്കു വരേണ്ടത്. ഇതനുസരിച്ച് സി.എഫ്. തോമസിനെ നിയമസഭാകക്ഷി നേതാവാക്കുമെന്നും ജോസ് കെ. മാണിക്ക് പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാനാകാമെന്നും പി.ജെ. ജോസഫ് പറയുന്നു. ജോസഫിന്റെ നിലപാട് വെല്ലുവിളിയായാണ് മാണിവിഭാഗം വിലയിരുത്തുന്നത്. ലയനവേളയില്‍ ഉരുത്തിരിഞ്ഞ ഫോര്‍മുല ഇതല്ലെന്നും പറയുന്നു. അതിനിടെ പാര്‍ട്ടി ഒറ്റക്കെട്ടായി നില്‍ക്കേണ്ട സാഹചര്യത്തില്‍ തുടര്‍ച്ചയായ പ്രസ്താവനകളിലൂടെ വിഭാഗീയത സൃഷ്ടിക്കാന്‍ ചില കേന്ദ്രങ്ങള്‍ നടത്തുന്ന നീക്കങ്ങള്‍ ആശ്വാസ്യമല്ലെന്ന് റോഷി അഗസ്റ്റിന്‍ എംഎല്‍എ. പ്രതികരിക്കുകയും ചെയ്തു. ഇതെല്ലാം പാര്‍ട്ടിയിലെ ഭിന്നതയുടെ വലിയ തെളിവുകളുമാണ്.


സംസ്ഥാനസമിതി ചേരുന്നതിനുമുന്പ് പല സമിതികളും ചേരണം. സമിതി വിളിക്കണമെന്ന ചിലരുടെ ആവശ്യത്തില്‍ തെറ്റൊന്നുമില്ല. പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കാനാകുമെന്ന നിലപാട് പി.ജെ. ജോസഫ് പരസ്യമായി എടുക്കുന്നു. എന്നാല്‍ ഇതെല്ലാം സംസ്ഥാന സമിതിയെന്ന തീരുമാനം നീട്ടിക്കൊണ്ട് പോകാനുള്ള കുതന്ത്രമാണ്. മാണി കഴിഞ്ഞാല്‍ താനാണ് സീനിയറെന്ന വികാരം പൊതുജനങ്ങളില്‍ ഉണ്ടാക്കി നേട്ടമുണ്ടാക്കാനുള്ള നീക്കമാണ് ജോസഫിന്റേത്. രക്തസാക്ഷി പരിവേഷം ഉണ്ടാക്കാനുള്ള ശ്രമം. കേരളാ കോണ്‍ഗ്രസിലെ ബഹുഭൂരിഭാഗം അണികളും ജോസ് കെ മാണിക്കൊപ്പമാണ്. ജനാധിപത്യമാണ് പാര്‍ട്ടിയില്‍ നടക്കേണ്ടത്. ഇതെല്ലാം അറിയാവുന്നതു കൊണ്ടാണ് ജോസഫ് സംസ്ഥാന സമിതി വിളിക്കാത്തതെന്നാണ് മാണിയുടെ അനുയായികളുടെ പക്ഷം.

400 പേരാണ് സംസ്ഥാന സമിതിയിലുള്ളത്. ഇതില്‍ 300 പേരും ജോസ് കെ മാണിക്കൊപ്പമാണ്. ഇവരില്‍ വിള്ളലുണ്ടാക്കാന്‍ ജോസഫ് ശ്രമിച്ചിരുന്നു. എന്നാല്‍ ജനറല്‍ സെക്രട്ടറിയായ ജോയി എബ്രഹാമിനേയും യുത്ത് ഫ്രണ്ട് നേതാവ് സജി മഞ്ഞകടമ്പനേയും അല്ലാതെ ആരേയും ജോസഫിന് അവിടെ നിന്ന് കിട്ടിയില്ല. സി എഫ് തോമസിനേയും ഒരു പരിധി വരെ അടുപ്പിക്കാനായി. എന്നാല്‍ അതിന് അപ്പുറത്തേക്ക് ചലനമുണ്ടാക്കാനായില്ല. ഇതോടെ തന്നെ ചെയര്‍മാന്‍ സ്ഥാനം നഷ്ടമാകുമെന്ന് ജോസഫ് തിരിച്ചറിഞ്ഞിട്ടുണ്ട്. പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിലവില്‍ അഞ്ച് പേരാണുള്ളത്. ഇതില്‍ സിഎഫിനെ അടര്‍ത്തിയെടുത്ത് തന്റെ പക്ഷക്കാരനാക്കി ലീഡറാക്കാനാണ് ശ്രമം. മാണിയില്‍ പാര്‍ട്ടി ലയിച്ചപ്പോഴും കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെ സംസ്ഥാന സമിതി ഓഫീസ് മാണിക്ക് ജോസഫ് നല്‍കിയിരുന്നില്ല. പഴയ പാര്‍ട്ടിയുടെ ആസ്തിയും കെട്ടിടവുമെല്ലാം ജോസഫിന് സ്വന്തമാണ് ഇത്. അതുകൊണ്ട് തന്നെ പ്രശ്നം അതിരൂക്ഷമായാല്‍ പുതിയ പാര്‍ട്ടിയുണ്ടാക്കാന്‍ ജോസഫ് തീരുമാനിച്ചിട്ടുണ്ട്. ഇതിന് മുമ്പ് തന്നെ ജോസ് കെ മാണി സീനിയോറിട്ടി മറികടന്ന് ചവിട്ടി പുറത്താക്കിയെന്ന് വരുത്താനാണ് ജോസഫിന്റെ ശ്രമം.

അതിനിടെ പുതിയ പാര്‍ട്ടി ഉണ്ടാക്കിയാലും യുഡിഎഫിനൊപ്പം നില്‍ക്കാനാകുമോ എന്ന സംശയം ജോസഫിനുണ്ട്. കേരളാ കോണ്‍ഗ്രസിലെ ചെയര്‍മാന്‍ പദവി ഉറപ്പിക്കാന്‍ ഉമ്മന്‍ ചാണ്ടിയുടേയും കുഞ്ഞാലിക്കുട്ടിയുടേയും പിന്തുണ ജോസഫ് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ വിഷയത്തില്‍ ഇടപെടാന്‍ ഇരുവരും വിസമ്മതിച്ചു. കേരളാ കോണ്‍ഗ്രസിനുള്ളത് മാണിയുടെ വികാരമാണെന്ന സൂചന ഇവര്‍ ജോസഫിന് നല്‍കിയിട്ടുണ്ട്. മാണിയുടെ മകന് ദോഷമുണ്ടാക്കുന്നതൊന്നും ചെയ്യാനില്ലെന്നും കേരളാ കോണ്‍ഗ്രസിലെ പ്രശ്നങ്ങളില്‍ യുഡിഎഫ് ഇടപെടില്ലെന്നുമായിരുന്നു ഉമ്മന്‍ ചാണ്ടിയുടേയും കുഞ്ഞാലിക്കുട്ടിയുടേയും നിലപാട്. ഇത് ജോസഫിനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിമതനായി മത്സരിക്കാതിരിക്കാന്‍ ജോസഫിനെ കോണ്‍ഗ്രസ് തന്ത്രപരമായി സ്വാധീനിച്ചിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ അതെല്ലാം മറന്നുവെന്ന വികാരമാണ് ജോസഫിന്. അതുകൊണ്ട് തന്നെ പുതിയ പാര്‍ട്ടിയുണ്ടാക്കി ഇടതുപക്ഷത്ത് പോകാനാണ് നീക്കം. ഫ്രാന്‍സിസ് ജോര്‍ജിനെ കൂടെ കൂട്ടാന്‍ ജോസഫ് ശ്രമം തുടങ്ങിയിട്ടുണ്ട്.

യുഡിഎഫുമായി പിണങ്ങി നിന്ന മാണിയെ വീണ്ടും ഐക്യമുന്നണിയില്‍ എത്തിച്ചത് മുസ്ലിം ലീഗിന്റെ തന്ത്രപരമായ നീക്കമായിരുന്നു. ജോസ് കെ മാണിയെ രാജ്യസഭാ അംഗമാക്കുന്ന ഫോര്‍മുലയ്ക്ക് പിന്നിലും കുഞ്ഞാലിക്കുട്ടിയായിരുന്നു. ഇതിനെ ഉമ്മന്‍ ചാണ്ടിയും പിന്തുണച്ചു. അതുകൊണ്ട് തന്നെ മാണിക്കും ജോസ് കെ മാണിക്കും ഉമ്മന്‍ ചാണ്ടിയോടും കുഞ്ഞാലിക്കുട്ടിയോടും ഏറെ അടുപ്പം ഉണ്ടായിരുന്നു. മാണിയുടെ മരണത്തിന് ശേഷവും ജോസ് കെ മാണിയില്‍ സ്വാധീനം ചെലുത്താനുള്ള ബന്ധം കുഞ്ഞാലിക്കുട്ടിക്കും ഉമ്മന്‍ ചാണ്ടിക്കുമുണ്ട്. ഇത് മനസ്സിലാക്കിയാണ് പിജെ ജോസഫ് ഉമ്മന്‍ ചാണ്ടിയേയും കുഞ്ഞാലിക്കുട്ടിയേയും സമീപിച്ചത്. എന്നാല്‍ മാണിയുടെ വിയോഗത്തെ കേരളാ കോണ്‍ഗ്രസുകാര്‍ വികാരപരമായാണ് എടുക്കുന്നത്. അതുകൊണ്ട് തന്നെ ഈ വിഷയത്തില്‍ ജോസ് കെ മാണിയെ ഉപദേശിക്കാനില്ലെന്നാണ് ഉമ്മന്‍ ചാണ്ടിയുടെ പക്ഷം. ഇത് തന്നെയാണ് കുഞ്ഞാലിക്കുട്ടിയും ജോസഫിനോട് പറഞ്ഞത്.

എത്രയും വേഗം സംസ്ഥാന സമിതി വിളിച്ച് ചെയര്‍മാനെ കണ്ടെത്തണമെന്നാണ് ജോസ് കെ മാണിയുടെ നിലപാട്. ഇതാണ് പാര്‍ട്ടി ഭരണഘടനയും. സമവായത്തിന് അപ്പുറം ജനാധിപത്യത്തിനാണ് ജോസ് കെ മാണി മുന്‍തൂക്കം കൊടുക്കുന്നത്. അതുകൊണ്ട് തന്നെ ജോസഫിന് വേണ്ടി വാദിക്കാനില്ലെന്നാണ് കോണ്‍ഗ്രസ്-മുസ്ലിം ലീഗ് നേതാക്കളുടെ നിലപാട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയം സീറ്റിന് വേണ്ടി പിജെ ജോസഫ് നീക്കം നടത്തിയിരുന്നു. അന്ന് ജോസഫിന് വേണ്ടി ഉമ്മന്‍ ചാണ്ടിയും മറ്റു രംഗത്ത് എത്തി. ജോസഫിനെ അച്ചടക്ക ലംഘനത്തിന്റെ പേരില്‍ മാണി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാത്തത് അതുകൊണ്ടാണ്. എന്തായാലും പാര്‍ട്ടിയുടെ അടുത്ത ചെയര്‍മാന്‍ ജോസ് കെ മാണിയാകണമെന്ന അണികളുടെ വികാരം ജോസഫിനോടും ഉമ്മന്‍ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും പങ്കുവച്ചിട്ടുണ്ട്. ചെന്നിത്തലയും പ്രശ്‌നത്തില്‍ ഇടപെടാന്‍ വിസമ്മതം അറിയിച്ചതാണെന്നാണ് സൂചന.

കേരള കോണ്‍ഗ്രസ് എമ്മില്‍ പ്രതിസന്ധി അതിരൂക്ഷമാണ് എന്ന് യുഡിഫിലെ ഘടകക്ഷികള്‍ക്കെല്ലാം അറിയാം. എന്നാല്‍ അതിന് കാരണം ജോസഫിന്റെ അതിമോഹമാണെന്നാണ് മാണി ഗ്രൂപ്പിന്റെ വാദം. തിരുവനന്തപുരത്തു ചേര്‍ന്ന കെ എം മാണി അനുസ്മരണ യോഗത്തില്‍ ചെയര്‍മാനെ തിരഞ്ഞെടുക്കരുതെന്ന കോടതിയുത്തരവ് ഇതിന് തെളിവാണ്. മാണി അനുസ്മരണം അദ്ദേഹത്തിന്റെ 41-ാം ചരമദിനത്തിനുശേഷം കോട്ടയത്ത് ചേരാനായിരുന്നു ജോസ് കെ. മാണിയുടെയും മറ്റും താത്പര്യം. ഇത് അട്ടിമറിച്ച് തിരുവനന്തപുരത്ത് തിരക്കിട്ട് യോഗം വിളിച്ചുചേര്‍ത്തത് പിജെ ജോസഫിന്റെ കുതന്ത്രമായിരുന്നു. ഈ സമ്മേളനത്തിന് ശേഷം ചെയര്‍മാനായി മാറാനുള്ള ജോസഫിന്റെ തന്ത്രം. പി.ജെ. ജോസഫിനെ ചെയര്‍മാന്‍സ്ഥാനത്തേക്ക് കൊണ്ടുവരാന്‍, മുമ്പ് മാണി ഗ്രൂപ്പിലുണ്ടായിരുന്ന ഒരു വിഭാഗംകൂടി ശ്രമിക്കുന്നുവെന്ന സംശയം സജീവമണ്. സംസ്ഥാന കമ്മറ്റിയിലെ ബഹുഭൂരിഭാഗവും ജോസ് കെ മാണിക്കൊപ്പമാണെന്ന് തിരിച്ചറിഞ്ഞാണ് ജോസഫിന്റെ കള്ളക്കളികള്‍. ഈ സാഹചര്യത്തില്‍ കരുത്ത് കാട്ടാന്‍ കൂടിയാണ് മാണി അനുസ്മരണം ഇന്നലെ കോട്ടയത്ത് സംഘടിപ്പിച്ചത്.

പി.ജെ. ജോസഫ് ചെയര്‍മാനും ജോസ് കെ. മാണി വര്‍ക്കിങ് ചെയര്‍മാനുമായി സമവായ ഫോര്‍മുല അംഗീകരിപ്പിച്ചെടുക്കാനാണ് ഉമ്മന്‍ ചാണ്ടിയുടേയും കുഞ്ഞാലിക്കുട്ടിയുടേയും സഹായം ജോസഫ് അഭ്യര്‍ത്ഥിച്ചത്. മാണിയുടെ പിന്‍ഗാമിയായി മകനാണ് ചെയര്‍മാന്‍ സ്ഥാനത്ത് വരേണ്ടതെന്ന് പത്ത് ജില്ലാ പ്രസിഡന്റുമാരെക്കൊണ്ടും ഭൂരിപക്ഷം സംസ്ഥാന കമ്മിറ്റി അംഗങ്ങളെക്കൊണ്ടും പറയിപ്പിക്കാന്‍ ജോസ് കെ മാണിക്ക് ഇതിനകം കഴിഞ്ഞിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category