1 GBP = 93.20 INR                       

BREAKING NEWS

രാജ്യത്തെ നഴ്‌സുമാര്‍ക്ക് ആദരവര്‍പ്പിച്ചു ബര്‍മിങാമിലെ മലയാളി നഴ്‌സുമാര്‍ മാലാഖാമാരാകും; ലോകാധിപ നാഥാ എന്ന് ചൊല്ലി കവന്‍ട്രിയിലെ മങ്കമാരുടെ സ്റ്റൈലന്‍ തിരുവാതിരയും; ഒന്നിനൊ ന്നു മികച്ച പ്രകടനങ്ങളുമായി അവാര്‍ഡ് നൈറ്റ് അരികിലേക്ക്

Britishmalayali
കെ ആര്‍ ഷൈജുമോന്‍

കവന്‍ട്രി: ലണ്ടന്‍ ഒളിമ്പിക്സ് നടന്നപ്പോള്‍ ലോകം മുഴുവന്‍ ആദരവോടെ കണ്ട കാഴ്ചകളാണ് മേരി പോപ്പിന്‍സും എന്‍ എച്ച് എസിന്റെ വളര്‍ച്ചയും. തങ്ങളുടെ രാജ്യത്തെ കുറിച്ച് ഏറ്റവും മഹത്തായ ഭാഷയില്‍ ലോകത്തോട് പറയുവാനാണ് ഒളിമ്പിക്സ് വേദിയെ ബ്രിട്ടന്‍ ഉപയോഗപ്പെടുത്തിയത്. തികച്ചും സമാനമായ തരത്തില്‍ ബ്രിട്ടനിലെ മലയാളി കുടിയേറ്റ സമൂഹത്തിന്റെ ഏറ്റവും ശക്തമായ വേദിയായ ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റില്‍ ഏറ്റവും കൂടുതല്‍ പേരെ പ്രതിനിധീകരിക്കുന്ന നഴ്‌സുമാരുടെ ശബ്ദമായി ബര്‍മിങ്ഹാമിലെ ഒരു സംഘം നഴ്‌സുമാര്‍ എത്തുകയാണ്, ഫ്ലോറന്‍സ് നൈറ്റിന്‍ഗേലിന്റെ കഥയുമായി. യുകെ മലയാളികള്‍ക്കിടയിലെ മികച്ച നഴ്സ് ആദരിക്കപ്പെടുന്ന ചടങ്ങിലേക്ക് ഏറ്റവും ആദരവ് ലഭിക്കുന്ന കലാപ്രകടനമാകും ഉഴവൂര്‍ സ്വദേശിനിയായ ലിറ്റി ജിജോയുടെ നേതൃത്വത്തില്‍ ഉള്ള സംഘത്തിന്റെ പ്രകടനം എന്ന് വിലയിരുത്തപ്പെടുന്നു. ഉറ്റ സുഹൃത്തുക്കള്‍ കൂടിയാണ് ഈ നൃത്തം അവതരിപ്പിക്കുന്നത് എന്നതും ശ്രദ്ധേയം.

ലോകമെങ്ങും എത്തിയ മലയാളി നഴ്‌സുമാര്‍ ഇന്നും വേണ്ട വിധം ആദരിക്കപ്പെടുന്നില്ല എന്ന തോന്നലിലാണ് ഫ്ലോറന്‍സ് നൈറ്റിന്‍ഗേലിന്റെ ജീവിതം നൃത്തരൂപത്തില്‍ അവതരിപ്പിക്കാന്‍ ആലോചന ഉണ്ടായതെന്നും ബര്‍മിങ്ഹാമിലെ വിവിധ ആശുപത്രികളില്‍ സേവനം ചെയ്യുന്ന ഈ നഴ്‌സുമാര്‍ ചൂണ്ടിക്കാട്ടുന്നു. അടുത്തിടെ നടന്ന ക്നാനായ കലാമേളയില്‍ സമ്മാനം നേടിയ ഈ നൃത്തരൂപം രണ്ടാം വട്ടം അവതരിപ്പിക്കപ്പെടുന്നത് ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റിലാണ്.

ബര്‍മിങ്ഹാം സിറ്റി ഹോസ്പിറ്റലിലെ ഫിസിയോ തെറാപ്പിസ്റ്റ് ലിറ്റി ജിജോ, ബാന്‍ക്രോഫ്റ്റ് ഗാര്‍ഡന്‍ ഹോമിലെ ഡെപ്യൂട്ടി മാനേജര്‍ ബീന ബെന്നി, ബര്‍മിങ്ഹാം ഹോസ്പിറ്റലിലെ നഴ്സുമാരായ ജോബി വിനോദ്, ജിന്‍സി അഭിലാഷ്, ടോളിന്‍ ജിനു, സോലിഹാള്‍ ഹോസ്പിറ്റലിലെ ജീന ജിലിസ്, ബര്‍മിങ്ഹാം ഹോസ്പിറ്റലിലെ പ്രാക്ടീസ് നഴ്സ് സ്മിത ബാബു എന്നിവരാണ് ഈ നൃത്ത രൂപത്തിന് മിഴിവേകുന്നത്. നഴ്‌സിങ് മേഖലയെ മലയാളി സമൂഹം കൂടുതല്‍ ഗൗരവം നല്‍കി ആദരിക്കണം എന്ന ചിന്തയിലാണ് ഈ നൃത്തം പിറവിയെടുക്കുന്നത്.

ഏതാനും വര്‍ഷം മുന്‍പ് ഏറ്റവും മികച്ച തിരുവാതിരയുമായി അവാര്‍ഡ് നൈറ്റില്‍ ബര്‍മിങ്ഹാമിലെ മലയാളി വനിതകള്‍ എത്തിയതിനു ശേഷം ഇദാത്യമാണ് അവാര്‍ഡ് നൈറ്റില്‍ ഈ മഹാനഗരത്തിലെ മലയാളികളുടെ പ്രാധിനിത്യം ഉണ്ടാകുന്നത്. ലിറ്റി ജിജോ തന്നെയാണ് ഈ നൃത്തശില്‍പ്പത്തിന് കൊറിയോഗ്രാഫി ചെയ്തിരിക്കുന്നതും.
കഴിഞ്ഞ വര്‍ഷം നിപ്പ വൈറസ് പടര്‍ന്നപ്പോള്‍ ധീരമായി രോഗീ പരിചരണം നടത്തിയ ലീനിയുടെ ധീരതയും നഴ്സുമാരുടെ ശമ്പളം വര്‍ദ്ധിപ്പിക്കാന്‍ ആവശ്യപ്പെട്ടു കേരളത്തിലും ബ്രിട്ടനിലും ധീരമായി പോരാടുന്ന സഹോദരങ്ങളോട് ഐക്യദാര്‍ഢ്യവുമായാണ് ഈ നൃത്ത ശില്‍പം തയ്യാറാക്കിയിരിക്കുന്നത്. ഫ്ലോറന്‍സ് നൈറ്റിംഗേലിന്റെ ജീവിത കാലത്തിലെ നഴ്‌സുമാരുടെ വേഷം ഒക്കെ ഗവേഷണ ബുദ്ധിയോടെ കണ്ടെത്തി രൂപകല്‍പ്പന ചെയ്തു എടുക്കുകയായിരുന്നു എന്ന് ലിറ്റി പറയുന്നു. വായിച്ചറിഞ്ഞ കാവല്‍ മാലാഖയുടെ ജീവിതം നേരില്‍ കാണുവാന്‍ യുകെയിലെ ഓരോ മലയാളി നഴ്‌സിനും അവസരം ഒരുങ്ങട്ടെ എന്ന ചിന്തയും ഈ നൃത്തരൂപം തയ്യാറാക്കുമ്പോള്‍ മനസ്സില്‍ എത്തിയിരുന്നതായി ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

അതിനിടെ എല്ലാ തവണയും ഏറ്റവും ആകര്‍ഷകമായി മാറുന്ന തിരുവാതിരക്കു ഇത്തവണ അഴക് പകരുവാന്‍ എത്തുന്നത് ആതിഥേയര്‍ തന്നെയാണ്. ലാസ്യ നടനത്തിന്റെ മുഴുവന്‍ ചാരുതയും തുന്നിച്ചേര്‍ത്തു എട്ടു പേരടങ്ങുന്ന സംഘമാണ് മികവാര്‍ന്ന പരിശീലനം നടത്തി അവാര്‍ഡ് നൈറ്റ് വേദിയില്‍ താളത്തില്‍ കൈകൊട്ടി ആടിപ്പാടാന്‍ എത്തുന്നത്. രേവതി നായര്‍ നേതൃത്വം നല്‍കുന്ന ടീമില്‍ ജോയലിന്‍, ട്രീസ, സ്മിത, അല്‍സിയ, ജില്‍ജി, അഞ്ജു, ലിന്‍സിയ എന്നിവരാണ് തിരുവാതിര ചന്തമായി നിറയാന്‍ തയ്യാറെടുക്കുന്നത്. എല്ലാ വര്‍ഷവും വ്യത്യസ്തമായ തിരുവാതിര പാട്ടുകള്‍ ആകസ്മികമായിട്ടാണെങ്കിലും എത്തുന്നതിനാല്‍ സ്ഥിരമായി എത്തുന്ന കാണികള്‍ക്കും ഓരോ വര്‍ഷവും പുതുമ സമ്മാനിക്കാന്‍ തിരുവാതിര സംഘങ്ങള്‍ക്ക് കഴിയാറുണ്ട്.
അതിനാല്‍ ഇത്തവണ സ്‌കൂള്‍ കലോത്സവ വേദികളില്‍ ഏറ്റവും കൂടുതല്‍ ടീമുകള്‍ കൈവയ്ക്കുന്ന ലോകാധിപനാഥ എന്ന കഥകളിപദത്തിന്റെ  ശീലുകള്‍ ചേര്‍ന്ന ഗാനമാണ് അവതരിപ്പിക്കപ്പെടുന്നത്. പതിഞ്ഞ താളത്തില്‍ തുടങ്ങി വ്യത്യസ്തമാര്‍ന്ന ഈണത്തില്‍ കുമ്മിയടിക്കുമ്പോള്‍ വേഗപദചലനം സൃഷ്ടിക്കപ്പെടുന്ന തിരുവാതിര പാട്ടുകൂടിയാണ് ഇത്തവണ അവാര്‍ഡ് നൈറ്റില്‍ എത്തുന്നത്.

വെറുമൊരു തിരുവാതിര, ഇതെത്ര കണ്ടിരിക്കുന്നു എന്ന ഭാവത്തില്‍ അല്ലാതെ പുതുമകള്‍ ആഗ്രഹിക്കുന്ന കാഴ്ചക്കാരാണ് അവാര്‍ഡ് നൈറ്റിന്റെ കാണികള്‍ എന്ന ബോധ്യത്തോടെയാണ് ഇത്തവണ തിരുവാതിര പോലും തയ്യാറാക്കിയിരിക്കുന്നത്. ഇതോടെ പുതുമകള്‍ നിറയുന്ന അവാര്‍ഡ് നൈറ്റ് എന്ന പേരുകൂടി സ്വന്തമാക്കിയാണ് കവന്‍ട്രി കാത്തിരിക്കുന്നത്, ഒന്‍പതാം അവാര്‍ഡ് നൈറ്റിനായി. ഇനി കാത്തിരിപ്പിന്റെ ദൂരം പോലും കുറയുകയാണ്, അരികിലെത്തിക്കഴിഞ്ഞു അവാര്‍ഡ് നൈറ്റ്, അതിന്റെ സകല ചന്തവും പ്രൗഢിയും നിറച്ചു തന്നെ.
ജൂണ്‍ ഒന്നിന് കവന്‍ട്രിയിലെ വില്ലന്‍ ഹാളിലാണ് ഇത്തവണത്തെ അവാര്‍ഡ് നൈറ്റ് നടക്കുക. ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റിന് മാത്രമല്ല യുകെയിലെ സര്‍വ പരിപാടികളുടെയും മുഖ്യ സ്പോണ്‍സറായി അലൈഡ് മോര്‍ട്ട്ഗേജ് സര്‍വ്വീസസ് ആദ്യമായി എത്തുന്ന പരിപാടി എന്ന സവിശേഷത കൂടിയുണ്ട് ഇതിന്. അലൈഡിനൊപ്പം മുത്തൂറ്റ് ഗ്ലോബല്‍ ഫിനാന്‍സും ജോസഫ് തളിയന്‍ സോളിസിറ്റേഴ്‌സും ടൂര്‍ഡിസൈനേഴ്‌സ് യുകെയും വിസ്റ്റാമെഡും ആണ് മറ്റു സ്‌പോണ്‍സര്‍മാരായി എത്തുന്നത്.
ഉച്ചയ്ക്ക് കൃത്യം രണ്ടു മണിക്കാണ് അവാര്‍ഡ് നൈറ്റിന് തിരശ്ശീല ഉയരുക. 1.30 മുതല്‍ക്കു തന്നെ ആളുകളെ പ്രവേശിപ്പിച്ചു തുടങ്ങും. പ്രവേശനം സൗജന്യമാണ്. യുകെയിലെ ഏറ്റവും പ്രശസ്തരായ കലാകാരന്മാര്‍ക്കൊപ്പം നാട്ടില്‍നിന്നുള്ള പ്രൊഫഷണല്‍ കലാകാരന്മാരും ചേര്‍ന്നായിരിക്കും ഇക്കുറി അവാര്‍ഡ് നൈറ്റ് ഒരുക്കുക. ഇതോടൊപ്പം പതിവ് പോലെ ഈ വര്‍ഷം യുകെ മലയാളികളില്‍ ഏറെ സ്വാധീനം ചെലുത്തിയ വാര്‍ത്ത താരം, യുവ പ്രതിഭ, മികച്ച മലയാളി നഴ്സ് എന്നിവര്‍ക്കുളള പുരസ്‌കാര വിതരണവും ഉണ്ടാകും.
അവാര്‍ഡ് നൈറ്റ് വേദിയുടെ വിലാസം
Willenhall, Coventry, CV3 3FY
 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category