1 GBP = 88.00 INR                       

BREAKING NEWS

കോഴിക്കോട്ട് സിപിഎമ്മിലെ ഒരുവിഭാഗം യുഡിഎഫിന് വേണ്ടി വോട്ടു മറിച്ചോ? 2009ല്‍ മുഹമ്മദ് റിയാസിനെ തോല്‍പ്പിച്ചതിനുള്ള പ്രതികാരമാണോ ഇപ്പോള്‍ നടന്നത്; മന്ത്രി എകെ ശശീന്ദ്രന്റെ മണ്ഡലമായ എലത്തൂരിലും, ബേപ്പൂരും ബാലുശ്ശേരിയും അടക്കമുള്ള സിപിഎം കോട്ടകളിലും പിറകില്‍പോയത് എങ്ങനെ? വോട്ടെണ്ണലിന് തലേന്നുതന്നെ സിപിഎം പ്രവര്‍ത്തകര്‍ക്ക് പ്രത്യേക നന്ദി പറഞ്ഞ് കത്ത് തയ്യാറാക്കാന്‍ എം കെ രാഘവന് കഴിഞ്ഞത് എങ്ങനെ; ദയനീയ തോല്‍വിക്ക് പിന്നാലെ കോഴിക്കോട്ട് സിപിഎമ്മില്‍ വിവാദം പുകയുന്നു

Britishmalayali
കെ വി നിരഞ്ജന്‍

കോഴിക്കോട്: വോട്ടെണ്ണല്‍ ദിനത്തിന്റെ തലേന്നാണ് തന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരോട് എം കെ രാഘവന്‍ പത്രങ്ങള്‍ക്ക് നല്‍കാനായി തന്നെ വിജയിപ്പിച്ച വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള കുറിപ്പ് തയ്യാറാക്കി നല്‍കാന്‍ ആവശ്യപ്പെട്ടത്. മണ്ഡലത്തില്‍ അതിശക്തമായ മത്സരം നടന്നെന്ന വാര്‍ത്തകള്‍ മനസ്സിലുള്ളതുകൊണ്ട് തന്നെ റിസള്‍ട്ട് അറിഞ്ഞിട്ട് തയ്യാറാക്കിയാല്‍ പോരെ എന്നായിരുന്നു അവര്‍ ചോദിച്ചത്. ഇതിന് മറുപടിയായി 'നിങ്ങള്‍ തയ്യറാക്കൂ.. ഞാന്‍ മുപ്പതിനായിരത്തില്‍ പരം വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിക്കുമെന്നായിരുന്നു' രാഘവന്റെ മറുപടി. സിപിഎം പ്രവര്‍ത്തകര്‍ക്ക് പ്രത്യേക നന്ദി പറയാന്‍ മറക്കരുതെന്നും രാഘവന്‍ വ്യക്തമാക്കി. തന്നോട് മത്സരിക്കാന്‍ സിപിഎമ്മില്‍ നിന്ന് ഏറ്റവും ശക്തനായ സ്ഥാനാര്‍ത്ഥി എ പ്രദീപ് കുമാര്‍ എത്തിയപ്പോഴും തനിക്കെതിരെ അഴിമതി ആരോപണം കത്തി നിന്നപ്പോഴും മാധ്യമങ്ങള്‍ക്ക് മുമ്പില്‍ ഒരുവേള കരഞ്ഞുപോയിരുന്നെങ്കിലും എം കെ രാഘവന് പരാജയ ഭീതി ഉണ്ടായിരുന്നില്ല എന്നതായിരുന്നു യാഥാര്‍ത്ഥ്യം. താന്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും സിപിഎം വോട്ടുകള്‍ വലിയ തോതില്‍ തനിക്ക് ലഭിക്കുമെന്നും അപ്പോഴെല്ലാം അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. രാഘവന്റെ ഉറച്ച വിശ്വാസം കുറച്ചു കൂടിയ തോതില്‍ തന്നെ ശരിയായി. ബിജെപി വോട്ട് മറിക്കാതെ, നല്ല രീതിയില്‍ തന്നെ വോട്ട് പിടിച്ചപ്പോള്‍ രാഘവനായി ഇത്രയധികം വോട്ടുകള്‍ മറിഞ്ഞത് എവിടെ നിന്ന്.. മറിച്ചതാര്. സി പി എമ്മില്‍ ചോദ്യങ്ങള്‍ ശക്തമാവുകയാണ്. കോഴിക്കോട്ട് സിപിഎമ്മിലെ ഒരുവിഭാഗം യുഡിഎഫിന് വേണ്ടി വോട്ട് മറിച്ചതായാണ് ഇപ്പോള്‍ ഇയര്‍ന്നുവരുന്ന ആരോപണം. 2009ല്‍ മുഹമ്മദ് റിയാസിനെ തോല്‍പ്പിച്ചതിനുള്ള പ്രതികാരമാണ് ഇതെന്നും ആരോപണമുണ്ട്.


എം കെ രാഘവന്റെ വാക്കുകള്‍:
അനുകൂലമായ മറ്റെല്ലാ ഘടകങ്ങള്‍ക്കുമൊപ്പം തേജോവധ രാഷ്ട്രീയത്തിനെതിരായ വിധി കൂടിയാണ് കോഴിക്കോട്ടെ ജനങ്ങള്‍ നല്‍കിയതെന്ന് എം കെ രാഘവന്‍ പറയുന്നു. പത്മവ്യൂഹത്തിനുള്ളില്‍ അഭിമന്യുവിനെ എന്ന പോലെയാണ് രാഷ്ട്രീയ എതിരാളികളും ചില മാധ്യമങ്ങളും തന്നെ അക്രമിച്ചത്. അപവാദ പ്രചാരണങ്ങളെല്ലാം എന്റെ ജനത തള്ളി. മൂന്നാം തവണ അവര്‍ നല്‍കിയത് അവരുടെ സ്‌നേഹത്തിന്റെ ഭൂരിപക്ഷമാണ്. ദൈവത്തിലും ജനങ്ങളിലും നീതി വ്യവസ്ഥയിലും വിശ്വാസമുണ്ടെന്നാണ് താന്‍ പറഞ്ഞത്. അത് ശരിയാവുകയായിരുന്നെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എതിര്‍പക്ഷത്തു നിന്നാണ്, പ്രത്യേകിച്ച് സിപിഎമ്മില്‍ നിന്ന് തനിക്ക് അനുകൂലമായ് വലിയ സഹായം ഉണ്ടായി. അത് സിപിഎം കേന്ദ്രങ്ങളിലെ വോട്ടിങ് നില പരിശോധിച്ചാല്‍ വ്യക്തമാകും. ഏതെങ്കിലും ഒരു ഭാഗത്തു നിന്നുള്ള ധ്രുവീകരണം മാത്രമല്ല, എല്ലാ വിഭാഗത്തിന്റെയും പിന്തുണയുണ്ടെന്ന് വോട്ടിങ് നില വ്യക്തമാക്കുന്നു. അതിന് ജനതയോട് കടപ്പെട്ടിരിക്കുന്നുവെന്നും എം കെ രാഘവന്‍ വ്യക്തമാക്കി.

തകര്‍ന്നടിഞ്ഞ് എ പ്രദീപ് കുമാര്‍
ഹാട്രിക് തിളക്കത്തില്‍ എംകെ രാഘവന്‍ ചരിത്ര ഭൂരിപക്ഷം നേടിയപ്പോള്‍ കോഴിക്കോട്ട് അത് പുതിയൊരു ചരിത്രം തന്നെ കുറിക്കുകയായിരുന്നു. ഏഴില്‍ ആറ് നിയമസഭാ മണ്ഡലങ്ങളിലും ഭൂരിപക്ഷം ഉണ്ടായിട്ടും ലോക്‌സഭയിലേക്ക് എം കെ രാഘവനോട് വിജയിക്കില്ലെന്ന കണക്കുകൂട്ടലിലാണ് എല്‍ഡിഎഫ് പതിനെട്ട് അടവും പുറത്തെടുത്തത്. ജനകീയനായ എം പിയെ നേരിടാന്‍ ജനകീയനായ എം എല്‍ എയെന്ന അവകാശവാദത്തോടെ കോഴിക്കോട് നോര്‍ത്ത് എംഎല്‍എ എ പ്രദീപ്കുമാറിനെ രംഗത്തിറക്കി. മണ്ഡലത്തിലെ വികസന നേട്ടങ്ങളുടെ പേരില്‍ വോട്ട് പിടിച്ച് പ്രദീപ് കുമാര്‍ എം കെ രാഘവനെ ഞെട്ടിക്കുകയും ചെയ്തു. ഇതിനിടയിലായിരുന്നു കോഴിക്കോട്ടുകാരെ ഞെട്ടിച്ച് ഒരു ചാനലിന്റെ ഒളിക്യാമറാ ദൃശ്യങ്ങള്‍ പുറത്തുവന്നത്. ടി വി 9 ഭാരതവര്‍ഷ എന്ന ചാനല്‍ സ്റ്റിങ് ഓപ്പറേഷനിലൂടെ പുറത്തുവിട്ട ദൃശ്യങ്ങളിലൂടെ എം കെ രാഘവന്‍ അപമാനിതനായി.

വ്യാവസായിക കണ്‍സള്‍ട്ടന്‍സി എന്ന ഭാവേന കോഴിക്കോട് നഗരത്തില്‍ പതിനഞ്ച് ഏക്കര്‍ സ്ഥലം ഏറ്റെടുക്കാന്‍ ഇടനിലക്കാരനായി നില്‍ക്കണം എന്നാവശ്യപ്പെട്ട് എം പിയെ കണ്ട വാര്‍ത്താ സംഘം അഞ്ചു കോടി രൂപയാണ് അദ്ദേഹത്തിന് വാഗ്ദാനം ചെയ്തത്. ഈ സംഭവമാണ് അദ്ദഹത്തിന് വലിയ തിരിച്ചടിയായത്. ചാനലുകളുടെ മുന്നില്‍ രാഘവന്‍ പൊട്ടിക്കരയുക പോലും ഉണ്ടായി. നിരന്തരം ഈ ആരോപണം ഉയര്‍ത്തി എളമരം കരീമും അഡ്വ: പി എ മുഹമ്മദ് റിയാസും നിരന്തരം രംഗത്തെത്തിയതോടെ ഈ നെഗറ്റീവും പതിയെ രാഘവന് പോസിറ്റീവായി മാറാന്‍ തുടങ്ങി. ആളുകള്‍ക്ക് അദ്ദേഹത്തോട് സഹതാപം തോന്നിത്തുടങ്ങിയെന്ന് വ്യക്തമായ എ പ്രദീപ് കുമാര്‍ പ്രചരണവേദികളില്‍ ഒരിടത്തും എം കെ രാഘവന്റെ അഴിമതി ആരോപണം ചൂണ്ടിക്കാട്ടിയിരുന്നില്ല. മറിച്ച് എം എല്‍ എ എന്ന നിലയില്‍ തന്റെ വികസന നേട്ടങ്ങള്‍ മാത്രം ഉയര്‍ത്തിക്കാട്ടുകായിരുന്നു അദ്ദേഹം. പക്ഷെ ഒപ്പം നിന്നവര്‍ അഴിമതിയില്‍ പിടിച്ചുതൂങ്ങി രാഘവനെ ആക്രമിക്കല്‍ തുടര്‍ന്നു.

എന്നാല്‍ എല്ലാ ആരോപണങ്ങള്‍ക്കും തന്നെ അറിയുന്ന ജനങ്ങള്‍ മറുപടി നല്‍കുമെന്നായിരുന്നു എം കെ രാഘവന്റെ മറുപടി. അദ്ദേഹത്തിലുള്ള വിശ്വാസം ജനത ആവര്‍ത്തിച്ചപ്പോള്‍ ഹാട്രിക് തിളക്കത്തില്‍ സര്‍വകാല റെക്കോര്‍ഡായ 85760 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. എ പ്രദീപ്കുമാറിന്റെ സ്വന്തം മണ്ഡലമായ കോഴിക്കോട് നോര്‍ത്തില്‍ 4558 വോട്ടിന്റെ ഭൂരിപക്ഷമാണ് എം കെ രാഘവന്‍ നേടിയത്. മന്ത്രി എ കെ ശശീന്ദ്രന്റെ മണ്ഡലമായ എലത്തൂരിലും ബേപ്പൂരിലും കുന്ദമംഗലത്തും ബാലുശ്ശേരിയിലും എം കെ രാഘവന്‍ തന്നെ ലീഡ് നേടിയപ്പോള്‍ എല്‍ ഡി എഫ് ഞെട്ടി. ബേപ്പൂരില്‍ 10423 വോട്ടിന്റെയും കുന്ദമംഗലത്ത് 11292 വോട്ടിന്റെയും ബാലുശ്ശേരിയില്‍ 9745 വോട്ടിന്റെയും ഭൂരിപക്ഷം നേടിയപ്പോള്‍ എല്‍ ഡി എഫ് കോട്ടകള്‍ ഒന്നൊന്നായി തകര്‍ന്നടിഞ്ഞു. ഒരുകാലത്തുമില്ലാത്ത വിധം കൊടുവള്ളിയിലെ ഭൂരിപക്ഷം 35908 ആയുയര്‍ന്നു; കോഴിക്കോട് സൗത്തില്‍ 13731 വോട്ടിന്റെ ലീഡ് നേടിയപ്പോള്‍ എതിരാളികളെ നിഷ്പ്രഭമാക്കിയ വന്‍ കുതിച്ചുകയറ്റമാണ് എം കെ രാഘവന്‍ നടത്തിയത്.

ചോദ്യങ്ങള്‍ ബാക്കിയാവുന്നു
അഴിമതി ആരോപണം ഉള്‍പ്പെടെ പിടിമുറുക്കിയപ്പോഴും ആത്മവിശ്വാസത്തോടെ നില്‍ക്കാന്‍ എം കെ രാഘവന് സാധിച്ചതെന്ത് എന്നാണ് ചോദ്യം. സി പി എം വോട്ടുകള്‍ തനിക്ക് വലിയ തോതില്‍ ലഭിക്കുമെന്ന് അദ്ദേഹം എങ്ങിനെ ഉറച്ചുവിശ്വസിച്ചു. ഇതിന് മുമ്പും സി പി എം വോട്ടുകള്‍ കൊണ്ടാണ് താന്‍ ജയിച്ചതെന്ന് എം കെ രാഘവന്‍ പലരോടും പറയാറുണ്ടായിരുന്നു. ഇത്തവണയും അത് തനിക്ക് ലഭിക്കുമെന്ന് ആരാണ് അദ്ദേഹത്തിന് ഉറപ്പ് നല്‍കിയത്. ചോദ്യങ്ങള്‍ ഉയരുമ്പോഴാണ് പഴയ ചില സംഭവങ്ങള്‍ കൂടി ഉയര്‍ന്നുവരുന്നത്. 2009 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇതേ മണ്ഡലത്തില്‍ ഇടത് സ്ഥാനാര്‍ത്ഥി മുഹമ്മദ് റിയാസ് പരാജയപ്പെട്ടതിന് പിന്നില്‍ അന്ന് തെരഞ്ഞെടുപ്പ് കാര്യങ്ങള്‍ നിയന്ത്രിച്ച എ പ്രദീപ് കുമാര്‍ ആയിരുന്നുവെന്ന് വലിയൊരു ആരോപണം ശക്തമായിരുന്നു. ഇന്ന് പ്രദീപ് കുമാര്‍ മത്സരിക്കാനെത്തിയപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ പി എ മുഹമ്മദ് റിയാസ് ആയിരുന്നുവെന്നത് മറ്റൊരു വിരോധാഭാസം.

സി പി എം തനിക്ക് വോട്ട് മറിച്ചിട്ടുണ്ടെന്ന് പരസ്യമായി പറഞ്ഞത് ബിജെപി സ്ഥാനാര്‍ത്ഥി കെ പ്രകാശ് ബാബുവാണ്. മുഹമ്മദ് റിയാസിനെതിരെയാണ് അദ്ദേഹം ഈ ആരോപണം അദ്ദേഹം ഉന്നയിച്ചത്. ബിജെപിയും മണ്ഡലത്തില്‍ നല്ല നിലയില്‍ വോട്ട് പിടിച്ചിട്ടുണ്ട്. അപ്പോള്‍ സിപിഎം വോട്ടുകള്‍ രാഘവന് മാത്രമല്ല ബിജെപിക്കും പോയിട്ടുണ്ടോ എന്നും സംശയങ്ങള്‍ ബാക്കിയാക്കുന്നുണ്ട്. മുഹമ്മദ് റിയാസ് പക്ഷത്തെ ചുറ്റിപ്പറ്റിയാണ് സംശയങ്ങള്‍ നീളുന്നത്. 2009ല്‍ എകെ രാഘവന്‍ ആദ്യമായി കോഴിക്കോട്ട് മല്‍സരിക്കാന്‍ എത്തിയപ്പോള്‍ അന്ന് എതിരാളി മുഹമ്മദ് റിയാസ് ആയിരുന്നു. പ്രദീപ് കുമാര്‍ റിയാസിന്റെ തെരഞ്ഞെടുപ്പ് കമ്മറ്റി കണ്‍വീനറും. അന്ന് ആയിരത്തില്‍ താഴെ വോട്ടിന്റെ നേരിയ മാര്‍ജിനാണ് റിയാസ് തോറ്റത്. എന്നിട്ടും റീകൗണ്ടിങ്ങ് ആവശ്യപ്പെടാതെ, തെരഞ്ഞെടുപ്പ് കമ്മറി കണ്‍വീനറായ എ പ്രദീപ്കുമാര്‍ പരാജയം അംഗീകരിച്ച് ഒപ്പിട്ട് കൊടുക്കയായിരുന്നെന്നാണ് അന്ന് ഉയര്‍ന്ന ആരോപണം. അതിനൊക്കെയുള്ള 'പ്രതികാരമാണ്' ഇപ്പോള്‍ നടന്നതെന്നും പാര്‍ട്ടി അണികള്‍ക്കിടയില്‍ സംസാരമുണ്ട്.

പ്രദീപ് കുമാറിനോടായി ഒരു മുന്‍ ഡി വൈ എഫ് ഐ നേതാവ് ഫേസ് ബുക്കിലൂടെ ഉയര്‍ത്തിയ ചോദ്യങ്ങളും തെരഞ്ഞെടുപ്പിന് മുമ്പ് ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. വോട്ട് തനിക്ക് തന്നെ ചെയ്യുമെന്ന് എനിക്കുറപ്പുണ്ട് എന്ന് സ്ഥാനാര്‍ത്ഥി പ്രദീപ് കുമാര്‍ എന്നോട് പറഞ്ഞു. മുമ്പ് വോട്ട് മറിക്കാന്‍ ഞങ്ങളെ പഠിപ്പിച്ചത് സഖാവായിരുന്നില്ലേ എന്ന് ഞാന്‍ തിരിച്ചുചോദിച്ചില്ല. മുമ്പ് ചെയ്തതിന് തിരിച്ചടി തീര്‍ച്ചയായും കിട്ടും സഖാവേ എന്ന് ഞാന്‍ മനസ്സില്‍ ഓര്‍ത്തു എന്നായിരുന്നു ആ മുന്‍ നേതാവിന്റെ എഫ് ബി പോസ്റ്റ്.മുമ്പ് ചെയ്തുവെന്ന് പറയപ്പെടുന്ന തെറ്റിനുള്ള തിരിച്ചടിയാണോ ഒരു വിഭാഗം സി പി എം നേതാക്കള്‍ ഇത്തവണ പ്രദീപ് കുമാറിന് നല്‍കിയത്.

തീര്‍ച്ചയായും കോഴിക്കോട് മണ്ഡലത്തില്‍ മത്സരിക്കാന്‍ പ്രദീപ് കുമാറിന് തീരെ താത്പര്യമില്ലായിരുന്നു. ഇക്കാര്യം അദ്ദേഹം തുറന്ന് പറഞ്ഞിട്ടുമുണ്ട്. എന്നാല്‍ പാര്‍ട്ടി അദ്ദേഹത്തെ നിര്‍ബന്ധിക്കുകയായിരുന്നു. എം കെ രാഘവനെപ്പോലൊരു സ്ഥാനാര്‍ത്ഥിയെ നേരിടാന്‍ മറ്റൊരു വഴിയും മുമ്പിലില്ലെന്നായിരുന്നു പാര്‍ട്ടി വ്യക്തമാക്കിയത്. എന്നാല്‍ നിര്‍ബന്ധിച്ച് മത്സരിപ്പിച്ച മണ്ഡലത്തില്‍ തകര്‍ന്നടിഞ്ഞതോടെ മുമ്പിലേക്കുള്ള പല വഴികളാണ് പ്രദീപ് കുമാറിന് മുമ്പില്‍ അടഞ്ഞിരിക്കുന്നത്. മന്ത്രിസഭ പുനഃസംഘടന വന്നാല്‍ ഒരു മന്ത്രി സ്ഥാനമോ സി പി എം ജില്ലാ സെക്രട്ടറി പദവിയോ ഒക്കെ ലഭിക്കാവുന്ന തരത്തില്‍ ക്ലിയര്‍ ഇമേജുള്ള വ്യക്തിയായിരുന്നു പ്രദീപ് കുമാര്‍. ആ വഴികളെല്ലാമാണ് പരാജയത്തോടെ അടഞ്ഞിരിക്കുന്നത്. അല്ല പലരും പറയുന്നതുപോലെ ചിലര്‍ ചേര്‍ന്ന് അടച്ചിരിക്കുന്നത്. അഥവാ ജയിച്ചാല്‍ എം പിയായി കോഴിക്കോട്ട് നിന്നും അദ്ദേഹത്തെ അകറ്റാം. തോറ്റാലോ ആ പേരില്‍ വഴികള്‍ ഒന്നായി അടച്ചുപൂട്ടാം.. ഇതായിരുന്നു പലരുടെയും ലക്ഷ്യമെന്ന് രഹസ്യ സംസാരങ്ങള്‍ ഉയര്‍ന്നു തുടങ്ങിക്കഴിഞ്ഞു.

ചില സംഭവങ്ങളില്‍ ഒന്ന്
സിറ്റിങ് എം പിയായ എം കെ രാഘവനെതിരെ എം എല്‍ എ ആയ എ പ്രദീപ് കുമാര്‍ മത്സര രംഗത്തെത്തിയ കാലം. മികച്ച സ്ഥാനാര്‍ത്ഥികളാണ് ഇരുവരുമെന്നാണ് അഭിപ്രായം ഉയര്‍ന്നത്. ഇതിനിടയിലാണ് ഒന്നര വര്‍ഷം മുമ്പ് നടന്ന ഒരു സംഭവം പ്രദീപ് കുമാറിന് പാരയായി ഉയര്‍ന്നത്. 2017 ല്‍ കരുവിശ്ശേരി ലോക്കല്‍ സമ്മേളനത്തിലെ വിഭാഗീയതയുടെ പേരില്‍ ഒമ്പത് പ്രാദേശിക നേതാക്കള്‍ക്കെതിരെ സി പി എം നടപടി സ്വീകരിച്ചതാണ് സ്ഥാനാര്‍ത്ഥിക്ക് പുതിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന സംശയം നേരത്തെ ഉണ്ടാക്കിയത്. തെരഞ്ഞടുപ്പ് കാലത്ത് മുമ്പത്തെ സംഭവത്തിന്റെ പേരില്‍ നടപടി സ്വീകരിച്ചതും പാര്‍ട്ടിക്കുള്ളിലെ വിഭാഗീയതയും കോഴിക്കോട് നഗരത്തില്‍ ഇടത് സ്ഥാനാര്‍ത്ഥിയെ പ്രയാസത്തിലാക്കും എന്ന് പലരും ചൂണ്ടിക്കാട്ടിയിരുന്നു.

എ പ്രദീപ് കുമാറിനെ കരുവിശ്ശേരി ലോക്കല്‍ സമ്മേളനകാലത്ത് തടഞ്ഞതിന്റെ പേരിലായിരുന്നു ചിലര്‍ക്കെതിരെ പാര്‍ട്ടി നടപടി സ്വീകരിച്ചത്. പാര്‍ട്ടിയിലെ വിഭാഗീയതയെത്തുടര്‍ന്ന് പാര്‍ട്ടിയുടെ ശക്തി കേന്ദ്രമായ കോഴിക്കോട് കരുവിശ്ശേരിയിലെ ലോക്കല്‍ സമ്മേളനം നിര്‍ത്തിവെച്ചത് സംസ്ഥാന നേതൃത്വത്തെ വരെ ഞെട്ടിച്ചിരുന്നു. പ്രാദേശിക ഗ്രൂപ്പുകള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ കാരണമായിരുന്നു സമ്മേളനം നിര്‍ത്തിവെച്ചത്. ഉള്‍പാര്‍ട്ടി മത്സരം അനുവദിക്കില്ലെന്ന് പറഞ്ഞ പ്രദീപ്കുമാറിനെ തടഞ്ഞുവെക്കാനും ചില സമ്മേളന പ്രതിനിധികള്‍ തയാറായി. പാര്‍ട്ടി അംഗങ്ങള്‍ തമ്മില്‍ കൈയാങ്കളിയുമുണ്ടായി. ഇത് അന്വേഷിക്കാന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജോര്‍ജ്ജ് എം തോമസ് എം എല്‍ എയുടെ നേതൃത്വത്തില്‍ അന്വേഷണ കമ്മീഷനെയും വെച്ചു.

ഈ സംഭവത്തിലാണ് തെരഞ്ഞെടുപ്പ് കാലത്ത് നടപടി ഉണ്ടായത്. ഇത് പ്രകാരം ഏഴ് പേരെ താക്കീത് ചെയ്യുകയും ഒരാളെ സസ്‌പെന്റ് ചെയ്യുകയും ചെയ്തു. തെരഞ്ഞെടുപ്പില്‍ ശക്തമായ പോരാട്ടത്തിന് കളമൊരുങ്ങുമ്പോള്‍ സ്ഥാനാര്‍ത്ഥി കൂടി ഉള്‍പ്പെട്ട ഒരു സംഭവത്തിന്റെ പേരിലാണ് പാര്‍ട്ടി അന്ന് നടപടി സ്വീകരിച്ചത്. മുമ്പത്തെ സംഭവത്തിന്റെ പേരില്‍ തെരഞ്ഞെടുപ്പ് സമയത്ത് തന്നെ നടപടിയെടുത്തത് സ്ഥാനാര്‍ത്ഥിക്ക് പണികിട്ടാന്‍ വേണ്ടിയാണോ എന്ന സംശയ അന്ന് പലരും ഉയര്‍ത്തിയിരുന്നു. ഏതായാലും ഇടത് വോട്ടുകള്‍ പ്രദീപ് കുമാറിന് തന്നെ ലഭിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് പലരും മറുപടി പറയേണ്ടിവരും. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നയിച്ച നേതാക്കള്‍ക്കാര്‍ക്കും ഈ ചോദ്യത്തില്‍നിന്ന് ഒഴിഞ്ഞു മാറാന്‍ കഴിയില്ലെന്ന് വ്യക്തം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category