1 GBP = 87.30 INR                       

BREAKING NEWS

ബ്രക്സിറ്റ് റഫറണ്ടത്തിന്റെ പേരില്‍ കാമറോണ്‍ രാജിവെച്ചപ്പോള്‍ ഇടക്കാല പ്രധാനമന്ത്രിയായി; റേറ്റിംഗില്‍ മുന്നിലെത്തിയെങ്കിലും ഇടക്കാല തെരഞ്ഞെടുപ്പ് നടത്തിയപ്പോള്‍ ഭൂരിപക്ഷം കുറഞ്ഞു; ബ്രക്സിറ്റ് ബില്‍ പാസാക്കാന്‍ പ്രയത്നിച്ച് മൂന്നു കൊല്ലം തികയും മുമ്പ് രാജി; തെരേസ മേ രാജി പ്രഖ്യാപിച്ചത് വിതുമ്പിക്കരഞ്ഞ്

Britishmalayali
kz´wteJI³

ലണ്ടന്‍: മൈക്കിന് മുന്നില്‍ കണ്ണീരണിഞ്ഞ് ഒരു പ്രധാനമന്ത്രി. ഒരുകാലത്ത് സൂര്യനസ്തമിക്കാത്ത സാമ്രാജ്യം എന്ന് പുകള്‍പെറ്റ ബ്രിട്ടന്റെ പ്രധാനമന്ത്രി തന്റെ സ്ഥാനത്യാഗം പ്രഖ്യാപിക്കുമ്പോള്‍ കണ്ണീരണിഞ്ഞതും വാക്കുകള്‍ ഇടറിയതും ഒരു ജനതയുടെ ദീര്‍ഘകാല അഭിലാഷം പൂര്‍ത്തിയാക്കാനാകാതെ പോയതിന്റെ വിഷമത്തില്‍. പ്രധാനമന്ത്രി പദവിയിലേക്ക് തെരേസ മേയെ കൈപിടിച്ചു നടത്തിയ അതേ ബ്രക്സിറ്റില്‍ തന്നെ കാലിടറി ബ്രിട്ടീഷ് പ്രധാനമന്ത്രി പദം ഒഴിയുന്ന തീരുമാനം മൈക്കിനു മുന്നില്‍ വിങ്ങിപ്പൊട്ടിയാണ് തെരേസ മേ രാജി പ്രഖ്യാപിച്ചത്.

'ബ്രെക്‌സിറ്റ് നടപ്പാക്കാന്‍ സാധിക്കാത്തത് എക്കാലവും എന്റെ ഏറ്റവും വലിയ ദുഃഖമായിരിക്കും,' തെരേസ മെയ് പറഞ്ഞു. 'ഞാന്‍ ബ്രിട്ടന്റെ രണ്ടാമത്തെ വനിതാ പ്രധാനമന്ത്രിയാണ്. പക്ഷേ, അവസാനത്തെയാളല്ലെന്നു തീര്‍ച്ച': ഇത്രയും പറഞ്ഞതും കണ്ഠമിടറി. രാജ്യത്തിനു വേണ്ടി കഠിനാധ്വാനം ചെയ്തതില്‍ ചാരിതാര്‍ഥ്യമുണ്ടെന്നു പറഞ്ഞവസാനിച്ച്, ഉപചാരവാക്കുകളില്ലാതെ പത്താം നമ്പര്‍ വസതിക്കുള്ളിലേക്കു തിരിഞ്ഞു നടക്കുമ്പോള്‍ തെരേസ മേ പൊട്ടിക്കരയുകയായിരുന്നു. 2016ല്‍ ബ്രിട്ടിഷ് പ്രധാനമന്ത്രിയായ മേ 2 വര്‍ഷവും 315 ദിവസവും പൂര്‍ത്തിയാക്കിയാണ് പദവിയൊഴിയുന്നത്.

ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടണമെന്നു ഹിതപരിശോധനയില്‍ ജനങ്ങള്‍ വിധിയെഴുതിയതോടെയാണ് അതിനോട് വിയോജിപ്പുണ്ടായിരുന്ന പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ രാജിവച്ചത്. ബ്രെക്സിറ്റിനോടു കടുത്ത എതിര്‍പ്പുണ്ടായിട്ടും തീരുമാനം നടപ്പാക്കാന്‍ പ്രതിജ്ഞാബദ്ധയാണെന്നു പ്രഖ്യാപിച്ച തെരേസ മേക്ക് പക്ഷേ ആ പ്രഖ്യാപനം നടപ്പിലാക്കാനായില്ല.

സര്‍ക്കാരിലെ മുതിര്‍ന്ന മന്ത്രി ആന്‍ഡ്രിയ ലീഡ്‌സവും നേരത്തേ രാജി വച്ചിരുന്നു. ക്യാബിനറ്റിലുള്ള സഹപ്രവര്‍ത്തകരുടെ അച്ചടക്കമില്ലാത്ത പ്രവര്‍ത്തനത്തില്‍ പ്രതിഷേധിച്ചുകൊണ്ടാണ് ലീഡ്‌സണ്‍ രാജിവെച്ചത്. എങ്ങിനെയാണ് ബ്രക്‌സിറ്റ് കരാര്‍ നടപ്പാക്കാന്‍ പോകുന്നത് എന്ന് പാര്‍ലമെന്റിനെ ബോധ്യപ്പെടുത്താനിരിക്കെയാണ് രാജി. ബ്രെക്‌സിറ്റ് കരാറിന്മേല്‍ മെയ് കൊണ്ടുവരുന്ന വിട്ടുവീഴ്ചകളോടും ഒത്തു തീര്‍പ്പുകളോടുമുള്ള വിയോജിപ്പായിരുന്നു ആന്‍ഡ്രിയ ലീഡ്‌സത്തിന്റെ രാജിക്ക് കാരണം. ജനങ്ങള്‍ ആഗ്രഹിച്ച കരാറല്ലെന്നാണ് കടുത്ത ബ്രെക്‌സിറ്റ് പക്ഷവാദിയായ ആന്‍ഡ്രിയ പറയുന്നത്. ഈ രാജിയോടെ തെരേസ മന്ത്രിസഭയിലെ പ്രധാന നേതാക്കള്‍ എല്ലാം പ്രധാനമന്ത്രി രാജിവക്കണമെന്നുള്ള ആവശ്യം ശക്തമാക്കിയിരുന്നു.

പ്രധാനമന്തി രാജി വക്കുന്നില്ലെങ്കില്‍ സ്വന്തം പാര്‍ട്ടിയിലെ നിയമം ഭേദഗതി ചെയ്തു തെരേസ മെയ്നെ പാര്‍ട്ടി ലീഡര്‍ സ്ഥാനത്തു നിന്നും പുറത്താക്കാനും രണ്ടുദിവസം മുമ്പ് ചേര്‍ന്ന എം പി മാരുടെ യോഗം തീരുമാനിച്ചിരുന്നു. തെരേസാ മേയുടെ ബ്രെക്സിറ്റ് നടപടികളില്‍ മനം മടുത്ത ബ്രിട്ടീഷ് ജനത പാര്‍ട്ടിയെ നാലാം സ്ഥാനത്തേക്ക് തള്ളിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് പ്രധാനമന്ത്രിയുടെ രാജിക്കായുള്ള സമ്മര്‍ദം ശക്തമായത്. ഈ യോഗതീരുമാനാം കമ്മിറ്റി ചെയര്‍മാന്‍ ഗ്രഹാം ബ്രായ്ടി തെരേസ മേയെ കണ്ട് അറിയിച്ചതോടെയാണ് തെരേസ മേ രാജി പ്രഖ്യാപനം നടത്തിയത്.

നേരത്തെ ബ്രെക്സിറ്റുമായി ബന്ധപ്പെട്ട മെയ്-യുടെ ബില്‍ ചര്‍ച്ചചെയ്യാന്‍ ട്രോയ് എംപിമാര്‍ യോഗം ചേര്‍ന്നിരുന്നു. നാടകീയമായ പല സംഭവങ്ങള്‍ക്കുമൊടുവില്‍ ബ്രെക്സിറ്റ് ബില്‍ പിന്‍വലിക്കാനും രാജിവെച്ച് പുറത്തുപോകാനും അവര്‍ മെയ്-യോട് ആവശ്യപ്പെട്ടിരുന്നു.

ഡേവിഡ് കാമറോണിനു ശേഷം പ്രധാനമന്ത്രി ആകാന്‍ തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയുമാണ് തെരേസ. സര്‍ക്കാരിലെ ഉന്നത പദവികള്‍ വഹിച്ച് പരിചയമുള്ള തെരേസ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പ്രധാന നേതാക്കളില്‍ ഒരാളാണ്. മാര്‍ഗരറ്റ് താച്ചര്‍ 1990 ല്‍ സ്ഥാനമൊഴിഞ്ഞശേഷം വനിതാ പ്രധാനമന്ത്രിയാകുന്ന വ്യക്തിയുമാണ് മേ.

ജൂണ്‍ ഏഴിനു തെരേസ മേ സ്ഥാനമൊഴിയുന്നതോടെ ബ്രിട്ടീഷ് രാഷ്ട്രീയം വീണ്ടും സങ്കീര്‍ണമാകും. പാര്‍ട്ടിയെ ഏകോപിപ്പിക്കാന്‍ കഴിവുള്ള ഒരു നേതാവ് ഇല്ലെന്നതാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേരിടുന്ന പ്രതിസന്ധി. ബോറിസ് ജോണ്‍സണ്‍, ആണ്ട്രിയ ലെടസം അടക്കം 15 ല്‍ അധികം നേതാക്കള്‍ ആണ് പാര്‍ട്ടി നേതൃസ്ഥാനത്തേക്ക് മത്സരിക്കുമെന്ന് സൂചിപ്പിച്ചിട്ടുള്ളത്. ഹാര്‍ഡ് കോര്‍ ബ്രെസ്‌കിറ്റ് അനുകൂലികളായ ഇവര്‍ പ്രധാനമന്ത്രിയായാല്‍ ഒരു കരാര്‍ പോലും ഇല്ലാതെ ബ്രെക്സിറ്റ് നടക്കാനുള്ള സാധ്യതയില്‍ ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ പൊതുവെയും ഭരണ പാര്‍ട്ടിയില്‍ പ്രത്യേകിച്ചും കൂടുതല്‍ അനിശ്ചിതത്വത്തിനു വഴിവക്കും.

എന്താണ് ബ്രെക്‌സിറ്റ് ?
യൂറോപ്യന്‍ യൂണിയനില്‍ നിന്ന് യു.കെ സ്വതന്ത്രമാകുന്നതിനെ സൂചിപ്പിക്കാനുപയോഗിക്കുന്ന പദമാണ് ബ്രെക്‌സിറ്റ്. ബ്രെക്‌സിറ്റ് എന്ന വാക്ക് ഉണ്ടായത് BRITANലെ BRഉം EXITഉം ചേര്‍ന്നാണ്.

ബ്രിട്ടണ്‍ എന്തുകൊണ്ട് യൂറോപ്യന്‍ യൂണിയന്‍ വിടുന്നു?
2016 ജൂണ്‍ 23ന് ബ്രിട്ടണില്‍ ഒരു ഹിത പരിശോധന നടന്നു. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടണമോ വേണ്ടയോ എന്ന പരിശോധനയായിരുന്നു നടന്നത്. 'യൂറോപ്യന്‍ യൂണിയനില്‍ അംഗമായി ബ്രിട്ടന്‍ തുടരണം എന്നാണോ അതോ പിന്‍വാങ്ങണം എന്നാണോ നിങ്ങളുടെ അഭിപ്രായം?' എന്നത് മാത്രമായിരുന്നു ചോദ്യം. പ്രായപൂര്‍ത്തിയായ മുഴുവന്‍ ബ്രിട്ടന്‍കാര്‍ക്കും വോട്ട് ചെയ്യാമായിരുന്നു. 71.8ശതമാനം പോളിങ് രേഖപ്പെടുത്തി. 48.1ശതമാനം നോ വോട്ടുകള്‍ക്കെതിരെ 51.9ശതമാനം യെസ് വോട്ടുകള്‍ ബ്രെക്‌സിറ്റിന് അനുകൂല സാഹചര്യമൊരുക്കി.

ഹിതപരിശോധനാഫലം
ഇംഗ്ലണ്ട്, വെയില്‍സ് എന്നീ മേഖലകള്‍ ബ്രെക്‌സിറ്റിന് അനുകൂലമായി വോട്ട് ചെയ്തപ്പോള്‍ സ്‌കോട്ട്‌ലന്റ്, അയര്‍ലന്‍ഡ് എന്നീ മേഖലകള്‍ ബ്രെക്‌സിറ്റിനെ എതിര്‍ത്തു. കരാര്‍ പ്രകാരം യൂറോപ്യന്‍ യൂണിയന്‍ വിടണമെങ്കില്‍ രണ്ട് വര്‍ഷത്തെ സാവകാശം ഇരു വിഭാഗങ്ങളും പാലിക്കണം. യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള യു.കെയുടെ നടപടിക്രമം പ്രധാനമന്ത്രി തെരേസ മേ തുടങ്ങുന്നത് 2017 മാര്‍ച്ച് 29നാണ്. അതിനാല്‍ 2019 മാര്‍ച്ച് 29ന് 11 മണിക്ക് യു.കെ യൂറോപ്യന്‍ യൂണിയന്‍ വിടേണ്ടതായിരുന്നു. യൂറോപ്യന്‍ യൂണിയനുമായി തെരേസ മേ ഒപ്പുവെച്ച കരാര്‍ പാര്‍ലമെന്റില്‍ പലതവണ വോട്ടിനിട്ടെങ്കിലും പിന്തുണ നേടാനായിരുന്നില്ല. ഈ കരാറനുസരിച്ച് മെയ് 24-ഓടെ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടേണ്ടതായിരുന്നു. എന്നാല്‍, ബ്രിട്ടീഷ് പാര്‍ലമെന്റിന് ഇക്കാര്യത്തില്‍ സമവായത്തിലെത്താന്‍ കഴിയാതെവന്നതോടെ ഒക്ടോബര്‍ 31 വരെ യൂറോപ്യന്‍ യൂണിയന്‍ സമയപരിധി നീട്ടിനല്‍കിയിരുന്നു.

എന്താണ് യൂറോപ്യന്‍ യൂണിയന്‍?
യൂറോപ്യന്‍ വന്‍കരയിലെ 28 രാജ്യങ്ങള്‍ ചേര്‍ന്നുള്ള സംഘരാഷ്ട്രമാണ് യൂറോപ്യന്‍ യൂണിയന്‍. 1992 ലെ മാസ്ട്രീച്ച് ഉടമ്പടിയിലൂടെയാണ് ഈ ഏകീകൃത രാഷ്ട്രീയ സംവിധാനം നിലവില്‍ വരുന്നത്. 1951 മുതലുള്ള ശ്രമങ്ങളുടെ ഫലമാണ് യൂറോപ്യന്‍ യൂണിയന്‍ എന്ന വേദി. യൂറോപ്യന്‍ വന്‍കരയിലെ ഏറ്റവും വലിയ രാഷ്ട്രീയ-സാമ്പത്തിക ശക്തിയാണ് ഈ സംഘരാഷ്ട്രം. ഏകീകൃത കമ്പോളം, പൊതു നാണയം, പൊതു കാര്‍ഷിക നയം, പൊതു വ്യാപരനയം, പൊതു മത്സ്യബന്ധനനയം എന്നിവയാണ് ഈ യൂണിയന്റെ സവിശേഷതകള്‍.

1950കളില്‍ യൂറോപ്യന്‍ യൂണിയന്‍ എന്ന സങ്കല്പം ആരംഭിച്ചതു മുതല്‍ ബ്രിട്ടന്‍ അക്കാര്യത്തില്‍ അസ്വസ്ഥരായിരുന്നു. 1975ല്‍ ഇതേപോലെ ബ്രിട്ടന്‍ ജനഹിതപരിശോധന നടത്തിയെങ്കിലും അന്ന് യൂറോപ്യന്‍ യൂണിയനില്‍ തുടരണം എന്നതായിരുന്നു ഭൂരിപക്ഷാഭിപ്രായം. അന്നുമുതല്‍ തന്നെ യൂറോപ്യന്‍ യൂണിയനില്‍ തുടരുന്നതില്‍ ബ്രിട്ടന് അത്ര താല്‍പര്യമൊന്നും ഇല്ലായിരുന്നു. 2000മാണ്ടിന്റെ തുടക്കത്തില്‍ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും ബ്രിട്ടനിലേക്ക് ആളുകളുടെ വലിയ ഒഴുക്കുണ്ടായി. ഇത് ബ്രിട്ടനില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചു.

പബ്ലിക്ക് സര്‍വീസ് മുതല്‍ തങ്ങളുടെ തനത് പാരമ്പര്യം വരെ ഇതുകാരണം പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കാന്‍ സാധ്യതയുണ്ടെന്ന് വലിയൊരു വിഭാഗം ആളുകള്‍ വാദിച്ചു. 2004ല്‍ പത്ത് രാജ്യങ്ങള്‍ കൂടി യൂറോപ്യന്‍ യൂണിയനില്‍ ചേര്‍ന്നു. 2007ല്‍ രണ്ടു രാജ്യങ്ങള്‍ കൂടി ചേര്‍ന്നതോടെ കൂടുതല്‍ രാജ്യങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം കിട്ടി. അതോടെ അത്രയും ജനങ്ങള്‍ക്ക് പരസ്പരം സഞ്ചാരസ്വാതന്ത്ര്യം അനുവദിച്ചുകിട്ടുകയും ചെയ്തു. 2015 തിരഞ്ഞടുപ്പില്‍ താന്‍ ജയിക്കുകയാണെങ്കില്‍ ജനഹിതപരിശോധന നടത്തുമെന്ന് 2013ല്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പറഞ്ഞിരുന്നു.

തെരേസ മേക്ക് വഴി തുറന്നതും അടച്ചതും ബ്രെക്സിറ്റ്
ബ്രിട്ടീഷ് പ്രധാനമന്ത്രിയാകാനുള്ള വാതില്‍ തെരേസ മേക്ക് തുറന്നുകൊടുത്തത് ബ്രക്‌സിറ്റായിരുന്നു.അതേ ബ്രക്‌സിറ്റില്‍ കുടുങ്ങിത്തന്നെ ഇപ്പോള്‍ പുറത്തേക്ക് പോകാനുള്ള വഴിയും ഒരുങ്ങിയിരിക്കുന്നു. പ്രധാനമന്ത്രി പദം എന്നത് തെരേസ മേയുടെ സ്വപ്നമായിരുന്നു. തന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാകാന്‍ വഴിയൊരുക്കിയത് ബ്രെക്സിറ്റ് ഹിതപരിശോധനയായിരുന്നു.

ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടണം എന്ന ഹിതപരിശോധനാ ഫലം വന്നതിന് പിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ഡേവിഡ് കാമറോണ്‍ രാജി വെച്ചതോടെയാണ് തെരേസ മെയ്ക്ക് പ്രധാനമന്ത്രി പതത്തിലേക്കുള്ള വഴി തെളിഞ്ഞത്. 2017 മാര്‍ച്ച് 21 നായിരുന്നു തെരേസ മേ സര്‍ക്കാര്‍ ബ്രെക്സിറ്റ് കരാര്‍ നടപടികള്‍ തുടങ്ങിയത്. യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുമായി 19 മാസം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് നവംബറില്‍ കരാര്‍ രൂപവല്‍ക്കരിച്ചത്.

ബ്രക്സിറ്റ് കരാര്‍
കരാര്‍ അനിസരിച്ച് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടും. എന്നാല്‍, വടക്കന്‍ അയര്‍ലന്‍ഡിന്റെ അതിര്‍ത്തിയില്‍ പട്ടാളത്തെയും പൊലീസിനെയും വിന്യസിച്ച് സങ്കീര്‍ണമാക്കില്ല. ബ്രിട്ടനിലെയും വടക്കന്‍ അയര്‍ലന്‍ഡിലെയും പൗരന്മാര്‍ക്ക് പഴയപോലെ രണ്ടിടത്തേക്കും സ്വതന്ത്രസഞ്ചാരമാവാം. യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ബ്രിട്ടനിലും ബ്രിട്ടീഷ് പൗരന്മാര്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലും താമസിക്കാനും തൊഴില്‍ചെയ്യാനും പഠിക്കാനുമുള്ള അവകാശം പഴയപോലെ നിലനില്‍ക്കും. യൂറോപ്യന്‍ യൂണിയനുമായുള്ള സാമ്പത്തികബാധ്യത ബ്രിട്ടന്‍ തീര്‍ക്കും എന്നും ബ്രിട്ടന്‍ പാസാക്കിയ കരാറില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് സമവായത്തിലെത്താന്‍ തരേസ മേക്ക് കഴിഞ്ഞിരുന്നില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category