1 GBP = 92.20 INR                       

BREAKING NEWS

തെരഞ്ഞെടുപ്പിലെ അതിഗംഭീര വിജയം ആഘോഷിക്കുവാന്‍ വിജയികള്‍ക്ക് അവകാശമുണ്ട്; ഒപ്പം മനസിലാക്കേണ്ട വസ്തുത സാധാരണക്കാരന്റെ ആവശ്യം വികസനമാണ് മത തീവ്രതയല്ലയെന്നതാണ്; റോയ് സ്റ്റീഫന്‍ എഴുതുന്നു

Britishmalayali
kz´wteJI³

ഭാരത യുദ്ധം 2019 വ്യക്തമായ ഭൂരിപക്ഷത്തൊടെ ഏകപക്ഷീയമായി വിജയിച്ച ശ്രി നരേന്ദ്ര മോദി തന്റേതുമാത്രമായ തിരഞ്ഞെടുപ്പു വിജയത്തിനെ ഭാരത ജനതയുടെ വിജയമായി വിശേഷിപ്പിക്കുവാനുള്ള സൗമനസ്യം കാണിച്ചത്. രാഷ്ട്രീയ ലക്ഷ്യത്തിനുപരിയുള്ള ആത്മാത്ഥതയോടുകൂടിയുള്ള വിശാല മനസ്‌കത തന്നെയായിരിക്കണം. അദ്ദേഹത്തിനു മാത്രം ലഭിക്കുന്ന ജനപിന്തുണയുടെ രഹസ്യവും ഈ വിശാലതയുമായിരിക്കും. ഇന്ത്യന്‍ പാര്‍ലമെന്റില്‍ വെറും കേവല ഭൂരിപക്ഷം പ്രതീക്ഷിച്ചിരുന്ന അദ്ദേഹത്തിന് മഹാപൂരിപക്ഷം സമ്മാനിക്കുവാന്‍ ഭാരതജനത തയ്യാറായത് വെറും രാഷ്ട്രീയ വികൃതിയായി കാണാതെ പൊതുജനങ്ങളിലും സാധാരണക്കാരിലും  അദ്ദേഹത്തിലുള്ള വിശ്വാസത്തിന്റെ ആഴമായി തന്നെ മറ്റു രാഷ്ട്രീയ നേതൃത്ത്വങ്ങള്‍ തിരിച്ചറിയണം. പ്രതിപക്ഷ കക്ഷികള്‍ക്ക് വിരലിലെണ്ണാവുന്ന നേട്ടങ്ങള്‍ മാത്രം സമ്മാനിച്ചുകൊണ്ട് അടുത്ത അഞ്ചു വര്‍ഷം എതിരാളികളില്ലാതെ ഭരിക്കുവാനുള്ള  സുവര്‍ണ്ണാവസരമാണ് ശ്രി നരേന്ദ്ര മോദിയ്ക്ക് ലഭിച്ചിരിക്കുന്നത്.

അതിഗംഭീര രാഷ്ട്രീയ വിജയമെന്ന് ശ്രീ നരേന്ദ്ര മോദിയും സംഘവും   പ്രഘോഷിക്കുവാന്‍ തയ്യാറാവുമ്പോഴും ഭാരത ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണെങ്കിലും മതാധിഷ്ഠിതമായ ദേശീതയെ മുന്നില്‍ നിര്‍ത്തി നേടിയ വിജയമാണെന്ന് ചിലരെങ്കിലും വസ്തുതകള്‍ നിരത്തി ആരോപിക്കുമ്പോള്‍ തള്ളിക്കളയാനാവില്ല. പല ഘട്ടങ്ങളായുള്ള തിരഞ്ഞെടുപ്പ് ഭാരതത്തിലുടനീളം അരങ്ങേറിക്കൊണ്ടിരിക്കുമ്പോഴും  പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ഒരുമിക്കുവാനോ ഈ മതാധിഷ്ഠിതമായ ദേശീതയ്‌ക്കെതിരെ പൊതുവായ നയം രൂപീകരിക്കുവാനോ സാധ്യമാകാത്തതും ഭാരതീയ ജനതാപാര്‍ട്ടിക്ക് അനുകൂലമായി മാറിയതും വളരെ ശ്രദ്ധേയമായ കാര്യം തന്നെയാണ്. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്തെ ഭരണത്തിനൊടുവില്‍  ജനക്ഷേമകരമായ യാതൊരു പദ്ധതികളും ഉയര്‍ത്തിക്കാണിക്കുവാന്‍ സാധിക്കാതെ നരേന്ദ്ര മോദിയെന്ന ഒരു വ്യക്തിയെ മാത്രം ഉയര്‍ത്തിക്കാണിച്ചുകൊണ്ടും  രാജ്യ സുരക്ഷയെന്നാല്‍ സര്‍ജിക്കല്‍ സ്‌ട്രൈക്സ് ആണെന്നുമുള്ള  തന്ത്രങ്ങള്‍ ഭാരതത്തിലെ 70 കോടി ജനങ്ങള്‍ അംഗീകരിച്ചെങ്കില്‍ ഭാരതീയ ജനത പാര്‍ട്ടിയുടെ വിജയമല്ല മറിച്ചു പ്രതിപക്ഷ പാര്‍ട്ടികളുടെ പരാജയമാണ്. മതാധിഷ്ഠിതമായ ദേശീയതയോട് മറ്റെല്ലാ  രാഷ്ട്രീയപാര്‍ട്ടികള്‍ക്കും എതിര്‍പ്പുണ്ടെന്നു പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ഒരുറച്ച മതേതര സഖ്യത്തിന് തയ്യാറാവാത്തത് വീണ്ടും ഭാരതീയ ജനത പാര്‍ട്ടിക്ക് ഗുണമായി മാറി.

അതിലൊക്കെ ഉപരിയായി എല്ലാ തിരഞ്ഞെടുപ്പുകളിലും കണ്ടുവരുന്ന പ്രവണത പ്രാദേശികമായാലും ദേശീയമായാലും ഭരിക്കുന്ന പാര്‍ട്ടിയോടുള്ള സാധാരണക്കാരുടെ വിയോചിപ്പ് ഈ  തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കാത്തതിന്റെ പ്രധാന കാരണവും പ്രതിപക്ഷത്തിന്റെ കഴിവ് കേടുതന്നെയാണ്. എല്ലാ പ്രാദേശിക നേതാക്കന്മാര്‍ക്കും പ്രധാന മന്ത്രിയാവുക എന്ന ഒറ്റ ലക്ഷ്യം മാത്രം ഉള്ളൂയെന്ന് അങ്ങോളമിങ്ങോളമുള്ള എല്ലാ ഭാരതീയര്‍ക്കും  മനസിലായി. ചുരുക്കത്തില്‍ ശ്രീ നരേന്ദ്ര മോദി പ്രധാന മന്ത്രിയായി ജയിക്കുമ്പോള്‍ ഏകദേശം പതിനൊന്നു പ്രധാന മന്ത്രിമാരെയാണ് തോല്‍പിച്ചിരിക്കുന്നത്. ഇവിടെയാണ് ഭാരത ജനതയുടെ വിജയം കാലാകാലങ്ങളായി വിവിധ സംസ്ഥാനങ്ങളുടെ തലപ്പത്തിരിക്കുന്നുയെന്നും കുടുംബ രാഷ്ട്രീയ പാരമ്പര്യങ്ങളുണ്ടെന്ന് അവകാശപ്പെടുമ്പോഴും പൊതു ജനങ്ങള്‍ക്കുവേണ്ടി യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും തയ്യാറാവാത്ത നേതാക്കന്മാരെ പൊതുജനങ്ങളും ഉപേക്ഷിച്ചതില്‍ അത്ഭുതപ്പെടാനില്ല.

ഈ തിരഞ്ഞെടുപ്പിലും കേരളത്തില്‍ താമര വിരിയിക്കുവാന്‍ സാധ്യമായില്ലെങ്കിലും കഴിഞ്ഞ പ്രാവശ്യത്തേക്കാള്‍ പന്ത്രണ്ട് ലക്ഷത്തില്‍ പരം കൂടുതല്‍ വോട്ടുകള്‍ ലഭിച്ചതിലൂടെ മനസിലാവുന്നത് താമരയുടെ വേര് കൂടുതല്‍ ആഴങ്ങളിലേക്ക് നീളുന്നതായിട്ടാണ്. കേരളത്തിലും മത തീവ്രത ഭാഗീഗമായിട്ടാണെങ്കിലും അനുഭവപ്പെടുവാന്‍ തുടങ്ങിയെന്നുള്ളതിന്റെ സൂചനയായിരിക്കും. ഭാരതത്തിലുടനീളമുള്ള കര്‍ഷക ആത്മഹത്യകളും തൊഴിലില്ലായ്മയും നോട്ടു നിരോധനവും അതിലുപരി മനുഷ്യരേക്കാള്‍ മൃഗങ്ങള്‍ക്കുള്ള മുന്‍ഗണനകളും എല്ലാമാണ് പരിപൂര്‍ണ്ണ സാക്ഷരത നേടിയ കേരളീയര്‍ക്ക് വരുന്ന തിരഞ്ഞെടുപ്പില്‍ താമരയോടുള്ള അകല്‍ച്ചയെന്ന വസ്തുത മുന്നില്‍ കണ്ടുകൊണ്ട് ഭാരതത്തിലുടനീളം വജ്രായുധമായി ഉപയോഗിക്കുന്ന മതതീവ്രവാദമെന്ന തുറുപ്പു ചീട്ടു കേരളത്തിലും ശബരിമലയിലൂടെ ഇറക്കുവാന്‍ ശ്രമിച്ചു. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ തന്ത്രപരമായി തന്നെ അതിനെ നേരിട്ടെങ്കിലും തിരഞ്ഞെടുപ്പില്‍ അവര്‍ക്കും നഷ്ടങ്ങളുണ്ടായി പക്ഷേ മതങ്ങളെ ഉപയോഗിച്ച് മനുഷ്യരെ തമ്മിലടിപ്പിക്കുന്ന തന്ത്രത്തിലൂടെ താമര വിരിയിക്കാമെന്ന സ്വപ്നം സാക്ഷാത്കരിക്കാതെ പോയി. രാഷ്ട്രീയം ലക്ഷ്യം വയ്ക്കുന്നത് രാഷ്ട്ര നിര്‍മാണമാണെന്നും മതങ്ങള്‍ ഒരു കാലത്തും രാഷ്ട്രീയമാവരുതെന്നും പൂര്‍ണ്ണ സാക്ഷരത നേടിയ കേരളീയര്‍ ഒരിക്കല്‍ക്കൂടി തെളിയിച്ചു കാണിക്കുകയാണ്.

ആദിമകാലം മുതലേ മനുഷ്യന്റെ സ്വതന്ത്ര ജീവിതത്തിലെ ഏറ്റവും വലിയ ശത്രു മതങ്ങളും മതാതിഷ്ഠതയിലുള്ളതോ  സ്വേച്ചാതിപധ്യത്തിലുള്ളതോ ആയ ഭരണ സമ്പ്രദായങ്ങളാണ് അതായതു എക്കാലവും സ്വാതന്ത്രരായിരിക്കേണ്ട മനുഷ്യര്‍ ഏതെങ്കിലും ദൈവീക സങ്കല്‍പ്പങ്ങള്‍ക്കോ സേച്ഛ്വാതിപധികള്‍ക്കോ അടിമകളായിരിക്കുന്ന സ്ഥിതിവിശേഷം. എന്നിരുന്നാല്‍ കൂടിയും പ്രാചീനകാലം മുതലേ ഇങ്ങനെയുള്ള സ്ഥിതിയില്‍ നിന്നും മനുഷ്യന്‍ മനുഷ്യനെ ഭരിക്കുന്ന സ്ഥിതിവിശേഷത്തിലേക്ക് പരിണാമപ്പെട്ടെങ്കിലും ഒരു രാജ്യങ്ങളിലും ജനാധിപധ്യം അവരുടെ പൗരന്മാര്‍ക്ക് അതിന്റെ പൂര്‍ണ്ണ അര്‍ഥത്തിലും വ്യാപ്തിയിലും പൂര്‍ണ്ണമായ അവകാശങ്ങളും അര്‍ഹതപ്പെട്ട ബഹുമാനവും നല്‍കിയിട്ടില്ല. ജനകീയ ഭരണം എന്നും വാക്കുകളില്‍ മാത്രം ഒതുങ്ങി നില്‍ക്കുക മാത്രമാണുണ്ടായിട്ടുള്ളത്. ഒരു ജനകീയ നേതൃത്ത്വത്തിനും ജനോപകാരപ്രദമായ സത്ഭരണം കാഴ്ച്ച വയ്ക്കുവാന്‍ സാധ്യമായിട്ടില്ല. ജനാധിപധ്യത്തിന്റെ ആദ്യ കാലങ്ങളില്‍ ചിലരെങ്കിലും നേരായ മാര്‍ഗത്തില്‍ ആരംഭം കുറിച്ചെങ്കിലും ഒരിക്കല്‍ പോലും ജനങ്ങളുടെ ക്ഷേമം മാത്രം നിലനിന്ന് പര്യവസാനിച്ചിട്ടില്ല. ഏറ്റവും വലിയ ഉദാഹരണം കേരളത്തിലെ ഇടതു മുന്നേറ്റങ്ങള്‍ തന്നെയാണ്. ജനക്ഷേമപരമായ പവിത്രമായ ആശയങ്ങള്‍ ഇപ്പോഴും കടലാസില്‍ തന്നെ ചുരുങ്ങി നില്‍ക്കുന്നു. പ്രവര്‍ത്തനത്തില്‍ അധികാര ദുര്‍വിനിയോഗങ്ങളും, താന്‍പെരുമയും, ആശ്രിതനിയമനങ്ങളും മക്കള്‍ രാഷ്ട്രീയവും മാത്രമാണ് ഭൂരിഭാഗം  നേതാക്കന്മാരുടെ പ്രവര്‍ത്തന ശൈലികള്‍.

യുക്തിക്കു നിരക്കാത്ത ചിന്താഗതികളും സ്വേച്ചാതിപധ്യ ചിന്താഗതികളും പലതരത്തിലുണ്ടെങ്കിലും നിലവില്‍ മനുഷ്യര്‍ക്ക് ഏറ്റവും ദോഷകരമായിട്ടുള്ളത് മതവര്‍ഗ്ഗീയതയും നിലവിലുള്ള ജനാധിപത്യ രീതികളും തന്നെയാണെന്നാണ് സാമൂഹിക ചിന്തകന്മാര്‍ വിലയിരുത്തുന്നത്. യുക്തിചിന്താഗതികളും തത്ത്വചിന്താഗതികളും  ഉപേക്ഷിക്കുവാന്‍ ചില മതങ്ങള്‍ അവശ്യപ്പെടുമ്പോള്‍ മതതീവ്രവാദികളുടെ ആവശ്യം മറ്റു മതങ്ങളുടെ മേലും പൊതു ജനങ്ങളുടെ മേലും ഭീകരാക്രമണങ്ങളാണ്. അതോടൊപ്പം തന്നെ നിര്‍ബന്ധിത മത പരിവര്‍ത്തനങ്ങളും കൂട്ടക്കുരുതികളുമാണ് മോക്ഷം പ്രാപിക്കുവാനുള്ള ഉപായമെന്ന മൂഢമായ ആശയങ്ങളും പ്രചരിപ്പിക്കുന്നു. എന്നാല്‍  ജനാധിപത്യത്തിന്റെ ആവശ്യം അതില്‍നിന്ന് ഒരു പടികൂടി മുന്നില്‍ എല്ലാ മനുഷ്യരും തങ്ങളുടെ മൗലികമായ അംഗീകാരങ്ങളും അവകാശങ്ങളും ഉപേക്ഷിച്ചു ജനാധിപത്യ നേതൃത്ത്വത്തിനു അടിമകളാവണമെന്നു. പച്ച മലയാളത്തില്‍ പറഞ്ഞാല്‍ 'പന്ത പേടിച്ചു പന്തളത്തു ചെന്നപ്പോള്‍ പന്ത കൊളുത്തി പടയെന്ന' പറയുന്നതു പോലെയായി. പൊതുജനങ്ങളെ ഈ രണ്ടു വ്യവസ്ഥിതികളും കൂടി അമ്മാനമാടിക്കൊണ്ടിരിക്കുന്ന സ്ഥിതിവിശേഷത്തിലേക്കെത്തിച്ചിരിക്കുന്നു. ഇവരണ്ടും കൂടി സംയോജിച്ചാല്‍ മതാടിസ്ഥാനത്തിലുള്ള രാജ്യത്തു ജനാധിപധ്യം ചേര്‍ന്നാലുണ്ടാകുന്ന ഭവിഷ്യത്തുകള്‍ ലോകജനത ഇസ്ലാമിക് സ്റ്റേറ്റിലൂടെ അനുഭവിച്ചറിഞ്ഞതാണ്.

അതിലും ഭീകരമായ അവസ്ഥയുള്ളത് തത്വചിന്തകളുടെ പ്രാഥമിക രൂപം മാത്രമാണ് മതമെന്നുള്ളതാണ്. ലോകത്തിന്റെ നിലനില്‍പ്പിനെപ്പറ്റിയുള്ള തെളിയിക്കപ്പെടാത്ത ഒരു ഏകദേശ ധാരണയും മതാധിഷ്ഠിതമായ ഓരോ നീതി ശാസ്ത്രവും മാത്രമാണ് എല്ലാ മതങ്ങളും പ്രഘോഷിക്കുന്നതും. ഈ  പ്രഘോഷിക്കപ്പെടുന്നവയെല്ലാം യാഥാര്‍ഥ്യബോധ്യങ്ങള്‍ക്കും മാനുഷിക സന്തോഷത്തിനും മാനുഷിക ജീവിത രീതികള്‍ക്കുമെതിരാണ്. ഇതുപോലുള്ള മനുഷ്യത്വ രഹിതമായ ശൈലികള്‍ അവലംബിക്കുന്ന മതങ്ങളും അവയുടെ പ്രാഥമിക രൂപത്തില്‍ മാത്രമാണ് ഇപ്പോഴും നിലനില്‍ക്കുന്നത്. സാധാരണക്കാരായ മനുഷ്യരെയും അവരുടെ സാമൂഹിക ജീവിതരീതികളെയും അംഗീകരിക്കാത്ത മതങ്ങളും മതാനുകൂലികളും മതപ്രോഘോഷകരും ലോകത്തിന്റെ പ്രാഥമിക വളര്‍ച്ചപോലും എത്താത്തവരായി നിലകൊള്ളുമ്പോള്‍ സാംസ്‌കാരികപരമായും വിജ്ഞാനപരമായും ധാരാളം വളര്‍ന്ന ജനതയ്ക്ക് എന്ത് സേവനമായിരിക്കും നല്‍കുവാന്‍ സാധിക്കുന്നത്.

ശാസ്ത്രം പുരോഗമിച്ചു ഭൂമിയില്‍ നിന്നും ചന്ദ്രനിലേയ്ക്കും പിന്നീട് സൗരയൂധം മുഴുവനിലേയ്ക്കും സഞ്ചരിക്കുവാന്‍ തയ്യാറായി നില്‍ക്കുന്ന ഈ ഇരുപൊത്തോന്നാം നൂറ്റാണ്ടിലെ ജനങ്ങള്‍ക്ക് വേണ്ടത് മതാധിഷ്ഠതയിലുള്ള ദേശീയതയോ വ്യക്തിപ്രഭാവങ്ങളെയോ അല്ല മറിച്ചു സ്വതന്ത്രമായി സാധാരണ മനുഷ്യനായി ജീവിക്കുവാനുള്ള അവകാശമാണ് അവരുടെ ഓരോരുത്തരുടെയും ജീവനും സ്വത്തിനുമുള്ള സംരക്ഷണമാണ്. രാഷ്ട്രീയം ഇനിയും ഉപജീവനമാര്‍ഗ്ഗമായി കാണാതെ പൊതുജനങ്ങളെ സേവിക്കാനുള്ള അവസരമായി വിനിയോഗിക്കണം. ജനങ്ങളെ ഉദ്ധരിക്കുവാന്‍ ആഗ്രഹിക്കുന്ന നേതൃത്ത്വം ഇനിയും കൂടുതല്‍ മതങ്ങളെയോ മതവിശ്വാസങ്ങളെയോ സാധാരണക്കാരന്റെമേല്‍ അടിച്ചേല്‍പിക്കാതെയും ജനാധിപത്യത്തിലുള്ള അധികാരമേല്‍ക്കോയ്മകള്‍ ദുരുപയോഗം ചെയ്യാതെയും ഉപേക്ഷിച്ചുകൊണ്ടും ജാതിമതഭേദമന്യേ ഓരോ പൗരനും മതനിരപേക്ഷയും സാമൂഹികബോധ്യവും മാനുഷിക മൂല്യങ്ങളും ഉറപ്പാക്കികൊടുക്കണം. അപ്പോഴാണ് ഓരോ വ്യക്തികള്‍ക്കും യഥാര്‍ത്ഥ സ്വാതന്ത്രം അനുഭവിക്കുവാന്‍ സാധിക്കുന്നതും, ഓരോ മനുഷ്യനെയും മനുഷ്യനായി കാണുവാനുള്ള സ്വാതന്ത്രം, എല്ലാ മാനുഷിക മൂല്യങ്ങളുമുള്‍ക്കൊണ്ടുകൊണ്ടു ജീവിക്കുവാനുള്ള സ്വാതന്ത്രം. അതായിരിക്കണം ജനാധിപധ്യത്തിന്റെ അടുത്ത ലക്ഷ്യം.

ഇപ്പോള്‍ ഭാരതത്തിന്റെ സുരക്ഷെയെപ്പറ്റിയുള്ള നിലപാടുകള്‍ വളരെയധികം പ്രശംസയര്‍ഹിക്കുന്നതാണ് ഇതെ നിലപാടുകള്‍ ഭാരതത്തിന് ലോകപ്രശംസ നേടികൊടുക്കുന്നത്. ഭാരതത്തിന്റെ അതിരുകള്‍ സംരക്ഷിക്കുവാനുള്ള അധികാരം ഭരിക്കുന്ന നേതൃത്ത്വത്തിനുണ്ട് അത് ഉപയോഗിക്കുവാനുള്ളതാണ് അവസരോചിതമായി ഉപയോഗിക്കുവാനുള്ളതാണ്. അതോടൊപ്പം തന്നെ ശാസ്ത്ര സാങ്കേതിക രംഗങ്ങളിലെ വളര്‍ച്ചയുടെ ഫലങ്ങള്‍  സാധാരണക്കാര്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയില്‍ പ്രാവര്‍ത്തികമാക്കണം. ശതകോടീശ്വരന്മാരെ തളര്‍ത്തുവാന്‍ ആരും ആഗ്രഹിക്കുന്നില്ല എന്നാല്‍ ജാതിമതഭേദമന്യേ ഓരോ ഭാരതീയന്റെയും ജീവിത നിലവാരം ഉയരുമ്പോള്‍ മാത്രമാണ് ഭാരതം വളരുന്നത്. അങ്ങനെയുള്ള വളര്‍ച്ച മുന്നില്‍ കണ്ടു പ്രവര്‍ത്തിക്കുമ്പോള്‍ പൊതുജനം വീണ്ടും വീണ്ടും വിജയിപ്പിക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category