1 GBP = 88.00 INR                       

BREAKING NEWS

കസ്റ്റംസുകാരെ വീഴ്ത്തുന്നത് 'പെണ്‍കെണിയിലൂടെ'; അതിസുന്ദരികളുടെ ചതിയില്‍ വീണാല്‍ രക്ഷപ്പെടലും അസാധ്യം; കള്ളപ്പണത്തില്‍ വാങ്ങിയ വീടും വസ്തുക്കളും ഫ്ളാറ്റും കാട്ടി വിരട്ടിയും ബ്ലാക് മെയിലിങ്; സ്വര്‍ണ്ണക്കടത്തുകാരുടെ തോഴനായത് പൊതുമരാമത്ത് മുന്‍ ചീഫ് എന്‍ജിനിയറുടെയും കോട്ടണ്‍ഹില്‍ സ്‌കൂള്‍ മന്‍ പ്രിന്‍സിപ്പലിന്റെയും മകനായ കസ്റ്റംസ് സൂപ്രണ്ട്; ബ്യൂട്ടിപാര്‍ലറിലേക്ക് യുവതികളെ റിക്രൂട്ട് ചെയ്തും സെറീന ബിസിനസ് വളര്‍ത്തി; തിരുവനന്തപുരത്തെ സ്വര്‍ണ്ണക്കടത്തില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

Britishmalayali
പി വിനയചന്ദ്രന്‍

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിലെ മുന്‍ ചീഫ് എന്‍ജിനിയറുടെയും കോട്ടണ്‍ഹില്‍ സ്‌കൂളിലെ മുന്‍ പ്രിന്‍സിപ്പലിന്റെയും മകനായ കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്ണന്‍ എങ്ങനെ സ്വര്‍ണക്കടത്ത് മാഫിയയുടെ കൈയില്‍ അകപ്പെട്ടു. തിരുവനന്തപുരം വിമാനത്താവളത്തിലെ 11 സൂപ്രണ്ടുമാരില്‍ ഏറ്റവും മുതിര്‍ന്ന സൂപ്രണ്ട്. തിരുവനന്തപുരത്തെ വലിയ കുടുംബം. പി.ടി.പി നഗറില്‍ വീടും വസ്തുക്കളും. അതിസമ്പന്ന കുടുംബം. എന്നിട്ടും സ്വര്‍ണ്ണക്കടത്തിന്റെ പിടിയില്‍ എങ്ങനെ ഈ ഉന്നത ഉദ്യോഗസ്ഥന്‍ പെട്ടുപോയെന്നാണ് ഉദ്യോഗസ്ഥരെല്ലാം ചോദിക്കുന്നത്. പെണ്‍കെണിയിലൂടെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥരെ സ്വര്‍ണ്ണക്കടത്തുകാര്‍ വലയില്‍ വീഴ്ത്തിയതെന്നാണ് ഡി.ആര്‍.ഐ കണ്ടെത്തിയിരിക്കുന്നത്. അതിസുന്ദരികളായ സ്ത്രീകളെ ഉപയോഗിച്ചായിരുന്നു തിരുവനന്തപുരം വഴിയുള്ള സ്വര്‍ണക്കടത്ത്.

കള്ളക്കടത്തിലെ മുഖ്യ കണ്ണിയായ സെറീന പിടിയിലായിരുന്നു. ഇതോടെയാണ് കള്ളക്കടത്തിന്റെ ചുരുള്‍ അഴിഞ്ഞത്. അഡ്വ ബിജു മോഹനനാണ് ഗ്യാങിനെ നിയന്ത്രിച്ചതെന്നും മനസ്സിലായി. ഇയാളുടെ ഭാര്യയും പിടിയിലായി. ഭാര്യയേയും കള്ളക്കടത്തിന് ഉപയോഗിച്ചിരുന്നു. ഇതിനൊപ്പം കള്ളക്കടത്തിന് ഉപയോഗിച്ച സ്ത്രീകളുടെ വിശദാംശങ്ങളും ഡിആര്‍ഡിഒയ്ക്ക് ലഭിച്ചിട്ടുണ്ട്. ഇവരില്‍ നിന്ന് ലഭിച്ച വിശദാംശങ്ങളില്‍ നിന്നാണ് കള്ളക്കടത്തിലേക്ക് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പങ്ക് കണ്ടെത്തിയത്. ഈ സാഹചര്യത്തിലാണ് രാധാകൃഷ്ണന്‍ അടക്കമുള്ളവര്‍ കുടുങ്ങിയത്. ഇനിയും ഞെട്ടിക്കുന്ന നടപടികള്‍ ഉണ്ടാകുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന.

ഒരിക്കല്‍ കൂട്ടുകൂടിയാല്‍ പിന്നെ സ്വര്‍ണക്കടത്ത് സംഘത്തില്‍ നിന്ന് രക്ഷപെടുക അസാദ്ധ്യമാണ്. പെണ്ണും പണവും നല്‍കി ഉദ്യോഗസ്ഥരെ സ്വര്‍ണക്കടത്തുകാര്‍ വിലയ്ക്കെുത്തു. ഉന്നത ഉദ്യോഗസ്ഥരെ സ്വര്‍ണക്കച്ചവടത്തില്‍ പങ്കുകാരാക്കി. വന്‍കിട ജൂവലറികളില്‍ പാര്‍ട്ട്ണര്‍ഷിപ്പ് നല്‍കി. ഇതോടെ കസ്റ്റംസുകാര്‍ക്ക് സ്വര്‍ണക്കടത്തുകാരുടെ പിടിയില്‍ നിന്ന് ഊരാന്‍ കഴിയാതായി. കള്ളക്കടത്തുകാരില്‍ നിന്നുള്ള പണമുപയോഗിച്ച് തലസ്ഥാനത്ത് ഭൂമിയും വീടുകളും ഫ്ളാറ്റുകളും വാങ്ങിക്കൂട്ടി. ഈ വിവരങ്ങളെല്ലാം സ്വര്‍ണക്കടത്തുകാര്‍ക്ക് അറിയാമെന്നതിനാല്‍ വിരമിക്കും വരെ അവരില്‍ നിന്ന് രക്ഷപെടാനാവില്ല. കഴക്കൂട്ടത്തുകാരി സെറീന തന്റെ ദുബായിലെ ബ്യൂട്ടിപാര്‍ലറില്‍ ജോലിക്കെന്ന വ്യാജേന കൊണ്ടുപോകുന്ന യുവതികളെ തിരിച്ചയയ്ക്കുന്നത് സ്വര്‍ണവും നല്‍കിയാണ്.

കസ്റ്റംസുകാരുടെ ഒത്താശയുള്ളതിനാല്‍ സ്വര്‍ണം രൂപം മാറ്റുകയോ ഒളിപ്പിക്കുകയോ വേണ്ട. കസ്റ്റംസ് ഉന്നതരുടെ സഹായം കിട്ടിയതോടെ 25 കിലോഗ്രാം സ്വര്‍ണം വരെ ബാറുകളാക്കി ഹാന്‍ഡ് ബാഗില്‍ കൊണ്ടുവന്നുതുടങ്ങി. സുന്ദരികളായ യുവതികളാണ് സ്വര്‍ണം കടത്തുന്നത്. സംശയമില്ലെങ്കില്‍ വനിതാ യാത്രക്കാരെ കസ്റ്റംസ് പരിശോധിക്കാറില്ല. ഹാന്‍ഡ് ബാഗുകള്‍ തുറന്നുള്ള പരിശോധനയുമില്ല. ഡെപ്യൂട്ടി കമ്മിഷണറടക്കം ആറ് വനിതാ ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്തെ കസ്റ്റംസ് യൂണിറ്റിലുണ്ട്. നാലുപേരെ പരിശോധനയ്ക്കായി ലഭ്യമാക്കിയിട്ടുണ്ട്. ഇവര്‍ ഡ്യൂട്ടിക്കില്ലാത്ത സമയം കസ്റ്റംസുകാര്‍ കള്ളക്കടത്തുകാര്‍ക്ക് ചോര്‍ത്തിനല്‍കും. ഈ സമയത്തുള്ള വിമാനങ്ങളിലാണ് കാരിയര്‍മാര്‍ എത്തുക.

25കിലോ സ്വര്‍ണവുമായി വന്ന സെറീനയെ പിടികൂടിയപ്പോഴും കസ്റ്റംസില്‍ വനിതാ ഉദ്യോഗസ്ഥരുണ്ടായിരുന്നില്ല. എമിഗ്രേഷനിലെ വനിതാ ജീവനക്കാരെ വിളിച്ചാണ് ഇവരുടെ ദേഹപരിശോധന നടത്തിയത്. സ്ത്രീകളായ കാരിയര്‍മാര്‍ക്കൊപ്പം പുരുഷന്മാരെയും നിയോഗിക്കും. പൈലറ്റ് കാരിയര്‍ എന്നാണ് ഇവര്‍ അറിയപ്പെടുക. പിടിക്കപ്പെടുന്ന സാഹചര്യമുണ്ടായാല്‍ സ്വര്‍ണം പൈലറ്റ് കാരിയര്‍ക്ക് കൈമാറി സ്ത്രീകള്‍ രക്ഷപെടും. സൂപ്രണ്ട് രാധാകൃഷ്ണന്‍ മാത്രമല്ല സ്വര്‍ണക്കടത്ത് കണ്ണിയിലുള്ളതെന്ന് ഡി.ആര്‍.ഐ പറയുന്നു. കുറ്റക്കാരായ എല്ലാവരെയും കണ്ടെത്തും. ഏത് ഉന്നതനായാലും സംരക്ഷിക്കില്ല. നിരവധി ഉദ്യോഗസ്ഥരുടെ ഫോണ്‍ പിടിച്ചെടുത്ത് സി-ഡാക്കില്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. റിപ്പോര്‍ട്ട് ലഭിച്ചാല്‍ കൂടുതല്‍ അറസ്റ്റുണ്ടാവും- ഡി.ആര്‍.ഐ വ്യക്തമാക്കി.

സ്വര്‍ണക്കടത്തുകാര്‍ക്ക് വാട്സ്ആപ്പിലൂടെയാണ് കസ്റ്റംസുകാര്‍ വിവരങ്ങള്‍ കൈമാറിയിരുന്നത്. വിമാനത്താവളത്തില്‍ ഡി.ആര്‍.ഐ ഉദ്യോഗസ്ഥരെത്തുകയോ മറ്റേതെങ്കിലും പരിശോധനയുണ്ടാവുകയോ ചെയ്താല്‍ തത്സമയം വിവരം വാട്സ്ആപ്പില്‍ കൈമാറും. സ്വര്‍ണക്കടത്തിന്റെ സൂത്രധാരന്‍ അഡ്വ.ബിജുവിന്റെ കൂട്ടാളി വിഷ്ണുവുമായാണ് കസ്റ്റംസുകാര്‍ വാട്സ്ആപ്പില്‍ ബന്ധപ്പെട്ടിരുന്നത്. കാരിയര്‍മാരെ ഉള്‍പ്പെടുത്തി ബിജുവിന്റെ നേതൃത്വത്തില്‍ വാട്സ്ആപ് ഗ്രൂപ്പ് രൂപീകരിച്ചിരുന്നു. ഈ ഗ്രൂപ്പിലേക്ക് കസ്റ്റംസുകാരുടെ സന്ദേശങ്ങള്‍ അയയ്ക്കുകയായിരുന്നു പതിവ്. ഡി.ആര്‍.ഐ പരിശോധനയുണ്ടായാല്‍ കുറച്ചുകാലം തിരുവനന്തപുരം വിമാനത്താവളം ഒഴിവാക്കുകയാണ് പതിവ്. തിരുവനന്തപുരത്തെ കസ്റ്റംസുകാര്‍ക്ക് മാത്രമല്ല, വിവിധ വിമാനത്താവളങ്ങളിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് ഈ ശൃംഖലയുമായി ബന്ധമുണ്ടെന്നാണ് കണ്ടെത്തിയത്.

ദുബായില്‍ നിന്ന് സ്വര്‍ണവുമായെത്തുന്ന കാരിയര്‍മാരുടെ ചിത്രങ്ങളും യാത്രാവിവരങ്ങളും വാട്സ്ആപില്‍ കസ്റ്റംസുകാര്‍ക്ക് കൈമാറിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഫോണുകളില്‍ നിന്ന് വിവരങ്ങളെല്ലാം മായ്ചു കളഞ്ഞെങ്കിലും ഡി.ആര്‍.ഐ അതെല്ലാം വീണ്ടെടുക്കുകയായിരുന്നു. ദുബായില്‍ നിന്ന് 25കിലോ സ്വര്‍ണം ശേഖരിച്ച് മസ്‌കറ്റിലെത്തി, അവിടെ നിന്ന് ഒമാന്‍ എയര്‍വെയ്സ് വിമാനത്തിലാണ് സെറീനയും സുനില്‍കുമാറും കഴിഞ്ഞ 13ന് തിരുവനന്തപുരത്ത് എത്തിയത്. തലസ്ഥാനത്തെ ഒരു ഗുണ്ടാതാവളത്തിലെ ഗോഡൗണിലാണ് പ്രധാന പ്രതി ബിജു ഒളിവില്‍ കഴിഞ്ഞതെന്ന് ഡി.ആര്‍.ഐ കണ്ടെത്തി. ഗോഡൗണ്‍ റെയ്ഡ് ചെയ്യാന്‍ ഡി.ആര്‍.ഐ ശ്രമിച്ചെങ്കിലും വിവരം മണത്തറിഞ്ഞ് അവസാന നിമിഷം ഇയാളും ഒപ്പമുള്ളവരും രക്ഷപ്പെടുകയായിരുന്നു.

ബിജുവിന്റെ ദുബായിലെ കൂട്ടാളി ജിത്തുവിനെ കണ്ടെത്താന്‍ യു.എ.ഇയിലെ ഡി.ആര്‍.ഐ ഉദ്യോഗസ്ഥര്‍ തിരച്ചില്‍ നടത്തുന്നുണ്ട്. ഇയാളാണ് സ്വര്‍ണം വാങ്ങാന്‍ പണമെത്തിച്ചതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category