1 GBP = 88.40 INR                       

BREAKING NEWS

സ്നേഹവും പ്രാര്‍ത്ഥനയും കൂടെയെത്തിയപ്പോള്‍ എവറസ്റ്റ് മുത്തച്ഛന്‍ ജീവയ്ക്കു മുന്നില്‍ തലകുനിച്ചു; യൂറോപ്യന്‍ പര്‍വ്വതാരോഹക സംഘത്തിന്റെ മരണ വാര്‍ത്തകള്‍ക്കിടെ യുകെ മലയാളികള്‍ക്ക് ശുഭ വാര്‍ത്ത; കൂടെ കയറിയവരെ എയര്‍ ലിഫ്റ്റ് ചെയ്തിട്ടും മലയാളി ധീരതയ്ക്കു 17000 അടി ഉയരത്തില്‍ ഉജ്ജ്വല നേട്ടം

Britishmalayali
കെ ആര്‍ ഷൈജുമോന്‍

കവന്‍ട്രി: രണ്ടു വര്‍ഷം മുന്‍പ് നടത്തിയ ഹിമാലയന്‍ യാത്രയാണ് ലിവര്‍പൂളിലെ മലയാളി നേഴ്സായ ജീവ ജോയിയെ എവറസ്റ്റിലേക്കു ആകര്‍ഷിച്ചത്. ഒരിക്കലും നടക്കാത്ത സ്വപ്നം എന്ന് കരുതി രണ്ടു വര്‍ഷത്തെ തയ്യാറെടുപ്പ്. ഒടുവില്‍ ഇക്കഴിഞ്ഞ മെയ് ആദ്യ വാരം നേപ്പാള്‍ തലസ്ഥാനമായ കഠ്മണ്ഡു ലക്ഷ്യമാക്കി യാത്ര. തുടര്‍ന്ന് ഒന്‍പതു ദിവസത്തെ കഠിനമായ മലയാത്ര. എവറസ്റ്റിന്റെ ബേസ് ക്യാമ്പിലേക്ക്. എവറസ്റ്റ് കൊടുമുടിക്കു പതിനായിരം അടി വരെ അകലം എത്തുക എന്നത് പോലും മോഹ സ്വപ്നമാണ് പര്‍വ്വതാരോഹകര്‍ക്ക്.

എന്തെല്ലാം അനുകൂല ഘടകങ്ങള്‍ ഉണ്ടായാലും വീശിയടിക്കുന്ന ഹിമക്കാറ്റില്‍ ഒരു നിമിഷത്തെ അശ്രദ്ധയില്‍ സകലതും തകിടം തെറ്റും. ജീവതം എന്ന മോഹം അടിവാരത്തില്‍ ഉപേക്ഷിച്ചാണ് ഓരോ യാത്രികനും തെന്നി തിളങ്ങുന്ന മലകയറ്റം ആരംഭിക്കുക. തിരിച്ചെത്തുമോ എന്ന് ഒരു ഉറപ്പും ഇല്ലാത്ത യാത്ര. ഓരോ അടി മുകളിലേക്ക് കയറുമ്പോഴും കുറഞ്ഞു വരുന്ന ശ്വാസ വായു. ശുദ്ധ വായു ലഭിക്കാത്തതിനാല്‍ രക്തസമ്മര്‍ദവും തുടര്‍ന്ന് രക്ത ചംക്രമണത്തിലെ താളം തെറ്റലും മൂക്കിലൂടെയുള്ള രക്ത പ്രവാഹവും പതിവ് കാഴ്ച.

എന്നാല്‍ പ്രിയപെട്ടവരുടെ കഠിനമായ പ്രാര്‍ത്ഥനകളും സ്നേഹവും കൈമുതലാക്കി യാത്ര തുടങ്ങിയ ലിവര്‍പൂള്‍ മലയാളികളുടെ പ്രിയപ്പെട്ട ജോയ് ആഗസ്തിയുടെയും മേരിയുടെയും മകള്‍ ജീവ ലോക മലയാളി സമൂഹത്തിനു വേണ്ടി ബേസ് ക്യാമ്പ് കീഴടക്കി. യുകെ മലയാളികള്‍ക്ക് ഇത് രണ്ടാം വീരഗാഥയാണ്. ഏഴു വര്‍ഷം മുന്‍പ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ സ്വാന്‍സിയയിലെ അനന്യ ജോര്‍ജാണ് ആദ്യമായി യുകെ മലയാളികള്‍ക്ക് വേണ്ടി ഈ നേട്ടം സ്വന്തമാക്കിയത്. അന്ന് അനന്യയുടെ നേട്ടം ബ്രിട്ടീഷ് മലയാളിയിലൂടെ അറിഞ്ഞ പുറംലോകം ഏറെ ആവേശത്തോടെയാണ് ആ വാര്‍ത്ത ഏറ്റെടുത്തത്. ഇപ്പോള്‍ ജീവയുടെ നേട്ടം ആഘോഷമാക്കാനും യുകെ മലയാളികള്‍ക്കു കാരണമുണ്ട്.

ഈ ദിവസങ്ങളില്‍ മല കയറ്റത്തിന് ശ്രമിച്ച ഒട്ടേറെ പേരുടെ ജീവത്യാഗമാണ് മാധ്യമങ്ങളുടെ പ്രധാന വാര്‍ത്ത. ദുര്‍ഘടമായ കാലാവസ്ഥയില്‍ അടിതെറ്റി പരിചയ സമ്പന്നരായ മലകയറ്റക്കാര്‍ പോലും മരിക്കുന്ന വാര്‍ത്തകളാണ് ഈ ദിവസങ്ങളില്‍ എത്തികൊണ്ടിരിക്കുന്നത്. ഈ ദിവസങ്ങളില്‍ ഇതിനകം പത്തു പേരുടെ മരണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. നിര്‍ഭാഗ്യവശാല്‍ ബ്രിട്ടീഷ് മലകയറ്റക്കാരനായ റോബിന്‍ ഫിഷര്‍, ഐറിഷ് സ്വദേശി എന്നിവരുടെ മരണമാണ് ഇന്നലെ ലോകത്തെ തേടി എത്തിയത്. ജീവയോടൊപ്പം മലകയറാന്‍ നിശ്ചയിച്ചിരുന്ന സ്‌കോട്ടിഷ് സഞ്ചാരി ഒടുവില്‍ തീരുമാനം മാറ്റിയിരുന്നു. ജീവയുടെ സംഘവും ഇതുപോലെ പ്രതിസന്ധി നേരിട്ടിരുന്നു.

അവസാനം തുണയായി മാറുന്നത് പ്രിയപ്പെട്ടവരുടെ പ്രാര്‍ത്ഥനകള്‍ മാത്രം
ബേസ് ക്യാമ്പ് ലക്ഷ്യമിട്ടു മലകയറ്റം തുടങ്ങിയ സംഘത്തിലെ രണ്ടു പേരെ പ്രതികൂല കാലാവസ്ഥയില്‍ തളര്‍ന്നതിനെ തുടര്‍ന്ന് ഹെലികോപ്റ്റര്‍ മുഖേനെ രക്ഷപ്പെടുത്തിയിരുന്നു. ഇവരുടെ എവറസ്റ്റ് മോഹവും ഇതോടെ പാതി വഴിയില്‍ മുടങ്ങി. ഇതോടെ പേടിയോടെയായി ബാക്കിയുള്ളവരുടെ മലകയറ്റം. പക്ഷെ പരസ്പരം ധൈര്യം പകര്‍ന്നു സാവധാനം ലക്ഷ്യത്തിലേക്കു നീങ്ങുകയായിരുന്നു മറ്റുള്ളവര്‍.

മല കൂടുതല്‍ ഉയരത്തിലേക്ക് വെല്ലുവിളിക്കുമ്പോള്‍ പൂര്‍ണമായും ലോകവുമായി ഒറ്റപ്പെടുകയാണ് മലകയറ്റക്കാര്‍. ഏഴു ദിവസത്തെ മലകയറ്റത്തില്‍ അവസാന മൂന്നു ദിവസം പൂര്‍ണമായും പുറം ലോകവുമായും ഒറ്റപ്പെടുകയാണ്. മൊബൈല്‍ കവറേജ് നഷ്ടമാകുന്നതോടെ ഓരോ പര്വതാരോഹകനും സ്വന്തം ലോകത്തേക്ക് ചുരുങ്ങുകയാണ്. ഇഷ്ടപ്പെട്ടവരുടെ പ്രാര്‍ത്ഥനകളാണ് കാലുകള്‍ക്കു ശക്തി നല്‍കിയതെന്ന് തിരിച്ചറിഞ്ഞതു മലമുകളില്‍ എത്തിയപ്പോഴാണെന്നും ജീവ ഇപ്പോള്‍ ഓര്‍മ്മിക്കുന്നു. കാരണം ഒന്നും ചിന്തിക്കാതെയുള്ള മലകയറ്റമാണ് അവസാന ദിവസങ്ങളില്‍.

നേട്ടത്തിലും വേദനയായി ഗോകിയോ തടാകം
വറസ്റ്റിന്റെ പൂര്‍ണ സൗന്ദര്യം ആസ്വദിക്കണമെങ്കില്‍ ബേസ് ക്യാംപ് മലയിറങ്ങി വീണ്ടും വേറെ വഴിയില്‍ മലകയറണം, ഗോകിയോ തടാകത്തിലേക്ക്. എന്നാല്‍ അപ്രതീക്ഷിതമായി എത്തിയ മഞ്ഞുവീഴ്ച ജീവയുടെയും സംഘത്തിന്റെയും പ്ലാന്‍ തെറ്റിക്കാന്‍ കാരണമായി. അങ്ങനെ മൂന്നു ദിവസത്തെ ഗോകിയോ തടാക യാത്ര ഉപേക്ഷിക്കേണ്ടി വന്നു. എവറസ്റ്റിന്റെ ഉന്നതി കീഴടക്കാന്‍ സാധികാത്ത പര്വതാരോഹകര്‍ക്കു ഏറ്റവും അടുത്തും പൂര്‍ണ സൗന്ദര്യവും ഒപ്പിയെടുക്കാന്‍ കഴിയുന്ന പോയിന്റ് കൂടിയാണ് ഗോകിയോ തടാകം. ബേസ് ക്യാമ്പ് കീഴടക്കിയപ്പോഴും ഗോകിയോ ഇനിയെന്നും സ്വകാര്യ ദുഃഖമായി ജീവയ്‌ക്കൊപ്പം ഉണ്ടാകും.

എങ്കിലും യാതൊരു പ്രതീക്ഷകളും ഇല്ലാതെ ബേസ് ക്യാമ്പ് കീഴടക്കിയ ജീവ മലകയറും മുന്‍പ് മനസില്‍ സൂക്ഷിച്ച മന്ത്രമാണ് ഇപ്പോഴും ഓര്‍മ്മിക്കുന്നത്, എക്സ്പെക്ട് ആല്‍വെയ്‌സ് അണ്‍എക്സ്പെക്ട്. ഇത് തന്നെയാണ് മലകയറ്റത്തില്‍ ഓരോ പര്‍വ്വതാരോഹകരും നേരിടേണ്ട ഏറ്റവും വലിയ വെല്ലുവിളിയും. ഭാഗ്യവശാല്‍ അത്തരം അപ്രതീക്ഷിത സംഭവങ്ങള്‍ ജീവയെ തേടി മലകയറ്റത്തില്‍ എത്തിയിരുന്നില്ല.

ഓക്സിജന്‍ കിട്ടാതെ വിഷമിച്ചപ്പോഴും മനസ് തളര്‍ന്നില്ല
സാധാരണ ഗതിയില്‍ 80 ശതമാനത്തിനു മുകളില്‍ ശുദ്ധവായു ലഭിക്കാതെ വരുമ്പോള്‍ ആര്‍ക്കും നേരിയ പ്രയാസങ്ങള്‍ തോന്നാം. എന്നാല്‍ എവറസ്റ്റില്‍ എത്തുന്ന സഞ്ചാരിയെ ബേസ് ക്യാമ്പിന് താഴെ പോലും കാത്തിരിക്കുന്നത് വെറും 35 ശതമാനം വായുവാണ്. അതിനാല്‍ സസ്യ ജാലങ്ങളെയോ ജന്തുക്കളെയോ ഇവിടെ കാണാനാവില്ല. മലകയറ്റക്കാര്‍ക്കു സഹായമെത്തിക്കുന്ന ഷെര്‍പ്പകള്‍ ഉള്‍പ്പെടെയുള്ള തദ്ദേശ വാസികള്‍ അയ്യായിരം അടി വരെ ടൂറിസം ജീവിതമാര്‍ഗമായി മലയില്‍ പലയിടത്തും താവളം ഉറപ്പിച്ചിട്ടുണ്ട്. ഇവര്‍ക്കും ആശ്രയം വല്ലപ്പോഴും വന്നു പോകുന്ന ഹെലികോപ്ടറുകളാണ്. അത്യാവശ്യം വസ്തുക്കള്‍ ഇവയില്‍ എത്തിക്കും.

ആധുനികത എന്ന് പേരിട്ടു വിളിക്കാവുന്ന ഒന്നും ഈ മലമുകളില്‍ കാണാന്‍ ഇല്ല എന്നത് തന്നെയാണ് അതിന്റെ സൗന്ദര്യവും. മനുഷ്യന്‍ എത്ര നിസാരനാണ് എന്ന് ഓരോ സഞ്ചാരിയെയും ഓര്‍മ്മിപ്പിക്കുന്ന കാഴ്ചകളാണ് എങ്ങും. ഇല്ലായ്മകള്‍ മാത്രം കൈമുതലാക്കി കഴിയുന്ന ഏതാനും മനുഷ്യര്‍ ഉള്ള ലോകത്തിലെ അപൂര്‍വ ഇടങ്ങളില്‍ ഒന്ന്. ഇവിടെ വന്നു പോയാല്‍ പിന്നെ ഒരാളും ജീവിതത്തില്‍ സുഖ സൗകര്യങ്ങളുടെ പേരില്‍ വിഷമിക്കില്ല എന്ന് ജീവ പറയുമ്പോള്‍ അത് തന്നെയാണ് എവറസ്റ്റ് തന്നെ തേടി എത്തുന്നവരെ പഠിപ്പിച്ചു വിടുന്നതും. ലോകത്തെ ഒരു സര്‍വ്വകലാശാലക്കും നല്‍കാന്‍ കഴിയാത്ത ഏറ്റവും വലിയ ജീവിത പാഠം.

ഉയരെ ടെന്റില്‍ തിരിഞ്ഞു കിടക്കാനും ഷൂ കെട്ടാന്‍ പോലും പറ്റില്ല
യരം ഏറും തോറും അത് ശരീരത്തിന് ഏല്‍പ്പിക്കുന്ന ആഘാതവും ഏറെ വലുതാണ് എന്നിപ്പോള്‍ ജീവ തിരിച്ചറിയുന്നു. പര്‍വ്വത മുകളിലെ ടെന്റില്‍ ഒന്ന് തിരിഞ്ഞു കിടക്കാന്‍ പോലും ആകില്ല. അപ്പോഴേക്കും ഓക്സിജന്‍ കുറവ് മൂലമുള്ള ശ്വാസതടസം കൂടിയെത്തും. കുനിഞ്ഞു നിന്നും ഷൂ ലേസ് കെട്ടുന്ന കാര്യം ആലോചിക്കുകയോ വേണ്ട. ഇത്തരത്തില്‍ നിത്യജീവിതത്തില്‍ വളരെ നിസാരമായി നാം ചെയ്യുന്ന എന്ത് കാര്യവും വളരെ ആയാസപ്പെട്ടെ ചെയ്യാനാകൂ. പര്‍വ്വത മുകളില്‍ ഇത്രയധികം ത്യാഗം സഹിച്ചു ബേസ് ക്യാംപില്‍ എത്തിയപ്പോള്‍ എന്താണ് തോന്നിയത് എന്നതില്‍ ജീവക്ക് കൃത്യമായ ഉത്തരമില്ല.

സന്തോഷം കൊണ്ട് കരഞ്ഞതായി ഓര്‍മ്മയുണ്ട്. കിട്ടിയ സമയം കൊണ്ട് കുറെ ഫോട്ടോയെടുത്തു. ഒരു പാറക്കല്ലില്‍ ചുവന്ന കല്ലുകൊണ്ട് ജോയ് ഫാമിലി 2019 എന്നെഴുതി വീട്ടുകാരുടെ ഓര്‍മ്മകള്‍ പങ്കു വച്ചു. അല്‍പ വായു ശ്വസിച്ച് അധിക സമയം അവിടെ നില്‍ക്കാന്‍ കഴിയില്ലായിരുന്നു. ഏതാനും മിനിറ്റുകള്‍ മാത്രമാണ് അനുവദനീയം. ജീവിതത്തില്‍ എന്തും നേരിടാന്‍ ഉള്ള കരുത്തുമായാണ് തിരിച്ചുള്ള മലയിറക്കം. ഒന്നുമില്ലായ്മയിലും ജീവിതം ഉണ്ട് എന്ന തിരിച്ചറിവാണ് എവറസ്റ്റ് ഓരോ സഞ്ചാരിയെയും പഠിപ്പിച്ചു താഴേക്ക് ഇറക്കുന്നത്.

ജീവ ഏറ്റെടുത്ത ത്യാഗത്തില്‍ പ്രിയ വായനക്കാര്‍ക്കും പങ്കാളികളാകാം. ജീവകാരുണ്യത്തിനായി രണ്ടായിരം പൗണ്ട് ശേഖരിക്കാനിറങ്ങിയ ജീവയുടെ സാഹസികതക്ക് കയ്യടിക്കുന്നതിനൊപ്പം സ്റ്റാന്‍ഡ് ബൈ മി എന്ന കുട്ടികളുടെ ചാരിറ്റിക്കായി ചെറിയൊരു തുക നല്‍കിയാല്‍ അതിലും വലിയ സ്നേഹം ജീവയോടു വേറെ കാട്ടാനില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category