1 GBP = 98.30INR                       

BREAKING NEWS

കലങ്ങി മറിഞ്ഞ ഇടത്തോടുകളില്‍ വരാലും പുളവനും നീര്‍ക്കോലിയും പൊന്തി വരും; ചെറിയ കുഴികള്‍ കുഴിച്ചുചെറു മീനുകളെയും വാല്‍മാക്രികളെയും പിടിച്ചു ഇട്ടും വെള്ളം തെറിപ്പിച്ചും തിമിര്‍ത്തു മറിയുന്ന കൂട്ടുകാര്‍; ഇന്നോ വയല്‍ വരമ്പുകള്‍ മൂടി പാഴ് ചെടികള്‍; വയലറ്റ് പൂക്കള്‍ വിരിയിച്ച കളം പൊട്ടിയും ഇളം പച്ച നിറമാര്‍ന്ന മഷിത്തണ്ട് ചെടിയും എവിടെ? ഓര്‍മകളിലെ ഉപ്പ് രസം: വിനോദ് കാര്‍ത്തിക എഴുതുന്നു

Britishmalayali
വിനോദ് കാര്‍ത്തിക

രാത്രിയില്‍ ഉറങ്ങാന്‍ കിടക്കുമ്പോഴും നീര് വന്നു കാല്‍ മുട്ട് വേദനിക്കുന്നുണ്ടായിരുന്നു. കല്ലുകള്‍ ചതച്ച കാല്‍മുട്ടില്‍ രക്തം കിനിഞ്ഞിറങ്ങിയത് ഉണങ്ങി കട്ട പിടിച്ചു നില്‍പ്പുണ്ട്. മുട്ടിനു താഴേയ്ക്ക് മണ്ണിലുരഞ്ഞു വരകള്‍ പോലെ നീറുന്ന പാടുകള്‍. തണുപ്പുറഞ്ഞ വയലേലകളില്‍ നിന്നും കാവിലെ വല്യ മരം ചുറ്റി വരുന്ന കാറ്റ് തണുപ്പിനെ ജനാല വഴി അരിച്ചിറക്കാന്‍ തുടങ്ങിയപ്പോള്‍ വേദനയിലും കണ്ണുകള്‍ താനേ അടഞ്ഞു.

വീടിന്റെ മുന്‍പില്‍ കൈത്തറി സഹകരണ സംഘമാണ്. മൂക്ക് തുളച്ചു കയറുന്ന ബ്ലീച്ചിങ് പൗഡറിന്റെ രൂക്ഷ ഗന്ധമുള്ള അന്തരീക്ഷമാണ്. കൈ കൊണ്ട് നൂല് ചുറ്റുന്ന ചക്രത്തിന്റെ ശബ്ദവും ചവിട്ട് തറികളില്‍ കാല്‍ കൊണ്ട് ചവിട്ടി കൈ കൊണ്ട് ഓടാമ്പല്‍ വലിച്ചു അടുപ്പിച്ചു നൂലുകള്‍ ഇഴ ചേര്‍ക്കുന്ന ദൃശ്യങ്ങളാണ്, ഒരു കൂട്ടം മനുഷ്യര്‍ ജീവിതം കരു പിടിപ്പിക്കുന്നതിന്റെ ശബ്ദമായിരുന്നു. നരച്ച പട്ടിക കൊണ്ട് അഴി തീര്‍ത്ത വല്യ കെട്ടിടമുള്ള നെയ്ത്ത് സഹകരണ സംഘത്തിന്റെ ഇടയില്‍ കൂടി നടന്നാല്‍ എളുപ്പത്തില്‍ കുളിക്കടവിലെത്താം. കൈത്തറി സംഘത്തില്‍ നിന്നും നാഗരുകാവിനെ ചുറ്റി താഴോട്ട് വലം വച്ചിറങ്ങിയാല്‍ കളംപൊട്ടിയും പാഴ്ചെടികളും മഷിത്തണ്ട് ചെടിയും നിറഞ്ഞ കൈത്തോടുകള്‍ ആയി. ഒരു വശത്ത് വെറ്റ കൊടിയും തെങ്ങും കമുകും ഒക്കെ തണല്‍ വിരിച്ചു നില്‍പ്പുണ്ട് .ഇടയിലൂടെ ഒഴുകുന്ന തെളി നീര്‍ച്ചാലുകളും കല്ലുകള്‍ നിറഞ്ഞ തോടുകളും ആണുങ്ങളുടെ കുളിക്കടവും ഉണ്ട്.

വല്യകൈത്തോടുകള്‍ പതിക്കുന്നിടം വല്യ കുളിമുറി പോലെ രൂപപ്പെട്ടതാണ് സ്ത്രീകളുടെ കടവ്..ഭൂത കാലങ്ങളില്‍ എപ്പോഴോ നല്ല നീരൊഴുക്കിലോ ഉരുള്‍ പൊട്ടലിലോ പ്രകൃതിയുടെ കരവിരുതില്‍ ഒരുങ്ങിയതാണിത്. കാവില്‍ നിന്നും മണ്ണുകളിലൂടെ അരിച്ചിറങ്ങി കണ്ണീര്‍ പോലെ ശുദ്ധമായ കുളിരാര്‍ന്ന വെള്ളം കുഴിയിലേയ്ക്ക് പതിക്കുന്നതിന് മുന്‍പേ ചെറിയ പാളകള്‍ വച്ചു ഓവ് പോലെ ഉണ്ടാക്കി വെള്ളം ശക്തി കുറച്ചു മണ്‍ഭിത്തിയില്‍ നിന്നും ദൂരേയ്ക്ക് ഒരു തൂമ്പ് പോലെ പതിപ്പിച്ചു. വൈകുന്നേരങ്ങളില്‍ തുണി അലക്കലും കുളിയും നാട്ടു വിശേഷങ്ങളും ആയി തിരക്കേറിയിട്ടുണ്ടാകും.

ഭാഗം വച്ചു പിരിഞ്ഞതും വിറ്റു പോയതും ഒക്കെയായി പല അവകാശികള്‍ വന്നപ്പോള്‍ കുളക്കടവിലേയ്ക്കുള്ള വഴിയില്‍ ബന്ധങ്ങളുടെ വിള്ളലുകലില്‍ മുള്ളു വേലികള്‍ പ്രത്യക്ഷപ്പെട്ടു. വഴിയടഞ്ഞ നാട്ടുകാര്‍ ഒത്ത് ചേര്‍ന്നു വല്യകാവിന്റെ സൈഡില്‍ നിന്നും താഴേയ്ക്ക് പതിനഞ്ചടിയോളം ചരിഞ്ഞ പടികള്‍ തീര്‍ത്തു. കുട്ടികളെ ഒറ്റയ്ക്ക് കയറാന്‍ വിടാത്ത പടികള്‍ കുളിക്കടവിലെ അമ്മമാരുടെ കണ്ണു വെട്ടിച്ചു കയറുന്നതിനിടയില്‍ ഞാനും ഒരിക്കല്‍ പിടി വിട്ട് എവിടയൊക്കയോ ഉരഞ്ഞും ഇടിച്ചും താഴേക്ക് പതിച്ചു. വേദനയും കരച്ചിലും ശകാരവും ഒക്കെ കൈ നിറയെ കിട്ടി.കൂര്‍ത്ത കല്ലുകള്‍ ചതവുകള്‍ കൊണ്ട് അടയാളങ്ങള്‍ കോറിയിട്ടു.

രാവിലെ എഴുന്നേല്‍കുമ്പോഴും കാല്‍ തറയില്‍ തൊടാന്‍ ആകാതെ വലിച്ചു കൊണ്ട് നടന്നു. രാത്രിയില്‍ വേദന കൊണ്ട് ഇറങ്ങിയപ്പോള്‍ എപ്പോഴോ അമ്മ എണ്ണ തേച്ചിരുന്നു.. നീര് കുറഞ്ഞിട്ടുണ്ട് എങ്കിലും നീറ്റല്‍ അടങ്ങിയിട്ടില്ല

'ഇന്ന് സ്‌കൂളില്‍ പോകണ്ട നീ' എന്നു അമ്മി കല്ലിന്റെ ശബ്ദത്തിനിടയില്‍ അമ്മ വിളിച്ചു പറയുന്നുണ്ട്. ഒന്‍പത് മണിയോടെ വീടിനു മുന്‍പില്‍ കൂടി സ്‌കൂളിലേക്ക് കുട്യോള്‍ ഒക്കെ പോയിത്തുടങ്ങി. പാവാടയും ബ്ലോസും അണിഞ്ഞു മുടി വാരി കെട്ടിയും ഭംഗിയില്‍ പൊതിഞ്ഞ പുസ്തകങ്ങള്‍ വൃത്തിയായി അടുക്കി അതിനു മുകളില്‍ ചോറു പാത്രവും വച്ചു പെണ്‍കുട്ടികള്‍ റോഡിനരികില്‍ കൂടി നടന്നു നീങ്ങി.കറുത്ത റബ്ബര്‍ ബാന്റിട്ട പുസ്തകങ്ങള്‍ തോളില്‍ വച്ചും ചോറു പാത്രം മറ്റേ കയ്യില്‍ പിടിച്ചും ആണ്‍കുട്ടികള്‍ റോഡിന്റെ തലങ്ങും വിലങ്ങും ഓടി കളിക്കുന്നുണ്ട്.

'എന്താടാ നീ ഇന്ന് വരുന്നില്ലേ..? പലരും ചോദിച്ചു തുടങ്ങി. 'ഇല്ല''എന്നൊരു വാക്കില്‍ ഉത്തരമൊതുക്കി കാല്‍ മുട്ടുകള്‍ ആരും കാണാതെ ഒളിപ്പിച്ചു. തലേ ദിവസം കൂടെ പടി കയറിയവര്‍ ഇളിഭ്യ ചിരി ചിരിച്ചു കൊണ്ട് പോയി.

അര കിലോമീറ്റര്‍ ദൂരമേ സ്‌കൂളിലേക്ക് ഉള്ളൂവെങ്കിലും വീടിന്റെ മുറ്റത്ത് നിന്നു കാണാന്‍ കഴിയില്ല. നിരപ്പില്‍ നിന്നു താഴേയ്ക്ക് ഇറക്കം ഇറങ്ങി പോകുന്നിടത്താണ് സ്‌കൂള്‍. ബെല്ലടിക്കാറയപ്പോള്‍ ഇറക്കത്തിന്റെ അങ്ങേയറ്റത്ത് അവസാന തലയും അപ്രത്യക്ഷമായി റോഡ് വിജനമായി. തൊട്ടവാടി ഇല അരച്ചു മുറിവില്‍ പുരട്ടിയതും കൊണ്ട് ചന്തയില്‍ നിന്നു സാധനം വാങ്ങി തല ചുമടായി കയറ്റം കയറി വരുന്നവരെ നോക്കി ഇട വഴിയില്‍ ഇറങ്ങി ഇരുന്നു. ആദ്യം തലയിലെ വട്ടികള്‍ പ്രത്യക്ഷമായി പതിയെ പതിയെ പൂര്‍ണ്ണ രൂപത്തെ ദൃശ്യമാകും. വെയിലും മരങ്ങളും ചേര്‍ന്ന് പ്രകൃതിയില്‍ നിഴല്‍ നാടകങ്ങള്‍ അരങ്ങേറി.

കണ്ണു ചിമ്മി ആകാശത്തു നോക്കിയാല്‍ ഊര്‍ന്നു വീഴുന്ന ജ്യാമിതീയ ഘടനകള്‍ ഇല്ലാത്ത രൂപങ്ങള്‍ ഉണ്ട്. അത് ആത്മാക്കള്‍ ആയിരിക്കും എന്നു ആരോ പറഞ്ഞത് ഓര്‍ത്തു. പ്രകൃതിയെ കാണുന്നതും അറിയുന്നതും ഇത്തരം ഇടവേളകളിലാണ്. ആകാശത്തിന്റെ അതിരുകള്‍ ഭേദിച്ചു നാഗര് കാവില്‍ ഉയര്‍ന്നു നിന്നിരുന്ന മരത്തിന്റെ പൊത്തുകളില്‍ നിറയെ കിളികള്‍ ഉണ്ടായിരുന്നു. മുട്ട വിരിയിച്ചും ഇണ ചേര്‍ന്നും വംശ പരമ്പരകള്‍ നില നിര്‍ത്തിയും വിളകള്‍ കൊത്തിയും ആകാശത്തില്‍ പാറിക്കളിച്ചും ജീവിതത്തിന്റെ സകല സ്വാതന്ത്ര്യത്തോടും ജീവിച്ചു. മനുഷ്യന്‍ ലൗകിക ജീവിതത്തിന്റെ സുഖ ലോലുപതയില്‍ അഭിരമിക്കാന്‍ ശ്രമിച്ചു ജീവിതമൂല്യങ്ങളും ജീവിതസ്വാദനവും മറന്നു തുടങ്ങുന്ന കാലമായിരുന്നു അത്.
കാവിലെ തൂണുകളില്‍ മേല്‍ക്കൂര താങ്ങിയ തളത്തില്‍ ചുരുണ്ടു കൂടി കിടക്കുന്ന ഒരു മനുഷ്യന്‍ ഉണ്ടായിരുന്നു. ക്ഷയമാണെന്നു പറഞ്ഞു എല്ലാരും അകലം പാലിച്ചു, നര വീണ് തുടങ്ങിയ താടി തടവി ഏകാന്തതയെ കൂട്ട് പിടിച്ചു കൂനി കൂടിയിരിക്കും. വെയിലും മഴയും ഏറ്റ നരച്ച കരിമ്പടം പുതച്ചു വടിയില്‍ ഊന്നി കാവിലേയ്ക്ക് നടന്നിറങ്ങുന്നുണ്ട്. ജീവിതത്തില്‍ എവിടേയോ താളം തെറ്റിയതോ കണക്ക് കൂട്ടലുകള്‍ പിഴച്ചതോ കൊണ്ട് ജീവിതത്തോട് തന്നെ നിശബ്ദമായി വാശി തീര്‍ക്കുന്നതാകാം.

വൈകുന്നേരങ്ങളില്‍ സ്‌കൂള്‍ വിട്ട് വരുന്നവരെ കാത്തിരുന്നു. യുദ്ധമുഖത്തേയ്ക്ക് ഇരച്ചു വരുന്ന പട്ടാളത്തെ പോലെ കയറ്റം കയറി വന്നു തുടങ്ങി. ആണ്‍കുട്ടികള്‍ ചിരിച്ചും ബഹളം വച്ചും തമ്മില്‍ അടി കൂടിയും പൊയ്ക്കൊണ്ടിരുന്നു. അലുമിനിയം പെട്ടികള്‍ തൂക്കിയും തുണി സഞ്ചികള്‍ തൂക്കിയും ചെറുതും വലുതുമായ സൈന്യങ്ങളെ പോലെ കുന്നു കയറി മറഞ്ഞു. ടീച്ചര്‍മാര്‍ സൊറ പറഞ്ഞു പതിയെ നടന്നു മറഞ്ഞു. വെളുത്ത് സുന്ദരികളായ ടീച്ചര്‍മാരെ കാണാന്‍ വേലി പൊത്തുകള്‍ക്ക് അപ്പുറത്ത് നിന്നൊക്കെ സ്ത്രീകള്‍ തല നീട്ടി നോക്കുന്നുണ്ടു. കലുങ്ങുകളില്‍ ഒക്കെ പൊടി മീശക്കാര്‍ ഞങ്ങള്‍ അത്തരക്കാരല്ല എന്ന ഭാവത്തില്‍ ഇരിക്കുന്നുണ്ട്.

അന്ന് വൈകിട്ട് കുളിക്കടവില്‍ കൊണ്ടു പോയെങ്കിലും കരയ്ക്കിരുന്നാല്‍ മതിയെന്നായിരുന്നു അമ്മയുടെ നിര്‍ദ്ദേശം. പുര മേയാനുള്ള ഓല നീളത്തില്‍ അടുക്കി കെട്ടി കുതിര്‍ക്കാനിട്ടവര്‍ അത് വലിച്ചു കയറ്റുന്നുണ്ടായിരുന്നു. കരയിലേക്ക് എത്തുമ്പോള്‍ മാനത്ത് കണ്ണിയും തവളകളും വാല്‍മാക്രി കുഞ്ഞുങ്ങളും പുറത്തേക്ക് ചാടും.

കലങ്ങി മറിഞ്ഞ ഇടത്തോടുകളില്‍ വരാലും പുളവനും നീര്‍ക്കോലിയും പൊന്തി വരും. ചെറിയ കുഴികള്‍ കുഴിച്ചു അതില്‍ ചെറു മീനുകളെയും വാല്‍മാക്രികളെയും പിടിച്ചു ഇട്ടും വെള്ളം തെറിപ്പിച്ചും തിമിര്‍ത്തു മറിയുന്നുണ്ട് കൂട്ടുകാര്‍. വെള്ളം വാര്‍ന്ന അഴുകിയ ഓല കെട്ടു തോര്‍ത്തുകൊണ്ട് വളയം തീര്‍ത്തു തലയുടെ മുകളില്‍ വച്ചു കൊണ്ട് പോകുമ്പോഴും തുമ്പിലൂടെ വെള്ളം ഇറ്റിറ്റു വീഴുന്നുണ്ടായിരുന്നു. കാവിലേയ്ക്ക് ചേക്കേറുന്ന കിളികള്‍ ബഹളം ഉണ്ടാക്കി കൊണ്ടിരിക്കുന്നു. തള്ള കിളികളോട് കുഞ്ഞുങ്ങള്‍ കിന്നാരം പറയുകയായിരിക്കും.

സന്ധ്യയോടെ കുളിക്കടവില്‍ തിരക്കൊഴിഞ്ഞു, ഇന്നലെ പിടി വിട്ട പടവുകള്‍ അമ്മയോടോപ്പം ശ്രദ്ധയോടെ കയറി. പിന്നൊരിക്കലും ജീവിതത്തില്‍ ആ പടവുകള്‍ അലക്ഷ്യമായി കയറിയിട്ടില്ല. മൂത്തവരുടെ വാക്കുകളുടെ പക്വതയ്ക്കും അനുഭവസമ്പത്തിനും നാം വില കൊടുക്കണം എന്നു പിന്നെപ്പഴോ ഞാന്‍ ഓര്‍ത്തു.

എങ്കിലും വര്‍ഷങ്ങള്‍ കഴിഞ്ഞു തിരികെ കുന്നില്‍ മുകളില്‍ എത്തുമ്പോള്‍ പ്രകൃതിയുടെ പ്രഹരമേറ്റ് ഇടിഞ്ഞും നരച്ചും കിടക്കുന്ന പടവുകള്‍ അന്നേല്‍പ്പിച്ച മുറിവുകള്‍ കാല്‍ മുട്ടുകളില്‍ നീറ്റല്‍ സമ്മാനിക്കാറുണ്ട്. കണ്ണീരുണങ്ങിയ കവിള്‍ത്തടം പോലെ നീര്‍ വഴികള്‍ വരണ്ടു കിടക്കുന്നു. പരല്‍ മീന്‍ കുഞ്ഞുങ്ങള്‍ നീന്തി തുടിക്കാന്‍ മറന്നത് പോല്‍ കുഴി വട്ടങ്ങളില്‍ നിറഞ്ഞ ഇത്തിരി വെള്ളത്തില്‍ നിശ്ചല ദൃശ്യങ്ങള്‍ ആകുന്നു. പശുക്കളും ആടുകളും മേഞ്ഞു നടന്ന വയലേലകള്‍ ഇന്ന് അനാഥമായി കിടക്കുന്നു.

വയല്‍ വരമ്പുകള്‍ പാഴ് ചെടികള്‍ മൂടി സഞ്ചാരയോഗ്യമല്ല. വയലറ്റ് പൂക്കള്‍ വിരിയിച്ച കളം പൊട്ടിയും ഇളം പച്ച നിറമാര്‍ന്ന മഷിത്തണ്ട് ചെടിയും ഓര്‍മകളില്‍ പോലും അന്യം നിന്നു പോകുന്നു. വെയില്‍ വരച്ച നിഴല്‍ ചിത്രങ്ങള്‍ക്ക് ചാരുത പകരാന്‍ തെങ്ങോലകളുടെ സമൃദ്ധിയില്ല. വരള്‍ച്ച കൊണ്ടായിരിക്കും മണ്ണിന്റെ നിറം പോലും നരച്ചിരിക്കുന്നു. വരണ്ട കാറ്റേറ്റ് കാവിലെ മരത്തില്‍ ഇപ്പോള്‍ കിളികള്‍ ചിലയ്ക്കാറില്ല, ചേക്കേറാന്‍ ചില്ലകള്‍ തേടി അലയുന്നുണ്ടാകാം.
കെട്ട കാലത്തിന്റെ ആവരണങ്ങള്‍ എടുത്തു അണിഞ്ഞ നാമിന്ന് വേഗ സഞ്ചാരത്തിന്റെ യാന്ത്രികതയില്‍ അലിഞ്ഞു സ്വയം എരിഞ്ഞടങ്ങുന്നു, എല്ലാം തച്ചുടയ്ക്കുന്നു. ചില ഓര്‍മകളും നൊമ്പരങ്ങളും നമ്മെ വിട്ടു പോകാന്‍ മടിക്കും, ചിലത് പൊള്ളിച്ചു കൊണ്ടിരിക്കും, ചിലത് സ്ഥലകാലഭേദങ്ങള്‍ ഇല്ലാതെ മനസ്സാഴങ്ങളില്‍ നെരിപ്പോട് തീര്‍ക്കും. പെയ്തൊഴിഞ്ഞിട്ടും തീരാതെ പ്രളയത്തിന്റെ സങ്കടക്കടല്‍ തീര്‍ക്കും, മനസിനെ കടഞ്ഞെടുത്ത് മതി വരാതെ നൊമ്പരങ്ങളുടെ വേലിയേറ്റങ്ങള്‍ സൃഷ്ടിക്കും. ഓര്‍മയിലെവിടെയോ കറുത്ത ചിലന്തിയെപ്പോലെ വല കെട്ടി പിന്നെ പതിയിരിക്കും.

നല്ല കാലത്തിന്റെ ശിഷ്ടത്തുടിപ്പ് എന്ന പോലെ ആ കറുത്ത പാട് കാലില്‍ ഇപ്പോഴും അവശേഷിപ്പിച്ചിട്ടുണ്ട്. പൂര്‍വ കാലത്തിന്റെ ബാക്കി പത്രമെന്നോണം അതിലൊരു തരി മണ്ണ് ഉണ്ടായിരിക്കും എന്റെ നനവാര്‍ന്ന ഓര്‍മകളുടെ കണ്ണീരുപ്പ് അലിഞ്ഞു ചേര്‍ന്നിട്ടുണ്ടാകും.

പ്രകൃതിയുടെ പക പോലെ ഒരു വരണ്ട കാറ്റ് എന്നെ ചുട്ടു പൊള്ളിച്ചു കൊണ്ട് കുന്നിന്‍ മുകളിലൂടെ വല്യ മരം ചുറ്റി കടന്നു പോയി.....

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category