1 GBP = 93.80 INR                       

BREAKING NEWS

രാഷ്ട്രീയത്തില്‍ ജയവും പരാജയവും സാധാരണമാണ്, എന്നാല്‍ പരാജയം നല്‍കുന്ന പാഠങ്ങള്‍ ഉള്‍കൊണ്ടുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് ഭാവിയിലെ വിജയങ്ങള്‍

Britishmalayali
റോയ് സ്റ്റീഫന്‍

നാധിപത്യത്തിലെ ഏറ്റവും വലിയ പരീക്ഷണമായ തിരഞ്ഞെടുപ്പിലെ തോല്‍വി ഉള്‍പ്പെടെ മനുഷ്യ ജീവിതത്തിലെ എല്ലാ മേഖലകളിലെയും പരാജയങ്ങള്‍ വരാനിരിക്കുന്ന വിജയത്തിന്റെ മുന്നോടിയാണെങ്കിലും എതിരാളികള്‍ക്കും സങ്കുചിതമായി ചിന്തിക്കുന്നവര്‍ക്കും ഇടുങ്ങിയ ചിന്താഗതിയുള്ളര്‍വര്‍ക്കും മറ്റുള്ളവരുടെ തോല്‍വി ആഘോഷമാണ് സാമൂഹിക മാധ്യമങ്ങളിലും പൊതുസമൂഹങ്ങളിലും വ്യക്തിഹത്യ നടപ്പിലാക്കാവുന്ന എല്ലാ അവസരങ്ങളും മുതലെടുത്തുകൊണ്ട് സാമൂഹിക നന്മയ്ക്കായി സന്നദ്ധ സേവനം നടത്തുവാന്‍ മുന്നോട്ടു വരുന്ന വ്യക്തികളെ മാനസികമായി തളര്‍ത്തുകയും നിരന്തരമായി പീഡിപ്പിക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷം. ഇങ്ങനെ കുശാഗ്രബുദ്ധിയുള്ള അവസരവാദികളായ വ്യക്തികള്‍ സ്വന്തമായ നിലപാടുകളില്ലാത്തവരും സമൂഹത്തിന്റെ ഉന്നമനം കാംഷിക്കാത്തവരും മറ്റു വ്യക്തികളുടെ പതനം കാത്തിരിക്കുന്നവരുമാണ്. പൊതുവെ മത്സര വേളകളിലും തിരഞ്ഞെടുപ്പ് വേളകളിലും കഴിവതും നിഷ്പക്ഷമതികളാണെന്ന ധാരണ പൊതുജനങ്ങള്‍ക്കിടയില്‍ വളര്‍ത്തുവാന്‍ മാത്രം മൗനം അവലംബിക്കുകയും. അവസരം ലഭിച്ചാലുടന്‍ ഒരു വ്യക്തിയുടെ മാത്രമല്ല അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടേയും മണ്‍മറഞ്ഞുപോയ എല്ലാ പൂര്‍വീകരുടെയും പ്രവര്‍ത്തനങ്ങളെല്ലാം മോശമായിരുന്നു എന്ന് വരുത്തിത്തീര്‍ക്കുവാനുള്ള വളരെ നികൃഷ്ടമായ ആരോപണങ്ങള്‍ ഉയര്‍ത്തികൊണ്ടിരിക്കുക. ജീവിത യാഥാര്‍ഥ്യങ്ങളുടെയും സാമൂഹിക മൂല്യങ്ങളുടെയും അടിസ്ഥാനത്തില്‍ ചിന്തിച്ചുകൊണ്ട് വ്യക്തികളുടെയോ നേതൃത്വത്തിന്റെയോ ദുഷ്പ്രവണതകള്‍ക്കെതിരെ അനുയോജ്യമായ രീതിയില്‍ ശബ്ദമുയര്‍ത്തുവാന്‍ ധൈര്യമില്ലാത്തവര്‍ തന്റെ എതിരാളിയുടെ തോല്‍വിയെ ആഘോഷമാക്കുന്ന പ്രവണത തന്നെയാണ് സാംസ്‌കാരിക അധഃപതനം.

ജനാധിപത്യത്തിന്റെ അടിത്തറയെന്നു പറയുന്നത് ജനത്തിന്റെ ആവശ്യങ്ങളും ആഗ്രഹങ്ങളും അറിഞ്ഞ് അവരിലൊരാളായി അവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന വ്യക്തികളെ തിരഞ്ഞെടുത്ത്  ഭരമേല്‍പിക്കുന്ന പ്രക്രിയ. ഗ്രീക്ക് തത്വചിന്തകനായ അരിസ്റ്റോട്ടിലിന്റെ വാക്കുകളില്‍ തുല്യരായവര്‍ക്കിടയില്‍ നിന്ന് ഭരണകര്‍ത്താവിനെ തെരഞ്ഞെടുത്ത് ഭരണം നടത്തുന്ന രീതി. ജനാധിപത്യത്തിന്റെ മഹത്വം തിരിച്ചറിയണമെങ്കില്‍ സ്വേച്ഛാധിപതികളും മത തീവ്രവാദികളും ഭരിക്കുന്ന രാജ്യങ്ങളിലെ കണ്ണിനു കണ്ണ്, പല്ലിനു പല്ല് എന്നുള്ള പ്രാചീന നിയമ വ്യവസ്ഥിതികള്‍ തന്നെ ഉദാഹരണമാണ്.  ജനാധിപത്യത്തില്‍ ഓരോ വ്യക്തികളുടെയും ന്യായവാദങ്ങള്‍ കേള്‍ക്കുവാന്‍ നിലവിലെ ഭരണാധികാരികളേക്കാള്‍ നിയമനിര്‍മ്മാണ വ്യവസ്ഥിതികളാല്‍ നിര്‍മ്മിക്കപ്പെട്ട കോടതികളുള്ളതുതന്നെ ഓരോ പൗരന്റെയും അടിസ്ഥാന അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നു. ജനാധിപത്യ രാജ്യങ്ങളില്‍ മാത്രമാണ് ഓരോ പൗരനും സ്വതന്ത്രമായി ജീവിക്കുവാനുള്ള അടിസ്ഥാന അവകാശങ്ങള്‍ നിലനില്‍ക്കുന്നത്. സ്വതന്ത്രമായ അഭിപ്രായ പ്രകടനത്തിന്റെ പേരില്‍ ഒരു പൗരനെയും സ്വന്തം രാജ്യത്തുനിന്നും പുറത്താക്കുകയില്ല. ഇത്രയും മഹത്ത്വമേറിയ ഭരണ സമ്പ്രദായം ഓരോ രാജ്യത്തും നിലനിര്‍ത്തേണ്ടത് ഓരോ പൗരന്റെയും ആവശ്യമാണ്. അതിനുവേണ്ടത് നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുവാന്‍ താല്‍പര്യപ്പെടുന്ന നേതാക്കന്മാരെ പ്രോത്സാഹിപ്പിക്കുകയെന്നതാണ്. അതും വൈവിധ്യത നിറഞ്ഞ നേതാക്കന്മാരെ, ജനങ്ങളെ അറിഞ്ഞു അവര്‍ക്കൊപ്പം എക്കാലവും പ്രവര്‍ത്തിക്കുന്ന നേതാക്കന്മാരെ. ഇങ്ങനെയുള്ള നേതാക്കന്മാരുടെ താല്‍ക്കാലികമായ പരാജയങ്ങളെ പൊതുജനങ്ങള്‍ വീണ്ടും നിരുത്സാഹപ്പെടുത്തുന്നതിനു പകരം അവര്‍ക്കു താങ്ങായി മാറണം. അപ്പോള്‍ മാത്രമാണ് വീണ്ടും പൊതുജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുവാനുള്ള  ആര്‍ജ്ജവം അവര്‍ക്കുണ്ടാവുകയുള്ളൂ.

പൊതുജനങ്ങളുടെ മദ്ധ്യേ അവരുടെ നന്മയ്ക്കും വളര്‍ച്ചയ്ക്കും ഉതകുന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ച വയ്ക്കുന്നത് തന്നെയാണ് പൊതുപ്രവര്‍ത്തനം. പൊതുജനങ്ങള്‍ പലവിധത്തില്‍ ചിന്തിക്കുന്നവരും പലവിധത്തില്‍ പ്രതികരിക്കുന്നവരുമാണ് എല്ലാക്കാലവും ഈ  പൊതുജനങ്ങളുടെ ജീവിത രീതികളും ചിന്താരീതികളും ഒരേപോലെയുമായിരിക്കില്ല. കാലാകാലങ്ങളില്‍ ജീവിതശൈലികള്‍ മാറ്റികൊണ്ടിരിക്കുന്നവരാണ് പൊതുജനങ്ങള്‍. എന്നാല്‍ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ സംഘടനകള്‍ അവരുടെ പ്രവര്‍ത്തന രീതികള്‍ക്കാസ്പദമായ അടിസ്ഥാന തത്വസംഹിതകളില്‍ നിന്നും വ്യതിചലിക്കാറുമില്ല അവയൊന്നും മാറ്റിയെഴുതാറുമില്ല. ചില അവസരങ്ങളില്‍ കാലോചിതമായി സാമൂഹിക വളര്‍ച്ചയ്‌ക്കൊപ്പം പുതിയ പ്രവര്‍ത്തന രീതികള്‍ ഉള്‍ക്കൊള്ളും പക്ഷെ അടിസ്ഥാന തത്ത്വങ്ങളില്‍ ഊന്നി തന്നെയായിരിക്കും. ഭാരതത്തിലെ രാഷ്ട്രീയ ചരിത്രത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് എന്നും പ്രഥമ സ്ഥാനമാണുള്ളത്. മതേതരത്തിലൂന്നിയ ദേശീയതയിലുറച്ചുള്ള പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് കോണ്‍ഗ്രസിനെ ഭാരതീയര്‍ ഹൃദയത്തിലേറ്റിയിരിക്കുന്നത്.

ജനാധിപധ്യ സംസ്‌കാരത്തിന്റെ വളര്‍ച്ചയ്ക്ക് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും സാമൂഹിക സാംസ്‌കാരിക സംഘടനകളുടെയും നിരന്തരമായ പ്രവര്‍ത്തനവും ഇടപെടലുകളും അനിവാര്യമാണ്. കാരണം മറ്റൊന്നുമല്ല ജനാധിപധ്യത്തിന്റെ യഥാര്‍ത്ഥ മൂല്യങ്ങള്‍ നിലനില്‍ക്കണമെങ്കില്‍ മതാധിഷ്ഠിതമായ ദേശീയതയ്ക്ക് പകരം പൊതു ജനങ്ങളുടെ വികസനത്തിനടിസ്ഥാനമുള്ള ദേശീയത മാത്രം നിലനില്‍ക്കണം. ലോകത്തൊരിടത്തും ചരിത്രത്തില്‍ മത-വംശീയ വാദികള്‍ക്ക് ദീര്‍ഘകാലം ആയുസ്സുണ്ടായിട്ടുമില്ല അവരുടെ ഭരണത്തില്‍ ജനങ്ങള്‍ക്ക് വളര്‍ച്ചയും സാധ്യമായിട്ടില്ല. അവര്‍  ഉയര്‍ത്തിക്കൊണ്ടുവരുന്ന സാങ്കല്‍പിക യാഥാര്‍ത്ഥ്യങ്ങള്‍ മനുഷ്യന്റെ ദൈനംദിന ജീവിതയാഥാര്ത്ഥ്യങ്ങള്‍ക്ക് മുന്നില്‍ തോറ്റുപോവുക തന്നെ ചെയ്യുന്നതായിട്ടാണ് ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നും ലഭിക്കുന്ന വാര്‍ത്തകള്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഇസ്ലാമിക രാജ്യങ്ങളിലെ മതാധിഷ്ഠിതമായ ജനാധിപധ്യ സമ്പ്രദായങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഒരിക്കല്‍ പോലും പൂര്‍ണമായ സ്വാതന്ത്ര്യവും നീതിയും സാധ്യമാക്കിയിട്ടില്ല. ഇതേ രാജ്യങ്ങളില്‍ സ്വേച്ഛാധിപതികള്‍ ഭരിച്ചിരുന്നപ്പോഴും സ്ഥിതി മറിച്ചല്ലായിരുന്നു ഇറാനിലെ ഷായുടെ ഭരണവും ഇറാഖിലെ സദാം ഹുസൈന്റെ ഭരണവും ലിബിയായിലെ ഗദ്ദാഫിയുടെ ഭരണവും ഈജിപ്തിലെ മുബാറക്കിന്റെ ഭരണവും ഇതിനെല്ലാത്തിനും ഉദാഹരണങ്ങള്‍ മാത്രമാണ്. ജനാധിപധ്യത്തില്‍ പൂര്‍ണമായി വിശ്വസിക്കുന്ന പാശ്ചാത്യ രാജ്യങ്ങള്‍ ഇവിടങ്ങളിലെ പൊതുജനങ്ങള്‍ക്കു നീതി സാധ്യമാക്കുവാനും ജനാധിപധ്യം പുനര്‍സ്ഥാപിക്കുവാനും വേണ്ടി സ്വേച്ഛാധിപതികള്‍ക്കെതിരെ  സംഘടിക്കുവാന്‍ ജനങ്ങളെ സഹായിച്ചപ്പോഴും പൂര്‍ണമായ ജനാധിപധ്യം, മത തീവ്രവാദങ്ങള്‍ക്കപ്പുറം ജനക്ഷേമ പരമായ ജനാധിപത്യം പുനര്‍സ്ഥാപിക്കുവാന്‍ സാധിക്കാതെ പോവുന്നതായിട്ടാണ് കാണുന്നത്.

ദേശീയമായും പ്രാദേശികമായും അഞ്ചോ പത്തോ വര്‍ഷം ഭരിച്ചിട്ട് വിചാരിച്ച മാറ്റം വരുത്താന്‍ സാധിക്കാത്തവരോടുള്ള പ്രതിക്ഷേധ സൂചകമായി മറ്റൊരു പാര്‍ട്ടിയെ വിജയിപ്പിക്കുകയെന്നത് ഭാരതത്തില്‍  സര്‍വ്വസാധാരണമാണെങ്കിലും നിലവിലെ പ്രധാന മന്ത്രി ശ്രി നരേന്ദ്ര  മോദിയുടെ കാര്യത്തില്‍ മാറ്റമുണ്ടായി. ഓരോ ഭരണത്തിലും കണ്ടുവരുന്ന സാധാരണസംഭവ വികാസങ്ങള്‍ക്കുപരി ഡിമോണിറ്റൈസേഷന്‍ സാധാരണക്കാരന്റെ നിത്യജീവിതത്തെ വളരെ കഠിനമായിത്തന്നെ ബാധിച്ചു എന്നതില്‍ തര്‍ക്കമില്ല. അതോടൊപ്പം തന്നെ വാണിജ്യ-വ്യാപാര മേഖലകളിലും മുന്നേറുന്നതിനു പകരം ബഹുദൂരം പുറകോട്ടു പോവുകയുമായിരുന്നു എന്നതിലും തര്‍ക്കമില്ല. പക്ഷെ ഇതൊന്നും 2019 ലെ തിരഞ്ഞെടുപ്പില്‍ ബാധിക്കാതിരുന്നതിന്റെ പ്രധാന കാരണം നരേന്ദ്ര മോദിജിയുടെ വ്യക്തി പ്രഭാവം തന്നെ.  ചടുലമായ തീരുമാനങ്ങള്‍ എടുക്കുന്ന വ്യക്തിത്വമാണ് പ്രധാന മന്ത്രി മോദിജിയുടെത്. ഒരു സുപ്രഭാതത്തില്‍ പൊട്ടി വിടര്‍ന്നുണ്ടായതല്ല മോദിയുടെ വളര്‍ച്ചയെന്നു ഓരോ ഭാരതീയനും തിരിച്ചറിയുന്നതുമാണ്. സ്വന്തം പ്രയത്നം കൊണ്ട് സാധാരണക്കാരനില്‍ നിന്നും പ്രാദേശിക നേതൃത്ത്വത്തിലേയ്ക്കും പിന്നീട് പ്രധാനമന്ത്രി പദത്തിലേക്ക് ഉയര്‍ന്നു വന്ന വ്യക്തിയാണ് അദ്ദേഹം. സ്വന്തം പാര്‍ട്ടിയിലെ ശക്തനായ നേതാവിന്റെ അഭാവമാണു നരേന്ദ്ര മോദിയിലൂടെ നികത്തിയതും പിന്നീട് ദേശീയ രാഷ്ട്രീയത്തിലേക്ക് കടന്നുവന്നതുതന്നെ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്കാണെന്നുള്ളതും ശ്രദ്ധേയമായ വസ്തുതയാണ്.

ദേശീയ രാഷ്ട്രീയത്തിലെത്തി അധികം താമസിയാതെ തന്നെ ഭാരതീയ ജനതാ പാര്‍ട്ടിയുടെ നിയന്ത്രണം പ്രധാനമന്ത്രിയുടെ ഓഫിസില്‍ കേന്ദ്രീകരിച്ചു മാത്രമായതും അദ്ദേഹത്തിന് എല്ലാ തലങ്ങളിലും കൂടുതല്‍ കരുത്താര്‍ജിക്കുവാനുള്ള അവസരമായിരുന്നു. പ്രധാനമായ എല്ലാ തീരുമാനങ്ങളും അദ്ദേഹം നേരിട്ട് മാത്രം നടത്തിയിരുന്നു എന്നതിന്റെ തെളിവായി മോദിയെന്ന പ്രധാനമന്ത്രിയുടെ വകുപ്പുകളുടെ പട്ടികയില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു ''മറ്റു മന്ത്രിമാര്‍ക്കു നല്‍കാത്ത എല്ലാ വകുപ്പുകളും എല്ലാ നയതീരുമാനങ്ങളും തന്നില്‍ കേന്ദ്രീകരിച്ചിരിക്കുന്നുവെന്നും'' എന്തായാലും ആദ്യത്തേതിനേക്കാള്‍  കൂടുതല്‍ സീറ്റുകളുടെ ബലം രണ്ടാമൂഴത്തില്‍ ഭാരതീയര്‍ നല്‍കിയതുകൊണ്ടുതന്നെ ഉത്തരവാദിത്വങ്ങള്‍ കൂടിയെന്ന് മോദിജി  തന്നെ സമ്മതിക്കുന്നുണ്ട്. അതിലുപരി ഒന്നാമൂഴത്തിലെ സ്വന്തം പ്രതിച്ഛായ നഷ്ടമായേക്കാവുന്ന വിഷയങ്ങളെയെല്ലാം അപ്രസക്തമാക്കും വിധമുള്ള ഭൂരിപക്ഷം ലെഭിച്ചതുകൊണ്ടും ഭാരതത്തിനെ കൂടുതല്‍ ഉയരങ്ങളിലേക്ക് നയിക്കുവാന്‍ സാധിക്കുമെന്ന് പ്രത്യാശിക്കാം.

നിലവില്‍ കരുത്തുറ്റ ഒരു പ്രതിപക്ഷമില്ലാത്തത് അതോടൊപ്പം തന്നെ പ്രാദേശിക പാര്‍ട്ടികളുടെ ഐക്യമില്ലായ്മയും ഭാരതത്തിന്റെ ജനാധിപധ്യത്തെ സാരമായി ബാധിക്കാതെ സംരക്ഷിക്കേണ്ട കടമ നിലവില്‍ കോണ്‍ഗ്രസിന്റെ തന്നെയാണ്. ആശ്വസിപ്പിക്കുന്ന തരത്തില്‍ സീറ്റുകള്‍ കരസ്ഥമാക്കുവാന്‍ സാധിച്ചില്ലെങ്കില്‍ കൂടിയും പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ്സിന്റെ വോട്ടിംഗ് ഷെയര്‍ അത്രയും ശോചനീയമല്ല എന്നാല്‍ ഇപ്പോഴും അന്യോന്യം പഴിചാരുന്ന നേതൃത്ത്വമാണ് പൊതുജനത്തിന് കാണുവാന്‍ സാധിക്കുന്നത്. വീണ്ടും  തങ്ങളുടെ ദേശീയപാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള നീക്കങ്ങള്‍ക്ക് പകരം തങ്ങളുടെ വ്യക്തിതാല്‍പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ട് മുന്നോട്ടുപോകുവാന്‍ തന്നെയാണ് ചില പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാടുകള്‍ എന്നും ദേശീയ മാധ്യമങ്ങള്‍ വീണ്ടും ചൂണ്ടിക്കാണിക്കുന്നു അതിലും ശോചനീയമാണ് ഇടതുപാര്‍ട്ടികള്‍ക്ക് അടുത്ത അഞ്ചുവര്‍ഷത്തേക്കെങ്കിലും പാര്‍ലമെന്റ് രാഷ്ട്രീയത്തില്‍ കാര്യമായ ഇടപെടലുകള്‍ ഒന്നും തന്നെ നടത്തുവാന്‍ സാധിക്കില്ല.  മറ്റു പ്രാദേശിക പാര്‍ട്ടികളായ ഡി.എം.കെ, ബിജു ജനതാദള്‍,  വൈ.എസ്.ആര്‍ കോണ്‍ഗ്രസ്സ്, തൃണമൂല്‍ മുതലായവര്‍ വിശാലമായ രാജ്യതാല്‍പ്പര്യങ്ങള്‍ക്കുപരി തങ്ങളുടെ സ്വന്തം തട്ടകങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് മുന്‍തൂക്കം കൊടുക്കുവാനാണ് സാധ്യത.

ശ്രീമാന്‍ നരേന്ദ്ര മോദിയുടെ കൂടുതല്‍ കരുത്തോടെയുള്ള തിരിച്ചുവരവ് ഭാരതത്തിനു കൂടുതല്‍ കരുത്തേകുവാനായിട്ടാണെന്ന് നമുക്ക് പ്രത്യാശിക്കാം. ഭൂതകാലങ്ങളിലെ പാകപ്പിഴകള്‍ നല്‍കിയ കയ്പ്പേറിയ അനുഭവങ്ങള്‍ ഭാവിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പാഠമാകുമെന്ന് പ്രത്യാശിക്കാം. അദ്ദേഹത്തിന്റെ കാലയളവില്‍ ഗുജറാത്തിലുണ്ടായിട്ടുള്ള എല്ലാ വളര്‍ച്ചയും ഭാരതത്തിലുടെനീളം പ്രതിഫലിക്കുമെന്നും പ്രതീക്ഷിക്കാം. അതോടൊപ്പം തന്നെ നിലവിലെ പല സന്ഗീര്‍ണ്ണത  നിറഞ്ഞ വിഷയങ്ങളായ തൊഴിലില്ലായ്മയും  കര്ഷകരുടെ വിലാപങ്ങള്‍ക്കുപരി ആത്മഹത്യകളും കീറാമുട്ടിയായി നിലകൊള്ളുന്ന കശ്മീരിനും ശാശ്വതമായ പരിഹാരം എളുപ്പമല്ലെങ്കില്‍ കൂടിയും മറ്റുള്ളതിനേക്കാള്‍ മുന്‍ഗണന അര്‍ഹിക്കുന്നവയാണ്. അതുപോലെ തന്നെ മുന്‍ഗണന അര്‍ഹിക്കുന്നതാണ് പ്രതിരോധമേഖലകള്‍ റഫാല്‍ യുദ്ധവിമാന കരാറുള്‍പ്പെടുന്ന  സുപ്രധാന കരാറുകള്‍. ഇവയില്‍ പലതും നിലവിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ അവഗണിച്ചു സ്വകാര്യ കമ്പനികള്‍ക്ക് തീറെഴുതിക്കൊടുത്ത് പണമുണ്ടാക്കുവാന്‍ ശ്രമിച്ചതിന്റെ നിരവധി തെളിവുകള്‍ പുറത്തുവന്നതാണ്. സുപ്രീം കോടതി പോലും കേന്ദ്ര ഗവണ്‍മെന്റിന്റെ സത്യവാങ്മൂലത്തെ മുഖവിലക്കെടുക്കാന് തയ്യാറായിരുന്നില്ല എന്നതും വിസ്മരിക്കുവാന്‍ സാധിക്കില്ല. വ്യക്തികളേക്കാളുപരി സമൂഹവും രാഷ്ടരവുമാണെന്ന പരാമാര്‍ത്ഥ സത്യം ഓരോ തീരുമാനങ്ങള്‍ക്കും അടിസ്ഥാനമായി എക്കാലവും നിലകൊള്ളണം.

ലോകത്തിലുടനീളം ദേശീയതയും, ജാതിയും മതവും തുടങ്ങിയ വിഷയങ്ങള്‍ എളുപ്പത്തില്‍ മനുഷ്യമനസ്സുകളെ  പ്രതിരോധത്തിലാക്കുന്നവയാണ്. ഇതുപോലുള്ള കീറാമുട്ടികളായ വിഷയങ്ങള്‍ ഉപയോഗിച്ച് മനുഷ്യമനസ്സുകളെയും സമൂഹങ്ങളെയും  വിഭജിക്കാന്‍ ഒരു വിഭാഗം ഒരുമ്പെട്ടിറങ്ങിയാല്‍ അതിനെ പ്രതിരോധിക്കുക എന്നത് വളരെ ശ്രമകരമായ വസ്തുത തന്നെയാണ്. ലോകത്തിലുടെനീളം ഇതിന് നിരവധി ഉദാഹരണങ്ങള്‍  എല്ലാക്കാലങ്ങളിലും കാണുവാന്‍ സാധിക്കും. പട്ടിണിയിലും അനുയോജ്യമായ ജീവിത സാഹചര്യങ്ങളുടെ അഭാവത്തിലും  ജീവിക്കുന്ന മനുഷ്യനെപ്പോലും മതത്തിന്റെ പേരില്‍ തമ്മിലടിപ്പിക്കാന്‍  ഇതുപോലുള്ള വ്യവസ്തിതികള്‍ക്ക് എളുപ്പത്തില്‍ സാധ്യമാകുന്നു എന്നതും വിസ്മയാവഹവുമാണ്. നിരക്ഷരരായ വ്യക്തികള്‍ക്ക് തങ്ങളനുഭവിക്കുന്ന ദുരിതങ്ങളുടെ മൂല കാരണം മൂന്നാമൊതൊരാള്‍ ആണെന്നും വിശ്വസിപ്പിക്കാനും ആ സാങ്കല്‍പിക അപരനെതിരായി പടപൊരുതുവാന്‍ തയ്യാറാവുന്ന സ്ഥിതി ഇനി ഭാരതത്തില്‍ ഉണ്ടാവാതിരിക്കുവാന്‍ ശ്രദ്ധിക്കേണ്ടത് വേറെ ആരുമല്ല രാജ്യം ഭരിക്കുന്ന വ്യക്തികള്‍ തന്നെ.


 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category