1 GBP = 94.40 INR                       

BREAKING NEWS

മുഖങ്ങള്‍: ഭാഗം നാല്

Britishmalayali
രശ്മി പ്രകാശ്

സയെ കാണാതായിട്ട് രണ്ടാമത്തെ ദിവസത്തിന്റെ പകലും മറഞ്ഞു പോകാന്‍ തയ്യാറെടുക്കുന്നു. നവംബറിന്റെ തണുപ്പ് നേര്‍ത്ത ഇരുളോടെ പടര്‍ന്നു തുടങ്ങിയപ്പോഴാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ മാര്‍ക്ക് വില്യം, ഫിലിപ്പിനെ കാണാനെത്തിയത്.

ഡോക്ടര്‍ മാളിയേക്കല്‍... ഒരു അശുഭ വാര്‍ത്ത നിങ്ങളെ എനിക്ക് അറിയിക്കാനുണ്ട്. അശുഭ വാര്‍ത്തയാണോ എന്ന് നിങ്ങള്‍ വന്നു കണ്ടാല്‍ മാത്രമേ തീര്‍ച്ചപ്പെടുത്താന്‍ കഴിയൂ. ഗ്രയിസ് എന്ന സ്ഥലത്തെക്കുറിച്ചു ഡോക്ടര്‍ കേട്ടിട്ടുണ്ടാകും എന്ന് വിശ്വസിക്കുന്നു. ഇവിടെ നിന്ന് ഏകദേശം അരമണിക്കൂറില്‍ കൂടുതല്‍ യാത്രയുണ്ട് ഗ്രയിസിലേക്ക്. 20 മൈല്‍ ചുറ്റളവില്‍ വ്യാപിച്ചു കിടക്കുന്ന പുരാതന ടൗണില്‍ ആള്‍താമസം കുറവാണ്. അവിടെ റിവര്‍ തേംസിലേക്കു പോകുന്ന റോഡിന്റെ ഇരുഭാഗത്തും പാഴ്മരങ്ങള്‍ നില്‍ക്കുന്ന സ്ഥലത്ത് ഒരു പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മുഖം തിരിച്ചറിയാന്‍ പറ്റുന്നില്ല. നിങ്ങള്‍ എന്റെ കൂടെ ഒന്നവിടെ വരെ വരണം.

ഫിലിപ്പിന് തന്റെ ഹൃദയമാരോ ജീവനോടെ പറിച്ചെടുക്കുന്നതുപോലെ തോന്നി. ഉയര്‍ന്നു വന്ന നിലവിളി അടക്കിപ്പിടിച്ചു കൊണ്ട് അയാള്‍ മുട്ടുകള്‍ രണ്ടും നിലത്തു കുത്തി. ഇസയുടെ 'അമ്മ ഇപ്പോള്‍ ഹോസ്പിറ്റലില്‍ നിന്നും ഡിസ്ചാര്‍ജ് ആയി വന്നതേ ഉള്ളൂ. ഇങ്ങനെ ഒരു വാര്‍ത്ത കേള്‍ക്കാനുള്ള മനോബലം അവള്‍ക്കുണ്ടാവില്ല. കുറച്ചുസമയം വേണ്ടിവന്നു ഫിലിപ്പിന് തന്റെ മനോനില വീണ്ടെടുക്കാന്‍. വേഷം മാറ്റിയിട്ട് വരാമെന്നു പറഞ്ഞു റൂമിലേക്ക് പോയ ഫിലിപ്പ് ബാത്ത് റൂമിലേക്ക് കയറി വാവിട്ടു നിലവിളിച്ചു. 

സമയം ഒരുപാട് അതിക്രമിക്കുന്നുവെന്നു തോന്നിയപ്പോള്‍ മാര്‍ക്ക് കതകില്‍ മുട്ടിവിളിച്ചു. നനഞ്ഞു കുതിര്‍ന്നു തൂവലുകള്‍ മുഴുവന്‍ മഴയിലൊട്ടിപ്പോയ ഒരു കിളിയെപ്പോലെ ഫിലിപ്പ് വന്നു വാതില്‍ തുറന്നു. പറക്കാന്‍ വയ്യാതെ മരക്കൊമ്പില്‍ പറ്റിപ്പിടിച്ചിരുന്നു വിറയ്ക്കുന്ന നിസ്സഹായതയോടെ അയാള്‍ പുറത്തേക്കു വന്നു.
അയാളുടെ മനസ്സ് ഒരു നനഞ്ഞ കിളിയായി മാറിയിരുന്നു.

വേഷം മാറാതെ തിരികെ വന്ന ഫിലിപ്പിനെ കണ്ടപ്പോള്‍ തന്നെ മാര്‍ക്കിന് മനസ്സിലായി അയാള്‍ കരയുകയായിരുന്നെന്ന്. എവിടേക്ക് പോകുന്നുവെന്ന് ഗ്രേസിനോട്  പറയാതെ ഐസക്കിനോട് മാത്രം കാര്യം ചെറുതായി സൂചിപ്പിച്ചു അയാള്‍ മാര്‍ക്കിന്റെ കൂടെ പോലീസ് കാറില്‍ തന്നെ യാത്രയായി. സ്വയം കാറോടിക്കാനുള്ള ഒരു മനസ്സാന്നിദ്ധ്യം അയാള്‍ക്കുണ്ടായിരുന്നില്ല. 

ഏറെ വിജനമായിരുന്നു ഗ്രയിസിലേക്കുള്ള പാത. മുന്നില്‍ നേര്‍ത്ത ഇരുള്‍ പരന്നു തുടങ്ങിയിരിക്കുന്നു. മഞ്ഞുകലര്‍ന്ന മഴത്തുള്ളികളിലൂടെ സ്പര്‍ശഗന്ധിയായ സന്ധ്യ പതിയെ കടന്നു വരുന്നു. അടുത്തെവിടെയോ ഉള്ള പള്ളിയില്‍ മണികള്‍ അലച്ചടങ്ങുന്ന ശബ്ദം. ടൗണിലേക്ക് പോകുന്ന പാതയില്‍ അവിടവിടെയായി വലിയ വളവുകളുള്ള റോഡുകളില്‍ കോണ്‍വെക്‌സ് സേഫ്റ്റി മിററുകള്‍ കാണാമായിരുന്നു.

ഫിലിപ്പ് ആരോടും സംസാരിച്ചില്ല. യാത്രയിലുടനീളം നിശ്ശബ്ദത അവര്‍ക്കിടയില്‍ തളം കെട്ടി നിന്നു. മാര്‍ക്കിനെയും ഫിലിപ്പിനെയും കൂടാതെ ലെക്‌സിയുടെ ഗ്രാന്‍ഡാഡ് മി.ജോണ്‍ ഹെപ്‌ബേണും ഒരു പോലീസ് കോണ്‍സ്റ്റബിളും യാത്രയില്‍ ഒപ്പം ഉണ്ടായിരുന്നു. ഇനി ഒരു അഞ്ചുമിനിറ്റ് കൂടിയേ ഉള്ളൂ, കാറിന്റെ മുന്‍സീറ്റില്‍ ഇരുന്ന മാര്‍ക് തിരിഞ്ഞു ഫിലിപ്പിനെയും ജോണിനെയും നോക്കി. അത് നിങ്ങളുടെ കുട്ടികളില്‍ ഒരാളാകാതിരിക്കട്ടെ എന്ന് ഞാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു.

കാറില്‍ നിന്നിറങ്ങിയപ്പോള്‍ തന്നെ കുറച്ചു ഉള്ളിലായി പോലീസിന്റെ ക്രൈം സീന്‍ 'ഡു നോട്ട് ക്രോസ്സ്' എന്ന മഞ്ഞ കളര്‍ ബാരികേഡ് ടേപ്പ് കാണാമായിരുന്നു. കണ്ണുകളില്‍ വെള്ളം നിറഞ്ഞു മുന്നോട്ടുള്ള നടപ്പാത കാണാതെ ഫിലിപ്പ് ഒരു നിമിഷം നിന്നു. അത് മനസ്സിലാക്കിയിട്ടെന്നപോലെ ജോണ്‍, ഫിലിപ്പിന്റെ കൈകള്‍ ചേര്‍ത്തുപിടിച്ചു. മൃതദേഹത്തിനടുത്തെത്തിയപ്പോള്‍ തന്റെ കാഴ്ച പതിയെ മങ്ങുന്നതുപോലെ ഫിലിപ്പിന് തോന്നി. പോലീസ് ഒരു വെളുത്ത ഷീറ്റ് കൊണ്ട് മൃതദേഹം മറച്ചിരുന്നു. അവിടെ ഉണ്ടായിരുന്ന പോലീസുകാരോട് സംസാരിച്ചതിനുശേഷം മാര്‍ക്ക് ഫിലിപ്പിന്റെയും ജോണിന്റെയും അടുത്തേക്ക് വന്നു.

ബോഡി ഐഡന്റിഫൈ ചെയ്യാന്‍ നിങ്ങള്‍ റെഡി ആണോ?

മറുപടി ഒന്നും ലഭിക്കില്ല എന്നറിയാവുന്നതുകൊണ്ടാവും മാര്‍ക്ക് ചോദ്യം ആവര്‍ത്തിച്ചില്ല. പതിയെ ബോഡിയുടെ അടുത്തേക്ക് നീങ്ങിയ പോലീസ് തലയുടെ ഭാഗത്തു നിന്നും ഷീറ്റ് പതിയെ മാറ്റി. ആ മുഖത്തേക്ക് ഫിലിപ്പ് ഒന്നേ നോക്കിയുള്ളൂ. 

മുഖം നോക്കി മനസ്സിലാക്കാന്‍ നമുക്കാവില്ല, അത്ര ക്രൂരമായി ആക്രമിക്കപ്പെട്ടിരിക്കുന്നു. തോളെല്ലു ചതഞ്ഞും വായ് കീറിയും തലമുടി ഏറെക്കുറെ ചിതറിക്കരിഞ്ഞും കിടക്കുന്നു. മുഖം തിരിച്ചറിയാന്‍ കഴിയുന്നില്ല. വയറ്റിലും മാറിന് നടുവിലും കുത്തേറ്റതുപോലെയുള്ള പാടുകള്‍ ഉണ്ട്. മൃതദേഹം ഏറെക്കുറെ നഗ്‌നമാണ്. നിങ്ങള്‍ രണ്ടുപേരും മറ്റെന്തെങ്കിലും അടയാളങ്ങള്‍ കണ്ടു മനസ്സിലാക്കാന്‍ പറ്റുമോ എന്ന് ശ്രമിക്കൂ. മാര്‍ക്കിനോട് എന്ത് പറയണമെന്നറിയാതെ ഫിലിപ്പും ജോണും പരസ്പ്പരം നോക്കി.
(തുടരും)

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam