1 GBP = 94.40 INR                       

BREAKING NEWS

മുഖങ്ങള്‍: ഭാഗം അഞ്ച്

Britishmalayali
രശ്മി പ്രകാശ്

രിക്കല്‍ക്കൂടി ആ മൃതദേഹത്തിലേക്കു നോക്കാനുള്ള ശക്തിയില്ലാതെ ഫിലിപ്പും, ജോണും കരിയിലകള്‍ പുതഞ്ഞ മണ്ണിലേക്ക് തളര്‍ന്നിരുന്നു. ഏറെ നേരം കാത്തതിന് ശേഷമാണ് ഓഫീസര്‍ മാര്‍ക്ക് വില്യം സംസാരിച്ചു തുടങ്ങിയത്.

നിങ്ങളുടെ മാനസികാവസ്ഥ എനിക്ക് നന്നായി മനസ്സിലാകും. മൃതദേഹം പരിശോധിക്കാതെ വേറെ വഴിയൊന്നുമില്ല, ദയവു ചെയ്തു സഹകരിക്കുക.

പിഞ്ഞിപ്പറിഞ്ഞ മനസ്സോടെ, ഫിലിപ്പ് പതിയെ എണീറ്റ് ആ നിര്‍ജ്ജീവമായ ശരീരത്തിനടുത്തേക്ക് നീങ്ങി.അതുവരെ ധൈര്യം ഭാവിച്ചിരുന്ന ലെക്‌സിയുടെ ഗ്രാന്‍ഡാഡ് ജോണ്‍, എണീക്കാന്‍ കൂട്ടാക്കാതെ ഒരു കുഞ്ഞിനെപ്പോലെ വിതുമ്പിക്കരഞ്ഞുകൊണ്ടേയിരുന്നു. രാത്രി പൂര്‍ണ്ണമായും പകലിനെ വിഴുങ്ങാന്‍ തുടങ്ങി. ചുവന്ന സായാഹ്നം കറുത്തിരുണ്ടു. മഞ്ഞിന്റെ നേര്‍ത്ത പാളികള്‍ നിലാവിലേക്കലിഞ്ഞു ചേര്‍ന്നു. അരണ്ട വെളിച്ചത്തില്‍ ആ പ്രദേശം ഒരു ശ്മശാനം പോലെ തോന്നിച്ചു. രണ്ടു പോലീസുകാര്‍ വലിയൊരു  ഹാലൊജന്‍ ലൈറ്റ് താങ്ങിപ്പിടിച്ചു കൊണ്ടുവന്നു മൃതദേഹത്തിനടുത്തു വച്ചു. അന്ധകാരത്തെ നിഷ്പ്രഭമാക്കിക്കൊണ്ടു  ഒരു സൂര്യനെപ്പോലെ ആ പ്രകാശം പരന്നൊഴുകി.

മൃതദേഹം ഐഡന്റിഫൈ ചെയ്യാന്‍ തയ്യാറായ ഫിലിപ്പ് തന്റെ കണ്ണുകള്‍ രണ്ടുമൂന്നു വട്ടം ശക്തിയായി ഇറുക്കിയടച്ചു തുറന്നു. മുഖത്തേക്ക് നോക്കാന്‍ ധൈര്യമില്ലാതെ അയാള്‍ ശവത്തിന്റെ കാലുകളിലേക്ക് നോക്കി. വലത്തെ കാലിന്റെ പെരുവിരലില്‍ ഇസ സ്ഥിരമായി ഇടാറുള്ള സില്‍വര്‍ റിങ് ഈ കാലുകളിലില്ല. ഇലകള്‍ക്കിടയില്‍ നിന്ന് ഒരു നനവുള്ള കാറ്റ് ഹൃദയത്തിലേക്ക് വീശിയതുപോലെ ഫിലിപ്പിന് തോന്നി.മണ്ണും രക്തവും പടര്‍ന്നുങ്ങിയ കാല്‍പ്പാദത്തില്‍ വ്യാളിയുടെ രൂപം പച്ച കുത്തിയിരിക്കുന്നതു കൂടി കണ്ടപ്പോള്‍ ഇസയല്ല എന്നയാള്‍ക്കുറപ്പായി. 

രണ്ടു ദിവസം പ്രായമായ വിശപ്പ് പെട്ടന്ന് തിരികെ വന്നതുപോലെ വയറ്റില്‍ നിന്നൊരാന്തല്‍ ഉയര്‍ന്നു താണു. ഒരു പിടിവള്ളി കിട്ടിയതുപോലെ ഫിലിപ്പ്, ജോണിന്റെ അടുത്തേക്ക് തിരിഞ്ഞോടി. കരിയിലകള്‍ക്കിടയില്‍ കാല്‍മുട്ടുകളിലേക്ക് മുഖം പൂഴ്ത്തിയിരിക്കുന്ന അയാളുടെ ഇരുതോളിലും ശക്തമായി ചേര്‍ത്തു പിടിച്ചുലച്ചു.
 
ജോണ്‍ ,ലെക്‌സിയുടെ കാല്‍പ്പാദത്തില്‍ പച്ചകുത്തിയിട്ടുണ്ടോ? മരണപ്പെട്ട ഈ പെണ്‍കുട്ടിയുടെ കാലില്‍ പച്ചകുത്തിയിട്ടുണ്ട്. 

No....she hans't got any tattoos in her body.

പിടഞ്ഞെണീറ്റ ജോണ്‍ മൃതദേഹത്തിനടുത്തേക്ക് ഓടി. കാലുകളും കൈകളും മാറി മാറി പരിശോധിച്ചു. ഇതെന്റെ ലെക്‌സിയല്ല ...ഇതെന്റെ ലെക്‌സിയല്ല എന്ന് സന്തോഷത്തോടെ ഒരു ഭ്രാന്തനെപ്പോലെ ഉറക്കെ പുലമ്പി.ഓഫീസറിന്റെ മുഖത്തും വല്ലാത്തൊരു ആശ്വാസം കണ്ടു. തിരികെ കാറിലേക്ക് നടക്കുമ്പോള്‍ ഇസയും ലെക്‌സിയും എവിടെ എന്ന ചോദ്യം അവരുടെ മനസ്സിനെ മദിച്ചു കൊണ്ടേയിരുന്നു.

കാര്‍ മുന്നോട്ടെടുത്തപ്പോള്‍ ഇരുട്ടിനെ കീറിമുറിച്ചുകൊണ്ട് ഒരു ആംബുലന്‍സ് അവര്‍ക്കരികിലൂടെ കടന്നുപോയി.കുറച്ചു സമയത്തേക്ക് ആരും ഒന്നും മിണ്ടിയില്ല. അന്ധകാരത്തിന്റെ ഒരു കരകാണാക്കടലിലൂടെ എന്നപോലെ വിജനമായ പാതയിലൂടെ കാര്‍ മുന്നോട്ടു പോയിക്കൊണ്ടിരുന്നു. 

ഓഫീസര്‍, മാര്‍ക്ക് തന്നെ മൗനത്തിന്റെ കനത്ത ആവരണം പൊട്ടിച്ചെറിഞ്ഞു .നിങ്ങള്‍ ഒരിക്കലും പ്രത്യാശ കൈവിടരുത് രണ്ടു ദിവസമല്ലേ ആയിട്ടുള്ളൂ. ആഴ്ചകള്‍ക്കും മാസങ്ങള്‍ക്കും എന്തിനേറെ പറയുന്നു വര്‍ഷങ്ങള്‍ക്കു ശേഷം ജീവനോടെ ലഭിച്ച കേസുകള്‍ ഉണ്ട്. വിശ്വാസവും പ്രത്യാശയും, ജീവന്‍ തന്നെ പിടിച്ചു നിര്‍ത്തിയ കഥകള്‍ കേട്ടിട്ടില്ലേ?

William Sydney Porter എന്ന O Hentry യുടെ The last leaf എന്ന കഥ കേട്ടിട്ടില്ലേ? അമേരിക്കയിലെ നോര്‍ത്ത് കാലിഫോര്‍ണിയയില്‍ ജനിച്ച  അദ്ദേഹത്തിന്റെ കഥകള്‍ക്കെല്ലാം സര്‍പ്രൈസ് എന്‍ഡിങ് ആയിരുന്നു.

ദരിദ്രരായ ചിത്രകാരന്മാര്‍ പാര്‍ക്കുന്ന കോളനിയുണ്ട്. അവിടൊരു കുഞ്ഞുവീട്ടില്‍ രണ്ട് ചിത്രകാരികള്‍ ഒന്നിച്ചുകഴിയുന്നു. അതിലൊരാള്‍ക്ക് കടുത്ത പനിവന്നു അത് ന്യൂമോണിയയായി മാറുന്നു. രക്ഷപ്പെടില്ലെന്ന് അവള്‍ മനസ്സുകൊണ്ട് തീരുമാനിക്കുകയും ചെയ്തു. എല്ലാ പുലരിയിലും മുറിയുടെ കിളിവാതില്‍ തുറക്കുമ്പോള്‍ ഇല കൊഴിയുന്നൊരു മരത്തെ അവള്‍ കാണാറുണ്ട്. ഇനിയെത്ര ഇലകള്‍ ബാക്കിയുണ്ടെന്ന് എണ്ണിനോക്കും. ഒടുവിലത്തെ ഇല കൊഴിയുന്ന ദിവസം തന്റെ ആയുസ്സും തീരുമെന്ന് അവള്‍ വിചാരിച്ചുകൂട്ടി. കോളനിയില്‍ വൃദ്ധനായൊരു ചിത്രകാരനുണ്ട്. 'മഹത്തായൊരു ചിത്രം വരച്ചിട്ടേ ഞാന്‍ മരിക്കൂ'വെന്ന് അയാള്‍ എല്ലാരോടും പറയും. പനിയുള്ള ചിത്രകാരിയുടെ കൂട്ടുകാരി അയാളെ കണ്ട്  രോഗവിവരങ്ങള്‍ പറയുന്നു.സുഖമില്ലാത്ത അവള്‍ക്കായി ഒരു ചിത്രം വരയ്ക്കണമെന്ന് ആവശ്യപ്പെടുന്നു.ആദ്യം എതിരു പറഞ്ഞ അയാള്‍ പിന്നീടതിനു സമ്മതിക്കുന്നു.

അന്ന് രാത്രി ശക്തമായ കാറ്റുണ്ടായി. അവസാനത്തെ ഇലയും കൊഴിഞ്ഞിരിക്കുമെന്ന പേടിയില്‍ അവളുണര്‍ന്നു. ഇല്ല. ഒരില ഇപ്പോഴും ബാക്കിയുണ്ട്. പിറ്റേന്നും അതേ ഇലയുണ്ട്. ദിവസങ്ങള്‍ കഴിഞ്ഞു, ഇല കൊഴിഞ്ഞില്ല, വാടിയതുമില്ല. ആഞ്ഞുവീശിയ ശീതക്കാറ്റിലും വീഴാതെനില്‍ക്കുന്ന ആ പച്ചില അവള്‍ക്ക് പുതിയൊരു ഉള്‍ക്കരുത്ത് നല്‍കി. എന്നാല്‍, ഒരു ദുരന്തവാര്‍ത്തയുണ്ടായി. വൃദ്ധനായ ചിത്രകാരന്‍ മരിച്ചു. ജീവിതസ്വപ്നമായി അയാള്‍ ആഗ്രഹിച്ചുനടന്ന ആ മഹത്തായ ചിത്രം വരച്ചോ? എല്ലാരും പരസ്പരം ചോദിച്ചു. അതെ. അയാള്‍ സ്വപ്നം പൂര്‍ത്തിയാക്കിയാണ് ജീവിതം വിട്ടത്. ആ പെണ്‍കുട്ടിയെ പ്രത്യാശയുടെ പുലര്‍ക്കാഴ്ചയിലേക്ക് കൈപ്പിടിച്ച പച്ചില അയാള്‍ വരച്ചിട്ട ചിത്രമായിരുന്നു !
 
പ്രത്യാശയുടെ കഥ പകര്‍ന്ന ആത്മവിശ്വാസവുമായി ഫിലിപ്പ് വീട്ടിലെത്തിയപ്പോള്‍ ബ്ലോസ്സം അവെന്യൂവിലെ അവസാനത്തെ വീട്ടിലെ നാലു ചുവരുകള്‍ക്കുള്ളില്‍ ആരും കേള്‍ക്കാതെ ഒരു തേങ്ങല്‍ ഞെരിഞ്ഞമര്‍ന്നു.
  (തുടരും)

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam