1 GBP = 88.40 INR                       

BREAKING NEWS

ഇടംകൈ കൊണ്ടുള്ള മനോഹരമായ സ്ട്രോക്കുകള്‍; ഭാഗ്യഭൂമിയില്‍ വീറ് വീണ്ടെടുത്ത് ശിഖര്‍ ധവാന്‍; ബിഗ് ത്രീ ഇഫക്ടിലേക്ക് ടീം ഇന്ത്യ വീണ്ടും; വിരാട് കോലിയും സംഘവും ആര്‍ത്തലച്ചുവരുമ്പോള്‍ ആരുണ്ട് വെല്ലുവിളിക്കാന്‍?

Britishmalayali
kz´wteJI³

ശിഖര്‍ ധവാന് ഇംഗ്ലണ്ട് ഭാഗ്യവേദിയാണ്. 2017-ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ത്തന്നെ അക്കാര്യം വ്യക്തമാവുകയും ചെയ്തു. ഫോം വീണ്ടെടുക്കാന്‍ വിഷമിച്ച ധവാനെ, ഇടംകൈ കൊണ്ടുള്ള മനോഹരമായ സ്ട്രോക്കുകളിലേക്ക് ഇംഗ്ലണ്ടിലെ ഭാഗ്യവേദികളിലൊന്ന് തിരിച്ചുകൊണ്ടുവരികയും ചെയ്തു. കെന്നിങ്ടണ്‍ ഓവലില്‍ ഇന്നലെ ഓസ്ട്രേലിയക്കെതിരേ ധവാന്‍ നേടിയ സെഞ്ചുറി, അദ്ദേഹത്തിന് മാത്രമല്ല, ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്കുകൂടി വലിയ ആശ്വാസമായി മാറി.

കഴിഞ്ഞ ഒമ്പത് മത്സരമായി ധവാന്‍ വലിയ ഫോമിലായിരുന്നില്ല. കൃത്യമായി പറഞ്ഞാല്‍ ഇക്കൊല്ലം മാര്‍ച്ചില്‍ മൊഹാലിയില്‍ ഓസ്ട്രേലിയക്കെതിരേ തന്നെ നേടിയ 143 റണ്‍സാണ് ശിഖറിന്റെ ഇതിന് മുമ്പത്തെ മികച്ച പ്രകടനം. അതിനുശേഷം സന്നാഹ മത്സരങ്ങളടക്കം ഒമ്പത് മത്സരങ്ങളില്‍ കാര്യമായ സ്‌കോര്‍ ഈ ഇടംകൈയന്‍ ബാറ്റ്സ്മാനില്‍നിന്നുണ്ടായില്ല. ശിഖര്‍ ധവാന് പകരം ഓപ്പണിങ്ങില്‍ മറ്റൊരാളെ പരീക്ഷിക്കണമെന്ന നിര്‍ദ്ദേശം പോലും വിമര്‍ശകര്‍ ഉന്നയിച്ചിരുന്നു. ആ വിമര്‍ശനങ്ങളൊക്കെ അടക്കുന്നതാണ് ഈ ഇന്നിങ്സ്.

ഇന്ത്യന്‍ ക്രിക്കറ്റ് അതിന്റെ സുവര്‍ണകാലമായി വിശേഷിപ്പിക്കുന്നത് ഫാബ് ഫോറിന്റെ കാലമാണ്. സച്ചിന്‍, സെവാഗ് ഓപ്പണര്‍മാരും മൂന്നാം നമ്പറില്‍ രാഹുല്‍ ദ്രാവിഡും ചേര്‍ന്ന കാലം. സൗരവ് ഗാംഗുലിയെന്ന നാലാമന്‍ കൂടി ചേരുമ്പോള്‍ അത് വിജയഫോര്‍മുലയായി മാറുമായിരുന്നു. എത്രയോ കൂട്ടുകെട്ടുകള്‍, എത്രയോ മത്സരങ്ങള്‍ വിജയിപ്പിച്ച സംഘമായിരുന്നു അത്. അത്തരമൊരു കാലത്തേക്കുള്ള മടങ്ങിപ്പോക്കിലാണ് ഇപ്പോല്‍ ടീം ഇന്ത്യ. ഓപ്പണിങ്ങില്‍ രോഹിതും ധവാനും. മൂന്നാമനായി ക്യാപ്റ്റന്‍ വിരാട് കോലി. ബിഗ് ത്രീയുടെ കാര്യത്തില്‍ സംശയമില്ലെങ്കിലും, നാലാമനാര് എന്ന ചോദ്യം അവശേഷിക്കുന്നു.

അവിടേക്കാണ് ഇന്ത്യ പരീക്ഷണങ്ങള്‍ നടത്തുന്നത്. ശരിക്കുമൊരു യൂട്ടിലിറ്റി സ്ഥാനമായാണ് ഇതിനെ കാണേണ്ടത്. ഓരോ മത്സരത്തിന്റെയും സാഹചര്യമനുസരിച്ച് അതിനൊത്ത താരങ്ങളെ നിയോഗിക്കേണ്ട ഇടം. ബാറ്റിങ് ഓര്‍ഡറില്‍ ശരിയായ പരീക്ഷണം നടത്തേണ്ടതും ഇവിടെയാണ്. ഈ പരീക്ഷണം പാളിയാല്‍, അത് ചിലപ്പോള്‍ മത്സരത്തെത്തന്നെ തകിടം മറിക്കുമെന്നതിനാല്‍, നിര്‍ണായകമാണ് ആ തീരുമാനം. ഇന്നലെ, ഹര്‍ദിക് പാണ്ഡ്യയിലാണ് ഇന്ത്യ ആ പരീക്ഷണം നടത്തിയത്. അത് വലിയ രീതിയില്‍ വിജയിക്കുകയും ചെയ്തു.

മികച്ച രീതിയില്‍ സ്‌കോര്‍ ചെയ്തുകൊണ്ടിരിക്കെയാണ് ധവാന്‍ സെഞ്ചുറിയുമായി പുറത്താകുന്നത്. മറുഭാഗത്ത്, വിരാട് കോലി വലിയ ഷോട്ടുകള്‍ സാധിക്കാത്ത നിലയിലും. അവിടെയൊരു പിഞ്ച് ഹിറ്ററാണ് യോജിക്കുകയെന്ന് ടീം മാനേജ്മെന്റ് വിലയിരുത്തി. 27 പന്തില്‍ 48 റണ്‍സെടുത്ത ഹര്‍ദിക്കിന്റെ പ്രകടനം, റണ്‍റേറ്റിനെച്ചൊല്ലിയുള്ള എല്ലാ ആകുലതകളും അകറ്റുകയും ചെയ്തു. സമീപകാലത്ത് ഇന്ത്യക്ക് കിട്ടിയ ഏറ്റവും വലിയ നേട്ടമാണ് ഹര്‍ദിക്കെന്ന ഓള്‍റൗണ്ടര്‍. പേസ് ബൗളര്‍ ഓള്‍റൗണ്ടറെന്ന കാത്തിരിപ്പിന് വിരാമവും.

സുസ്ഥിരമാണ് ഇന്ത്യന്‍ ബാറ്റിങ് നിര. അതുകൊണ്ടുതന്നെയാണ് ആദ്യ പവര്‍പ്ലേയില്‍ റണ്ണൊഴുക്ക് കുറഞ്ഞപ്പോഴും ടീം പരിഭ്രാന്തരാകാതിരുന്നത്. ആദ്യ പത്തോവറില്‍ 40 റണ്‍സ് മാത്രം സ്‌കോര്‍ ചെയ്ത ടീമാണ് പിന്നീടുള്ള 40 ഓവറില്‍ 312 റണ്‍സടിച്ചതെന്ന് ഓര്‍ക്കണം. നിലയുറപ്പിക്കുകയെന്നതായിരുന്നു ഇന്ത്യയുടെ തന്ത്രം. ഓസ്ട്രേലിയന്‍ പേസ് ബൗളര്‍മാരുടെ, പ്രത്യേകിച്ച് മിച്ചല്‍ സ്റ്റാര്‍ക്കിനെപ്പോലുള്ളവരുടെ മൂര്‍ച്ച കുറയുന്നതുവരെ രോഹിതും ധവാനും കോട്ടകാത്തു. പഴുതുകള്‍ വന്നുതുടങ്ങിയതുമുതല്‍ അവരത് മുതലാക്കിത്തുടങ്ങുകയും ചെയ്തു.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനുള്ള തീരുമാനവും നിര്‍ണായകമായി. കളി മുന്നേറുംതോറും ബാറ്റിങ്ങിന് അനുകൂലമായി മാറുന്ന ഓവല്‍ പിച്ചില്‍ ആദ്യം ബാറ്റ് ചെയ്ത് വലിയ സ്‌കോറുയര്‍ത്തുകയെന്നതായിരുന്നു തന്ത്രം. പിച്ചിന്റെ ബാറ്റ്സ്മാന്മാരോടുള്ള അനുരാഗം വെളിപ്പെടുത്തുന്നതാണ് ഇരുടീമുകളുടെയും സ്‌കോര്‍നില. രണ്ട് ടീമിലെയും ആദ്യ അഞ്ച് ബാറ്റ്സ്മാന്മാര്‍ 25 റണ്‍സിലേറെ സ്‌കോര്‍ ചെയ്ത ആദ്യ മത്സരം കൂടിയാണിത്. ഇംഗ്ലണ്ടിലെ പിച്ചുകളില്‍ ബാറ്റിങ്ങിന് ഏറ്റവും അനുകൂലമായ പിച്ചും ഓവലിലേതാണെന്ന് കരുതേണ്ടിവരും.

ഓസ്ട്രേലിയക്കെതിരേ ലോകകപ്പില്‍ ഒരു ടീം 350-ലേറെ റണ്‍സ് കുറിക്കുന്നത് ആദ്യമായാണ്. നിലവിലെ ജേതാക്കള്‍ക്കെതിരേ നേടിയ 36 റണ്‍സ് വിജയം ഇന്ത്യക്ക് ആത്മവിശ്വാസം പകരുന്നതും. തുടക്കം നന്നായാല്‍ എല്ലാം നന്നാകുമെന്നത് അന്വര്‍ഥമാക്കുന്നതാണ് ഇന്ത്യയുടെ പ്രകടനം. 127 റണ്‍സിന്റെ ഓപ്പണിങ് കൂട്ടുകെട്ടാണ് ഇന്ത്യയെ വലിയ സ്‌കോറിലേക്ക് നയിച്ചത്. ഓസ്ട്രേലിയക്കെതിരെ ഒരു ടീം ഓപ്പണിങ് വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കുന്നത് ലോകകപ്പ് ചരിത്രത്തില്‍ മൂന്നാം തവണ മാത്രമാണ്. അതും 87 മത്സരങ്ങള്‍ക്കിടെ. അത്തരമൊരു കൂട്ടുകെട്ട് തീര്‍ക്കാനായി എന്നതാകും ഇനിയുള്ള മത്സരങ്ങളില്‍ ഇന്ത്യയുടെ ഉത്തേജനം.

ഇംഗ്ലണ്ടില്‍ ധവാന്‍ ഇന്ത്യയുടെ ഭാഗ്യതാരമാകുമോ എന്നാണ് ഇനി കണ്ടറിയാനുള്ളത്. 2013-ല്‍ ഇംഗ്ലണ്ടില്‍ ചാമ്പ്യന്‍സ് ട്രോഫി നടന്നപ്പോല്‍ ഇന്ത്യക്ക് കിരീടം നേടിത്തരുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചത് ധവാനായിരുന്നു. ടൂര്‍ണമെന്റിന്റെ താരമായും ധവാന്‍ മാറി. 2017-ല്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ ഫൈനലില്‍ പരാജയപ്പെട്ടെങ്കിലും ധവാനായിരുന്നു ടീമിന്റെ ടൂര്‍ണമെന്റിലെ ടോപ്സ്‌കോറര്‍. ഇനിയുമേറെ മത്സരങ്ങള്‍ ശേഷിക്കെ, ഇക്കുറിയും ധവാനും ഇംഗ്ലണ്ടിലെ പിച്ചുകളുമായുള്ള പ്രണയം ആവര്‍ത്തിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് ആരാധകര്‍.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category