1 GBP = 86.80 INR                       

BREAKING NEWS

കൂട്ടുകാരിക്ക് ലോണ്‍ കൊടുക്കാന്‍ വിസമ്മതിച്ച ബാങ്ക് മാനേജരെ കുരുക്കാന്‍ പൊലീസുകാരിയെ വേഷം മാറ്റി അയച്ചു; വ്യാജ പീഡനകേസില്‍ കുടുക്കി അറസ്റ്റ് ചെയ്ത മാനേജരെ മര്‍ദ്ദിച്ചു; ഹൈക്കോടതി ഇടപെടല്‍ കേസിന് പുതുമാനം നല്‍കി; ഐജി മനോജ് എബ്രഹാമിന്റെ അന്വേഷണം വിധിയെഴുതിയത് തെറ്റുകാരിയല്ലെന്ന്; പോരാട്ടത്തിനിറങ്ങിയ പേഴ്സി ജോസഫ് വീണ്ടും ഹൈക്കോടതിയില്‍; നിശാന്തിനി ഐപിഎസിനെതിരെ കരുക്ക് മുറുന്നു

Britishmalayali
kz´wteJI³

തിരുവനന്തപുരം: ബാങ്ക് മാനേജര മര്‍ദിച്ചെന്ന കേസില്‍ ക്രൈംബ്രാഞ്ച് എസ്പി: ആര്‍.നിശാന്തിനിക്കെതിരെ തുടരന്വേഷണത്തിനു സര്‍ക്കാര്‍ ഉത്തരവിട്ടു. ബാങ്ക് മാനേജര്‍ പേഴ്‌സി ജോസഫിനെ 2011 ജൂലൈയില്‍ തൊടുപുഴ പൊലീസ് സ്റ്റേഷന്റെ മുകള്‍ നിലയിലെ എഎസ്പി ഓഫിസില്‍വച്ച് നിശാന്തിനിയും പൊലീസുകാരും ചേര്‍ന്നു മര്‍ദിച്ചെന്ന ആരോപണത്തിലാണ്, ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം സര്‍ക്കാര്‍ നടത്തിയത്. അന്വേഷണത്തില്‍ കുറ്റക്കാരിയെന്നും കണ്ടെത്തി. എന്നാല്‍ നടപടി മാത്രം എടുത്തില്ല. ഇതോടെ വീണ്ടും നിയമ പോരാട്ടം ഹൈക്കോടതിയില്‍ എത്തി. ഇപ്പോള്‍ മുമ്പത്തെ എല്ലാ അന്വേഷണത്തിനും പുറമേ സത്യം കണ്ടെത്താന്‍ ഐഎസ് എസ് ഉദ്യോഗസ്ഥ തല അന്വേഷണം നടക്കുന്നുവെന്നാണ് സര്‍ക്കാര്‍ നിലപാട്.

ഇക്കാര്യത്തില്‍ പല അന്വേഷണങ്ങള്‍ നടത്തിയിരുന്നു. അവസാനമായി ഐജിയായിരുന്ന മനോജ് എബ്രഹാമിനേയാണ് അന്വേഷണത്തിന് നിയോഗിച്ചത്. ഐജി ദിനേന്ദ്ര കശ്യപിനെ പ്രസന്റിങ് ഓഫീസറുമാക്കി. ഈ അന്വേഷണത്തില്‍ നിശാന്തിനിക്കെതിരായ ആരോപണങ്ങള്‍ തെളിയിക്കാനായില്ലെന്ന നിഗമനത്തില്‍ എത്തി. ഇതോടെയാണ് വീണ്ടും പരാതി ഹൈക്കോടതിയില്‍ എത്തിയത്. ഈ സാഹചര്യത്തിലാണ് വീണ്ടും നിശാന്തിനിക്കെതിരെ അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. മനോജ് എബ്രാഹം റിപ്പോര്‍ട്ട് സര്‍ക്കാര്‍ വിശദമായി പരിശോധിച്ചെന്നും അതില്‍ പിഴവുകളുണ്ടെന്നും ഹൈക്കോടതിയെ ചീഫ് സെക്രട്ടറി ടോം ജോസ് സത്യവാങ്മൂലത്തിലൂടെ അറിയിച്ചു. നടപടി ക്രമങ്ങളില്‍ വലിയ വീഴ്ചയുണ്ടായിട്ടുണ്ടെന്നും നിരീക്ഷിച്ചു. ഈ സാഹചര്യത്തിലാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ ഈ പ്രശ്നം പരിശോധിക്കുന്നത്. സെക്രട്ടറി റാങ്കിലെ ഉദ്യോഗസ്ഥന്‍ പ്രസന്റിങ് ഓഫീസറാകുമെന്നും അറിയിച്ചു.

നിശാന്തിനി നേരത്തേ ആരോപണം നിഷേധിച്ചിരുന്നു. വായ്പയെടുക്കാന്‍ എത്തിയ പ്രമീളയോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ചു തന്നെ വിളിച്ചു വരുത്തി മര്‍ദിച്ചെന്നാണു പേഴ്‌സിയുടെ പരാതി. ഐഎഎസ് ഉദ്യോഗസ്ഥനായ രാജമാണിക്യത്തിന്റെ ഭാര്യയാണ് നിശാന്തിനി. കള്ളക്കേസ് ഉണ്ടാക്കി യൂണിയന്‍ ബാങ്കിന്റെ മുന്‍ തൊടുപുഴ മാനേജര്‍ പേഴ്‌സി ജോസഫ് ഡെസ്മണ്ടിനെ പൊലീസ് സ്റ്റേഷനില്‍ കയറ്റി തല്ലിച്ചതച്ച കേസാണ് നിശാന്തിനിക്ക് വിനയാകുന്നത്. പേഴ്‌സി ജോസഫ് ഡെസ്മണ്ടിനെ കസ്റ്റഡിയില്‍ ദ്രോഹിച്ചെന്ന കേസില്‍ പൊലീസുദ്യോഗസ്ഥരുടെപേരില്‍ അച്ചടക്കനടപടി ആവശ്യമാണെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. പരാതിക്കാരന്റെ പ്രഥമവിവരമൊഴി വിളിച്ചുവരുത്തി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ ഈ നിര്‍ദ്ദേശം നല്‍കിയത്.

തൊടുപുഴ മജിസ്‌ട്രേറ്റുകോടതിയില്‍ കേസുള്ള കാര്യം മറച്ചുവെച്ച് അതിലുള്‍പ്പെട്ട ഏതെങ്കിലും പൊലീസുദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം നല്‍കിയിട്ടുണ്ടോയെന്നും സംസ്ഥാന പൊലീസ് മേധാവി പരിശോധിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. കേസില്‍ ഉള്‍പ്പെട്ട പൊലീസുദ്യോഗസ്ഥനായ കെ.ഐ. മുഹമ്മദിന്റെ ഹര്‍ജിയിലായിരുന്നു ഹൈക്കോടതി പരാമര്‍ശം. 2011 ജൂലായ് 27-ന് എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പരാതിക്കാരന്റെ പ്രഥമവിവരമൊഴിയെടുത്തയാളാണ് ഹര്‍ജിക്കാരനായ മുഹമ്മദ് എന്ന പൊലീസുകാരന്‍. മൊഴി സ്റ്റേഷന്‍ ഹൗസ് ഓഫീസറെ ഏല്‍പ്പിച്ചതിന്റെ രേഖ ഹര്‍ജിക്കാരന്‍ ഹാജരാക്കി. പരാതി ഉന്നതപൊലീസുദ്യോഗസ്ഥരുടെ പേരിലാണെന്നതിനാലാണ് അങ്ങനെ ചെയ്തതെന്നും ബോധിപ്പിച്ചു. അക്കാര്യം വിലയിരുത്തി ഹര്‍ജിക്കാരന്റെ പേരില്‍ തൊടുപുഴ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലുള്ള കേസ് സിംഗിള്‍ ബെഞ്ച് റദ്ദാക്കുകയും ചെയ്തു. എന്നാല്‍, അന്നത്തെ എ.എസ്പി.യും രണ്ടു വനിതകളുള്‍മുള്‍പ്പെടെ നാലു പൊലീസുദ്യോഗസ്ഥര്‍ നടത്തിയ കടുത്തപീഡനത്തെക്കുറിച്ചാണ് മൊഴിയില്‍ പറയുന്നതെന്ന് കോടതി വിലയിരുത്തി. പേഴ്‌സിയെ എ.എസ്പി.യുടെ ഓഫീസിലെത്തിച്ചായിരുന്നു മര്‍ദിച്ചവശനാക്കിയത്.

വായ്പയ്ക്ക് ബാങ്കിലെത്തിയ വനിതാ പൊലീസുദ്യോഗസ്ഥയുടെ കൈയില്‍ കയറിപ്പിടിച്ചെന്നായിരുന്നു പേഴ്‌സിയുടെ പേരിലെ ആക്ഷേപം. വായ്പ നിഷേധിച്ചതിന്റെ പേരില്‍ ആക്ഷേപമുന്നയിച്ച് എ.എസ്പി.യുടെ ഓഫീസിലെത്തിക്കുകയായിരുന്നു. അത്തരമൊരു പരാതിയില്‍ കുറ്റാരോപിതരുടെപേരില്‍ ശരിയായ രീതിയില്‍ അച്ചടക്കനടപടി വേണ്ടതാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. പരാതിക്കാരന്റെ പ്രഥമവിവരമൊഴി ഏറെക്കാലം പൊലീസുദ്യോഗസ്ഥര്‍ മനപ്പൂര്‍വം ഒതുക്കിയെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു. ആരോപണവിധേയരെ നിയമനടപടിയില്‍നിന്ന് രക്ഷിക്കാനുള്ള ഉദ്ദേശ്യത്തോടെയാകാമിത്. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടപ്പോള്‍ മാത്രമാണ് പ്രഥമവിവരറിപ്പോര്‍ട്ട് പുറത്തുവന്നതെന്നും ഹൈക്കോടതിയില്‍ ഹാജരാക്കിയതെന്നും സിംഗിള്‍ ബെഞ്ച് വിലയിരുത്തി. ഇത്തരമൊരു കേസിലാണ് ഇനിയും നിശാന്തിനിക്കെതിരെ നടപടി എടുക്കാത്തത്.

ഇതേ കേസില്‍ കേസില്‍ നിശാന്തിനി ഉള്‍പ്പെടെ ആറു പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഉചിതമായ അച്ചടക്ക നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് ആഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. ആരോപണ വിധേയനായ വ്യക്തി ബാങ്ക് മാനേജരായിട്ടും നിശാന്തിനി കേസ് കൈകാര്യം ചെയ്തത് പ്രഫഷനല്‍ സമീപനത്തോടെയായിരുന്നില്ല. നിശാന്തിനിക്കെതിരെ പൊതുഭരണ വകുപ്പ് തുടര്‍നടപടികള്‍ സ്വീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചിരുന്നു. 2011ലാണ് പേഴ്‌സി ജോസഫിനെ നിശാന്തിനി ഐപിഎസ് അടക്കം ഒരു കൂട്ടം പൊലീസുകാര്‍ ചേര്‍ന്ന് കള്ളക്കേസില്‍ കുടുക്കിയത്. സ്‌കൂട്ടര്‍ വാങ്ങാന്‍ ലോണിനായി ചെന്ന പ്രമീളാ ബിജു എന്ന പൊലീസുകാരിയുടെ കയ്യില്‍ കടന്നു പിടിച്ചു എന്ന് കള്ളക്കേസ് ഉണ്ടാക്കുകയായിരുന്നു. പേഴ്‌സി ജോസഫിനെ കുരുക്കാന്‍ കെട്ടി ചമച്ച കള്ളക്കേസാണെന്ന് കണ്ട് 2016 ഏപ്രില്‍ 15ന് ഇദ്ദേഹത്തെ കോടതി കുറ്റ വിമുക്തനാക്കിയിരുന്നു.

തുടര്‍ന്ന് തനിക്കെതിരെ കള്ളക്കേസ് ചമച്ച പൊലീസുകാര്‍ക്കെതിരെ പേഴ്‌സി ജോസഫ് നടപടിയുമായി മുന്നോട്ട് പോവുകയായിരുന്നു. ഇതോടെയാണ് നിശാന്തിനി ഐപിഎസ് അടക്കം പ്രതിക്കൂട്ടിലായിരിക്കുന്നത്. അന്നത്തെ മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്സണ്‍ ഷീജ ജയന്റെ ഭര്‍ത്താവിന് ബാങ്കില്‍ ഒരു ഭവന വായ്പ നിലവിലുണ്ടായിരുന്നു. അതിന്റെ കുടിശിക നിലനില്‍ക്കുമ്പോള്‍തന്നെ മറ്റൊരു ലോണിനായി ഇയാള്‍ ബാങ്കിനെ സമീപിച്ചിരുന്നു. സ്ഥലത്തിന്റെ രേഖകള്‍ കാണിച്ചാല്‍ അമ്പതിനായിരം രൂപ കാര്‍ഷിക വായ്പ നല്‍കാമെന്ന് പേഴ്സി ജോസഫ് അറിയിച്ചു. എന്നാല്‍ അമ്പതിനായിരം രൂപയല്ല മറിച്ച് ഒരു ലക്ഷം രൂപയെങ്കിലും തനിക്ക് വായ്പയായി ലഭിക്കണമെന്ന് ജയന്‍ നിര്‍ബന്ധപ്പെടുകയായിരുന്നുവെന്നും പേഴ്സി പറയുന്നു. അത്തരം ക്രമക്കേടുകളിലൂടെ ഒരു വായ്പയും നല്‍കാന്‍ താന്‍ തയ്യാറല്ലെന്ന് പറഞ്ഞപ്പോള്‍ എങ്കില്‍ തൊടുപുഴയില്‍ തങ്ങള്‍ ആരാണെന്നും എന്താണ് തങ്ങളുടെ ശക്തിയെന്നും കാണിച്ചു തരാമെന്ന ഭീഷണി മുഴക്കിയ ശേഷമാണ് ക്ഷുഭിതനായ ജയന്‍ ബാങ്കില്‍ നിന്നും ഇറങ്ങിപ്പോയതെന്നും പേഴ്സി പറയുന്നു. തുടര്‍ന്നാണ് പൊലീസ് ആസൂത്രണം ചെയ്ത നാടകം നടക്കുന്നത്.

തുടര്‍ന്ന്, ഷീജാ ജയന്, നിഷാന്തിനിയുമായുണ്ടായിരുന്ന പ്രത്യേക ബന്ധത്തില്‍, പ്രമീള ബിജു, യമുന എന്നീ പൊലീസുകാരികളെ വേഷപ്രശ്ചന്നരാക്കി, വായ്പയെടുക്കാനെന്ന വ്യാജേന ബാങ്കില്‍ വിടുകയും കള്ള കേസ് ചമയ്ക്കുകയും ആയിരുന്നു. 2011 ജൂലൈ 25നാണ് കേസ് ആസ്പദമായ സംഭവം ഉണ്ടായതെന്നാണ് പൊലീസ് ചൂണ്ടിക്കാട്ടിയത്. പൊലീസൂകാരികളായ പ്രമീള ബിജു 25-നും, യമുന 26 നും സ്‌കൂട്ടറിന് ലോണ്‍ എടുക്കുവാന്‍ വേണ്ടി ബാങ്ക് മാനേജരെ സമീപിക്കുകയായിരുന്നു. ആ സമയം പ്രതി ക്യാബിനില്‍ വച്ച് പ്രമീള ബിജുവിന്റെ ഇരുകൈകളിലും കടന്നു പിടിച്ച് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചു എന്നുമായിരുന്നു കേസ്. സംഭവത്തില്‍ പേഴ്സിയെ പിന്നീട് അറസ്റ്റു ചെയ്യുകയുമുണ്ടായി. എന്നാല്‍ ഈ കേസ് കെട്ടിച്ചമച്ചതാണെന്ന് വ്യക്തമാവുകയും ഇതിന് പിന്നീല്‍ നിശാന്തിനി ഐപിഎസ് ആണെന്നും കോടതി വിലയിരുത്തിയിരുന്നു.

പൊലീസ് ചാര്‍ജ്ജ് ചെയ്ത കേസില്‍ 38 സാക്ഷികള്‍ ഉണ്ടായിരുന്നു. ഷീജാ ജയന്‍ ഉള്‍പ്പെടെ 17 സാക്ഷികളെ വിസ്തരിച്ചു. ബാങ്ക് മാനേജറുടെയും വാദങ്ങള്‍ കേട്ട ശേഷണാണ് പൊലീസ് കെട്ടിച്ചമച്ച കേസാണെന്ന് കോടതി വ്യക്തമാക്കിയത്. കേസിലെ തെളിവുകള്‍വച്ച്, കേസ് പൊലീസിന്റെ നടപടികള്‍ ക്രൂരവും, മൃഗീയവുമാണെന്ന് കോടതി കണ്ടെത്തി. ഒന്നാം സാക്ഷിയായ പ്രമീള കൂത്താട്ടുകുളത്ത് സ്ഥിരതാമസമാണെന്നും, ഡ്രൈവിങ് അറിയില്ലാതതയാളാണെന്നും, ഭര്‍ത്താവ് ബിജുവും തൊടുപുഴ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനാണെന്നും, പ്രമീളയുടെ ഒരു സഹോദരനും പൊലീസുകാരനാണെന്നും കോടതി വിചാരണാ വേളയില്‍ കണ്ടെത്തി. പ്രമീളയെ ഭര്‍ത്താവ് ബിജുവാണ് ബാങ്കില്‍ കൊണ്ടുവന്ന് വിട്ടതെന്നും, ഇങ്ങനെയൊരു അപമാനം ഉണ്ടായി എന്ന് പറഞ്ഞിട്ടും, സീനിയര്‍ പൊലീസായ പ്രമീള യാതൊന്നും പ്രതികരിക്കാതിരുന്നതും കേസ് കെട്ടിച്ചമച്ചതിന്റെ തെളിവാണെന്ന് വ്യക്തമായി. സംഭവത്തിന് ശേഷം പ്രമീള കാഞ്ഞിരമറ്റത്തുള്ള അമ്മായിയെ കാണാന്‍ പോയി എന്നും വ്യക്തമായി.

അന്നേ ദിവസം വൈകിട്ടാണ് കൂത്താട്ടുകുളത്തിന് പോയതെന്നും കോടതി പ്രത്യേകം വിധിന്യായത്തില്‍ പരാമര്‍ശിച്ചു. കൂടാതെ പിറ്റേന്ന് 26-ന് ഉച്ചയ്ക്ക് 1.30 വരെ മൊഴി കൊടുക്കുവാന്‍ താമസിച്ചതിലും കോടതി ദുരൂഹതകള്‍ കണ്ടെത്തി. ആ സമയം പ്രതി പൊലീസ് കസ്റ്റഡിയില്‍ സ്റ്റേഷനില്‍ ഉണ്ടായിരുന്നതായും കോടതി കണ്ടെത്തി. കൂടാതെ, പ്രമീള ബിജു ബാങ്കില്‍ ചെന്നസമയം, കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ, പലരും ബാങ്കില്‍ ഉണ്ടായിരുന്നു. അവരെയൊക്കെ മറികടന്ന് പ്രമീള മാനേജരുടെ ക്യാബിനില്‍ പ്രവേശിച്ചതും പ്രമീളക്ക് മുന്‍പരിചയമുള്ള ബാങ്ക് സ്റ്റാഫായ റഹീമിനോട്, താന്‍ പൊലീസുകാരിയാണെന്ന് മാനേജരോട് പറയണ്ടാ എന്ന് പ്രമീള പറഞ്ഞെന്നും കോടതി വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി. കൂടാതെ ബാങ്ക് മാനേജരുടെ ക്യാബിന്‍ ചില്ലിട്ടതും, എല്ലാ ആളുകള്‍ക്കും വ്യക്തമായി കാണാവുന്നതാണെന്നും ബാങ്കിലുണ്ടായിരുന്ന സി.സി.ടി.വി. യില്‍ പൊലീസ് ആരോപിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങളുമില്ലെന്നും വ്യക്തമായി.

കേസിന്റെ പല ഘട്ടങ്ങളിലും അട്ടിമറികള്‍ ഉണ്ടായി. പൊലീസ് കസ്റ്റഡിയില്‍ ഇരിക്കുമ്പോള്‍ പേഴ്സി നല്‍കിയ മൊഴിയും അന്നത്തെ മജിസ്ട്രേറ്റിനു മുമ്പാകെ കൊടുത്ത മൊഴിയും, നിഷാന്തിനിക്കും, മറ്റ് പൊലീസുകാര്‍ക്കുമെതിരെ മാനേജര്‍ എറണാകുളത്ത് മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നപ്പോള്‍ പൊലീസുകാര്‍ക്കെതിരെ കൊടുത്ത മൊഴി നശിപ്പിക്കപ്പെട്ടതും, കോടതി പ്രത്യേകം പരാമര്‍ശിച്ചിരുന്നു. കേസില്‍ പ്രതിയാക്കപ്പെട്ട വ്യക്തി തൊടുപുഴ ബ്രാഞ്ചില്‍ ചാര്‍ജ്ജ് എടുത്തിട്ട് ഒരുമാസം മാത്രമേ ആയിട്ടുണ്ടായിരുന്നുള്ളൂ. ബാറ്റ്മിന്റണ്‍ നാഷണല്‍ പ്ലയറായ മാനേജരും, പൈലറ്റായ മകനും, സ്റ്റേറ്റ് ഷട്ടില്‍ താരമായ മകളും, അദ്ധ്യാപികയായ ഭാര്യക്കും, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യക്കുമുണ്ടായ അപമാനത്തിനും അനീതിക്കും അക്രമത്തിനുമെതിരെ ഒടുവില്‍ കോടതി അഭയമാകുകയായിരുന്നു എന്ന് ഈ കേസിലെ വിധികൊണ്ട് മജിസ്ട്രേറ്റ് ജോമോന്‍ ജോണ്‍ അടിവരയിട്ട് ഉറപ്പിക്കുകയായിരുന്നു.

ആദ്യം തൊടുപുഴ പൊലീസ് പ്രതിക്കെതിരെ ഒരു ചാര്‍ജ്ജ് ഷീറ്റ് കൊടുത്തു എങ്കിലും, അതില്‍ മതിവരാതെ, പൊലീസ് ഉദ്യോഗസ്ഥര്‍, കൂടുതല്‍ അന്വേഷണത്തിന്, മൂവാറ്റുപുഴ ഡി.വൈ.എസ്പി. യെക്കൊണ്ട് കോടതിയില്‍ നിന്ന് അനുമതി വാങ്ങി. പിന്നീട് യാതൊരു അധികാരപ്പെടുത്തലുകളുമില്ലാതെ സി.ബി.സിഐഡി. ആലപ്പുഴ ഡി.വൈ.എസ്പി.യേക്കൊണ്ട് കേസ് അന്വേഷിപ്പിച്ച്, വ്യാജമായ ഒരു ചാര്‍ജ്ജ് ഷീറ്റ് കൊടുത്തതാണെന്നും കോടതി കണ്ടെത്തി. സംഭവത്തെ തുടര്‍ന്ന്, ഇതില്‍ ഉള്‍പ്പെട്ട പൊലീസ്സുകാരെ സസ്പെന്റ് ചെയ്യുകയും, എ.എസ്പി. നിശാന്തിനി, അന്നത്തെ ഇടുക്കി എസ്പി. ജോര്‍ജ്ജ് വര്‍ഗ്ഗീസ് എന്നിവരെ സസ്പെന്റ് ചെയ്യുവാന്‍ കേന്ദ്രത്തോട് ശുപാര്‍ശ ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ അന്ന് നടപടികളൊന്നും ഉണ്ടായില്ല.

ജസ്റ്റീസ് കമാല്‍ പാഷ ആരോപണങ്ങളെ കുറിച്ച് കൂടുതല്‍ അന്വേഷിച്ച് ഉപദ്രവിച്ച നിശാന്തിനിയുടെയും പൊലീസുകാരുടെയും പേരില്‍ എന്ത് നടപടികളെടുത്തു എന്ന് റിപ്പോര്‍ട്ട് ചെയ്യുവാന്‍ കേരള പൊലീസ് ചീഫ് ലോക്നാഥ് ബെഹ്റയോട് ഉത്തരവിട്ടിരുന്നു. ബെഹ്റ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ആരോപിതരായ എസ്ഐ. ക്ലീറ്റസ് ജോസഫിനോടും സര്‍ക്കിളുമാരായ എം.ജി.സാബുവിനോടും, എന്‍.ആര്‍.ജയരാജനോടും കാരണം ചോദിച്ചുവെങ്കിലും മറുപടി തൃപ്തികരമല്ലാതിരുന്നതിനെ തുടര്‍ന്ന് അവര്‍ക്കെതിരെ അന്വേഷണ ഉത്തരവ് ഇട്ടിട്ടുള്ളതാണ്. എസ്ഐ. മുരളീധരന്‍നായരോട് പെന്‍ഷനില്‍ നിന്നും 100 രൂപ വീതം പ്രതിമാസം 5 കൊല്ലത്തേയ്ക്ക് നല്‍കുവാന്‍ ഉത്തരവിട്ടിട്ടുള്ളതാണ്.

അന്നത്തെ ഇടുക്കി എസ്പി. ജോര്‍ജ് വര്‍ഗീസിനെ റിട്ടയര്‍ ചെയ്തു എന്ന കാരണത്താല്‍ നടപടിയില്‍ നിന്നും ഒഴിവാക്കി. പൊലീസ് ഉദ്യോഗസ്ഥരായ പ്രമീളയുടെയും മറ്റ് പൊലീസ് ഉദ്യോഗസ്ഥന്മാരുടെയും പേരില്‍ വീണ്ടും അന്വേഷണം നടത്തുവാന്‍ ഉത്തരവായി. എന്നാല്‍ ഈ അന്വേഷണങ്ങളെല്ലാം പൊലീസ് ഉന്നതതലത്തില്‍ അട്ടിമറിച്ചുവെന്നാണ് പരാതി. ഈ സാഹചര്യത്തിലാണ് കോടതി അലക്ഷ്യ കേസുമായി പേഴ്സി ജോസഫ് വീണ്ടുമെത്തിയത്. ഇതോടെ സര്‍ക്കാരും അന്വേഷണ റിപ്പോര്‍ട്ടിലെ തെറ്റ് സമ്മതിക്കുകയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category