1 GBP = 92.60 INR                       

BREAKING NEWS

50 വര്‍ഷത്തിന് ശേഷം ആ കസേരയില്‍ ആദ്യമായി ഇരുന്നത് ജോസ് കെ മാണി; സംസ്ഥാന കമ്മറ്റി വിളിക്കാനുള്ള നിലപാട് മകന്‍ പ്രഖ്യാപിച്ചത് പാര്‍ട്ടി ഓഫീസിലെ അച്ഛന്റെ കസേരയില്‍ ഇരുന്ന്; അധികാര മോഹികള്‍ ഒഴികെ മാണി വിഭാഗത്തിലെ മുഴുവന്‍ പേരും ജോസ് കെ മാണിക്കൊപ്പം; സിഎഫ് തോമസിന്റെ കാര്യത്തില്‍ പോലും ഉറപ്പില്ലാതെ പിജെ ജോസഫ്; മാണി അനുയായികളുടെ നിയന്ത്രണത്തിലുള്ള സംസ്ഥാന കമ്മറ്റി ഓഫീസില്‍ എത്താന്‍ പോലും സാധിക്കാതെ പിജെ; ജോസ് കെ മാണി കരുത്ത് തെളിയിച്ചതോടെ ജോസഫിന്റെ നില പരുങ്ങലില്‍

Britishmalayali
kz´wteJI³

കോട്ടയം: അഞ്ച് എംഎല്‍എമാരും ഒരു ലോക്സഭാ എംപിയും പിന്നെ ജോസ് കെ മാണിയെന്ന രാജ്യ സഭാ അംഗവും. പിജെ ജോസഫ്, സിഎഫ് തോമസ്, റോഷി അഗസ്റ്റിന്‍, ജയരാജ്, മോന്‍സ് ജോസഫ് എന്നിവരാണ് എംഎല്‍എമാര്‍. കോട്ടയത്തെ എംപി തോമസ് ചാഴിക്കാടനും. ഇതില്‍ ജയരാജും റോഷിയും ചാഴിക്കാടനും ഇന്നത്തെ കേരളാ കോണ്‍ഗ്രസ് സംസ്ഥാന സമിതിയില്‍ പങ്കെടുക്കും. സി എഫ് തോമസ് എത്തുമോ എന്നതാണ് ഉയരുന്ന ചോദ്യം. മനസ്സു കൊണ്ട് ജോസ് കെ മാണിക്കൊപ്പമാണ് സിഎഫ് തോമസ്. എന്നാല്‍ യോഗത്തിന് എത്തുമെന്ന് ആര്‍ക്കും ഉറപ്പില്ല. ഏതായാലും കെ എം മാണിയെ നെഞ്ചിലേറ്റുന്നവരുടെ ശക്തി പ്രടനമാകും ഇന്ന് കോട്ടയത്ത് നടക്കുക. ജോയ് എബ്രാഹമിനെ പോലുള്ള ചില നേതാക്കള്‍ മറുകണ്ടം ചാടിയെങ്കിലും ബഹുഭൂരിഭാഗത്തെ ഒപ്പം നിര്‍ത്താനായതിന്റെ ആത്മവിശ്വാസത്തിലാണ് ജോസ് കെ മാണി. ഇനി കേരളാ കോണ്‍ഗ്രസിനെ ജോസ് കെ മാണി തന്നെ നയിക്കും. സി എഫ് തോമസാകും ഇന്ന് പാര്‍ട്ടിയുടെ പാര്‍ലമെന്ററീ പാര്‍ട്ടി നേതാവായി മാറുക.

കെ.എം. മാണിയുടെ ഓര്‍മകള്‍ നിറഞ്ഞുനില്‍ക്കുന്ന കോട്ടയത്തെ പാര്‍ട്ടി ആസ്ഥാനത്താണ് നിര്‍ണായകയോഗം ചേര്‍ന്ന് ജോസ് കെ. മാണി സംസ്ഥാനകമ്മിറ്റി യോഗം വിളിക്കാനുള്ള സുപ്രധാന തീരുമാനം പ്രഖ്യാപിച്ചത്. മുതിര്‍ന്ന നേതാക്കള്‍ കാത്തിരിക്കെ കടന്നുവന്ന ജോസ് കെ. മാണി, അച്ഛന്റെ പേരെഴുതിവെച്ച മുറിയിലേക്കാണ് നേരിട്ടുപോയത്. അച്ഛന്റെ കസേരയില്‍ ഇരുന്നായിരുന്നു അനൗപചാരിക യോഗം. ഇത് ചില സൂചനകള്‍ നല്‍കല്‍ കൂടിയാണ്. മാണിയുടെ കസേരയില്‍ ഇനി താനിരിക്കുമെന്ന സന്ദേശം. ഇത് തന്നെയാണ് മാണിയും ആഗ്രഹിച്ചത്. ഇത് പാര്‍ട്ടിയിലെ ബഹു ഭൂരിഭാഗത്തിനും അറിയാം. അതുകൊണ്ട് കൂടിയാണ് ജോസ് കെ മാണിക്ക് പിന്നില്‍ കേരളാ കോണ്‍ഗ്രസ് അണിനിരക്കുന്നത്. പാര്‍ട്ടിയുടെ ചെയര്‍മാനാണ് താനെന്ന് പറയുന്ന ജോസഫിന് കോട്ടയത്തെ ഓഫീസില്‍ പോലും വരാന്‍ പറ്റുന്നില്ല. അങ്ങനെ കേരളാ കോണ്‍ഗ്രസില്‍ ഒറ്റപ്പെടുകയാണ് ജോസഫ്. ജോസഫിന് തൊടുപുഴയ്ക്കും മോന്‍സ് ജോസഫിന് കടുതുരുത്തിലിയും ഇനി ഒതുങ്ങേണ്ടി വരും.

കോട്ടയത്തെ പാര്‍ട്ടി ഓഫീസില്‍ നിയന്ത്രണം ഉറപ്പാക്കും വിധമായിരുന്നു ജോസ് കെ മാണിയുടെ ഇടപെടല്‍. അച്ഛന്റെ കസേരയില്‍ ഇരുന്നുള്ള യോഗത്തില്‍ നിലപാട് വിശദീകരിച്ചു. എംഎല്‍എ.മാരും നിയുക്ത എംപി.യും മുതിര്‍ന്ന നേതാക്കളും പങ്കെടുത്തു. പത്തുമിനിറ്റിനുശേഷം പുറത്തുവന്ന് സംസ്ഥാനകമ്മിറ്റി വിളിക്കുന്ന കാര്യം പ്രഖ്യാപിച്ചു. പിന്നീട്, പാര്‍ട്ടിയുടെ ഒട്ടേറെ പ്രധാന യോഗങ്ങള്‍ക്ക് സാക്ഷിയായ മേല്‍നിലയിലെ മുറിയില്‍ ഉന്നതാധികാരസമിതി യോഗം ചേര്‍ന്നു. കെ.എം. മാണിയുടെ മരണശേഷം ചെയര്‍മാന്‍സ്ഥാനത്തെച്ചൊല്ലി ശക്തമായ ഭിന്നതയ്ക്കിടെ നിര്‍ണായകയോഗത്തിന് പാര്‍ട്ടി ആസ്ഥാനം തിരഞ്ഞെടുത്തത് ആലോചനയോടെയാണ്. വിമതരല്ലെന്ന സന്ദേശമാണ് ഇതിലൂടെ ജോസ് കെ മാണി നല്‍കുന്നത്. ഇന്ന് ജോസ് കെ.മാണി വിളിച്ച ബദല്‍ സംസ്ഥാനസമിതി യോഗം ഞായര്‍ ഉച്ചയ്ക്ക് രണ്ടിനു കോട്ടയത്ത് ചേരും. പുതിയ ചെയര്‍മാനെ തിരഞ്ഞെടുക്കുകയാണ് യോഗത്തിന്റെ അജന്‍ഡയെന്നു ജോസ് കെ. മാണി പറഞ്ഞു. സംസ്ഥാന കമ്മിറ്റി വിളിക്കാന്‍ നാലിലൊന്ന് അംഗങ്ങള്‍ ഒപ്പിട്ടു കത്തു നല്‍കിയിട്ടും പി.ജെ. ജോസഫ് വിളിക്കാത്തതു കൊണ്ടാണു നിയമപരമായി കമ്മിറ്റി ചേരുന്നത്.

എല്ലാവര്‍ക്കും കത്ത് അയച്ചു. എസ്എംഎസും അയച്ചു. ചെയര്‍മാന്‍ യോഗം വിളിച്ചില്ലെങ്കില്‍ അതിനായി അംഗങ്ങള്‍ക്കു ഒരാളെ ചുമതലപ്പെടുത്താം. നിവേദനം നല്‍കി പത്തു ദിവസത്തിനു ശേഷം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ഐ. ആന്റണിയെ ചുമതലപ്പെടുത്തി. അതനുസരിച്ചാണ് യോഗം ചേരുന്നത്. പി.ജെ. ജോസഫിനും കത്തയച്ചു, പാര്‍ട്ടി സംസ്ഥാന കമ്മറ്റി ഓഫിസില്‍ യോഗം ചേര്‍ന്ന ശേഷമാണു തീരുമാനം. തോമസ് ചാഴികാടന്‍, എംഎല്‍എമാരായ റോഷി അംഗസ്റ്റിന്‍, എന്‍. ജയരാജ്, നേതാക്കളായ പി.ടി. ജോസ്, ജോസഫ് പുതുശേരി, സ്റ്റീഫന്‍ ജോര്‍ജ് തുടങ്ങിയവരും ഓഫിസിലുണ്ടായിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള ഓഫിസുകള്‍ക്കു പൊലീസ് കാവലുണ്ട്. ജോസഫ് വിഭാഗം കോടതിയില്‍ പോയി സ്റ്റേ വാങ്ങാതിരിക്കാനുള്ള മുന്‍കരുതലും എടുത്തു. ശനിയാഴ്ച വൈകിട്ട് യോഗം പ്രഖ്യാപിച്ചതും ഞയറാഴ്ച വിളിച്ചതും ഇതു കൊണ്ട് കൂടിയാണ്. ഇതും ജോസഫ് വിഭാഗത്തിന് തിരിച്ചടിയായി. നാലില്‍ ഒന്ന് നേതാക്കളുടെ രേഖാമൂലമുള്ള പിന്തുണയുമായാണ് യോഗം വിളിച്ച് ചേര്‍ക്കുന്നതെന്നും പുതിയ ചെയര്‍മാന്‍ ഇന്ന് ഉണ്ടാകുമെന്നും ജോസ് കെ മാണി വ്യക്തമാക്കിയിട്ടുണ്ട്.

സംസ്ഥാന കമ്മറ്റിയിലുള്ള മൃഗീയ ഭൂരിപക്ഷമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്താന്‍ ജോസ് കെ മാണിയെ പ്രേരിപ്പിച്ചത്. സംസ്ഥാന കമ്മറ്റിയിലെ 400 സ്ഥിരാംഗങ്ങളില്‍ 320 അംഗങ്ങളുടെ പിന്തുണ ഉണ്ടെന്നാണ് ജോസ് കെ മാണി വിഭാഗത്തിന്റെ അവകാശവാദം. സംസ്ഥാന കമ്മറ്റി വിളിക്കണമെങ്കില്‍ നാലില്‍ ഒന്ന് അംഗങ്ങളുടെ പിന്തുണ ആവശ്യമുണ്ട്. 115 അംഗങ്ങളുടെ പിന്തുണയാണ് സംസ്ഥാന കമ്മറ്റി യോഗം വിളിക്കാന്‍ വേണ്ടതെന്നിരിക്കെ 127 അംഗങ്ങള്‍ ഒപ്പിട്ട കത്ത് കൈമാറിയിട്ടും യോഗം വിളിക്കാന്‍ പി.ജെ ജോസഫ് തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തിലാണ് യോഗം വിളിച്ചുചേര്‍ക്കാന്‍ തയ്യാറായതെന്നാണ് ജോസ് കെ മാണി പ്രതികരിച്ചത്. യോഗത്തിന്റെ പ്രധാന അജണ്ട പുതിയ ചെയര്‍മാനെ തിരഞ്ഞെടുക്കുക എന്നതാണ്. യോഗത്തിലേക്ക് പി.ജെ ജോസഫ് വിഭാഗത്തെയും ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍ അവര്‍ ആരും പങ്കെടുക്കില്ല. ഭൂരിപക്ഷ അഗംങ്ങളുടെ പിന്തുണയോടെയാണ് യോഗം ചേരുന്നതെന്നും അതിനാല്‍ ഇതൊരു വിമത പ്രവര്‍ത്തനമായി കാണാന്‍ കഴിയില്ലെന്നും ജോസ് കെ മാണി വ്യക്തമാക്കി. ഇത്തരമൊരു നീക്കത്തിലൂടെ പാര്‍ട്ടിയുടെ പേരോ ചിഹ്നമോ നഷ്ടപ്പെടില്ല എന്ന നിയമോപദേശത്തിന്റെ ചുവടുപിടിച്ചാണ് ജോസ് കെ മാണിയുടെ ഈ നീക്കം. ഇതാണ് ജോസഫിനെ തളര്‍ത്തുന്നതും.

അതിനിടെ പിളര്‍പ്പിനു മുന്നോടിയായുള്ള ജോസ് കെ.മാണി വിഭാഗത്തിന്റെ സംസ്ഥാനസമിതി യോഗത്തില്‍ പങ്കെടുക്കരുതെന്ന് പി.ജെ ജോസഫിന്റെ നിര്‍ദ്ദേശം പുറത്തു വന്നിട്ടുണ്ട്. എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കുമടക്കമാണ് ഇ-മെയില്‍ സന്ദേശമയച്ചത്. ജോസ് കെ.മാണിക്കും ഇ-മെയില്‍ അയച്ചിട്ടുണ്ട്. യോഗം നിയമവിരുദ്ധമെന്നും ജോസഫ് പറഞ്ഞു. യോഗം ഭരണഘടന വിരുദ്ധമാണെന്ന് ജോസഫ് പറയുന്നു. സംസ്ഥാന കമ്മിറ്റി വിളിക്കാനുള്ള അധികാരം ചെയര്‍മാന്റെ അഭാവത്തില്‍ വര്‍ക്കിങ് ചെയര്‍മാന് മാത്രമാണെന്നും ബദല്‍ നീക്കം ഭരണഘടനവിരുദ്ധമാണെന്നും പി.ജെ. ജോസഫ് വ്യക്തമാക്കി. എന്നാല്‍ ഭൂരിപക്ഷം അംഗങ്ങളുടെ പിന്തുണ ഉള്ള സാഹചര്യത്തില്‍ വിമത പ്രവര്‍ത്തനമായി യോഗത്തെ വ്യാഖ്യാനിക്കാന്‍ കഴിയില്ലെന്നാണ് വസ്തുത.

ചെയര്‍മാനെ സമവായത്തിലൂടെ തിരഞ്ഞെടുക്കാന്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന ആവശ്യവുമായി ഹൈപവര്‍ കമ്മിറ്റിയിലെ പതിനഞ്ച് അംഗങ്ങള്‍ ജോസഫിനെ സമീപിച്ചു. ബദല്‍ യോഗത്തില്‍ ജോസ്.കെ. മാണിയെ ചെയര്‍മാനാക്കി പ്രഖ്യാപിക്കാന്‍ തന്നെയാണ് തീരുമാനം. ഇതോടെ കേരള കോണ്‍ഗ്രസിന്റെ പിളര്‍പ്പ് യാഥാര്‍ഥ്യമാകും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category