1 GBP = 97.40 INR                       

BREAKING NEWS

ഇന്ത്യന്‍ ക്രിക്കറ്റിന് ആഘോഷിക്കാന്‍ ഇതില്‍പരമെന്തുവേണം? അയല്‍പ്പോരില്‍ വീണ്ടും പാക്കിസ്ഥാനെ മുട്ടുകുത്തിച്ച് ക്രീസിലെ അധീശത്വം നിലനിര്‍ത്തി വിരാട് കോലിയും സംഘവും; കരുതിയിരിക്കുക, ഇത് ടീം വേറെ

Britishmalayali
kz´wteJI³

ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ത്യയെ മുട്ടുകുത്തിക്കാന്‍ എല്ലാ ആയുധങ്ങളും പാക്കിസ്ഥാന്‍ പ്രയോഗിച്ചുകഴിഞ്ഞു. 1992-ലെ ലോകകപ്പുമുതല്‍ തുടങ്ങുന്ന പോരാട്ട ചരിത്രത്തിനിടെ ഏഴുതവണ ആ യുദ്ധത്തിന് കളമൊരുങ്ങുകയും ചെയ്തു. എന്നാല്‍, ഓരോ തവണയും പാക്കിസ്ഥാനെ തച്ചുതകര്‍ക്കുന്ന ഇന്ത്യയെയാണ് ലോകകപ്പിന് എടുത്തുകാട്ടാനുള്ളത്. ഏഴാം തവണയും ഇന്ത്യയോട് തോറ്റു പാക്കിസ്ഥാന്‍ മടങ്ങുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ ആവേശത്തിന്റെ പരകോടിയിലാണ്. കാരണം, ശിഖര്‍ ധവാന്റെയും ഭുവനേശ്വര്‍ കുമാറിന്റെയും അസാന്നിധ്യത്തിലും മറ്റൊരു വിജയസംഘമായി ഇന്ത്യ മാറിയതാണ് ആവേശം ഇരട്ടിപ്പിക്കുന്നത്. കിരീടക്കുതിപ്പില്‍ ഇന്ത്യക്ക് ഈ വിജയം പകര്‍ന്നുനല്‍കുന്ന ആത്മവിശ്വാസവും ചെറുതാകില്ല.

സമീപകാല പാക് ക്രിക്കറ്റ് ചരിത്രത്തിലെ എല്ലാ മഹാരഥന്മാര്‍ക്കും ഇന്ത്യയോട് ലോകകപ്പില്‍ മുട്ടുകുത്തിയതിന്റെ ചരിത്രം പറയാനുണ്ടാകും. ഇപ്പോഴത്തെ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനില്‍ തുടങ്ങുന്നു ആ ചരിത്രം. ഇമ്രാനും വസീം അക്രമും വഖാര്‍ യൂനുസുമടങ്ങിയ, ലോകക്രിക്കറ്റിലെതന്നെ ബൗളിങ് വിസ്മയ ത്രയത്തിന് അത് സാധിച്ചില്ല. ഇന്‍സമാം ഉള്‍ഹഖും സലീം മാലിക്കും ജാവേദ് മിയാന്‍ദാദുമടക്കമുള്ള ബാറ്റിങ് പ്രതിഭകള്‍ക്കും അത് സാധിച്ചില്ല. മുഹമ്മദ് യൂസഫും യൂനിസ് ഖാനും ഷൊയബ് അക്തറും ഷാഹിദ് അഫ്രീഡിയുമടക്കം പാക്കിസ്ഥാന്‍ ക്രിക്കറ്റിലെ എല്ലാ താരങ്ങളും കുടിച്ച കയ്പുനീരാണ് ലോകകപ്പില്‍ ഇന്ത്യയോടുള്ള തോല്‍വി. 1992-ല്‍, 1996-ല്‍, 1999-ല്‍, 2003-ല്‍, 2011-ല്‍, 2015-ല്‍ പാക്കിസ്ഥാന്‍ ഇന്ത്യയോട് കീഴടങ്ങി.

ക്രിക്കറ്റില്‍ വേറിട്ടൊരു തലത്തിലാണ് ഇന്ത്യയും പാക്കിസ്ഥാനുമായുള്ള മത്സരം എല്ലായ്‌പ്പോഴും നടക്കുന്നത്. 2011-ല്‍ സെമി ഫൈനലില്‍ ഇന്ത്യയും പാക്കിസ്ഥാനും മുഖാമുഖം വന്നത് സെമി ഫൈനലിലായിരുന്നു. ഇരുരാജ്യങ്ങളുടെയും പ്രധാനമന്ത്രിമാരുടെ സാന്നിധ്യത്തിലായിരുന്നു ആ മത്സരം നടന്നത്. ഒരേസമയം വിനോദവും രാഷ്ട്രീയവും ഇടകലരുന്ന മത്സരമാണത്. ഇന്ത്യക്കാരും പാക്കിസ്ഥാന്‍കാരും വൈകാരികമായാണ് ആ മത്സരത്തെ സമീപിക്കുന്നത്. അയല്‍പക്കത്ത ശത്രുക്കളുടെ പോരാട്ടമാണത്. ലോകകപ്പ് നേടിയില്ലെങ്കിലും പാക്കിസ്ഥാനോട് തോല്‍ക്കരുതെന്ന വാശി ഇന്ത്യന്‍ ടീമിലും പ്രകടമാണ്. ആ പോരാട്ടവീര്യം ഓരോ താരത്തെയും ഉത്തേജിപ്പിക്കുകയും ചെയ്യുന്നുവെന്നത് കാലങ്ങളായി നാം കണ്ടുകൊണ്ടിരിക്കുന്നു.

ലോകക്രിക്കറ്റിലും ഈ മത്സരത്തിനുള്ള പ്രാധാന്യം ഒന്നുവേറെയാണ്. വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍, ഇന്നലെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രം, പാകിസ്താന്റെയും ഇന്ത്യയുടെയും നിറം ഇരുവശങ്ങളിലായി ഇടകലര്‍ത്തിയ കുപ്പായത്തില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടാണ്. മറ്റു രാജ്യങ്ങളിലെ താരങ്ങളെപ്പോലും ആവേശഭരിതരാക്കുന്ന, അവരെപ്പോലും നഖം കടിച്ചിരുന്ന് കളികാണുന്ന ആരാധകരാക്കി മാറ്റുന്ന ഒരു രസതന്ത്രം ഈ മത്സരത്തില്‍ ഒളിഞ്ഞിരിക്കുന്നു. ഓരോ ലോകകപ്പിലും ഈ മത്സരം ആവര്‍ത്തിക്കണമെന്ന് അവരാഗ്രഹിക്കുന്നു. ഒരുപക്ഷേ, ബ്രസീലും അര്‍ജന്റീനയുമായുള്ള ഫുട്‌ബോള്‍ വൈരത്തെക്കാള്‍, റയല്‍ മാഡ്രിഡും ബാഴ്‌സലോണയും തമ്മിലുള്ള എല്‍ ക്ലാസ്സിക്കോയെക്കാള്‍ ലോകം ഉറ്റുനോക്കുന്ന പോരാട്ടമായി ഇന്ത്യ-പാകിസ്താന്‍ മത്സരം മാറുകയാണ്.

ഇന്നലെ, ഓള്‍ഡ് ട്രാഫഡില്‍ ഇറങ്ങുമ്പോള്‍ ഇന്ത്യക്ക് സമ്മര്‍ദമുണ്ടായിരുന്നു. കഴിഞ്ഞമത്സരത്തില്‍ സെഞ്ചുറി നേടിയ ഓപ്പണര്‍ ശിഖര്‍ ധവാന്‍ പരിക്കുമൂലം പുറത്തിരിക്കുന്നു. പുതിയ ടീം കോമ്പിനേഷനുമായി ഇതുപോലൊരു നിര്‍ണായക മത്സരത്തിനിറങ്ങുക ഏതൊരു ക്യാപറ്റനെയും ഉലയ്ക്കുന്ന കാര്യമാണ്. എന്നാല്‍, ധവാന്റെ ഒഴിവില്‍ വിരാട് കോലിക്ക് കൃത്യമായ മറുപടിയുണ്ടായിരുന്നു. കെ.എല്‍. രാഹുല്‍ എന്ന കര്‍ണാടകക്കാരന്‍. കളിയിലെവിടെയൊക്കെയോ രാഹുല്‍ ദ്രാവിഡിനെ ഓര്‍മിപ്പിക്കുന്ന ഈ ചെറുപ്പക്കാരന്‍ പ്രതിരോധത്തിന്റെ കോട്ടയുമായി ഒരറ്റം കാത്തപ്പോള്‍, ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ഓപ്പണിങ് സഖ്യം ഇന്ത്യയുടേതാണെന്ന് വീണ്ടും തെളിഞ്ഞു.

രോഹിതിനെയും വിരാട് കോലിയെയും കുറിച്ച് നീട്ടിപ്പറയുന്നതില്‍ ഇനി അര്‍ഥമില്ല. ഈ ലോകകപ്പില്‍ അവര്‍ക്കുപകരം വെക്കാന്‍ മറ്റൊരു ടീമിലും താരങ്ങളില്ല. അവര്‍ പ്രതീക്ഷ കാത്തതോടെ, ഇന്ത്യ അനായാസം വലിയ സ്‌കോറിലേക്ക് നീങ്ങി. രോഹിത് ലോകകപ്പില്‍ നേടുന്ന രണ്ടാം സെഞ്ചുറിയാണിത്. വിരാട് കോലി വെറും 222 മത്സരങ്ങളില്‍നിന്ന് 11,000 റണ്‍സും തികച്ചു. നേട്ടങ്ങള്‍ മാത്രം എടുത്തുകാട്ടാനുള്ള താരങ്ങളായി ഇവരിങ്ങനെ മുന്നേറുമ്പോള്‍ നാം എന്തിന് തലകുനിക്കണമെന്ന് ഓരോ ഇന്ത്യന്‍ കളിപ്രേമിയെയും തോന്നിപ്പിക്കുന്ന നിമിഷങ്ങള്‍.

ഭുവനേശ്വര്‍ കുമാര്‍ തുടക്കത്തിലേ പരിക്കേറ്റ് പോയതോടെ, ഇന്ത്യന്‍ ബൗളിങ്ങിന് ശക്തികുറഞ്ഞുവെന്ന് തോന്നിപ്പിച്ച ചില നിമിഷങ്ങളുണ്ടായിരുന്നു. അത് തിരിച്ചുപിടിച്ചത് ഇന്ത്യന്‍ യുവ ക്രിക്കറ്റ് താരങ്ങള്‍ ആവേശപ്പോരാട്ടത്തിലൂടെയാണ്. ഒരു പ്രത്യേകതരം ഊര്‍ജമാണ് ആ യുവാക്കളെ നയിച്ചത്. വിക്കറ്റ് വീഴ്ത്തിയപ്പോള്‍ കുല്‍ദീപ് യാദവും ഹര്‍ദിക് പാണ്ഡെയും വിജയ് ശങ്കറുമൊക്കെ അതാഘോഷിച്ച രീതി നോക്കുക. ആ ചുറുചുറുക്കും ശരീരഭാഷയുമാണ് പാക്കിസ്ഥാനെതിരേ തുടക്കത്തിലേ വിജയം പിടിച്ചുറപ്പിച്ച് കളിക്കാന്‍ ഇന്ത്യയെ പ്രാപ്തമാക്കിയത്. ഈയൊരു ചുറുചുറുക്ക് നിലനിര്‍ത്താനായാല്‍, ലോകകിരീടം മൂന്നാംവട്ടവും ഇന്ത്യയിലെത്തുമെന്നതിന് യാതൊരു സംശവുമില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category