1 GBP = 85.00 INR                       

BREAKING NEWS

ഇന്ത്യയിലും വിദേശത്തും ജോലി ചെയ്യുന്ന ഇന്ത്യന്‍ നഴ്സുമാരെ ബന്ധിപ്പിക്കാന്‍ ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ്; വിദേശത്തുള്ള നഴ്സുമാര്‍ക്ക് ജൂലായ് 31ന് മുമ്പ് ജില്ലാ കേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ ചെയ്യാം; വെബ്സൈറ്റ് വഴി വിവരങ്ങള്‍ നല്‍കിയാലും നേരില്‍ ഹാജരാകണം

Britishmalayali
kz´wteJI³

തിരുവനന്തപുരം: ലോകത്തെമ്പാടുമായി വ്യാപിച്ചു കിടക്കുന്നവരാണ് ഇന്ത്യന്‍ നഴ്സിങ് സമൂഹം. രാജ്യത്തിന്റെ അഭിമാനും ഉയര്‍ത്തുന്നതിലും വിദേശനാണ്യം നേടിത്തരുന്ന കാര്യത്തിലും ഇന്ത്യന്‍ നഴ്സുമാര്‍ക്കുള്ള പങ്ക് വളരെ വലുതാണ്. ലോകമെമ്പാടമുള്ള നഴ്സിങ് സമൂഹത്തില്‍ മലയാളികളാണ് എണ്ണത്തില്‍ കൂടുതല്‍. വികസിത, വികസ്വര രാജ്യങ്ങളിലുമെല്ലാം ഇന്ത്യന്‍ നഴ്സുമാര്‍ ജോലി ചെയ്യുന്നു. ഇങ്ങനെ ലോകമെമ്പാടുമുള്ള ഇന്ത്യന്‍ നഴ്സുമരെ ഒരു ചരടില്‍ കോര്‍ക്കാനും വിദേശത്ത് ജോലി തേടുമ്പോള്‍ അടക്കം മികച്ച പരിഗണന ലഭിക്കുന്നതിനുമായി നഴ്സുമാര്‍ക്ക് ഏകീകൃത തിരിച്ചറിയില്‍ കാര്‍ഡ് ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത് അടുത്തിടെയാണ്. നിലവില്‍ ഇന്ത്യയിലും വിദേശത്തും ജോലി ചെയ്യുന്ന ഇന്ത്യന്‍ നഴ്സുമാര്‍ അടക്കമുള്ളവര്‍ തിരിച്ചറിയല്‍ കാര്‍ഡ് എടുക്കണമെന്നാണ് കേന്ദ്ര നിര്‍ദ്ദേശം.

ഇന്ത്യന്‍ നഴ്സിങ് കൗണ്‍സിലാണ് ഏകീകൃത തിരിച്ചറിയില്‍ കാര്‍ഡ് (എന്‍.യു.ഐ.ഡി) നല്‍കുന്നത്. വിദേശജോലികള്‍ക്കടക്കം നഴ്സുമാര്‍ക്ക് യോഗ്യത നല്‍കുന്നതാണ് നാഷണല്‍ യൂണിക് ഐഡന്റിറ്റി നമ്പര്‍ രാജ്യത്തെ മുഴുവന്‍ നഴ്സുമാരെയും ഒരു കുടക്കീഴില്‍ കൊണ്ടുവരികയാണ് ലക്ഷ്യം. വിദേശത്തുള്ളവര്‍ ജൂലായ് 31-ന് മുമ്പ് അവധിക്ക് വരികയാണെങ്കില്‍ അതത് ജില്ലാകേന്ദ്രവുമായി ബന്ധപ്പെടണം. ഈ തീയതിക്കുശേഷം വരുന്നവര്‍ കേരള നഴ്സസ് ആന്‍ഡ് മിഡ് വൈഫ്സ് കൗണ്‍സിലുമായി ബന്ധപ്പെടണം. കേരളത്തിലും ഇതിന്റെ വിവര ശേഖരണം നടത്തി വരുന്നുണ്ട്. മലയാളി നഴ്സുമാര്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

നേരത്തെ ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡിനുള്ള (എന്‍.യു.ഐ.ഡി) വിവരശേഖരണം നടത്തിയിരുന്നു. എന്നാല്‍, ഈ അവസരത്തില്‍ വിവരങ്ങള്‍ നല്‍കാന്‍ സാധിക്കാത്തവര്‍ക്ക് www.nursingcouncil.kerala.gov.in സന്ദര്‍ശിച്ച് അതില്‍ പറയുന്ന ഏതെങ്കിലും ഒരു കേന്ദ്രത്തില്‍ നേരിട്ട് വിവരങ്ങള്‍ നല്‍കണമെന്ന് രജിസ്ട്രാര്‍ അറിയിച്ചു.

ഒറ്റ രജിസ്‌ട്രേഷന്‍
ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സില്‍ രാജ്യത്തെ മുഴുവന്‍ നഴ്സുമാര്‍ക്കും എന്‍.യു.ഐ.ഡി രജിസ്‌ട്രേഷന്‍ നിര്‍ബന്ധം ആക്കിയിട്ടുണ്ട്. ഇപ്പോള്‍ അതാത് സംസ്ഥാനങ്ങളില്‍ മാത്രം ആണ് നഴ്‌സുമാരുടെ വിവരങ്ങള്‍ ഉള്ളു. രാജ്യത്തെ മുഴുവന്‍ നഴ്സുമാരുടെയും വിവരങ്ങള്‍ ഏകോപിക്കുക എന്നതാണ് പ്രധാനമായ ഉദ്ദേശം. മാത്രമല്ല ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സില്‍ ഇനി മുതല്‍ നഴ്‌സുമാര്‍ക്ക് ഏകീകൃത ഐ ഡി കാര്‍ഡും നിര്‍ബന്ധം ആക്കിയിട്ടുണ്ട്. എന്‍യുഐഡി രജിസ്‌ട്രേഷന്‍ ഉള്ളവര്‍ക്ക് ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സില്‍ ആണ് ഐ ഡി കാര്‍ഡുകള്‍ നല്‍കുക. മാത്രമല്ല ഇനി മുതല്‍ നഴ്‌സിങ് കൗണ്‍സില്‍ രെജിസ്‌ട്രേഷന്‍ പുതുക്കണം എങ്കില്‍ എന്‍യുഐഡി നിര്‍ബന്ധമാണ്. എന്‍യുഐഡി ഇല്ല എങ്കില്‍ രജിസ്‌ട്രേഷന്‍ റിന്യൂ ചെയ്യാന്‍ കഴിയില്ല.

ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് നിലവില്‍ വരുന്നതോടെ രാജ്യത്തെ നഴ്‌സുമാര്‍ക്ക് നിലവിലുള്ള ഒട്ടേറെ പ്രതിസന്ധികള്‍ക്ക് പരിഹാരമാകും എന്നാണ് കരുതുന്നത്. നിലവില്‍ ഓരോ സംസ്ഥാനത്തിനും പ്രത്യേകം നഴ്സിങ് കൗണ്‍സില്‍ രജിസ്ട്രേഷനാണ്. മറ്റ് സംസ്ഥാനങ്ങളില്‍ തൊഴില്‍ തേടി പോകേണ്ടി വരുന്ന നഴ്സുമാര്‍ അതത് സംസ്ഥാനങ്ങളിലെ നഴ്സിങ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്യണമായിരുന്നു. കൂടാതെ നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സംസ്ഥാന കൗണ്‍സിലിന്റെ എന്‍ഒസിയും വാങ്ങേണ്ടിയിരുന്നു. എന്നാല്‍, ഇന്ത്യന്‍ നഴ്സിങ് കൗണ്‍സില്‍ ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് നടപ്പിലാക്കുന്നതോടെ ഈ നൂലാമാല ഇല്ലാതാകും.

നിലവിലെ സാഹചര്യത്തില്‍ ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് ജോലി മാറി പോകുമ്പോള്‍ രജിസ്ട്രേഷന്‍ കടമ്പകള്‍ പുതിയ സംസ്ഥാനത്ത് പൂര്‍ത്തിയാക്കുന്നതിന് മൂന്ന് മാസം വരെ സമയമെടുക്കുമായിരുന്നു. ഇതിന് പരിഹാരം കാണാനാകുന്നതിനോടൊപ്പം രാജ്യത്തെ നഴ്‌സുമാരുടെ സ്ഥിതിവിവര കണക്കുകളും അവരുടെ യോഗ്യതയും എല്ലാം ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സിലിന് ലഭ്യമാകുകയും ചെയ്യും.

രജിസ്‌ട്രേഷനായി രണ്ട് സംവിധാനങ്ങള്‍
സംസ്ഥാന നഴ്സിങ് കൗണ്‍സിലുകളാണ് എന്‍യുഐഡി രജിസ്ട്രേഷന്‍ നടത്തുന്നത്. ആധാര്‍ അധിഷ്ടിത ബയോമെട്രിക് രജിസ്ട്രേഷനാണ് ഇതിനായി സ്വീകരിച്ചിട്ടുള്ളത്. എസ്എസ്എല്‍സി മുതലുള്ള സര്‍ട്ടിഫിക്കറ്റുകളും ആധാറും മെയില്‍ ഐഡിയും ഫോണ്‍ നമ്പരും രജിസ്ട്രേഷന്‍ സമയത്ത് നല്‍കണം. ഇതിനായി വിവരശേഖരണത്തിനുള്ള കേന്ദ്രങ്ങള്‍ നഴ്സിങ് കൗണ്‍സിലിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.

രണ്ടു രീതിയിലാണ് വിവരശേഖരണം നടത്തുക. ഇതിനായി ഏര്‍പ്പെടുത്തിയിട്ടുള്ള ഏജന്‍സിയായ ഫിനോ പേ ടെക്ക് എല്ലാ സ്വകാര്യ-സര്‍ക്കാര്‍ ആശുപത്രികള്‍ സന്ദര്‍ശിക്കുകയും നഴ്‌സുമാരുടെ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യും. എന്നാല്‍, കമ്പനി ആധാര്‍ വിവരങ്ങള്‍ ശേഖരിക്കുകയില്ല. കൂടാതെ ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അതത് സംസ്ഥാന കൗണ്‍സിലുകളില്‍ എത്തി ആധാര്‍ വിവരങ്ങള്‍ കൂടി കൂട്ടിച്ചേര്‍ക്കാം.

നിലവില്‍ നഴ്‌സിങ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്ത് ജോലി നോക്കുന്ന നഴ്‌സുമാരും പുതുതായി പാസാകുന്ന നഴ്‌സുമാരും ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് സ്വന്തമാക്കണം. ഇതിനായി വിവര ശേഖരണത്തിനായി എല്ലാ ജില്ലകളിലും അവസരം ഒരുക്കിയിരുന്നു. വിദേശത്ത് ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്കും ഇത് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സിലിന്റെ വെബ്‌സൈറ്റില്‍ വിവരങ്ങള്‍ നല്‍കിയാല്‍ പിന്നീട് നേരിട്ട് ഹാജരാകേണ്ട സമയം കൗണ്‍സില്‍ അറിയിക്കും.

നഴ്സിങ് സ്‌കൂളുകളിലും രജിസ്റ്റര്‍ ചെയ്യാം
നഴ്സുമാര്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതിന് രജിസ്ട്രേഷന്‍ കേന്ദ്രങ്ങളായി നഴ്സിങ് സ്‌കൂളുകളെയും തിരഞ്ഞെടുത്തിട്ടുണ്ട്. തിരക്കു പരിഗണിച്ച് കേരള നഴ്സസ് ആന്‍ഡ് മിഡൈ്വവ്സ് കൗണ്‍സിലിന്റേതാണ് തീരുമാനം. തിരുവനന്തപുരം ഒഴിച്ചുള്ള ജില്ലകളിലായിരിക്കും ഈ സൗകര്യം. തിരുവനന്തപുരത്ത് ജനറല്‍ ആശുപത്രിയിലെ കേന്ദ്രം തുടര്‍ന്നും പ്രവര്‍ത്തിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളിലുള്ളവര്‍ക്ക് രജിസ്ട്രേഷന്‍ ജൂലായ് 31 വരെ സമയം അനുവദിച്ചിട്ടുണ്ട്. ജൂണ്‍ 15 വരെ ആയിരുന്നു നേരത്തേ അനുവദിച്ചിരുന്നത്.

നഴ്സുമാര്‍ കൂടുതലുള്ള കോട്ടയം ജില്ലയില്‍ ഓഗസ്റ്റ് 15 വരെ സമയമുണ്ട്. മലപ്പുറം, കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളില്‍ തീയതിയും സ്ഥലവും ജൂണ്‍ 26-ന് കേരള നഴ്സിങ് കൗണ്‍സില്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. മുമ്പ് സംസ്ഥാനവ്യാപകമായി പ്രമുഖ ആശുപത്രികളില്‍ വിവരശേഖരണം നടത്തിയിരുന്നെങ്കിലും ഇതില്‍ വിട്ടുപോയവര്‍ക്കാണ് ഇപ്പോള്‍ അവസരം നല്‍കിയിരിക്കുന്നത്.

ദിവസം ശരാശരി 15 മുതല്‍ 20 പേരുടെവരെ വിവരങ്ങള്‍ മാത്രമേ ഒരു സെന്ററില്‍നിന്ന് അപ്ലോഡ് ചെയ്യാനാവൂ. ഓരോ ദിവസത്തെയും ആദ്യ 15-ല്‍ ഉള്‍പ്പെടാന്‍ പുലര്‍ച്ചെ മൂന്നു മുതല്‍ ജില്ലാ ആശുപത്രികളിലെ കേന്ദ്രത്തിലെത്തുന്നതിന് നഴ്സുമാര്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു. ഇതേത്തുടര്‍ന്നാണ് കൂടുതല്‍ സൗകര്യമൊരുക്കിയിരിക്കുന്നതെന്ന് രജിസ്ട്രാര്‍,കേരള നഴ്സസ് ആന്‍ഡ് മിഡൈ്വഫ്സ് കൗണ്‍സില്‍ രജിസ്ട്രാര്‍ പ്രൊഫ. വത്സ കെ. പണിക്കര്‍ അറിയിച്ചു. സംസ്ഥാനത്ത് കേരള നഴ്സിങ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തവര്‍മാത്രം 3,43,000 പേരുണ്ട്. വിദേശത്ത് ജോലി ചെയ്യുന്നവര്‍ അടക്കം അനവധി പേര്‍ ഇനിയും രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്.

ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതിനുള്ള വിവരശേഖരണത്തിനായി എത്തുന്നവര്‍ കരുതേണ്ട രേഖകള്‍:
* എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റ്(ഒറിജിനല്‍)
* പ്‌ളസ് ടു/പ്രീഡിഗ്രി സര്‍ട്ടിഫിക്കറ്റ്
* കേരള നഴ്‌സിങ് കൗണ്‍സില്‍ രജിസ്േട്രഷന്‍ സര്‍ട്ടിഫിക്കറ്റ് (ഒറിജിനല്‍)
* കേരള നഴ്‌സിങ് കൗണ്‍സില്‍ അഡീഷണല്‍ ക്വാളിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്(ഒറിജിനല്‍)
* ആധാര്‍(ഒറിജിനല്‍)
* ഇ-മെയില്‍ ഐ.ഡി, മൊബൈല്‍ നമ്പര്‍

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category