1 GBP = 91.30 INR                       

BREAKING NEWS

മഴ കനിഞ്ഞിട്ട് ഇരുന്നൂറോളം ദിവസങ്ങള്‍; ഒരിറ്റ് ദാഹജലത്തിനായി കേഴ്ന്ന് ചെന്നൈ; ജലവിതരണത്തിനായി പുതിയ പദ്ധതികള്‍ സ്ഥാപിക്കാത്തതും ഉള്ളവ സംരക്ഷിക്കാത്തതും ക്ഷാമം രൂക്ഷമാക്കി; പലായനത്തിനൊരുങ്ങി ജനങ്ങള്‍; ദിവസങ്ങള്‍ തള്ളി നീക്കുന്നത് കുടിവെള്ള ടാങ്കറുകള ആശ്രയിച്ച്; ഭൂഗര്‍ഭ ജലത്തിന്റെ അളവ് കുറയുന്നു; പ്രവര്‍ത്തനം മതിയാക്കാനൊരുങ്ങി ഹോട്ടലുകളും കമ്പനികളും സ്‌കൂളുകളും; നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും മതിയാക്കുന്നു; അടുത്ത രണ്ട് ദിവസങ്ങളില്‍ താപനില ആറ് ഡിഗ്രി ഉയരുമെന്ന് പ്രവചനം

Britishmalayali
kz´wteJI³

ചെന്നൈ: ചരിത്രത്തിലെ തന്നെ വലിയ കുടിവെള്ളക്ഷാമത്തിന്റെ പിടിയിലാണ് ചെന്നൈയും പരിസരജില്ലകളും. സ്‌കൂളുകള്‍, ഹോട്ടലുകള്‍, വനിതാഹോസ്റ്റലുകള്‍, ഐ.ടി.സ്ഥാപനങ്ങള്‍, ചായക്കടകള്‍, നിര്‍മ്മാണമേഖല എന്നിവയുടെ പ്രവര്‍ത്തനം ഏതുനിമിഷവും നിലയ്ക്കാവുന്ന നിലയിലാണ്.50 ശതമാനവും ഭാഗികമായി പ്രവര്‍ത്തനം അവസാനിപ്പിച്ചു. ചെറുകിട കര്‍ഷകരും വലിയ ദുരിതത്തില്‍.


നഗരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും വെള്ളം ലഭിക്കണമെങ്കില്‍ ദിവസേന 12,000 ദശലക്ഷം ലിറ്റര്‍ വിതരണംചെയ്യണമെന്നാണ് 2011-ലെ കണക്ക്. മഴകുറഞ്ഞതിനോെടാപ്പം 2011-നുശേഷം നഗരത്തില്‍ ജലവിതരണത്തിനായി പുതിയ പദ്ധതികള്‍ സ്ഥാപിക്കാത്തതും കുടിവെള്ളക്ഷാമം രൂക്ഷമാകാന്‍ കാരണമായി. അതേസമയം, കുടിവെള്ളക്ഷാമം രൂക്ഷമാണെന്ന വാദം തെറ്റാണെന്നാണ് ജലവിഭവമന്ത്രി എസ്പി. വേലുമണി പറയുന്നത്. സമീപജില്ലകളില്‍ കാര്‍ഷികാവശ്യത്തിനായി കുഴിച്ച കിണറുകളില്‍നിന്നു വെള്ളം കൊണ്ടുവരുമെന്നാണു സര്‍ക്കാര്‍വാഗ്ദാനം.

പല സ്‌കൂളുകളും വെള്ളമില്ലാത്തതിനാല്‍ പൂട്ടലിന്റെ വക്കിലാണ്. ചെന്നൈയിലെയും പരിസരങ്ങളിലെയും 50 വനിതാഹോസ്റ്റലുകള്‍ പൂട്ടി. തമിഴ്നാട്ടില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഭൂരിഭാഗവും മുടങ്ങി. ഫ്ളാറ്റുകളുടെയും കെട്ടിടങ്ങളുടെയും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പാതിവഴിലാണ്. മെട്രോ റെയിലിന്റെ പണിയും ഇഴഞ്ഞുനീങ്ങുന്നു. കടുത്ത വരള്‍ച്ച തുടരുന്ന തമിഴ്നാട്ടില്‍ ഒരാഴ്ച്ചയ്ക്കുള്ളില്‍ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണം അറിയിച്ചു. ജലക്ഷാമം രൂക്ഷമായതിനാല്‍ ചെന്നൈയിലെ നിരവധി ഹോട്ടലുകളും ഐടി കമ്പനികളും പൂട്ടിയെന്ന റിപ്പോര്‍ട്ടുകള്‍ വാസ്തവ വിരുദ്ധമെന്ന് തമിഴ്നാട് സര്‍ക്കാര്‍ വ്യക്തമാക്കി. കുടിവെള്ള ക്ഷാമം നേരിടാന്‍ മേഖലകള്‍ തിരിച്ച് ജലവിതരണം കാര്യക്ഷമാക്കാനും സര്‍ക്കാര്‍ തീരുമാനിച്ച്. ജലക്ഷാമം സംബന്ധിച്ച് തെറ്റായ റിപ്പോര്‍ട്ടുകള്‍ പരക്കുന്നുണ്ട്. ഐടി ജീവനക്കാര്‍ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദ്ദേശിച്ചെന്ന വാര്‍ത്തകള്‍ തെറ്റാണ് - മന്ത്രി എസ്പി.വേലുമണി പറഞ്ഞു.

നഗരമധ്യത്തിലാണ് ജലക്ഷാമം എറ്റവും കൂടുതല്‍. രാവിലെമുതല്‍ വൈകീട്ടുവരെ കന്നാസുകള്‍, കുടങ്ങള്‍ എന്നിവയുമായി നഗരവാസികള്‍ വെള്ളത്തിനായി ബൈക്കുകളിലും സൈക്കിളുകളിലും ചീറിപ്പായുന്ന അവസ്ഥ. കുഴല്‍ക്കിണറുകള്‍ക്കു മുന്നില്‍ നീണ്ടനിര. ടാങ്കര്‍ ലോറിയില്‍ വെള്ളമെത്തിയാല്‍ ഉന്തുംതള്ളും. സ്വകാര്യ ടാങ്കര്‍ലോറികളിലെത്തുന്ന വെള്ളത്തിനു 'ബുക്ക്' ചെയ്താല്‍ കിട്ടാന്‍ 16 മുതല്‍ 20 വരെ ദിവസം കാത്തിരിക്കണം. 'മെട്രോ വാട്ടറി'ന്റെ ടാങ്കര്‍ ലോറികള്‍വഴി 'ബുക്ക്' ചെയ്താല്‍ 40 ദിവസംകഴിഞ്ഞു തരാമെന്നാണു കോര്‍പ്പറേഷന്‍ അധികൃതര്‍ പറയുന്നത്. പ്രളയകാലത്ത് ദുരിതാശ്വാസകേന്ദ്രങ്ങളിലേക്കു നീങ്ങിയതുപോലെ ഇപ്പോള്‍ എല്ലാവരും വെള്ളത്തിനായി റോഡുകളിലാണ്. ഒരുകുടം വെള്ളത്തിനായി എത്രദൂരം സഞ്ചരിക്കാനും എല്ലാവരും തയ്യാര്‍.

ചെന്നൈയിലെ പ്രധാന ജലസ്രോതസ്സുകളായ പുഴല്‍, പൂണ്ടി, ചെമ്പരമ്പാക്കം, ചോഴവാരം എന്നീ തടാകങ്ങള്‍ വറ്റിവരണ്ടിട്ട് രണ്ടാഴ്ചയോളമായി. നെമ്മേലി, മിഞ്ചൂര്‍ എന്നിവിടങ്ങളിലെ കടല്‍വെള്ള ശുദ്ധീകരണ കേന്ദ്രങ്ങളില്‍നിന്നുള്ള 200 ദശലക്ഷം ലിറ്റര്‍ വെള്ളവും കടലൂര്‍ ജില്ലയിലെ വീരാനം തടാകത്തില്‍നിന്നുള്ള 150 ദശലക്ഷം ലിറ്റര്‍ വെള്ളവുമാണു നഗരത്തില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ വിതരണംചെയ്യുന്നത്. 580 ദശലക്ഷം ലിറ്റര്‍ വെള്ളം വിതരണംചെയ്യുമെന്നാണു സര്‍ക്കാരിന്റെ അവകാശവാദം.

ജലക്ഷാമം ബാധിച്ച് തുടങ്ങിയെങ്കിലും നഗരത്തിലെ ഹോട്ടലുകള്‍ അടച്ചുപൂട്ടേണ്ട സാഹചര്യമില്ലെന്ന് ഹോട്ടലുടമകള്‍ പറയുന്നു. കുടിവെള്ള ടാങ്കറുകളാണ് വെള്ളത്തിന് ആശ്രയം. ചില സ്വകാര്യ ടാങ്കറുകള്‍ വില കൂട്ടിയത് ചെറുകിട സംരംഭങ്ങളെ ബാധിക്കുന്നുണ്ട്. ചില ചെറുകിടഹോട്ടലുകള്‍ പ്രവര്‍ത്തന സമയം വെട്ടിക്കുറച്ചു. ഇതോടെ സ്വകാര്യ ടാങ്കറുകള്‍ അമിത വില ഈടാക്കുന്നത് നിയന്ത്രിക്കാന്‍ പ്രത്യേക സമിതിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി.

ഐടി കമ്പനികളില്‍ ഉള്‍പ്പടെ ജലക്ഷാമം നേരിടുന്നുവെങ്കിലും പ്രവര്‍ത്തനത്തെ ബാധിച്ചിട്ടില്ല. മേഖലകള്‍ തിരിച്ച് ജലവിതരണം ഉറപ്പ് വരുത്തുന്നുണ്ട്. ഒരാഴ്ച്ചയ്ക്കുള്ളില്‍ കിഴക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ചെന്നൈയിലേക്ക് എത്തുമെന്ന കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനത്തിലാണ് എല്ലാവരുടേയും പ്രതീക്ഷ.

തൊഴില്‍ നഷ്ടപ്പെട്ട് നിരവധി പേര്‍ ചെന്നൈയില്‍ നിന്ന് മടങ്ങിയെന്ന റിപ്പോര്‍ട്ടുകള്‍ തമിഴ്നാട് സര്‍ക്കാര്‍ തള്ളി. അതേസമയം അടുത്ത രണ്ട് ദിവസങ്ങളില്‍ ചെന്നൈയില്‍ താപനില ആറ് ഡിഗ്രി സെല്‍ഷ്യസ് ഉയരുമെന്നാണ് പ്രവചനം. വടക്കന്‍ തമിഴ്നാട്ടില്‍ ഉഷ്ണക്കാറ്റിനും സാധ്യതയുണ്ട്.രാവിലെ 11 മുതല്‍ വൈകിട്ട് നാല് വരെ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്നും പൊതുജനങ്ങള്‍ അമിതതാപത്തിനെതിരെ ജാഗ്രത പുലര്‍ത്തണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.

മഴ കനിഞ്ഞിട്ട് 200ഓളം ദിവസങ്ങള്‍
വീടുകള്‍ മുതല്‍ ഓഫിസുകള്‍വരെയും ഹോട്ടലുകളില്‍ തുടങ്ങി സ്‌കൂളുകള്‍ വരെയും വെള്ളമാണു ചര്‍ച്ചാ വിഷയം. ഭൂഗര്‍ഭ ജലത്തിന്റെ അളവ് കുറയുന്നതു തുടരുന്നതിനിടെ, ഇനിയും മഴ നീണ്ടുപോയാല്‍ സ്ഥിതി എവിടെയെത്തി നില്‍ക്കുമെന്ന ആശങ്കയിലാണു അധികൃതര്‍. ഇന്നലെ ആകാശം മേഘാവൃതമായതും ഒരാഴ്ചയ്ക്കുള്ളില്‍ മഴ ലഭിക്കുമെന്ന കാലാവസ്ഥാ പ്രവചനത്തിലുമാണ് ഇനി പ്രതീക്ഷ.

കുടിവെള്ള ക്ഷാമം നഗരത്തിലെ ഹോട്ടലുകളുടെ ബാധിച്ചു തുടങ്ങി. ചെറുകിട-ഇടത്തരം ഹോട്ടലുകളില്‍ പലതും തല്‍ക്കാലത്തേയ്ക്കു പൂട്ടിയിടാനുള്ള ഒരുക്കത്തിലാണ്. നുങ്കമ്പാക്കത്തു പ്രശസ്തമായ തെന്നകം ഹോട്ടല്‍ ഇതിനകം അടച്ചുപൂട്ടി. ജലക്ഷാമം പരിഹരിക്കുന്നതുവരെ ഹോട്ടല്‍ തുറന്നുപ്രവര്‍ത്തിക്കില്ലെന്ന നോട്ടിസ് ഹോട്ടലിനു പുറത്തു തൂക്കിയിട്ടുണ്ട്.
നഗരത്തില്‍ പതിനായിരത്തോളം ഇടത്തരം, ചെറുകിട ഹോട്ടലുകളുണ്ടെന്നാണു കണക്ക്. ജലക്ഷാമം രൂക്ഷമായതിനാല്‍ സ്വകാര്യ ടാങ്കറുകള്‍ വന്‍തോതില്‍ വില കൂട്ടിയതാണു ഇവരെ പ്രതിസന്ധിയിലാക്കുന്നത്. നേരത്തെ നല്‍കിയതിന്റെ അഞ്ചിരട്ടി വരെയാണ് ഇപ്പോള്‍ വെള്ളത്തിനായി നല്‍കേണ്ടിവരുന്നത്. ഇതു നഷ്ടത്തിനു കാരണമാകുന്നു. ഇത്രയും വില നല്‍കി വെള്ളം വാങ്ങുന്നതിനേക്കാള്‍ ഭേദം ഹോട്ടലുകള്‍ അടച്ചിടുന്നതാണെന്നു ഹോട്ടല്‍ ഉടമകള്‍ പറയുന്നു.

നേരത്തെ ചെറുകിട ഹോട്ടലുകാര്‍ വെള്ളത്തിനായി മാസം 20,000 രൂപവരെയാണു ചെലവാക്കിയിരുന്നത്. ഇപ്പോള്‍ 10 ദിവസത്തേക്കു തന്നെ ഇത്രയും പണം നല്‍കേണ്ടിവരുന്നു. ഇടത്തരം ഹോട്ടലുകളില്‍ വെള്ളത്തിനു മാത്രം ലക്ഷത്തിലേറെ രൂപയാണു ചെലവാകുന്നത്. വന്‍കിട ഹോട്ടലുകള്‍ക്കും പ്രശ്നമുണ്ടെങ്കിലും പ്രവര്‍ത്തനം ബാധിച്ചു തുടങ്ങിയിട്ടില്ല.

ജലക്ഷാമം രൂക്ഷമായതോടെ വെള്ളം സംരക്ഷിക്കാന്‍ ഹോട്ടലുകള്‍ പല മാര്‍ഗങ്ങളും പയറ്റുന്നു. പല ഹോട്ടലുകളും ശുചിമുറികള്‍ അടച്ചിട്ടു. കൈ കഴുകാനായി വാഷ് ബേസിനുകള്‍ക്കു പകരം പല ഹോട്ടലുകളും ചെറിയ പാത്രത്തിലാണു വെള്ളം നല്‍കുന്നത്. പാഴാകുന്ന വെള്ളത്തിന്റെ അളവ് കുറക്കാന്‍ ഇതു സഹായിക്കുമെന്നു ഹോട്ടലുകാര്‍ പറയുന്നു.

ഭൂഗര്‍ഭ ജലത്തിന്റെ കാര്യത്തിലും ആശങ്ക
കഴിഞ്ഞ ഒരു മാസത്തിനിടെ, തിരുനല്‍വേലിയില്‍ 0.83 മീറ്ററും തൂത്തുക്കുടിയില്‍ 0.45 മീറ്ററും കടലൂരില്‍ 0.43 മീറ്ററുമാണു ഭൂഗര്‍ഭ ജലത്തിന്റെ തോത് കുറഞ്ഞത്.കഴിഞ്ഞ വര്‍ഷം ജനുവരിക്കു ശേഷം ആദ്യമായാണു തിരുനല്‍വേലി, തൂത്തൂക്കുടി ജില്ലകളില്‍ ഭൂഗര്‍ഭ ജലത്തിന്റെ നിരപ്പ് കുറയുന്നത്. മഴയുടെ കുറവാണു കാരണം. നിലവിലെ കണക്കുപ്രകാരം സംസ്ഥാനത്തെ 9 ജില്ലകളിലാണ് ഭൂഗര്‍ഭ ജലത്തിന്റെ അളവ് വര്‍ധിച്ചത്. മധുര, ഈറോഡ്, തിരുച്ചിറപ്പള്ളി, കോയമ്പത്തൂര്‍ ഉള്‍പ്പെടെ ഇത്തവണ ഭേദപ്പെട്ട മഴ ലഭിച്ച ജില്ലകളിലാണു ജലനിരപ്പ് ഉയര്‍ന്നത്.
ചെന്നൈയിലെ പരിസര ജില്ലകളിലും വന്‍ തോതിലുള്ള ഇടിവാണു ജലനിരപ്പിലുണ്ടായത്. കാഞ്ചീപൂരം, തിരുവള്ളൂര്‍, വെല്ലൂര്‍, തിരുവണ്ണാമല ജില്ലകളില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ ഭൂഗര്‍ഭ ജലനിരപ്പ് വന്‍ തോതില്‍ താഴ്ന്നു. ചെന്നൈയിലേക്കു ജലം വിതരണം ചെയ്യുന്നതിനായി സ്വകാര്യ ടാങ്കറുകള്‍ വന്‍ തോതില്‍ ജലം ഊറ്റിയതാണു ഇതിനു കാരണമെന്നാണു നിഗമനം. ജില്ലകളില്‍ പെരുമ്പല്ലൂരിലും തിരുവണ്ണാമലയിലുമാണു ഏറ്റവും കൂടുതല്‍ ജലനിരപ്പ് താഴ്ന്നത്. ഒരു വര്‍ഷത്തിനിടെ രണ്ടു ജില്ലകളിലും 4.5 മീറ്ററിലധികമാണു ഭൂഗര്‍ഭ ജലനിരപ്പ് താഴ്ന്നത്.

രണ്ടു ദിവസം കൂടി ഈ മഴയില്ലായ്മ നീണ്ടു നിന്നാല്‍ 10 വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ മഴയില്ലാത്ത വര്‍ഷമായി ഇതു മാറും. ചെന്നൈയില്‍ മഹാപ്രളയം സംഭവിച്ച 2015നു മുന്‍പ് ഇതേ രീതിയില്‍ മഴയില്ലായ്മ നഗരത്തെ വീര്‍പ്പുമുട്ടിച്ചിരുന്നു. അന്ന് മഴയില്ലാത്ത തുടര്‍ച്ചയായ 193 ദിവസങ്ങള്‍ക്കു ശേഷമാണു നിര്‍ത്താതെ മഴ പെയ്തത്. തെലങ്കാനയില്‍ മഴക്കാലമെത്തുന്ന 19നു ശേഷം ചെന്നൈ ഉള്‍പ്പെടെ വടക്കന്‍ തമിഴ്നാട്ടില്‍ മഴ ലഭിക്കുമെന്നാണു കാലാവസ്ഥാ പ്രവചനം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category