1 GBP = 92.50 INR                       

BREAKING NEWS

പ്രേമചന്ദ്രന്റെ സ്വകാര്യ ബില്ലിനെ ബിജെപി കാണുന്നത് ഇരുതല മൂര്‍ച്ചയുള്ള വാളിനെ പോലെ; അനുകൂലിക്കാനോ എതിര്‍ക്കാനോ കഴിയില്ലെന്ന തിരിച്ചറിവില്‍ കേന്ദ്ര സര്‍ക്കാര്‍; ആചാര സംരക്ഷണത്തിന് വേണ്ടത് ഭരണഘടനാ ഭേദഗതിയെന്ന് ശശി തരൂര്‍; നിയമം കോടതിയില്‍ ചോദ്യം ചെയ്യാതിരിക്കാന്‍ ഭരണഘടനയുടെ ഒമ്പതാംപട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന വിദഗ്ധരും; ശബരിമലയിലെ യുവതി പ്രവേശന വിധി അസാധുവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കനിഞ്ഞേ മതിയാകൂ; പ്രതീക്ഷയോടെ വിശ്വാസികളും

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ശബരിമല ആചാര സംരക്ഷണത്തിന് ഭരണഘടനാ ഭേദഗതി വേണമെന്ന് ശശി തരൂര്‍ എംപി. സ്വകാര്യ ബില്‍ നിലനില്‍ക്കണമെങ്കില്‍ ഭരണഘടനാഭേദഗതി വേണമെന്നാണ് തരൂരിന്റെ നിലപാട്. ബിജെപിക്ക് കേരളത്തില്‍ ഇടപെടാന്‍ അവസരം നല്‍കില്ലെന്നും തരൂര്‍ വിശദീകരിച്ചു. എന്‍ കെ പ്രേമചന്ദ്രന്റെ സ്വകാര്യ ബില്‍ നാളെ ലോക്സഭ പരിഗണിക്കുന്നുണ്ട്. തന്ത്രപരമായ നീക്കമാണ് ഇക്കാര്യത്തില്‍ പ്രേമചന്ദ്രന്‍ നടത്തിയത്. ഇത് ബിജെപിയെ വെട്ടിലാക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വേണ്ടത് ഭരണഘടനാ ഭേദഗതിയാണെന്ന് തരൂര്‍ വിശദീകരിക്കുന്നത്. പ്രേമചന്ദ്രന്റെ സ്വകാര്യ ബില്ലിനെ കോണ്‍ഗ്രസും പിന്തുണയ്ക്കുമെന്നാണ് സൂചന. പ്രേമചന്ദ്രന്‍ നല്‍കിയ സ്വകാര്യ ബില്ലിന് നാളെ അവതരണാനുമതി ലഭിച്ചിട്ടുണ്ടെങ്കിലും ബില്‍ ചര്‍ച്ചയ്‌ക്കെടുക്കാന്‍ തുടര്‍ നടപടിക്രമങ്ങള്‍ അനുകൂലമാകണം. ജൂണ്‍ 25ന് സഭയുടെ പരിഗണനയിലുള്ള ചുരുങ്ങിയത് 32 ബില്ലുകള്‍ നറുക്കിട്ട് അതില്‍ പ്രഥമ പരിഗണന ലഭിക്കുന്ന മൂന്നെണ്ണമാണ് ചര്‍ച്ചയ്‌ക്കെടുക്കുക. ജൂലായ് 12നാണ് ചര്‍ച്ചയ്ക്കായി പരിഗണിക്കേണ്ടത്.

പ്രേമചന്ദ്രന്റെ ബില്ലിന് അവതരണാനുമതി ലഭിച്ചത് ബിജെപിയെയും പ്രതിരോധത്തിലാക്കി. ബില്ലിലെ വ്യവസ്ഥകളെ നയപരമായി കേന്ദ്രസര്‍ക്കാരിനോ ബിജെപിക്കോ എതിര്‍ക്കാനാവില്ല. ലോക്സഭയില്‍ ബില്ലിനെ എതിര്‍ക്കുമ്പോള്‍ ശബരിമല ആചാര സംരക്ഷണം സംബന്ധിച്ചു നിയമനിര്‍മ്മാണം നടത്തുമോ എന്നു സര്‍ക്കാരിനു വ്യക്തമാക്കേണ്ടി വരും. ഇതാണ് പ്രേമചന്ദ്രന്റെ ഇരുതലമൂലിയുള്ള ആയുധം. ശബരിമലയില്‍ ഒളിച്ചു കളിക്കാന്‍ ബിജെപിക്കായില്ല. അത് തുടര്‍ന്നാല്‍ ബിജെപി ശബരിമലയെ രാഷ്ട്രീയ ഇടപെടലിനുള്ള സുവര്‍ണ്ണാവസരമായി മാത്രമാണ് കണ്ടതെന്ന വാദം സജീവമാകും. രാഷ്ട്രീയ നേട്ടത്തിനുള്ള അവസരം എന്ന നിലയ്ക്കാണു പാര്‍ട്ടി വിഷയത്തെ കൈകാര്യം ചെയ്തതെന്നു കേരളത്തിലെ തിരഞ്ഞെടുപ്പു പരാജയത്തെത്തുടര്‍ന്നു വിമര്‍ശനമുയര്‍ന്നിരുന്നു. അതിനിടെ ബില്ലിനെ കുമ്മനം രാജശേഖരന്‍ സ്വാഗതം ചെയ്യുകയും ചെയ്തു.

ശബരിമലയില്‍ യുവതീപ്രവേശം അനുവദിച്ച് കഴിഞ്ഞ സെപ്റ്റംബര്‍ 28ന് സുപ്രീം കോടതിയുടെ അഞ്ചംഗബെഞ്ച് പുറപ്പെടുവിച്ച വിധി മറികടക്കാനുള്ള വ്യവസ്ഥകളാണ് ബില്ലിലുള്ളത്. വിധിക്കെതിരെയുള്ള പുനഃപരിശോധനാ ഹര്‍ജികളില്‍ സുപ്രീം കോടതി വിധി പറയാനിരിക്കുകയാണ്. കോടതി വിധി നിലവിലുള്ളതിനാല്‍ പാര്‍ലമെന്റിന് നിയമനിര്‍മ്മാണം സാധ്യമാണോയെന്ന് ലോക്സഭാ സെക്രട്ടറി ജനറല്‍ സംശയമുന്നയിച്ചിരുന്നു. തുടര്‍ന്ന്, നിയമ മന്ത്രാലയം പരിശോധിച്ചശേഷമാണ് ബില്ലിന് അവതരണാനുമതി നല്‍കിയത്. ഈ ബില്ലിനെ ബിജെപിയും പിന്തുണയ്ക്കുമെന്നാണ് പുറത്തു വരുന്ന സൂചന. അതിനിടെ വിശ്വാസികള്‍ പ്രതീക്ഷയിലാണ്. ശബരിമലയില്‍ ഇനി കേന്ദ്ര സര്‍ക്കാരിന് നിലപാട് വ്യക്തമാക്കേണ്ടി വരുമെന്ന് വിശ്വാസികള്‍ കരുതുന്നു. പന്തളം കൊട്ടാരവും എന്‍ എസ് എസും പ്രേമചന്ദ്രന്റെ നീക്കത്തെ സ്വാഗതം ചെയ്തിട്ടുണ്ട്.

2018 സെപ്റ്റംബര്‍ 28-നുള്ളസുപ്രീംകോടതി വിധിയെത്തുടര്‍ന്നുണ്ടായ സംഭവവികാസങ്ങള്‍ക്കും പ്രശ്നങ്ങള്‍ക്കും ശാശ്വതപരിഹാരമായി നിയമനിര്‍മ്മാണം തന്നെയാണ് അഭികാമ്യമെന്ന ചര്‍ച്ചയാണ് പ്രേമചന്ദ്രന്‍ സജീവമാക്കുന്നത്. ഏതുകോടതിയുടെ വിധിയുണ്ടെങ്കിലും ശബരിമലക്ഷേത്രത്തില്‍ 2018 സെപ്റ്റംബര്‍ ഒന്നിന് നിലവിലുണ്ടായിരുന്ന മതപരമായ ആചാരാനുഷ്ഠാനങ്ങള്‍ അതേപടി സംരക്ഷിക്കപ്പെടണമെന്നാണ് സ്വകാര്യ ബില്ലിലെ സുപ്രധാന വ്യവസ്ഥ. നിയമം പ്രാബല്യത്തില്‍വരുമ്പോള്‍ ശബരിമല മതാചാരങ്ങളുമായി ബന്ധപ്പെട്ട് കോടതികളില്‍ നിലനില്‍ക്കുന്ന എല്ലാ വ്യവഹാരങ്ങളും സ്വമേധയാ ഇല്ലാതാവുന്നു എന്ന വകുപ്പും നിര്‍ദിഷ്ട സ്വകാര്യബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മൗലികാവകാശലംഘനങ്ങളുടെ അടിസ്ഥാനത്തില്‍ സുപ്രീംകോടതി പുറപ്പെടുവിച്ചിട്ടുള്ള വിധി മറ്റൊരു നിയമനിര്‍മ്മാണത്തിലൂടെ മറികടക്കുക ഒരു ലഘുനിയമനിര്‍മ്മാണത്തിലൂടെ സാധ്യമാവുകയില്ല. ശബരിമലവിധിയുടെ അടിസ്ഥാനം ഭരണഘടന ഉറപ്പുവരുത്തുന്ന തുല്യത എന്ന മൗലികാവകാശമാണ്. ഭരണഘടനാകോടതികളുടെ നീതിന്യായ ഇടപെടല്‍ ഇല്ലാതാക്കുന്ന വ്യവസ്ഥകളും പ്രേമചന്ദ്രന്റെ സ്വകാര്യബില്ലിന്റെ ഭരണഘടനാസാധുതയെ ചോദ്യം ചെയ്യുന്നു.

ഒരു നിയമത്തെയോ ചട്ടത്തെയോ ഭരണഘടനയുടെ ഒമ്പതാംപട്ടികയില്‍ ഉള്‍പ്പെടുത്തിയാല്‍ മൗലികാവകാശങ്ങളുടെ ലംഘനമെന്ന കാരണത്താല്‍ ആ നിയമം കോടതിയില്‍ ചോദ്യംചെയ്യപ്പെടാന്‍ ഭരണഘടന അനുവദിക്കുന്നില്ലെന്നത് ശ്രദ്ധേയമായ സവിശേഷതയാണ്. പ്രേമചന്ദ്രന്റെ സ്വകാര്യബില്‍ സമഗ്രമായി ഇരുസഭയും ചര്‍ച്ചചെയ്ത് ന്യൂനതകള്‍ പരിഹരിച്ച് പാസാക്കി ഭരണഘടനയുടെ ഒമ്പതാംപട്ടികയില്‍ ഉള്‍പ്പെടുത്തിയാല്‍ ഭരണഘടനാ കോടതികളുടെ ഇടപെടല്‍ ഒഴിവാക്കാന്‍ കഴിയും. അല്ലെങ്കില്‍ ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളെ പരിരക്ഷിക്കുന്നതിനുള്ള ഒരു നിയമം സംസ്ഥാനനിയമസഭ പാസാക്കി, കേന്ദ്രസര്‍ക്കാരിന്റെ പിന്‍ബലത്തോടെ ഭരണഘടനാഭേദഗതി വരുത്തി ആ നിയമത്തെ ഒമ്പതാംപട്ടികയില്‍ ഉള്‍പ്പെടുത്തിയാല്‍ മാത്രമേ നിലനില്‍ക്കൂവെന്നാണ് വിദഗ്ധരുടെ അഭിപ്രായം. തുല്യത എന്ന മൗലികാവകാശത്തിന്റെമാത്രം ലംഘനം എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലുള്ളതാണ് ഇപ്പോഴുണ്ടായിരിക്കുന്ന സുപ്രീംകോടതിയുടെ ശബരിമലവിധി. ഏതായാലും സമഗ്രമായ ഒരു ഭരണഘടനാഭേദഗതിക്കും നിയമനിര്‍മ്മാണത്തിനും പ്രേമചന്ദ്രന്റെ സ്വകാര്യബില്‍ പ്രേരകമാകുമെന്നാണ് വിലയിരുത്തല്‍.

ബില്ലവതരണത്തിനുള്ള അനുമതി തേടിക്കൊണ്ടുള്ള പ്രമേയം അംഗം അവതരിപ്പിക്കുമ്പോള്‍ സാധാരണ എതിര്‍ക്കാറില്ല. എന്നാല്‍, സ്വവര്‍ഗരതി നിയമവിധേയമാക്കുന്നതിനായി 2015-ല്‍ ശശി തരൂര്‍ അവതരിപ്പിച്ച ബില്ലിന് സഭ വോട്ടെടുപ്പിലൂടെ അവതരണാനുമതി നിഷേധിച്ചപ്പോഴുള്ള ഒറ്റപ്പെട്ട സംഭവങ്ങളും നേരത്തേ ഉണ്ടായിട്ടുണ്ട്. ബില്‍ ചര്‍ച്ചയ്ക്കെടുത്താല്‍ ചര്‍ച്ചയുടെ അവസാനം സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനപ്രകാരം ബില്‍ അംഗത്തിന് പിന്‍വലിക്കുകയോ അല്ലെങ്കില്‍ അത് പാസാക്കുന്നതിനായി വോെട്ടടുപ്പോ ആവശ്യപ്പെടാം. പ്രേമചന്ദ്രന്റെ ബില്ലില്‍ കേന്ദ്രം എന്ത് നിലപാട് എടുക്കുമെന്നതാണ് പ്രധാനം. ഭരണഘടനാ ഭേദഗതി നടത്താമെന്ന പ്രഖ്യാപനവുമായി കേന്ദ്ര സര്‍ക്കാര്‍ സ്വയം ബില്‍ അവതരിപ്പിക്കുമെന്ന പ്രഖ്യാപനം നടത്തുമോ എന്നതാണ് ഉയരുന്ന ചോദ്യം.

ശബരിമല വിഷയത്തില്‍ നിയമനിര്‍മ്മാണം നടത്തുമെന്ന് ഇതുവരെ ബിജെപി ഉറപ്പു നല്‍കിയിട്ടില്ലെന്നു സ്വകാര്യ ബില്ലിന് അനുമതി തേടിയ എന്‍.കെ. പ്രേമചന്ദ്രന്‍ പറഞ്ഞു. സുപ്രീം കോടതിയില്‍ സമഗ്രമായി അവതരിപ്പിക്കാന്‍ ശ്രമം നടത്തുമെന്നാണു പ്രകടനപത്രികയില്‍ പറഞ്ഞിരിക്കുന്നത്. സുപ്രീം കോടതി വിധി വന്നശേഷം ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരോ ബിജെപിയോ ഒന്നും ചെയ്തിട്ടില്ല. ആര്‍എസ്എസ് ആദ്യം വിധിയെ സ്വാഗതം ചെയ്യുകയും പിന്നീടു ജനവികാരം എതിരാണെന്നു കണ്ടപ്പോള്‍ നിലപാടു മാറ്റുകയുമായിരുന്നു. മുത്തലാഖ് വിഷയത്തില്‍ 3 തവണ കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നിട്ടുണ്ട്. ആ താല്‍പര്യം ഈ വിഷയത്തില്‍ കാണിച്ചിട്ടില്ല.

സുപ്രീം കോടതി വിധികള്‍ക്കെതിരെ എത്രയോ നിയമ നിര്‍മ്മാണങ്ങള്‍ പാര്‍ലമെന്റ് നടത്തിയിട്ടുണ്ടെന്നും പ്രേമചന്ദ്രന്‍ ചൂണ്ടിക്കാണിക്കുന്നു. ഇക്കാര്യത്തില്‍ യുഡിഎഫിന്റേത് ആദ്യം മുതലേ സുതാര്യമായ നിലപാടാണ്. 2021 ല്‍ യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ശബരിമല വിഷയത്തില്‍ നിയമ നിര്‍മ്മാണം കൊണ്ടുവരും എന്നു വ്യക്തമാക്കിയിട്ടുണ്ട്. ദേവസ്വം ബോര്‍ഡ് എന്തു കൊണ്ട് റിവ്യൂ പെറ്റീഷന്‍ നല്‍കിയില്ലെന്നതു ചിന്തനീയമാണെന്നു പ്രേമചന്ദ്രന്‍ പറഞ്ഞു.

ശബരിമലയിലെ യുവതീ പ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധിക്കെതിരെയുള്ള സ്വകാര്യ ബില്‍ കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ ആവശ്യപ്പെടുന്നുണ്ട്. ആചാരാനുഷ്ഠാന സംരക്ഷണത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കാനുള്ള അവസരമാണെന്നും സര്‍ക്കാര്‍ ബില്‍ ഏറ്റെടുത്ത് കോടതി വിധിക്കെതിരെ നിയമം കൊണ്ടുവരണമെന്നും പ്രേമചന്ദ്രന്‍ ആവശ്യപ്പെട്ടു. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category