1 GBP = 93.00 INR                       

BREAKING NEWS

ജനങ്ങള്‍ നല്‍കിയ അധികാരങ്ങള്‍ ഉപയോഗിക്കേണ്ടത് ജനനന്മയ്ക്കു വേണ്ടി മാത്രമായിരിക്കണം; ജനങ്ങളെ നിരുല്‍സാഹപ്പെടുത്തുവാനുള്ളതല്ല

Britishmalayali
റോയ് സ്റ്റീഫന്‍

ധുനിക ശാസ്ത്രലോകം വളരെയധികം പുരോഗമിച്ചപ്പോഴും മനുഷ്യന്‍ ആകാശ വിതാനങ്ങള്‍ ഭേദിച്ചു ശൂന്യാകാശത്തു എത്തിനില്‍ക്കുമ്പോഴും ഭൂമിയിലെ മനുഷ്യന്റെ മനസുകളെ അപഗ്രഥിക്കുവാനോ മനസിലാക്കുവാനോ സാദ്ധ്യമായിട്ടില്ലായെന്നു തന്നെയാണ് ആനുകാലിക സംഭവങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.  മനുഷ്യര്‍ വിവേകശാലികളെന്നും സാംസ്‌കാരിക സമ്പന്നരെന്നും വിലയിരുത്തപ്പെടുമ്പോഴും മനസ്സിനുള്ളില്‍ അടിച്ചമര്‍ത്തപ്പെടുകയോ സാമൂഹിക നിയന്ത്രണങ്ങള്‍ക്ക് വിധേയമാക്കപ്പെടുകയോ ചെയ്യുന്ന കിരാതത്വങ്ങള്‍ നിലനില്‍ക്കുന്നു. എല്ലാക്കാലവും ജീവിതത്തിലുടനീളവും മറ്റുള്ളവരുടെ മേല്‍ തനിക്കു മാത്രമുള്ള ജയം  അഭിലഷിക്കുന്ന ആഗ്രഹങ്ങളും ചിന്താഗതികളും.

സമൂഹം വളര്‍ന്നെങ്കിലും ഇന്നും മനുഷ്യ മനസുകളില്‍ പ്രാകൃതവാസനകളും മൃഗീയാഭിലാഷങ്ങളും പ്രാഥമികവികാരങ്ങളും ഉള്‍ക്കൊള്ളുന്ന മനോമണ്ഡലങ്ങളാണ് നിലനില്‍ക്കുന്നത്. നൈമിഷികമായ ജീവിതം ഏറ്റവും വിജയകരമാക്കുവാനോ പരമാവധി പ്രയോജനപ്പെടുത്തുവാനോ ശ്രമിക്കാതെ മറ്റുള്ളവരെ തോല്‍പിക്കുവാന്‍ വേണ്ടി മാത്രം സ്വന്തം ജീവിതവും ബലികൊടുക്കുന്ന ലജ്ജാവഹമായ ജീവിത രീതികള്‍. മൃഗങ്ങളില്‍ നിന്ന് മനുഷ്യനെ വേര്‍പ്പെടുത്താനാവാത്തവിധം കുടികൊള്ളുന്ന മൃഗീയ ആസക്തികളും ഇച്ഛയും ചിന്താഗതികളും ആര്‍ത്തിയും ഇപ്പോഴും വ്യക്തികളില്‍ കുടികൊള്ളുന്നു. വിവേകത്തോടും സാമാന്യ ബുദ്ധിയോടുള്ള ചിന്തകളുടെയും സാമൂഹികതകളുടെയും ഘടകങ്ങള്‍ നിലനില്‍ക്കുന്നില്ല.

വനിതാ സിവില്‍ പൊലീസ് ഓഫിസര്‍ സൗമ്യയെ വളരെ നിഷ്ഠൂരമായി കൊലപ്പെടുത്തുവാന്‍ സഹപ്രവര്‍ത്തകനായ അജാസിന് വ്യക്തിപരമായ പല കാരണങ്ങള്‍ ഉണ്ടായിരിക്കും അന്വേഷണം എത്ര ആഴത്തില്‍ മുന്നോട്ടു പോയാലും വളരെ കുറച്ചു സത്യാവസ്ഥകള്‍ മാത്രമായിരിക്കും പുറംലോകമറിയുവാന്‍ പോകുന്നത്. ഇതൊരു ഒറ്റപ്പെട്ട സംഭവമായിരുന്നതുകൊണ്ട് പൊതുജനം അധികം താമസിയാതെ മറന്നു പോവുകയും ചെയ്യും. ഒരിക്കലും നികത്താനാവാത്ത നഷ്ടം അനാഥരായ സൗമ്യയുടെ ഏറ്റവും അടുത്ത കുടുംബത്തിന് മാത്രമായിരിക്കും.

പ്രണയനൈരാശ്യം മൂലമെന്നു പ്രതി വെളിപ്പെടുത്തുമ്പോഴും അവിവാഹിതനായ പ്രതി വിവാഹിതയും മൂന്നു കുട്ടികളുടെ അമ്മയുമായ സ്ത്രീയെ തന്നെ പ്രണയിക്കുവാന്‍  നിര്‍ബന്ധിക്കുന്നതിലെ മാനസികാവസ്ഥയും പ്രണയം സഫലമാവുകയില്ലാ എന്നറിഞ്ഞപ്പോള്‍ പ്രണയിനിയെയും ഇല്ലാതാക്കി സ്വയം മരണം വരിക്കുവാന്‍ തയ്യാറായ മാനസികാവസ്ഥയും വിവേകമുള്ള സാധാരണക്കാര്‍ക്ക് ഒരിക്കലും മനസിലാക്കുവാന്‍ സാദ്ധ്യമല്ലാതാകുന്നു.

ശാരീരികമായി സാമ്യതയുള്ളപ്പോഴും മാനസികമായി ഓരോ വ്യക്തികളും പകരം വയ്ക്കാനില്ലാത്ത അതുല്യമായ സൃഷ്ടി തന്നെയാണെന്ന് തെളിയിക്കുന്ന സംഭവ വികാസങ്ങള്‍. മാനുഷിക സ്വഭാവരീതികളും സാമൂഹിക ശാസ്ത്രവും ഫലപ്രദമായി ഉപയോഗിച്ച് സംഘടിത കുറ്റകൃത്യങ്ങളെ ഉപരോധിക്കുവാന്‍ സാധിക്കും പക്ഷെ ഒറ്റപ്പെട്ട മാനസിക വികൃതികളെ അഥവാ വൈകല്യങ്ങളെ  ഉപരോധിക്കുവാന്‍ വളരെ ബുദ്ധിമുട്ടായി മാറിയിരിക്കുകയാണ്. എല്ലാ വ്യക്തികള്‍ക്കും സ്വഭാവ സവിശേഷതകളുണ്ട് ചിലതെല്ലാം പൊതുസമൂഹത്തിനു വേണ്ടിയും സാമൂഹ്യ സേവനത്തിനും സ്വന്തം കുടുംബത്തിനെ സംരക്ഷിക്കുന്നതിനു ഗുണം ചെയ്യുന്നതായിരിക്കും.

എന്നാല്‍ സ്വഭാവ സവിശേഷതകള്‍ക്കൊപ്പം അവരുടേതായ സ്വന്തം വ്യക്തിത്ത്വങ്ങളും നിലനില്‍ക്കുന്നു ഇവ കൂടുതലും പാരമ്പര്യമായി ലഭിച്ചവയാണ് മാതാപിതാക്കളുടെ ജീനില്‍ നിന്നും ജന്മസിദ്ധമായി കിട്ടിയവ സമാനകളില്ലാത്ത വ്യക്തിത്വങ്ങളായി നിഴലിക്കുന്ന സ്വഭാവ സവിശേഷതകള്‍. അതോടൊപ്പം തന്നെ വിവേകമുള്ള വ്യക്തികള്‍ തങ്ങള്‍ നേരിടുന്ന വേറിട്ട സാഹചര്യങ്ങളില്‍ നിന്നും അനുഭവങ്ങളില്‍ നിന്നും പഠിക്കുകയും തനിക്കുതകുന്ന സ്വഭാവങ്ങള്‍ രൂപീകരിക്കുന്നുണ്ട്. കൂടുതലും വേറിട്ട ജീവിത സാഹചര്യങ്ങളിലൂടെ ലഭിക്കുന്ന അനുഭവങ്ങളിലൂടെ. സാമൂഹിക ജീവിതത്തിലെ എല്ലാ പഠനങ്ങളിലും ഹൈലൈറ്റ് ചെയ്യുന്നത് ജീവിതാനുഭവങ്ങള്‍ തന്നെയാണ് വ്യക്തികളില്‍ നിലവിലുള്ള സ്വഭാവപ്രത്യേകതകളെ പരിഷ്‌ക്കരിക്കുവാനും പൂര്‍ണ്ണമായും മാറ്റിയെടുക്കുവാനും പുതിയ സ്വഭാവസവിശേഷതകള്‍ സ്വയത്വമാക്കുവാനും പ്രേരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഘടകമെന്ന്.

വ്യക്തിത്ത്വങ്ങളില്‍ മാനസിക തകരാറുകളുള്ള വ്യക്തികളെ എളുപ്പത്തില്‍ തിരിച്ചറിയുക പ്രയാസമാണെങ്കിലും അപരിചരിതരായ വ്യക്തികളുമായുള്ള ബന്ധപ്പെടലുകളിലേ ഗുണനിലവാരങ്ങളില്‍ നിന്നും ഒരു പരിധിവരെ തിരിച്ചറിയുവാന്‍ സാധിക്കും. പ്രാഥമികമായും ഇങ്ങനെയുള്ള വ്യക്തികള്‍ക്ക് അവരുടെ ജീവിതത്തില്‍ നിരന്തരം അരക്ഷിതാവസ്ഥയാണ് തോന്നിപ്പിക്കുന്നത്. പറയുന്നതും ചെയ്യുന്നതുമായ പ്രവര്‍ത്തനങ്ങള്‍ തെറ്റാണെന്നറിയാമെങ്കിലും സമ്മതിക്കുകയില്ല. അതോടൊപ്പം തന്നെ ഇങ്ങനെയുള്ള വ്യക്തികള്‍ക്ക് പൊതുവേദികളിലും സാമൂഹ്യാന്തരീക്ഷങ്ങളിലും വികാരങ്ങള്‍ നിയന്ത്രിക്കാനും മറ്റുള്ളവരുമായി സമ്പര്‍ക്കപ്പെടാനും ബുദ്ധിമുട്ടു നേരിടും.

എന്നാല്‍ തങ്ങളുടെ കുറവുകള്‍ പ്രകടിപ്പിക്കാതിരിക്കുവാന്‍ ഉചിതമല്ലാത്ത കാര്യങ്ങള്‍ പ്രവര്‍ത്തിക്കുകയോ പറയുകയോ ചെയ്‌തേക്കാം ചില അവസരങ്ങളില്‍ അക്രമാസക്തരും ആയി മാറും. വ്യക്തിത്ത്വങ്ങളിലെ തകരാറുകള്‍ക്ക് ധാരാളം കരണങ്ങളുണ്ടാവാം കൂടുതലും ചെറുപ്രായങ്ങളില്‍ അനുഭവിച്ചട്ടുള്ള മാനസികപീഡനങ്ങളും, അക്രമങ്ങളും, ആഘാതങ്ങളും ആയിരിക്കാം. ഓരോ വ്യക്തികളുടെയും ശാരീരികവും മാനസികവുമായ ഘടകങ്ങള്‍ പൊതുസമൂഹങ്ങളുടെ  നിയന്ത്രണങ്ങള്‍ക്കതീതമാണ് എന്നാല്‍ സാമൂഹികമായ ഘടകങ്ങള്‍  ശക്തവും സ്‌നേഹ സമ്പന്നവുമായ ബന്ധങ്ങളിലൂടെ നികത്തുവാന്‍ സാധിക്കും. വാത്സല്യമുള്ള മാതാപിതാക്കളും സ്‌നേഹസമ്പന്നരായ സമൂഹവുമാണ് മനുഷ്യരിലെ നന്മയുള്ള വ്യക്തിത്ത്വങ്ങളുടെ കാവല്‍ പടയാളികള്‍.

അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് നടുക്കടലില്‍ കാണാതായ മലേഷ്യന്‍ വിമാനവും അതിലൂടെ കാണാതായ 238 യാത്രക്കാരെയും വിമാനത്തിന്റെ ക്യാപ്റ്റനായ സാഹാരി അഹമ്മദ് മനപ്പൂര്‍വം കൊലപ്പെടുത്തുക ആയിരുന്നു എന്നുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിട്ടുള്ള റിപ്പോര്‍ട്ടുകളിലുള്ളത്. തന്റെ കുടുംബ പ്രശ്‌നങ്ങളിലൂടെയുള്ള മാനസിക വിഭ്രാന്തി മറ്റുള്ളവരോടുള്ള പകയായി മാറുകയും നിസഹായരായ മറ്റനേകം യാത്രക്കാരുടെ ജീവിതം ഇല്ലാതാക്കിയ സംഭവം. അതുപോലെതന്നെ ഏകദേശം നാലു വര്‍ഷങ്ങള്‍ക്കു മുന്‍പ് ജര്‍മന്‍ വിങ്‌സിന്റെ വിമാനവും ഇതുപോലുള്ള സാഹചര്യത്തില്‍ വിമാനത്തിന്റെ സഹ വൈമാനികന്‍ ആല്‍പ്‌സ് പര്‍വത നിരകളില്‍ ഇടിച്ചിറക്കി എല്ലാ യാത്രക്കാരെയും കൊലപ്പെടുത്തി. പിന്നീട് നടന്ന അന്വേഷണത്തില്‍ സഹ വൈമാനികനായിരുന്ന അന്‍ഡ്രാസാസ് ലുബ്റ്റ്‌സ് ആത്മഹത്യാ പ്രവണതകളുണ്ടായിരുന്ന മനോരോഗി ആയിരുന്നുയെന്നും അദ്ദേഹത്തിന്റെ ഡോക്ടര്‍ ജോലി ചെയ്യുവാന്‍ യോഗ്യതയില്ലാത്ത വ്യക്തിയായി പ്രഖ്യപിച്ചിരുന്നതായും കണ്ടെത്തി. ആ ഒരു അപകടത്തില്‍ കൊല്ലപ്പെട്ടത് ഏകദേശം 144 യാത്രക്കാരാണ്. ഇവിടെയും വില്ലനാകുന്നത് ബാഹ്യമായ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത മാനസിക രോഗികളാണ്.

മാനസിക വൈകല്യങ്ങളുള്ള സാധാരണ വ്യക്തികള്‍ മറ്റുള്ളവരോട് ഇത്രയും നിര്‍ദ്ദയമായും ക്രൂരമായും പെരുമാറുമ്പോഴും. മാനസിക വൈകല്യങ്ങളുള്ള അധികാരികള്‍ അഥവാ ഭരണ നേതൃത്ത്വം പതിന്മടങ്ങ് അപകടകാരികളാണെന്ന് നമ്മുടെ കൊച്ചു കേരളമുള്‍പ്പെടെ ലോകമെന്പാടുമുള്ള സംഭവങ്ങളിലൂടെ വെളിവാക്കപ്പെടുന്നത്. മാനവരാശിയുടെ ചരിത്രത്തിലെ ഏറ്റവും ക്രൂരനായ ഏകാധിപതിയായിരുന്ന അഡോള്‍ഫ് ഹിറ്റ്‌ലര്‍ ഒരു മുഴുഭ്രാന്തനായിരുന്നു എന്നു തന്നെയാണ് പ്രശസ്ത മനശാസ്ത്രജ്ഞന്‍ ഹെന്‍ഡ്രി എ മുറെ തന്റെ പുസ്തകത്തില്‍ തെളിവ് സഹിതം രേഖപ്പെടുത്തിയിരിക്കുന്നത്. മറ്റുള്ളവരോടുള്ള കടുത്ത ദേഷ്യവും വെറുപ്പില്‍ നിന്നും ഉടലെടുത്ത മുഴുഭ്രാന്ത്.

ചെറുപ്പകാലത്തു തന്റെ പിതാവില്‍ നിന്നും നേരിട്ട നിഷ്ഠൂരമായ മര്‍ദ്ദനങ്ങളില്‍ നിന്നും ഉടലെടുത്ത വെറുപ്പും ദേഷ്യവും വൈരാഗ്യമനോഭാവവും സാഹചര്യമൊത്തുവന്നപ്പോള്‍ ജൂതന്മാരോടും അതിലുപരി ലോകം മുഴുവനേയും നാമാവശേഷമാക്കുവാന്‍ ശ്രമിക്കുകയായിരുന്നു. ഹിറ്റ്‌ലറുടെ പിതാവ് നിരന്തരം ഹിറ്റ്‌ലറിനെയും അദ്ദേഹത്തിന്റെ ജ്യേഷ്ടനെയും ശാരീരികമായി ഉപദ്രവിച്ചുകൊണ്ടിരുന്നു. നന്നേ ചെറുപ്പം മുതലുള്ള പീഡനങ്ങളിലും തളരാതിരുന്ന വ്യക്തിയായിരുന്നു ഹിറ്റ്‌ലര്‍ എന്നാണ് ലഭ്യമായ വിവരങ്ങളിലൂടെ മനസിലാകുന്നത്.  കുട്ടികളുടെ അലമുറയിട്ടുള്ള കരച്ചില്‍ കേള്‍ക്കുന്നതുവരെ മര്‍ദ്ദനങ്ങള്‍ തുടരുകയായിരുന്നു പതിവ് എന്നാല്‍ പോലും ഹിറ്റ്‌ലര്‍ക്ക് ഏകദേശം 11 വയസുള്ളപ്പോള്‍ തുടര്‍ച്ചയായുള്ള ചാട്ടവാറുകൊണ്ടുള്ള 32  അടിയേറ്റിട്ടും കരയാതിരുന്ന വ്യക്തിയായിരുന്നു ഹിറ്റ്‌ലര്‍. ശാരീരിക മര്‍ദ്ദനങ്ങളും മാനസിക പീഡനങ്ങളും ഹിറ്റ്‌ലറേ ഒരു മനോരോഗിയാക്കി മാറ്റുകയും മറ്റുള്ളവരോട് നീരസവും പ്രതികാരദാഹവും കൂടുകയും അതിനോടൊപ്പം അഗാധമായ   അപകര്‍ഷതാബോധം  കൂടി ചേര്‍ന്നപ്പോള്‍ മാനവരാശിയുടെ അന്ധകാനായി മാറുവാന്‍ പ്രേരിതനായി.

രാഷട്രീയമായും മതപരമായും കലുഷിതമായതും ധാരാളം അനിശ്ചതത്ത്വങ്ങള്‍ നിലനില്‍ക്കുന്ന ഈ കാലഘട്ടങ്ങളില്‍ മാനസികമായി അപകടകാരികളായ ധാരാളം നേതൃത്ത്വങ്ങള്‍ ജനങ്ങളെ മറ്റുള്ളവരില്‍ നിന്നും ഒറ്റപ്പെടുത്തി നാമാവശേഷമാക്കിക്കോണ്ടയിരിക്കുന്നു. കൊല്ലപ്പെട്ട  ആഗോള ഭീകരന്‍ ബിന്‍ ലാദനും ഇനിയും പിടിക്കപ്പെട്ടിട്ടില്ലാത്ത ഐസിസ് മേധാവി അബുബക്കര്‍ അല്‍ ബാഗ്ദാദിയും നോര്‍ത്ത് കൊറിയന്‍  സ്വേച്ഛാധിപതിയായ കിം ജോങ് ഉന്‍ ഉള്‍പ്പെടെ ലോകമെമ്പാടും അവരുടെ കാലഹരണപ്പെട്ട മതമൗലിക വാദങ്ങളും സ്വേച്ഛാധിപത്യ ചിന്താഗതികളും മനുഷ്യരില്‍ അടിച്ചേല്‍പ്പിക്കുവാന്‍ ശ്രമിക്കുമ്പോള്‍ കുറച്ചെങ്കിലും പൊതുജനങ്ങള്‍ ഇവരുടെ മാസ്മരിക സ്വാധീന വലയത്തില്‍ അകപ്പെട്ടു പോകുന്നതിന്റെ കാരണങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് ഇങ്ങനെയുള്ള അപകടകാരികളില്‍ നിന്നും ഈ ലോകത്തെ സംരക്ഷിക്കേണ്ടതിന് വേണ്ടി മാത്രമാണ്. ആധുനിക മനുഷ്യന്റെ മനഃശാസ്ത്രം ഒരു പരിധിവരെ മനസിലാക്കി വരുമ്പോഴും വീണ്ടും തിരിച്ചറിയുവാന്‍ കഴിയാത്ത ധാരാളം പുതിയ വിവരങ്ങള്‍ ഉരിത്തിരിഞ്ഞുകൊണ്ടിരിക്കുന്നു. ശാരീരികമായും മാനസികമായും സുഭിക്ഷമായി ജീവിക്കുവാനുള്ള എല്ലാ ജീവിത സാഹചര്യങ്ങളുള്ളപ്പോഴും തനിക്ക് ലഭിച്ചിട്ടില്ലാത്തതിനെ മാത്രം  തേടുവാനുള്ള മനുഷ്യന്റെ വിഭ്രാന്തിയും. ജീവിതത്തിലെ അനന്തമായ ആവശ്യങ്ങള്‍ മനുഷ്യന്‍ ഓരോന്നായി നേടുമ്പോഴും മനുഷ്യന് പൂര്‍ണ്ണസംതൃപ്തി ലഭിക്കാത്ത സങ്കീര്‍ണ്ണമായ അവസ്ഥയും  മനസിലാക്കുവാന്‍ ശാസ്ത്രം ഇനിയും ധാരാളം മുന്നോട്ടു പോകേണ്ടിയിരിക്കുന്നു.

ആഗോള തലങ്ങളില്‍ കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും പൂര്‍ണ്ണ സാക്ഷരത നേടിയെന്നഹങ്കരിക്കുന്ന കേരളത്തിലെ ഭരണാധികാരികള്‍ മാനസിക വൈകല്യം നിറഞ്ഞ ആഗോള ഭീകരന്മാരെക്കാളും മനസാക്ഷി ഇല്ലാത്ത നാരാധമന്മാരായി മാറിയിരിക്കുകയാണ്. കണ്ണൂരിലെ ആന്തൂരില്‍ പ്രവാസി വ്യവസായി സാജന്‍ പാറയില്‍ ആത്മഹത്യ ചെയ്ത സംഭവം മനസാക്ഷിയുള്ള ഏതു മലയാളിയെയാണ് കണ്ണീരണിയിക്കാത്തത്. ജനിച്ച വീടും നാടും കുടുംബാഗങ്ങളില്‍ നിന്നും അകന്നു പ്രവാസ ജീവിതം നയിക്കുന്ന  ഓരോ മലയാളിയുടെയും സ്വപ്നമാണ് സാജന്‍  സാക്ഷാത്കരിക്കുവാന്‍ ശ്രമിച്ചത്. പത്രമാധ്യമങ്ങളില്‍ നിന്നും മനസിലാക്കുവാന്‍ സാധിക്കുന്നത് ഇപ്പോള്‍ കേരളം ഭരിക്കുന്ന പാര്‍ട്ടിയുടെ അനുഭാവി ആയിരിന്നിട്ടുകൂടി കേരളത്തില്‍ ഒരു സംരംഭകനാകുവാന്‍ സാധിക്കുന്നില്ല അപ്പോള്‍ സാധാരണക്കാരുടെ സ്ഥിതിയെന്താവും. അധികാരഭ്രാന്തു മൂത്തു അഹങ്കാരത്തിനപ്പുറം ഏതെങ്കിലും ഒരു വാക്കുണ്ടെങ്കില്‍ അത് നിലനില്‍ക്കുന്ന മാനസിക വൈകല്യങ്ങളുള്ള രാഷ്ട്രീയ നേതൃത്വവും അധികാരികളും നിലനില്‍ക്കുന്ന കേരളമാണെങ്കില്‍ അത് സ്വാമി വിവേകാനന്ദന്‍ ഒരു നൂറ്റാണ്ടു മുന്‍പ് 'കേരളം ഒരു ഭ്രാന്താലയം' എന്ന് വിശേഷിപ്പിച്ചതിനെ നമ്മുടെ രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക-സാഹിത്യ നേതാക്കളെല്ലാം ഒരു ലോപവുമില്ലാതെ ഈ വാക്ക് വീണ്ടും ഓര്‍മ്മിപ്പിക്കുന്നത് അന്നത്തെ സ്ഥിതിവിശേഷങ്ങളില്‍ ഒരു മാറ്റവും ഇന്നില്ലാത്തതുകൊണ്ട് തന്നെയാണ്.

കലാപം കഴിയുമ്പോള്‍ പോലീസെത്തുമെന്നു പറയുന്നതുപോലെ നാട് നന്നാക്കുവാന്‍ ഇറങ്ങിത്തിരിച്ച ഒരു പാവം പ്രവാസിയുടെയും കൂടി ജീവിതം ഹോമിച്ചതിനു ശേഷം വകുപ്പ് മന്ത്രിയെത്തി പാവപ്പെട്ട നാലു സര്‍ക്കാരുദ്യോഗസ്ഥരെ തല്‍ക്കാലത്തേയ്ക്ക് സസ്‌പെന്‍ഡ് ചെയ്തു രാഷ്ട്രീയ നേതൃത്വത്തിനെ സംരക്ഷിച്ചുകൊണ്ട് പൊതുജനങ്ങളുടെ കണ്ണില്‍ വീണ്ടും പൊടിയിട്ടു. തമ്മില്‍ തല്ലിയും കുതികാലുവെട്ടിയും രാഷ്ട്രീയം കളിക്കുന്നവര്‍ക്ക് നാടിന്റെയും നാട്ടുകാരുടെയും വികസനമുള്‍ക്കൊള്ളുവാന്‍ സാധിക്കില്ലായെന്നു പാവം മലയാളി ഇനിയും മനസിലാക്കുന്നില്ല. ഇവിടെ വീണ്ടും നഷ്ടം അനാഥരാകുന്ന  സാജന്റെ  ഏറ്റവും അടുത്ത കുടുംബത്തിന് മാത്രമായിരിക്കും. തല്‍ക്കാലത്തേയ്ക്ക് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടവര്‍ നാളെ വീണ്ടും ജോലിയില്‍ പ്രവേശിക്കും. പാവപ്പെട്ടവരുടെയും അശരണരുടെയും ചോരകുടിച്ചു വീര്‍ത്ത രാഷ്ട്രീയ നേതൃത്വം വെളുക്കെ ചിരിച്ചു കൈകൂപ്പി വരുമ്പോള്‍ അന്നും ഇന്നും കാര്യഗൗരവമില്ലാത്ത പൊതുജനം വീണ്ടും വോട്ടു നല്‍കി വിജയിപ്പിക്കും. പിന്നെയും കുറെ സാജന്‍മാരെ സമയം തികയുന്നതിന് മുന്‍പേ പരലോകത്തേയ്ക്കു പറഞ്ഞയക്കുവാന്‍ വേണ്ടി മാത്രം.

ഇന്ന് കേരളം ഭരിക്കുന്ന രാഷ്ട്രീയക്കാര്‍ ഒരു കാര്യം മനസിലാക്കണം കേരളത്തിന്റെ സമ്പല്‍ വ്യവസ്ഥയെ ഒരു പരിധിവരെ പിടിച്ചു നിര്‍ത്തുന്നത് പ്രവാസിയുടെ സമ്പത്തുകൊണ്ടു മാത്രമാണ്. അധികം താമസിയാതെ ഇത് നിന്നുപോകും, പ്രവാസികള്‍ തിരിച്ചു വന്നു തുടങ്ങി. മറുനാടുകളില്‍ പോയി അധ്വാനിച്ചു സമ്പാതിക്കുന്നതിന്റെ ഒരു വിഹിതം കേരളത്തില്‍ മുതല്‍മുടക്കുവാന്‍ ആഗ്രഹിക്കുമ്പോള്‍ അതിനുള്ള സാഹചര്യമാണ് ഉളവാക്കേണ്ടത്. ജോലി സാദ്ധ്യതകള്‍ അനുദിനം കുറഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഒരു പെട്ടിക്കടയെങ്കിലും തുടങ്ങി ഉപജീവനം നടത്തുവാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ മുതല്‍ ആയിരങ്ങള്‍ക്ക് ജോലി കൊടുക്കുവാന്‍ കഴിവുള്ള സംരംഭകര്‍ വരെ ഉണ്ടായെങ്കില്‍ മാത്രമേ മലയാളികളുടെ  പുറത്തോട്ടുള്ള ഒഴുക്കു നില്‍ക്കുകയുള്ളൂ. കേരള സംസ്ഥാനത്തിന് സാമ്പത്തികമായ പുരോഗതിയും നിലനില്‍പുമുണ്ടാവുകയുള്ളൂ.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category