1 GBP = 93.00 INR                       

BREAKING NEWS

മുഖങ്ങള്‍: ഭാഗം - 7

Britishmalayali
രശ്മി പ്രകാശ്

ഫോണ്‍ ചെവിയോട് ചേര്‍ത്ത് വളരെ പതുക്കെയാണ് ഫെലിക്സ് പ്രതികരിച്ചത്. മറുവശത്തുനിന്നും പരിചിതമല്ലാത്ത സ്വരം ഉയര്‍ന്നു.


ആം ഐ ടോക്കിങ് ടു മിസ്റ്റര്‍. ഫെലിക്സ് നൈനാന്‍ കോശി? അധികമാര്‍ക്കും അറിയില്ലാത്ത കോശി എന്ന പേരുകൂടി ചേര്‍ത്തുള്ള ചോദ്യം കേട്ടപ്പോള്‍തന്നെ ഫെലിക്സ് ഊഹിച്ചു, മറുവശത്തു പോലീസ് ആണെന്ന്.

യെസ് സ്പീക്കിങ്? ഹൗ ക്യാന്‍ ഐ ഹെല്‍പ് യു? മേ ഐ നോ ഹൂ യു ആര്‍?

ഐ ആം മാര്‍ക്ക് വില്യം, ഹൂ ഈസ് ഇന്‍വെസ്റ്റിഗെറ്റിംഗ് ഇസാസ് കേസ്.

ഏകദേശം അഞ്ചു മിനിറ്റോളം നീണ്ട സംഭാഷണത്തിനൊടുവില്‍ മാര്‍ക്ക് ഫോണ്‍ വെക്കുമ്പോള്‍, ഫെലിക്സിനെ തനിക്കു കാണണമെന്നും അത് ഇസയെക്കുറിച്ചു ചില കാര്യങ്ങള്‍ ചോദിച്ചറിയാനാണെന്നും പിറ്റേന്ന് കാലത്തു പത്തുമണിക്ക് വീട്ടില്‍ ഉണ്ടാകണമെന്നും മാര്‍ക്ക് പറഞ്ഞിരുന്നു. ഫെലിക്സ് ആലോചനയോടെ പുറത്തേക്കു നോക്കി. രാത്രിയുടെ ആദ്യം വിടര്‍ന്ന ഇതളുകള്‍ ക്ഷീണിച്ചു കൊഴിഞ്ഞുപോയിരിക്കുന്നു. നേര്‍ത്തലിഞ്ഞു പോകുന്ന മഞ്ഞുപാളികള്‍ കാലം പോലെ, സ്വപ്നം പോലെ അനിശ്ചിതത്വത്തിന്റെ കോണിലേക്കു ഈര്‍പ്പം മാത്രമാവശേഷിപ്പിച്ചു മറഞ്ഞു കൊണ്ടിരുന്നു.

അതിസമര്‍ത്ഥനാണ് മാര്‍ക്ക് എന്ന് സംസാരത്തില്‍ നിന്നറിയാം. അയാളെ വളരെ സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ടിയിരിക്കുന്നു. എത്ര സമര്‍ത്ഥമായാണ് അയാള്‍ നാളെ ഇവിടേയ്ക്ക് വരുമെന്ന് പറഞ്ഞത്. ഫെലിക്സ് ഓര്‍മ്മയുടെ പടുകുഴിയിലേക്ക് തലകീഴായി വീഴാന്‍ തയ്യാറെടുത്തു കൊണ്ട് ഇരുമ്പു വളയത്തില്‍ ബന്ധിച്ചിരിക്കുന്ന ബീന്‍ ബാഗിലേക്ക് ചാഞ്ഞു. ഗായകനും സംഗീതജ്ഞനുമായ ഫെലിക്സിനെ മാത്രമേ ഈ ലോകത്തിനറിയൂ. അമ്മയുടെ ഗര്‍ഭപാത്രം മുതല്‍ ഒറ്റപ്പെടല്‍ അനുഭവിച്ചു തുടങ്ങിയ ഫെലിക്സിനെ ആര്‍ക്കുമറിയില്ല. പണവും പ്രശസ്തിയും കണ്ട് അടുത്തുകൂടിയ സുഹൃത്തുക്കളില്‍ പലരെയും ഒഴിവാക്കിയത് താന്‍ അവര്‍ക്ക് ആരുമല്ല എന്ന തിരിച്ചറിവ് തന്നെയാണ്. അവസാനം താന്‍ ഏറെ വിശ്വസിച്ച ഒലീവിയയും തന്നെ വിട്ടുപോയപ്പോള്‍ അയാള്‍ ഈ ലോകത്തില്‍ ആരാധകര്‍ മാത്രമുള്ള വെറും ഒരു സംഗീതജ്ഞനായി മാറി.

തനിക്കെന്നു പറയാന്‍, ഹൃദയത്തോട് ചേര്‍ത്തുപിടിക്കാന്‍ ആരുമില്ലാത്ത അവസ്ഥ. ഗര്‍ഭപാത്രത്തിന്റെ ചുവരുകളില്‍ നിന്നും അടര്‍ന്നു വീണത് നാലുചുവരുകളുള്ള മേല്‍ക്കൂരയില്ലാത്ത മറ്റൊരു തടവറയിലേക്കാണ്. അമ്മയാണ് പറഞ്ഞു തന്നത് അത് തൊട്ടിലാണെന്ന്. പിന്നെയങ്ങോട്ട് മനുഷ്യരെയും അവരുടെ ചെയ്തികളെയും ഇഷ്ടമില്ലാതെയാണെങ്കിലും അംഗീകരിക്കേണ്ടി വന്നു. കാലം മുന്നോട്ടു കുതിക്കുമ്പോള്‍ ക്ലാസ്സുമുറികള്‍, വീട്, പരീക്ഷാമുറികള്‍, ആശുപത്രികള്‍, ഭക്ഷണശാലകള്‍, സിനിമാശാലകള്‍, ഓഫീസ്മുറികള്‍ അങ്ങനെ പോകുന്നിടത്തെല്ലാം തടവറയുടെ പേരും കാവല്‍ക്കാരുടെ രൂപവും സ്വഭാവവും മാറി വന്നു. ആദ്യം തടവറയെന്നു കരുതിയ ഗര്‍ഭപാത്രത്തിന്റെ സുരക്ഷിതത്വവും കരുതലും മറ്റൊന്നിനും തരാന്‍ കഴിയില്ല എന്ന തിരിച്ചറിവുണ്ടാകാന്‍ അനേക വര്‍ഷങ്ങള്‍ വേണ്ടി വന്നു. തണുത്തുറഞ്ഞ ഇന്നലകളില്‍ ഇടക്കിടെ തിരിച്ചുപോകല്‍ കൊണ്ടൊരു നെരിപ്പോടൊരുക്കുന്നതു കൊണ്ട് വഴികള്‍ ഇപ്പോഴും വ്യക്തതയോടെ കാണാം.

ആരുമില്ലാതെ ദാഹജലം പോലും നഷ്ടപ്പെട്ട പക്ഷിയെപ്പോലെ ഉഴറുമ്പോഴാണ് പൂമ്പാറ്റയെപ്പോലെ നിറഞ്ഞ പ്രസരിപ്പോടെ ഇസ കടന്നു വരുന്നത്. കുട്ടിത്തം വിട്ടുമാറാത്ത സംസാരവും അവളുടെ കുറുമ്പുകളും തന്റെ ജീവിതത്തിലും വര്‍ണ്ണങ്ങള്‍ നിറച്ചുവെന്ന് ഫെലിക്സ് അറിയുന്നത് ഇസ അവധിക്കാലം ചിലവിടാന്‍ കുടുംബത്തോടൊപ്പം നാട്ടില്‍ പോയപ്പോഴാണ്. അതൊരു നികത്താനാവാത്ത വിടവ് തന്നെയായിരുന്നു. അവളെ വയലിന്‍ പഠിപ്പിക്കുമ്പോള്‍ അയാള്‍ മറ്റൊരു ലോകത്തായിരുന്നു. സംഗീതത്തിലുള്ള അവളുടെ താല്‍പ്പര്യവും പാടാനുള്ള കഴിവും ഫെലിക്സിനെ ഏറെ ആകര്‍ഷിച്ചിരുന്നു. ഒരിക്കലും തുറന്നു പറയാന്‍ പറ്റാത്ത ഇഷ്ടം. ഏകദേശം മുപ്പതുവയസ്സിന്റെ പ്രായ വ്യത്യാസം കൂടാതെ ഒലീവിയയുമായി പിരിഞ്ഞു ജീവിക്കുന്നുവെന്നുൃ് എല്ലാവര്‍ക്കും അറിയാം. അങ്ങനെയിരിക്കെയാണ് ഏകാന്തമായ ഒരു ഭ്രാന്തന്‍ ചിന്തയുടെ മുനമ്പില്‍ അയാള്‍ ഒരു തീരുമാനമെടുക്കുന്നത്.

ആരുമറിയാതെ ഇസയെ തന്റെ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടു വരിക. ഒരമ്മ തന്റെ കുഞ്ഞിനെ ഗര്‍ഭത്തില്‍ കാത്തുസൂക്ഷിക്കുന്നതുപോലെ അവളെ കരുതുക. ഒന്നിനും ഒരു കുറവും ഉണ്ടാകരുത്. ഇസയറിയാതെ അയാള്‍ അവള്‍ക്കായി പലതും വാങ്ങിക്കൂട്ടി. പക്ഷേ ഇതൊക്കെ എങ്ങനെ ഇസയെ പറഞ്ഞു മനസ്സിലാക്കും എന്ന് മാത്രം അയാള്‍ക്കറിയില്ലായിരുന്നു. തെളിവുകളുണ്ടാകാതിരിക്കാനാണ് ലെക്സിയെയും കൂടെ കൂട്ടേണ്ടി വന്നത്.

ഇനിയെന്തായാലും സെഡേഷനുകള്‍ ഒന്നും ഇസക്കും ലെക്സിക്കും കൊടുക്കണ്ട. ചിന്തകളുടെ തോണിയിലേറി ഉറക്കമെന്ന മഹാസമുദ്രത്തിലേക്ക് അയാള്‍ പതിയെ തുഴഞ്ഞു നീങ്ങി. ഇടക്കെപ്പോഴോ ഞെട്ടിയുണര്‍ന്നു നോക്കിയപ്പോള്‍ സമയം പുലര്‍ച്ചെ അഞ്ചുമണി കഴിഞ്ഞിരിക്കുന്നു. പതിയെ വാതിലുകള്‍ തുറന്നു നോക്കിയപ്പോള്‍ ലെക്സി കട്ടിലില്‍ കമഴ്ന്നു കിടക്കുന്നു. ഇസ, എല്ലാം തിരിച്ചറിഞ്ഞതുപോലെ ഭിത്തിയിലേക്കു നോക്കി ചലനമറ്റതുപോലെയിരിക്കുന്നു. അടുത്ത് ചെന്ന് ഇസയുടെ സമീപത്തിരുന്നു. എങ്ങനെ സംസാരിച്ചു തുടങ്ങണം എന്ന് ആലോചിക്കുമ്പോഴാണ് കഴുത്തില്‍ എന്തോ മുറുകുന്നതായി അയാള്‍ക്ക് തോന്നിയത്.

(തുടരും)
 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam