1 GBP = 91.30 INR                       

BREAKING NEWS

'സാക് ഏജന്‍സി' കൃഷ്ണന്‍കുട്ടിയില്‍ നിന്നും മൂന്നു ലക്ഷം രൂപ വാങ്ങിയത് മകള്‍ക്ക് ചൈനയില്‍ മെഡിസിന് സീറ്റ് തരപ്പെടുത്തി നല്‍കാമെന്നേറ്റ്; അത് നടക്കാതെ വന്നപ്പോള്‍ വീണ്ടും ആറരലക്ഷം രൂപ കൂടി വാങ്ങി പൂജയ്ക്ക് യുക്രയിനില്‍ അഡ്മിഷന്‍ തരപ്പെടുത്തിയത് ഇന്ത്യയില്‍ അംഗീകാരമില്ലാത്ത സ്ഥാപനത്തില്‍; പണം തിരികെ ആവശ്യപ്പെട്ട് നല്‍കിയ പരാതിയില്‍ കളക്ടര്‍ ഇടപെട്ടതോടെ സ്ഥാപനം പൂട്ടി മുങ്ങി പാര്‍ടണര്‍മാരായ തിരൂരങ്ങാടി റസീന്‍ താപ്പിയും ചേളന്നൂര്‍ സ്വദേശിനി കെ. ബിന്ദ്യയും

Britishmalayali
കെ വി നിരഞ്ജന്‍

കോഴിക്കോട്: ഒന്നും രണ്ടുമല്ല ഒമ്പതര ലക്ഷം രൂപയാണ് മകളുടെ ഉപരിപഠനത്തിന് സഹായിക്കാം എന്ന് പറഞ്ഞ് എജ്യുക്കേഷണല്‍ ഏജന്‍സി കൃഷ്ണന്‍കുട്ടിയില്‍ നിന്നും തട്ടിയെടുത്തത്. പണം തട്ടിയവര്‍ സ്ഥാപനവും പൂട്ടി മുങ്ങി. കണ്ടെത്താന്‍ കഴിയില്ലെന്നാണ് പൊലീസിന്റെ മറുപടി. ഗതികേടുകള്‍ക്കിടയിലും മകള്‍ പഠിച്ച് നല്ലൊരു നിലയിലെത്തണമെന്ന ആഗ്രഹത്തില്‍ കടംവാങ്ങിയും ഉള്ളതെല്ലാം വിറ്റുപെറുക്കിയും നല്‍കിയ പണം നഷ്ടമായതിന്റെ വേദനയിലാണ് കോഴിക്കോട് എരഞ്ഞിപ്പാലത്ത് കരുണ നിവാസില്‍ ഒ എം കൃഷ്ണന്‍ കുട്ടിയും ഭാര്യ കെ പി സബിതയും. അതേസമയം, തട്ടിപ്പ് സംഘം കൂടുതല്‍ വലിയ തട്ടിപ്പുകള്‍ക്ക് കോപ്പുകൂട്ടുന്നതായി കൃഷ്ണന്‍കുട്ടി പറയുന്നു.


കൃഷ്ണന്‍കുട്ടിയുടെ മകള്‍ പൂജാ കൃഷ്ണന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു മെഡിസിന്‍ പഠനം. സാമ്പത്തികമായി പ്രയാസത്തിലാണെങ്കിലും മകളുടെ ആഗ്രഹത്തിനൊപ്പം നില്‍ക്കുകയായിരുന്നു കൃഷ്ണന്‍കുട്ടി. അങ്ങിനെയാണ് ഇദ്ദേഹം കോഴിക്കോട് പുതിയറക്കടുത്തുള്ള സ്വകാര്യ വിദ്യാഭ്യാസ ഏജന്‍സിയായ 'സാക് ഏജന്‍സി'യെ സമീപിക്കുന്നത്. വിദേശത്ത് മെഡിക്കല്‍ സീറ്റിനായി സമീപിച്ച ഈ അച്ഛനോട് മൂന്നു ലക്ഷം രൂപയാണ് ആദ്യം ഏജന്‍സി അധികൃതര്‍ വാങ്ങിയത്. ചൈനയിലെ സിന്‍ജിയാങ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ അഡ്മിഷന്‍ ശരിയാക്കി നല്‍കാമെന്ന് പറഞ്ഞായിരുന്നു പണം വാങ്ങിയത്. എന്നാല്‍ പിന്നീട് ഇതിനെപ്പറ്റി യാതൊരു വിവരവും ഉണ്ടായില്ല.

തുടര്‍ന്ന് ഏജന്‍സിയുമായി ബന്ധപ്പെട്ടപ്പോള്‍ ചൈനയില്‍ സീറ്റ് ശരിയായില്ലെന്നും യുക്രയിനില്‍ സീറ്റ് റെഡിയാണെന്നും പറഞ്ഞ് ആറര ലക്ഷം രൂപ കൂടി വാങ്ങി. നേരത്തെ ചൈനയിലേക്ക് വേണ്ടി വാങ്ങിയ പണം തിരികെ നല്‍കുമെന്നായിരുന്നു ഏജന്‍സിയുടെ വാഗ്ദാനം. 'ഞങ്ങള്‍ അത്രവലിയ പണക്കാരൊന്നുമല്ല. പോസ്റ്റ് ഓഫീസ് ഇ ഡി ജീവനക്കാരനാണ് ഞാന്‍. മകളുടെ ആഗ്രഹമായതുകൊണ്ട് പ്രയാസം സഹിച്ചും പണമുണ്ടാക്കി. ജില്ലാ പട്ടികജാതി വികസനവകുപ്പ്, ജില്ലയിലെ വിവിധ ബാങ്കുകള്‍ എന്നിവടങ്ങളിലെല്ലാം ലോണിനായി ചെന്നിരുന്നു. എന്നാല്‍ ആരും ലോണ്‍ അനുവദിച്ചില്ല. തുടര്‍ന്ന് സ്ഥലം വിറ്റും സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും കടം വാങ്ങിയും ഇത്രയും തുക ഉണ്ടാക്കി. എന്നാല്‍ അവര്‍ ഇത്തരത്തില്‍ ചതിക്കുമെന്ന് കരുതിയിരുന്നില്ല' - കൃഷ്ണന്‍ കുട്ടി പറഞ്ഞു.

പണമെല്ലാം നല്‍കി പൂജ യുക്രയിനിലേക്ക് പോവുകയും ചെയ്തു. ഇനിയാണ് വഞ്ചനയുടെ കഥ പുറത്തുവരുന്നത്. കഴിഞ്ഞ സെപ്റ്റംബര്‍ 23 നാണ് പൂജ യുക്രയനിലെ സര്‍വ്വകലാശാലയില്‍ എം ബി ബി എസിന് ചേര്‍ന്നത്. ആദ്യ സെമസ്റ്റര്‍ പരീക്ഷയ്ക്ക് ശേഷമാണ് വഞ്ചിക്കപ്പെട്ടുവെന്ന് മനസ്സിലാക്കുന്നത്. ഇന്ത്യയില്‍ അംഗീകാരമില്ലാത്ത സ്ഥാപനത്തിലായിരുന്നു എം ബി ബി എസിന് പ്രവേശനം തരപ്പെടുത്തി നല്‍കിയിരുന്നത്. എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥ. അറിയാത്ത രാജ്യത്ത് പൂജ നിസ്സഹായയായി. അവിടെ തുടര്‍ന്നിട്ട് കാര്യമില്ലെന്ന് മനസ്സിലാക്കിയപ്പോള്‍ മറ്റ് സര്‍വ്വകലാശാലകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ സഹായത്തോടെ നാട്ടിലേക്ക് തിരിച്ചുപോന്നു. പിന്നീട് പൂജ അവിടെ നിന്നുള്ള ആളുകളുടെ സഹായത്തോടെ യുക്രയിനിലെ തന്നെ മറ്റൊരു സര്‍വ്വകലാശാലയില്‍ പ്രവേശനം നേടിയിട്ടുണ്ട്. അവിടേക്ക് തിരിച്ചുപോയി പഠനം തുടരുകയാണ് അവള്‍. ആഗ്രഹിച്ചുപോയി. ഇനി അതില്‍ മാറ്റം വരുത്തേണ്ട എന്നതുകൊണ്ടാണ് പഠനം തുടരാന്‍ സമ്മതിച്ചതെന്ന് കൃഷ്ണന്‍ കുട്ടി പറയുന്നു.

പഠനത്തിന് ഇനി നല്ലൊരു തുക വേണം. എന്നാല്‍ ആദ്യതവണ ഏജന്‍സിക്ക് ഒമ്പതര ലക്ഷമാണ് നല്‍കിയത്. അത് പലരില്‍ നിന്നും കടം വാങ്ങിയതും സ്ഥലം വിറ്റതുമാണ്. ഇനി പഠനത്തിനുള്ള തുക ഉണ്ടാക്കാന്‍ പ്രയാസമാണ്. തട്ടിപ്പ് നടത്തിയ ഏജന്‍സി തുക തിരിച്ചു തന്നിരുന്നെങ്കിലും വലിയ ആശ്വാസം ആകുമായിരുന്നുവെന്നാണ് കൃഷ്ണന്‍ കുട്ടി വ്യക്തമാക്കുന്നത്. എന്നാല്‍, കൃഷ്ണന്‍ കുട്ടിയുടെ പ്രതീക്ഷകളില്‍ കരിനിഴല്‍ വീഴ്ത്തിക്കൊണ്ട് പ്രതികളെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അതേസമയം ഉന്നത രാഷ്ട്രീയ ബന്ധമുള്ള പ്രതിയെ പൊലീസ് പിടികൂടാത്തതാണെന്ന് കൃഷ്ണന്‍ കുട്ടിയും വ്യക്തമാക്കുന്നു. ജില്ലാ കലക്ടര്‍, നടക്കാവ് പൊലീസ്, സിറ്റി പൊലീസ് കമ്മീഷണര്‍ എന്നിവര്‍ക്കെല്ലാം കൃഷ്ണന്‍ കുട്ടി പരാതി നല്‍കിയിരുന്നു.

കലക്ടര്‍ പ്രശ്‌നത്തില്‍ ഇടപെടുകയും തുക തിരിച്ചു നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതോടെയാണ് സാക് ഏജന്‍സിയുടെ പാര്‍ട്ണര്‍മാരായ തിരൂരങ്ങാടി റസീന്‍ താപ്പിയും ചേളന്നൂര്‍ സ്വദേശിനി കെ. ബിന്ദ്യയും പുതിയറ പി കെ ടവേഴ്‌സിലെ ഓഫീസ് പൂട്ടി മുങ്ങിയത്. ഇവരോട് നേരത്തെ പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ ഭീഷണിയായിരുന്നു മറുപടി. പിന്നീട് ഫോണ്‍ വിളിച്ചാലും കിട്ടാതായി. ഒടുവില്‍ അവര്‍ സ്ഥാപനം പൂട്ടി മുങ്ങുകയും ചെയ്തു. പ്രതികളെക്കുറിച്ച് യാതൊരു വിവരവുമില്ലെന്ന് പൊലീസ് പറയുമ്പോഴും സംഘം മറ്റ് പലയിടങ്ങളിലും സമാനമായ തട്ടിപ്പിന് ശ്രമം നടത്തുന്നതായി അറിയാന്‍ കഴിഞ്ഞതായി കൃഷ്ണന്‍ കുട്ടി പറയുന്നു.

സാക് ഏജന്‍സിയുടെ കോഴിക്കോട്ടെ ഓഫീസിപ്പോള്‍ അടഞ്ഞു കിടക്കുകയാണ്. വലിയ രാഷ്ട്രീയ ബന്ധങ്ങള്‍ ഉള്ളയാളാണ് സ്ഥാപനം നടത്തിയിരുന്നത്. പത്രങ്ങളില്‍ വലിയ പരസ്യങ്ങള്‍ നല്‍കുകയും പ്രമുഖ പത്രങ്ങളുമായി ചേര്‍ന്ന വിദ്യാഭ്യാസ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട് ഇവര്‍. അതുകൊണ്ട് തന്നെ പ്രമുഖ പത്രങ്ങളിലൊന്നും ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകളൊന്നും വരുന്നുമില്ല. വലിയ വാഗ്ദാനങ്ങള്‍ നല്‍കിയാണ് ഇവര്‍ ആളുകളെ വിദഗ്ധമായി കബളിപ്പിച്ചിരുന്നത്. വിദേശത്ത് പഠിക്കാന്‍ ചെലവ് കുറവാണെന്ന് പറഞ്ഞാണ് ആളുകളെ സമീപിച്ചിരുന്നത്. എം ബി ബി എസിന് പുറമെ മറ്റ് നിരവധി കോഴ്‌സുകളിലേക്കും ഇവര്‍ സീറ്റ് തരപ്പെടുത്തിക്കൊടുക്കാറുണ്ട്. രാജ്യത്ത് പല സംസ്ഥാനങ്ങളിലും ശാഖകളുള്ള സ്ഥാപനമാണ് സാക് ഏജന്‍സി. എന്നാല്‍ ഈ സ്ഥാപനങ്ങളില്‍ വിളിക്കുമ്പോള്‍ അതെല്ലാം ട്രാവല്‍ ഏജന്‍സികളും മറ്റുമാണന്ന് വ്യക്തമായി. തങ്ങള്‍ക്കാര്‍ക്കും അവരുമായി യാതൊരു ബന്ധവുമില്ലെന്നാണ് അവരെല്ലാം പറയുന്നത്. സംസ്ഥാനത്ത് നിരവധി പേരെ സാക് ഏജന്‍സി കബളിപ്പിച്ചിട്ടുണ്ടെന്നാണ് അറിയാന്‍ കഴിയുന്നത്. കൂടുതല്‍ പരാതികളുമായി ആളുകള്‍ വരുമെന്ന് തന്നെയാണ് കൃഷ്ണന്‍ കുട്ടി വിശ്വസിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category