1 GBP = 92.00 INR                       

BREAKING NEWS

ഷൈമോളുടെ മൃതദേഹത്തിനരികെ കരഞ്ഞു നിലവിളിച്ചു മക്കള്‍; സങ്കടക്കടല്‍ ആര്‍ത്തിരമ്പുമ്പോഴും വിങ്ങിപ്പൊട്ടാതെ പ്രിയതമയെ യാത്രയാക്കി നെല്‍സണ്‍; സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ബന്ധുക്കളും അടക്കം അന്ത്യാഞ്ജലി അര്‍പ്പിക്കുവാന്‍ എത്തിയത് ആയിരത്തിലധികം പേര്‍; ഷൈമോള്‍ ഇനി ഓര്‍മ്മ

Britishmalayali
kz´wteJI³

ആന്‍ട്രിം: കണ്ണുനീര്‍ തോരാത്ത ദിവസമായിരുന്നു ഇന്നലെ ആന്‍ട്രിമിന്. ഷൈമോളുടെ മൃതദേഹം സംസ്‌കാര ശുശ്രൂഷകള്‍ക്കായി പള്ളിയില്‍ എത്തിച്ചപ്പോള്‍ മുതല്‍ മണ്ണോടു ചേരുന്നതു വരെ ആയിരത്തിലധികം പേരാണ് തങ്ങളുടെ പ്രിയപ്പെട്ടവളെ അവസാനമായി ഒരു നോക്കു കാണുവാനായി എത്തിയത്. പുഞ്ചിരി മായാത്ത മുഖവുമായി ഏറെ ഇഷ്ടമായിരുന്ന നീല സാരിയില്‍ ശവമഞ്ചത്തില്‍ കിടന്ന ഷൈമോളെ യാത്രയാക്കാന്‍ എത്തിയവരെല്ലാം മനസിലെ സങ്കടം അണപൊട്ടാതിരിക്കാന്‍ പാടുപെടുന്നത് കാണാമായിരുന്നു.

രാവിലെ വസതിയില്‍ വച്ചു നടന്ന ഒപ്പീസിനു ശേഷം 10.45 ഓടെയാണ് സെന്റ് കോംഗാല്‍സ് കാത്തോലിക് ചര്‍ച്ചിലേക്ക് മൃതദേഹം കൊണ്ടു വന്നത്. വസതിയില്‍ നടന്ന പ്രാര്‍ത്ഥനയില്‍ ഷൈമോളുടെ മാതാവും പിതാവും മക്കളും അടക്കമുള്ള അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്. ഫാ. സജി മലയില്‍ പുത്തന്‍പുര അടക്കമുള്ള നിരവധി വൈദികരുടെ നേതൃത്വത്തിലാണ് വീട്ടിലെ ശുശ്രൂഷകള്‍ നടന്നത്. ഷൈമോളുടെ വീട്ടിലെത്തിയ സുഹൃത്തുക്കളില്‍ പലരും അലമുറയിട്ടു കരയുന്നത് കാണാമായിരുന്നു.

തുടര്‍ന്ന് 10.45ഓടെയാണ് മൃതദേഹം പള്ളിയിലേക്ക് എത്തിച്ചത്. 10 മിനുട്ട് ചാപ്പലിനു മുന്നില്‍ നടന്ന പ്രാര്‍ത്ഥനയ്ക്കു ശേഷം 11 ഓടെ പള്ളിയ്ക്ക് അകത്തേക്ക് പ്രവേശിച്ചു. പള്ളിയില്‍ ആയിരത്തിലധികം പേരാണ് ഷൈമോളെ ഒരു നോക്കു കാണുവാനായി കാത്തുനിന്നിരുന്നത്. ഇംഗ്ലീഷുകാരും ഷൈമോളുടെ സഹപ്രവര്‍ത്തകരും ആന്‍ട്രിം മലയാളി അസോസിയേഷന്‍ അംഗങ്ങളും അടക്കമുള്ളവര്‍ പള്ളിയിലേക്ക് എത്തിയിരുന്നു. രണ്ട് ഇംഗ്ലീഷ് വൈദികരടക്കം അഞ്ചു വൈദികരാണ് പള്ളിയിലെ ശുശ്രൂഷകള്‍ നയിച്ചത്. 

കുര്‍ബ്ബാന അടക്കമുള്ള സംസ്‌കാര ശുശ്രൂഷകളാണ് പിന്നീട് നടന്നത്. ശുശ്രൂഷയില്‍ ഉടനീളം മകനെ നെഞ്ചോടു ചേര്‍ത്ത് നെറ്റിയില്‍ തലോടി കൊണ്ടിരുന്ന നെല്‍സണ്‍ ഷൈമോളുടെ ഓര്‍മ്മകളില്‍ നീറുകയായിരുന്നു. ഒന്നര മണിക്കൂറോളം നീണ്ടു നിന്ന ശുശ്രൂഷകള്‍ക്കു ശേഷം ഷൈമോളുടെ സഹപ്രവര്‍ത്തകരെ പ്രതിനിധീകരിച്ചെത്തിയ റൂത്ത് ടര്‍ണര്‍ ഷൈമോളുടെ ഓര്‍മ്മകളും അവളുടെ സ്വപ്നങ്ങളും പങ്കുവച്ചു. ജോലിയില്‍ സത്യസന്ധതയും ആത്മാര്‍ത്ഥതയും എന്നും പുലര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു ഷൈമോള്‍ എന്ന് റൂത്ത് ടര്‍ണര്‍ പറഞ്ഞു. ഷൈമോളുടെ വ്യക്തിത്വത്തെ കുറിച്ച് പറഞ്ഞു ശബ്ദമിടറിക്കൊണ്ടാണ് റൂത്ത് അനുശോചനം രേഖപ്പെടുത്തിയത്.
പിന്നാലെ, ഷൈമോളുടെ ഓസ്‌ട്രേലിയയിലെ സുഹൃത്ത് ബിബിന ശ്രേയസ് ആണ് അനുശോചനം രേഖപ്പെടുത്തിയത്. മറ്റു രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പമാണ് ബിബിന ആന്‍ട്രിമില്‍ എത്തിയത്. എല്ലാവരും ഇന്ത്യയില്‍ ഒരുമിച്ചായിരുന്നു നഴ്സിംഗ് പഠനം നടത്തിയത്. വിവാഹ ശേഷം ഷൈമോള്‍ നോര്‍ത്തേണ്‍ അയര്‍ലന്റിലേക്ക് വരികയും ബിബിനയടക്കമുള്ള മൂന്നു സുഹൃത്തുക്കള്‍ ഓസ്ട്രേലിയയിലേക്കും പോവുകയായിരുന്നു.
എങ്കിലും സോഷ്യല്‍ മീഡിയ വഴി സുഹൃത്ത് ബന്ധം എപ്പോഴും കാത്തു സൂക്ഷിച്ചവരായിരുന്നു തങ്ങളെന്ന് ബിബിന പറഞ്ഞു. ഷൈമോളുടെ വിയോഗം താങ്ങാനുള്ള ശക്തി കുടുംബാംഗങ്ങള്‍ക്കു ഉണ്ടാവട്ടെയെന്നും ആന്‍ട്രിം മലയാളികളെ അവള്‍ ഏറെ സ്നേഹിച്ചിരുന്നുവെന്നും ബിബിന വ്യക്തമാക്കി.
തുടര്‍ന്ന് നിക്കിയെയും നിക്കിയുടെ വനിതാ സംഘടനെയും യൂവ സംഘടനയെയും പ്രതിനിധീകരിച്ച് ജിമ്മി ജോണും  യുകെകെസിഎയെ പ്രതിനിധീകരിച്ച് സാബു ലൂക്കോസും അനുശോചനം രേഖപ്പെടുത്തി. ബെന്നി ജോര്‍ജ്ജ് നന്ദി പറഞ്ഞു. തുടര്‍ന്ന് എല്ലാവര്‍ക്കും ഒരു നോക്കു കാണുവാനുള്ള അവസരമായിരുന്നു.
ഷൈമോളുടെ സഹപ്രവര്‍ത്തകരടക്കം ആയിരത്തില്‍ അധികം പേരാണ് പള്ളിയില്‍ എത്തിയത്. കരഞ്ഞു കലങ്ങിയ കണ്ണുകളോടെയാണ് എല്ലാവരും പള്ളി അങ്കണം വിട്ടത്. ഒന്നര മണിക്കൂറോളം നീണ്ട ശുശ്രൂഷകള്‍ക്കു ശേഷം മൃതദേഹം സെമിത്തേരിയിലേക്ക് കൊണ്ടു പോയി. ഉച്ചകഴിഞ്ഞ് രണ്ടരയോടെ ബെല്‍മോണ്ട സെമിത്തേരിയില്‍ മൃതദേഹം സംസ്‌കരിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് നോര്‍ത്ത് അയര്‍ലന്റിലെ ക്രാങ്കില്‍ റോഡില്‍ ഉണ്ടായ അപകടത്തില്‍ കിടങ്ങൂര്‍ സ്വദേശി ഷൈമോള്‍ തോമസ് മരിച്ചത്. വാഹനപകടത്തില്‍ പരിക്കേറ്റ ഷൈമോളുടെ സുഹൃത്ത് മെയ് മോള്‍ ആരോഗ്യം വീണ്ടെടുത്തു വരികയാണ്. മെയ് മോളുടെ മകനെ സ്‌കൂള്‍ കാംപിങ്ങിന്റെ ഭാഗമായി നിര്‍ദ്ദിഷ്ട സ്ഥലത്ത് ഇറക്കിയ ശേഷം ജോലിക്കു പോകാനുള്ള യാത്രയിലായിരുന്നു മെയ്‌മോളും ഉറ്റ സുഹൃത്ത് ഷൈമോളും. 
സൈഡ് റോഡില്‍ നിന്നും അമിത വേഗതയില്‍ കയറി വന്ന കാര്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കാറിന്റെ പാസഞ്ചര്‍ സൈഡ് സീറ്റിലേക്ക് ഇടിച്ചു കയറുകയായിരുന്നു. പാസഞ്ചര്‍ സീറ്റിലായിരുന്ന ഷൈ മോള്‍ അപകട സ്ഥലത്തു വച്ചു തന്നെ മരണത്തിനു കീഴടങ്ങി. അപകട വാര്‍ത്ത അറിഞ്ഞ് നാട്ടില്‍ അവധിക്ക് പോയിരുന്ന ഷൈമോളുടെ ഭര്‍ത്താവ് നെല്‍സണ്‍ ബെല്‍ഫാസ്റ്റിലേക്ക് തിരിച്ചെത്തിയിരുന്നു. മൂന്നു കുഞ്ഞുങ്ങളാണ് ഈ ദമ്പതികള്‍ക്ക്.
കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലേറെ ആയി ആന്‍ട്രിമില്‍ താമസിക്കുന്ന നെല്‍സണും ഷൈമോളും ഇവിടുത്തെ മലയാളി ജീവിതത്തിന്റെ പ്രധാന കണ്ണികള്‍ കൂടിയാണ്. ആര്‍ക്കും ഏതാവശ്യത്തിനും കൂടെ നില്‍ക്കുന്ന നെല്‍സന്റെ കുടുംബത്തിന് ഉണ്ടായ ദുര്‍ വിധിയില്‍ വെറും കാഴ്ചക്കാരായി മാറേണ്ടി വന്ന വിധിയോര്‍ത്തു പരിതപിക്കുകയാണ് ആന്‍ട്രിമിലെ ഓരോ മലയാളി കുടുംബവും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category