1 GBP = 92.00 INR                       

BREAKING NEWS

വാക്ക് പാലിക്കാന്‍ കോഹ്ലി ഭാര്യയോടൊപ്പം ലീഡ്‌സിലെ മലയാളി ഹോട്ടലില്‍; വിവരം ഇന്റര്‍നെറ്റില്‍ ചോര്‍ന്നപ്പോള്‍ കടയില്‍ ആള്‍ക്കൂട്ടം; മസാലദോശയുടെയും അപ്പത്തിന്റെയും മുട്ടക്കറിയുടെയും രുചി പിടിച്ചു ആരുമറിയാതെ പിറ്റേന്നും ടാക്സിയിലെത്തി; ഭാര്യക്ക് വേണ്ടി സസ്യാഹാര പ്രിയനായ കഥ പറഞ്ഞ് കോഹ്ലി

Britishmalayali
കെ ആര്‍ ഷൈജുമോന്‍

കവന്‍ട്രി: ''നല്ല രുചിയുള്ള ഭക്ഷണം, വീണ്ടും വരാം കേട്ടോ....'', നല്ല ഭക്ഷണം വിളമ്പുന്ന മിക്ക ഹോട്ടലുടമകളും പലവട്ടം കേട്ടിരിക്കാന്‍ ഇടയുള്ള വാചകം. എന്നാല്‍ സാധാരണക്കാര്‍ പോലും പിന്നീട് ആ കടയുടെ പേര് മറന്നുപോകുകയും വീണ്ടും ആ വഴി എത്താന്‍ മിനക്കെടാറുമില്ല. എന്നാല്‍ സാക്ഷാല്‍ വിരാട് കോഹ്ലി അത്തരത്തില്‍ പെട്ടയാളല്ല. മുന്‍പ് രണ്ടു വട്ടം യുകെ പര്യടനം നടത്തിയപ്പോള്‍ അറിഞ്ഞ മലയാളി രുചി തേടി ഇത്തവണ ലോകകപ്പ് തിരക്കിനിടയില്‍ നിന്നും അദ്ദേഹം ലീഡ്‌സിലെ മലയാളി ഹോട്ടല്‍ തറവാടിനെ തേടിയെത്തി. അതും ഒറ്റയ്ക്കല്ല, പ്രിയതമ അനുഷ്‌കയോടൊപ്പം തന്നെ.

മുന്‍പ് ലീഗ് മത്സരത്തിനും കഴിഞ്ഞ വര്‍ഷം ചമ്പ്യാന്‍സ് ട്രോഫിക്ക് എത്തിയപ്പോഴും കോഹ്ലി ഭക്ഷണം കഴിക്കാന്‍ എത്തിയത് തറവാട്ടില്‍ തന്നെയാണ്. അന്ന് ഭക്ഷണം ഇഷ്ടപ്പെട്ട ശേഷം ഹോട്ടല്‍ മാനേജ്‌മെന്റിന് കോഹ്ലി നല്‍കിയ വാക്കാണ് താന്‍ തിരികെ വരും എന്നത്. എന്നാല്‍ ലോകകപ്പിന്റെ തിരക്കിനിടയില്‍ അതും ഭാര്യ അനുഷ്‌ക ശര്‍മ്മക്കൊപ്പം തന്നെ അപ്രതീക്ഷിത ഞെട്ടല്‍ നല്‍കാന്‍ കോഹ്ലി എത്തുമെന്ന് ഹോട്ടലിന്റെ നടത്തിപ്പുകാരായ മലയാളി സുഹൃത്തുക്കള്‍ ഒരിക്കലും കരുതിയിരുന്നില്ല. തങ്ങളെ സംബന്ധിച്ച് ജീവിതത്തിലെ മറക്കാനാകാത്ത അനുഭവം തന്നെയാണെന്ന് ഹോട്ടല്‍ നടത്തിപ്പിലെ പ്രധാനിയായ പാലാക്കാരന്‍ സിബി ജോസ് പറയുന്നു.

തറവാട്ടിലെ സ്‌പെഷ്യല്‍ കോഹ്ലിക്കും പിടിച്ചു
തറവാട്ടില്‍ എത്തുന്ന ഭക്ഷണ പ്രിയര്‍ക്കു മാനേജ്‌മെന്റ് നല്‍കുന്ന സ്‌പെഷ്യല്‍ ട്രീറ്റാണ് കാരണവര്‍ മസാല ദോശ. ഒരിക്കല്‍ കഴിച്ചവര്‍ വീണ്ടും കഴിക്കാന്‍ തേടിയെത്തുന്ന രുചിക്കൂട്ട്. സാധാരണ മസാല ദോശയില്‍ തറവാടിന്റെ സ്‌പെഷ്യല്‍ ചേരുവകളും ചേര്‍ത്താണ് തറവാട് മസാല ദോശ തീന്‍ മേശയില്‍ എത്തുക. മുന്‍പ് ഈ ദോശ കഴിച്ചിട്ടുള്ള കോഹ്ലി ഇത്തവണ എത്തിയപ്പോഴും അത് ചോദിച്ചു വാങ്ങുക ആയിരുന്നു. ഇന്ത്യ - ശ്രീലങ്ക മത്സരം നടക്കുന്നതിന്റെ ഭാഗമായാണ് കോഹ്ലി ലീഡ്‌സില്‍ എത്തിയത്. മത്സരത്തിന്റെ തൊട്ടടുത്ത ദിവസങ്ങളില്‍ കളിക്കാര്‍ക്ക് ഭക്ഷണ കാര്യത്തില്‍ കര്‍ശന നിര്‍ദേശമാണുള്ളത്. വല്ലതുമൊക്കെ കഴിച്ചു വയര്‍ തകരാറിലായാല്‍ കളിയും കുഴപ്പത്തിലാകും.

അതിനാല്‍ ലോകകപ്പ് മത്സരം നടക്കുമ്പോള്‍ പ്രത്യേക നിഷ്‌കര്‍ഷയിലാണ് കളിക്കാര്‍ക്ക് ഭക്ഷണം നല്‍കുക. എന്നാല്‍ തറവാടിനെ വിശ്വാസമുള്ള കോഹ്ലി മുന്‍കൂട്ടി പറയാതെ എത്തിയപ്പോള്‍ തറവാട്ടുകാരും ഞെട്ടി. ഒരു മുന്‍ ഒരുക്കവും ഇല്ലാതിരുന്നതിനാല്‍ മറ്റു അഥിതികളെക്കൊപ്പം തന്നെയാണ് കോഹ്ലിയും അനുഷ്‌കയും ഇരുന്നു ഭക്ഷണം കഴിച്ചത്. തറവാട്ടിലെ പാചക വിദഗ്ധരുടെ രുചിക്കൂട്ടുകള്‍ അറിയാവുന്നതിനാല്‍ അപ്പവും മുട്ടക്കറിയും ഓര്‍ഡര്‍ ചെയ്ത കോഹ്ലി മസാല ദോശക്കൊപ്പം താലി ഭക്ഷണവും രുചിച്ചു. ഓരോ പ്ലേറ്റ് ഭക്ഷണം ഓര്‍ഡര്‍ ചെയ്തു രണ്ടു പേരും ചേര്‍ന്ന് പങ്കിട്ടു കഴിക്കുക ആയിരുന്നു.

ഇന്റര്‍നെറ്റ് ചതിച്ചു, വിവരം ചോര്‍ന്നു, കടയില്‍ ആള്‍ക്കൂട്ടം
കോഹ്ലി പറയാതെ എത്തിയെങ്കിലും കടയില്‍ നല്ല തിരക്കുള്ള വൈകുന്നേരമായിരുന്നതിനാല്‍ മാനേജ്‌മെന്റിന് പെട്ടെന്ന് ഒന്നും ചെയ്യാനായില്ല. ഒഴിഞ്ഞ ഒരു ടേബിള്‍ കണ്ടപ്പോള്‍ ഇരുവരും അതില്‍ സ്ഥാനം പിടിച്ചു. ഇതിനിടയില്‍ കടയിലെ സാധാരണ അഥിതികള്‍ കോഹ്ലിയെ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു. തങ്ങള്‍ ഭക്ഷണം കഴിക്കുന്ന ഫോട്ടോയും മറ്റും എടുക്കരുതെന്ന് കോഹ്ലി ഹോട്ടല്‍ നടത്തിപ്പുകാരോട് അഭ്യര്‍ത്ഥിച്ചിരുന്നു. ടീം സുരക്ഷാ അടക്കമുള്ള കര്‍ശന നിര്‍ദേശം ഉള്ളതിനാലാണ് അദ്ദേഹം ഈ നിയന്ത്രണം അഭ്യര്‍ത്ഥിച്ചത്.
എന്നാല്‍ ഏതോ മേശയില്‍ ഇരുന്നു ഭക്ഷണം കഴിച്ചവര്‍ കൊഹ്ലിയുടെയും പത്നിയുടെയും ഭക്ഷണം കഴിക്കുന്ന ഫോട്ടോകള്‍ ഇന്‍സ്റ്റാഗ്രാം അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളില്‍ നല്‍കി. തങ്ങള്‍ കോഹ്ലിയോടൊപ്പമാണ് ഭക്ഷണം കഴിക്കുന്നത് എന്ന അടിക്കുറിപ്പും നല്‍കി. നിമിഷങ്ങള്‍ക്കകം ഫോട്ടോകള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. പൊടുന്നനെ കടയിലും പുറത്തും ആള്‍ക്കൂട്ടമായി. ഇതിനകം ഒരു മണിക്കൂറിലധികം കടയില്‍ ചിലവിട്ട ഇരുവരും പൊടുന്നനെ ഭക്ഷണം കഴിച്ചു പൂര്‍ത്തിയാക്കി മടങ്ങുക ആയിരുന്നു.

ആരോരുമറിയാതെ രണ്ടാം വരവ്, എത്തിയത് 40 മിനിറ്റ് ദൂരെ നിന്ന്
ബുധനാഴ്ചത്തെ ആദ്യ സന്ദര്‍ശനം ആള്‍ക്കൂട്ടം കൂടിയതിനാല്‍ അല്‍പം ടെന്‍ഷന്‍ അടിപ്പിച്ചതിനാല്‍ പിറ്റേന്ന് ആരും അറിയാതെ കോഹ്ലിയും ഭാര്യയും എത്തുക ആയിരുന്നു. കടയില്‍ പ്രത്യേക മുറികള്‍ ഇല്ലാത്തതിനാല്‍ ഫോണില്‍ വിളിച്ചു ടേക്ക് എവേ മതിയെന്നു കോഹ്ലി നിര്‍ദ്ദേശിക്കുക ആയിരുന്നു. സാധാരണ ഈ ഹോട്ടലില്‍ ടേക്ക് എവേ സംവിധാനം ഇല്ലാത്തതാണ്. എന്നാല്‍ തങ്ങളുടെ സെലിബ്രിറ്റി ഗെസ്റ്റിനെ നിരാശപ്പെടുത്താതിരിക്കാന്‍ പൊടുന്നനെ ടേക്ക് എവേ സൗകര്യങ്ങള്‍ ഒരുക്കി അദ്ദേഹം ആവശ്യപ്പെട്ട ഭക്ഷണം വ്യാഴാഴ്ചയും നല്‍കാനായി എന്ന് സിബി പറയുന്നു.

സാധാരണ ലീഡ്സ് സ്റ്റേഡിയത്തില്‍ കളി ഉള്ളപ്പോള്‍ മാരിയറ്റ് ഹോട്ടലിലാണ് ഇന്ത്യന്‍ ടീം താമസിക്കുന്നത്, എന്നാല്‍ ഇത്തവണ 40 മിനിറ്റ് ദൂരെയുള്ള സ്പാ ഹോട്ടലിലാണ് ടീം തങ്ങിയത്. അതിനാല്‍ അത്രയും ദൂരം ടാക്സി പിടിച്ചാണ് കോഹ്ലിയും ഭാര്യയും തറവാട് തേടിയെത്തിയത്. ബുധനാഴ്ച ലീഡ്‌സില്‍ എത്തി താമസിക്കുന്ന ഹോട്ടലില്‍ റിപ്പോര്‍ട്ട് ചെയ്ത ഉടന്‍ കോഹ്ലിയും ഭാര്യയും മുങ്ങിയതും തറവാട്ടിലേക്കാണ്.

പ്രാതല്‍ വിളമ്പി നേടിയ സ്നേഹം, ദോശയും ഇഡലിയും പ്രഭാത വിഭവം
മുന്‍പ് ഇന്ത്യന്‍ ടീം രണ്ടു വട്ടം കളിയ്ക്കാന്‍ ലീഡ്‌സില്‍ എത്തിയപ്പോള്‍ താമസിച്ച മാരിയറ്റ് ഹോട്ടലിലെ മലയാളി മാനേജര്‍ ഷമീര്‍ വഴിയാണ് തറവാട് ഇന്ത്യന്‍ ടീമിന്റെ മെനുവില്‍ എത്തിയത്. ഹോട്ടലില്‍ ഇന്ത്യന്‍ ഭക്ഷണത്തെ കുറിച്ച് അന്വേഷിച്ചപ്പോള്‍ പൊടുന്നനെ ഷമീര്‍ തറവാടിനെ കുറിച്ച് ഓര്‍ക്കുക ആയിരുന്നു. അങ്ങനെ പ്രഭാത ഭക്ഷണത്തിന്റെ ഓര്‍ഡര്‍ തറവാട്ടിലെത്തി.

ടീം അംഗങ്ങള്‍ക്ക് നല്‍കാനുള്ള ഇഡ്ഡലിയും ദോശയും ഉണ്ടാക്കാനുള്ള മാവും സാമ്പാറിനും ചട്ണിക്കും ഉള്ള വിഭവങ്ങളുമായി തറവാട്ടുകാര്‍ മാറിയറ്റില്‍ എത്തി നല്‍കിയ സ്നേഹം ടീം അംഗങ്ങള്‍ ഇന്നും മനസ്സില്‍ സൂക്ഷ്‌കുകയാണ്. അന്ന് മുതല്‍ ടീമിനൊപ്പം ഉള്ള ഫിറ്റ്നസ് മാനേജരും മലയാളിയുമായ ശ്രീധര്‍ ശ്രീറാം വഴിയും തറവാടിന്റെ രുചിക്കൂട്ടുകള്‍ ടീമില്‍ പാട്ടായി. അങ്ങനെ ടീമിലെ മിക്കവരും തറവാടിന്റെ ഇഷ്ടക്കാരായി.  ഇത്തവണ ടീം താമസിക്കുന്നത് ദൂരെ ആയതിനാല്‍ പ്രഭാത ഭക്ഷണം നല്‍കാനായില്ല എന്ന സങ്കടവും തറവാട്ടുകാര്‍ക്കുണ്ട്.

സഞ്ജു സാംസണ്‍ തേടി വന്നതു പുട്ടും ബീഫും
വിവാഹത്തിന് മുന്‍പ് ഇറച്ചിയും മീനും ഒക്കെ നന്നായി ആസ്വദിച്ചിരുന്ന ചെറുപ്പക്കാരനായിരുന്നു കോഹ്ലി. മുന്‍പ് ലീഗ്, ചാമ്പ്യന്‍സ് ട്രോഫി മത്സര സമയങ്ങളില്‍  തറവാട്ടില്‍ എത്തിയപ്പോള്‍ ബ്രിട്ടനില്‍ പോപ്പുലറായ സീ ബാസ് മീന്‍ കേരള ശൈലിയില്‍ ഗ്രില്‍ ചെയ്തു കൊടുത്തതു അദ്ദേഹം നന്നായി ആസ്വദിച്ചിരുന്നു. വായില്‍ കൊതിയൂറുന്ന രുചി കേട്ടറിഞ്ഞു അന്ന് ടീമില്‍ ഉണ്ടായിരുന്ന മലയാളി കളിക്കാരന്‍ സഞ്ജു സാംസണ്‍ ഓടിക്കിതച്ചു എത്തി ആവശ്യപ്പെട്ടത് പുട്ടും പോത്തും. എന്നാല്‍ പുട്ടു തറവാട്ടിലെ മെനുവില്‍ ഇല്ലാത്തതിനാല്‍ പൊറോട്ടയും കറിയും നല്‍കി ആശ്വസിപ്പിച്ചു.

പിറ്റേന്ന് സഞ്ജുവിന് വേണ്ടി സ്‌പെഷ്യല്‍ ആയി പുട്ടും പോത്തു കറിയും നല്‍കിയാണ് തറവാട് മടക്കിയത്. വിവാഹത്തിന് ശേഷം ശുദ്ധ വെജിറ്റേറിയന്‍ ആയി മാറുക ആയിരുന്നു എന്ന് കോഹ്ലി വെളിപ്പെടുത്തുന്നു. ഇപ്പോള്‍ ഭക്ഷണ മേശയില്‍ അനുഷ്‌കയുടെ ഇഷ്ട്ടങ്ങളാണ് കോഹ്ലിയുടെ ഇഷ്ടവും. തറവാട്ടില്‍ എത്തിയപ്പോള്‍ ഓരോ ഇനവും ഓര്‍ഡര്‍ ചെയ്യുമ്പോള്‍ ഭാര്യയുടെ ഇഷ്ടങ്ങളും അദ്ദേഹം തിരക്കുന്നുണ്ടായിരുന്നു.

നാട്ടുകാരുടെയും ഇഷ്ട ബ്രാന്‍ഡ്, വിളമ്പുന്നത് തനി മലയാളി രുചികള്‍
ലണ്ടന്‍ പോലെ ലോകത്തിലെ ഏതു ഭക്ഷണവും തേടിയെത്തുന്ന സഞ്ചാരികള്‍ ഉള്ള സ്ഥലമല്ല ലീഡ്സ്. എന്നിട്ടും ഒരു മലയാളിയെ പോലും പ്രതീക്ഷയ്ക്കാതെയാണ് അഞ്ചു വര്‍ഷം മുന്‍പ് തറവാട് ആരംഭിക്കുന്നത്. കസ്റ്റമേഴ്‌സില്‍ 99 ശതമാനവും ബ്രിട്ടീഷുകാര്‍. അതില്‍ തന്നെ 75% ലേറെ കേരളത്തില്‍ പോയിട്ടുള്ളവരും കേരളത്തിന്റെ രുചിക്കൂട്ടുകള്‍ പരിചിതം ആയവരും. ലക്ഷക്കണക്കിന് ബ്രിട്ടീഷ് ടൂറിസ്റ്റുകള്‍ ഓരോ വര്‍ഷവും കേരളത്തില്‍ എത്തുന്നു എന്ന സത്യമാണ് തറവാടിന്റെ നേട്ടത്തിലേക്കും വിരല്‍ ചൂണ്ടുന്നത്.

ചിലരാകട്ടെ കേരളത്തില്‍ പോയപ്പോള്‍ മുഴുവന്‍ സമയവും ദോശ കഴിച്ചതാണ് വേറെ എന്തെങ്കിലും തരൂ എന്ന് പോലും തറവാട്ടില്‍ എത്തിയാല്‍ തമാശയായി പറയാറുണ്ട്. കുത്തരി ചോറും മീന്‍ കറിയും ഞണ്ടു കറിയും അടക്കം മിക്ക മലയാളി രുചിക്കൂട്ടും ഇവിടെയുണ്ട്.  ചില കറികളില്‍ മാത്രം അല്‍പം എരിവ് കുറയ്ക്കും. സിനിമയില്‍ ഓസ്‌കര്‍ എന്നത് പോലെ ഹോട്ടല്‍ വ്യവസായ രംഗത്തെ അവാര്‍ഡായ മിഷേലിന്‍ പുരസ്‌കാരം നല്‍കുന്ന സമിതി പുറത്തിറക്കുന്ന മികച്ച റെസ്റ്റോറന്റുകളുടെ പട്ടികയില്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി തറവാടുണ്ട്. ഈ അംഗീകാരം ഉള്ള ലീഡ്‌സിലെ ഏക ഇന്ത്യന്‍ റെസ്റ്റോറന്റും ഇതു തന്നെ.

അഞ്ചു കൂട്ടുകാര്‍, അഞ്ചു വര്‍ഷം, സ്റ്റാര്‍ ടിവിയില്‍ പോലും സാന്നിധ്യം
അഞ്ചു കൂട്ടുകാരാണ് തറവാടിന്റെ നട്ടെല്ല്. പാലാക്കാരന്‍ സിബി ജോസ്, ഷെഫ് കൂടിയായ കോട്ടയംകാരന്‍ അജിത് നായര്‍, മറ്റൊരു ഷെഫായ പാലാക്കാരന്‍ രാജേഷ് നായര്‍, ഉടുപ്പിക്കാരന്‍ പ്രകാശ് മെന്‍ഡോണ്‍ക, തൃശൂര്‍ക്കാരന്‍ മനോഹരന്‍ ഗോപാല്‍ എന്നിവരാണ് ഈ അഞ്ചു പേര്. ഇതില്‍ പ്രകാശിന്റെ ജീവിതവും മതവും ഒക്കെ ക്രിക്കറ്റാണ്. പ്രഭാത ഭക്ഷണം വിളമ്പാന്‍ കിട്ടിയ അവസരം മുതലാക്കി ഇപ്പോള്‍ ക്രിക്കറ്റ് ടീമിലെ മിക്ക കളിക്കാരും പ്രകാശിന്റെ സുഹൃത്തുക്കള്‍. ഭക്ഷണം കഴിക്കാന്‍ താന്‍ വീണ്ടും വരും എന്ന് പറഞ്ഞത് ഓര്‍മ്മയില്ലേ എന്ന് കടയില്‍ എത്തിയപ്പോള്‍ കോഹ്ലി ചോദിച്ചത് കേട്ട് പ്രകാശിന് കണ്ണ് നിറഞ്ഞു, തൊണ്ട ഇടറി, ശബ്ദം പോലും പുറത്തു വന്നില്ല എന്നാണ് സത്യം.

കാരണം ഇങ്ങനെ ഒരു അപ്രതീക്ഷിത വരവ് പ്രതീക്ഷിച്ചില്ല എന്നത് തന്നെ. എന്തിനു പറയുന്നു, ഇപ്പോള്‍ ലോക കപ്പു സംപ്രേക്ഷണം ചെയുന്ന സ്റ്റാര്‍ ടിവിക്കു ക്രിക്കറ്റ് അവലോകനം നടത്താന്‍ പോലും തറവാട് വേണം. അങ്ങനെ രണ്ടു നാള്‍ മുന്‍പ് അവതാരകരും മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയും വി വി എസ് ലക്ഷ്മണയും അടക്കമുള്ളവര്‍ തറവാട്ടില്‍ എത്തി ടോക് ഷോ തന്നെ നടത്തി . അര മണിക്കൂര്‍ ദൈര്‍ഘ്യം ഉള്ള ഈ പരിപാടിയില്‍ ഇന്ത്യന്‍ ടീമിന്റെ സ്ട്രാറ്റജി, ക്യപ്റ്റന്‍ കോഹ്ലിയുടെ മനസിലെ തന്ത്രങ്ങള്‍ എന്നിവ ഒക്കെ ചര്‍ച്ച ചെയ്യുന്നുണ്ട്. ഒരു വട്ടം സംപ്രേഷണം ചെയ്ത ഈ പരിപാടി ഇന്ന് മത്സരത്തിന് മുന്‍പ് രാവിലെ പത്തു മണിക്ക് വീണ്ടും സംപ്രഷണം ചെയുന്നുണ്ട്.

ഇത്രയൊക്കെ കേട്ടപ്പോള്‍ ഒന്ന് തറവാട്ടില്‍ പോകാന്‍ മോഹം തോന്നുന്നുണ്ടോ, എങ്കില്‍ മടിക്കേണ്ട വണ്ടി വിട്ടോളൂ, കോഹ്ലി ഭാര്യയോട് പറഞ്ഞത് വെറുതെ അല്ലെന്നു നിങ്ങള്‍ക്കും ബോധ്യമാകും.
തറവാട്ടിലേക്കുള്ള വഴി
THARAVADU, 7-8, Mill Hill Leeds , LS 15DQ, United Kingdom

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category